Saturday, November 1, 2008

സമനില

സമനില
ന്യൂഡല്‍ഹി: മധ്യനിര ബാറ്റ്‌സ്‌മാന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ പൊരുതി നേടിയ സെഞ്ച്വറിയുടെ മികവില്‍ ഫിറോസ്‌ ഷാ കോട്‌ലയില്‍ നടക്കുന്ന ഇന്ത്യക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ പരാജയത്തെ അകറ്റി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിലെ കൂറ്റന്‍ സ്‌ക്കോറായ 613 റണ്‍സിനെതിരെ സന്ദര്‍ശകരുടെ ആദ്യ ഇന്നിംഗ്‌സ്‌ 577 റണ്‍സില്‍ അവസാനിച്ചു. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച ഇന്ത്യ വിരേന്ദര്‍ സേവാഗ്‌ (16), നൈറ്റ്‌ വാച്ച്‌മാന്‍ ഇഷാന്ത്‌ ശര്‍മ (1) എന്നിവരുടെ നഷ്ടത്തില്‍ 43 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. മല്‍സരം ഒരു ദിവസം ബാക്കിനില്‍ക്കെ ഇന്ത്യക്കിപ്പോള്‍ 79 റണ്‍സിന്റെ ലീഡുണ്ട്‌. ഇന്ന്‌ ഇന്ത്യന്‍ വിക്കറ്റുകള്‍ പെട്ടെന്ന്‌ നിലംപതിക്കാത്തപക്ഷം മല്‍സരത്തില്‍ സമനില ഉറപ്പാണ്‌.
ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ എട്ടാം സെഞ്ച്വറി സ്വന്തമാക്കിയ മൈക്കല്‍ ക്ലാര്‍ക്കും ആദ്യമായി ഒരു ടെസ്‌റ്റില്‍ അഞ്ച്‌ വിക്കറ്റ്‌ നേട്ടം സമ്പാദിച്ച വിരേന്ദര്‍ സേവാഗുമായിരുന്നു കോട്‌ലയിലെ നാലാം ദിന താരങ്ങള്‍. ഫോളോ ഓണ്‍ കടമ്പ കടക്കാന്‍ ഓസ്‌ട്രേലിയയെ സഹായിച്ച ക്ലാര്‍ക്‌ മല്‍സരത്തില്‍ സ്വന്തം ടീമിന്റെ തോല്‍വിയും അകറ്റിയാണ്‌ ശ്രദ്ധാകേന്ദ്രമായത്‌. മൊഹാലി ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി പൊരുതികളിച്ച വൈസ്‌ ക്യാപ്‌റ്റന്‍ അതേ പ്രകടനത്തിന്റെ ആവര്‍ത്തനം പോലെ പ്രതിരോധത്തിന്റെ കോട്ട കെട്ടിയാണ്‌ സേവാഗിനെയും അമിത്‌ മിശ്രയെയും അനില്‍ കുംബ്ലെയെയും എതിരിട്ടത്‌. മൂന്നാം ദിവസം ഫീല്‍ഡിംഗിനിടെ കൈവിരലിന്‌ പരുക്കേറ്റ കുംബ്ലെ ഇന്നലെ ബാന്‍ഡേജുമായാണ്‌ പന്തെറിഞ്ഞത്‌. തന്റെ പ്രിയപ്പെട്ട മൈതാനത്ത്‌ മൂന്ന്‌ വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. മൊഹലി ടെസ്‌റ്റിലുടെ അരങ്ങേറ്റം ഗംഭീരമാക്കിയ മിശ്രക്ക്‌ രണ്ട്‌ വിക്കറ്റുണ്ട്‌. ആദ്യ രണ്ട്‌ ടെസ്റ്റിലും ടീമിനായി മികവ്‌ പ്രകടിപ്പിച്ച പേസര്‍മാരായ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മ്മക്കും ഇരകളെ ലഭിച്ചില്ല.
കാര്യമായ സംഭവങ്ങളൊന്നും ഇന്നലെ കോട്‌ലയിലുണ്ടായിരുന്നില്ല. മല്‍സരത്തിന്റെ ആദ്യദിനം ഗാംഭീറും വാട്ട്‌സണും ഉടക്കിയതും മൂന്നാം ദിവസം തേനിച്ചകള്‍ കളി മുടക്കിയതുമെല്ലാം വാര്‍ത്തകളായെങ്കില്‍ നാലാം ദിനത്തില്‍ ഇഷാന്ത്‌ വിട്ടുകളഞ്ഞ ഒരു റെഗുലേഷന്‍ ക്യാച്ചായിരുന്നു സംസാരവിഷയം. ആദ്യ സെഷനില്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ 21 ല്‍ നില്‍ക്കുമ്പോള്‍ അമിത്‌ മിശ്രയുടെ ബൗളിംഗില്‍ ഇഷാന്തിന്‌ സുഖകരമായ ഒരവസരം ലഭിച്ചിരുന്നു. എളുപ്പത്തില്‍ പിടിക്കാനാവുന്ന പന്ത്‌ പക്ഷേ ഇഷാന്തിന്റെ കൈകളില്‍ നിന്ന്‌ വഴുതി. ഈ ഭാഗ്യത്തില്‍ സെഞ്ച്വറിയിലൂടെ ടീമിനെ രക്ഷിക്കാന്‍ ക്ലാര്‍ക്കിനായി. മിശ്രക്ക്‌ മൊഹാലിയില്‍ പ്രകടിപ്പിച്ച താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. പലപ്പോാഴും ക്ലാര്‍ക്കിന്റെ പാഡിലേക്ക്‌ പന്ത്‌ നല്‍കി ശിക്ഷയും വാങ്ങി. ഇഷാന്ത്‌ ക്യാച്ച്‌ വിട്ടുകളഞ്ഞതിനൊപ്പം ബൗളര്‍ എന്ന നിലയിലും കൃത്യത കാണിച്ചില്ല. ഇടത്‌ കൈവിരലില്‍ പതിനൊന്ന്‌ സ്‌റ്റിച്ചുമായി പന്തെറിഞ്ഞ കുംബ്ലെക്ക്‌ അനുകൂലമായി രണ്ട്‌ എല്‍.ബി വിധി നല്‍കാന്‍ അമ്പയര്‍
മാര്‍ മടിച്ചപ്പോള്‍ ഇന്നലെ ആദ്യ വിക്കറ്റ്‌ സേവാഗിനായിരുന്നു. വാട്ട്‌സണെ ലെഗ്‌ സൈഡില്‍ ധോണി പിടികൂടി. തുടര്‍ന്ന്‌ രണ്ട്‌ വട്ടം കൂടി ക്ലാര്‍ക്‌ രക്ഷപ്പെടുന്നത്‌ കണ്ടു. അതിനിടെ കാമറൂണ്‍ വൈറ്റിനെ പുറത്താക്കി സേവാഗ്‌ അഞ്ച്‌ തികച്ചു. വൈറ്റ്‌ 44 റണ്‍സാണ്‌ വാലറ്റത്ത്‌ നേടിയത്‌. ക്ലാര്‍ക്കിനൊപ്പം നിര്‍ണ്ണായകമായ 104 റണ്‍സ്‌ പാര്‍ട്ട്‌ണര്‍ഷിപ്പും പടുത്തുയര്‍ത്തി. ചായക്ക്‌ തൊട്ട്‌ മുമ്പ്‌ ക്ലാര്‍ക്ക്‌ സെഞ്ച്വറി പൂര്‍ത്തിയാക്കി. 219 പന്തില്‍ നിന്നായിരുന്നു ആ നേട്ടം.
വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്റെ വിക്കറ്റാണ്‌ കുംബ്ലെക്ക്‌ ആദ്യം ലഭിച്ചത്‌. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ മൂന്ന്‌ മാസത്തെ കാത്തിരിപ്പിന്‌ ശേഷം ഇന്ത്യന്‍ നായകന്‌ ലഭിക്കുന്ന ആദ്യ വിക്കറ്റ്‌ കൂടിയായിരുന്നു ഇത്‌. ശ്രീലങ്കന്‍ പര്യടനത്തില്‍ നിരാശപ്പെടുത്തിയ കുംബ്ലെക്ക്‌ ബാംഗ്ലൂര്‍ ടെസ്‌റ്റില്‍ വിക്കറ്റ്‌ ലഭിച്ചിരുന്നില്ല. മൊഹാലി ടെസ്റ്റില്‍ പരുക്ക്‌്‌ കാരണം കളിക്കാനും കഴിഞ്ഞില്ല.


തേര്‍ഡ്‌ ഐ
2006 ഡിസംബറില്‍ അഡലെയ്‌ഡ്‌ ഓവലില്‍ നടന്ന ആഷസ്‌ പരമ്പരയിലെ രണ്ടാം ടെസ്റ്റ്‌ മറക്കാനാവില്ല. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ പോള്‍ കോളിംഗ്‌വുഡിന്റെ ഡബിള്‍ സെഞ്ച്വറിയിലും (206), കെവിന്‍ പീറ്റേഴ്‌സന്റെ സെഞ്ച്വറിയിലും (158) ഒന്നാം ഇന്നിംഗ്‌സില്‍ വാരിക്കൂട്ടിയത്‌ 551 റണ്‍സ്‌. ഓസ്‌ട്രേലിയ മറുപടിയില്‍ 513 റണ്‍സ്‌ വരെയെത്തി. റിക്കി പോണ്ടിംഗും (142), മൈക്കല്‍ ക്ലാര്‍ക്കും (124), മൈക്ക്‌ ഹസിയുമാണ്‌ (91) ഓസീസ്‌ തിരിച്ചടിക്ക്‌ നേതൃത്ത്വം നല്‍കിയത്‌. മല്‍സരം നാലാം ദിവസം പിന്നിടുമ്പോള്‍ സമനില ഉറപ്പായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട്‌ വിക്കറ്റ്‌ മാത്രമായിരുന്നു ഇംഗ്ലണ്ടിന്‌ നഷ്ടമായത്‌. പക്ഷേ അവസാന ദിവസത്തില്‍ ഓസീസ്‌ ബൗളര്‍മാര്‍ അരങ്ങ്‌ തകര്‍ത്തു-ഇംഗ്ലണ്ടുകാര്‍ 129 റണ്‍സില്‍ എല്ലാവരും പുറത്തായി. നാല്‌ വിക്കറ്റ്‌ നേടിയ ഷെയിന്‍ വോണായിരുന്നു അന്തകന്‍. അവസാന ദിവസം ബാക്കിസമയത്ത്‌്‌ വിജയിക്കാനാവശ്യമായ 168 റണ്‍സ്‌ ഓസീസുകാര്‍ അനായാസം അടിച്ചെടുത്തു.
കോട്‌ലയില്‍ ഇങ്ങനെയൊരു തിരിച്ചുവരവിന്‌ മാത്രുളള ബൗളിംഗ്‌ ശേഷി നിലവിലെ ഓസീസ്‌ ടീമിനില്ല . ഷെയിന്‍ വോണും കളിക്കുന്നില്ല. -പക്ഷേ ഇന്ത്യ ശ്രദ്ധിക്കണം. രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട്‌ വിക്കറ്റുകള്‍ ഇന്ത്യക്ക്‌ നഷ്ടമായിട്ടുണ്ട്‌. ജയിക്കാന്‍ താല്‍പ്പര്യമില്ലെന്നും സമനില തന്നെയാണ്‌ ലക്ഷ്യമെന്നും വ്യക്തമാക്കിയാണ്‌ ഇന്ത്യ ഇന്നലെ നൈറ്റ്‌ വാച്ച്‌മാനായി ഇഷാന്തിനെ വിട്ടത്‌. മല്‍സരം സമനിലയില്‍ അവസാനിക്കുമെന്ന്‌ ഏറെക്കുറെ ഉറപ്പായിരിക്കെ വെറുതെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ്‌ പരമ്പരയില്‍ നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ ഓസ്‌ട്രേലിയക്കാരെ അനുവദിക്കരുത്‌. ഇന്നത്തെ ദിവസം ബാറ്റിംഗ്‌ പ്രാക്ടീസിന്‌ ഉപയോഗിക്കുകയായിരിക്കും നല്ലത്‌-പ്രത്യേകിച്ച്‌ രാഹുല്‍ ദ്രാവിഡിനെ പോലുളളവര്‍ക്ക്‌. പരമ്പരയില്‍ ഇത്‌ വരെ വലിയ സ്‌ക്കോര്‍ നേടാന്‍ കഴിയാത്ത ഏക സ്‌പെഷ്യലിസ്റ്റ്‌ ബാറ്റ്‌സ്‌മാന്‍ ദ്രാവിഡാണ്‌. അദ്ദേഹത്തിന്‌ പൊരുതിനില്‍ക്കാനാവും. സേവാഗിനെ ഇന്നലെ ഒരു തരത്തിലും കുറ്റം പറയാനാവില്ല. ഇന്ത്യന്‍ ഒന്നാം ഇന്നിംഗ്‌സില്‍ നാല്‍പ്പത്‌ ഓവറുകളാണ്‌ അദ്ദേഹം ബൗള്‍ ചെയ്‌തത്‌. അഞ്ച്‌ വിക്കറ്റുകളും സ്വന്തമാക്കി. ക്ഷീണിതനായാണ്‌ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ്‌ ചെയ്യാന്‍ അദ്ദേഹമെത്തിയത്‌-ബ്രെട്ട്‌ ലീയുടെ വേഗതയേറിയ പന്തില്‍ പുറത്തുമായി.
കോട്‌ലയിലെ വിക്കറ്റ്‌ ഈ വിധം ബാറ്റ്‌സ്‌മാന്മാരെ തുണച്ചിട്ടുളള ചരിത്രമില്ല. സ്‌പിന്നര്‍മാര്‍ക്ക്‌ അവസരം നല്‍കിയിട്ടുളള പിച്ചില്‍ ഇന്നലെയും പ്രകടമായി കണ്ടത്‌ ഹര്‍ഭജന്‍ സിംഗിന്റെ അഭാവമായിരുന്നു. മൈക്കല്‍ ക്ലാര്‍ക്കിന്റെ സെഞ്ച്വറിയെ മറക്കാനാവില്ല. ഇന്നലെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നിലംപതിച്ചിട്ടും ഓസീസ്‌ വൈസ്‌ ക്യാപ്‌റ്റന്‍ അടിയുറച്ച്‌ നിന്നു. തുടക്കത്തില്‍ മിശ്രയുടെ പന്തില്‍ ക്ലാര്‍ക്‌ നല്‍കിയ അനായാസ അവസരം ഇഷാന്ത്‌ ശര്‍മ മിഡ്‌വിക്കറ്റില്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തിലാവുമായിരുന്നു. ഈ അവസരം മാത്രമല്ല സെഞ്ച്വറിക്ക്‌ മുമ്പ്‌ രണ്ട്‌ തവണ കൂടി ക്ലാര്‍ക്‌ അവസരം നല്‍കിയിരുന്നു. ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെ പോലുളളവരെ ടീമില്‍ നിന്ന്‌ അകറ്റിയതില്‍ തനിക്കും പങ്കുണ്ടെന്ന തിരിച്ചറിവില്‍ സമ്മര്‍ദ്ദത്തിലാണ്‌ ക്ലാര്‍ക്ക്‌ കളിച്ചതും പൊരുതിയതും.
കോട്‌ലയില്‍ തോറ്റിരുന്നുവെങ്കില്‍ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയിലേക്ക്‌ തിരിച്ചുവരാന്‍ ഓസീസുകാര്‍ക്ക്‌ കഴിയില്ലായിരുന്നു. ഇനിയിപ്പോള്‍ പ്രതീക്ഷയുണ്ട്‌-നാഗ്‌പ്പൂര്‍ ടെസ്‌റ്റില്‍ ജയിച്ചാല്‍ പരമ്പരയില്‍ സമനില നേടുകയും ഒപ്പം ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്തുകയും ചെയ്യാം. ഇന്ത്യയില്‍ നിന്ന്‌ ഗൗതം ഗാംഭീറിനെ പോലുളളവരെ അകറ്റാനും ഓസീസുകാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗൗതം ഗാംഭീര്‍-ബി-വാട്ട്‌സണ്‍-206, വിരേന്ദര്‍ സേവാഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ലീ-1, രാഹുല്‍ ദ്രാവിഡ്‌-സി-ഹെയ്‌ഡന്‍-ബി-ജോണ്‍സണ്‍-11, സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സി-ഹാദ്ദീന്‍-ബി-ജോണ്‍സണ്‍-68, വി.വി.എസ ലക്ഷ്‌മണ്‍-നോട്ടൗട്ട്‌-200, സൗരവ്‌ ഗാംഗുലി-സി-പോണ്ടിംഗ്‌-ബി-കാറ്റിച്ച്‌-5, മഹേന്ദ്രസിംഗ്‌ ധോണി-സി-ഹാദ്ദീന്‍-ബി-വാട്ട്‌സണ്‍-27, അനില്‍ കുംബ്ലെ-എല്‍.ബി.ഡബ്ല്യൂ-ബി-ജോണ്‍സണ്‍-45, സഹീര്‍ഖാന്‍-നോട്ടൗട്ട്‌-28.എക്‌സ്‌ട്രാസ്‌-22, ആകെ ഏഴ്‌ വിക്കറ്റിന്‌ 613 ഡിക്ലയേര്‍ഡ്‌. വിക്കറ്റ്‌ പതനം: 1-5 (സേവാഗ്‌), 2-27 (ദ്രാവിഡ്‌), 3-157 (സച്ചിന്‍), 4-435 (ഗാംഭീര്‍), 5-444 (സൗരവ്‌), 6-481 (ധോണി), 7-579 (കുംബ്ലെ). ബൗളിംഗ്‌: ബ്രെട്ട്‌ ലീ 30-2-119-1, സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌ 33-9-69-0, ജോണ്‍സണ്‍ 32-4-142-3, വാട്ട്‌സണ്‍ 20-4-66-2, കാമറൂണ്‍ വൈറ്റ്‌ 15-1-73-0, മൈക്കല്‍ ക്ലാര്‍ക്ക്‌ 14-0-59-0, കാറ്റിച്ച്‌ 15-3-60-1, പോണ്ടിംഗ്‌ 2-0-11-0
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌: ഹെയ്‌ഡന്‍ -എല്‍.ബി.ഡബ്ല്യൂ-ബി-സേവാഗ്‌-83, കാറ്റിച്ച്‌-ബി-മിശ്ര-64, റിക്കി പോണ്ടിംഗ്‌-ബി-സേവാഗ്‌-87,മൈക്‌ ഹസി-ബി-സേവാഗ്‌-53, മൈക്കല്‍ ക്ലാര്‍ക്‌-സി-സഹീര്‍-ബി-മിശ്ര-112 ഷെയിന്‍ വാട്ട്‌സണ്‍-ബി-സേവാഗ്‌-36, ഹാദ്ദിന്‍-സ്റ്റംമ്പ്‌ഡ്‌ ധോണി-ബി-കുംബ്ലെ-17, ക്രെയിഗ്‌ വൈറ്റ്‌-ബി-സേവാഗ്‌-44, ബ്രെട്ട്‌ ലീ -എല്‍.ബി.ഡബ്ല്യൂ-ബി-കുംബ്ലെ-8, മിച്ചല്‍ ജോണ്‍സണ്‍-സി ആന്‍ഡ്‌ ബി-കുംബ്ലെ-15, ക്ലാര്‍ക്ക്‌-നോട്ടൗട്ട്‌്‌-1, എക്‌സ്‌ട്രാസ്‌ 57, ആകെ 179.3 ഓവറില്‍ 577 . വിക്കറ്റ്‌ പതനം: 1-123 (കാറ്റിച്ച്‌), 2-202 (ഹെയ്‌ഡന്‍), 3-284 (പോണ്ടിംഗ്‌), 4-326 (ഹസി), 5-399 (വാട്ട്‌സണ്‍), 6-426 (ഹാദ്ദിന്‍), 7-532 (വൈറ്റ്‌), 8-555 (ലീ), 9-567 (ക്ലാര്‍ക്ക്‌), 10-577 (ജോണ്‍സണ്‍)
ബൗളിംഗ്‌: സഹീര്‍ 23-5-86-0, ഇഷാന്ത്‌ 25-5-84-0, കുംബ്ലെ 43.3-9-112-3 മിശ്ര 47-12-144-2, സേവാഗ്‌ 40-9-104-5, സച്ചിന്‍ 1-0-2-0
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-നോട്ടൗട്ട്‌-21, സേവാഗ്‌-ബി-ലീ-16, ഇഷാന്ത്‌-സി-പോണ്ടിംഗ്‌-ബി-ക്ലാര്‍ക്ക്‌-1, രാഹുല്‍ ദ്രാവിഡ്‌-നോട്ടൗട്ട്‌-5, എക്‌സ്‌ട്രാസ്‌ -0, ആകെ 13 ഓവറില്‍ രണ്ട്‌ വിക്കറ്റിന്‌ 43. വിക്കറ്റ്‌ പതനം: 1-29 (സേവാഗ്‌), 2-34 (ഇഷാന്ത്‌). ബൗളിംഗ്‌: ലീ 6-1-19-1, ക്ലാര്‍ക്ക്‌ 5-2-16-1, മൈക്കല്‍ ക്ലാര്‍ക്ക്‌ 1-0-3-0, കാറ്റിച്ച്‌ 1-0-5-0

സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിലും ചുവപ്പ്‌
കോഴിക്കോട്‌: കായിക ഭരണത്തിന്റെ ആസ്ഥാനമായ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളിലും ഇനി ചുവപ്പന്‍ പതാക.... രാഷ്ട്രീയവും സ്വജനപക്ഷപാതവും കായികമേഖലയില്‍ പാടില്ലെന്നും സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിന്റെ താവളങ്ങളായി സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകള്‍ മാറണമെന്നും വ്യക്തമാക്കിയ കായികമന്ത്രി എം.വിജയകുമാറിനെ സാക്ഷിയാക്കിയാണ്‌ സ്‌പോര്‍ട്‌സ്‌ മേഖലയില്‍ സമ്പൂര്‍ണ്ണ രാഷ്ട്രീയവല്‍ക്കരണം നടന്നിരിക്കുന്നത്‌. സംസ്ഥാന നിയമസഭ 2000 ത്തില്‍ അംഗീകരിച്ച സംസ്ഥാന സ്‌പോര്‍ട്‌സ്‌ നിയമത്തിന്റെ പിന്‍ബലത്തിലാണ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളിലേക്ക്‌ എട്ട്‌ വര്‍ഷത്തെ വലിയ ഇടവേളക്ക്‌ ശേഷം തെരഞ്ഞെടുപ്പ്‌ നടന്നത്‌.
ഒക്‌ടോബര്‍ 31 ന്‌ പതിനാല്‌ ജില്ലകളിലും തെരഞ്ഞെടുപ്പ്‌ നാടകം അരങ്ങേറി. ഇതില്‍ കോഴിക്കോട്‌, കാസര്‍ക്കോട്‌ ജിലകളിലെ ഫലം പ്രഖ്യാപിക്കുന്നത്‌ കോടതി ഇടപെടല്‍ മുലം നടന്നിട്ടില്ല. ബാക്കി പന്ത്രണ്ട്‌ ജില്ലകളിലും സി.പി.എം അനുഭാവികളാണ്‌ ജയിച്ചിരിക്കുന്നത്‌. പ്രസിഡണ്ട്‌, വൈസ്‌ പ്രസിഡണ്ട്‌, സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിലേക്കുളള നോമിനി, ആറ്‌ എക്‌സിക്യൂട്ടീവ്‌ മെമ്പര്‍മാര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ്‌ ജില്ലാതലത്തില്‍ തെരഞ്ഞെടുപ്പ്‌ നടന്നിരിക്കുന്നത്‌. ഇതില്‍ പതിനാല്‌ ജില്ലകളില്‍ നിന്നുമുളള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധികള്‍ ചേര്‍ന്നാണ്‌ സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത്‌. സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളുടെ സെക്രട്ടറിമാരെ സര്‍ക്കാരാണ്‌ ശുപാര്‍ശ ചെയ്യുക.
എല്ലാ ജില്ലകളിലും സി.പി.എം രംഗത്തിറക്കിയത്‌ രാഷ്‌ട്രീയക്കാരെയാണ്‌. കേരളാ ഒളിംപിക്‌ അസോസിയേഷനുമായി സഹകരിച്ചായിരിക്കും പാനല്‍ തയ്യാറാക്കുക എന്ന്‌ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത്‌ നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നുവെങ്കിലും ഒളിംപിക്‌ അസോസിയേഷനിലെ ആരെയും അടുപ്പിച്ചി്‌ട്ടില്ല. കേരളത്തില്‍ ദേശീയ ഗെയിംസ്‌ വരാനിരിക്കെ പാര്‍ട്ടിക്കുണ്ടാവുന്ന നേട്ടം ലക്ഷ്യമാക്കിയാണ്‌ രാഷ്ട്രീയ പാനലിനെ രംഗത്തിറക്കി വിജയിപ്പിച്ചിരിക്കുന്നത്‌. മൈതാനത്ത്‌്‌ മികവ്‌ തെളിയിച്ച ഒരു കായിക താരമോ, സംഘാടകനോ പാനലുകളില്‍ ഇല്ല. രാഷ്‌ട്രീയമായ വീതം വെപ്പില്‍ സ്‌പോര്‍ട്‌സിനെക്കുറിച്ച്‌ ഒരു ധാരണയുമില്ലാത്തവര്‍ പോലും ജയിച്ചു വന്നിട്ടുണ്ട്‌.
വിവിധ ജില്ലകളിലെ വിജയികള്‍ ഇവരാണ്‌: തിരുവനന്തപുരം-ഡി.മോഹനന്‍ പ്രസിഡണ്ട്‌, ഏ.എം.കെ നിസാര്‍ വൈസ്‌ പ്രസിഡണ്ട്‌, കരമന ഹരി-സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധി.
കൊല്ലം: ശിവരാമകൃഷ്‌ണ പിള്ള (പ്രസിഡണ്ട്‌), വൈസ്‌ പ്രസിഡണ്ടും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധിയും ഒരാളാണ്‌-എക്‌സ്‌.ഏര്‍ണസ്റ്റ്‌.
പത്തനംതിട്ട: കെ.ഐ കൊച്ചാപ്പന്‍ മാപ്പിള-പ്രസിഡണ്ട്‌, സലീം പി ചാക്കോ-വൈസ്‌ പ്രസിഡണ്ട
്‌,ജി.ബിപിന്‍-സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധി.
ആലപ്പുഴ: പ്രസിഡണ്ടും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധിയും ഒരാളാണ്‌-സജീ ചെറിയാന്‍. വൈസ്‌ പ്രസിഡണ്ട്‌ പി.ജെ ജോസഫ്‌.
കോട്ടയം: അയ്‌മനം ബാബു-പ്രസിഡണ്ട്‌,ജോണ്‍ ചെറിയാന്‍ -വൈസ്‌ പ്രസിഡണ്ട്‌, സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധി പി.ടി സൈനുദ്ദീന്‍.
എറണാകുളം: വി.എ സക്കീര്‍ ഹുസൈന്‍-പ്രസിഡണ്ട്‌്‌,പി.ഭാസ്‌ക്കരന്‍ വൈസ്‌ പ്രസിഡണ്ട്‌, സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധി- മാത്യൂ പോള്‍.
ഇടുക്കി: കെ.എല്‍ ജോസഫ്‌-പ്രസിഡണ്ട്‌, ടി.സി മാത്യൂ-വൈസ്‌ പ്രസിഡണ്ട്‌, സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധി ശരത്‌ യു നായര്‍.
തൃശൂര്‍: ഇഗ്നി മാത്യൂ -പ്രസിഡണ്ട്‌്‌, ബാബു എം പള്ളാശ്ശേരി-വൈസ്‌ പ്രസിഡണ്ട്‌, സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധി ടി.എ ജോസ്‌.
പാലക്കാട്‌: ടി.ആര്‍ അജയന്‍-പ്രസിഡണ്ട്‌, സുഭാഷ്‌ ചന്ദ്രബോസ്‌-വൈസ്‌ പ്രസിഡണ്ട്‌്‌,സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധി-ടി.എന്‍.കണ്ടമുത്തന്‍.
മലപ്പുറം:എ.ശ്രീകുമാര്‍- പ്രസിഡണ്ട്‌, എസ്‌.കെ ഉണ്ണി-വൈസ്‌ പ്രസിഡണ്ട്‌, സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധി കെ.പി അനില്‍ കുമാര്‍.
വയനാട്‌: പ്രസിഡണ്ടും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധിയും ഒരാളാണ്‌-കെ.എസ്‌ ബാബു. സതീഷ്‌ താളൂര്‍-വൈസ്‌ പ്രസിഡണ്ട്‌.
കണ്ണൂര്‍: വിനീഷ്‌-പ്രസിഡണ്ട്‌,എം.കെ നാസര്‍-വൈസ്‌ പ്രസിഡണ്ട്‌, സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധി-വി.പി പവിത്രന്‍.
കോഴിക്കോട്‌, കാസര്‍ക്കോട്‌ ജില്ലകളിലെ തെരഞ്ഞെടുപ്പ്‌ ഫലം നാളെ കോടതിക്ക്‌ വിധേയമായി പ്രഖ്യാപിക്കാനാവുമെന്നാണ്‌ കരുതുന്നത്‌. നിലവില്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ പ്രസിഡണ്ടായ ടി.പി ദാസന്‍ കോഴിക്കോട്ട്‌ നിന്നും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധിയായി മല്‍സരിക്കുന്നുണ്ട്‌.
2000 ത്തിലെ സ്‌പോര്‍ട്‌സ്‌ നിയമ പ്രകാരം സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഭരണം സമ്പൂര്‍ണ്ണമായും രാഷ്‌ട്രീയ വിമുക്തമാക്കണമെന്നാണ്‌. പക്ഷേ നിമത്തിന്‌ നേര്‍വീപരിതമായാണ്‌ കാര്യങ്ങള്‍ നടന്നിരിക്കുന്നത്‌. ഇത്‌ വരെ ്‌സപോര്‍ട്‌സ്‌ കൗണ്‍സിലുകളുടെ പ്രസിഡണ്ടുമാര്‍ അതത്‌ ജില്ലകളിലെ കലക്ടര്‍മാരായിരുന്നു. ഇപ്പോള്‍ പ്രസിഡണ്ട്‌ പദവി രാഷ്ട്രീയ നേതാക്കള്‍ക്ക്‌ ലഭിച്ചതോടെ ടീം തെരഞ്ഞെടുപ്പ്‌ മുതല്‍ കായിക കാര്യങ്ങളില്ലെല്ലാം സജീവ രാഷ്‌ട്രീയ ഇടപെടലുണ്ടാവും.
രഹസ്യ ബാലറ്റ്‌ സമ്പ്രദായത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ പറഞ്ഞിരുന്നത്‌. പക്ഷേ ഒക്‌ടോബര്‍ 25 ലെ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം ബാലറ്റില്‍ വോട്ടര്‍മാര്‍ പേരെഴുതണമെന്ന നിബന്ധന വന്നു. ആരെല്ലാം ആര്‍ക്കെല്ലാം വോട്ട്‌ നല്‍കി എന്ന്‌ തിരിച്ചറിയാനാണ്‌ അടിയന്തിര പ്രാബല്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറക്കിയത്‌. നോമിനേറ്റഡ്‌ അംഗങ്ങള്‍ക്ക്‌ വോട്ടവകാശം നല്‍കിയതും രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാനാണ്‌. കേരളത്തിനും രാജ്യത്തിനുമായെല്ലാം മല്‍സരിച്ച താരങ്ങളും പരിശീലകരും സംഘാടകരുമെല്ലാം ഇപ്പോള്‍ പടിക്ക്‌്‌ പുറത്താണ്‌. അവര്‍ ഇനി രാഷ്‌ട്രീയക്കാരുടെ ദയ കാക്കണം. സ്‌ക്കൂള്‍ ഭരണത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഇടപെടാനുളള ബേബി പരിഷ്‌ക്കാരം പോലെയാണ്‌ കായികരംഗത്ത്‌ രാഷ്‌ട്രീയ പ്രസരത്തിന്‌ വിജയകുമാര്‍ അവസരം നല്‍കിയിരിക്കുന്നത്‌.

ബോംബ്‌ വേണ്ടെന്ന്‌ മോഡി
ന്യൂഡല്‍ഹി: ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവനും പ്രമുഖ ക്രിക്കറ്ററുമായ അര്‍ജുന രണതുംഗെക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വീണ്ടും ആഞ്ഞടിക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിനെതിരെ പൊട്ടിക്കുന്ന നുണ ബോംബുകള്‍ ഉപേക്ഷിക്കാനാണ്‌ രണതുംഗെയോട്‌ ഐ.പി.എല്‍ ചെയര്‍മാന്‍ കൂടിയായ ബി.സി.സി.ഐ വൈസ്‌ പ്രസിഡണ്ട്‌ ലളിത്‌ മോഡി ആവശ്യപ്പെടുന്നത്‌. ഐ.പി.എല്‍ പ്രലോഭനത്തില്‍ ലങ്കന്‍ താരങ്ങള്‍ വീണത്‌ മൂലം ലങ്കന്‍ ബോര്‍ഡിന്‌ മൂന്ന്‌ കോടിയുടെ നഷ്ടമുണ്ടെന്ന്‌ കഴിഞ്ഞ ദിവസം രണതുംഗെ പറഞ്ഞിരുന്നു. ഇതാണ്‌ മോഡിയെ പ്രകോപിതനാക്കിയത്‌. ഐ.പി.എല്‍ മല്‍സരങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ ലങ്കയുടെ ഇംഗ്ലണ്ട്‌ പര്യടനം മാറ്റിയിരുന്നു. ഈ മാറ്റത്തില്‍ ലങ്കക്ക്‌ പറ്റിയ നഷ്‌ടങ്ങള്‍ നികത്താന്‍ ഇന്ത്യ സഹായം നല്‍കാമെന്ന്‌ പറഞ്ഞെങ്കിലും അത്‌ സ്വീകരിക്കാന്‍ രണതുംഗെ താല്‍പ്പര്യമെടുത്തിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡും ലങ്കന്‍ താരങ്ങളും തമ്മില്‍ നല്ല ബന്ധം നിലനില്‍ക്കുന്നതിനാല്‍ രണതുംഗെയുടെ പരാമര്‍ശങ്ങള്‍ കാര്യമാക്കുന്നില്ലെന്ന്‌ മോഡി പറഞ്ഞു.

നാട്ടുപച്ച
കോഴിക്കോട്‌ ആസ്ഥാനമായി പുതിയ ഓണ്‍ലൈന്‍ മാഗസിന്‍ നാട്ടുപച്ച. യുവ എഴുത്തുകാരി മൈന ഉമൈബാന്‍ എഡിറ്ററായുള്ള നാട്ടുപച്ചയുടെ പ്രകാശനം ചലച്ചിത്ര സംവിധായകനായ രണ്‍ജിത്‌ നിര്‍വഹിച്ചു. ആധുനികതയുട പാതയില്‍ അതിവേഗം സഞ്ചരിക്കുന്ന മാധ്യമ ലോകത്ത്‌ മലയാളത്തിന്റെ സ്വന്തമായ മുഖമാണ്‌ നാട്ടുപച്ചയിലുടെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്‌. മലയാളത്തില്‍ ഇത്‌ വരെ ഒരു സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മാഗസിന്‍ വന്നിട്ടില്ല. ലോകത്തിന്റെ ഏത്‌ കോണിലുമുളള മലയാളിക്ക്‌ വായിക്കാനും വാര്‍ത്തകളും അവലോകനങ്ങളും കാഴ്‌ച്ചപ്പാടുകളും അറിയാനാണ്‌ നാട്ടുപച്ച ഒരുക്കിയിരിക്കുന്നത്‌. പ്രകാശന ചടങ്ങില്‍ പ്രമുഖ വാഗ്‌മി സിവിക്‌ ചന്ദ്രന്‍, കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്‌ സെക്രട്ടറിയും കായിക കോളമിസ്‌റ്റുമായ കമാല്‍ വരദൂര്‍, ഖില്‍ബാന്‍ ഫുഡ്‌സ്‌ എം.ഡി ഖാദര്‍, പ്രദീപ്‌, മൈന ഉമൈബാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചാനല്‍ വ്യൂ
ഇന്ത്യാവിഷനിലെ വോട്ട്‌ ആന്‍ഡ്‌ ടോക്ക്‌ പരിപാടിയില്‍ ഈയിടെ ഒരു നാളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം കെ.വി തോമസ്‌ എന്ന കോണ്‍ഗ്രസ്സ്‌ നേതാവ്‌ മുസ്ലീം വിരോധിയാണോ എന്നതായിരുന്നു.... പാവം തോമസച്ചായന്‍ ബംഗ്ലാദേശില്‍ നിന്നുളള വിവാദ എഴുത്തുകാരി തസ്ലീമ നസ്രീനുമൊത്ത്‌ ഡല്‍ഹിയില്‍
വെച്ച്‌ ഒരു ചായ കുടിച്ചു. സംഭവം ഇന്ത്യാവിഷന്റെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ കണ്ടു. അതോടെ അത്‌ വലിയ ചര്‍ച്ചാ വിഷയമായി. രാഷ്ട്രീക്കാരനായ ഒരാള്‍ ഒരു എഴുത്തുകാരിയെ കണ്ടതും സംസാരിച്ചതും എങ്ങനെ മുസ്ലിം വിരോധമാവും എന്ന ധൈര്യത്തോടെ അവതാരകനോട്‌ ചോദിക്കാന്‍ പക്ഷേ ആര്‍ക്കും ധൈര്യമുണ്ടായില്ല. കോണ്‍ഗ്രസ്സിലെ പഴയ ഒരു മുസ്ലീം നേതാവ്‌ കൂളിംഗ്‌ ഗ്ലാസെല്ലാം ഫിറ്റ്‌ ചെയ്‌ത്‌ ചര്‍ച്ചക്കെത്തി-കൂട്ടിന്‌ ചില തല്‍പ്പരകക്ഷികളും. 24 മണിക്കൂറും വാര്‍ത്തകള്‍ വാഗ്‌ദാനം ചെയ്യുന്ന ചാനലിന്‌ അങ്ങനെ തോമസച്ചായന്‍ അര മണിക്കൂര്‍ ചര്‍ച്ചയായി. ആരെന്ത്‌ നേടി എന്ന്‌ മാത്രം ചോദിക്കരുത്‌-എല്ലാം വാര്‍ത്തയാവുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറുമായി എന്‍.ഡി.ടി.വി നടത്തിയ മുഖാമുഖമായിരുന്നു ചാനവല്‍ സംഭവങ്ങളില്‍ പോയ വാരത്തില്‍ പ്രധാനം. മൊഹാലിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‌റ്റ്‌ പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി വിന്‍ഡീസുകാരന്‍ ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ്‌ തകര്‍ത്തതിന്‌ ശേഷമായിരുന്നു സച്ചിനുമായുളള ചര്‍ച്ച. പല കാര്യങ്ങളും സച്ചിന്‍ തുറന്ന്‌ പറഞ്ഞു. പൊതുവെ ശാന്ത സ്വഭാവിയും മിതഭാഷിയുമായ സച്ചിന്‍ സൗരവ്‌ ഗാംഗുലിയുടെ റിട്ടയര്‍മെന്റ്‌ കാര്യം പോലും അറിയിച്ചിരുന്നില്ല എന്ന്‌ വെളിപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അണിയറ നാടകങ്ങളുടെ വെളിച്ചമാണ്‌ ലോകം മനസ്സിലാക്കിയത്‌. സീനിയര്‍ താരങ്ങളോട്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നീതി കാണിക്കുന്നില്ലെന്നും സീനിയര്‍ താരങ്ങളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നുമുളള പരാതിയും സച്ചിനുണ്ടായിരുന്നു. അഭിമുഖം വലിയ വാര്‍ത്തയായി....

സ്‌ട്രിംഗ്‌ ഓപ്പറേഷന്‍ കാലം കഴിഞ്ഞിട്ടില്ലെന്ന്‌ തെളിയിച്ച്‌ ഏഷ്യാനെറ്റ്‌ ഒരു വില്ലേജ്‌ ഓഫീസറുടെ തനിനിറം പുറത്ത്‌ കൊണ്ടുവന്നു. നിലമ്പൂരിനടുത്ത അകമ്പാടം വില്ലേജ്‌ ഓഫീസര്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിന്‌ 5000 രൂപ കൈക്കൂലി വാങ്ങുന്ന സുന്ദരമായ കാഴ്‌ച്ച ജനത്തിന്‌ സമ്മാനിച്ചത്‌ ഏഷ്യാനെറ്റിന്റെ കോഴിക്കോട്‌ റിപ്പോര്‍ട്ടറായ ഷാജഹാനാണ്‌. പണം വാങ്ങുന്ന ദൃശ്യങ്ങള്‍ ഒളി ക്യാമറ മനോഹരമായി പകര്‍ത്തി. പണം വാങ്ങിയതാവട്ടെ സര്‍ക്കാര്‍ ആപ്പിസുകള്‍ക്ക്‌ അവധിയുളള ഞായറാഴ്‌ച്ചയും. വില്ലേജ്‌ ഓഫീസര്‍മാര്‍ മാത്രല്ല സകല കൈക്കൂലി വിദഗ്‌ദ്ധരും ജാഗ്രതൈ...

കൊച്ചി ആസ്ഥാനമായി മെട്രോ വാര്‍ത്ത എന്ന ഫാരിസ്‌ അബൂബക്കറിന്റെ ടാബ്ലോയിഡ്‌ പ്രസിദ്ധീകരണം ആരംഭിച്ചത്‌ പിപ്പിള്‍ ചാനല്‍ വാര്‍ത്തയാക്കി. പത്രത്തിന്റെ പിന്നണിക്കാരില്‍ ഒന്നാമനായ രണ്‍ജി പണിക്കരെ ക്രോസ്‌ വിസ്‌താരം ചെയ്യാന്‍ വാര്‍ത്താവതാരകനായ ശരത്‌ പ്രകടിപ്പിച്ച ധൈര്യത്തെ അഭിനന്ദിക്കണം. മുഖപ്രസംഗത്തിലെ വരികള്‍ അടര്‍ത്തിയെടുത്താണ്‌ പണിക്കരുടെ മനസ്സിലിരുപ്പിനെ ശരത്‌ പുറത്ത്‌ കൊണ്ടുവന്നത്‌.

ആഴ്‌സനലിന്‌ തോല്‍വി,ചെല്‍സിക്ക്‌ ജയം
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങളില്‍ കരുത്തരായ ആഴ്‌സനലിന്‌ പരാജയം. സ്റ്റോക്ക്‌ സിറ്റിയാണ്‌ ഗണ്ണേഴ്‌സിനെ രണ്ട്‌ ഗോളിന്‌ മറിച്ചിട്ടത്‌. എവര്‍ട്ടണ്‍ ഒരു ഗോളിന്‌ ഫുള്‍ഹാമിനെ പരാജയപ്പെടുത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സി സുതര്‍ലാന്‍ഡിനെ അഞ്ച്‌ ഗോളിന്‌ കശക്കി. അവസാന റിപ്പോര്‍ട്ട്‌ ലഭിക്കമ്പോള്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ അട്ടിമറീ വീരന്മാരായ ഹള്‍ സിറ്റിക്കെതിരെ 4-3ന്‌ മുന്നിലാണ്‌. മിഡില്‍സ്‌ബോറോ-വെസ്‌റ്റ്‌ഹാം, പോര്‍ട്‌സ്‌മൗത്ത്‌-വിഗാന്‍ മല്‍സരങ്ങള്‍ 1-1 ലും വെസ്‌റ്റ്‌ ബ്രോം-ബ്ലാക്‌ബര്‍ണ്‍ മല്‍സരം 2-2 ലും നില്‍ക്കുന്നു. പതിനൊന്ന്‌ മല്‍സരങ്ങളില്‍ നിന്നായി 26 പോയന്റ്‌ സ്വന്തമാക്കിയ ചെല്‍സിയാണ്‌ ഇപ്പോള്‍ ടേബിളില്‍ മുന്നില്‍. പത്ത്‌ മല്‍സരങ്ങളില്‍ നിന്നായി 26 പോയന്റ്‌ സ്വന്തമാക്കിയ ലിവര്‍പൂള്‍ അര്‍ദ്ധരാത്രി ടോട്ടന്‍ഹാമിനെ എതിരിടുന്നുണ്ട്‌.

2 comments:

fahad said...

Dear Kamal,
A Small advise to you,Pls try to reduce the Paagraphs of your article.Readability will be more.
Pls don't need to put all the score board and other unwanted details.
font also very small,not at all comfortable for a easy read.
Pls edit and publish your post.
look forward.

KAMALVARADOOR said...

thanku, i will try-kamal