Friday, March 19, 2010

FULL FULHAM

ഫുള്‍ ഫുള്‍ഹാം
ലണ്ടന്‍: യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ടീമായ ഫുള്‍ഹാമിന്റെ ഞെട്ടിക്കുന്ന പ്രകടനം....! ഇറ്റാലിയന്‍ കരുത്തരായ യുവന്തസിന്‌ മുന്നില്‍ ആദ്യ പാദത്തില്‍ 1-3 ന്‌ പിറകില്‍ നിന്ന്‌ ഫുള്‍ഹാം ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ 5-1 ന്റെ വിജയവുമായി യൂറോപ്പ ലീഗില്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ സ്വന്തമാക്കി. സമീപകാല യൂറോപ്യന്‍ സോക്കറില്‍ കാണാത്ത വലിയ അട്ടിമറിയാണിത്‌. ആദ്യ പാദത്തിലെ വലിയ മാര്‍ജിന്‍ വിജയത്തില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചെത്തിയവരായിരുന്നു സൂപ്പര്‍ താരങ്ങളുടെ യുവന്തസ്‌. രണ്ടാം പാദത്തിന്റെ തുടക്കത്തില്‍ ഫ്രഞ്ച്‌ താരം ഡേവിഡ്‌ ട്രസിഗെ ടീമിന്‌ വീണ്ടും ലീഡ്‌ സമ്മാനിച്ചപ്പോള്‍ ഫുള്‍ഹാമിന്റെ വഴി പൂര്‍ണ്ണമായും അടഞ്ഞുവെന്നാണ്‌ കരുതിയത്‌. പക്ഷേ അവിടെ നിന്നുമാണ്‌ ഗോള്‍വേട്ടയുമായി ടീം മുന്നേറിയത്‌. ബോബി സമോറയാണ്‌ ആദ്യ ഗോള്‍ മടക്കിയത്‌. തുടര്‍ന്ന്‌ കയ്യാങ്കളിക്ക്‌ മുതിര്‍ന്നതിന്‌ യുവന്തസിന്റെ നായകന്‍ ഫാബിയോ കന്നവാരോ ചുവപ്പ്‌ കാര്‍ഡുമായി പുറത്തായി. ഈ വഴിയിലുടെയാണ്‌ ഫുള്‍ഹാം നുഴഞ്ഞ്‌ കയറിയത്‌. ഗാരയുടെ പെനാല്‍ട്ടി കിക്കില്‍ നിന്നും ലീഡ്‌ നേടിയ ഫുള്‍ഹാമിന്‌ വേണ്ടി ക്ലിന്‍ഡെംസിയുടെ മൂന്നാം ഗോള്‍. ഫുള്‍ഹാം തകര്‍ത്തുനില്‍ക്കവെ യുവന്തസ്‌ ഡിഫന്‍ഡര്‍മാര്‍ ശരീരം ലക്ഷ്യമാക്കി കളിച്ചപ്പോള്‍ ടീമിന്‌ രണ്ടാം ചുവപ്പ്‌ കാര്‍ഡും കിട്ടി. ജോനാഥന്‍ സെബിനയാണ്‌ പുറത്തായത്‌. പ്രീമിയര്‍ ലീഗില്‍ തപ്പിതടയുന്ന ലിവര്‍പൂളിന്‌ ആശ്വസമായ വിജയവും ഇന്നലെ വന്നു. യൂറോപ്പ ലീഗില്‍ ഫ്രാന്‍സില്‍ നിന്നുളള ലില്ലിയെ മൂന്ന്‌ ഗോളിന്‌ പരാജയപ്പെടുത്തിയാണവര്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ നേടിയത്‌. ആന്‍ഡര്‍ലച്ചറ്റ്‌, ബെനഫിഇക്ക, അത്‌ലറ്റികോ മാഡ്രിഡ്‌, സ്‌റ്റാന്‍ഡേര്‍ഡ്‌ ലിയാഗേ തുടങ്ങിയ ടീമുകളും ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ നേടിയിട്ടുണ്ട്‌.

സൂപ്പര്‍ ക്ലാര്‍ക്ക്‌
വെല്ലിംഗ്‌്‌ടണ്‍: വ്യക്തിഗത പ്രശ്‌നങ്ങള്‍ തന്റെ ബാറ്റിംഗിനെ ബാധിക്കില്ലെന്ന്‌ തെളിയിച്ച സെഞ്ച്വറി പ്രകടനവുമായി മൈക്കല്‍ ക്ലാര്‍ക്ക്‌ ബേസിന്‍ റിസര്‍വ്‌ നിറഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡിനെതിരെ ആദ്യ ടെസ്‌റ്റിന്റെ ആദ്യ ദിവസം ഓസ്‌ട്രേലിയ സ്വന്തമാക്കി. പുറത്താവാതെ 100 റണ്‍സ്‌ നേടിയ ക്ലാര്‍ക്കിന്റെ കരുത്തില്‍ നാല്‌ വിക്കറ്റിന്‌ 316 റണ്‍സാണ്‌ സന്ദര്‍ശകര്‍ സ്വന്തമാക്കിയിരിക്കുന്നത്‌. കൂട്ടുകാരിയും മോഡലുമായ ലാറ ബിംഗില്‍ തെറ്റിപിരിഞ്ഞതോടെ കിവി പര്യടനത്തിനിടെ നാട്ടിലേക്ക്‌ മടങ്ങിയ ക്ലാര്‍ക്ക്‌ രണ്ട്‌ ദിവസം മുമ്പ്‌ മാത്രമാണ്‌ ഇവിടെയെത്തിയത്‌. അഞ്ച്‌ മല്‍സര ഏകദിന പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളില്‍ മാത്രമാണ്‌ ക്ലാര്‍ക്ക്‌ കളിച്ചത്‌. 28 കാരനായ വൈസ്‌ ക്യാപ്‌റ്റന്‍ വീട്ടിലെ പ്രശ്‌നങ്ങളെല്ലാം മറന്ന്‌ ആധികാരികമായി കളിച്ചാണ്‌ ടീമിന്‍രെ രക്ഷകനായത്‌. ക്ലാര്‍ക്ക്‌ മാര്‍ക്കസ്‌ നോര്‍ത്തിനൊപ്പം (52 നോട്ടൗട്ട്‌) ഇത്‌ വരെ 140 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ഓപ്പണര്‍ സൈമണ്‍ കാറ്റിച്ചും നിരാശപ്പെടുത്തിയില്ല. 79 റണ്‍സാണ്‌ അദ്ദേഹം നേടിയത്‌. കിവീസിന്‌ വേണ്ടി കന്നിക്കാരന്‍ ബ്രെട്ട്‌ ആര്‍നല്‍ രണ്ട്‌ വിക്കറ്റ്‌ നേടി.

യൂസഫിനും യൂനസിനും മാലിക്കിനും കരാറുമില്ല
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഉറച്ചു തന്നെയാണ്‌..! ഇന്നലെ സെന്‍ട്രല്‍ കോണ്‍ട്രാക്ട്‌ പ്രഖ്യാപിച്ചപ്പോള്‍ കരാര്‍ പട്ടികയില്‍ മുന്‍ ക്യാപ്‌റ്റന്മാരായ മുഹമ്മദ്‌ യൂസഫ്‌, യൂനസ്‌ഖാന്‍, ഷുഹൈബ്‌ മാലിക്‌ എന്നിവരില്ല. വന്‍ വിവാദത്തില്‍ കലാശിച്ച ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‌ ശേഷം ടീമില്‍ നിന്ന്‌ പുറത്താക്കപ്പെട്ട മൂന്ന്‌ സീനിയര്‍ താരങ്ങളോട്‌ ഒരു അനുകമ്പയും വേണ്ടെന്ന ശക്തമായ തീരുമാനത്തിന്റെ പ്രതിഫലനമാണ്‌ മൂന്ന്‌ പേര്‍ക്കും കരാര്‍ നല്‍കാതിരുന്നത്‌. ഇവരെ കൂടാതെ റാണ നവീദ്‌ എന്ന സീമര്‍ക്കും കരാറില്ല. അതേ സമയം കഴിഞ്ഞ തവണ ഉത്തേജക വിവാദത്തില്‍ അകപ്പെട്ട മുഹമ്മദ്‌ ആസിഫിനും ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാക്കിനും എ വിഭാഗത്തില്‍ കരാര്‍ നല്‍കിയിട്ടുണ്ട്‌. ഉമര്‍ ഗുല്‍, സല്‍മാന്‍ ഭട്ട്‌, ഡാനിഷ്‌ കനേരിയ, ഷാഹിദ്‌ അഫ്രീദി, കമറാന്‍ അക്‌മല്‍ എന്നിരാണ്‌ എ വിഭാഗത്തില്‍ കരാര്‍ ചെയ്യപ്പെട്ട മറ്റ്‌ താരങ്ങള്‍. ബി ഗ്രൂപ്പിലാണ്‌ ഉമര്‍ അക്‌മല്‍, മുഹമ്മദ്‌ ആമിര്‍, സയദ്‌ അജ്‌മല്‍, ഫൈസല്‍ ഇഖ്‌ബാല്‍, മിസാബ്‌ഹുല്‍ ഹഖ്‌, ഇംറാന്‍ ഫര്‍ഹാത്ത്‌ എന്നിവരെ കരാര്‍ ചെയ്‌തിരിക്കുന്നത്‌.
ഓസീസ്‌ പര്യടന ദുരന്തം അന്വേഷിച്ച കമ്മിഷന്റെ ശുപാര്‍ശകളെ തുടര്‍ന്ന്‌ യൂസഫ്‌, യൂനസ്‌ എന്നിവരെ ആജീവനാന്തം പുറത്താക്കാനും മാലിക്‌, റാണ എന്നിവരെ ഒരു വര്‍ഷത്തേക്ക്‌ പുറത്ത്‌ നിര്‍ത്താനും തീരുമാനിച്ചിരുന്നു.


ഐ ലീഗില്‍ ഇന്ന്‌ നാല്‌ മല്‍സരങ്ങള്‍
മഡ്‌ഗാവ്‌: അന്തിമ ഘട്ടത്തിലേക്ക്‌ നീങ്ങുന്ന ഒ.എന്‍.ജി.സി ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ നാല്‌ മല്‍സരങ്ങള്‍. പോയന്റ്‌്‌ പട്ടികയില്‍ വളരെ പിറകില്‍ നില്‍ക്കുന്ന ലാജോംഗ്‌ എഫ്‌.സി പൂനെ എഫ്‌.സിയെ നേരിടുമ്പോള്‍ മോഹന്‍ബഗാന്‍ സ്വന്തം തട്ടകത്ത്‌ ടേബിളിലെ അവസാന സ്ഥാനക്കാരായ സ്‌പോര്‍ട്ടിംഗ്‌ ഗോവയുമായി കളിക്കുന്നു. ജലന്ധറില്‍ ജെ.സി.ടി മില്‍സ്‌ എതിരിടുന്നത്‌ മുംബൈ എഫ്‌.സിയെയാണ്‌. കൊല്‍ക്കത്തയില്‍ വെച്ച്‌ ഈസ്റ്റ്‌ ബംഗാള്‍ എയര്‍ ഇന്ത്യയുമായും കളിക്കുന്നുണ്ട്‌. നാളെ നടക്കുന്ന മല്‍സരത്തില്‍ സാല്‍ഗോക്കര്‍ ഗോവ ചിരാഗ്‌ കൊല്‍ക്കത്തയുമായി കളിക്കുമ്പോള്‍ തിങ്കളാഴ്‌ച്ച കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വിവ കേരള മഹീന്ദ്ര യുനൈറ്റഡുമായി കളിക്കും.

ഇന്നും വോണിന്‌ കടുപ്പം
അഹമ്മദാബാദ്‌: ജയിക്കാന്‍ മറന്നിരിക്കുന്നു ഷെയിന്‍ വോണിന്റെ രാജസ്ഥാന്‍ റോയല്‍സ്‌ സംഘം.... കളിച്ച മൂന്ന്‌ മല്‍സരത്തിലും തോല്‍വികള്‍. കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സില്‍ നിന്നും ദയനീയ തോല്‍വി... തന്റെ പന്ത്രണ്ട്‌ വയസ്സുകാരനായ മകന്‍ ഒരു ടീമിനെ ഇറക്കിയാല്‍ അവരെ പോലും തോല്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍ ടീമിനുള്ളതെന്ന വോണിന്റെ അഭിപ്രായ പ്രകടനത്തില്‍ കഴമ്പുണ്ട്‌... തോല്‍വിയുടെ വലിയ ഭാണ്ഡമാണിപ്പോള്‍ റോയല്‍സ്‌ പേറുന്നത്‌. ഇന്നത്തെ പ്രതിയോഗികള്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സാണ്‌. മികച്ച ഫോമില്‍ നില്‍ക്കുന്നവരാണ്‌ സൗരവ്‌ ഗാംഗുലിയുടെ സംഘം. ഇവരെ തോല്‍പ്പിക്കാന്‍ വോണിന്റെ സംഘം വിയര്‍ക്കേണ്ടി വരും.
ബാറ്റിംഗാണ്‌ റോയല്‍സിന്‌ വലിയ തലവേദന. ബാംഗ്ലൂരിനെതിരെ 92 റണ്‍സാണ്‌ ടീമിന്‌ നേടാനായത്‌. ഓവര്‍ ക്വാട്ട പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ബാറ്റിംഗില്‍ മേല്‍വിലാസക്കാരായ ഗ്രയിം സ്‌മിത്ത്‌്‌, യൂസഫ്‌ പത്താന്‍, മസ്‌കരാനസ്‌, ജുജന്‍ വാല തുടങ്ങിയവരെല്ലാമുണ്ട്‌. പക്ഷേ ഇവരില്‍ സ്‌മിത്ത്‌ പരുക്കില്‍ കളിക്കുന്നില്ല. യൂസഫ്‌ മുംബൈക്കെതിരായ മല്‍സരത്തില്‍ ഗംഭീര പ്രകടനം നടത്തിയിരുന്നു. ബാംഗ്ലൂരിനെതിരെയും അദ്ദേഹത്തിന്‌ നല്ല തുടക്കം ലഭിച്ചു. പക്ഷേ അത്‌ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. ബാറ്റിംഗ്‌ ക്ലിക്‌ ചെയ്യാത്ത പക്ഷം ടീമിന്‌ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. വാലറ്റക്കാരില്‍ നിന്നും ബാറ്റ്‌ കൊണ്ട്‌ വലിയ സഹായങ്ങള്‍ ടീമിന്‌ ലഭിച്ചിട്ടില്ല. നല്ല ബൗളര്‍മാര്‍ ടീമിലുണ്ട്‌. ഷോണ്‍ ടെയിറ്റും മുനാഫ്‌ പട്ടേലുമെല്ലാം മികച്ചവരാണ്‌. പക്ഷേ ഇവര്‍ക്ക്‌ പ്രതിരോധിക്കാന്‍ മാത്രമുള്ള സ്‌ക്കോര്‍ ബാറ്റ്‌സ്‌മാന്മാര്‍ നല്‍കുന്നില്ല.
പ്രവീണ്‍ കുമാറിനെ പോലെ ശരാശരിക്കാരനായ ഒരു ബൗളറോടാണ്‌ റോയല്‍സ്‌ പരാജയപ്പെട്ടത്‌. ഐ.പി.എല്ലില്‍ ഹാട്രിക്‌ നേടാന്‍ മാത്രം കരുത്തനല്ല പ്രവീണ്‍. പക്ഷേ അദ്ദേഹത്തിന്‌ തിളങ്ങാന്‍ ബാറ്റ്‌സ്‌മാന്മാര്‍ തന്നെ അവസരം നല്‍കി. ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ എട്ട്‌ റണ്‍സ്‌ മാത്രം നല്‍കിയാണ്‌ മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കിയത്‌. ഇന്നത്തെ മല്‍സരത്തില്‍ ബാറ്റിംഗ്‌ ക്ലിക്‌ ചെയ്‌താല്‍ മാത്രമാണ്‌ റോയല്‍സിന്‌ രക്ഷ. കൊല്‍ക്കത്താ സംഘത്തില്‍ മികച്ച ബാറ്റ്‌സ്‌മാന്മാരും ബൗളര്‍മാരുമുണ്ടെന്ന സത്യം വോണിനറിയാം.
ഇന്ന്‌ നടക്കുന്ന രാത്രി മല്‍സരം മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലാണ്‌. സച്ചിന്‍ ടെണ്ടുല്‍ക്കറും അനില്‍ കുംബ്ലെയും നയിക്കുന്ന സംഘം നേര്‍ക്കുനേര്‍ വരുമ്പോള്‍ കാണികള്‍ ആഗ്രഹിക്കുന്ന വെടിക്കെട്ട്‌്‌ ഉറപ്പാണ്‌. രണ്ട്‌ ടീമുകളും മികച്ച ഫോമിലാണ്‌ കളിക്കുന്നത്‌. സച്ചിന്റെ സംഘത്തില്‍ കിരണ്‍ പൊലാര്‍ഡും ഡ്വിന്‍ ബ്രാവോയും സനത്‌ ജയസൂര്യയുമെല്ലാമുണ്ട്‌. സച്ചിന്‍ നല്ല ഫോമിലാണ്‌ കളിക്കുന്നത്‌. ബാറ്റിംഗിലാണ്‌ ടീം ഇത്‌ വരെ മുന്നോട്ട്‌ പോയത്‌. അമ്പാട്ട്‌ റായിഡുവിനെ പോലുള്ള യുവതാരങ്ങളും റണ്‍സ്‌ നേടുന്നതില്‍ വിജയിക്കുന്നുണ്ട്‌. സനത്‌ ജയസൂര്യയുടെ കാര്യത്തില്‍ മാത്രമാണ്‌ ടീമിന്‌ പ്രശ്‌നം. ഇത്‌ വരെ തന്റെ പഴയ ഫോമിലേക്ക്‌ വരാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ തകര്‍പ്പന്‍ ഫോമിലാണിപ്പോള്‍. റോയല്‍സിനെ പത്ത്‌ വിക്കറ്റിനാണ്‌ അവര്‍ തരിപ്പണമാക്കിയത്‌. ഓപ്പണര്‍ ജാക്‌ കാലിസ്‌, മനീഷ്‌ പാണ്ഡെ, രാഹുല്‍ ദ്രാവിഡ്‌, വിരാത്‌ കോഹ്‌ലി, റോബിന്‍ ഉത്തപ്പ എന്നിവരെല്ലാം ഫോമിലാണ്‌.

ഗണ്ണേഴ്‌സിന്‌ മുന്നില്‍ ബാര്‍സ
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ ആഴ്‌സനലിന്‌ ഇനിയുള്ള യാത്ര കടുപ്പമേറിയ വഴികളില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്‌സ്‌ച്ചര്‍ നറുക്കെടുപ്പില്‍ ശക്തരായ പ്രതിയോഗികളെ ലഭിച്ചിരിക്കുന്നത്‌ ഗണ്ണേഴ്‌സിനാണ്‌-നിലവിലെ ചാമ്പ്യന്മാരായ ബാര്‍സിലോണയാണ്‌ ഗണ്ണേഴ്‌സിന്‌ മുന്നില്‍ വരുന്നത്‌. മറ്റൊരു ഇംഗ്ലീഷ്‌ പ്രതിനിധികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളികള്‍ ജര്‍മന്‍ പ്രബലരായ ബയേണ്‍ മ്യൂണിച്ചാണ്‌. ഫ്രഞ്ചുകാരായ ലിയോണും ബോറോഡോക്‌സും തമ്മിലാണ്‌ മറ്റൊരു ക്വാര്‍ട്ടര്‍. ഇറ്റലിക്കാരായ ഇന്റര്‍ മിലാന്റെ എതിരാളികള്‍ റഷ്യയില്‍ നിന്നുള്ള സി.എസ്‌.കെ.ഇ മോസ്‌ക്കോയാണ്‌. ഇരുപാദങ്ങളിലായി നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലുകളിലെ ആദ്യ മല്‍സരങ്ങള്‍ മാര്‍ച്ച്‌ 30, 31 തിയ്യതികളില്‍ നടക്കും. രണ്ടാം പാദം ഏപ്രില്‍ 6,7 തിയ്യതികളിലാണ്‌.
ഐ.പി.എല്‍ മോഹവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും ഐ.പി.എല്‍ ടീമിനെ കൊണ്ടുവരാനുളള ശ്രമങ്ങളില്‍ മോഹന്‍ലാലും പ്രിയദര്‍ശനും പരാജയപ്പെട്ടുവെങ്കില്‍ ഇതാ വരുന്നു മറ്റൊരു ടീം താല്‍പ്പര്യക്കാര്‍. കേന്ദ്രമന്ത്രി ശശി തരൂരും സംഘവുമാണ്‌ ടീമിനെ ഇറക്കാന്‍ അണിയറയില്‍ കരുനീക്കം നടത്തുന്നത്‌. പുതിയ രണ്ട്‌ ഐ.പി.എല്‍ ടീമുകള്‍ അടുത്ത സീസണ്‍ മുതല്‍ കളിക്കുന്നുണ്ട്‌. ഇതിനായി ടെണ്ടര്‍ നല്‍കേണ്ട അവസാന ദിവസം ഇന്നലെയായിരുന്നു. തരൂരിന്‌ വേണ്ടി ടെണ്ടര്‍ നല്‍കപ്പെട്ടിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രവാസി മലയാളികളായ വ്യാപാരികളുടെ പിന്തുണയോടെയാണ്‌ ടീമിനെ ഇറക്കാന്‍ ക്രിക്കറ്റ്‌ തല്‍പ്പരനായ തരൂര്‍ ശ്രമിക്കുന്നത്‌. ഇന്നലെ ടെണ്ടര്‍ നല്‍കിയവരില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വൈസ്‌ പ്രസിഡണ്ട്‌ രാജിവ്‌ ശുക്ല, ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവര്‍ രംഗത്തുണ്ട്‌.

പ്രണവം വീണ്ടും
മോഹന്‍ലാല്‍ ചെയര്‍മാനായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ പ്രണവം ആര്‍ട്‌സ്‌ തിരിച്ചുവരുന്നു. പതിനൊന്ന്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷമെത്തുന്ന പ്രണവത്തിന്റെ പുതിയ ചിത്രം ലാലും അമിതാഭും ഒന്നിക്കുന്ന മേജര്‍ രവിയുടെ കാണ്ടഹാറാണ്‌. ഹിസ്‌ ഹൈനസ്‌ അബ്ദുല്ല, ഭരതം, വാനപ്രസ്ഥം തുടങ്ങി നിരവധി മികച്ച സിനിമകള്‍ നിര്‍മ്മിച്ചത്‌ പ്രണവം ആര്‍ട്‌സാണ്‌. 1990 ലാണ്‌ പ്രണവത്തിന്റെ ആദ്യ സംരഭമായി ഹിസ്‌ ഹൈനസ്‌ അബ്ദുള്ള വന്നത്‌. പത്ത്‌ വര്‍ഷത്തില്‍ പത്ത്‌ ചിത്രങ്ങളാണ്‌ പ്രണവം നിര്‍മ്മിച്ചത്‌. കമലദളം, മിഥുനം, പിന്‍ഗാമി, കാലാപാനി, ഒളിംപ്യന്‍ അന്തോണി ആദം എന്നി ചിത്രങ്ങള്‍ സാമ്പത്തികമായി തളര്‍ന്നതാണ്‌ പ്രണനത്തിന്‌ തിരിച്ചടിയായത്‌. പ്രണവത്തിന്‌ പകരമായാണ്‌ ലാലിന്റെ ഡ്രൈവറായ ആന്റണി പെരുമ്പാവുര്‍ ആശിര്‍വാദ്‌ സിനിമയുമായി രംഗത്ത്‌ വന്നത്‌.
ഹെയ്‌ഡന്‍ സേവാഗിനെ വീഴ്‌ത്തി
ചെന്നൈ: രണ്ട്‌ തട്ടു തകര്‍പ്പന്‍ ഇന്നിംഗ്‌സുകള്‍. ബൗണ്ടറികളും സിക്‌സറുകളും യഥേഷ്ടം പിറന്ന പോരാട്ടത്തില്‍ വിജയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌. 43 പന്തില്‍ നിന്നും 93 റണ്‍സ്‌ നേടിയ മാത്യൂ ഹെയ്‌ഡന്റെ ബാറ്റിലെ വിജയത്തില്‍ വിരേന്ദര്‍ സേവാഗിന്റെ 74 റണ്‍സ്‌ വെറുതെയായി. ഐ.പി.എല്ലില്‍ നടന്ന സൂപ്പര്‍ കിംഗ്‌സ്‌-ഡെയര്‍ഡെവിള്‍സ്‌ പോരാട്ടത്തില്‍ എല്ലാ കണ്ണുകളും ഈ കുറ്റനടിക്കാരിലായിരുന്നു. ഡല്‍ഹിയാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌തത്‌. അവര്‍ ആറ്‌ വിക്കറ്റിന്‌ 185 റണ്‍സാണ്‌ വാരിക്കൂട്ടിയത്‌. മറുപടി ബാറ്റിംഗില്‍ മാത്യൂ ഹെയ്‌ഡന്‍ വന്ന്‌ തകര്‍ക്കുകയായിരുന്നു. സിക്‌സറുകള്‍ പലവട്ടം പിറന്നപ്പോള്‍ അദ്ദേഹം ഒറ്റക്ക്‌ തന്നെ ടീമിന്‌ വിജയം സമ്മാനിക്കുമെന്ന്‌ തോന്നി. സെഞ്ച്വറികരികില്‍ ഹെയ്‌ഡന്‍ പുറത്തായപ്പോള്‍ ക്യാപ്‌റ്റന്‍ സുരേഷ്‌ റൈനയെത്തി അടി തുടര്‍ന്നു. പുറത്താവാതെ 49 റണ്‍സാണ്‌ നായകനെന്ന നിലയിലെ ആദ്യ മല്‍സരത്തില്‍ റൈന നേടിയത്‌. മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ പരുക്കേറ്റതിനാലാണ്‌ റൈന നായകനായത്‌. ഫീല്‍ഡിംഗിലും അപാര ഫോമിലായിരുന്നു റൈന. മൂന്ന്‌ മികച്ച ക്യാച്ചുകളാണ്‌ അദ്ദേഹമെടുത്തത്‌. ഡല്‍ഹിയെ വലിയ സ്‌ക്കോറില്‍ നിന്ന്‌ തടഞ്ഞതും ഈ ഫീല്‍ഡിംഗ്‌ മികവായിരുന്നു.

സൈമണ്ട്‌സ്‌ മിന്നി
മൊഹാലി: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനവുമായി ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ കരുത്ത്‌ കാട്ടി. പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവന്‍ ബൗളര്‍മാരെ നിലം പരിശാക്കിയ പ്രകടനത്തില്‍ ഏഴ്‌ വിക്കറ്റിന്‌ 170 റണ്‍സാണ്‌ ടീം സമ്പാദിച്ചത്‌. 38 പന്തില്‍ നിന്ന്‌ 53 റണ്‍സ്‌ നേടിയ ആന്‍ഡ്ര്യൂ സൈമണ്ട്‌സാണ്‌ ടോപ്‌ സ്‌ക്കോറര്‍. മറുപടി ബാറ്റിംഗില്‍ അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ പഞ്ചാബ്‌ രണ്ട്‌ വിക്കറ്റിന്‌ 11 റണ്‍സ്‌ എന്ന നിലയില്‍ തകര്‍ച്ചയിലാണ്‌..

1 comment:

la estrella said...

fulham juventus mach is 4-1 not 5-1