വിയന്ന: സ്‌പാനിഷ് കിരീടധാരണത്തില്‍ യൂറോ കപ്പ് ഫുട്‌ബോള്‍ വിജയകരമായി സമാപിച്ചപ്പോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യഥാര്‍ത്ഥ താരമായി മാറിയത് ഫെര്‍ണാണ്ടോ ടോറസ് എന്ന യുവതാരം. ഫൈനലില്‍ ജര്‍മനിക്കെതിരെ നേടിയ നിര്‍ണ്ണായക ഗോളിനൊപ്പം കളിച്ച എല്ലാ മല്‍സരങ്ങളിലും സ്ഥിരത പുലര്‍ത്തിയ താരവും ടോറസാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് വേണ്ടി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ ആത്മവിശ്വാസത്തില്‍ ദേശീയ നിരയിലെത്തിയ ടോറസ് യൂറോയില്‍ റഷ്യക്കെതിരായ ആദ്യ മല്‍സരത്തിലൂടെ തന്റെ സ്‌റ്റാര്‍ വാല്യൂ തെളിയിച്ചു. ആ മല്‍സരത്തില്‍ ഡേവിഡ് വിയ്യ സ്‌ക്കോര്‍ ചെയ്‌ത രണ്ട ഗോളും ടോറസിന്റെ സംഭാവനയില്‍ നിന്നായിരുന്നു. ഫൈനലിലെ ഗോള്‍ തന്റെ ജീവിതകാലം മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്‌പെയിന്‍ അര്‍ഹിച്ച കിരീടമാണിത്. കാരണം ആദ്യ മല്‍സരം മുതല്‍ ആധികാരിക പ്രകടനമാണ് ടീം നടത്തിയത്. എന്റെ സന്തോഷത്തെ നിര്‍വചിക്കാനാവില്ല. ഈ നേട്ടത്തിന്റെ മഹത്വം ഞങ്ങള്‍ ഉള്‍കൊണ്ട്‌് വരുന്നതേയുള്ളൂ. ശരിക്കും സ്വപ്‌നം സത്യമായിരിക്കുന്നു. ഈ യൂറോനേട്ടം പല ഉന്നതനേട്ടങ്ങളുടെയും തുടക്കമായാണ് ഞാന്‍ കരുതുന്നത്. ഇത് വരെ എല്ലാ ഫൈനലുകളും ഞങ്ങള്‍ ടെലിവിഷന് മുന്നിലിരുന്ന് കാണുകയായിരുന്നു. ഇത്തവണ ഫൈനലില്‍ ഞങ്ങള്‍ക്ക് കളിക്കാനായി. എല്ലാ മല്‍സരങ്ങളിലും ഗോള്‍ സ്‌ക്കോര്‍ ചെയ്യുകയാണ് എന്റെ ജോലി. രാജ്യത്തിനും ക്ലബിനും കൂടുതല്‍ കിരീടങ്ങള്‍ സമ്മാനിക്കുക, യൂറോപ്പിലെയും ലോകത്തെയും ഏറ്റവും മികച്ച താരമായി മാറുക, അതാണ് എന്റെ ലക്ഷ്യങ്ങള്‍-ടോറസ് പറഞ്ഞു.
കരിയര്‍: ജനനം: മാര്‍ച്ച് 20, 1984. മാഡ്രിഡ്. 2001 ല്‍ പ്രൊഫഷണല്‍ അരങ്ങേറ്റം. സ്‌പാനിഷ് ലീഗില്‍ ആദ്യ ക്ലബ് അത്‌ലറ്റികോ മാഡ്രിഡ്. 2007 ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി കരാര്‍ ചെയ്‌തു. പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും വലിയ പ്രതിഫല തുക. ആദ്യ സീസണില്‍ ലിവര്‍പൂളിന് വേണ്ടി 20 ഗോളുകള്‍. 2003 ല്‍ പോര്‍ച്ചുഗലിനെതിരായ മല്‍സരത്തിലൂടെ സ്‌പെയിന്‍ ദേശീയ ടീമിന് വേണ്ടി ആദ്യ മല്‍സരം. 2004 ലെ യൂറോ കപ്പിലും 2006 ലെ ലോകകപ്പിലും ഇപ്പോള്‍ അവസാനിച്ച യൂറോയിലും രാജ്യത്തിന്റെ മുന്നണി പോരാളിയായി. 2004 ലെ യൂറോയില്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു. അപരനാമം എല്‍ നിനോ (പിഞ്ചുകുട്ടി)
No comments:
Post a Comment