Thursday, May 24, 2012

കിരീടം മണക്കുന്നു

തേര്‍ഡ്‌ ഐ
കിരീടം മണക്കുന്നു

മലയാളിക്ക്‌്‌ ഒരു തരം നൊസ്‌റ്റാള്‍ജിയയാണ്‌ സന്തോഷ്‌ ട്രോഫി.... നമുക്ക്‌ തൊട്ടരികിലുള്ള ട്രോഫി പോലെ.... ദേശീയ ചാമ്പ്യന്‍ഷിപ്പാണെങ്കിലും സന്തോഷ്‌ ട്രോഫി എന്ന പേരിലെ സന്തോഷം പോലെ കേരളത്തിന്‌ എന്നും പ്രത്യേക അവകാശമുള്ള ചാമ്പ്യന്‍ഷിപ്പിലെ സെമിയില്‍ ഇന്ന്‌ സര്‍വീസസുമായി കളിക്കുമ്പോള്‍ മനസ്സില്‍ ഉയരുന്നത്‌ ആ പഴയ പ്രതീക്ഷകള്‍ തന്നെ. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പാലക്കാട്ടുകാരനായ അബ്ദുള്‍ ഹക്കീം മുംബൈയിലെ മൈതാനത്ത്‌ തുള്ളിച്ചാടിയ ആ കിരീട ചിത്രമാണ്‌ മുന്നിലേക്ക്‌ വരുന്നത്‌. വീണ്ടും നല്ല നാളുകള്‍ വരുന്നത്‌ പോലെ. കൊച്ചു സംസ്ഥാനം വലിയ രാജ്യത്തിന്റെ സോക്കര്‍ ജേതാക്കളാവാന്‍ ഇനി രണ്ട്‌ മല്‍സരങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഒഡീഷയിലെ കാറ്റില്‍ നല്ല മലയാള ഗന്ധമാണ്‌ വരുന്നത്‌. ഇത്‌ വരെ കളിച്ച മല്‍സരങ്ങളില്ലെല്ലാം കേരളം പ്രകടിപ്പിച്ചത്‌ ടീം സ്‌പിരിറ്റാണ്‌. അതാണ്‌ പ്രതീക്ഷകളുടെ ഭാരം വര്‍ദ്ധിപ്പിക്കുന്നത്‌. വ്യക്തിഗത മികവാണ്‌ പലപ്പോഴും ടീമിനെ തുണച്ചിട്ടുള്ളതെങ്കില്‍ ഇത്തവണ അതില്ല. മഹാരാഷ്‌ട്ര, പഞ്ചാബ്‌, ഹിമാചല്‍ പ്രദേശ്‌, ത്രിപുര തുടങ്ങിയ ടീമുകള്‍ക്കെതിരായ മല്‍സരത്തില്‍ കളിച്ചത്‌ ഒരാളായിരുന്നില്ല-പതിനൊന്ന്‌ പേരും ശാന്തനായ ഒരു പരിശീലകനും. വിജയിക്കുമ്പോള്‍ താരങ്ങള്‍ പ്രകടിപ്പിക്കുന്ന സന്തോഷത്തില്‍ തന്നെ ആത്മാര്‍ത്ഥയുണ്ട്‌.
ജേക്കബിനെ എല്ലാവര്‍ക്കുമറിയാം. ജാഡകളില്ലാത്ത മനുഷ്യന്‍. എല്ലാവരയുടെയും തോളില്‍ കൈകളിട്ട്‌ എല്ലാവരിലുമൊരാളായി നടക്കുന്ന ഒരു കോച്ചുണ്ടെങ്കില്‍ തന്നെ താരങ്ങള്‍ക്ക്‌ പരിശീലകന്‍ വഴികാട്ടിക്കൊപ്പം പിതാവുമാകുന്നു. യൂറോപ്യന്‍ പരിശീലകരെ പോലെ കോട്ടും സൂട്ടുമിട്ട്‌ കര്‍ക്കശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പരിശീലകരില്‍ നിന്നും വിത്യസ്‌തനായി കളി നടക്കുമ്പോള്‍ കാഴ്‌ച്ചക്കാരന്റെ റോളില്‍ പിഴവുകള്‍ പഠിച്ച്‌ പരിഹരിക്കുന്ന ജേക്കബിനറിയാം കളിക്കളത്തില്‍ പ്ലാനുകള്‍ തയ്യാറാക്കേണ്ടതും നടപ്പിലാക്കേണ്ടതും താരങ്ങളാണെന്ന്‌.
മഹാരാഷ്‌ട്രക്കെതിരായ ക്വാര്‍ട്ടര്‍ ലീഗില്‍ കേരളം കളിച്ചത്‌ സുന്ദരമായ സോക്കറാണ്‌. ജയം നിര്‍ബന്ധമായ മല്‍സരത്തില്‍ അനാവശ്യ തിടുക്കം കാട്ടിയില്ല. അവസരങ്ങള്‍ക്കായി കാത്തിരുന്നതുമില്ല. പന്തിനൊപ്പം സഞ്ചരിച്ച്‌ അവസരങ്ങളെ സൃഷ്ടിച്ച്‌ അതുപയോഗപ്പെടുത്തുന്ന സ്വന്തം ശൈലി. ആ ശൈലിയിലാണ്‌ കണ്ണനെ പോലുള്ളര്‍ മിന്നിയത്‌. നമ്മുടെ ഫുട്‌ബോളര്‍മാര്‍ കഠിനാദ്ധ്വാനികളാണ്‌. സ്വന്തം പൊസിഷന്‍ നിലനിര്‍ത്തി പന്തിനെ ക്ഷണിക്കുന്നതിന്‌ പകരം പൊസിഷന്‍ വിട്ട്‌ പന്തിനായി ഓടികളിക്കുന്നവര്‍.
ഇതേ ശൈലിക്കാരാണ്‌ ഇന്നത്തെ പ്രതിയോഗികളായ സര്‍വീസസ്‌. അതിലും മലയാളികള്‍ തന്നെ. കഠിനാദ്ധ്വാനികള്‍. മുന്‍ധാരണയില്ലാതെ കളിച്ചാല്‍ മതി. സെമിബെര്‍ത്ത്‌ കേരളത്തിന്‌ വലിയ നേട്ടമാണ്‌. ഈ മല്‍സരത്തില്‍ തോറ്റാലും ജേക്കബിനെയും ജോബിയെയും ആരും കുറ്റം പറയില്ല. കഴിഞ്ഞ രണ്ട്‌ തവണ ക്ലസ്‌റ്റര്‍ ലീഗില്‍ തന്നെ നാണകേടുമായി മടങ്ങിയ ടീമിന്‌ ഇത്തവണ അമിതമായ ആത്മവിശ്വാസമില്ല, സൂപ്പര്‍ താര ആശ്രയത്വമില്ല. എല്ലാവരും സൂപ്പര്‍ താരങ്ങളാണ്‌. എല്ലാവര്‍ക്കുമറിയാം കപ്പടിച്ചാല്‍ മെഗാ താരങ്ങളാവുമെന്ന്‌. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇത്‌ വരെ പ്രകടിപ്പിക്കാത്ത ആലസ്യം ഇന്നുണ്ടാവരുത്‌. പ്രതിയോഗികളെ ബഹുമാനിക്കുമ്പോള്‍ തന്നെ പ്രബലരായി കളിക്കണം. കപ്പ്‌ കേരളത്തിലേക്കാണ്‌ വരുന്നത്‌.

No comments: