Wednesday, November 5, 2008

NAGPUR TEST


ലണ്ടന്‍: റോമന്‍ കൊടുങ്കാറ്റില്‍ ചെല്‍സി തകര്‍ന്നു തരിപ്പണമായ ദിനത്തില്‍ സ്‌പാനിഷ്‌ കരുത്തരായ ബാര്‍സിലോണയും പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണും യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കുന്ന ആദ്യ ടീമുകളായി. വമ്പന്മാരില്‍ പലരും വിയര്‍ത്തപ്പോള്‍ ഇന്റര്‍ മിലാനെ 3-3 ല്‍ തളച്ച്‌ ഫമഗൂസ്റ്റയും ലിവര്‍പൂളിനെ 1-1 ല്‍ പിടിച്ചുനിര്‍ത്തി അത്‌ലറ്റികോ മാഡ്രിഡും പോരാട്ടവീര്യം കാണിച്ചു.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്‌ കുതിക്കുന്ന ചെല്‍സിയുടെ അമ്പരിപ്പിക്കുന്ന തോല്‍വിയായിരുന്നു ചാമ്പ്യന്‍സ്‌ ലീഗ്‌ മല്‍സരങ്ങളില്‍ ശ്രദ്ധേയമായത്‌. ഇറ്റാലിയന്‍ ലീഗില്‍ തപ്പിതടയുന്ന ഫ്രാന്‍സിസ്‌ക്കോ ടോട്ടിയുടെ റോമയെ കണക്കിന്‌ ശിക്ഷിക്കാനെത്തിയ നീലപ്പട അക്ഷരാര്‍ത്ഥത്തില്‍ വിറക്കുകയായിരുന്നു. മുപ്പത്തിനാലം മിനുട്ടില്‍ കൃസ്റ്റ്യന്‍ പനൂച്ചിയുടെ തകര്‍പ്പന്‍ ഗോളില്‍ ലീഡ്‌ നേടിയ റോമ രണ്ടാം പകുതി തുടങ്ങിയതും മിര്‍ക്കോ വുസിനിച്ചിന്റെ മികവില്‍ ലീഡുയര്‍ത്തി. പത്ത്‌ മിനുട്ടിനകം വുസിനിച്ച്‌ തന്നെ മൂന്നാം ഗോളും സ്‌ക്കോര്‍ ചെയ്‌ത കാഴ്‌ച്ചയില്‍ റോമന്‍ കാണികള്‍ അലര്‍ത്തുവിളിക്കവെ സമ്മര്‍ദ്ദത്തിന്റെ നെരിപ്പോടില്‍ നായകന്‍ ജോണ്‍ ടെറി ഇംഗ്ലീഷ്‌പ്പടയുടെ ആശ്വാസ ഗോള്‍ കരസ്ഥമാക്കി. നായകനും സൂപ്പര്‍ താരവുമായ ടോട്ടിയുടെ സാന്നിദ്ധ്യം തന്നെയായിരുന്നു റോമയുടെ കരുത്ത്‌. പരുക്ക്‌ കാരണം ടോട്ടിക്ക്‌ സമീപകാലത്ത്‌ നടന്ന പല മല്‍സരങ്ങളിലും ടീമിനൊപ്പം തുടരാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ ഫലമായി ഇറ്റാലിയന്‍ ലീഗില്‍ കളിക്കുന്ന മല്‍സരങ്ങളെല്ലാം തോല്‍ക്കുന്ന ടീമായി മാറിയ റോമക്ക്‌ ഒമ്പത്‌ കളികളില്‍ നിന്ന്‌ കേവലം ഏഴ്‌ പോയന്റാണ്‌ ഇത്‌്‌ വരെ സമ്പാദിക്കാനായത്‌. ചെല്‍സി നിരയില്‍ സൂപ്പര്‍ താരങ്ങളെല്ലാം കളിച്ചിരുന്നു. ഐവറികോസ്‌റ്റുകാരന്‍ ദീദിയര്‍ ദ്രോഗ്‌ബയെ രണ്ടാം പകുതിയില്‍ ആക്രമണത്തിന്‌ നിയോഗിച്ചിട്ടും നീലപ്പടക്ക്‌ ലക്ഷ്യം കാണാനായിരുന്നില്ല. സമീപകാലത്ത്‌ യൂറോപ്പില്‍ ചെല്‍സിയുടെ ഏറ്റവും വലിയ തോല്‍വിയാണിത്‌.
ഗ്രൂപ്പ്‌ സി യിലെ ചിത്രമാണ്‌ ഇന്നലെ വ്യക്തമായത്‌. സ്‌പെയിനുകാരായ ബാര്‍സയും പോര്‍ച്ചുഗലുകാരായ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണും ഈ ഗ്രൂപ്പില്‍ നിന്നും പ്രി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്‌. ഷാക്തര്‍ ഡോണ്‍സ്‌റ്റക്കിനെ ഡെര്‍ലെയുടെ ഗോളില്‍ പരാജയപ്പെടുത്തിയാണ്‌ ലിസ്‌ബണ്‍ യോഗ്യത നേടിയതെങ്കില്‍ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയ ബാര്‍സ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേസിലിനെ സമനിലയില്‍ തളച്ച്‌ ആവശ്യമായ പോയന്റ്‌ സ്വന്തമാക്കി. റിസര്‍വ്‌ ബെഞ്ചില്‍ നിന്നുമെത്തി രണ്ടാം മിനുട്ടില്‍ തന്നെ ലയണല്‍ മെസിയാണ്‌ ബാര്‍സയുടെ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌.
ഫമഗൂസ്റ്റയും ഇന്റര്‍ മിലാനും തമ്മിലുളള മല്‍സരം 3-3 ല്‍ അവസാനിച്ചു. സ്വന്തം തട്ടകത്ത്‌ കളിച്ച സൈപ്രസ്‌ ടീമിനൊപ്പമായിരുന്നു കാണികളെല്ലാം. മാര്‍ക്കോ മറ്റരേസി ഉള്‍പ്പെടെ പ്രമുഖരെയെല്ലാം അണിനിരത്തിയ ഇന്ററിനാവട്ടെ സമ്മര്‍ദ്ദത്തില്‍ പതിവ്‌ വേഗതയില്‍ കളിക്കാനായില്ല. ഗോള്‍വേട്ടക്കാരന്‍ ഫെര്‍ണാണ്ടോ ടോറസിനെ കൂടാതെയാണ്‌ ലിവര്‍പൂള്‍ സ്‌പെയിനിലെ അത്‌ലറ്റികോ മാഡ്രിഡിനെ എതിരിട്ടത്‌. സ്‌പാനിഷ്‌്‌ ദേശീയ താരം മാക്‌സി റോഡ്രിഗസിന്റെ തകര്‍പ്പന്‍ ഗോളില്‍ മല്‍സരത്തിന്റെ മുപ്പത്തിനാലാം മിനുട്ടില്‍ സ്വന്തമാക്കിയ ലീഡ്‌ മാഡ്രിഡുകാര്‍ മല്‍സരത്തിന്റെ അവസാന മിനുട്ട്‌ വരെ നിലനിര്‍ത്തിയിരുന്നു. പക്ഷേ അവസാന മിനുട്ടിലെ പെനാല്‍ട്ടി ഗോളില്‍ ക്യാപ്‌റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ്‌ ലിവര്‍പൂളിന്റെ മുഖം രക്ഷിച്ചു. പനാത്തിനായിക്കോസ്‌ മൂന്ന്‌ ഗോളിന്‌ ജര്‍മനിയിലെ വെര്‍ഡര്‍ ബ്രെഹ്മനെ അവരുടെ മൈതാനത്ത്‌ വെച്ച്‌ തോല്‍പ്പിച്ചപ്പോള്‍ ഗ്രൂപ്പ്‌ എ യില്‍ ക്ലൂജിനെ ബോറോഡോക്‌്‌സ്‌ 2-1ന്‌ പരാജയപ്പെടുത്തി.
മല്‍സരഫലങ്ങള്‍
ഫമഗൂസ്‌റ്റ 3-ഇന്റര്‍ മിലാന്‍ 3, ബാര്‍സിലോണ 1- ബേസില്‍ 1, ക്ലൂജ്‌ 1- ബോറോഡോക്‌സ്‌ 2, ലിവര്‍പൂള്‍ 1- അത്‌ലറ്റികോ മാഡ്രിഡ്‌ 1, മാര്‍സി 3-പി.എസ്‌.വി ഐന്തോവാന്‍ 0, റോമ 3- ചെല്‍സി 1, സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍ 1-ഷാക്തര്‍ ഡോണ്‍സ്‌റ്റക്‌ 0, വെര്‍ഡര്‍ ബ്രെഹ്മന്‍ 0-പനാത്തിനായിക്കോസ്‌ 3

യൂസഫ്‌ ലാഹോര്‍ ബാദ്‌ഷാ സംഘത്തില്‍
ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക്‌ വിട.... മുഹമ്മദ്‌ യൂസഫ്‌ എന്ന പാക്കിസ്‌താന്റെ വിശ്വസ്‌തനായ മധ്യനിര ബാറ്റ്‌സ്‌മാന്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ ഇന്‍സമാമുല്‍ഹഖിന്റെ ലാഹോര്‍ ബാദ്‌ഷാ ടീമിനൊപ്പം കളിക്കും. രണ്ട്‌ ദിവസമായി ഇന്ത്യയിലെത്തിയ യൂസഫിന്റെ കാര്യത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വം ഇന്നലെ വാര്‍ത്താ സമ്മേളനത്തിലൂടെ അവസാനിക്കുകയായിരുന്നു. ഐ.സി.എല്‍ ചെയര്‍മാന്‍ കപില്‍ദേവിനൊപ്പം യൂസഫ്‌ പത്രസമ്മേളനത്തില്‍ സംബന്ധിക്കുകയും സ്വന്തം നിലപാട്‌ വ്യക്തമാക്കുകയും ചെയ്‌തു. ഔദ്യോഗിക അംഗീകാരമില്ലാത്ത ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ കരാറൊപ്പിട്ട യൂസഫിനോട്‌ ഇനി സന്ധിയില്ലെന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അബുദാബിയില്‍ വിന്‍ഡീസിനെതിരെ നടക്കുന്ന പഞ്ചമല്‍സര ഏകദിന പരമ്പരക്കുളള ദേശീയ സംഘത്തില്‍ അംഗമായ യൂസഫിന്‌്‌ പകരം ലാഹോര്‍ ബാറ്റ്‌സ്‌മാന്‍ ഖാലിദ്‌ ലത്തീഫിനെ ഉള്‍പ്പെടുത്താന്‍ പി.സി.ബി തീരുമാനിച്ചിട്ടുണ്ട്‌.
പാക്കിസ്‌താന്‌ വേണ്ടി രാജ്യാന്തര തലത്തില്‍ കളിക്കാന്‍ തനിക്ക്‌ താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ പന്ത്‌ പി.സി.ബിയുടെ മൈതാനത്താണെന്നും വിളിച്ചാല്‍ കളിക്കാന്‍ തയ്യാറാണെന്നും യൂസഫ്‌ പറഞ്ഞു. രാജ്യത്തിനായി കളിക്കാന്‍ സമയം അനുവദിക്കാമെന്ന്‌ ഐ.സി.എല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ രാജ്യത്തിന്‌ തന്നെ വേണമെങ്കില്‍ കളിക്കാന്‍ ഒരുക്കമാണെന്നും യൂസഫ്‌ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തന്നെ യൂസഫ്‌ ഐ.സി.എല്ലുമായി കരാര്‍ ഒപ്പിട്ടിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ 20-20 ലോകപ്പിനുളള പാക്‌ സംഘത്തില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്ന പി.സി.ബി നടപടിയില്‍ കുപിതനായ യൂസഫ്‌ ആ വാശിയിലായിരുന്നു കപിലിനൊപ്പം ചേര്‍ന്നത്‌. പിന്നീട്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗുകാര്‍ വന്‍ തുക വാഗ്‌ദാനം ചെയ്‌തപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ്‌ മാറി. എന്നാല്‍ ഐ.പി.എല്ലില്‍ കളിക്കാന്‍ യൂസഫിനെ അനുവദിക്കില്ലെന്ന്‌ വ്യക്തമാക്കി ഐ.സി.എല്‍ കോടതി കയറിയപ്പോള്‍ പ്രശ്‌നം ഗുരുതരമായി. രണ്ട്‌ ലീഗും യൂസഫിന്‌ നഷ്ടമായി. പിന്നീട്‌ പി.സി.ബി.യുമായി ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ നടത്തിയാണ്‌ അദ്ദേഹം ദേശീയ ടീമില്‍ തിരിച്ചെത്തിയത്‌.

ദാദ
നാഗ്‌പ്പൂര്‍: ഇനി അഞ്ച്‌ നാള്‍-ആ അഞ്ച്‌ നാളുകളില്‍ മാത്രമാണ്‌ സൗരവ്‌ ദാദ ഗാംഗുലിയുടെ ബാറ്റിംഗ്‌ കാണാന്‍ ആരാധകര്‍ക്ക്‌ അവസരം. വിദര്‍ഭ ക്രിക്കറ്റ്‌ അസോസിയേഷന്റെ പുതിയ മൈതാനിയില്‍ ഇന്ന്‌ മുതല്‍ ആരംഭിക്കുന്ന നാലാം ടെസ്റ്റ്‌ ചരിത്രത്തില്‍ അറിയപ്പെടുന്നത്‌്‌ ഗാംഗുലിയുടെ പേരിലായിരിക്കും. ഈ മല്‍സരത്തോടെ അദ്ദേഹം കളം വിടുകയാണ്‌. 1996 ല്‍ ക്രിക്കറ്റ്‌ മക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം നടത്തിയ സൂപ്പര്‍ താരം 109 ടെസ്‌റ്റുകള്‍ കളിച്ചാണ്‌ റിട്ടയര്‍ ചെയ്യുന്നത്‌. ഇന്നാരംഭിക്കുന്നത്‌ ദാദയുടെ 110-ാമത്‌ ടെസ്റ്റാണ്‌. ഇത്രയും മല്‍സരങ്ങളില്‍ 49 ലും രാജ്യത്തെ നയിക്കുക മാത്രമല്ല, കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനുമായി. 36 കാരനായ ദാദ 6,888 റണ്‍സാണ്‌ ഇതിനകം കരസ്ഥമാക്കിയത്‌. ഇതില്‍ 15 സെഞ്ച്വറികളും 34 അര്‍ദ്ധ സെഞ്ച്വറികളുമുണ്ട്‌. അവസാന ടെസ്റ്റ്‌ കളിക്കുന്നതിന്‌ തലേദിവസം ദാദ ബി.ബി.സിക്ക്‌ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്‌:
താങ്കള്‍ പലവട്ടം കരുത്തനായി തിരിച്ചുവന്നിട്ടുണ്ട്‌. ശരിക്കും ഇനി താങ്കളുടെ ബാറ്റിംഗ്‌ കാണാന്‍ ആരാധകര്‍ക്ക്‌ അവസരമുണ്ടാവില്ലേ..
-തീര്‍ച്ചയായും ഇത്‌ എന്റെ അവസാന ടെസ്റ്റാണ്‌. നേരത്തെയുളള തിരിച്ചുവരവുകള്‍ വിത്യസ്‌തമാണ്‌. ടീമിലേക്ക്‌ ഞാന്‍ കരുത്തോടെ തിരിച്ചുവരുകയായിരുന്നു. ഇത്തവണ ഞാന്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കയാണ്‌. വിരമിക്കാന്‍ അനുയോജ്യമായ സമയമാണിതെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. പ്രായം 36 കഴിഞ്ഞിരിക്കുന്നു. നൂറിലധികം ടെസ്‌റ്റുകള്‍ കളിച്ചു. ഇനിയും ടീമില്‍ ഞാനുണ്ടോ എന്നറിയാന്‍ പത്രങ്ങള്‍ നോക്കേണ്ട അവസ്ഥയില്‍ ഇതാണ്‌ വിരമിക്കാനുളള അനുയോജ്യമായ സമയമെന്ന്‌ ഞാന്‍ തിരിച്ചറിയുന്നു.
-ലോര്‍ഡ്‌സില്‍ വെച്ചാണ്‌ താങ്കള്‍ അരങ്ങേറിയത്‌. ദീര്‍ഘകാലത്തെ നിറമുളള കരിയറിന്‌ ശേഷം മടങ്ങുമ്പോള്‍ ആ കന്നി ടെസ്‌റ്റ്‌ ഓര്‍ത്തെടുക്കാനാവുമോ
-അത്‌ മറക്കാനാവാത്ത അനുഭവമായിരുന്നു. രാജ്യത്തിന്‌ വേണ്ടി കളിക്കാന്‍ ലഭിക്കുന്ന അവസരത്തിന്റെ സന്തോഷത്തില്‍ അഞ്ച്‌ ദിവസവും കളിക്കുകയായിരുന്നു ലക്ഷ്യം. ലോര്‍ഡ്‌സില്‍ റണ്‍സ്‌ നേടാന്‍ കഴിയാത്തപക്ഷം എനിക്ക്‌ രാജ്യത്തിനായി വീണ്ടും കളിക്കാന്‍ അവസരമുണ്ടാവില്ലെന്ന്‌ പലരും പറഞ്ഞിരുന്നു.എന്നാല്‍ അതൊന്നും കാര്യമാക്കിയിരുന്നില്ല.
-ക്യാപ്‌റ്റന്‍സി എന്നത്‌ ഇന്ത്യയില്‍ എങ്ങനെയാണ്‌
-ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ നായകന്‍ എന്നത്‌ സമ്മര്‍ദ്ദവും വിഷമവുമുളള പദവിയാണ്‌. നിങ്ങള്‍ നിരന്തരമായി ജയിക്കുമ്പോള്‍ തീര്‍ച്ചയായും ക്യാപ്‌റ്റന്‍സി ആസ്വദിക്കാനാവും. എന്നാല്‍ പരാജയപ്പെട്ടാല്‍ കഥ മാറി. എല്ലാ ഇന്ത്യന്‍ നായകര്‍ക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്‌. ടീം വിജയിക്കുമ്പോള്‍ നായകന്മാര്‍ക്ക്‌ നൂറില്‍ നൂറ്‌ മാര്‍്‌ക്കിടുന്നവര്‍ തോല്‍ക്കുമ്പോള്‍ നായകരെ ദ്രോഹിക്കും. എന്റെ ക്യാപ്‌റ്റന്‍സി ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ പത്രപാരായണം തന്നെ നിര്‍ത്തിയിരുന്നു. ടീമിന്‌ നല്ലതിന്‌ വേണ്ടിയായിരിക്കണം നായകന്‍ ശ്രമിക്കേണ്ടത്‌-അല്ലാതെ വാര്‍ത്തകള്‍ക്ക്‌ വേണ്ടിയാവരുത്‌.
-49 ടെസ്‌റ്റുകളില്‍ താങ്കള്‍ ടീമിന്‌ വിജയത്തിലേക്ക്‌ നയിച്ചു. ഈ റെക്കോര്‍ഡ്‌ ആര്‍ക്കെങ്കിലും തകര്‍ക്കാനാവുമോ
-വിഷമകരമാണ്‌. മഹേന്ദ്രസിംഗ്‌ ധോണിയിലെ നായകന്‍ എങ്ങനെ സഞ്ചരിക്കുമെന്ന്‌ നോക്കാം. നല്ല നായകനാണ്‌ ധോണി. കൂടുതല്‍ കാലം അദ്ദേഹത്തിന്‌ കളിക്കാനും ടീമിനെ നയിക്കാനും കഴിഞ്ഞാല്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ധോണിക്കാവും.
-ഗ്രെഗ്‌ ചാപ്പല്‍ കോച്ചായിരുന്ന കാലത്ത്‌ ക്യാപ്‌റ്റന്‍സി തെറിക്കാനിടയായ സംഭവങ്ങള്‍
-അതെല്ലാം വളരെ പെട്ടെന്നായിരുന്നു, പത്ത്‌ പന്ത്രണ്ട്‌ ദിവസത്തിനകം എല്ലാം സംഭവിച്ചു. എനിക്ക്‌ എന്തെങ്കിലും ചെയ്യാനാവും മുമ്പ്‌ തന്നെ തൊപ്പി തെറിച്ചിരുന്നു. ഞാനാകെ ആശ്ചര്യത്തിലും നിരാശയിലുമായിരുന്നു. എന്റെ ജോലി ഇല്ലാതാക്കാന്‍ മറ്റ്‌ പല വഴികളുമുണ്ടായിരുന്നു. പക്ഷേ പതുക്കെ പതുക്കെ ഞാന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്‌ വന്നു.
-ക്യാപ്‌റ്റന്‍സിയും ടീമിലെ സ്ഥാനവും നഷ്‌ടമായപ്പോള്‍ ഇനി ഒരു തിരിച്ചുവരവിന്‌ അവസരമില്ലെന്ന്‌ കരുതിയിരുന്നോ
-ഇല്ല, ഒരിക്കലുമില്ല. വലിയ പരമ്പരകള്‍ വരാനുളളതിനാല്‍ തീര്‍ച്ചയായും തിരിച്ചുവരാന്‍ കഴിയുമെന്ന്‌ എനിക്കുറപ്പുണ്ടായിരുന്നു. മറ്റ്‌ പല കാര്യങ്ങളെക്കുറച്ചും ചിന്തിക്കാനില്ലാത്തതിനാല്‍ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിഞ്ഞു.
-താങ്കളുടെ കരിയറിലെ ഉയരങ്ങള്‍
-ഒരു താരമെന്ന നിലയില്‍ ലോര്‍ഡ്‌സില്‍ 96 ലെ അരങ്ങേറ്റത്തില്‍ കരസ്ഥമാക്കാനായ സെഞ്ച്വറി. നായകന്‍ എന്ന നിലയില്‍ 2001 ലെ പരമ്പരയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായതും അമ്പത്‌ വര്‍ഷത്തെ ക്രിക്കറ്റ്‌ ചരിത്രത്തില്‍ ആദ്യമായി പാക്കിസ്‌താനെ പാക്കിസ്‌താനില്‍ വെച്ച്‌ തോല്‍പ്പിക്കാനായതും. ധാരാളം നേട്ടങ്ങളില്‍ സവിശേഷമായി തോന്നുന്നത്‌ ഇന്ത്യന്‍ ടീമിനെ വിദേശങ്ങളിലും വിജയിക്കാനാവുന്ന യൂണിറ്റാക്കിയതാണ്‌. അത്‌ വരെ കേവലം യാത്രക്കാരായിരുന്നു നമ്മള്‍. എന്നാല്‍ ഞാന്‍ ക്യാപ്‌റ്റനായതിന്‌ ശേഷം നിരവധി വിജയങ്ങള്‍ വിദേശങ്ങളില്‍ ഇന്ത്യ കരസ്ഥമാക്കി.
-ടെസ്‌റ്റ്‌ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച്‌ താങ്കള്‍ക്ക്‌ ആശങ്കയുണ്ടോ
- ക്രിക്കറ്റ്‌ അധികാരികള്‍ എങ്ങനെ ടെസ്‌റ്റ്‌ ക്രിക്കറ്റിനെ വില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും പോയാല്‍ ടെസ്‌റ്റ്‌ മല്‍സരങ്ങള്‍ നിറഞ്ഞ്‌ കവിഞ്ഞ സ്‌റ്റേഡിയങ്ങളെ സാക്ഷിയാക്കിയാണ്‌ നടക്കുന്നത്‌. ബാംഗ്ലൂര്‍, കൊല്‍ക്കത്ത തുടങ്ങിയ ഇന്ത്യയിലെ ചില വേദികളിലും ടെസ്‌റ്റ്‌ ക്രിക്കറ്റിന്‌ ആരാധകരുണ്ട്‌. ഒരു താരത്തിന്റെ അഭിപ്രായത്തില്‍ ടെസ്‌റ്റ്‌ ക്രിക്കറ്റാണ്‌ ഏറ്റവും മികച്ച ക്രിക്കറ്റ്‌ വേദി. പുതിയ താരങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്‌-അവരെ നാളെ ലോകം അറിയുന്നത്‌ 20-20 യിലെ മികവിലോ, പ്രീമിയര്‍ ലീഗിലെ മികവിലോ ആയിരിക്കില്ല-ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ നല്‍കിയ സംഭാവനകളുടെ പേരിലായിരിക്കും.
-ഭാവിയില്‍ എന്താണ്‌ നീക്കങ്ങള്‍
-ക്രിക്കറ്റ്‌ രംഗത്തെ യുവതാരങ്ങളെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്‌. ഒരു കോച്ചായോ, ഭരണാധികാരിയായോ എല്ലാം എന്നെ കാണാം. തല്‍ക്കാലം എല്ലാം കാത്തിരുന്ന്‌ കാണുക.

തൃശൂര്‍ വിദ്യാ അക്കാദമി ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌്‌നോളജിയില്‍ നടന്ന കാലിക്കറ്റ്‌ യുനിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിഇപ്പില്‍ കിരീടം സ്വന്തമാക്കിയ ഫാറുഖ്‌ കോളജ്‌ ടീം കോച്ച്‌ അക്‌ബര്‍ സിദ്ദിഖിനൊപ്പം. കലാശപ്പോരാട്ടത്തില്‍ ഗവ.കോളജ്‌ ചിറ്റൂരിനെ 20-12 ന്‌ തോല്‍പ്പിച്ചാണ്‌ ഫാറുഖ്‌ തുടര്‍ച്ചയായി നാലാം തവണയും ചാമ്പ്യന്മാരായത്‌.

പറയാതെ വയ്യ
ബലേ ദാദ
സൗരവ്‌ ഗാംഗുലി ഇന്ന്‌ കരിയറിലെ അവസാന ടെസ്‌റ്റ്‌ കളിക്കുമ്പോള്‍ ആ താരത്തിന്റെ കരുത്തും വിജയ തൃഷ്‌ണയും അര്‍പ്പണവുമെല്ലാം നാളെയുടെ താരങ്ങള്‍ മാതൃകയാക്കിയെങ്കില്‍. ഫിറോസ്‌ ഷാ കോട്‌ലയില്‍ നടന്ന മൂന്നാം ടെസ്‌റ്റിലൂടെ അനില്‍ കുംബ്ലെ വിരമിച്ചു. ഇതാ ഇവിടെ സൗരവും വിരമിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‌ വില മതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ രണ്ട്‌ പേരാണ്‌ ഒരു പരമ്പരയില്‍ തന്നെ കളി മതിയാക്കുന്നത്‌. കുംബ്ലെ തീര്‍ത്തും വിത്യസ്‌തനായ ബൗളറായിരുന്നു. ലെഗ്‌ സ്‌പിന്നിന്‌ ഇന്ത്യന്‍ ഭാഷ്യം നല്‍കിയ താരം. സൗരവ്‌ കളിക്കാരനായും നായകനായും ടീമിനെ സേവിച്ച പ്രതിഭ. 2003 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ്‌ ഫൈനലില്‍ ഇന്ത്യയെ കിരീടത്തിന്‌ അരികില്‍ എത്തിച്ച, അതിന്‌ ശേഷം ലോര്‍ഡ്‌സില്‍ നാസര്‍ ഹുസൈന്റെ ഇംഗ്ലണ്ടിനെ യുവരാജിന്റെയും മുഹമ്മദ്‌ കൈഫിന്റെയും മികവില്‍ നാടകീയമായി പരാജയപ്പെടുത്തി നാറ്റ്‌വെസ്റ്റ്‌ കപ്പ്‌ സ്വന്തമാക്കിയ ദാദയെ ഒരിക്കലും മറക്കാനാവില്ല. കളിക്കളത്തില്‍ നിന്ന്‌ വിരമിക്കുന്ന ദാദയെ ഇനി കളിപറയലുകാരനായി കാണാനാണ്‌ ആഗ്രഹിക്കുന്നത്‌.... ബലേ ദാദ
കുഞ്ഞിമാന്‍,പൊങ്ങല്ലൂര്‍
(പറയാതെ വയ്യ വായനക്കാരുടെ കോളമാണ്‌. നിങ്ങള്‍
ക്ക്‌ കായിക വാര്‍ത്തകളോടും സംഭവങ്ങളോടും പ്രതികരിക്കാം. മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും. പ്രതികരണം അറിയിക്കേണ്ട വിലാസം)


ദാദ
നാഗ്‌പ്പൂര്‍: പുതിയ കളിമുറ്റത്ത്‌, പുതിയ നായകന്‌ കീഴില്‍, പഴയ നായകന്റെ അവസാന മല്‍സരത്തില്‍ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. വിദര്‍ഭ ക്രിക്കറ്റ്‌ അസോസിയേഷന്റെ ജംതയിലെ പുതിയ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മല്‍സരത്തിന്റെ സമ്മര്‍ദ്ദദം മുഴുവന്‍ ഓസ്‌ട്രേലിയക്കാണ്‌. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്തണമെങ്കില്‍ അവര്‍ക്ക്‌ ഇവിടെ വിജയിച്ച്‌ പരമ്പരയില്‍ ഒപ്പമെത്തണം. പുതിയ മൈതാനവും പിച്ചും സ്‌പിന്നര്‍മാരെ തുണക്കുമെന്ന പ്രവചനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയെ നിയന്ത്രിക്കുക പോണ്ടിംഗിന്‌ എളുപ്പമായിരിക്കില്ല.
മൊഹാലിയിലെ തകര്‍പ്പന്‍ വിജയത്തിന്റെ കരുത്തില്‍ പരമ്പരയില്‍ മുന്നിട്ട്‌ നില്‍ക്കുന്ന ഇന്ത്യന്‍ നിരയില്‍ ഇന്ന്‌ ഓപ്പണര്‍ ഗൗതം ഗാംഭീര്‍ ഉണ്ടാവില്ല. ഫിറോസ്‌ ഷാ കോട്‌ലയില്‍ സമനിലയില്‍ അവസാനിച്ച മൂന്നാം ടെസ്‌റ്റിനിടെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്ട്‌സണുമായുണ്ടായ പ്രശ്‌നത്തില്‍ ഒരു മല്‍സരവിലക്ക്‌ നേരിടുന്ന ഗാംഭീറിന്‌ പകരം തമിഴ്‌നാടിന്റെ ഓപ്പണര്‍ എസ്‌.വിജയ്‌ വിരേന്ദര്‍ സേവാഗിനൊപ്പം ടീമിലെത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഓസ്‌ട്രേലിയന്‍ ടീമില്‍ കാമറൂണ്‍ വൈറ്റിന്‌ പകരം സ്‌പെഷ്യലിസ്‌റ്റ്‌ സ്‌പിന്നര്‍ ജാസോണ്‍ ക്രെസ്‌ജ ആദ്യ ഇലവനില്‍ കളിക്കുമെന്നുറപ്പായിട്ടുണ്ട്‌.
ഫോമിലുളള ഗാംഭീറിന്റെ അഭാവം ഉപയോഗപ്പെടുത്തി മല്‍സരം ജയിക്കാന്‍ ശ്രമിക്കുമെന്നാണ്‌ പോണ്ടിംഗ്‌ പറയുന്നത്‌. പക്ഷേ ടീമിന്റെ സ്ഥിരം നായകസ്ഥാനം ലഭിച്ച മഹേന്ദ്രസിംഗ്‌ ധോണി പരമ്പര നേട്ടത്തിലേക്കുളള പാതയിലാണ്‌. ഹര്‍ഭജന്‍ സിംഗ്‌ പരുക്കില്‍ നിന്ന്‌ മോചിതനായി ഇന്ന്‌ കളിക്കുന്നുവെന്നതാണ്‌ ഇന്ത്യന്‍ ക്യാമ്പില്‍ ആഹ്ലാദം പകരുന്നത്‌. വിരമിക്കല്‍ പ്രഖ്യാപിച്ച അനില്‍ കുംബ്ലെക്ക്‌ പകരം ഡല്‍ഹിക്കാരനായ അമിത്‌ മിശ്ര ആദ്യ ഇലവനില്‍ വരും. ഇന്ത്യന്‍ ടീമില്‍ മറ്റ്‌ മാറ്റങ്ങളില്ല.
ഇന്ന്‌ രാവിലെ അനില്‍ കുംബ്ലെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, നൂറാം ടെസ്‌റ്റ്‌ കളിക്കുന്ന വി.വി.എസ്‌ ലക്ഷ്‌മണ്‍ എന്നിവരെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആദരിക്കുന്നുണ്ട്‌. പരമ്പരയിലുടനീളം റണ്‍സിനായി വിഷമിക്കുന്ന രാഹുല്‍ ദ്രാവിഡാണ്‌ കനത്ത സമ്മര്‍ദ്ദം നേരിടുന്ന ബാറ്റ്‌സ്‌മാന്‍. ഇന്ത്യന്‍ നിരയിലെ മറ്റ്‌ ബാറ്റ്‌സ്‌മാന്മാരെല്ലാം കരുത്ത്‌ തെളിയിച്ച സാഹചര്യത്തില്‍ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ ഒരു സെഞ്ച്വറിയില്‍ കുറഞ്ഞതൊന്നും നാഗ്‌പ്പൂരിന്റെ മരുമകനായ ദ്രാവിഡിനെ സഹായിക്കില്ല. ബാംഗ്ലൂര്‍, മൊഹാലി ടെസ്‌റ്റുകളില്‍ മികവ്‌ പ്രകടിപ്പിച്ച സീമര്‍മാര്‍- സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മയും ഡല്‍ഹിയില്‍ നിരാശപ്പെടുത്തിയിരുന്നു. ഇവിടെ പിച്ചിലെ പുല്ലും ഈര്‍പ്പവും തുടക്കത്തില്‍ ഇവര്‍ക്ക്‌ ഉപയോഗപ്പെടുത്താനാവുമെന്നാണ്‌ കരുതപ്പെടുന്നത്‌.
ബൗളിംഗാണ്‌ ഓസ്‌ട്രേലിയക്ക്‌ കാര്യമായ തലവേദന. ബ്രെട്ട്‌ ലീയും സ്‌റ്റിയൂവര്‍ട്ടും ക്ലാര്‍ക്കും നിലവാരത്തിലെത്തുന്നില്ല. ക്ലാര്‍ക്കിന്‌ പരമ്പരയില്‍ ഇത്‌ വരെ രണ്ട്‌ വിക്കറ്റ്‌ മാത്രമാണ്‌ നേടാനായത്‌. മല്‍സരം രാവിലെ 9-00 മുതല്‍ നിയോ സ്‌പോര്‍ട്‌സില്‍.

ദ്രാവിഡിന്‌
ഇന്ന്‌ നാഗ്‌പ്പൂരില്‍ ആരംഭിക്കുന്ന ടെസ്റ്റിന്‌ സവിശേഷതകള്‍ ഏറെയുണ്ട്‌. മഹേന്ദ്രസിംഗ്‌ ധോണിയും സൗരവ്‌ ഗാംഗുലിയും വി.വി.എസ്‌ ലക്ഷ്‌മണും സച്ചിന്‍ ടെണ്ടുല്‍ക്കറുമെല്ലാം വാര്‍ത്തകളില്‍ നിറയുമ്പോള്‍ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ കളിക്കാനിറങ്ങുന്ന രാഹുല്‍ ദ്രാവിഡിന്റെ മുഖമാണ്‌ മനസ്സില്‍്‌. നാഗ്‌്‌പൂരിന്റെ മരുമകന്‌്‌ എന്താണ്‌ സംഭവിച്ചിരിക്കുന്നത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ പോലുമുളള ആത്മവിശ്വാസം ബാംഗ്ലൂര്‍ക്കാരനില്ല. ഇന്ത്യന്‍ ബാറ്റ്‌സ്‌മന്മാരുടെ ശവപറമ്പായിട്ടുള്ള ജമൈക്കയിലെ സബീനാ പാര്‍ക്ക്‌ പോലെയുളള വേദികളില്‍ കരിബീയന്‍ സീമര്‍മാരെ മന: സാന്നിദ്ധ്യത്തോടെ മണിക്കൂറുകളോളം നേരിട്ടിട്ടുള്ള ദ്രാവിഡിന്‌ സ്വന്തം തട്ടകത്ത്‌ ഒരു മണിക്കൂര്‍ പോലും പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയില്‍, ബാറ്റിംഗ്‌ കലയെ സ്‌നേഹിക്കുന്നവരാണ്‌ വേദനിക്കുന്നത്‌. ഏതൊരു ക്രിക്കറ്റര്‍ക്കും നല്ല കാലവും ചീത്തകാലവുമുണ്ട്‌. വി.വി.എസ്‌ ലക്ഷ്‌മണ്‍ കോട്‌ലയിലെ ഡബിള്‍ സെഞ്ച്വറിയിലും സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ്‌ ഗാംഗുലിയും മൊഹാലി മികവിലും ഫോമിലേക്ക്‌ തിരിച്ചുവന്നവരാണ്‌. ബാംഗ്ലൂരും മൊഹാലിയും കോട്‌ലയുമെല്ലാം ദ്രാവിഡിന്റെ ശൈലിക്ക്‌ അനുയോജ്യമായ വേദികളായിരുന്നു. പക്ഷേ പ്രതിരോധത്തിന്റെ കോട്ട കെട്ടി ഒന്ന്‌ പൊരുതാന്‍, ഒന്ന്‌ തല ഉയര്‍ത്താന്‍ ദ്രാവിഡിന്‌ കഴിയുന്നില്ല.
നായകസ്ഥാനം വിട്ട ശേഷം പാക്കിസ്‌താനെതിരെ നടന്ന പരമ്പരയിലൂടെയാണ്‌ മോശം കാലത്തിന്റെ തുടക്കം. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പെര്‍ത്തിലെ വാക്കയില്‍ നേടിയ 93 റണ്‍സ്‌ മാത്രമായിരുന്നു ദ്രാവിഡിന്റെ കാര്യമായ സംഭാവന. അതിന്‌ ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ ചെന്നൈയില്‍ നേടിയ സെഞ്ച്വറി-പക്ഷേ ചെപ്പോക്കിലെ ബാറ്റിംഗ്‌ ട്രാക്കിലെ സെഞ്ച്വറിക്ക്‌ സൗന്ദര്യമുണ്ടായിരുന്നില്ല. ലങ്കന്‍ പര്യടനത്തില്‍ പലപ്പോഴും അജാന്ത മെന്‍ഡിസിന്റെ ഇരയായിരുന്നു ദ്രാവിഡ്‌.
പല മല്‍സരങ്ങളിലും അലസമായ ഷോട്ടുകള്‍ക്കാണ്‌ ദ്രാവിഡ്‌ പുറത്താവുന്നത്‌. സുനില്‍ ഗവാസ്‌ക്കറും സച്ചിന്‍ ടെണ്ടുല്‍ക്കറും കഴിഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരില്‍ മൂന്നാമനായി വിശേഷിപ്പിക്കപ്പെട്ട ദ്രാവിഡിന്റേതാണ്‌ നാഗ്‌പ്പൂര്‍ മല്‍സരമെങ്കില്‍ അദ്ദേഹത്തിന്‌ അല്‍പ്പകാലം കൂടി തുടരാന്‍ കഴിയും. അല്ലാത്തപക്ഷം സൗരവിന്റെയും കുംബ്ലെയുടെയും പാതയില്‍ സഞ്ചരിക്കാന്‍ ദ്രാവിഡ്‌ നിര്‍ബന്ധിപ്പിക്കപ്പെടുകയും ചെയ്യും.
കോട്‌ലയില്‍ സമനിലയില്‍ കലാശിച്ച ടെസ്‌റ്റില്‍ നിന്നും അല്‍പ്പം ആത്മവിശ്വാസം ഓസ്‌ട്രേലിയ നേടിയിട്ടുണ്ട്‌ എന്നത്‌ ഇന്ത്യ കാണാതിരിക്കരുത്‌. ഇന്ത്യ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ വലിയ സ്‌ക്കോര്‍ നേടിയിട്ടും മല്‍സരത്തിന്റെ അവസാനദിനം ഇന്ത്യയാണ്‌ സമ്മര്‍ദ്ദത്തിലകപ്പെട്ടത്‌. മാനസികമായി ഓസീസിന്‌ ലഭിച്ച ഈ മുന്‍ത്തൂക്കത്തെ അവര്‍ ഉപയോഗപ്പെടുത്തുന്നത്‌ തടയാന്‍ ധോണിക്കാവണം.

No comments: