Tuesday, August 24, 2010

SUPER CITY

73വര്‍ഷങ്ങള്‍ക്കു ശേഷം ലിവര്‍പൂളിനെതിരെ മാഞ്ചസ്‌ററര്‍ സിറ്റി അവരുടെ ഏറ്റവും വലിയ വിജയം കുറിച്ചു. സിറ്റിയുടെ തട്ടകമായ സിറ്റി ഓഫ്‌ മാഞ്ചസ്റ്ററില്‍ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ്‌ ചെമ്പടയെ സിറ്റിസണ്‍സ്‌ തകര്‍ത്തുവിട്ടത്‌. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ്‌ ടെവസ്‌ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗരേത്‌ ബാരിയുടെ വകയായിരുന്നു സിറ്റിയുടെ മൂന്നാം ഗോള്‍. പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമുകളിലേക്കുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ അവകാശവാദമായിരുന്നു മത്സരം. 14ാം മിനിറ്റില്‍ ഇംഗ്ലീഷ്‌ താരം ഗരേത്‌ ബാരി സിറ്റിയെ മുന്നിലെത്തിച്ചു. ടെവസിന്റെ രണ്ടു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 52ാം മിനുറ്റില്‍ മിക്ക റിച്ചാര്‍ഡ്‌സിന്റെ ഹെഡര്‍ കൗശലപൂര്‍വം ഗോളിലേക്ക്‌ തിരിച്ചുവിട്ട്‌ ടെവസ്‌ തന്റെ ആദ്യഗോള്‍ നേടി. പതിനഞ്ചു മിനിറ്റുകള്‍ക്കു ശേഷം പെനാല്‍ട്ടിയില്‍ നിന്ന്‌ ടെവസ്‌ തന്റെ രണ്ടാം ഗോളും കണ്ടെത്തി. വലത്തോട്ടുചാടിയ പെപ്പെ റൈനയെ കബളിപ്പിച്ച്‌ പോസ്‌റ്റിന്റെ ഇടതുമൂലയില്‍ ടെവസ്‌ പന്തെത്തിച്ചു.
ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിന്റെ മികച്ച ഫോമും മത്സരം തൂത്തുവാരാന്‍ സിറ്റിയെ സഹായിച്ചു. ഫെര്‍ണാണ്ടോ ടോറസിന്റെയും ഡേവിഡ്‌ എന്‍ഗോഗിന്റെയും ഉഗ്രന്‍ രണ്ടു ഷോട്ടുകള്‍ തകര്‍പ്പന്‍ സേവുകളിലൂടെയാണ്‌ ജോ രക്ഷപ്പെടുത്തിയത്‌. സീസണിലെ ആദ്യ മത്സരത്തില്‍ അവസാന നിമിഷം ഗോള്‍ വഴങ്ങി ആഴ്‌സനലുമായി സമനിലയില്‍ പിരിഞ്ഞ ലിവര്‍പൂളിന്‌ സിറ്റിയോടേറ്റ തോല്‍വി കനത്ത ആഘാതമായിരിക്കുകയാണ്‌. പുതിയ കോച്ച റോയ്‌ ഹോജ്‌സണിന്റെ കീഴില്‍ ടീം ഇനിയും മാനസികമായി സംഘടിപ്പിക്കപ്പെട്ടിട്ടില്ല എന്നു കാണിക്കുന്നതായിരുന്നു സിറ്റിക്കെതിരായ മത്സരം.
അര്‍ജന്റീന ക്യാപ്‌്‌റ്റന്‍ ഹാവിയര്‍ മസ്‌ക്കരാനോയെ കളത്തിനു പുറത്തിരുത്തിയാണ്‌ ലിവര്‍പൂള്‍ അവസാന സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്‌. മിഡ്‌ഫീല്‍ഡില്‍ മസ്‌ക്കരാനോയുടെ അഭാവം ടീമിനെ ഉലച്ചതുപോലെ തോന്നിക്കുകയും ചെയ്‌തു. മസ്‌ക്കരാനോ മത്സരത്തിന്‌ മാനസികമായി ഒരുങ്ങിയിട്ടില്ലെന്നും താരത്തിന്റെ മനസ്‌ മുഴുവന്‍ ബാഴ്‌സലോണയിലേക്കുള്ള ട്രാന്‍സഫറില്‍ ഉടക്കിനില്‍ക്കുകയാണെന്നുമാണ്‌ കോച്ച്‌ റോയ്‌ ഹോജ്‌സണ്‍ കാരണമായി പറഞ്ഞത്‌. ട്രാന്‍സ്‌ഫര്‍ ജാലകം അടക്കുന്നതുവരെ മസ്‌ക്കരാനോയെ കളിപ്പിക്കില്ലെന്നാണ്‌ ഹോജ്‌സണിന്റെ തീരുമാനം. 12മില്ല്യണ്‍ യൂറോയാണ്‌ താരത്തിനായി ലിവര്‍പൂള്‍ ബാഴ്‌സലോണയോടാവശ്യപ്പെട്ടിരിക്കുന്നത്‌.
അതേസമയം ലിവര്‍പൂള്‍-സിറ്റി മത്സരങ്ങള്‍ പ്രീമിയര്‍ ലീഗില്‍ പുതിയ ക്ലബ്‌ വൈരത്തിലേക്ക്‌ കളം മാറുന്നതായാണ്‌ സൂചന. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌, ആഴ്‌സനല്‍ ടീമുകള്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ കൈയടക്കാന്‍ വലിയ സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ നാലാം സ്ഥാനത്തിനു വേണ്ടി ലിവര്‍പൂളും സിറ്റിയുമായിരിക്കും പോരാടുന്നത്‌. ആദ്യ നാലു സ്ഥാനക്കാരാണ്‌ ചാമ്പ്യന്‍സ്‌ ലീഗിന്‌ യോഗ്യത നേടുക. 20 ടീമുകളുള്ള ലീഗില്‍ 17ാം സ്ഥാനത്താണിപ്പോല്‍ ലിവര്‍പൂള്‍.

ഇന്ന്‌ ജീവന്മരണം
ധാംബൂല: ത്രിരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക്‌ ജീവന്മരണ പോരാട്ടം. ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കാന്‍ ഇന്നത്തെ അങ്കത്തില്‍ വലിയ മാര്‍ജിനില്‍ ധോണിക്കും സംഘത്തിനും ജയിക്കണം. രണ്ട്‌ തോല്‍വികളില്‍ ടീം തളര്‍ന്നു നില്‍ക്കുകയാണ്‌. ബാറ്റിംഗാണ്‌ വലിയ വെല്ലുവിളി.

No comments: