Friday, August 20, 2010

PAK COMEBACK

ഓവലില്‍ പാക്കിസ്‌താന്‍ പിടിമുറുക്കി
ഓവല്‍: ആദ്യ രണ്ട്‌്‌ ടെസ്‌റ്റിലും ഇംഗ്ലണ്ടിന്‌ മുന്നില്‍ തകര്‍ന്ന പാക്കിസ്‌താന്‍ മൂന്നാം ടെസ്റ്റില്‍ പിടിമുറുക്കി. മൂന്നാം ദിവസമായ ഇന്നലെ വെളിച്ചക്കുറവ്‌ കാരണം കളി നേരത്തെ നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പത്‌ വിക്കറ്റിന്‌ 221 റണ്‍സ്‌ എന്ന നിലയില്‍ തകര്‍ച്ചയിലാണ്‌ ആതിഥേയര്‍. 146 റണ്‍സിന്റെ ലീഡ്‌ മാത്രമാണ്‌ ടീമിനുള്ളത്‌. 110 റണ്‍സുമായി ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്‌ സെഞ്ച്വറി സ്വന്തമാക്കിയിട്ടും മധ്യനിരക്ക്‌ പൊരുതാനായില്ല. നാല്‌ വീതം വിക്കറ്റ്‌ സ്വന്തമാക്കിയ സീമര്‍ മുഹമ്മദ്‌ ആമിറും സ്‌പിന്നര്‍ സയദ്‌ അജ്‌മലുമാണ്‌ പാക്കിസ്‌താനെ ശക്തമായ നിലയിലെത്തിച്ചത്‌. ആദ്യ ഇന്നിംഗ്‌സില്‍ നാല്‌ വിക്കറ്റ്‌ നേടിയ റിയാസിന്‌ ഒരു വിക്കറ്റാണ്‌ ലഭിച്ചത്‌. 173 പന്തില്‍ നിന്ന്‌ 110 റണ്‍സ്‌ നേടിയ കുക്കിന്‌ ചെറിയ പിന്തുണ നല്‍കിയത്‌ 36 റണ്‍സ്‌ നേടിയ ട്രോട്ട്‌ മാത്രമാണ്‌. കെവിന്‍ പീറ്റേഴ്‌സണ്‍ 23 റണ്‍സ്‌ നേടിയപ്പോള്‍ കോളിംഗ്‌വുഡ്‌ (3), മോര്‍ഗന്‍ (5), പ്രയര്‍ (5), സ്വാന്‍ (6), ബ്രോഡ്‌ (6) എന്നിവരെല്ലാം വേഗം പുറത്തായി. രണ്ട്‌ പൂര്‍ണ്ണ ദിവസങ്ങള്‍ ഇനിയും ശേഷിക്കവെ വ്യക്തമായ വിജയ പ്രതീക്ഷയിലാണ്‌ പാക്കിസ്‌താന്‍.

ആഘാതം
മെല്‍ബണ്‍: ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പങ്കടുക്കുന്ന കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സംശയിച്ച്‌ നില്‍ക്കവെ അവരുടെ ഒളിംപിക്‌ ജേതാവ്‌ സ്റ്റെഫാനി റൈസ്‌ ആരോഗ്യ കാരണങ്ങളാല്‍ ഗെയിംസില്‍ നിന്ന്‌ പിന്മാറി. ഓസ്‌ട്രേലിയയുടെ വിഖ്യാത നീന്തല്‍ താരം ഡോണ്‍ ഫ്രേസര്‍ കഴിഞ്ഞ ദിവസമാണ്‌ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയത്‌. തീവ്രവാദികള്‍ ലക്ഷ്യമിട്ടിരിക്കുന്ന ഇന്ത്യയിലേക്ക്‌ ഗെയിംസിനായി പോവരുതെന്നായിരുന്നു വെറ്ററന്‍ താരത്തിന്റെ നിലപാട്‌. ഇതിനെതിരെ സ്വന്തം നാട്ടില്‍ നിന്ന്‌ തന്നെ എതിര്‍പ്പുകള്‍ വരവെയാണ്‌ റൈസ്‌ പിന്മാറിയിരിക്കുന്നത്‌. 2008 ല്‍ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ 200, 400 മീറ്റര്‍ റിലേകളില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഓസീസ്‌ നിരയില്‍ അംഗമാണ്‌ റൈസ്‌. ചുമലിനേറ്റ പരുക്ക്‌ കാരണമാണ്‌ അവര്‍ പിന്മാറുന്നത്‌.
ട്രാക്കിലെ ലോക ജേതാവ്‌ ഉസൈന്‍ ബോള്‍ട്ട്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഗെയിംസിനുണ്ടാവില്ലെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ പിന്മാറുന്നത്‌ ഗെയിംസിന്റെ താരശോഭയെ ബാധിക്കുമെന്ന സംശയം പ്രകടിപ്പിച്ച കായിക മന്ത്രി എം.എസ്‌ ഗില്‍ ഈ കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പുലര്‍ത്താന്‍ സംഘാടകര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കോമണ്‍വെല്‍ത്തില്‍ അംഗ രാജ്യമായ ജമൈക്കയുടെ പ്രതിനിധിയാണ്‌ ബോള്‍ട്ട്‌. പക്ഷേ നേരത്തെ തന്നെ അദ്ദേഹമുണ്ടാവില്ലെന്ന്‌ ഏജന്റ്‌ വ്യക്തമാക്കിയിരുന്നു.

മ്യൂണിച്ച്‌: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്‌ പിറകെ ജര്‍മനിയില്‍ ഫുട്‌ബോള്‍ ആവേശം പടര്‍ത്തി ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗിന്‌ ഇന്ന്‌ തുടക്കം. ആദ്യ മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സൂപ്പര്‍ താരങ്ങളുടെ ബയേണ്‍ മ്യൂണിച്ച്‌ സ്റ്റീവ്‌ മക്‌ലാറന്‍ പരിശീലിപ്പിക്കുന്ന വെര്‍ഡര്‍ ബ്രെഹ്മനെ നേരിടും. അലീയന്‍സ്‌ അറീനയിലാണ്‌ പോരാട്ടം. പോയ വര്‍ഷം ബയേണിന്‌ കിരീടങ്ങളെല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. ലീഗ്‌ കിരീടത്തിനൊപ്പം ജര്‍മന്‍ കപ്പും സ്വന്തമാക്കിയ ടീം യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനല്‍ ബെര്‍ത്തും സ്വന്തമാക്കിയിരുന്നു. പുതിയ സീസണില്‍ വലിയ ട്രാന്‍സ്‌ഫറുകള്‍ക്ക്‌ മുതിര്‍ന്നിട്ടില്ല ബയേണ്‍. പഴയ കരുത്തരുമായി തന്നെയായിരിക്കും ടീം കളിക്കുക. പക്ഷേ ഇന്നത്തെ ആദ്യ അങ്കത്തില്‍ ടീമിലെ മൂന്ന്‌ സൂപ്പറുകള്‍ പുറത്താണ്‌. പരുക്ക്‌ കാരണം അര്‍ജന്‍ റൂബന്‍, ഇവികാ ഒലിച്ച്‌ എന്നിവര്‍ കളിക്കുന്നില്ല. ഫ്രഞ്ച്‌ താരം ഫ്രാങ്ക്‌ റിബറി വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ന്‌ ആദ്യ ഇലവനില്‍ വരാന്‍ സാധ്യതയില്ല. ലോകകപ്പ്‌ സൂപ്പര്‍ താരമായ തോമസ്‌ മുള്ളറായിരിക്കും മുന്‍നിരയില്‍ കളിക്കുക. അദ്ദേഹത്തിനൊപ്പം വെറ്ററന്‍ ജര്‍മന്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ്‌ ക്ലോസും കളിക്കും. കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്ത്‌ ഫിനിഷ്‌ ചെയ്‌തവരാണ്‌ വെര്‍ഡര്‍. ഇത്തവണ കാര്യമായ മാറ്റങ്ങള്‍ അവര്‍ വരുത്തിയിട്ടുണ്ട്‌. ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ചിട്ടുള്ള സ്റ്റീവ്‌ മക്‌ലാറനാണ്‌ കോച്ച്‌. ഡിഫന്‍സിന്‌ കരുത്ത്‌ പകരാന്‍ ഡെന്മാര്‍ക്കിന്റെ ഡാനെ സൈമണ്‍, ജര്‍മനിയുടെ ലോകകപ്പ്‌ താരം ആര്‍െ ഫ്രെഡറിച്ച്‌ എന്നിവരുണ്ട്‌. മുന്‍നിരയില്‍ ക്രൊയേഷ്യക്കാരനായ മുന്‍നിരക്കാരന്‍ മരിയോ മാന്‍സുകിച്ച്‌ , എഡിന്‍ ഡികെ എന്നിവര്‍ കളിക്കും. മല്‍സരങ്ങളുടെ തല്‍സമയ സംപ്രേഷണം ഇന്ത്യയില്‍ നല്‍കുന്നത്‌ നിയോ സ്‌പോര്‍ട്‌സാണ്‌.

പ്രീമീയര്‍ ലീഗില്‍ ഇന്ന്‌ ഗണ്ണേഴ്‌സ്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ രണ്ടാം വാരത്തില്‍ ഇന്ന്‌ ഏഴ്‌ മല്‍സരങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും, മുന്‍ ചാമ്പ്യന്മാരായ ആഴ്‌സനലും ഇന്ന്‌ കളിക്കുന്നുണ്ട്‌. ആദ്യ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ വിജയം നേടിയ പുതിയ ടീം ബ്ലാക്‌ പൂളുമായാണ്‌ ആഴ്‌സനല്‍ കളിക്കുന്നത്‌. ചെല്‍സി വിഗാനെയാണ്‌ എതിരിടുന്നത്‌. മറ്റ്‌ മല്‍സരങ്ങള്‍: ബിര്‍മിംഗ്‌ഹാം-ബ്ലാക്‌ബര്‍ണ്‍, എവര്‍ട്ടണ്‍-വോള്‍വര്‍ഹാംടണ്‍, സ്‌റ്റോക്ക്‌ സ്‌റ്റി-ടോട്ടന്‍ഹാം, വെസ്‌റ്റ്‌ ബ്രോം-സതര്‍ലാന്‍ഡ്‌, വെസ്‌റ്റ്‌ ഹാം-ബോള്‍ട്ടണ്‍

ഇന്ത്യന്‍ ടീമിന്‌ എയര്‍ടെല്‍ പുതിയ സ്‌പോണ്‍സര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര മല്‍സരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ്‌ അവകാശം എയര്‍ ടെല്‍ അടുത്ത മൂന്ന്‌ വര്‍ഷത്തേക്ക്‌ സ്വന്തമാക്കി. ഉദ്ദേശം 165 കോടിക്കാണ്‌ കരാര്‍. മൂന്ന്‌ വര്‍ഷ കാലയളവില്‍ അമ്പതോളം മല്‍സരങ്ങള്‍ ഇന്ത്യ കളിക്കും. ഐഡിയ, കാര്‍ബോണ്‍, മൈക്രോമാക്‌സ്‌ തുടങ്ങിയ പത്ത്‌്‌ കമ്പനികളാണ്‌ സ്‌പോണ്‍സര്‍ഷിപ്പിന്‌ ശ്രമിച്ചത്‌.




വീണ്ടും മഴ വില്ലന്‍
ധാംബൂല്ല: ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മില്‍ മൈക്രോമാക്‌സ്‌ ത്രിരാഷ്‌ട്ര പരമ്പരയില്‍ നടന്ന മല്‍സരം തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും മഴയില്‍ അപൂര്‍ണ്ണമായി. രണ്ട്‌ ടീമുകളും പോയന്റ്‌്‌ പങ്കിട്ടു. ചാമ്പ്യന്‍ഷിപ്പിലെ അടുത്ത മല്‍സരത്തില്‍ നാളെ ഇന്ത്യ ലങ്കയെ നേരിടും.

No comments: