Friday, April 29, 2011

AGAIN MATCH FIXING

മുംബൈ: ഈ മാസം രണ്ടിന്‌ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന ലോകകപ്പ്‌ ഫൈനല്‍ പന്തയക്കാരുടെ താല്‍പ്പര്യ പ്രകാരം മുന്‍കൂട്ടി ഫലം നിശ്ചയിക്കപ്പെട്ടതായിരുന്നോ...? ലോക ക്രിക്കറ്റിനെ ഗുരുതരമായി ബാധിച്ച പന്തയാരോപണങ്ങള്‍ തല്‍ക്കാലം ലോകകപ്പ്‌ ഫൈനലിനെ ബാധിച്ചിട്ടില്ലെങ്കിലും ലങ്കയുടെ മുന്‍ നായകനായ ഹഷന്‍ തിലകരത്‌നെ നല്‍കുന്ന ചില സൂചനകളില്‍ പലതും അടങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലെ ഒരു ടെലിവിഷന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ തിലകരത്‌നെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഞെട്ടലുളവാക്കുന്നതാണ്‌. 1992 മുതല്‍ തന്റെ നാട്ടില്‍ പന്തയ കാര്യങ്ങള്‍ സര്‍വ സാധാരണമെന്നാണ്‌ 83 ടെസ്‌റ്റുകളില്‍ രാജ്യത്തിനായി ബാറ്റ്‌ പിടിച്ച താരം പറഞ്ഞിരിക്കുന്നത്‌.
പന്തയ കാര്യങ്ങളില്‍ ഇത്‌ വരെ എല്ലാവരും നിസ്സംശയം ചൂണ്ടിക്കാട്ടിയ രാജ്യം പാക്കിസ്‌താനാണ്‌. ലങ്കന്‍ താരങ്ങളാരും കാര്യമായി പന്തയക്കാരുടെ വലയില്‍ അകപ്പെട്ടിരുന്നില്ല. പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ അന്നും ഇന്നും തുടരുന്ന വിവാദങ്ങളില്‍ പുതുമയില്ല. സല്‍മാന്‍ ഭട്ട്‌ ഉള്‍പ്പെടെയുളള പുത്തന്‍ താരങ്ങള്‍ പോലും പണം വാങ്ങി കളിച്ചതിന്റെ പേരില്‍ പിടിയിലാണ്‌. 92 മുതല്‍ ലങ്കന്‍ ക്രിക്കറ്റിനെ പന്തയം ഗ്രസിച്ചുവെന്നാണ്‌ തിലകരത്‌നെ പറയുന്നത്‌. ഇതിന്‌ തെളിവുകളുണ്ട്‌. പക്ഷേ കഴിഞ്ഞ ലോകകപ്പ്‌ ഫൈനലില്‍ പന്തയം നടന്നോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ ഉറപ്പില്ല. 2003 ല്‍ ദേശീയ ടീമിന്റെ നായകനായ താരമാണ്‌ തിലകരത്‌നെ. അതിനാല്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ കേവലം ആരോപണമല്ല. ലങ്കന്‍ ക്രിക്കറ്റിലെ പന്തയക്കാരെ എല്ലാവര്‍ക്കുമറിയാമെന്ന്‌ പറയുമ്പോള്‍ തന്നെ ഇവര്‍ക്കെതിരെ ഒരു നടപടിക്കും കഴിയില്ലെന്ന സത്യവും മുന്‍ നായകന്‍ അംഗീകരിക്കുന്നു. കാരണം അത്രമാത്രം പണം ഒഴുകുന്നുണ്ട്‌. പന്തയക്കാരുടെ പേരുകള്‍ പുറത്തു പറയാന്‍ തിലകരത്‌നെക്ക്‌ മടിയില്ല. പക്ഷേ ഒരു കാര്യം അധികാരികള്‍ ഉറപ്പ്‌ നല്‍കണം. എല്ലാവര്‍ക്കുമെതിരെ നടപടി വേണം. ഇന്നത്തെ സാഹചര്യത്തില്‍ ഭരണക്കൂടത്തിന്‌ പോലും നടപടി സ്വീകരിക്കാന്‍ കഴിയാത്ത തരത്തില്‍ പന്തയക്കാരും അവരുമായി ബന്ധപ്പെട്ട താരങ്ങളും ഉയര്‍ന്നിരിക്കുന്നു എന്ന കാര്യം അദ്ദേഹം സമ്മതിക്കുന്നു. ലോകകപ്പിനെ ലങ്കക്കാരെല്ലാം വളരേയെറെ പ്രതീക്ഷയോടെയാണ്‌ കണ്ടിരുന്നത്‌. എന്നാല്‍ ഫൈനലില്‍ എല്ലാവരും നിരാശരായി. അവസാന മല്‍രത്തില്‍ പന്തയക്കാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നോ എന്നതിന്‌ തെളിവില്ല. പക്ഷേ പന്തയം ഇന്ന്‌ ലങ്കന്‍ ക്രിക്കറ്റിനെ കൊന്ന്‌ തിന്നുന്ന ക്യാന്‍സറായി മാറിയിട്ടുണ്ടെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ലങ്കന്‍ ബോര്‍ഡ്‌ പ്രതികരിച്ചില്ല
കൊളംബോ: ഹഷന്‍ തിലകരത്‌നെ ഉന്നയിച്ച പന്തയാരോപണങ്ങളോട്‌ ലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രതികരിച്ചില്ല. 1992 മുതല്‍ ലങ്കന്‍ ക്രിക്കറ്റില്‍ പന്തയക്കാര്‍ വിലസുന്നുണ്ടെന്ന തിലകരത്‌നെയുടെ വാക്കുകള്‍ നാട്ടില്‍ വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ലോകകപ്പ്‌ ഫൈനലിലെ ലങ്കയുടെ പ്രകടനത്തെ ഇപ്പോള്‍ പലരും സംശയത്തോടെയാണ്‌ വീക്ഷിക്കുന്നത്‌. ഇന്ത്യക്കെതിരെ ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക സാമാന്യം മെച്ചപ്പെട്ട സ്‌ക്കോര്‍ സ്വന്തമാക്കിയിട്ടും ബൗളിംഗില്‍ പതറുകയായിരുന്നു. മഹേല ജയവര്‍ദ്ധനയും ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാരയുമായിരുന്നു മികച്ച ബാറ്റിംഗില്‍ ഉയര്‍ന്ന സ്‌ക്കോര്‍ നല്‍കിയത്‌. പക്ഷേ മുത്തയ്യ മുരളീധരന്‍ ഉള്‍പ്പെടെയുളള ബൗളര്‍മാര്‍ പരാജിതരായി. പരുക്കില്‍ നിന്ന്‌ പൂര്‍ണ്ണ മുക്തി നേടാത്ത മുരളിയെ അവസാന മല്‍സരത്തില്‍ കളിപ്പിച്ചത്‌ വിമര്‍ശിക്കപ്പെട്ടിരുന്നു. രാജ്യത്തിനായി കളിക്കുന്ന അവസാന ഏകദിനം എന്ന നിലക്കാണ്‌ മുരളിക്ക്‌ അവസരം നല്‍കിയത്‌.

ലങ്ക പണം വാങ്ങിയോ
മുംബൈ: ലോകകപ്പ്‌ ഫൈനലില്‍ ഇന്ത്യക്ക്‌ മുന്നില്‍ ശ്രീലങ്ക തോറ്റത്‌ പണം വാങ്ങിയിട്ടായിരുന്നുവെന്ന്‌ ആരോപണം. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ ഇന്ത്യന്‍ ടീം കപ്പുയര്‍ത്തിയത്‌ പന്തയക്കാരുടെ ഇടപെടല്‍ മൂലമാണെന്ന ശക്തമായ ആരോപണം ഉയര്‍ന്നത്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്‌ പുതിയ തലവേദനയായി. പന്തയക്കാരെ ലോകകപ്പ്‌ വേദികളിലേക്ക്‌ അടുപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി ഐ.സി.സിയുടെ അഴിമതി വിരുദ്ധ വിഭാഗം ജാഗ്രത പാലിച്ചിട്ടും പല മല്‍സരങ്ങളുടെയും കാര്യത്തില്‍ പന്തയ ഇടപെടല്‍ ആരോപിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഫൈനല്‍ മല്‍സരത്തിനെതിരെയും വിരല്‍ ഉയരുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ്‌ വീണ്ടും വിവാദ ചൂഴിയിലാണ്‌. ലങ്കന്‍ മുന്‍ ക്യാപ്‌റ്റന്‍ ഹഷന്‍ തിലകരത്‌നെയാണ്‌ പുതിയ വിവാദത്തിന്‌ തുടക്കമിട്ടിരിക്കുന്നത്‌. ലോകകപ്പ്‌ ഫൈനല്‍ കാര്യത്തില്‍ പരോക്ഷ സംശയം പ്രകടിപ്പിച്ച തിലകരത്‌നെ സ്വന്തം നാട്ടിലെ ക്രിക്കറ്റ്‌ ഭരണക്കാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാക്കുകളാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌.

കൊമ്പന്മാരുടെ മുന്നില്‍ ചെകുത്താന്മാര്‍
കൊച്ചി: ഇന്ന്‌ കൊമ്പന്മാരും ചെകുത്താന്മാരും... കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തല കുനിക്കാന്‍ കൊമ്പന്മാര്‍ക്കും അലറാതിരിക്കാന്‍ ചെകുത്താന്മാര്‍ക്കും കഴിയില്ല. പേരിനൊത്ത പ്രകടനം നടത്താന്‍ കഴിയാത്ത പക്ഷം വീര്യം പേരില്‍ തന്നെയൊതുങ്ങും. രാത്രിയിലാണ്‌ ഇന്നത്തെ മല്‍സരം. വൈകുന്നേരം നാലിനാണ്‌ പോരാട്ടമെന്നത്‌ കൊമ്പന്മാര്‍ക്കും ചെകുത്താന്മാര്‍ക്കും കാര്യങ്ങള്‍ ദുഷ്‌ക്കരമാക്കുന്നു. കാരണം നല്ല വെയിലാണ്‌. ഈ ചൂടില്‍ ആദ്യ ബാറ്റിംഗ്‌ വെല്ലുവിളി ഉയര്‍ത്തും.
കൊച്ചി ടസ്‌ക്കേഴ്‌സിന്‌ കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങല്‍ സമ്മാനിച്ചത്‌ ദുരന്തമാണ്‌. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും ഇതേ അനുഭവം. തോല്‍വി മാത്രമാണ്‌ വിരേന്ദര്‍ സേവാഗും സംഘവും സമ്പാദിച്ചിരിക്കുന്നത്‌. കഴിഞ്ഞ മല്‍സരത്തില്‍ കൊല്‍ക്കത്തക്കാര്‍ ഫിറോസ്‌ ഷാ കോട്‌ലയില്‍ ചെകുത്താന്മാരെ ഇല്ലാതാക്കിയിരുന്നു. ഏഴ്‌ മല്‍സരങ്ങളില്‍ നിന്ന്‌ ആകെ നേടാനായത്‌ രണ്ട്‌ വിജയങ്ങള്‍. നാല്‌ പോയന്റുമായി ടേബിളില്‍ അവസാന സ്ഥാനത്ത്‌. ഇനിയുളളത്‌ ഏഴ്‌ മല്‍സരങ്ങള്‍. അതില്‍ അഞ്ചിലെങ്കിലും ജയിച്ചാല്‍ മാത്രമാണ്‌ രക്ഷ. കൊച്ചിക്ക്‌ ആകെ മൂന്ന്‌ ജയങ്ങളാണുളളത്‌. അവസാന മല്‍സരത്തില്‍ സ്വന്തം തട്ടകത്തിലും ടീം തകര്‍ന്നടിഞ്ഞിരുന്നു. ഇനിയുളള മല്‍സരങ്ങളില്‍ മഹേല ജയവര്‍ദ്ധനക്കും സംഘത്തിനും ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല.
നെഹ്‌റു സ്‌റ്റേഡിയത്തില്‍ പേസിനെ തുണക്കുന്ന പിച്ചൊരുക്കി ഡക്കാന്‍ ചാര്‍ജേഴ്‌സിന്‌ വിജയം സമ്മാനിച്ചതില്‍ കൊച്ചി ടീമിന്‌ മാത്രമല്ല സംഘാടകര്‍ക്കും പങ്കുണ്ടായിരുന്നു. സ്വന്തം പേസ്‌ നിരയുടെ കരുത്ത്‌ ഉപയോഗപ്പെടുത്തി ജയിക്കാമെന്നാണ്‌ കൊച്ചി കരുതിയത്‌. ആര്‍.പി സിംഗും ശ്രീശാന്തും പെരേരയുമെല്ലാം പിച്ചിനെ ഉപയോഗപ്പെടുത്തിയപ്പോള്‍ അതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനവുമായി ഇശാന്ത്‌ ശര്‍മ്മ കത്തിയപ്പോല്‍ കൊച്ചി ഇല്ലാതായി.
ബാറ്റിംഗാണ്‌ രണ്ട്‌ ടീമുകള്‍ക്കും തലവേദന. കൊച്ചി സംഘത്തിന്‌ തുടര്‍ച്ചയായി മൂന്ന്‌ വിജയങ്ങള്‍ സമ്മാനിച്ചത്‌ മുന്‍നിര ബാറ്റ്‌സ്‌മാന്മാരിയിരുന്നു. ബ്രെന്‍ഡന്‍ മക്കല്ലം, മഹേല ജയവര്‍ദ്ധനെ, ബ്രാഡ്‌ ഹോഡ്‌ജ്‌, രവീന്ദു ജഡേജ എന്നിവര്‍ക്ക്‌ അവസാന രണ്ട്‌ മല്‍സരങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ജയ്‌പ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ മക്കല്ലം കളിച്ചിരുന്നില്ല. പക്ഷേ മഹേല ഉള്‍പ്പെടെയുളളവര്‍ പരാജയപ്പെട്ടു. ഡക്കാനെതിരെയും അത്‌ തന്നെ കണ്ടു. അഞ്ച്‌ ബാറ്റ്‌സ്‌മാന്മാരാണ്‌ പൂജ്യരായി മടങ്ങിയത്‌. മക്കല്ലം മൂന്ന്‌ പന്തുകള്‍ മാത്രമാണ്‌ നേരിട്ടത്‌. മഹേലയും ജഡേജയും ഹോഡ്‌ജും പാര്‍ത്ഥീവ്‌ പട്ടേലുമെല്ലാം വന്‍ ദുരന്തമായി. 74 റണ്‍സാണ്‌ ടീമിന്‌ നേടാനായത്‌. ഇന്ന്‌ സ്‌പിന്നിനെ തുണക്കുന്ന സാധാരണ പിച്ചാണ്‌ ഒരുക്കിയിരിക്കുന്നത്‌. രുമേഷ്‌ പവാര്‍, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ കളിക്കും. ബാറ്റ്‌സ്‌മാന്മാര്‍ ജാഗ്രത പാലിക്കുമെന്നാണ്‌ മഹേല നല്‍കുന്ന മറുപടി.
ഡല്‍ഹി സ്വന്തം മൈതാനത്ത്‌ കൊല്‍ക്കത്തക്ക്‌ മുന്നില്‍ തല കുനിച്ചാണ്‌ ഇന്നലെ വൈകീട്ട്‌ ഇവിടയെത്തിയത്‌. വിരേന്ദര്‍ സേവാഗ്‌, ഡേവിഡ്‌ വാര്‍ണര്‍, ഇര്‍ഫാന്‍ പത്താന്‍, വേണു ഗോപാല റാവു തുടങ്ങിയ താരനിരയുണ്ടായിട്ടും എല്ലാ മല്‍സരങ്ങളിലും ദയനീയതയാണ്‌ ടീം പ്രകടിപ്പിക്കുന്നത്‌. സേവാഗിന്റെ പ്രകടനമാണ്‌ നിര്‍ണ്ണായകം. കൊല്‍ക്കത്തക്കെതിരെ നല്ല തുടക്കം ലഭിച്ചിട്ടും അത്‌ പ്രയോജനപ്പെടുത്താന്‍ നായകനായിരുന്നില്ല. ഇന്നലെ ഡല്‍ഹിക്കാര്‍ രാത്രിയില്‍ പരിശീലനം നടത്തിയിരുന്നു. പക്ഷേ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ നായകന്‍ തയ്യാറായില്ല.

ടിക്കറ്റ്‌ വിതരണം ഇന്ന്‌
കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഇന്ന്‌ വൈകീട്ട്‌ നാലിന്‌ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന കൊച്ചിന്‍ ടസ്‌ക്കേഴ്‌സ്‌-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ മല്‍സര ടിക്കറ്റുകള്‍ രാവിലെ മുതല്‍ സ്‌റ്റേഡിയം കൗണ്ടറുകളില്‍ ലഭിക്കും. ടിക്കറ്റില്‍ സീല്‍ പതിക്കുന്ന കാര്യത്തില്‍ സംഘാടകരും കൊച്ചി കോര്‍പ്പറേഷനും തമ്മിലുണ്ടായ പ്രശ്‌നം കാരണം ഹര്‍ത്താല്‍ ദിനമായ ഇന്നലെ കാര്യമായി വിതരണം നടന്നിരുന്നില്ല.
പുഷ്‌പിക്കാന്‍ വീരു
കൊച്ചി: വീരു എന്ന വിരേന്ദര്‍ സേവാഗ്‌ ഇന്ത്യന്‍ പ്രീമിര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഇത്‌ വരെ പുഷ്‌പിച്ചിട്ടില്ല. ഒരു മല്‍സരത്തില്‍ കൂട്ടുകാരന്‍ ഡേവിഡ്‌ വാര്‍ണര്‍ക്കൊപ്പം തിളങ്ങിയത്‌ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ഓപ്പണറില്‍ നിന്ന്‌ കാണികള്‍ പ്രതീക്ഷിക്കുന്ന വെടിക്കെട്ട്‌ ഇത്‌ വരെ കണ്ടിട്ടില്ല. ഇന്ന്‌ കൊച്ചിക്കാര്‍ സ്വന്തം മൈതാനത്ത്‌ സ്വന്തം ടീമിന്റെ തോല്‍വി ഇഷ്‌ടപ്പെടുന്നില്ലെങ്കിലും വീരു പുഷ്‌പിക്കുന്നത്‌ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്‌. കൊല്‍ക്കത്തക്കെതിരായ അവസാന മല്‍സരത്തില്‍ ഫോമിലേക്ക്‌ വരുന്നതിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിയിരുന്നു.

പാക്കിസ്‌താന്‌ പരമ്പര
ബ്രിഡ്‌ജ്‌ടൗണ്‍:വിന്‍ഡിസിനെതിരായ മൂന്നാം മല്‍സരത്തിലും വിജയം കരസ്ഥമാക്കി പാക്കിസ്‌താന്‍ ഏകദിന പരമ്പര സ്വന്തമാക്കി. നാലാം മല്‍സരം രണ്ടിന്‌ നടക്കും. റണ്‍സ്‌ ദാരിദ്ര്യം നേരിട്ട മല്‍സരത്തില്‍ മൂന്ന്‌ വിക്കറ്റിനായിരുന്നു പാക്‌ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ 171 റണ്‍സില്‍ പുറത്തായി. 51 റണ്‍സ്‌ നേടിയ ഓപ്പണര്‍ സിമണ്‍സും 47 റണ്‍സ്‌ നേടിയ ബ്രാവോയും മാത്രമാണ്‌ പിടിച്ചുനിന്നത്‌. മൂന്ന്‌ വീതം വിക്കറ്റുകള്‍ നേടിയ വഹാബ്‌ റിയാസ്‌, സയദ്‌ അജ്‌മല്‍ എന്നിവരാണ്‌ വിന്‍ഡീസിന ചുരുട്ടിക്കെട്ടിയത്‌. മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തകര്‍ന്ന പാക്കിസ്‌താന്‍ മധ്യനിരയുടെ കരുത്തിലാണ്‌ കുതിച്ചത്‌. ഓപ്പണര്‍മാരായ മുഹമ്മദ്‌ ഹാഫീസ്‌, അഹമ്മദ്‌ ഷെഹസാദ്‌, ആസാദ്‌ ഷഫീഖ്‌ എന്നിവരെ അതിവേഗം രവി രാംപാല്‍ പുറത്താക്കിയപ്പോള്‍ ആതിഥേയര്‍ക്ക്‌ പ്രതീക്ഷയായി. പക്ഷേ പുറത്താവാതെ 62 റണ്‍സ്‌ നേടിയ മിസ്‌ബാഹ്‌ യുവതാരങ്ങളായ ഉമര്‍ അക്‌മല്‍, ഹമാദ്‌ ആസാം എന്നിവരുടെ പിന്തുണയില്‍ ടീമിനെ വിജയത്തിലേക്ക്‌ നയിച്ചു.

2 comments:

എന്‍.പി മുനീര്‍ said...

ഇന്ത്യ വേള്‍ഡ്കപ്പിന്റെ ആധികാരികതയില്‍ സംശയമില്ലാതില്ല.ഫീല്‍ഡിംഗില്‍ പാക്കിസ്ഥാന്റെ അലസത, എത്തിപ്പിടിക്കാവുന്ന സ്കോറായിട്ടും ആദ്യവിക്കറ്റു പത്തോവര്‍ വരെ വീഴാതിരുന്നിട്ടും തോറ്റ രീതി..അതു പോലെ ശ്രീലങ്കയും ഫൈനലില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തുകയുണ്ടായില്ല. ഫൈനലിലെ അവരുടെ ഫീല്‍ഡിംഗും വിലപ്പെട്ട രണ്ടു വിക്കറ്റുകള്‍ ആദ്യമേ നേടിയിട്ടും കളി കൈവിട്ടു കൊടുത്തത്.ലേഖനത്തിനു നന്ദി

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇതൊക്കെ ഉള്ളതാണോ? കഷ്ടം.. നമ്മള്‍ വീണ്ടും വിഡ്ഢികള്‍ ആവുകയായിരുന്നോ?