Friday, February 4, 2011

KAPIL AND THE DEVILS


ആ നിമിഷം

1983 ലെ ചരിത്രത്താളുകള്‍ ഒന്ന്‌ മറിക്കുക. 12 മാസങ്ങളും സംഭവബഹുലമായിരുന്നു. ജനുവരി 22 ന്‌ ടെന്നിസ്‌ ചരിത്രത്തിലെ ഇതിഹാസം ബ്യോണ്‍ ബോര്‍ഗ്ഗ്‌ റാക്കറ്റ്‌ താഴെ വെച്ചു. തുടര്‍ച്ചയായി അഞ്ച്‌ തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയതിന്‌ ശേഷമായിരുന്നു സ്വീഡിഷ്‌ ഇതിഹാസം കളി അവസാനിപ്പിച്ചത്‌. ഫെബ്രുവരി 13 ന്‌ ഇറ്റലിയിലെ സിനിമാ ദുരന്തം ലോകത്തെ പേടിപ്പിച്ചു. ടൂറിനില്‍ സിനിമാ തിയേറ്റര്‍ കത്തിനശിപ്പോള്‍ മരിച്ചത്‌ 64 പേര്‍. മാര്‍ച്ചില്‍ ശീതസമരത്തിന്റെ ഭാഗമായുള്ള യുദ്ധകാര്‍മേഘമായിരുന്നു. അമേരിക്കയും സോവിയറ്റ്‌ യൂണിയനും ആണവായുധങ്ങള്‍ പരിക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയാക്കിയപ്പോള്‍ ലോകം ഭയന്നു. സ്‌റ്റാര്‍ വാര്‍ പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡണ്ട്‌ റൊണാള്‍ഡ്‌ റെയ്‌ഗന്‍ നടത്തിയത്‌ മാര്‍ച്ച്‌ 23ന്‌. ഏപ്രില്‍ 18ന്‌ ലോകം ഒരിക്കല്‍ കൂടി വിറച്ചു. ലിബിയന്‍ ആസ്ഥാനമായ ബെയ്‌റൂത്തിലെ അമേരിക്കന്‍ എംബസിക്ക്‌ നേരെയുണ്ടായ ബോംബാക്രമണത്തില്‍ 63 പേര്‍ മരിച്ചു. പശ്ചിമേഷ്യയിലെ അസമാധാനം ലോകത്തിന്‌ മുന്നില്‍ ചോദ്യചിഹ്നമായി മാറവെ മെയ്‌ 17ന്‌ ലെബനോണില്‍ നിന്ന്‌ ഇസ്രാഈല്‍ സേനയെ പിന്‍വലിക്കാന്‍ അമേരിക്കമന്‍ മാധ്യസ്ഥതയില്‍ ധാരണയായത്‌ ആശ്വാസമായി. മെയ്‌ 26 ല്‍ ജപ്പാനിലെ ഹൊന്‍സു ദ്വീപിലുണ്ടായ സുനാമിയിലും ഭൂകമ്പത്തിലും 104 പേര്‍ മരിച്ചു. ജൂണിലായിരുന്നു ബഹിരാകാശ നേട്ടവുമായി സാലി റൈഡ്‌ എന്ന അമേരിക്കന്‍ വനിത ശൂന്യാകാശത്തെത്തിയത്‌. ജൂണ്‍ പതിനെട്ടിലെ രാത്രിയില്‍ സാലി ബഹിരാകാശത്തെത്തുന്ന ആദ്യ വനിതാ യാത്രികയായി. ജൂലൈയിലെ വിറങ്ങലിച്ച രാത്രിയില്‍ ലങ്കയില്‍ സൈന്യവും തമിഴരും തമ്മിലുളള ഏറ്റുമുട്ടല്‍ അതിശക്തമായി. 23 ന്റെ പകലില്‍ മാത്രം 600 പേര്‍ മരിച്ചു. ഓഗസ്‌റ്റ്‌ 26 ന്‌ സ്‌പാനിഷ്‌ നഗരമായ ബില്‍ബാവോയില്‍ കനത്ത മഴ. അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തില്‍ മരിച്ചത്‌ 45 പേര്‍. സെപ്‌തംബറില്‍ പേടിച്ച ശീതസമരത്തിന്‌ തുടക്കം. മോറീം ദ്വീപിന്‌ സമീപം സോവിയറ്റ്‌ യൂണിയന്റെ ആക്രമണത്തില്‍ ദക്ഷിണ കൊറിയന്‍ വിമാനം തകര്‍ന്നു. 269 യാത്രക്കാരും കൊല്ലപ്പെട്ടു. ഇതില്‍ അമേരിക്കന്‍ പാര്‍ലമെന്റംഗം ലാറി മക്‌ഡൊണാള്‍ഡുമുണ്ടായിരുന്നു. ഇതേ മാസം 23 ന്‌ ഗള്‍ഫ്‌ എയറിന്റെ 771 വിമാനത്തിലെ ലഗേജ്ജ്‌ ബോക്‌സിലുണ്ടായിരുന്നു ബാഗില്‍ നിന്ന്‌ ബോംബ്‌ പൊട്ടി 117 പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 23 ന്‌ ബെയ്‌റൂട്ടിലെ അമേരിക്കന്‍,ഫ്രഞ്ച്‌ ബാരക്കുകള്‍ക്കു നേരെ ബോംബാക്രമണമുണ്ടായി. മരിച്ചത്‌ 241 അമേരിക്കന്‍ സൈനീകരും 58 ഫ്രഞ്ച്‌ സൈനീകരും. നവംബറിലെ ഒരു രാത്രിയില്‍ ഹീത്ര്യൂ എയര്‍പോര്‍ട്ടിലെ ഒരു സ്വര്‍ണ്ണക്കടയില്‍ നിന്ന്‌ 6800 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ മോഷ്‌ടിക്കപ്പെട്ടത്‌ മോഷണ ചരിത്രത്തിലെ വലിയ സംഭവമായിരുന്നു. ഡിസംബര്‍ 17 ന്‌ സ്‌പാനിഷ്‌ ആസ്ഥാനമായ മാഡ്രിഡിലുണ്ടായ ഭൂകമ്പത്തില്‍ 83 പേര്‍ മരിച്ചു....
ലോകം ഇത്തരത്തില്‍ വേദനിച്ചെങ്കിലും പക്ഷേ ഇന്ത്യക്ക്‌ 1983 എന്നാല്‍ അത്‌ മഹത്വ വര്‍ഷമാണ്‌. ജൂണ്‍ ഒമ്പത്‌ മുതല്‍ 25 വരെ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ കപില്‍ദേവിന്റെ ഇന്ത്യ വിസ്‌മയമാവുകായിരുന്നു. ആദ്യ രണ്ട്‌ ലോകകപ്പുകളില്‍ വട്ടപ്പൂജ്യമായ ഇന്ത്യക്ക്‌ ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. പ്രഥമ ലോകകപ്പില്‍ ആരുമറിയാത്ത ഈസ്‌റ്റ്‌്‌്‌ ആഫ്രിക്കക്കെതിരെ നടന്ന ഏക വിജയം സമ്പാദ്യമാക്കി ലോകകപ്പിനെത്തിയ സംഘം മാനത്ത്‌ നിന്ന്‌ പൊട്ടീവീണവരെ പോലെ അടിച്ചു തകര്‍ക്കുകയായിരുന്നു. ഒടുവില്‍ പ്രുഡന്‍ഷ്യല്‍ കപ്പുമായി അവര്‍ മടങ്ങിവന്ന കാഴ്‌ച്ച ഇന്ത്യന്‍ കായിക ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമാണ്‌. മൂന്നാമത്‌ ലോകകപ്പിലെ ആ നേട്ടത്തിന്‌ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ്‌ എത്രോ ഉയരങ്ങളിലെത്തി. പക്ഷേ ഒരിക്കല്‍പ്പോലും ലോകകപ്പ്‌ എന്ന നേട്ടത്തിലേക്ക്‌ ഇന്ത്യ വന്നില്ല.
17 ദിവസം ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പില്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത്‌ വിന്‍ഡീസിന്‌ തന്നെയാണ്‌. എട്ട്‌ ടീമുകള്‍ രണ്ട്‌ ഗ്രൂപ്പുകളിലായി മല്‍സരിച്ച ലോകകപ്പ്‌. പക്ഷേ ഒരു മാറ്റമുണ്ടായിരുന്നു. ഗ്രൂപ്പില്‍ എല്ലാ ടീമുകള്‍ക്കും രണ്ട്‌ വട്ടം മല്‍സരിക്കാന്‍ അവസരം നല്‍കി. ലോകകപ്പ്‌ ആരംഭിച്ചത്‌ തന്നെ അട്ടിമറികളിലൂടെയാണ്‌. ഓള്‍ഡ്‌ ട്രാഫോഡില്‍ നടന്ന ആദ്യ മല്‍സരത്തില്‍ കപിലിന്റെ ചെകുത്താന്മാര്‍ ക്ലൈവ്‌ ലോയിഡിന്റെ ചാമ്പ്യന്‍ സംഘത്തെ അട്ടിമറിച്ചു. ലോകകപ്പിനുളള സന്നാഹ മല്‍സരത്തിലും ഇന്ത്യ കരിബീയക്കാരെ വിറപ്പിച്ചിരുന്നു. അതൊരു തുടക്കമായിരുന്നു. ഇന്ത്യയുടെ വിജയത്തിന്‌ പിറകെ ഡങ്കണ്‍ ഫ്‌ളെച്ചര്‍ നയിച്ച സിംബാബ്‌വെ വമ്പന്മാരായ ഓസ്‌ട്രേലിയയെ മറിച്ചിട്ടത്‌ വലിയ സംഭവമായിരുന്നു.
ഇന്ത്യക്ക്‌ മുന്നില്‍ പരാജയപ്പെട്ടത്‌ വിന്‍ഡീസിന്‌ വലിയ ആഘാതമായിരുന്നു. അടുത്ത മല്‍സരത്തിലവര്‍ ഓസ്‌ട്രേലിയക്കാരെ ചാമ്പലാക്കി. വിന്‍ഡീസുകാര്‍ നേടിയ 253 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന കങ്കാരുകള്‍ 151 റണ്‍സില്‍ ഇല്ലാതായി. 51 റണ്‍സ്‌ മാത്രം നല്‍കി ഏഴ്‌ വിക്കറ്റ്‌ നേടിയ വിന്‍സ്‌റ്റണ്‍ ഡേവിസാണ്‌ ഓസീസിനെ ചാമ്പലാക്കിയത്‌. ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങളും പിന്നെ വിന്‍ഡീസ്‌ ജയിച്ചു. ഇന്ത്യയാവട്ടെ ആദ്യ മല്‍സരത്തിന്‌ ശേഷം വിറക്കുന്നതാണ്‌ കണ്ടത്‌. വിന്‍ഡീസിനോട്‌ രണ്ടാം മല്‍സരത്തില്‍ തോറ്റു. ഓസ്‌ട്രേലിയക്ക്‌ മുന്നിലും തല താഴ്‌ത്തി. ദുര്‍ബലരെന്ന്‌ കരുതിയ സിംബാബ്‌വെക്ക്‌ മുന്നിലും ടീം പതറി. ടണ്‍ബ്രിഡ്‌ജ്‌ വെല്‍സിലെ മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ ഇന്ത്യ അഞ്ച്‌ വിക്കറ്റിന്‌ 17 റണ്‍സ്‌ എന്ന നിലയിലായിരുന്നു. കപില്‍ദേവ്‌ ക്രീസിലെത്തി നടത്തിയ കൊടുങ്കാറ്റില്‍ ഇന്ത്യ നടത്തിയ തീരിച്ചുവരവ്‌ അപാരമായിരുന്നു. 138 പന്തില്‍ പുറത്താവാതെ 175 റണ്‍സ്‌. ആറ്‌ തകര്‍പ്പന്‍ സിക്‌സറുകളും പതിനാറ്‌ ബൗണ്ടറികളും. എട്ട്‌ വിക്കറ്റിന്‌ 266 റണ്‍സാണ്‌ ഇന്ത്യ നേടിയത്‌. മറുപടി ബാറ്റിംഗില്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇന്ത്യക്ക്‌ അരികിലെത്തി സിംബാബ്‌ വെ. പക്ഷേ അവസാനം 31 റണ്‍സ്‌ അകലെ അവര്‍ വീണു. ഈ വിജയം നല്‍കിയ ആവേശത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത്‌ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ സെമിക്ക്‌ യോഗ്യത നേടി. ഓള്‍റൗണ്ട്‌ മികവില്‍ ഇംഗ്ലണ്ടിനെയും കശക്കി ഇന്ത്യ വിന്‍ഡീസിനെ ഫൈനലില്‍ നേരിടാന്‍ യോഗ്യത നേടി. കപില്‍ദേവ്‌ 35 റണ്‍സിന്‌ മൂന്ന്‌ പേരെ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട്‌്‌ 213 ല്‍ പുറത്ത്‌. മൊഹീന്ദറും റോജര്‍ ബിന്നിയും രണ്ട്‌ വീതം വിക്കറ്റ്‌ നേടി. മറുപടിയില്‍ യുവതാരങ്ങളായ യശ്‌പാല്‍ ശര്‍മ്മയും (61), സന്ദീപ്‌ പാട്ടിലും (51) അര്‍ദ്ധസെഞ്ച്വറികള്‍ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യക്ക്‌ വിജയം എളുപ്പമായിരുന്നു. ജൂണ്‍ 25ന്‌ കലാശക്കളി. നിറഞ്ഞ്‌ കവിഞ്ഞ ലോര്‍ഡ്‌സ്‌. ടോസ്‌ വിന്‍ഡീസിന്‌. ബാറ്റിംഗ്‌ ഇന്ത്യക്ക്‌. ആന്‍ഡി റോബര്‍ട്‌സും മാല്‍ക്കം മാര്‍ഷലും ജോയല്‍ ഗാര്‍നറും മൈക്കല്‍ ഹോള്‍ഡിംഗും ഉള്‍പ്പെടുന്ന അതിശക്തമായ വിന്‍ഡീസ്‌ പേസ്‌ നിര. പുതിയ പന്തില്‍ ഇവര്‍ അരങ്ങ്‌ തകര്‍ത്തപ്പോള്‍ ഇന്ത്യ വിറച്ചു. കൂറ്റനടിക്കാരനായ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ 57 പന്തില്‍ നേടിയ 38 റണ്‍സും 29 പന്തില്‍ 27 റണ്‍സ്‌ നേടിയ സന്ദീപ്‌ പാട്ടിലും 27 പന്തില്‍ 17 റണ്‍സ്‌ നേടിയ മദന്‍ലാലും സഹായിച്ചപ്പോള്‍ 54.4 ഓവറില്‍ 183 റണ്‍സിന്‌ ഇന്ത്യ പുറത്ത്‌. എല്ലാവരും കരുതിയത്‌ വിന്‍ഡീസ്‌ തുടര്‍ച്ചയായി മൂന്നാം തവണയും കപ്പ്‌ നേടുമെന്നാണ്‌. പക്ഷേ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാര്‍ കസറിയ ദിനത്തില്‍ വിന്‍ഡീസ്‌ ബാറ്റിംഗും പാളി. അപകടകാരിയായ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പുറത്താക്കാന്‍ കപില്‍ദേവ്‌ എടുത്ത ക്യാച്ചും മൂന്ന്‌ വീതം വിക്കറ്റുകള്‍ നേടിയ മദന്‍ലാലിന്റെയും അമര്‍നാഥിന്റെയും പ്രകടനവുമായപ്പോള്‍ വിന്‍ഡീസ്‌ 52 ഓവറില്‍ 140 റണ്‍സിന്‌ പുറത്തായി. 28 പന്തില്‍ 33 റണ്‍സുമായി റിച്ചാര്‍ഡ്‌സ്‌ വെല്ലുവിളി ഉയര്‍ത്തിയ ഘട്ടത്തിലാണ്‌ 20 വാര ഓടി കപില്‍ മിന്നുന്ന ക്യാച്ച്‌ സ്വന്തമാക്കിയത്‌. ഏഴ്‌ ാേവര്‍ പന്തെറിഞ്ഞ അമര്‍നാഥ്‌ 12 റണ്‍സ്‌ മാത്രമാണ്‌ നല്‍കിയത്‌. 43 റണ്‍സ്‌ വിജയത്തില്‍ അദ്ദേഹമായിരുന്നു മാന്‍ ഓഫ്‌ ദ മാച്ച്‌. മാന്‍ ഓഫ്‌ ദ സീരിസ്‌ പട്ടം ആര്‍ക്കും നല്‍കിയിരുന്നില്ല.
ഇന്നും ഓര്‍മ്മകളില്‍്‌ വീര സ്‌മരണയാണ്‌ ആ ലോര്‍ഡ്‌സ്‌ വിജയം... ആ ഫൈനല്‍... കപിലിന്റെ ക്യാച്ച്‌, ലോകകപ്പിലെ മുത്തം...

1 comment:

KAMALVARADOOR said...

great narration-susmith