Saturday, August 21, 2010

TENNIS SHOCK

കളിക്കാം, പക്ഷേ നല്‍കാനുള്ള പണം വേണം
മുംബൈ: വിവാദങ്ങളില്‍ വിറങ്ങലിച്ച്‌ നില്‍ക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിനെ ഇന്ത്യന്‍ ടെന്നിസ്‌ താരങ്ങള്‍ കൈവിടില്ല. ലിയാന്‍ഡര്‍ പെയ്‌സും മഹേഷ്‌ ഭൂപതിയും രോഹന്‍ ബോപ്പണയും സോമദേവ്‌ ദേവര്‍മാനുമെല്ലാം ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഗെയിംസില്‍ ഇന്ത്യക്കായി കളിക്കും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തങ്ങള്‍ക്കായി പ്രഖ്യാപിച്ച പല വാഗ്‌ദാനങ്ങളും മറന്ന അഖിലേന്ത്യാ ടെന്നിസ്‌ അസോസിയേഷന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ താരങ്ങള്‍ കഴിഞ്ഞ ദിവസം അധികാരികള്‍ക്ക്‌ കത്തെഴുതിയിരുന്നു. വാഗ്‌ദാനങ്ങള്‍ പാലിച്ചില്ല എന്ന്‌ മാത്രമല്ല, വലിയ തുക കുടിശ്ശികയുമുണ്ട്‌. ഇതും നല്‍കിയിട്ടില്ല. ഇങ്ങനെ പോയാല്‍ ശരിയാവില്ല എന്ന്‌ വ്യക്തമാക്കിയാണ്‌ കത്ത്‌ എഴുതിയത്‌. കത്തിന്‌ ഉടന്‍ തന്നെ പ്രതികരണവുമുണ്ടായി കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ മുമ്പ്‌ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നാണ്‌ ഫെഡറേഷന്‍ ഭാരവാഹികള്‍ ഉറപ്പ്‌ നല്‍കിയിരിക്കുന്നത്‌. കത്ത്‌ നല്‍കിയ കാര്യം വ്യക്തമാക്കിയ സീനിയര്‍ താരങ്ങള്‍ ബഹിഷ്‌ക്കരണ ഭീഷണിക്ക്‌ നിര്‍ബന്ധിതരായതായും പറഞ്ഞു.
ഫെഡറേഷന്‍ പല വാഗ്‌ദാനങ്ങളും നല്‍കിയിരുന്നു. രാജ്യത്തിനായി കളിക്കുന്ന താരങ്ങള്‍ക്ക്‌ അവര്‍ക്ക്‌ ലഭിക്കാനുളള മാച്ച്‌ ഫീയും ആനുകൂല്യങ്ങളും നല്‍കണം. എന്നാല്‍ ഇത്‌ വരെ അത്തരം കാര്യങ്ങളെക്കുറിച്ച്‌ പറയുകയല്ലാതെ ഒന്നും പ്രവൃത്തിപഥത്തില്‍ വന്നിട്ടില്ല. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നല്‍കാനുള്ള എല്ലാ ബില്ലുകളും എല്ലാ താരങ്ങളും ഫെഡറേഷന്റെ ഭാരവാഹികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. ഇതിന്‌ പരിഹാരം കാണാതെയാണ്‌ ഇപ്പോള്‍ രാജ്യത്തിനായി കളിക്കണമെന്ന്‌ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇന്ത്യക്കായി കളിക്കുന്നില്‍ എന്നും അഭിമാനമുണ്ട്‌. രാജ്യത്തെ ഒരിക്കലും മറക്കില്ല. പക്ഷേ ഫെഡറേഷന്‍ ഭാരവാഹികളും കായിക മന്ത്രാലയവും നിരന്തരം തുടരുന്ന ഈ അവഗണിക്കല്‍ അവസാനിപ്പിക്കണം. കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ കാര്യത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന്‌ ഗെയിംസ്‌ അധികൃതര്‍ തന്നെ വ്യക്തമാക്കിയതായും താരങ്ങള്‍ പറഞ്ഞു.
ഉദ്ദേശം രണ്ട്‌ കോടിയോളം രൂപ താരങ്ങള്‍ക്ക്‌ നല്‍കാനുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. രാജ്യത്തെ പ്രതിനിധീകരിച്ച വകയിലാണിത്‌. കായിക മന്ത്രാലയത്തില്‍ നിന്നാണ്‌ പണം ലഭിക്കേണ്ടത്‌. ഡേവിഡ്‌ കപ്പ്‌ ഉള്‍പ്പെടെ വലിയ ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം എല്ലാവരും ഉപേക്ഷ കൂടാതെയാണ്‌ കളിക്കുന്നത്‌. ഇത്‌ കാണാതിരിക്കരുത്‌. പലവട്ടം കായിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഈ വിഷം താരങ്ങള്‍ സംസാരിച്ചിരുന്നു. എന്നാല്‍ പരിഹാരമുണ്ടില്ല. അത്‌ കൊണ്ട്‌ തന്നെയാണ്‌ കത്ത്‌ എഴുതാന്‍ നിര്‍ബന്ധിതരായതെന്നും താരങ്ങള്‍ പറയുന്നു.
ബഹിഷ്‌ക്കരണത്തിന്റെ വലിയ ഭീഷണി മുഖത്താണ്‌ ഇപ്പോള്‍ തന്നെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌. പല താരങ്ങളും പരുക്കില്‍ പിന്മാറി കഴിഞ്ഞു. ഉസൈന്‍ ബോള്‍ട്ടിനെ പോലുളള സൂപ്പര്‍ താരങ്ങള്‍ വരുന്നില്ല. ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ പലരും ഇന്ത്യയില്‍ മല്‍സരിക്കാന്‍ വരുന്നത്‌ തന്നെ ഭീതിയോടെയാണ്‌. അതിനിടെയാണ്‌ അഴിമതി വിവാദങ്ങളില്‍ ഗെയിംസ്‌ മുങ്ങിനില്‍ക്കുന്നത്‌. സുരേഷ്‌ കല്‍മാഡി നയിക്കുന്ന സംഘാടക സമിതിയാണ്‌ ഇത്‌ വരെ ഗെയിംസിന്റെ കാര്യങ്ങള്‍ നോക്കിയത്‌. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ ഉദ്യോഗസ്ഥ സംഘത്തിന്‌ ഗെയിംസിന്റെ നടത്തിപ്പ്‌ ചുമതല നല്‍കിയിരിക്കയാണ്‌. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണവും നവീകരണവുമെല്ലാം ഇഴഞ്ഞ്‌ നീങ്ങുകയാണ്‌. നഗര സൗന്ദര്യവല്‍ക്കരണവും പാതിവഴിയില്‍ നില്‍ക്കുന്നു. കഴിഞ്ഞ ദിവസം പെയ്‌ത മഴയില്‍ ഡല്‍ഹി നഗരം ചളികുളമായി നില്‍ക്കുമ്പോള്‍ ഒക്ടോബര്‍ അഞ്ചിന്‌ ആരംഭിക്കുന്ന ഗെയിംസിന്റെ ഭാവിയില്‍ ആശങ്ക മാത്രമാണ്‌ നിലനില്‍ക്കുന്നത്‌.

അന്ന്‌ ഞങ്ങളെല്ലാം ഒന്നായിരുന്നു.... ഒരാള്‍ പറയുന്നത്‌ എല്ലാവരും അനുസരിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ക്യാപ്‌റ്റന്‍ പറയുന്നത്‌ അനുസരിക്കാനൊന്നും ആരെയും കിട്ടുന്നില്ല-പരിതാപ പ്രകടനം ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗിന്റേത്‌. തന്റെ ക്യാപ്‌റ്റന്‍സ്‌ ഡയറിയില്‍ പോണ്ടിംഗ്‌ കുറിച്ച വരികള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിനെ പരാമര്‍ശിച്ചാണ്‌. കഴിഞ്ഞ തവണ ഐ.പി.എല്ലില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കളിക്കുന്ന കാര്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയമുണ്ടായിരുന്നു. ഈ കാര്യം ചര്‍ച്ച ചെയ്യാനായി താരങ്ങളുടെ യോഗം ചേര്‍ന്നു. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ നിയോഗിച്ച സുരക്ഷാ ഉപദേഷ്‌ടാവ്‌ റെഗ്‌ ഡിക്‌സണിന്റെ നിര്‍ദ്ദേശ പ്രകാരം നീങ്ങാമെന്നാണ്‌ യോഗത്തില്‍ പോണ്ടിംഗ്‌ പറഞ്ഞത്‌. സുരക്ഷാ ഉപദേഷ്ടാവ്‌ പറയുന്നത്‌ അനുസരിക്കണം. ഈ കാര്യത്തില്‍ എല്ലാവരും ഒരുമിക്കണമെന്നും വ്യക്തമാക്കി. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ റിട്ടയര്‍ ചെയ്‌ത താരങ്ങളായ ആദം ഗില്‍ക്രൈസ്‌റ്റും ഷെയിന്‍ വോണുമൊന്നും തയ്യാറായില്ല. പോണ്ടിംഗും സീനിയര്‍ താരങ്ങളും തമ്മില്‍ ശക്തമായ വാഗ്വാദം നടന്നു. ഒടുവില്‍ സീനിയര്‍ താരങ്ങളുടെ ഇംഗീതമാണ്‌ വിജയിച്ചതെന്നും പോണ്ടിംഗ്‌ കുറിപ്പില്‍ പറയുന്നു. ഐ.പി.എല്‍ വന്നതോടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ മാറ്റങ്ങള്‍ വന്നതായും പോണ്ടിംഗ്‌ സമ്മതിക്കുന്നു.
കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ഓസീസ്‌ താരങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങളിലായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌്‌സ്‌ താരമായിരുന്നിട്ടും ദേശീയ ടീമിന്റെ മല്‍സരങ്ങള്‍ കാരണം പോണ്ടിംഗിന്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

യുഖി ബാംബ്രിക്കും വെള്ളി
സിംഗപ്പൂര്‍: പ്രഥമ യൂത്ത്‌ ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ സ്വര്‍ണ്ണ മെഡല്‍ അന്യം നില്‍ക്കുന്നു. സ്വര്‍ണ്ണ പ്രതീക്ഷയായിരുന്ന ടെന്നിസ്‌ താരം യുഖി ബാംബ്രിക്ക്‌ പരുക്ക്‌ മൂലം ഫൈനല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ്‌ ഉറപ്പായിരുന്ന സ്വര്‍ണ്ണം ഇന്ത്യക്ക്‌ നഷ്ടമായത്‌. കൊളംബിയന്‍ താരം യുവാന്‍ സെബാസ്റ്റ്യന്‍ ഗോമസിനെതിരെ ആദ്യ സെറ്റ്‌ സ്വന്തമാക്കി കരുത്ത്‌ പ്രകടിപ്പിച്ച യുഖി രണ്ടാം സെറ്റിന്റെ അവസാനത്തിലാണ്‌ വേദനയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്‌. ആദ്യ സെറ്റ്‌ നേടുകയും രണ്ടാം സെറ്റില്‍ ലീഡ്‌ നേടുകയും ചെയ്‌ത യുഖി മൂന്നാം സെറ്റിലും മികവ്‌ കാട്ടിയിരുന്നു. പക്ഷേ പരുക്കില്‍ നിര്‍ഭാഗ്യമെത്തിയപ്പോള്‍ വെള്ളി കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. (സ്‌പോര്‍ട്‌സ്‌ ചന്ദ്രിക കാണുക)

No comments: