Tuesday, July 14, 2009

RO IN TROUBLE

റൊമാരിയോ അറസ്‌റ്റില്‍
റിയോഡിജനറോ: ജീവനാംശ കേസില്‍ ബ്രസീല്‍ മുന്‍ താരം റൊമാരിയോ അറസ്‌റ്റില്‍. കുട്ടികള്‍ക്ക്‌ ചെലവിനുളള തുക നല്‍കിയില്ലെന്ന റൊമാരിയോയുടെ ആദ്യ ഭാര്യ മോണിക്കാ സന്തോറോയുടെ പരാതി പരിഗണിച്ചാണ്‌ പോലീസ്‌ മുന്‍ സൂപ്പര്‍താരത്തെ പിടികൂടിയത്‌. മോണിക്കയില്‍ റൊമാരിയോക്ക്‌ രണ്ട്‌ കുട്ടികളാണുളളത്‌-19 കാരിയായ മോണിക്കിയും 15 കാരനായ റൊമാരിഞ്ഞോയും. ഈ രണ്ട്‌ കുട്ടികളെയും മോണിക്കയാണ്‌ സംരക്ഷിക്കുന്നത്‌. ഇവര്‍ക്ക്‌ നല്‍കാനുളള ജീവനാംശം നല്‍കാന്‍ റൊമാരിയോ വീഴ്‌ച്ച വരുത്തിയ സാഹചര്യത്തിലാണ്‌ അറസ്‌റ്റെന്ന്‌ പോലീസ്‌ വക്താവ്‌ വ്യക്തമാക്കി. എന്നാല്‍ റൊമാരിയോ ജീവനാംശ തുക കൃത്യമായി നല്‍കിയിട്ടുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചത്‌. ഈ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ പക്ഷേ പോലീസ്‌ തയ്യാറായില്ല. 2004 ലും ഇതേ വിഷയത്തില്‍ റൊമാരിയോയെ പോലീസ്‌ പിടികൂടിയിരുന്നു. 1994 ലെ ലോകകപ്പില്‍ ബ്രസീലിനെ ജേതാക്കളാക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ച റൊമാരിയോ ഈയിടെയാണ്‌ സോക്കര്‍ മൈതാനം വിട്ടത്‌.

ലോകകപ്പ്‌ സമരം അവസാനിച്ചു
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ലോകപ്പ്‌ ഫുട്‌ബോളിന്‌ ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കയില്‍ നിര്‍മ്മാണ തൊഴിലാളികള്‍ പ്രതിഫല വര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ ആരംഭിച്ച സമരം പിന്‍വലിച്ചു. വേതനത്തില്‍ പതിമൂന്ന്‌ ശതമാനം വര്‍ദ്ധനവ്‌ ആവശ്യപ്പെട്ടാണ്‌ കഴിഞ്ഞയാഴ്‌ച്ച സമരം ആരംഭിച്ചത്‌. ഇന്നലെ നടന്ന ചര്‍ച്ചയില്‍ തൊഴിലുടമകള്‍ 12 ശതമാനം വേതന വര്‍ദ്ധനവ്‌ നിര്‍ദ്ദേശിച്ചപ്പോള്‍ തൊളിലാളി സംഘടനകള്‍ ഒത്തുതീര്‍പ്പിന്‌ തയ്യാറാവുകയായിരുന്നു. അടുത്ത വര്‍ഷമാണ്‌ ദക്ഷിണാഫ്രിക്ക ഫിഫ ലോകകപ്പ്‌ ഫുട്‌ബോളിന്‌ ആതിഥേയത്വം വഹിക്കുന്നത്‌. ലോകകപ്പ്‌ സ്‌റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്‌ പ്രവേശിച്ച ഘട്ടത്തിലുളള സമരത്തില്‍ സംഘാടകര്‍ ഉത്‌കണ്‌ഠാകുലരായിരുന്നു. മൊത്തം 70,000 ത്തോളം വരുന്ന നിര്‍മ്മാണ ജോലിക്കാരാണ്‌ സമരത്തില്‍ പങ്കെടുത്തിരുന്നത്‌.

ആവേശത്തില്‍ ഇറാഖ്‌, ഫലസ്‌തീന്‍ തകര്‍ന്നു
ബാഗ്‌ദാദ്‌: വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇറാഖികള്‍ സ്വന്തം ഫുട്‌ബോള്‍ ടീമിന്റെ കളി നേരില്‍ കണ്ടു...! ഹവാര്‍ മുല്ല മുഹമ്മദും കറാര്‍ ജാസിമും അല്ലാ അബ്ദുല്ല സാഹറയുമെല്ലാം അരങ്ങ്‌ തകര്‍ക്കുന്നത്‌ കാണാന്‍ 45,000 ത്തോളം പേരാണ്‌ സാബ്‌ സ്‌റ്റേഡിയത്തില്‍ ഒത്തുകൂടിയത്‌. കനത്ത പോലീസ്‌ കാവലില്‍ നടന്ന മല്‍സരത്തില്‍ ഇറാഖ്‌ നാല്‌ ഗോളിന്‌ ഫലസ്‌തീനെ തകര്‍ത്തു. സദ്ദാം ഹുസൈന്‍ രാജ്യം ഭരിക്കുന്ന സമയത്താണ്‌ ഇറാഖികള്‍ അവസാനമായി ഫുട്‌ബോള്‍ നേരില്‍ കണ്ടത്‌. സദ്ദാം പുറത്താവുകയും അധിനിവേശം നടക്കുകയും ചെയ്‌തപ്പോള്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനൊപ്പം ഫുട്‌ബോളും മരിച്ചു. സ്വന്തം ടീം ഏഷ്യയിലെ ചാമ്പ്യന്മാരായത്‌ പോലും പത്രത്താളുകളിലൂടെയാണ്‌ ജനം അറിഞ്ഞത്‌. ഇറാഖില്‍ ആഭ്യന്തര കലാപം രൂക്ഷമായ ദിനങ്ങളിലായിരുന്നു ദേശീയ ടീം ഏഷ്യാകപ്പില്‍ മുത്തമിട്ടത്‌. ഇപ്പോള്‍ ശാന്തമായി കൊണ്ടിരിക്കുന്ന രാജ്യത്ത്‌ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായാണ്‌ ഫുട്‌ബോള്‍ എത്തിയത്‌. ഇറാഖിലേക്ക്‌ കളിക്കാന്‍ വരാന്‍ ഒരു ടീമും തയ്യാറായിരുന്നില്ല. പക്ഷേ ഇറാഖികളെ പോലെ പീഡിപ്പിക്കപ്പെടുന്ന ഫലസ്‌തീനികള്‍ കളിക്കാന്‍ തയ്യാറായി.
2002 ജൂലൈ 22 നാണ്‌ അവസാനമായി ബാഗ്‌ദാദില്‍ ഒരു രാജ്യാന്തര ഫുട്‌ബോള്‍ മല്‍സരം നടന്നത്‌. അന്നത്തെ അങ്കത്തില്‍ കരുത്തരായ സിറിയയെ 1-2ന്‌ തോല്‍പ്പിക്കാന്‍ ഇറാഖിന്‌ കഴിഞ്ഞിരുന്നു.
രാജ്യത്ത്‌ ഏറ്റവുമധികം ആരാധകരുളള ഗെയിമാണ്‌ ഫുട്‌ബോള്‍. പ്രാദേശിക തലത്തില്‍ തന്നെ മികച്ച താരങ്ങളെ സംഭാവന ചെയ്‌തിട്ടുളള ഇറാഖിന്‌ പക്ഷേ യുദ്ധവും കലാപങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ കളി മൈതാനങ്ങള്‍ പോലും കലാപവേദികളായി മാറി.
ഇത്‌ വരെ അടക്കിവെച്ചിരുന്ന ഫുട്‌ബോള്‍ താല്‍പ്പര്യമാണ്‌ ഇന്നലെ ഇറാഖികള്‍ പുറത്തുവിട്ടത്‌. ശരിക്കും സോക്കര്‍ ഭ്രാന്താണ്‌ ബാഗ്‌ദാദില്‍ പ്രകടമായത്‌. ഇറാഖിന്റെയും ഫലസ്‌തീന്റെയും ദേശീയ പതാകകളുമായി ഇറാഖ്‌ വിജയിക്കട്ടെ എന്ന മുദ്രാവാക്യവുമായാണ്‌ ആരാധകര്‍ നീങ്ങിയത്‌. സുന്നികളും ശിയാക്കളും സഹോദരന്മാരാണെന്നും ഗാസക്ക്‌ തങ്ങള്‍ തുറന്ന പിന്തുണ നല്‍കുന്നതായും യുവാക്കള്‍ വിളിച്ചുപറഞ്ഞു. മല്‍സരത്തിന്റെ തൊട്ട്‌ മുമ്പ്‌ സ്റ്റേഡിയത്തില്‍ വെളളരിപ്രാവുകളെ പറത്തുകയും ബലൂണുകള്‍ വാനിലേക്ക്‌ ഉയര്‍ത്തുകയും ചെയ്‌തു.
മല്‍സരം ആസ്വദിക്കാന്‍ വീല്‍ ചെയറില്‍ പോലും ആരാധകര്‍ എത്തിയിരുന്നു. തന്റെ ആരോഗ്യം മോശമാണെങ്കിലും മനസ്സ്‌ നിറയെ ഫുട്‌ബോളാണെന്ന്‌ വീല്‍ ചെയറില്‍ കളി കാണാനെത്തിയ കരീം അഹമ്മദ്‌ പറഞ്ഞു. വര്‍ഷങ്ങളായി രാജ്യത്തിന്റെ മല്‍സരം കാണാന്‍ കൊതിക്കുന്നു. ഇത്‌ വരെ കണ്ടത്‌ യുദ്ധങ്ങളാണ്‌. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ പോലും രക്തമാണ്‌ വീണത്‌. ഭീകരാക്രമണങ്ങളിലും കലാപങ്ങളിലും ഇറാഖ്‌ തളര്‍ന്നിട്ടില്ല എന്നതിന്‌ വ്യക്തമായ തെളിവാണ്‌ ഫുട്‌ബോള്‍ മല്‍സരമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ബാഗ്‌ദാദില്‍ ഫുട്‌ബോളിന്‌ ഫിഫയുടെ നിരോധമുണ്ട്‌. ആസ്ഥാന നഗരത്തില്‍ കലാപങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ്‌ ഫിഫ ഫുട്‌ബോള്‍ നിരോധിച്ചത്‌. ഫിഫയുടെ നിരോധനം വകവെക്കാതെയാണ്‌ ഇറാഖും ഫലസ്‌തീനും ഏറ്റുമുട്ടിയത്‌. മല്‍സരത്തിനിടെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ പഴയ തീരുമാനം പിഫ പുന:പരിശോധിക്കണമെന്ന്‌ ഇറാഖ്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ സീനിയര്‍ വക്താവായ നാജി ഹമൂദ്‌ പറഞ്ഞു.
2003 ലാണ്‌ അമേരിക്കന്‍ സൈന്യം ഇറാഖ്‌ പിടിച്ചത്‌. അന്ന്‌ മുതല്‍ കനത്ത സുരക്ഷയിലാണ്‌ ബാഗ്‌ദാദ്‌ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍. എങ്ങും എവിടെയും യു.എസ്‌ സൈനീകര്‍ അണിനിരന്നിട്ടും പലപ്പോഴായി കാര്‍ ബോംബ്‌ സ്‌ഫോടനങ്ങള്‍ നഗരത്തെ പിടിച്ചുകുലുക്കിയിരുന്നു. ഫുട്‌ബോള്‍ മല്‍സരം നടക്കുന്നിടത്ത്‌ മാത്രം അയ്യായിരത്തോളം പോലീസുകാരും സൈനീകരുമാണ്‌ അണിനിരന്നത്‌.
തകര്‍പ്പന്‍ പ്രകടനം നടത്തി സൂപ്പര്‍ താരം ഹാവര്‍ മുല്ല മുഹമ്മദ്‌ കാണികളുടെ കൈയ്യടിയും നേടി. ഇരുപതതിയേഴാം മിനുട്ടില്‍ ഹാവറാണ്‌ ടീമിന്റെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. കറാര്‍ ജാസിം, അല്ലാ അബ്ദുല്ല സാഹറ, ഇമാദ്‌ മുഹമ്മദ്‌ എന്നിവരാണ്‌ മറ്റ്‌ ഗോളുകള്‍ നേടിയത്‌.

അമേരിക്ക പാനമയുമായി
ഫിലാഡല്‍ഫിയ: രണ്ട്‌ വര്‍ഷം മുമ്പ്‌ നടന്ന അതേ ക്വാര്‍ട്ടര്‍ ഫൈനല്‍ കോണ്‍കാകാഫ്‌ ഗോള്‍ഡ്‌ കപ്പ്‌ ഫുട്‌ബോളില്‍ വീണ്ടും. നിലവിലെ ജേതാക്കളായ അമേരിക്ക പാനമയുമായി കളിക്കുന്നു. ശനിയാഴ്‌ച്ചയാണ്‌ ലിന്റോണിലെ ഫൈനാന്‍ഷ്യല്‍ ഫീല്‍ഡില്‍ ക്വാര്‍ട്ടര്‍. കഴിഞ്ഞ ഗോള്‍ഡ്‌ കപ്പില്‍ പാനമയെ തോല്‍പ്പിക്കാന്‍ അമേരിക്ക വിയര്‍ത്തിരുന്നു. പക്ഷേ ഇത്തവണ ടീം ശക്തമാണ്‌. ഈയിടെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ അവര്‍ ഫൈനല്‍ വരെയെത്തിയിരന്നു. കലാശപ്പോരാട്ടത്തില്‍ ശക്തരായ ബ്രസീലിനെതിരെ രണ്ട്‌ ഗോളിന്റെ ലീഡും നേടി. പക്ഷേ അവസാനത്തില്‍ മൂന്ന്‌ ഗോളുകള്‍ വഴങ്ങി പരാജയപ്പെട്ടു. ഗ്രൂപ്പ്‌ ബിയില്‍ നടന്ന മല്‍സരങ്ങളില്ലെല്ലാം കരുത്ത്‌ പ്രകടിപ്പിച്ച അമേരിക്ക പക്ഷേ ഹെയ്‌ത്തിക്ക്‌ മുന്നില്‍ തളര്‍ന്നിരുന്നു.

ഫ്രെഡ്ഡി ടെസ്റ്റിനില്ല
ലോര്‍ഡ്‌സ്‌: ആന്‍ഡ്ര്യൂ ഫ്രെഡ്ഡി ഫ്‌ളിന്റോഫിനോട്‌ അദ്ദേഹത്തിന്റെ ശരീരം തന്നെ പറഞ്ഞിരിക്കുന്നു-അഞ്ച്‌ ദിവസത്തെ ക്രിക്കറ്റ്‌ മതിയാക്കാന്‍. നിരന്തരമായ പരുക്കില്‍ തളര്‍ന്ന കൂറ്റന്‍ ഓള്‍റൗണ്ടര്‍ ശരീരം പറഞ്ഞത്‌ കേട്ടിരിക്കുന്നു-ഈ ആഷസ്‌ പരമ്പരയോടെ അദ്ദേഹം ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മതിയാക്കുകയാണ്‌. ഇനി ഏകദിനങ്ങളിലും 20-20 ക്രിക്കറ്റിലും മാത്രമായിരിക്കും ഓള്‍റൗണ്ടറുടെ സേവനം ഇംഗ്ലണ്ടിന്‌ ലഭിക്കുക.
ഇംഗ്ലണ്ട്‌ അവസാനമായി കളിച്ച 48 ടെസ്‌റ്റുകളില്‍ 25 ലും ആരോഗ്യ കാരണങ്ങളാല്‍ ഫ്രെഡ്ഡി പുറത്തായിരുന്നു. ഇപ്പോള്‍ നടക്കുന്ന ആഷസ്‌ പരമ്പരയിലെ, കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അദ്ദേഹം മികവ്‌ പ്രകടിപ്പിച്ചു. പക്ഷേ പരുക്ക്‌ വേട്ടയാടി. ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്‌റ്റിലും പരമ്പരയിലെ അവശേഷിക്കുന്ന മല്‍സരങ്ങളിലും പങ്കെടുക്കാന്‍ അദ്ദേഹതതിന്‌ താല്‍പ്പര്യമുണ്ട്‌. ശരീരം നിര്‍ത്താന്‍ പറഞ്ഞിരിക്കുന്നു. ശരീരത്തെ അനുസരിക്കുന്നതാണ്‌ നല്ലത്‌-ഇന്നലെ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കാല്‍ക്കുഴയില്‍ നാല്‌ ശസ്‌ത്രക്രിയകളാണ്‌ ഫ്രെഡ്ഡി നടത്തിയത്‌. കാല്‍മുട്ടില്‍ ഒരു ശസ്‌ത്രക്രിയ നടത്തി. കാല്‍മുട്ടില്‍ തന്നെ വേദന അനുഭവപ്പെട്ട്‌ മൂന്ന്‌ തവണകളിലായി ചികില്‍സ തേടി. കാര്‍ഡിഫില്‍ കളിക്കമ്പോഴും വേദനയുണ്ടായിരുന്നു. ശരീരം ഈ വിധത്തില്‍ പ്രതികരിക്കുമ്പോള്‍ കളി തുടരുന്നതില്‍ കാര്യമില്ലെന്ന്‌ ഫ്രെഡ്ഡി പറഞ്ഞു. 2005 മുതല്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ സജീവമാവാന്‍ പരുക്കുകള്‍ ഫ്രെഡ്ഡിയെ അനുവദിച്ചിരുന്നില്ല. ഒരു പരുക്കില്‍ നിന്ന്‌ മറ്റൊരു പരുക്കുമായി പൂര്‍ണ്ണസമയം പുനരധിവാസമായിരുന്നു പലപ്പോഴും. പരുക്കുകള്‍ വേട്ടയാടിയപ്പോഴെല്ലാം സ്വയം ചോദിച്ച ചോദ്യമാണ്‌ വിരമിച്ചാലോയെന്ന്‌. ഇപ്പോള്‍ അതിന്‌ സമയമായിരിക്കുന്നു- മുന്‍ നായകന്‍ പറഞ്ഞു. ലോര്‍ഡ്‌സില്‍ പരിശീലനത്തിനിടെ തന്നെ ഫ്രെഡ്ഡി സഹതാരങ്ങളോട്‌ തന്റെ തീരുമാനം അറിയിച്ചിരുന്നു. ടീമിന്റെ ക്യാപ്‌റ്റനായിരുന്ന പോള്‍ കോളിംഗ്‌വുഡ്‌, ഇപ്പോഴത്തെ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ എന്നിവരെല്ലാം ഫ്രെഡ്ഡി തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചു. എന്നാല്‍ ആരോഗ്യത്തെ അവഗണിക്കാന്‍ ആര്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ സഹതാരത്തിന്റെ തീരുമാനത്തെ എല്ലാവരും അനുകൂലിക്കുന്നു.
കാര്‍ഡിഫ്‌ ടെസ്റ്റില്‍ 35 ഓവറുകളാണ്‌ ഫ്രെഡ്ഡി പന്തെറിഞ്ഞത്‌. ഒരു വിക്കറ്റ്‌ മാത്രമാണ്‌ ലഭിച്ചതെങ്കിലും ഓസ്‌ട്രേലിയക്കാര്‍ക്ക്‌ ഫ്രെഡ്ഡി സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. ലോര്‍ഡ്‌സില്‍ ഇന്നാംരഭിക്കുന്ന രണ്ടാം ടെസ്‌റ്റില്‍ ഫ്രെഡ്ഡി കളിക്കുന്നത്‌ ക്രിക്കറ്റ്‌ മക്കയിലെ തന്റെ അവസാന പോരാട്ടമെന്ന നിലയിലാണ്‌.

അടി
ലോര്‍ഡ്‌സ്‌: ഫുട്‌ബോള്‍ മൈതാനത്ത്‌ ഡേവിഡ്‌ ബെക്കാമും ലെന്‍ഡാല്‍ ഡോണോവാനും തമ്മിലുള്ള വാക്‌ പോരാട്ടത്തിന്‌ വിരമമായപ്പോള്‍ ഇതാ ക്രിക്കറ്റ്‌ ലോകത്തില്‍ നിന്നും പുതിയ തമ്മിലടി... ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകന്‍ റിക്കി പോണ്ടിംഗും ഇംഗ്ലണ്ടിന്റെ മുന്‍ കോച്ചും ഇപ്പോള്‍ ഉപദേഷ്ടാവുമായ ഡങ്കണ്‍ ഫ്‌ളെച്ചറും തമ്മിലാണ്‌ അടി. ക്രിക്കറ്റ്‌ മര്യാദകളെക്കുറിച്ച്‌ സംസാരിക്കാന്‍ ഫ്‌ളെച്ചറിന്‌ ഒരധികാരവുമില്ലെന്നാണ്‌ ഇന്നലെ റിക്കി തുറന്നടിച്ചത്‌. ഫ്‌ളെച്ചറുടെ കാപട്യം ക്രിക്കറ്റ്‌ ലോകത്തിന്‌ അറിയാമെന്നും കാര്‍ഡിഫില്‍ നടന്ന ആഷസ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ അവസാന ദിവസത്തില്‍ ഇംഗ്ലീഷ്‌ ബാറ്റ്‌സ്‌മാന്മാര്‍ നീതിക്ക്‌ നിരക്കാത്ത നീക്കങ്ങളാണ്‌ നടത്തിയതെന്നും ഓസ്‌ട്രേലിയന്‍ നായകന്‍ പറയുന്നു. കാര്‍ഡിഫ്‌ ടെസ്റ്റിലെ ഇംഗ്ലീഷ്‌ സമീപനത്തെ പോണ്ടിംഗ്‌ ചോദ്യം ചെയ്‌തപ്പോള്‍ ഓസീസ്‌ നായകനും ടീമും അത്രയങ്ങ്‌ മര്യാദക്കാരാവരുതെന്ന പരിഹാസവുമായി ഫ്‌ളെച്ചര്‍ രംഗത്ത്‌ വന്നിരുന്നു. കാര്‍ഡിഫില്‍ ഓസ്‌ട്രേലിയ വിജയതതിന്‌ അരികിലെത്തിയ സമയത്തില്‍ ഇംഗ്ലണ്ടിന്റെ അവസാന ബാറ്റ്‌സ്‌മാന്മാര്‍ സമയത്തെ കൊല്ലാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തിയതായി റിക്കി പറഞ്ഞതാണ്‌ ഫ്‌ളെച്ചറെ പ്രകോപിപ്പിച്ചത്‌. അവസാന വിക്കറ്റില്‍ ഇംഗ്ലണ്ട്‌ പിടിച്ചുനിന്നത്‌ കൊണ്ട്‌ മാത്രമാണ്‌ ഓസ്‌ട്രേലിയക്ക്‌ വിജയം ലഭിക്കാതെ പോയത്‌. മല്‍സരത്തിന്റെ അന്തിമ നിമിഷങ്ങളില്‍ പന്ത്രണ്ടാമനായ ബിലാല്‍ ഷിഫായത്തും ഫിസിയോ തെറാപിസ്റ്റ്‌ സ്റ്റീവ്‌ മക്കെയിഗും മൈതാനത്ത്‌ വന്ന്‌ കൂറെ സമയം അപഹരിച്ചുവെന്നത്‌ ശരിയല്ലെന്നാണ്‌ ഫ്‌ളെച്ചര്‍ പറയുന്നത്‌. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കാരാണ്‌ കളിക്ക്‌ നിരക്കാത്ത കാര്യങ്ങള്‍ ചെയ്‌തത്‌. അവര്‍ നിരന്തരം അമ്പയറില്‍ സമ്മര്‍ദ്ദം ചെലുത്തി. സ്വന്തം ബൗളര്‍മാര്‍ക്ക്‌ അന്തിമഘട്ടത്തില്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന നിരാശയില്‍ ഇംഗ്ലണ്ടിനെ കുറ്റം പറയുന്നത്‌ പോണ്ടിംഗ്‌ അവസാനിപ്പിക്കണമെന്നും മുന്‍ കോച്ച്‌ പറഞ്ഞിരുന്നു.
ഫ്‌ളെച്ചറിന്റെ വാക്കുകള്‍ക്ക്‌ താന്‍ അധികമായ വില നല്‍കുന്നില്ലെന്നാണ്‌ പോണ്ടിംഗ്‌ പറയുന്നത്‌. അദ്ദേഹം എന്ത്‌ പറഞ്ഞാലും എനിക്കത്‌ വിഷയമല്ല. കാരണം എന്റെ ലോകത്ത്‌ അദ്ദേഹത്തിന്‌ സ്ഥാനമില്ല. ക്രിക്കറ്റ്‌ ലോകത്തും അദ്ദേഹത്തിന്‌ വലിയ സ്ഥാനമില്ലെന്നാണ്‌ താന്‍ കരുതുന്നതെന്നും പോണ്ടിംഗ്‌ പറഞ്ഞു.
ആഷസ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റ്‌ സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്ന്‌ രണ്ട്‌ ടീമുകളും തമ്മിലുളള ബന്ധം വഷളായിട്ടുണ്ട്‌. ഇരു ടീമിലെയും താരങ്ങള്‍ പരസ്‌പരം കുറ്റം പറയുകയാണ്‌. അവസാന ദിവസത്തില്‍ കെവിന്‍ പീറ്റേഴ്‌സണും മിച്ചല്‍ ജോണ്‍സണും തമ്മിലും സ്‌റ്റിയൂവര്‍ട്ട്‌ ബ്രോഡും പീറ്റര്‍ സിഡിലും തമ്മിലും കൊമ്പ്‌ കോര്‍ത്തിരുന്നു. ഇംഗ്ലീഷ്‌ താരം ഗ്രയീം സ്വാന്‍ ബാറ്റ്‌ ചെയ്യുമ്പോള്‍ സിഡില്‍ നിരന്തരം ഷോട്ട്‌ ബോളുകള്‍ എറിഞ്ഞതും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തില്‍ കളിക്കുമ്പോള്‍ ഇത്തരം പിണക്കങ്ങള്‍ സാധാരണമാണെന്നാണ്‌ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ പറയുന്നത്‌. തന്റെ ടീം ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന്‌ പോണ്ടിംഗും പറയുന്നു. നാളെ പരമ്പരയലെ രണ്ടാം ടെസ്റ്റ്‌ ലോര്‍ഡ്‌സില്‍ ആരംഭിക്കുമ്പോള്‍ കാര്യങ്ങള്‍ അത്രയെളുപ്പമല്ലെന്ന്‌ സാരം.

പ്രഭാകര്‍ കോച്ച്‌
ജയ്‌പ്പൂര്‍: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മനോജ്‌ പ്രഭാകര്‍ രഞ്‌ജി ട്രോഫി ക്രിക്കറ്റിനുളള രാജസ്ഥാന്‍ ടീമിന്റെ പരിശീലകനാവുന്നു. പുതിയ സീസണ്‍ മുതല്‍ പ്രഭാകറായിരിക്കും പുതിയ പരിശീലകന്‍. കെ.പി ഭാസ്‌ക്കറായിരുന്നു കഴിഞ്ഞ രണ്ട്‌ സീസണില്‍ ടീമിന്റെ പരിശീലകന്‍. പക്ഷേ ടീം നിരാശപ്പെടുത്തിയ സാഹചര്യത്തിലാണ്‌ പന്തയ വിവാദത്തില്‍ അല്‍പ്പകാലം അകറ്റിനിര്‍ത്തപ്പെട്ട താരം വരുന്നത്‌.
അസ്‌ഹര്‍ മിന്നി
ന്യൂഡല്‍ഹി: ക്രിക്കറ്റ്‌ മൈതാനത്ത്‌ മിന്നിയ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ പാര്‍ലമെന്റ്‌്‌ ക്രീസില്‍ പുതിയ ഇന്നിംഗ്‌സിന്‌ തകര്‍പ്പന്‍ തുടക്കമിട്ടു. മൊറാദാബാദില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ അസ്‌ഹര്‍ ഇന്ത്യന്‍ കായികരംഗത്തെ തകര്‍ച്ചകളില്‍ പത്ത്‌ മിനുട്ട്‌ സംസാരിച്ചപ്പോള്‍ അംഗങ്ങളെല്ലാം തുറന്ന പിന്തുണയാണ്‌ നല്‍കിയത്‌.
ഗാംഭീര്‍ നമ്പര്‍ വണ്‍
ദുബായ്‌: ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്‌മാനായി ഇന്ത്യയുടെ ഗൗതം ഗാംഭീര്‍. പുതിയ റാങ്കിംഗിലാണ്‌ ഡല്‍ഹിക്കാരന്‍ ഒന്നാമനായിരിക്കുന്നത്‌.

No comments: