Friday, October 31, 2008

Harbajan Loss



ന്യൂഡല്‍ഹി: ഹര്‍ഭജന്‍സിംഗ്‌ എന്ന ബാജി വേണമായിരുന്നു ഫിറോസ്‌ ഷാ കോട്‌ലയില്‍.... ലെഗ്‌ സ്‌പിന്നര്‍മാരായ അനില്‍ കുംബ്ലെയും അമിത്‌ മിശ്രയും പരാജയപ്പെട്ടപ്പോള്‍ താല്‍കാലിക ഓഫ്‌ സ്‌പിന്നര്‍ വിരേന്ദര്‍ സേവാഗ്‌ മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കിയ മൂന്നാം ദിനത്തില്‍ ഫോളോ ഓണ്‍ കടമ്പ മറികടക്കാന്‍ ഇനിയും 76 റണ്‍സ്‌ ആവശ്യമായ ഓസ്‌ട്രേലിയ പൊരുതുകയാണ്‌. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌ക്കോറായ 613 റണ്‍സിനെതിരെ സന്ദര്‍ശകര്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 338 റണ്‍സ്‌ എന്ന നിലയിലാണ്‌. ഓസീസ്‌ ബാറ്റിംഗ്‌ നിരയില്‍ ഓപ്പണര്‍മാരായ സൈമണ്‍ കാറ്റിച്ചും മാത്യൂ ഹെയ്‌ഡനും ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗും മൈക്‌ ഹസിയും പിടിച്ചുനില്‍ക്കാന്‍ നടത്തിയ ശ്രമത്തില്‍ ഇന്ത്യന്‍ ബൗളിംഗിന്‌ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താനായില്ല. മൂന്ന്‌ നിര്‍ണ്ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയ സേവാഗ്‌ തന്റെ ഓഫ്‌ സ്‌പിന്നില്‍ കരുത്തുണ്ടെന്ന്‌ തെളിയിച്ചപ്പോള്‍ ഫീല്‍ഡിംഗിനിടെ കുംബ്ലെയുടെ കൈവിരലിന്‌ മുറിവേറ്റതും ഇന്ത്യക്ക്‌ ആഘാതമായി. ബാംഗ്ലൂര്‍, മൊഹാലി ടെസ്റ്റുകളില്‍ റിവേഴ്‌സ്‌ സ്വിംഗുകളിലൂടെ ഓസീസ്‌ ബാറ്റ്‌സ്‌മാന്മാരെ വട്ടംകറക്കിയ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മ്മയും ഇന്നലെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ചുവെങ്കിലും വിക്കറ്റ്‌ വീഴ്‌ത്താനായില്ല.
സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ്‌ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാര്‍ മൂന്നാം ദിവസം ബാറ്റിംഗിനിറങ്ങിയത്‌. ഫോളോ ഓണ്‍ എന്ന നാണക്കേടിനെ അകറ്റാന്‍ ശ്രദ്ധയും ക്ഷമയുമായിരുന്നു ഹെയ്‌ഡന്റെയും കാറ്റിച്ചിന്റെയും ആയുധം. എതിരാളികളെ ഇല്ലാതാക്കുന്ന ആക്രമണ ക്രിക്കറ്റിന്റെ വക്താക്കളായിരുന്ന ഓസീസുകാര്‍ ഷെല്ലിനുള്ളിലേക്ക്‌ മടങ്ങിയ കാഴ്‌ച്ചയില്‍ ഇവരെ തളര്‍ത്താന്‍ നടത്തിയ ശ്രമങ്ങളില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക്‌ വിജയിക്കാനായില്ല. ആദ്യ സെഷനില്‍ കാറ്റിച്ചിന്റെ വിക്കറ്റ്‌ മാത്രമാണ്‌ ഇന്ത്യക്ക്‌ നേടാനായാത.്‌ അമിത്‌ മിശ്രയുടെ പന്തിനെ ആക്രമിക്കാന്‍ ക്രിസ്‌ വിട്ട കാറ്റിച്ചിന്‌ സ്വന്തം സ്റ്റംമ്പുകള്‍ നഷ്ടമാവുകയായിരുന്നു. മിശ്രക്ക്‌ പക്ഷേ ഇത്തരം പന്തുകള്‍ ആവര്‍ത്തിച്ചെറിയാന്‍ കഴിഞ്ഞില്ല. പിച്ചിലെ കുഴികളായിരുന്നു ഡല്‍ഹിക്കാരന്റെ നോട്ടം. ചതിക്കുഴികള്‍ മനസ്സിലാക്കിയ പോണ്ടിംഗ്‌ കരുതലോടെ നിന്നു. ഇഷാന്ത്‌ എന്ന പോണ്ടിംഗ്‌ ആയുധവുമായി കുംബ്ലെ വന്നപ്പോള്‍ ഓസീ നായകന്റെ ലക്ഷ്യം റണ്‍സായിരുന്നില്ല-പ്രതിരോധമായിരുന്നു. പലവട്ടം ഇഷാന്ത്‌ പോണ്ടിംഗിനെ വട്ടം കറക്കി.
സേവാഗായിരുന്നു പിച്ചിന്റെ കുഴികളെ കാര്യമായി മുതലാക്കിയത്‌. തന്റെ സ്വന്തം മൈതാനത്തിന്റെ പെരുമാറ്റമറിയുന്ന സേവാഗ്‌ 22 ഓവറുകളാണ്‌ ഇന്നലെയെറിഞ്ഞത്‌. റണ്‍സ്‌ നല്‍കാതെ, ബാറ്റ്‌സ്‌മാന്മാരെ വട്ടം കറക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. പോണ്ടിംഗ്‌, ഹസി എന്നിവരുടെ വലിയ വിക്കറ്റുകള്‍ അവസാന സെഷനില്‍ സ്വന്തമാക്കിയ സേവാഗാണ്‌ ഇന്ത്യക്ക്‌ പ്രതീക്ഷ സമ്മാനിച്ചത്‌. ഹസി ദൃഡനിശ്ചയത്തിലായിരുന്നു. എന്ത്‌ വില കൊടുത്തും സ്വന്തം വിക്കറ്റ്‌ സംരക്ഷിക്കുമെന്ന നിലപാടില്‍ എല്ലാ ബൗളര്‍മാരെയും ബഹുമാനിച്ച ഹസിക്ക്‌ പക്ഷേ സേവാഗിന്റെ സ്‌പിന്നില്‍ തോല്‍ക്കേണ്ടി വന്നു. മുന്നില്‍ പിച്ച്‌ ചെയ്‌ത പന്ത്‌ ബാറ്റിനിടയിലൂടെ മൂളിപറന്ന്‌ സ്റ്റംമ്പിനെ റാഞ്ചിയപ്പോള്‍ ഹസിക്ക്‌ കാഴ്‌ച്ചകാരനാവേണ്ടി വന്നു. ഇതേ പിഴവാണ്‌ പോണ്ടിംഗിനും സംഭവിച്ചത്‌. ബാംഗ്ലൂര്‍ ടെസ്‌റ്റില്‍ പ്രകടിപ്പിച്ച പ്രതിരോധ കരുത്തില്‍ പോണ്ടിംഗ്‌ 87 റണ്‍സാണ്‌ സ്വന്തമാക്കിയത്‌. മൊഹാലിയിലെ രണ്ട്‌ ഇന്നിംഗ്‌സിലും സംഭവിച്ച പിഴവ്‌ ആവര്‍ത്തിക്കാതെ ഹസിക്കൊപ്പം ഇന്നിംഗ്‌സ്‌ പടുത്തുയര്‍ത്തിയ പോണ്ടിംഗിന്റെ വൈകുന്നേരത്തെ പതനമാണ്‌ ഇന്ന്‌ ഇന്ത്യക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌.
പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരത്തിലും തിളങ്ങാതെ പോയ ഹെയ്‌ഡന്‍ ശക്തമായ രണ്ട്‌ എല്‍.ബി അപ്പീലുകളെ അതിജയിച്ചാണ്‌ പിടിച്ചുനിന്നത്‌. ഒരു ഘട്ടത്തില്‍ സേവാഗിന്റെ പന്തില്‍ രാഹുല്‍ ദ്രാവിഡിന്റെ കരങ്ങളിലേക്കും പന്ത്‌ ഉയര്‍ന്നിരുന്നു. സെഞ്ച്വറിക്ക്‌ പതിനേഴ്‌ റണ്‍സ്‌ അരികെ പക്ഷേ ഹെയ്‌ഡന്റെ ഭാഗ്യം അവസാനിച്ചു. സേവാഗിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങി ഓപ്പണര്‍ പുറത്തായപ്പോള്‍ സ്‌ക്കോര്‍ 202. തുടര്‍ന്നാണ്‌ പോണ്ടിംഗ്‌-ഹസി സഖ്യം കരുത്ത്‌ പ്രകടിപ്പിച്ചത്‌.
ഇന്ത്യന്‍ ബൗളര്‍മാര്‍ കഠിനമായ വെയിലില്‍ തളര്‍ച്ച പ്രകടിപ്പിക്കാതെയാണ്‌ പന്തെറിഞ്ഞത്‌. 275 റണ്‍സിനാണ്‌ ഇപ്പോള്‍ ഓസീസ്‌ പിറകില്‍. മൈക്കല്‍ ക്ലാര്‍ക്ക്‌, ഷെയിന്‍ വാട്ട്‌സണ്‍ എന്നിവരാണ്‌ ക്രീസില്‍.

തേര്‍ഡ്‌ ഐ
ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ പരമ്പരയില്‍ ആദ്യമായി ഓസീസ്‌ ബാറ്റിംഗ്‌ ആധികാരികത പ്രകടിപ്പിച്ച ദിവസമായിരുന്നു ഇന്നലെ. ഹെയ്‌ഡനും കാറ്റിച്ചും പോണ്ടിംഗും ഹസിയും ക്ലാര്‍ക്കുമെല്ലാം അപകടം മനസ്സിലാക്കിയുളള സെയിഫ്‌ ഗെയിം പുറത്തെടുക്കാന്‍ നിര്‍ബന്ധിതരായത്‌ ഇന്ത്യന്‍ വിജയമാണ്‌. ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം ഓസ്‌ട്രേലിയക്കാര്‍ ബഹുമാനിച്ചു. സച്ചിന്‍ ഉള്‍പ്പെടെ ആറ്‌ പേരാണ്‌ ഇന്ത്യക്കായി പന്തെറിഞ്ഞത്‌. ഇവരില്‍ ആരും അധികം റണ്‍സ്‌ വഴങ്ങിയില്ല. 90 ഓവറുകളില്‍ ഇരുപത്‌ മെയ്‌ഡന്‍. ഓസ്‌ട്രേലിയക്ക്‌ പ്രതീക്ഷയില്ലാത്ത ടെസ്റ്റില്‍ ഇന്ത്യക്ക്‌ തന്നെയാണ്‌ ഇപ്പോഴും സാധ്യത. ഫോളോ ഓണ്‍ കടമ്പ ഓസ്‌ട്രേലിയ കടന്നില്ലെങ്കിലും അവരെ വീണ്ടും ബാറ്റ്‌ ചെയ്യിക്കാന്‍ കുംബ്ലെ മുതിരില്ല. മൊഹാലിയില്‍ ധോണി പ്രകടിപ്പിച്ച അതേ ധൈര്യത്തില്‍ രണ്ടാം ഇന്നിംഗ്‌സ്‌ ബാറ്റ്‌ ചെയ്‌ത്‌ ലീഡ്‌ ഉയര്‍ത്തി അവസാന ദിവസത്തില്‍ സമ്മര്‍ദ്ദം ചെലുത്താനായിരിക്കും ഇന്ത്യന്‍ ശ്രമം. അതിന്‌ ഇന്ന്‌ ആറ്‌ ഓസീസ്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ വീഴ്‌ത്തണം. ക്രിസിലുളള മൈക്കല്‍ ക്ലാര്‍ക്ക്‌, ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്ട്‌സണ്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്‌ത്താനായാല്‍ പിന്നെ വാലറ്റമാണ്‌. ക്ലാര്‍ക്ക്‌ മൊഹാലിയില്‍ പിടിച്ചുനിന്നിരുന്നു. ഇന്നലെ 45 പന്തുകള്‍ ധൈര്യസമേതം നേരിട്ട ക്ലാര്‍ക്കിനെ പോലെയല്ല വാട്ട്‌സണ്‍. ക്ഷമയോടെ കളിക്കാന്‍ വാട്ട്‌സണ്‌ കഴിയില്ല. ഈ സത്യം തിരിച്ചറിയാന്‍ കുംബ്ലെക്ക്‌ കഴിയണം. വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിനും ക്ഷമയോടെ ഭദ്രമായി കളിക്കാന്‍ കഴിയില്ല.
കുംബ്ലെക്ക്‌ തന്റെ പ്രിയപ്പെട്ട മൈതാനത്ത്‌ കാര്യമായ നേട്ടം സമ്പാദിക്കാന്‍ കഴിയാതിരുന്നത്‌ അദ്ദേഹത്തിന്റെ ആരോഗ്യം മൂലം തന്നെയാണ്‌. മൊഹാലി ടെസ്‌റ്റില്‍ പരുക്ക്‌ കാരണം കളിക്കാന്‍ കഴിയാതിരുന്ന കുംബ്ലെക്ക്‌ ഇന്നലെ ഫീല്‍ഡിംഗിനിടെ വിരലിന്‌ മുറിവുമേറ്റു. ഒന്നര മണിക്കൂറോളം അദ്ദേഹം ക്രീസിലുണ്ടായിരുന്നില്ല. അമിത്‌ മിശ്രക്ക്‌ നല്ല തുടക്കം പ്രയോജനപ്പെടുത്താനും കഴിഞ്ഞില്ല. ഇവിടെയാണ്‌ സേവാഗിലെ സ്‌പിന്നര്‍ ഉപകാരിയായത്‌. ഹര്‍ഭജന്‍ സിംഗ്‌ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ബാജിക്ക്‌ വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുമായിരുന്നു.
കോട്‌ലാ മല്‍സരത്തിന്റെ ആദ്യദിനം ഓസീസ്‌ താരം ഷെയിന്‍ വാട്ട്‌സണുമായുളള തര്‍ക്കത്തില്‍ ഗൗതം ഗാംഭീറിന്‌ ഒരു മല്‍സരവിലക്ക്‌ നല്‍കാനുളള മാച്ച്‌്‌ റഫറിയുടെ തീരുമാനം ഇന്ത്യക്ക്‌ ആഘാതമാണ്‌. ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ലെവല്‍- 2 വകുപ്പ്‌ ഉപയോഗിച്ചാണ്‌ മാച്ച്‌ റഫറി ക്രിസ്‌ ബ്രോഡ്‌്‌ ശിക്ഷ പ്രഖ്യാപിച്ചത്‌. നേരത്തെയും ഇതേ തെറ്റിന്‌ ഗാംഭീര്‍ പിടിക്കപ്പെട്ടതിനാല്‍ മാച്ച്‌ റഫറി ശക്തമായി തന്നെയാണ്‌ ഇടപ്പെട്ടിരിക്കുന്നത്‌. ഇതില്‍ അദ്ദേഹത്തെ തെറ്റ്‌ പറയാനും കഴിയില്ല. എങ്കിലും തുല്യനീതി നടപ്പാക്കുന്നതില്‍ ബ്രോഡിനും പിഴക്കുന്നു എന്നാണ്‌ ബാംഗ്ലൂരും മൊഹാലിയും തെളിയിച്ചത്‌. ഓസീസ്‌ താരങ്ങളില്‍ പലരും ഇന്ത്യന്‍ താരങ്ങളെ ബോധപൂര്‍വം പ്രകോപിതരാക്കാന്‍ ശ്രമിക്കാറുണ്ട്‌. അത്‌ പക്ഷേ മാച്ച്‌ റഫറിമാര്‍ കാണുന്നില്ല. മൊഹാലിയില്‍ സഹീര്‍ഖാന്‌ പിഴ വിധിച്ച മാച്ച്‌ റഫറി ആ മല്‍സരത്തിലെ ഹെയ്‌ഡന്റെയും കാറ്റിച്ചിന്റെയും പെരുമാറ്റം കണ്ടില്ല. ഗാംഭീറിനുളള ശിക്ഷ അദ്ദേഹത്തെ നല്ലവനാക്കാം. ഇതേ ശിക്ഷകള്‍ ഓസ്‌ട്രേലിയക്കാര്‍ക്കെതിരെയും വേണമെന്ന്‌ മാത്രം.

ഇടിക്ക്‌്‌ വിലക്ക്‌
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗാംഭീറിന്‌ കാണ്‍പ്പൂരില്‍ ആരംഭിക്കുന്ന നാലാം ടെസ്‌റ്റില്‍ കളിക്കാനാവില്ല. കോട്‌ലയില്‍ നടന്നുവരുന്ന മൂന്നാം ടെസ്‌റ്റിന്റെ ഒന്നാം ദിനം ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്ട്‌സണെ ബോധപൂര്‍വം ഇടിച്ച കുറ്റത്തില്‍ ഐ.സി.സി പെരുമാറ്റചട്ടത്തിലെ ലെവല്‍ രണ്ട്‌ വകുപ്പ്‌ പ്രകാരം മാച്ച്‌ റഫറി ക്രിസ്‌ ബ്രോഡ്‌ ഇന്ത്യന്‍ താരത്തെ ഒരു ടെസ്‌റ്റില്‍ നിന്നും വിലക്കി. മാച്ച്‌ റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ അറിയിച്ചിട്ടുണ്ടെങ്കിലും നാലാം ടെസ്‌റ്റിന്‌ അധികം ദിവസമില്ലാത്തതിനാല്‍ ഗാംഭീറിന്‌ സൗരവ്‌ ഗാംഗുലിയുടെ അവസാന ടെസ്‌റ്റ്‌ പവിലിയനില്‍ ഇരുന്ന്‌ കാണേണ്ടി വരും.
എതിര്‍താരത്തെ ശാരീരികമായി നേരിട്ടാല്‍ അത്‌ വെറുതെ വിടാന്‍ കഴിയില്ലെന്നാണ്‌ മാച്ച്‌ റഫറി വ്യക്തമാക്കിയത്‌. മല്‍സരത്തിന്റെ മൂന്നാം ദിവസം രാവിലെയാണ്‌ അദ്ദേഹം ശിക്ഷ പ്രഖ്യാപിച്ചത്‌. രണ്ടാം ദിവസത്തെ മല്‍സരത്തിന്‌ ശേഷം ക്രിസ്‌ ബ്രോഡ്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ, ഗാംഭീര്‍ എന്നിവരെ വിചാരണ ചെയ്‌തിരുന്നു. ഗാംഭീര്‍ തെറ്റുകാരനാണെന്ന സമ്മതമാണ്‌ കുംബ്ലെ നടത്തിയത്‌. ഗാംഭീറാവട്ടെ ബോധപൂര്‍വമായിരുന്നില്ല ആ ഇടിയെന്നാണ്‌ പറഞ്ഞത്‌. മല്‍സരത്തിന്റെ അമ്പത്തിയൊന്നാം ഓവറിലായിരുന്നു വിവാദ സംഭവം. വാട്ട്‌സന്റെ പന്തില്‍ ആദ്യ റണ്‍ നേടവെ ഗാംഭീറിനെ ബൗളര്‍ തുറിച്ചു നോക്കുകയും എന്തോ ചിലത്‌ പറയുകയും ചെയ്‌തു. രണ്ടാം റണ്ണിനിടെ ഗാംഭീര്‍ പ്രതികരണമെന്നോണം കൈമുട്ട്‌ കൊണ്ട്‌ ഇടിക്കുകയും ചെയ്‌തു. ഗാംഭീറിനെ പ്രകോപിതനാക്കിയതിന്‌ ലെവല്‍ ഒന്ന്‌ വകുപ്പ്‌ പ്രകാരം വാട്ട്‌സണ്‌ മാച്ച്‌ ഫീസിന്റെ പത്ത്‌ ശതമാനം പിഴയാണ്‌ ചുമത്തിയത്‌.
കഴിഞ്ഞ വര്‍ഷം പാക്കിസ്‌താന്‍ ടീം ഇന്ത്യയില്‍ വന്നപ്പോള്‍ കാണ്‍പ്പൂരില്‍ നടന്ന ഏകദിനത്തില്‍ ഷാഹിദ്‌ അഫ്രീദിക്കെതിരെ ഇതേ തെറ്റ്‌ ഗാംഭീര്‍ ചെയ്‌തിരുന്നു. ഇതാണ്‌ മാച്ച്‌ റഫറിയെ കടുത്ത ശിക്ഷക്ക്‌ പ്രേരിപ്പിച്ചത്‌. എതിര്‍താരത്തെ ശാരീരികമായി നേരിടുന്ന ഒരു താരത്തെ അതില്‍ നിന്നും പിന്തിരിപ്പിക്കാനാണ്‌ ശിക്ഷയെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 2007 ലെ സംഭവത്തില്‍ ഗാംഭീറിന്‌ മല്‍സരവരുമാനത്തിന്റെ 65 ശതമാനം നഷ്ടമായിരുന്നു.

സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍
കോഴിക്കോട്‌: സംസ്ഥാനത്തെ പതിനാല്‌ ജില്ലകളിലെയും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌്‌ പൂര്‍ത്തിയായി. കോടതി നിര്‍ദ്ദേശമുളളതിനാല്‍ ഫലപ്രഖ്യാപനം നടത്താനായിട്ടില്ല. തിങ്കളാഴ്‌ച്ച കേസ്‌ കോടതിയില്‍ വരുന്നുണ്ട്‌. കോഴിക്കോട്ട്‌്‌ കേരളാ ഒളിംപിക്‌ അസോസിയേഷന്‍ വോട്ടെടുപ്പ്‌ ബഹിഷ്‌ക്കരിച്ചു. സി.പി.എം ഔദ്യോഗിക പാനലിനെ വിജയിപ്പിക്കാന്‍ അധികാരികള്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി ആരോപിച്ചാണ്‌ ഒളിംപിക്‌ അസോസിയേഷന്‍ വോട്ടെടുപ്പ്‌്‌ ബഹിഷ്‌ക്കരിച്ചത്‌.
രഹസ്യ ബാലറ്റായിരുന്നെങ്കിലും വോട്ട്‌ രേഖപ്പെടുത്തുന്നവര്‍ സ്വന്തം പേര്‌ ബാലറ്റ്‌ പേപ്പറില്‍ എഴുതണമെന്ന നിര്‍ദ്ദേശത്തെ പലരും ചോദ്യം ചെയ്‌തു. സി.പി.എമ്മിലെ ഗ്രൂപ്പിസം മുന്‍നിര്‍ത്തിയാണ്‌ ഇത്തരമൊരു നിര്‍ദ്ദേശം അധികാരികള്‍ ബലം പ്രയോഗിച്ച്‌ നടപ്പിലാക്കിയതെന്ന്‌ ഒളിംപിക്‌ അസോസിയേഷന്‍ വക്താക്കള്‍ പറഞ്ഞു.
ദാസനെതിരെ കരുനീക്കം
കോഴിക്കോട്‌: സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ പ്രസിഡണ്ട്‌ സ്ഥാനം നിലനിര്‍ത്താന്‍ നിലവിലെ പ്രസിഡണ്ട്‌ ടി.പി ദാസന്‌ കഴിയില്ല... സി.പി.എമ്മിലെ പ്രബലമായ ഗ്രൂപ്പ്‌ ദാസനെതിരെ രംഗത്തുണ്ട്‌. കോഴിക്കോട്‌ ജില്ലയില്‍ നിന്നാണ്‌ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധിയായി ദാസന്‍ മല്‍സരിച്ചത്‌. ഇവിടെ നിന്ന്‌ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമെന്ന്‌ ഉറപ്പാണ്‌. പക്ഷേ സംസ്ഥാന പ്രസിഡണ്ട്‌ സ്ഥാനം അദ്ദേഹത്തിന്‌ നല്‍കരുതെന്ന കര്‍ക്കശ നിലപാടുളളവര്‍ പാര്‍ട്ടിയിലുണ്ട്‌. രഹസ്യ ബാലറ്റ്‌ സമ്പ്രായത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നിരുന്നതെങ്കില്‍ കോഴിക്കോട്ട്‌ ദാസന്‌ കാര്യമായ വോട്ടുകള്‍ ലഭിക്കുമായിരുന്നില്ല. ദാസനെരക്ഷിക്കാനാണ്‌ ബാലറ്റ്‌ പേപ്പറില്‍ വോട്ടര്‍മാര്‍ പേര്‌ രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം തന്നെ വന്നതെന്നാണ്‌ അദ്ദേഹത്തിന്റെ ഗ്രൂപ്പുകാര്‍ തന്നെ പറയുന്നത്‌.

മറഡോണ ബ്രിട്ടനിലേക്ക്‌
ബ്യൂണസ്‌ അയേഴ്‌സ്‌: അര്‍ജന്റീനിയന്‍ ദേശീയ ടീമിന്റെ പുതിയ കോച്ചായി നിയമിതനായ ഡിയാഗോ മറഡോണ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സ്വന്തം താരങ്ങളെ കാണാനായി ബ്രിട്ടനിലേക്ക്‌. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ താരമായ കാര്‍ലോസ്‌ ടെവസ്‌, ലിവര്‍പൂളിന്റെ താരമായ ജാവിയര്‍ മസ്‌ക്കരാനോ എന്നിവരെ മറഡോണ സന്ദര്‍ശിക്കും. നവംബര്‍ 19ന്‌ അര്‍ജന്റീന സൗഹൃദ മല്‍സരത്തില്‍ സ്‌ക്കോട്ട്‌ലാന്‍ഡിനെ നേരിടുന്നുണ്ട്‌. ഈ മല്‍സരത്തോടെയാണ്‌ മറഡോണ ചുമതലയേല്‍ക്കുന്നത്‌. ആദ്യ മല്‍സരത്തില്‍ തന്നെ എല്ലാ മികച്ച താരങ്ങളെയും അണിനിരത്തുമെന്നാണ്‌ മറഡോണ പറയുന്നത്‌.

ബ്ലോഗ്‌
പരിശീലകരെ നിയമിക്കുന്നതിലും പുറത്താക്കുന്നതിലും അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മടി കാണിക്കാറില്ല. അതിനാല്‍ ഡിയാഗോ മറഡോണക്ക്‌ കസേര ഉറപ്പാക്കാന്‍ കഴിയില്ല. രാജ്യത്തെ സോക്കര്‍ ദൈവമാണ്‌ ഡിയാഗോ. പക്ഷേ ടീമിനെ ജയിപ്പിക്കാത്തപക്ഷം അദ്ദേഹവും പുറത്താവും
ടിം വിക്കി

ഡെംപോയെ ബഗാന്‍ വീഴ്‌ത്തി
മഡ്‌ഗാവ്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവയെ ജോസ്‌ റാമിറസ്‌ ബാരറ്റോയുടെ പെനാല്‍ട്ടി ഗോളില്‍ വീഴ്‌ത്തി മോഹന്‍ ബഗാന്‍ കരുത്ത്‌ കാട്ടി. മല്‍സരത്തിന്റെ അമ്പത്തിരണ്ടാം മിനുട്ടിലായിരുന്നു നിര്‍ണ്ണായക ഗോള്‍. കളിയിലെ കേമനായി ബഗാന്റെ ദീപക്‌ കുമാര്‍ മണ്ഡല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന്‌ തകര്‍പ്പന്‍ ഇംഗ്ലീഷ്‌ അങ്കം
ഓള്‍ഡ്‌ ട്രാഫോഡ്‌: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ തകര്‍പ്പന്‍ അങ്കം. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ അട്ടിമറി വീരന്മാരായ ഹള്‍ സിറ്റിയുമായി കളിക്കുന്നു. മറ്റ്‌ മല്‍സരങ്ങള്‍: ചെല്‍സി-സുതര്‍ലാന്‍ഡ്‌, എവര്‍ട്ടണ്‍-ഫുള്‍ഹാം, മിഡില്‍സ്‌ബോറോ-വെസ്‌റ്റ്‌ ഹാം, പോര്‍ട്‌സ്‌മൗത്ത്‌-വിഗാന്‍, സ്‌റ്റോക്‌-ആഴ്‌സനല്‍, ടോട്ടന്‍ഹാം-ലിവര്‍പൂള്‍, വെസ്റ്റ്‌ ബ്രോം-ബ്ലാക്‌ബര്‍ണ്‍. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍,ചെല്‍സി എന്നിവരാണ്‌ ഇപ്പോള്‍ മുന്‍പന്തിയില്‍. സ്‌പാനിഷ്‌ ലീഗിലും ഇറ്റാലിയന്‍
ലീഗിലും ഇന്ന്‌ മല്‍സരങ്ങളുണ്ട്‌.

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗൗതം ഗാംഭീര്‍-ബി-വാട്ട്‌സണ്‍-206, വിരേന്ദര്‍ സേവാഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ലീ-1, രാഹുല്‍ ദ്രാവിഡ്‌-സി-ഹെയ്‌ഡന്‍-ബി-ജോണ്‍സണ്‍-11, സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സി-ഹാദ്ദീന്‍-ബി-ജോണ്‍സണ്‍-68, വി.വി.എസ ലക്ഷ്‌മണ്‍-നോട്ടൗട്ട്‌-200, സൗരവ്‌ ഗാംഗുലി-സി-പോണ്ടിംഗ്‌-ബി-കാറ്റിച്ച്‌-5, മഹേന്ദ്രസിംഗ്‌ ധോണി-സി-ഹാദ്ദീന്‍-ബി-വാട്ട്‌സണ്‍-27, അനില്‍ കുംബ്ലെ-എല്‍.ബി.ഡബ്ല്യൂ-ബി-ജോണ്‍സണ്‍-45, സഹീര്‍ഖാന്‍-നോട്ടൗട്ട്‌-28.എക്‌സ്‌ട്രാസ്‌-22, ആകെ ഏഴ്‌ വിക്കറ്റിന്‌ 613 ഡിക്ലയേര്‍ഡ്‌. വിക്കറ്റ്‌ പതനം: 1-5 (സേവാഗ്‌), 2-27 (ദ്രാവിഡ്‌), 3-157 (സച്ചിന്‍), 4-435 (ഗാംഭീര്‍), 5-444 (സൗരവ്‌), 6-481 (ധോണി), 7-579 (കുംബ്ലെ). ബൗളിംഗ്‌: ബ്രെട്ട്‌ ലീ 30-2-119-1, സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌ 33-9-69-0, ജോണ്‍സണ്‍ 32-4-142-3, വാട്ട്‌സണ്‍ 20-4-66-2, കാമറൂണ്‍ വൈറ്റ്‌ 15-1-73-0, മൈക്കല്‍ ക്ലാര്‍ക്ക്‌ 14-0-59-0, കാറ്റിച്ച്‌ 15-3-60-1, പോണ്ടിംഗ്‌ 2-0-11-0 ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌: ഹെയ്‌ഡന്‍ -എല്‍.ബി.ഡബ്ല്യൂ-ബി-സേവാഗ്‌-83, കാറ്റിച്ച്‌-ബി-മിശ്ര-64, റിക്കി പോണ്ടിംഗ്‌-ബി-സേവാഗ്‌-87,മൈക്‌ ഹസി-ബി-സേവാഗ്‌-53, മൈക്കല്‍ ക്ലാര്‍ക്‌-നോട്ടൗട്ട്‌-21, ഷെയിന്‍ വാട്ട്‌സണ്‍-നോട്ടൗട്ട്‌-4, എക്‌സ്‌ട്രാസ്‌ 26, ആകെ 105 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 338. വിക്കറ്റ്‌ പതനം: 1-123 (കാറ്റിച്ച്‌), 2-202 (ഹെയ്‌ഡന്‍), 3-284 (പോണ്ടിംഗ്‌), 4-326 (ഹസി). ബൗളിഗ്‌: സഹീര്‍ 16-4-57-0, ഇഷാന്ത്‌ 19-5-46-0, കുംബ്ലെ 17-3-53-0, മിശ്ര 30-7-95-1, സേവാഗ്‌ 22-4-66-3, സച്ചിന്‍ 1-0-2-0

2 comments:

Anonymous said...

We are happy to introduce a new BLOG aggregator BLOGKUT.

Blogs, news, Videos are aggregated automatically through web so no need to add your blogs. Have to send a mail to get listed in comments section. We welcome you to have a look at the website and drop us your valuable comments.

Suvi Nadakuzhackal said...

I think Virender sehwag did a better job than what harbhajan would have done today.