Tuesday, November 4, 2008

SEPT TO MALASYA


സെപ്‌റ്റിന്റെ കുട്ടിപട മലേഷ്യയിലേക്ക്‌
കോഴിക്കോട്‌: വിജയകരമായ ഗോവന്‍ പര്യടനത്തിന്‌ ശേഷം സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ എജ്യുക്കേഷന്‍ പ്രൊമോഷന്‍ ട്രസ്‌റ്റിന്റെ (സെപ്‌റ്റ്‌) കുട്ടിപട ഇന്ന്‌ മലേഷ്യന്‍ പര്യടനത്തിന്‌. നാല്‌ മല്‍സരങ്ങളാണ്‌ ടീം മലേഷ്യയില്‍ കളിക്കുന്നത്‌. ക്യാപ്‌റ്റനും മുന്‍നിരയിലെ പ്രധാനിയുമായ ഹന്നാന്‍ ജാവേദിനെ കൂടാതെയാണ്‌ ടീം രണ്ടാമത്‌ വിദേശ പര്യടനത്തിന്‌ പോവുന്നത്‌. ഗോവന്‍ പര്യടനത്തില്‍ സാല്‍ഗോക്കര്‍ അക്കാദമിക്കെതിരായ മല്‍സരത്തിനിടെ ചൂമലിന്‌ പരുക്കേറ്റ ജാവേദ്‌ വിശ്രമത്തിലാണ്‌. നാല്‌ മാസത്തെ വിശ്രമമാണ്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം നടന്ന സ്‌കാന്‍ഡിനേവിയന്‍ പര്യടനത്തിലും ഗോവന്‍ പര്യടനത്തിലും ടീമിനെ മുന്നില്‍ നിന്ന്‌ നയിച്ച തെരട്ടമലുകാരന്‌ പകരം കുടരഞ്ഞി സെന്ററിലെ പ്രേംസിംഗാണ്‌ ടീമിനെ നയിക്കുന്നത്‌. പരുക്ക്‌ കാരണം നസീര്‍, അമല്‍ ജോര്‍ജ്‌ എന്നിവരും ടീമിനൊപ്പമില്ല. നവംബര്‍ 8, 9, 11, 12 തിയ്യതികളിലാണ്‌ ടീമിന്റെ മല്‍സരങ്ങളെന്ന്‌ സെപ്‌റ്റ്‌ ചെയര്‍മാന്‍ അരുണ്‍ നാണു അറിയിച്ചു. ഇന്ന്‌ ട്രെയിന്‍ മാര്‍ഗ്ഗം ചെന്നൈയിലേക്ക്‌ തിരിക്കുന്ന ടീം വ്യാഴാഴ്‌ച്ച അവിടെ നിന്നും മലേഷ്യക്ക്‌ തിരിക്കും.
സെപ്‌റ്റിന്റെ വിവിധ ജില്ലകളിലെ സെന്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ച്‌ താരങ്ങളാണ്‌ ടീമിലുളളത്‌. വി.എ ജോസാണ്‌ ടീമിന്റെ മാനേജര്‍. എം.സി മനോജ്‌ കുമാര്‍ ടീമിനെ പരിശീലിപ്പിക്കുന്നു.
ടീം ഇതാണ്‌: ഹമീം ജമാല്‍, സജിന്‍, മുസ്‌തഫ ജാസിം (കടലുണ്ടി സെന്റര്‍), ആസില്‍, അനീസ്‌, അനു സാബിത്‌ (തെരട്ടമല്‍ സെന്റര്‍), ഫാസില്‍ റഹ്‌മാന്‍, മുഹമ്മദ്‌ ഷാഫി, ഫനസ്‌ അലി, അജീഷ്‌ (അരപ്പറ്റ സെന്റര്‍), പരമേശ്‌, ലാസിം അലി (കോഴിക്കോട്‌ സെന്റര്‍), പ്രേംസിംഗ്‌ (കൂടരഞ്ഞി സെന്റര്‍), ദേവരാജ്‌ (നടവയല്‍ സെന്റര്‍), മിഥുന്‍ (സുഗന്ധഗിരി സെന്റര്‍). ഒഫീഷ്യല്‍സ്‌-വി.എ ജോസ്‌, എം.സി മനോജ്‌ കുമാര്‍, അരുണ്‍ കുമാര്‍ നാണു, അഹമ്മദ്‌ റഫീഖ്‌.
സ്‌കാന്‍ഡിനേവിയന്‍ പര്യടനത്തില്‍ ബ്രസീലില്‍ നിന്നുമുള്‍പ്പെടെയുളള ടീമുകളെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ സെപ്‌റ്റ്‌ സംഘം ഗോവന്‍ പര്യടനത്തില്‍ ഉത്തര ഗോവയെ മൂന്ന്‌ ഗോളിനും ഗോവ സ്‌ക്കൂള്‍ ടീമിനെ 4-2നും തോല്‍പ്പിച്ചപ്പോള്‍ സാല്‍ഗോക്കറിനെതിരായ മല്‍സരത്തില്‍ സമനില വഴങ്ങിയിരുന്നു. ഈ മല്‍സരത്തിലാണ്‌ ജാവേദിന്‌ ചുമലിലെ എല്ലിന്‌ പരുക്കേറ്റത്‌. ജാവേദിന്റെ അഭാവത്തില്‍ ഗോള്‍വേട്ടക്കാരനായ അനീസിലാണ്‌ ടീമിന്റെ പ്രതീക്ഷകള്‍.
2009 മെയില്‍ ഫ്രാന്‍സില്‍ നടക്കുന്ന അണ്ടര്‍ 13 ലോക ഫുട്‌ബോള്‍ മേളയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ്‌ ഇപ്പോഴത്തെ മലേഷ്യന്‍ പര്യടനമെന്നും നിലവിലെ ഫോമില്‍ മികച്ച പ്രകടനം നടത്താന്‍ ടീമിന്‌ കഴിയുമെന്നും അരുണ്‍ നാണുവും മനോജും പറഞ്ഞു.

യൂസഫ്‌ പുറത്തേക്ക്‌
ലാഹോര്‍: കപില്‍ദേവ്‌ നേതൃത്ത്വം നല്‍കുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ (ഐ.സി.എല്‍) കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ മുഹമ്മദ്‌ യൂസഫിന്റെ രാജ്യാന്തര ഭാവി ത്രിശങ്കുവില്‍. അബുദാബിയില്‍ വിന്‍ഡിസിനെതിരെ നേരിടുന്ന പഞ്ചമല്‍സര ഏകദിന പരമ്പരക്കുളള പാക്കിസ്‌താന്‍ ടീമില്‍ അംഗമായിട്ടും പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ അനുമതി തേടാതെ യൂസഫ്‌ ഇന്ത്യയിലേക്ക്‌ തിരിച്ചത്‌ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ പി.സി.ബി വ്യക്തമാക്കിയിട്ടുണ്ട്‌. യൂസഫ്‌ ഐ.സി.എല്ലുമായി കരാര്‍ ഒപ്പിടുന്നപക്ഷം അദ്ദേഹത്തെ ദേശീയ ടീമില്‍ നിന്ന്‌ പുറത്താക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
2007 ല്‍ പി.സി.ബി യെ കാര്യമാക്കാതെ ഐ.സി.എല്ലില്‍ കളിക്കാന്‍ കരാര്‍ ഒപ്പിട്ട താരമാണ്‌ യൂസഫ്‌. ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ 20-20 ലോകകപ്പ്‌ ക്രിക്കറ്റിനുളള പാക്കിസ്‌താന്‍ സംഘത്തില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരന്നു അന്ന്‌ യൂസഫ്‌ ഇന്ത്യയില്‍ കളിക്കാനെത്തിയത്‌. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തില്‍ പി.സി.ബി യൂസഫിനെ ഐ.സി.എല്ലില്‍ കളിക്കുന്നതില്‍ നിന്ന്‌ തടയുകയും ബി.സി.സി.ഐ നടത്തിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍) കളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തു. ഐ.പി.എല്‍ വന്‍ തുകയാണ്‌ യൂസഫിന്‌ വാഗ്‌ദാനം ചെയ്‌തത്‌. തങ്ങളുമായി കരാര്‍ ഒപ്പിട്ട യൂസഫിനെ ഐ.പി.എല്ലില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന്‌ പറഞ്ഞ്‌ ഐ.സി.എല്‍ അധികാരികള്‍ കോടതി കയറിയതിനെ തുടര്‍ന്ന്‌ യൂസഫിന്‌ രണ്ട്‌ ലീഗും നഷ്ടമായിരുന്നു. പി.സി.ബിയുമായി തുടര്‍ന്ന്‌ നടത്തിയ അനുരജ്ഞന ചര്‍ച്ചയില്‍ ദേശീയ ടീമിനൊപ്പം സഹകരിക്കാന്‍ തീരുമാനിച്ച യൂസഫ്‌ ഇപ്പോള്‍ വീണ്ടും ഇടഞ്ഞിരിക്കുന്നത്‌ എന്തിനാണെന്ന്‌ വ്യക്തമല്ല.

ഹസി സൂപ്പര്‍ കിംഗ്‌്‌സില്‍ തന്നെ
നാഗ്‌പ്പൂര്‍: അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന 20-20 ചാമ്പ്യന്‍സ്‌ ലീഗില്‍ ഓസ്‌ട്രേലിയന്‍ താരം മൈക്‌ ഹസി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നിരയില്‍ തന്നെയുണ്ടാവും. ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌ പ്രഥമ ഐ.പി.എല്ലിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സും റണ്ണേഴ്‌സ്‌ അപ്പായ മഹേന്ദ്രസിംഗ്‌ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ്‌. ലീഗില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നത്‌ ഹസിയുടെ സ്വന്തം ടീമായ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയാണ്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ ഹസി സ്വന്തം സംസ്ഥാനത്തിനായി കളിക്കുമോ അതോ കരാര്‍ ചെയ്യപ്പെട്ട ടീമിനായി കളിക്കുമോ എന്ന ആശയക്കുഴപ്പം നിലനില്‍ക്കവെ ഇന്നലെ പ്രഖ്യാപിച്ച വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സംഘത്തില്‍ ഓസീ മധ്യനിരക്കാരനില്ല. ഒരു യുവതാരത്തിന്റെ അവസരം നിഷേധിക്കാന്‍ താനില്ലെന്നും അത്‌ കൊണ്ടാണ്‌ സൂപ്പര്‍ കിംഗ്‌സില്‍ തന്നെ തുടരുന്നതെന്നും ഹസി വ്യക്തമാക്കി. ഐ.പി.എല്ലില്‍ കളിച്ച ഷോണ്‍ മാര്‍ഷ്‌, ലുക്‌ പോമര്‍ബാഷ്‌, ലൂക്‌ റോഞ്ചി തുടങ്ങിയവര്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ടീമിലുണ്ട്‌. ഓരോ രാജ്യങ്ങളില്‍ നിന്നും ചാമ്പ്യന്മാരായ രണ്ട്‌ ടീമുകളാണ്‌ ചാമ്പ്യന്‍സ്‌ ലീഗില്‍ കളിക്കുന്നത്‌.

നോ ക്ലൂ
നാഗ്‌പ്പൂര്‍: 2004 ലെ പര്യടനത്തില്‍ ഓസ്‌ട്രേലിയക്ക്‌ വിജയം സമ്മാനിച്ച മൈതാനത്തെ റിക്കി പോണ്ടിംഗിന്‌ മറക്കാനാവില്ല.... ഫാസ്റ്റ്‌ ബൗളര്‍മാരെ നന്നായി തുണച്ച നല്ല പച്ചപ്പുളള ട്രാക്കില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക്‌ വിജയം എളുപ്പമായിരുന്നെങ്കില്‍ ഇത്തവണ മല്‍സരം നടക്കുന്നത്‌ വിദര്‍ഭ ക്രിക്കറ്റ്‌ അസോസിയേഷന്റെ പഴയ മൈതാനത്തല്ല-ജംതയിലെ പുതിയ കളിമുറ്റത്താണ്‌. പുതിയ പിച്ചും സ്‌റ്റേഡിയവുമെല്ലാം എങ്ങനെ പെരുമാറുമെന്ന ആശങ്കയില്‍ ഇന്നലെ പഴയ മൈതാനത്താണ്‌ പോണ്ടിംഗും സംഘവും പരിശീലനം നടത്തിയത്‌.
പുതിയ സ്റ്റേഡിയം ടെസ്റ്റ്‌ മല്‍സരങ്ങള്‍ക്ക്‌ അനുയോജ്യമാണെന്ന്‌ ഇന്നലെ മാച്ച്‌ റഫറി ക്രിസ്‌ ബ്രോഡ്‌ വിധിയെഴുതിയതോടെ മല്‍സരം ജംതയിലെ മൈതാനത്തായിരിക്കുമെന്നുറപ്പാണ്‌. പക്ഷേ ഇവിടെ പരിശീലന സൗകര്യം കുറവാണ്‌. അതിനാല്‍ പഴയ മൈതാനത്ത്‌ തന്നെയാണ്‌ ടീമുകളുടെ പ്രാക്ടീസ്‌. പുതിയ മൈതാനത്ത്‌ ഒന്നിലധികം പരിശീലന മല്‍സരങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്‌. എന്നാല്‍ ഇതാദ്യമായാണ്‌ ഒരു രാജ്യാന്തര മല്‍സരം 45,000 പേര്‍ക്ക്‌ ഇരിപ്പിടമുളള കൂറ്റന്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്‌. മൊഹാലിയില്‍ ഇന്ത്യയോട്‌ തകര്‍ന്ന ഓസ്‌ട്രേലിയക്ക്‌ പരമ്പരയില്‍ സമനില സ്വന്തമാക്കാന്‍ ഇവിടെ വിജയിക്കണം. വിജയിച്ചാല്‍ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താം. പക്ഷേ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല എന്നാണ്‌ മൈക്‌ ഹസിയെ പോലുളള അനുഭവസമ്പന്നര്‍ മനസ്സിലാക്കുന്നത്‌. ഇന്നലെ പരിശീലനത്തിന്‌ ശേഷം സംസാരിക്കവെ പുതിയ പിച്ചിനെക്കുറിച്ച്‌ കേട്ടറിവ്‌ മാത്രമാണെന്നും സ്‌പിന്നര്‍മാര്‍ക്കായിരിക്കും അവസരമെന്നുമാണ്‌ ഹസി അഭിപ്രായപ്പെട്ടത്‌. പരമ്പരയില്‍ ഇതിനകം 285 റണ്‍സ്‌ സ്വന്തമാക്കിയ ഹസിയാണ്‌ ഓസ്‌ട്രേലിയക്കാരുടെ മികച്ച ബാറ്റ്‌സ്‌മാന്‍.
പുതിയ മൈതാനത്താണ്‌ മല്‍സരം നടക്കുന്നത്‌ എന്ന കാര്യം ഓസ്‌ട്രേലിയയെ ആശങ്കപ്പെടുത്തുന്നില്ലെന്നാണ്‌ ഹസി പറയുന്നത്‌. ഒരു ഏകദിന പരമ്പരയില്‍ കളിക്കുമ്പോള്‍ എത്രയോ മൈതാനങ്ങളില്‍ കളിക്കുന്നുണ്ട്‌. അത്‌ പോലെയാണിത്‌. ഇന്ന്‌ ഹസിയും സീനിയര്‍ താരങ്ങളും പുതിയ മൈതാനം സന്ദര്‍ശിക്കുന്നുണ്ട്‌. എന്തായാലും ടീമില്‍ സ്‌പെഷ്യലിസ്റ്റ്‌ സ്‌പിന്നര്‍ ജാസോണ്‍ ക്രെസ്‌ജ കളിക്കുമെന്നാണ്‌ സൂചന. പരമ്പരയില്‍ ഇത്‌ വരെ ക്രെസ്‌ജക്ക്‌ അവസരം ലഭിച്ചിരുന്നില്ല. കാമറൂണ്‍ വൈറ്റ്‌ എന്ന ഓള്‍റൗണ്ടറെയാണ്‌ സ്‌പിന്നറായി ഓസ്‌ട്രേലിയ ഉപയോഗപ്പെടുത്തിയത്‌. സ്‌പിന്നര്‍മാരെ അനുകൂലിക്കുമെന്ന്‌ കരുതപ്പെടുന്ന മൈതാനത്ത്‌ സ്‌പെഷ്യലിസ്റ്റ്‌ സ്‌പിന്നറെ കളിപ്പിക്കുന്നതെന്ന്‌ ഗുണം ചെയ്യുമെന്നാണ്‌ ടീം മാനേജ്‌മെന്റ്‌ കരുതുന്നത്‌. ടാസ്‌മാനിയക്കാരനായ ക്രെസ്‌ജ 24 ഫസ്റ്റ്‌ ക്ലാസ്‌ മല്‍സരങ്ങളില്‍ നിന്നായി 43 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്‌.
ഹര്‍ഭജന്‍ കളിക്കും
നാഗ്‌പ്പൂര്‍: നാളെ ഇവിടെ ഓസ്‌ട്രേലിയക്കെതിരെ ആരംഭിക്കുന്ന നാലാം ടെസ്‌റ്റിനുളള ഇന്ത്യന്‍ സംഘത്തില്‍ ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍സിംഗ്‌ കളിക്കും. പരുക്ക്‌ കാരണം ഫിറോസ്‌ ഷാ കോട്‌ലയില്‍ സമനിലയില്‍ അവസാനിച്ച മൂന്നാം ടെസ്‌റ്റില്‍ ബാജിക്ക്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അനില്‍ കുംബ്ലെ വിരമിച്ച സാഹചര്യത്തില്‍ ഹര്‍ഭജനും അമിത്‌ മിശ്രയുമായിരിക്കും ടീമിലെ സ്‌പിന്നര്‍മാരെന്നും കുംബ്ലെക്ക്‌ പകരം ആരെയും ടീമിലെടുക്കുന്നില്ലെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ വ്യക്തമാക്കി. മിശ്രക്ക്‌ നല്ല തുടക്കമാണ്‌ മൊഹാലി ടെസ്‌റ്റില്‍ ലഭിച്ചത്‌. ഏഴ്‌ വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. കോട്‌ലയിലെ ടെസ്‌്‌റ്റില്‍ ഇന്ത്യന്‍ ഫീല്‍ഡിംഗ്‌ പിഴവുകളാണ്‌ മിശ്രയെ ചതിച്ചതെന്ന്‌ ശ്രീകാന്ത്‌ പറഞ്ഞു. മാത്യൂ ഹെയ്‌ഡന്‍ 70 ല്‍ നില്‍ക്കുമ്പോഴും സെഞ്ച്വറിക്കാരനായ മൈക്കല്‍ ക്ലാര്‍ക്ക്‌ മൂന്ന്‌ തവണയും ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവില്‍ രക്ഷപ്പെട്ടിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 613 റണ്‍സെന്ന കൂറ്റന്‍ സ്‌ക്കോര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടും ഇന്ത്യക്ക്‌ മല്‍സരം ജയിക്കാന്‍ കഴിയാതിരുന്നത്‌ ഫീല്‍ഡിംഗിലെ പിഴവുകളിലായിരുന്നു. ക്ലാര്‍ക്ക്‌ 21 ല്‍ നില്‍ക്കുമ്പോള്‍ മിശ്രയുടെ പന്തില്‍ ഉയര്‍ന്ന അവസരം ഇശാന്ത്‌ ശര്‍മ പാഴാക്കിയിരുന്നു. ഫീല്‍ഡിംഗില്‍ കൂടുതല്‍ ജാഗ്രത പാലിച്ചാല്‍ മാത്രമായിരിക്കും മല്‍സരങ്ങള്‍ ജയിക്കാനാവുകയെന്ന്‌ ശ്രീകാന്ത്‌ പറഞ്ഞു.

ഓരമില്ല
വെല്ലിംഗ്‌ടണ്‍: ഈ മാസം നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ന്യൂസിലാന്‍ഡ്‌ സംഘത്തില്‍ ഓള്‍റൗണ്ടര്‍ ജേക്കബ്‌ ഓരമുണ്ടാവില്ല. പുറം വേദന കാരണം നാട്ടില്‍ തന്നെ തങ്ങാനാണ്‌ ഓരമിന്റെ തീരുമാനം. ഓസ്‌ട്രേലിയക്കെതിരെ രണ്ട്‌ ടെസ്‌റ്റുകളാണ്‌ കിവീസ്‌ കളിക്കുന്നത്‌. ഈ പരമ്പരക്ക്‌ ശേഷം ന്യൂസിലാന്‍ഡ്‌ സ്വന്തം നാട്ടില്‍ വിന്‍ഡീസുമായി കളിക്കുന്നുണ്ട്‌. ഈ പരമ്പരയില്‍ കളിക്കാനാവുമെന്നാണ്‌ ഓള്‍റൗണ്ടറുടെ പ്രതീക്ഷ. ബംഗ്ലാദേശിനെതിരായ പരമ്പരക്കിടെയാണ്‌ ഓരമിന്‌ പുറംവേദന അനുഭവപ്പെട്ടത്‌. എം.ആര്‍.ഐ സ്‌കാനിംഗില്‍ കാര്യമായ പരുക്കുണ്ടെന്നും വ്യക്തമായിട്ടുണ്ട്‌. കുറഞ്ഞത്‌ പത്ത്‌ ദിവസമെങ്കിലും ഓരമിന്‌ ബൗള്‍ ചെയ്യാനാവില്ല. നവംബര്‍ 20 ന്‌ ബ്രിസ്‌ബെനിലും 28ന്‌ അഡലെയ്‌ഡിലുമാണ്‌ ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റുകള്‍ നടക്കുന്നത്‌. പുറം വേദന കലശലാവുന്നപക്ഷം മുപ്പതുകാരനായ ഓരമിന്‌ ബൗളിംഗ്‌ അവസാനിപ്പിക്കേണ്ടിയും വരുമെന്നാണ്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന.

മുരളിക്കെതിരെയും ഗില്ലി
സിഡ്‌നി: സച്ചിന്‍ ടെണ്ടുല്‍ക്കറെ മാത്രമല്ല, മുത്തയ്യ മുരളീധരനെയും വെറുതെ വിടുന്നില്ല ആദം ഗില്‍ക്രൈസ്‌റ്റ്‌. ട്രൂ കളേഴ്‌സ്‌ എന്ന്‌ പേരിട്ട തന്റെ ആത്മകഥയില്‍ സച്ചിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായതിന്‌ പിറകെയാണ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ സ്വന്തമാക്കിയ ലങ്കക്കാരനെതിരെ ഗില്ലി തിരിഞ്ഞിരിക്കുന്നത്‌. മുരളിയുടെ ബൗളിംഗ്‌ ആക്ഷന്‍ നിയമവിരുദ്ധമാണെന്നും ഈ കാര്യത്തില്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ ഉള്‍പ്പെടെയുളള പരമോന്നത സംഘടനകള്‍ പുലര്‍ത്തിയ അലസത ന്യായീകരിക്കാനാവില്ലെന്നുമാണ്‌ ഗില്ലി പുസ്‌തകത്തില്‍ തുറന്നടിഞ്ഞിരിക്കുന്നത്‌. മുരളിയെ ഒരിക്കലും കുറ്റം പറയാനാവില്ല. അദ്ദേഹം സ്വന്തം ശൈലിയില്‍ പന്തെറിയുന്നു. പക്ഷേ അത്‌ ക്രിക്കറ്റിന്റെ നിയമങ്ങള്‍ക്ക്‌ നിരക്കാത്ത രീതിയിലാണ്‌. എനിക്ക്‌ മുരളിയെ ഇഷ്‌ടമാണെങ്കിലും അദ്ദേഹം എറിയുന്ന പന്തുകളെ നേരിടുന്ന ബാറ്റ്‌സ്‌മാന്മാരോട്‌ സഹതാപമുണ്ട്‌. കാരണം നിയമലംഘനം നടത്തുന്ന ഒരു ബൗളര്‍ക്ക്‌ മുന്നിലാണ്‌ ബാറ്റ്‌്‌സ്‌മാന്മാര്‍ പതറുന്നത്‌. മുരളിക്ക്‌ വേണ്ടി നിയമത്തില്‍ പോലും മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗില്ലി ആരോപിക്കുന്നു.

ഗാംഭീര്‍ പുറത്ത്‌ തന്നെ
നാഗ്‌പ്പൂര്‍: ഫിറോസ്‌ ഷാ കോട്‌ലാ ടെസ്‌റ്റിലെ മോശം പെരുമാറ്റത്തിന്‌ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗാംഭീറിന്‌ മാച്ച്‌ റഫറി നല്‍കിയ ഒരു മല്‍സര വിലക്കിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കിയ അപ്പീല്‍ തള്ളി. ഗാംഭീറിന്‌ നല്‍കിയ ശിക്ഷ നിലനില്‍ക്കുമെന്ന്‌ അപ്പീല്‍ കമ്മീഷണര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഡല്‍ഹിക്കാരന്‌ നാലാം ടെസ്റ്റില്‍ കളിക്കാനാവില്ല. മൂന്നാം ടെസ്റ്റിനിടെ ബാറ്റ്‌ ചെയ്യുമ്പോള്‍ ഗാംഭീര്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്ട്‌സണെ ചുമല്‍ കൊണ്ട്‌ ഇടിച്ചിരുന്നു. ഈ കുറ്റത്തിനാണ്‌ വിലക്ക്‌ നല്‍കിയത്‌.
ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌
ഏ.ഏ.ബി-വില്ലാറയല്‍, ആഴ്‌സനല്‍-ഫെനര്‍ബാഷെ, ബാറ്റെ-സെനിത്ത്‌, സെല്‍റ്റിക്‌-മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, ഡൈനാമോ കീവ്‌-എഫ്‌.സി പോര്‍ട്ടോ, ഫിയോറന്റീന-ബയേണ്‍ മ്യൂണിച്ച്‌, ലിയോണ്‍-സ്‌റ്റിയൂവ ബുകാറസ്‌റ്റി, റയല്‍ മാഡ്രിഡ്‌-യുവന്തസ്‌

No comments: