Saturday, May 26, 2012

നന്ദി.............

നന്ദി.............

സെമിയിലെ തോല്‍വി-അതിന്‌ കാര്യകാരണങ്ങള്‍ നിരത്താം. പക്ഷേ കളിക്കാരെ കുറ്റപ്പെടുത്താനാവില്ല. ക്ലസ്റ്റര്‍ നാണക്കേടില്‍ നിന്ന്‌ അവര്‍ അവസാന നാലില്‍ വന്നല്ലോ എന്നത്‌ കപ്പിനോളം മികച്ച നേട്ടമാണ്‌. പ്രതീക്ഷകളൊന്നുമില്ലാതെ പതിവ്‌ പോലെ സെക്കന്‍ഡ്‌ ക്ലാസ്‌ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാതനകളുമായി യാത്രയായ ടീം പഞ്ചാബിനെയും മഹാരാഷ്ട്രയെയും ബംഗാളിനെയുമെല്ലാം വിറപ്പിച്ചത്‌ തന്നെ കിരീടമാണ്‌. എം.എം ജേക്കബിന്റെ സംഘത്തില്‍ ഒരു സൂപ്പര്‍ താരവുമുണ്ടായിരുന്നില്ല. ജോബി ജോസഫ്‌ എന്ന ഗോള്‍ക്കീപ്പറുടെ നേതൃത്ത്വത്തില്‍ ശരാശരിക്കാരായ ഒരു പിടി താരങ്ങള്‍. അവരുടെ ആത്മവിശ്വാസവും പോരാട്ടവീര്യവുമാണ്‌ ബാരാബതി സ്‌റ്റേഡിയത്തില്‍ കണ്ടത്‌. ഒറിയ മാര്‍ക്കറ്റിലെ പഴവും ഭക്ഷണങ്ങളും കഴിച്ച്‌, അപരിചിതമായ കാലാവസ്ഥയില്‍ അവര്‍ക്കുണ്ടായിരുന്ന ഏക ധനം ആത്മവിശ്വാസമായിരുന്നു. നാട്ടില്‍ ആര്‍ക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. നമ്മുടെ ഫുട്‌ബോളിനെ ഭരിക്കുന്ന മേത്തറുടെ കേരളാ ഫുട്‌ബോള്‍ അസോസിയേഷനാവട്ടെ ഇതെല്ലാം വര്‍ഷാവര്‍ഷങ്ങളില്‍ നടക്കുന്ന ഉപചാരം മാത്രം.
സെമിയിലെത്തിയ ടീമിനെ ഒന്നഭിനന്ദിക്കാന്‍, സെമിയില്‍ തോറ്റ്‌ ടീമിനെ ഒന്നാശ്വസിപ്പിക്കാന്‍ അധികാരികളാരുമുണ്ടായിരുന്നില്ല. അഭിനന്ദനവും അനുമോദനങ്ങളുമൊന്നുമല്ല ഇന്നത്തെ ഫാഷനെന്നാണ്‌ കെ.എഫ്‌.എ കരുതുന്നത്‌. കാലാകാലങ്ങളില്‍ സ്വന്തം കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള ചങ്കൂറ്റമാണ്‌ കാലത്തിന്റെ ഫാഷന്‍. ഒഡിഷയിലെ തോല്‍വി ഒരു പറ്റം താരങ്ങള്‍ക്കും ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്നവര്‍ക്കുമാണ്‌ നഷ്ടം. അധികാരികള്‍ക്ക്‌ തോല്‍വികള്‍ സുപരിചിതമാണ്‌. ഒരു വാര്‍ഷിക കലാപരിപാടി മാത്രം. അടുത്ത സീസണ്‍ പെട്ടെന്ന്‌ വരും. ഒരു കോച്ചിനെയും അല്‍പ്പം താരങ്ങളെയും കണ്ടെത്തി ഇതേ നാടകത്തിന്‌ അവരെ പറഞ്ഞയക്കണം. അത്‌ വലിയ ഭാരിച്ച ദൗത്യവുമല്ല. സെവന്‍സ്‌ ഫുട്‌ബോളിനെതിരെ കാടിളക്കി വന്ന കെ.എഫ്‌.എ ഇപ്പോള്‍ അതെല്ലാം അംഗീകരിച്ചിരിക്കുന്നു. സെവന്‍സില്‍ താരങ്ങള്‍ പങ്കെടുത്താല്‍ അവരെ വിറപ്പിക്കാനും ഷോകോസ്സ്‌ നോട്ടീസ്‌ നല്‍കാനുമെല്ലാം തിടുക്കം കാട്ടുന്നിലെ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റാണ്‌ സെവന്‍സ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഉദ്‌ഘാടനം ചെയ്യാനും കളിക്കാരെ പരിചയപ്പെടാനുമെല്ലാം മേത്തറെ പോലുള്ളവര്‍ കാണിക്കുന്നത്‌. മഹത്തായ ഒരു ഫുട്‌ബോള്‍ ലീഗ്‌ കൊച്ചിയില്‍ നടക്കുമെന്നും യൂറോപ്യന്‍ ക്ലബുകള്‍ വരുമെന്നുമെല്ലാം അദ്ദേഹം ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞിരുന്നു. പിന്നെ കേട്ടു ആ സംഘാടകര്‍ കെ.എഫ്‌.എക്കാരുടെ നിലപാടറിഞ്ഞ്‌ ഓടി മറഞ്ഞെന്ന്‌.
ഇതാണ്‌ നമ്മുടെ ഫുട്‌ബോള്‍. അധികാരികള്‍ ഒരു പറ്റം കൊള്ളക്കാര്‍. ആ കൊള്ളക്കാരുടെ പിടിയിലാണ്‌ താരങ്ങള്‍. ഒന്നും മിണ്ടാനും പറയാനും കഴിയാത്തവര്‍. ഫുട്‌ബോളഇനെ സ്‌നേഹിക്കുന്നവരും സംഘാടകരും കൊള്ളസംഘത്തിന്റെ ഏകാധിപത്യത്തില്‍ മനം മടുത്തവരാണ്‌. പക്ഷേ ഭരണക്കൂടം മിണ്ടാതിരിക്കുന്നു.

No comments: