Tuesday, October 19, 2010

At Last Roony

5മില്യണ്‍ പൗണ്ട്‌്‌ ഓഫര്‍
റൂണി സിറ്റിയിലേക്ക്‌
ലണ്ടന്‍: ടീം വിടുകയാണെന്ന ശക്തമായ അഭ്യൂഹം നിലനില്‍ക്കേ മാഞ്ചസ്‌റ്റര്‍ സിറ്റിയില്‍ കളിക്കാനാണ്‌ തനിക്ക്‌ താല്‍പര്യമെന്ന്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ സ്റ്റാര്‍ സ്‌ട്രൈക്കര്‍ വെയ്‌ന്‍ റൂണി. അഞ്ചു മില്യണ്‍ പൗണ്ടിന്‌ (ഏകദേശം 35 കോടി രൂപ) അടുത്ത വേനല്‍ ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ റൂണി സിറ്റിയിലേക്ക്‌ മാറുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷ്‌ ക്ലബ്‌ ചെല്‍സി, സ്‌പാനിഷ്‌ സൂപ്പര്‍ടീം റയല്‍ മാഡ്രിഡ്‌ എന്നിവര്‍ക്കു മീതെയാണ്‌ റൂണി സിറ്റിക്ക്‌ മുന്‍തൂക്കം നല്‍കിയത്‌. എന്നാല്‍ താരത്തിന്റെ കൂടുമാറ്റത്തെക്കുറിച്ച്‌ മാഞ്ചസ്‌റ്റര്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ചാമ്പ്യന്‍സ്‌ ലീഗില്‍ ടീം ഇന്നിറങ്ങും മുമ്പ്‌ റൂണിയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകുമെന്ന്‌ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ അറിയിച്ചു. ടീമംഗങ്ങളോടൊപ്പം റൂണി ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നു.
റൂണിയുടെ ഫോം ഔട്ട്‌ പരിഗണിച്ച്‌ ഇംഗ്ലണ്ടുകാരനെ കൈവിടാനാണ്‌ ബോസ്‌ ഫെര്‍ഗൂസണ്‌ താല്‍പര്യമെന്നാണ്‌ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണത്തിലെ സൂചന. 'റൂണി ഒരു മികച്ച കളിക്കാരനാണ്‌. അദ്ദേഹത്തിന്റെ ട്രാന്‍സ്‌ഫറിനായി വാതില്‍ തുറന്നിടുന്നതാണ്‌ നല്ലതെന്ന്‌ എനിക്ക്‌ തോന്നുന്നു. സ്വകാര്യ ജീവിതത്തില്‍ ഒരു സഹായമാകുമത്‌' കോച്ച്‌ പറഞ്ഞു. ലോകകപ്പിനു ശേഷം ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ഇംഗ്ലീഷ്‌ താരം ടീം വിടാനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇക്കാര്യം റൂണി അറിയിച്ചതായി കോച്ച്‌ തന്നെയാണ്‌ വെളിപ്പെടുത്തിയത്‌.


ചാമ്പ്യന്‍സ്‌ ലീഗ്‌ ഗ്രൂപ്പ്‌ ഘട്ടം
മാഞ്ചസ്റ്ററും ബാര്‍സയും ഇന്നിറങ്ങുന്നു
ലണ്ടന്‍/മാഡ്രിഡ്‌: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഗ്രൂപ്പ്‌ ഘട്ടപോരാട്ടത്തിന്റെ മൂന്നാം റൗണ്ടില്‍ ആദ്യ ഗ്രൂപ്പുകള്‍ക്ക്‌ ഇന്ന്‌ മത്സരം. എ, ബി, സി, ഡി ഗ്രൂപ്പുകളിലെ ടീമുകള്‍ തമ്മിലാണ്‌ അങ്കങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍മിലാന്‍, മുന്‍ചാമ്പ്യന്മാരായ ബാര്‍സലോണ, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ എന്നീ പ്രമുഖരെല്ലാം ഇന്നിറങ്ങും. ഗ്രൂപ്പ്‌ എയില്‍ ഇന്റര്‍മിലാന്‌ ഇംഗ്ലീഷ്‌ ക്ലബ്‌ ടോട്ടന്‍ഹാമുമായുള്ള മത്സരം കടുത്തതായിരിക്കുമെന്നാണ്‌ വിലയിരുത്തലുകള്‍. ഗ്രൂപ്പ്‌ ചാമ്പ്യന്‍മാരെ തീരുമാനിക്കുന്നതില്‍ ഈ പോരാട്ടം നിര്‍ണായകമായേക്കും. ഇരുടീമുകള്‍ക്കും രണ്ടു മത്സരങ്ങളില്‍ ഓരോ ജയവും സമനിലയുമായി നാലുവീതം പോയിന്റുണ്ട്‌. ഇറ്റാലിയന്‍ ലീഗില്‍ എ.സി മിലാനൊപ്പം ഒന്നാം സ്ഥാനത്താണ്‌ ഇന്റര്‍. സാമുവല്‍ എറ്റൂ, ഡീഗോ മിലിറ്റോ, ഹാവിയര്‍ സനേട്ടി തുടങ്ങി ഇറ്റാലിയന്‍ ചാമ്പ്യന്മാരുടെ പ്രമുഖ താരങ്ങളെല്ലാം ഇന്നു കളിക്കുന്നുണ്ട്‌. 18കാരനായ ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ കൗടീഞ്ഞോക്ക്‌ ഫുട്‌സാലിലെ മേല്‍വിലാസം ഗ്രൗണ്ട്‌ മാച്ചുകളിലും തുടരാനാകുമോ എന്ന്‌ ഇന്നറിയാം. ഇന്ററിന്റെ ഭാവി വാഗ്‌ദാനമായി കൗടീഞ്ഞോ നിരീക്ഷിക്കപ്പെടുന്നുണ്ട്‌. മറുഭാഗത്ത്‌ ടോട്ടനവും നല്ലഫോമിലാണ്‌. പ്രീമിയര്‍ ലീഗില്‍ ഉശിരന്‍ പോരാട്ടം കാഴ്‌ചവെക്കുന്ന അവര്‍ 14 പോയിന്റുമായി ആര്‍സനല്‍, മാഞ്ചസ്‌റ്റര്‍ എന്നിവര്‍ക്കൊപ്പം മൂന്നാം സ്ഥാനത്താണ്‌. റോമന്‍ പാവ്‌ല്യു ചെങ്കോ, ജര്‍മന്‍ ഡിഫോ, പീറ്റര്‍ ക്രൗച്ച്‌, ലൂക്കാ മോഡ്രിച്ച്‌ തുടങ്ങി സൂപ്പര്‍സ്റ്റാറുകളെല്ലാം ഇന്ന്‌ കളിക്കുന്നുണ്ട്‌. സാന്‍സീറോയില്‍ വെച്ചാണ്‌ കളി. ഒരു പോയിന്റ്‌ മാത്രമുള്ള എഫ്‌.സി ട്വന്റെയും ജര്‍മന്‍ ക്ലബ്‌ വെര്‍ഡര്‍ ബ്രമനും തമ്മിലാണ്‌ രണ്ടാമത്തെ കളി.
ഗ്രൂപ്പ്‌ ബിയില്‍ എഫ്‌.സി ഷാല്‍ക്കെയും ഇസ്രായേല്‍ ക്ലബ്‌ ഹപോയല്‍ ടെല്‍ അവീവും തമ്മിലും ഒളിംപിക്‌ ലിയോണും ബെനഫിക്കയും തമ്മിലും ഏറ്റുമുട്ടും. ആറു പോയിന്റുമായി ലിയോണ്‍ ഒന്നാം സ്ഥാനത്ത്‌ തുടരുമ്പോള്‍ ഷാല്‍ക്കെക്കും ബെനഫിക്കക്കും മൂന്ന്‌ പോയിന്റാണുള്ളത്‌. ഗ്രൂപ്പ്‌ സിയില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‌ ദുര്‍ബലരായ ബുര്‍സാസ്‌പോറാണ്‌ എതിരാളികള്‍. ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ നടക്കുന്ന ഇന്നത്തെ മത്സരത്തെ ഭയത്തോടെയായിരിക്കും ബുര്‍സാസ്‌പോര്‍ പരിശീലകന്‍ എര്‍തൂറുല്‍ സൗലാം സമീപിക്കുന്നത്‌. മൂന്നു വര്‍ഷം മുമ്പ്‌ ബെസിക്താസുമായി ഇംഗ്ലണ്ടില്‍ കളിക്കാനെത്തിയ സൗലാമിനെ 8-0ന്‌ ഇംഗ്ലീഷ്‌ ടീം ലിവര്‍പുള്‍ മുക്കിക്കളഞ്ഞിരുന്നു. പോയിന്റൊന്നുമില്ലാതെ ഗ്രൂപ്പില്‍ ഏറ്റവും അവസാനത്തില്‍ നില്‍ക്കുന്ന ബുര്‍സാസ്‌പോറിന്‌ ചാമ്പ്യന്‍ഷിപ്പിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോളടിക്കാനുമായിട്ടില്ല. മുന്‍നിരതാരം വെയ്‌്‌ന്‍ റൂണി ടീം വിടുന്നതിനെച്ചൊല്ലിയുളള അവ്യക്തതകളിലും മാഞ്ചസ്‌റ്ററിന്‌ ഇന്ന്‌ മികച്ച കളികെട്ടഴിക്കാനായേക്കും. മറ്റൊരു മത്സരത്തില്‍ സ്‌കോട്ടിഷ്‌ ടീം റേഞ്ചേഴ്‌സ്‌ സ്‌പാനിഷ്‌ ടീം വലന്‍സിയയുമായി ശക്തി പരീക്ഷിക്കും. ഇന്നത്തെ അങ്കം യുറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തില്‍ ക്രിസ്‌മസിനു ശേഷം തങ്ങളുടെ ഗതി നിര്‍ണയിക്കുമെന്ന്‌ റേഞ്ചേഴ്‌സ്‌ മാനേജര്‍ വാള്‍ട്ടര്‍ സ്‌മിത്ത്‌ പറഞ്ഞു. ഗ്രൂപ്പില്‍ മാഞ്ചസ്റ്ററിനും റേഞ്ചേഴ്‌സിനും 4 പോയിന്റുണ്ട്‌. വലന്‍സിയക്ക്‌ മൂന്നു പോയിന്റാണുള്ളത്‌.
ഡി ഗ്രൂപ്പില്‍ സ്‌പാനിഷ്‌ ചാമ്പ്യന്മാരായ ബാര്‍സലോണക്ക്‌ ഡന്‍മാര്‍ക്കില്‍ നിന്നുള്ള കോബന്‍ഹാവനുമായി അഭിമാനപ്പോരാട്ടമാണ്‌. ഗ്രൂപ്പില്‍ ആറുപോയിന്റുള്ള കോബന്‍ഹാവനു പിന്നില്‍ നാലു പോയന്റുമായി ബാര്‍സ രണ്ടാമതാണ്‌. പ്രധാന കളിക്കാരെല്ലാം കളിക്കുന്നുണ്ട്‌. മുന്‍നിരയില്‍ രണ്ടു കളിയില്‍ രണ്ടു ഗോളുകളുമായി ഉശിരന്‍ പ്രകടനം കാഴ്‌ച വെക്കുന്ന ലയണല്‍ മെസ്സിയിലും ഡേവിഡ്‌ വിയ്യയിലുമാണ്‌ ബാര്‍സയുടെ പ്രതീക്ഷകള്‍. എന്നാല്‍ പിന്‍നിരക്കാരന്‍ ഗബ്രിയേല്‍ മിലിറ്റോയുടെ സേവനം ടീമിനുണ്ടാവില്ല. പരിശീലനത്തിനിടെ പരിക്കേറ്റതാണ്‌ അര്‍ജന്റീനക്കാരന്‌ വിനയായത്‌. രണ്ടാം മത്സരത്തില്‍ ഗ്രീക്ക്‌ ക്ലബ്‌ പനാന്തിനായിക്കോസിന്‌ റൂബിന്‍ കസാനെയാണ്‌ നേരിടേണ്ടത്‌. റൂബിന്‌ ഒരു പോയിന്റുണ്ട്‌. പനാന്തിനായിക്കോസിന്‌ ഇതുവരെ പോയിന്റൊന്നും നേടാനായിട്ടില്ല.

No comments: