Monday, May 28, 2012

നേട്ടം വട്ടപ്പൂജ്യം
നേട്ടം വട്ടപ്പൂജ്യം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ അഞ്ചാം പതിപ്പ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ കിരീടനേട്ടത്തോടെ സമാപിച്ചിരിക്കുന്നു. രണ്ട്‌ മാസം ദീര്‍ഘിച്ച കച്ചവട ക്രിക്കറ്റിലുടെ ഇന്ത്യ എന്ത്‌ നേടി എന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരമുണ്ട്‌-വട്ടപ്പൂജ്യം. ഐ.പി.എല്‍ എന്ന ആശയത്തിന്‌ രൂപം നല്‍കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഉന്നതര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മയില്‍ വരുന്നു. ദേശീയ ക്രിക്കറ്റിനെ രക്ഷിക്കാന്‍, യുവതാരങ്ങളെ കണ്ടെത്താന്‍, ക്രിക്കറ്റിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാനാണ്‌ ഇത്തരത്തിലൊരു മേള എന്നായിരുന്നു. നാല്‌ എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക്‌ ആരും ഐ.പി.എല്ലിലൂടെ കടന്ന്‌ വന്നിട്ടില്ല. യൂസഫ്‌ പത്താന്‍, പോള്‍ വല്‍ത്താട്ടി, സ്വപനില്‍ അസനോദ്‌കര്‍ തുടങ്ങിയ ചില നാമങ്ങള്‍ മാത്രം. അഞ്ചാം പതിപ്പ്‌ കഴിഞ്ഞപ്പോള്‍ ഉയര്‍ത്തികാണിക്കാന്‍ ആരുമില്ല. ഫൈനലില്‍ മികവ്‌ പ്രകടിപ്പിച്ച മണീന്ദര്‍ ബിസ്‌ല, ഡല്‍ഹിസംഘത്തിലെ നമാന്‍ ഒജ അങ്ങനെ ചിലര്‍ മാത്രം. വിദേശ താരങ്ങളാണ്‌ അടിച്ചുതകര്‍ത്തത്‌. ക്രിസ്‌ ഗെയില്‍ എന്ന വിന്‍ഡീസുകാരന്‍ തന്റെ വ്യക്തിഗത മികവില്‍ ഒരിക്കല്‍ക്കൂടി അതിവേഗ ക്രിക്കറ്റിന്റെ ശക്തനായ വക്താവായി. ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌ക്കോര്‍ (128) നേടിയതിന്‌ പുറമെ ടോപ്പ്‌ സ്‌ക്കോറര്‍പ്പട്ടവും (733) കൂടുതല്‍ സിക്‌സറുകളും (50) അദ്ദേഹത്തിന്റെ പേരില്‍ തന്നെ.
ഒരു ടീമും ദേശീയ താരങ്ങള്‍ക്ക്‌ വലിയ പ്രാധാന്യം നല്‍കിയില്ല. പതിവ്‌ പോലെ വിദേശ താരങ്ങള്‍ മുന്‍നിരയിലേക്ക്‌ വന്നപ്പോള്‍ കൈയ്യടികള്‍ നേടിയത്‌ അവര്‍ തന്നെ. ഡല്‍ഹി സംഘത്തില്‍ ഡേവിഡ്‌ വാര്‍ണറും മഹേല ജയവര്‍ദ്ധനയും ചെന്നൈയുടെ മൈക്‌ ഹസിയും ഡ്വിന്‍ ബ്രാവോയും ഹില്‍ഫന്‍ഹസും ബംഗ്ലൂരിനായി കളിച്ചവരില്‍ ഗെയിലിനെ കൂടാതെ എബി ഡി വില്ലിയേഴ്‌സും, കൊല്‍ക്കത്തയുടെ നിരയില്‍ ജാക്‌ കാലിസും ബ്രെട്ട്‌ ലീയും ഡക്കാന്‍ നിരയില്‍ ഡാലെ സ്‌റ്റെയിനും പഞ്ചാബിന്റെ അണിയില്‍ അസ്‌ഹര്‍ മഹമൂദുമെല്ലാം അവസരങ്ങള്‍ ഉപയോഗപ്പെടുത്തി
2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പും ഇന്ത്യന്‍ ടീമിന്റെ തകര്‍ച്ചയും നമ്മുടെ ക്രിക്കറ്റിനെ രക്ഷിക്കാന്‍ കപില്‍ദേവ്‌ കൊണ്ട്‌ വന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗുമെല്ലാമാണ്‌ ഐ.പി.എല്ലിന്റെ പിറവിക്ക്‌ കാരണമായത്‌. ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ രക്ഷിക്കാനും പുത്തന്‍ താരങ്ങള്‍ക്ക്‌ അവസരം നല്‍കാനും കപില്‍ കൊണ്ടുവന്ന നീക്കത്തിന്റെ അപകടം മനസ്സിലാക്കിയാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ബോളിവുഡിനെയും മാഫിയയെയും മോഡലുകളെയുമെല്ലാം നിരത്തി വന്‍ കച്ചവടത്തിന്‌ രൂപമിട്ടത്‌. കച്ചവടമെന്ന ലക്ഷ്യത്തില്‍ അവര്‍ വിജയിക്കുന്നു എന്നതിന്‌ തെളിവാണ്‌ അഞ്ചാം പതിപ്പും. കഴിഞ്ഞ തവണ ലളിത്‌ മോഡി എന്ന കച്ചവടക്കാരന്റെ കുടിലബുദ്ധികള്‍ പിടിക്കപ്പെട്ടപ്പോള്‍ ഐ.പി.എല്ലിന്റെ വിശശ്വാസ്യത തകര്‍ന്നുവെന്നാണ്‌ കരുതപ്പെട്ടത്‌. ഇത്തവണ പക്ഷേ കാണികളുടെ കാര്യത്തിലും ടെലിവിഷന്‍ റേറ്റിംഗിലുമെല്ലാം ഐ.പി.എല്‍ മുന്നില്‍ തന്നെ വന്നു.
ഗൗതം ഗാംഭീറിന്റെ നായക മികവും രഹാനെയെന്ന രാജസ്ഥാന്‍ ഓപ്പണറുടെ മികവും ബിസ്‌ലയെ പോലുള്ളവരുടെ മിന്നലാട്ടങ്ങളും വേണമെങ്കില്‍ പോസീറ്റീവ്‌ അടയാളങ്ങളായി ചുണ്ടിക്കാട്ടാം. പക്ഷേ വിവാദങ്ങളുടെ വിളനിലമായാണ്‌ ഐ.പി.എല്‍ ഇത്തവണയും അവസാനിച്ചിരിക്കുന്നത്‌. കൊല്‍ക്കത്ത കിരീടം നേടിയപ്പോള്‍ ഐ.പി.എല്‍ സംപ്രേഷണവകാശമുള്ള സോണി സെറ്റ്‌ മാകസില്‍ നിറയെ ഷാറുഖ്‌ഖാനായിരുന്നു. കൊല്‍ക്കത്തക്കായി വിയര്‍ത്ത താരങ്ങളെ കാണാനുണ്ടായിരുന്നില്ല. ഷാറൂഖിന്റെ അതിപ്രസരം കൊല്‍ക്കത്ത കളിച്ച മല്‍സരങ്ങളില്ലെല്ലാം പ്രകടമായിരുന്നു. ക്രിക്കറ്റ്‌ എന്ന ഗെയിമിന്റെ പ്രചാരണത്തെക്കാള്‍, താരങ്ങളുടെ കരുത്തിനേക്കാള്‍ വിപണന തന്ത്രത്തിന്റെ ഭാഗമായി ഷാറൂഖിനെയും ചിയര്‍ ഗേള്‍സിനെയും മോഡലുകളെയുമെല്ലാം മുന്‍നിരയില്‍ നിര്‍ത്തിയുള്ള കച്ചവടത്തില്‍ അകപ്പെട്ട ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ ഓര്‍ക്കാനുതകുന്ന ഒരു നിമിഷവുമുണ്ടായിരുന്നില്ല.
ഷാറൂഖ്‌ മുംബൈ വാംഖഡെയില്‍ കാട്ടികൂട്ടിയ വിക്രിയകള്‍ വലിയ വാര്‍ത്തയായി. ഷാറൂഖിനെ വിലക്കിയ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്റെ തീരുമാനവും ഷാറൂഖിന്റെ മറുപടിയുമെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ഒരു താരത്തിന്റെ മികവിനെയും ആരും ചര്‍ച്ചാ ടേബിളിലെത്തിച്ചില്ല. കമന്റേറ്റര്‍മാര്‍ കോമാളികളെ പോലെ ക്രിക്കറ്റിന്റെ മാറിയ രൂപത്തിനൊപ്പം കളി പറയുന്നതിലും അവലോകനം നടത്തുന്നതിലും കാട്ടിയ മാറ്റങ്ങള്‍ ആരെയും ആകര്‍ഷിച്ചില്ല. സ്വന്തം ടീമിലെ താരങ്ങളുടെ പേരുകള്‍ പോലും ചില ക്യാപ്‌റ്റന്മാര്‍ക്ക്‌ അറിയുമായിരുന്നില്ല. രാഹുല്‍ ദ്രാവിഡും ഹര്‍ഭജന്‍ സിംഗും സ്വന്തം താരങ്ങളുടെ പേരിനായി തപ്പിതടഞ്ഞപ്പോള്‍ പൊട്ടന്‍ ക്യാപ്‌റ്റനായി മാറി വീരേന്ദര്‍ സേവാഗ്‌. ഡല്‍ഹി ഫൈനല്‍ കാണാതിരുന്നത്‌ സേവാഗിന്റെ ബുദ്ധി മോശത്തിലാണ്‌. കൊല്‍ക്കത്ത കിരീടം നേടിയതാവട്ടെ ഗാംഭീറിന്റെ തന്ത്രങ്ങളിലും
മഹേന്ദ്രസിംഗ്‌്‌ ധോണിക്ക്‌ പകരക്കാരനെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തേടുന്നുവെങ്കില്‍ തീര്‍ച്ചയായും ഗാംഭീറിനെ പരിഗണിക്കാം. അദ്ദേഹത്തിന്റെ ദേശീയ ടീം വൈസ്‌ ക്യാപ്‌റ്റന്‍സി എടുത്തുമാറ്റിയ നടപടി തെറ്റെന്ന്‌ ഇനിയെങ്കിലും കൃഷ്‌ണമാചാരി ശ്രീകാന്തും സംഘവും തിരിച്ചറിയണം. കിരീടം നേടിയതിന്‌ ശേഷം അദ്ദേഹം പ്രയോഗിച്ച വാക്കുകള്‍ ധോണിക്കുള്ള മുന്നറിയിപ്പ്‌ കൂടിയായിരുന്നു.
ഐ.പി.എല്‍ ചെയര്‍മാനായ രാജീവ്‌ ശുക്ല കഴിഞ്ഞ ദിവസം പറഞ്ഞത്‌ അടുത്ത സീസണില്‍ മുഴുവന്‍ ദേശീയ താരങ്ങളെയും ലേലത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ്‌. പ്രഖ്യാപനങ്ങള്‍ക്ക്‌ പഞ്ഞമില്ലാത്ത നമ്മുടെ ക്രിക്കറ്റില്‍ ഈ പ്രഖ്യാപനത്തില്‍ പ്രത്യാശ പുലര്‍ത്താം.

No comments: