Wednesday, November 12, 2008

KAMALS DRIVE-LUCKY DHONI

ലക്കിമാന്‍
നല്ല കാലത്ത്‌ നല്ലത്‌ മാത്രമാണ്‌ സംഭവിക്കുക, ക്രിക്കറ്റില്‍ പ്രത്യേകിച്ചും... അതിനുദാഹരണമാണ്‌ മഹേന്ദ്രസിംഗ്‌ ധോണി എന്ന ഇന്ത്യന്‍ നായകന്‍. ധോണിക്കിത്‌ ശുക്രകാലമാണ്‌. തൊട്ടതെല്ലാം പൊന്നാവുന്നു. നീക്കങ്ങളെല്ലാം ഫലിക്കുന്നു. അദ്ദേഹത്തെ എല്ലാവരും മഹാനായി വാഴ്‌ത്തുന്നു. സൗരവ്‌ ഗാംഗുലി എന്ന നായകന്‍ ഈയിടെ ക്രിക്കറ്റില്‍ നിന്നും പാഡഴിച്ചപ്പോള്‍ പറഞ്ഞ ഒരു വാചകം സത്യസന്ധമായ വസ്‌തുതയാണ്‌. ക്രിക്കറ്റില്‍ ഒരാളെ മഹാനാക്കുന്നത്‌ ഭാഗ്യമാണ്‌. ഭാഗ്യസേവ ഇല്ലാത്തപക്ഷം ഏത്‌ പ്രതിഭയും വിമര്‍ശിക്കപ്പെടാം, കൂട്ടിലടക്കപ്പെടാം.
ക്രിക്കറ്റിലെ നായകന്‌ വേണ്ട ഗുണഗണങ്ങളായി പുസ്‌തകങ്ങളില്‍ പല കാര്യങ്ങളും പറയുന്നുണ്ട്‌. അവയില്‍ ചിലത്‌ ഇതാണ്‌. 1-സ്വന്തം താരങ്ങളില്‍ വിശ്വാസമുണ്ടാവണം. 2-ടീമിനെ മറന്നുളള തീരുമാനങ്ങളെടുക്കരുത്‌. 3-താരങ്ങളുടെ മൊത്തം പിന്തുണ നേടണം. 4- താരങ്ങളുടെ കരുത്തിനെ ചൂഷണം ചെയ്യാനാവണം. 5- ടീം മീറ്റിംഗുകളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കണം. 6-ക്രിക്കറ്റ്‌ നിയമങ്ങളെ ബഹുമാനിക്കണം..... അങ്ങനെ പോവുന്നു.
ലോക ക്രിക്കറ്റ്‌ ദര്‍ശിച്ച നായകരിലെല്ലാം ഈ ഗുണഗണങ്ങളുണ്ടായിരുന്നു. പക്ഷേ പലരും വന്‍ പരാജമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പ്രതിഭ ഒരിക്കലും ഒരു മഹാനായ നായകനായിരുന്നില്ല-അതിന്‌ കാരണം അദ്ദേഹത്തിന്‌ മേല്‍പ്പറഞ്ഞ ഗുണഗണങ്ങള്‍ ഇല്ലാതിരുന്നത്‌ കൊണ്ടല്ല. പുസ്‌തകങ്ങളില്‍ പറയാത്ത ഒരു യോഗ്യതയുണ്ട്‌-ഭാഗ്യം.അത്‌ സച്ചിനുണ്ടായിരുന്നില്ല. ഒരു നായകഗുണഗണങ്ങളുമില്ലാതിരുന്ന അസ്‌ഹറുദ്ദീന്‌ ഭാഗ്യം വേണ്ടുവോളമുണ്ടായിരുന്നു. രഞ്‌ജി മല്‍സരത്തില്‍ പോലും ടീമിനെ നയിച്ചിട്ടില്ലാത്ത അസ്‌ഹറിനെ ഒരു സുപ്രഭാതത്തില്‍ രാജ്‌സിംഗ്‌ ദുംഗാര്‍പ്പുര്‍ എന്ന ക്രിക്കറ്റ്‌ ഭരണാധികാരി നായകനാക്കിയപ്പോള്‍ എല്ലാവരും ഞെട്ടി. പക്ഷേ അദ്ദേഹത്തിനൊപ്പം ഭാഗ്യമുണ്ടായിരുന്നു. സൗരവ്‌്‌ ഗാംഗുലി വരുന്നത്‌ വരെ ഇന്ത്യക്ക്‌ കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകന്‍ എന്ന ബഹുമതി ഹൈദരാബാദുകാരന്റെ പേരിലായിരുന്നു.
സ്‌റ്റീവ്‌ വോയും റിക്കി പോണ്ടിംഗും ഹാന്‍സെ ക്രോണിയയും ഇമ്രാന്‍ഖാനുമെല്ലം നല്ല നായകരായി മാറിയത്‌ അവരുടെ തന്ത്രങ്ങളില്ലായിരുന്നില്ല-തന്ത്രങ്ങളെ ഭാഗ്യം തുണച്ചത്‌ കൊണ്ടായിരുന്നു.
ധോണിയിലെ നായകന്‍ തന്ത്രശാലിയാണ്‌ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ തന്ത്രം ജയിക്കാന്‍ ഭാഗ്യം വേണം. നാഗ്‌പ്പൂര്‍ ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ തകരുമ്പോള്‍ റിക്കി പോണ്ടിംഗ്‌ എന്ന നായകന്റെ ബുദ്ധിയില്‍ വന്ന ഒരു വലിയ പിഴവല്ലേ ധോണിയുടെ വലിയ ഭാഗ്യമായത്‌. ഇന്ത്യ തകരുമ്പോള്‍ തന്റെ സീമര്‍മാരെ തന്നെ ആക്രമണത്തിന്‌ പോണ്ടിംഗ്‌ നിയോഗിച്ചിരുന്നെങ്കില്‍ ഹര്‍ഭജനെ പോലുളള വാലറ്റക്കാര്‍ക്ക്‌ വാല്‌ പൊന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യ ചെറിയ സ്‌ക്കോറില്‍ പുറത്താവുകയും ഓസ്‌ട്രേലിയക്ക്‌ വിജയലക്ഷ്യം എളുപ്പമാവുകയും ചെയ്യുമായിരുന്നു. ഓവര്‍ റേറ്റില്‍ വളരെ പിറകിലായതിനാല്‍ സ്‌പിന്നര്‍മാരെ കൊണ്ട്‌ പന്തെറിയിക്കാന്‍ പോണ്ടിംഗ്‌ നിര്‍ബന്ധിതനായപ്പോള്‍ അത്‌ ധോണിയുടെ ഭാഗ്യമായി.
മൊഹാലിയിലും നാഗ്‌പ്പൂരിലും ധോണിയിലെ നായകന്‍ മേല്‍പ്പറഞ്ഞ പുസ്‌തക നിര്‍ദ്ദേശങ്ങളായിരുന്നില്ല നടപ്പിലാക്കിയത്‌. അദ്ദേഹം മൈതാനത്ത്‌ തല പുകച്ചില്ല. സമയോചിതം സ്വന്തമായി തീരുമാനങ്ങളെടുത്തു. അമിത്‌ മിശ്രക്ക്‌ അവസരം നല്‍കാനുള്ള തീരുമാനം ധോണിയെന്ന നായകന്റേതായിരുന്നു. 20-20 ലോകകപ്പില്‍ പാക്കിസ്‌താനെതിരായ ഫൈനലില്‍ അവസാന ഓവര്‍ എറിയാന്‍ ജോഗീന്ദര്‍ ശര്‍മയെ നിയോഗിച്ചത്‌ ധോണിയായിരുന്നു. ഇന്ത്യ മല്‍സരം തോറ്റിരുന്നെങ്കില്‍ ക്യാപ്‌റ്റനെ ഈ തീരുമാനത്തിന്റെ പേരില്‍ എല്ലാവരും കല്ലെറിയുമായിരുന്നു.
ക്രിക്കറ്റില്‍ നായകന്‌ വലിയ സംഭാവനകള്‍ നല്‍കാനില്ല. വിജയിക്കുമ്പോള്‍ നായകന്മാര്‍ മഹാന്മാരാവും. പരാജയമാവുമ്പോള്‍ ക്രൂശിക്കപ്പെടും. രാഹുല്‍ ദ്രാവിഡിനെ ഇപ്പോള്‍ ആര്‍ക്കും വേണ്ട-ഒരു കാലത്തെ മതിലില്‍ വിളളല്‍ വീണതോടെ കര്‍ണ്ണാടകക്കാരനെ കാണുന്നത്‌ തന്നെ ആരാധകര്‍ക്ക്‌ അലര്‍ജിയായിരിക്കുന്നു. ഒരു കാലത്ത്‌ ഇതേ ദ്രാവിഡ്‌ നമ്മുടെ എല്ലാമെല്ലാമായിരുന്നു. ധോണിയിപ്പോള്‍ മഹാന്‍- ടീം തോല്‍ക്കുമ്പോള്‍ ധോണിയെ കല്ലെറിയാന്‍ എല്ലാവരുമുണ്ടാവും. മാന്യന്മാരുടെ ഗെയിമില്‍ ദ്രാവിഡായാലും ധോണിയായാലും ഭാഗ്യമാണ്‌ പ്രധാന ടോസ്‌.

ഇഷാന്ത്‌ ഇല്ല
രാജ്‌ക്കോട്ട്‌: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ടെസ്റ്റ്‌ പരമ്പരയില്‍ മാന്‍ ഓഫ്‌ ദ സീരീസ്‌ പട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ സീമര്‍ ഇഷാന്ത്‌ ശര്‍മ്മക്ക്‌ നാളെ ഇവിടെ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ കളിക്കാനാവില്ല. കാല്‍ക്കുഴയിലെ പരുക്ക്‌ കാരണം ഇഷാന്തിന്‌ ഞ്ച്‌ ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കയാണെന്ന്‌ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയിലെ അമിതജോലി കാരണമാണ്‌ ഇഷാന്തിന്‌ പരുക്കേറ്റതെന്നാണ്‌ ടീം മാനേജ്‌മെന്റ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെ അറിയിച്ചത്‌. നാഗ്‌പ്പൂരില്‍ ഇന്ത്യ വന്‍വിജയം നേടിയ അവസാന ടെസ്റ്റില്‍ മാത്രം 35 ഓവറുകളാണ്‌ ഡല്‍ഹിക്കാരന്‍ ബൗള്‍ ചെയ്‌തത്‌. നിര്‍ണ്ണായകമായ നാല്‌ വിക്കറ്റുകളും അദ്ദേഹത്തിന്‌ ലഭിച്ചിരുന്നു. പരമ്പരയിലെ നാല്‌ ടെസ്‌റ്റുകളിലായി മൊത്തം 138 ഓവറുകളാണ്‌ ഇഷാന്ത്‌ ബൗള്‍ ചെയ്‌തത്‌. 15 വിക്കറ്റുകളുമായി അദ്ദേഹം ഹര്‍ഭജന്‍സിംഗിനൊപ്പം പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ബൗളറുമായി. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) മെഡിക്കല്‍ കമ്മിറ്റി അംഗവും ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഡോക്ടറുമായ അനന്ത്‌ ജോഷിക്ക്‌ കീഴില്‍ ഇന്നലെ ഇഷാന്ത്‌ എം.ആര്‍.ഐ ടെസ്‌റ്റിന്‌ വിധേയനായിരുന്നു. ഇഷാന്തിന്‌ പകരം മുനാഫ്‌ പട്ടേല്‍, ആര്‍.പി സിംഗ്‌ എന്നീ സീമര്‍മാരില്‍ ഒരാള്‍ക്കായിരിക്കും രാജ്‌ക്കോട്ടില്‍ അവസരം. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ 145.5 ഓവറുകള്‍ ബൗള്‍ ചെയ്‌ത സഹീര്‍ഖാന്‍ ആരോഗ്യം നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ പുതിയ പന്ത്‌ അദ്ദേഹത്തിന്‌ തന്നെയായിരിക്കും. മുനാഫിനും ആര്‍.പിക്കും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ അവസരം ലഭിച്ചിരുന്നില്ല. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലാണ്‌ ഇവര്‍ അവസാനമായി കളിച്ചത്‌.

വീണ്ടും
രാജ്‌ക്കോട്ട്‌: ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഓസ്‌ട്രേലിയക്ക്‌ പിറകില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയ ഇന്ത്യന്‍ സംഘത്തിന്‌ ഇനി ഏകദിന പോരാട്ടങ്ങള്‍. തുടര്‍ച്ചയായ നാല്‌ ടെസ്‌റ്റുകള്‍ക്ക്‌ ശേഷം നാളെ മഹേന്ദ്രസിംഗ്‌ ധോണിയും സംഘവും ഇംഗ്ലണ്ടിനെതിരായ ഏഴ്‌ മല്‍സര ഏകദിന പരമ്പരക്കിറങ്ങുന്നു. ഇന്നലെ രണ്ട്‌ ടീമുകളും നഗരത്തിലെത്തി.
ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ വിറപ്പിച്ചുവിട്ട ആവേശത്തിലാണ്‌ ഇന്ത്യന്‍ ടീമെങ്കില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ നയിക്കുന്ന ഇംഗ്ലണ്ട്‌ സമ്മര്‍ദ്ദത്തിലാണ്‌. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന സന്നാഹമല്‍സരത്തില്‍ പിണഞ്ഞ ദയനീയ പരാജയം ടീമിനെ ബാധിക്കില്ലെന്ന്‌്‌ ക്യാപ്‌റ്റന്‍ പറയുന്നുവെങ്കിലും ഇംഗ്ലീഷ്‌ സംഘത്തിന്‌ ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഒരാഴ്‌ച്ചയോളമായി ഇംഗ്ലീഷ്‌ സംഘം ഇന്ത്യയിലെത്തിയിട്ട്‌. ആദ്യ സന്നാഹ മല്‍സരത്തില്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിന്റെ മികവില്‍ വിജയിച്ച ഇംഗ്ലണ്ടിന്‌ രണ്ടാം മല്‍സരത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ക്യാപ്‌റ്റന്‍ പീറ്റേഴ്‌സണ്‍, അനുഭവസമ്പന്നനായ ഫ്‌ളിന്റോഫ്‌, ഇയാന്‍ ബെല്‍, മാറ്റ്‌ പ്രയര്‍, മുന്‍ നായകന്‍ പോള്‍ കോളിംഗ്‌വുഡ്‌, ഒവൈസ്‌ ഷാ എന്നീ മികച്ച ബാറ്റ്‌സ്‌മാന്മാരും റ്യാന്‍ സൈഡ്‌ബോട്ടം, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, ്‌റ്റീവ്‌ ഹാര്‍മിസണ്‍ തുടങ്ങിയ സീമര്‍മാരുമുള്ള സംഘത്തിനെ എഴുതിത്തളളാനവില്ല. ഇന്ത്യന്‍ പിച്ചുകള്‍ ഫ്രെഡ്ഡി ഫ്‌ളിന്റോഫിനും പീറ്റേഴ്‌സണും സൂപരിചിതമാണ്‌. പരുക്കാണ്‌ ടീമിനെ അലട്ടുന്ന പ്രധാന ഘടകം.
നാളെ നടക്കുന്ന ആദ്യ മല്‍സരത്തില്‍ സൈഡ്‌ബോട്ടത്തിന്‌ കളിക്കാന്‍ കഴിയില്ല. മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഇലവനെതിരായ മല്‍സരത്തില്‍ പുറത്തിരുന്ന ക്രിസ്‌ ബ്രോഡിന്റെ കാര്യത്തിലും ഉറപ്പില്ല. സ്റ്റാന്‍ഫോര്‍ഡ്‌ സൂപ്പര്‍ സീരിസിലെ ആദ്യ മല്‍സരത്തിനിടെ പരുക്കേറ്റ സൈഡ്‌ബോട്ടത്തിന്‌ ഇത്‌ വരെ പരിശീലനത്തിന്‌ കഴിഞ്ഞിട്ടില്ല. ബ്രോഡിന്‌ കാല്‍മുട്ടിനാണ്‌ പരുക്ക്‌. ആദ്യ സന്നാഹമല്‍സരത്തില്‍ നാല്‌ ഓവറുകള്‍ മാത്രമാണ്‌ അദ്ദേഹം പന്തെറിഞ്ഞത്‌. മുന്‍കരുതല്‍ എന്ന നിലക്കാണ്‌ രണ്ടാം മല്‍സരത്തില്‍ കളിക്കാതിരുന്നത്‌. ഇഞ്ചക്ഷനുകള്‍ നല്‍കി ബ്രോഡിനെ ആദ്യ മല്‍സരത്തിന്‌ സന്നദ്ധമാക്കുന്ന ജോലികളിലാണ്‌ മെഡിക്കല്‍ സംഘമെന്ന്‌ ഇംഗ്ലീഷ്‌ കോച്ച്‌ പീറ്റര്‍ മൂര്‍ പറഞ്ഞു. സൈഡ്‌ബോട്ടത്തിനും ബ്രോഡിനും രാജ്‌ക്കോട്ടില്‍ കളിക്കാന്‍ കഴിയാത്തപക്ഷം അത്‌ ഇംഗ്ലീഷ്‌ സീം സംഘത്തെ ബാധിക്കും. ഹാര്‍മിസണ്‍, ആന്‍ഡേഴ്‌സണ്‍, ഫ്‌ളിന്റോഫ്‌ എന്നിവരില്‍ കൂടുതല്‍ ഭാരം വരും. പിച്ച്‌ സ്‌പിന്നിനെ തുണക്കുമെന്നതിനാല്‍ രവി ബോപാര, ലൂക്‌ റൈറ്റ്‌ എന്നിവരെ ഇംഗ്ലണ്ട്‌ കളിപ്പിക്കാന്‍ സാധ്യതയുണ്ട്‌.
ഓസ്‌ട്രേലിയക്കെതിരായ പരമ്പര നേട്ടത്തിലുടെ കരുത്ത്‌ തെളിയിച്ച ഇന്ത്യക്കെതിരെ മല്‍സരം കടുത്തതായിരിക്കുമെന്ന്‌ പീറ്റേഴ്‌സണ്‍ സമ്മതിക്കുന്നു. ഇന്ത്യ സ്വന്തം മൈതാനങ്ങളിലാണ്‌ കളിക്കുന്നത്‌. കൂടാതെ ബാറ്റിംഗിലും ബൗളിംഗിലും അവര്‍ക്ക്‌ കൂടുതല്‍ കരുത്തുണ്ട്‌. ഇംഗ്ലീഷ്‌ സംഘത്തിന്‌ ആദ്യ മല്‍രത്തിലൂടെ തന്നെ പരമ്പരയില്‍ കരുത്ത്‌ തെളിയിക്കാനായാല്‍ അടുത്ത മല്‍സരങ്ങള്‍ തുല്യ ശക്തികളുടേതായിരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ ടീമില്‍ നിന്നുമേറ്റ ആഘാതം പീറ്റേഴ്‌സണ്‍ കാര്യമാക്കുന്നില്ല. നിര്‍ണ്ണായകമായ ഏകദിന പരമ്പരക്ക്‌ മുമ്പ്‌ എല്ലാവര്‍ക്കുമത്‌ ഷോക്ക്‌ ട്രീറ്റ്‌മെന്റാണെന്നാണ്‌ ക്യാപ്‌റ്റന്‍ പറഞ്ഞത്‌.
ധോണിയുടെ ഇന്ത്യന്‍ സംഘത്തില്‍ അനുഭവസമ്പന്നര്‍ കുറവാണ്‌. സൗരവ്‌ ഗാംഗുലിയും അനില്‍ കുംബ്ലെയും വിരമിച്ചിരിക്കുന്നു. രാഹുല്‍ ദ്രാവിഡും വി.വി.എസ്‌ ലക്ഷ്‌മണും ടീമില്ലില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ വിശ്രമം നല്‍കിയിരിക്കയാണ്‌. വീരന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, യുവരാജ്‌ സിംഗ്‌, രോഹിത്‌ ശര്‍മ, സുരേഷ്‌ റൈന എന്നിവരാണ്‌ ബാറ്റിംഗ്‌ വിലാസക്കാര്‍. ബൗളിംഗില്‍ സഹീറും ഹര്‍ഭജനും പിയൂഷ്‌ ചാവ്‌ലയും മുനാഫ്‌ പട്ടേലും ആര്‍.പി സിംഗുമെല്ലാമുണ്ട്‌.
ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ കളിച്ച ധോണിക്കും സേവാഗിനും ഗാംഭീറിനും സഹീറിനും ഹര്‍ഭജനും മല്‍സരാനുഭവമുണ്ട്‌. യുവരാജ്‌, റൈന, രോഹിത്‌ തുടങ്ങിയവര്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്ക്‌ ശേഷം രാജ്യാന്തര രംഗത്ത്‌ കളിച്ചിട്ടില്ല.

പാക്‌ പര്യടനം റദ്ദാക്കി
ന്യൂഡല്‍ഹി: വിദേശ കാര്യ മന്ത്രാലയം സുരക്ഷാ കാരണങ്ങളാല്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം അവസാന മണിക്കൂറില്‍ റദ്ദാക്കി. ടീം അടുത്ത മാസം അര്‍ജന്റീനയിലേക്ക്‌്‌ പോവും. പാക്കിസ്‌താനെതിരെ അഞ്ച്‌ മല്‍സര പരമ്പരയില്‍ കളിക്കാന്‍ തയ്യാറെടുത്ത ഇന്ത്യന്‍ ടീമിനോട്‌ സുരക്ഷാ കാരണങ്ങളാല്‍ നാട്ടില്‍ തന്നെ തങ്ങാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിക്കുകയായിരുന്നു. പാക്കിസ്‌താനില്‍ തുടര്‍ച്ചയായി നടക്കുന്ന സ്‌ഫോടനങ്ങളാണ്‌ പര്യടനം റദ്ദാക്കാന്‍ കാരണമായിരിക്കുന്നത്‌. കഴിഞ്ഞ ദിവസവും പെഷവാറില്‍ വലിയ സ്‌ഫോടനം നടന്നിരുന്നു. പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കിയതില്‍ നിരാശ പ്രകടപ്പിച്ച ടീം കോച്ച്‌ ഏ.കെ ബന്‍സാല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാനാവില്ലെന്നും പറഞ്ഞു. ടീമില്‍ നിരവധി പുതിയ താരങ്ങളുണ്ടായിരുന്നു. അവരെല്ലാം മികച്ച പ്രകട
നത്തിന്‌ കാത്തിരിക്കവെയാണ്‌ പര്യടനം റദ്ദാക്കിയിരിക്കുന്നത്‌. പക്ഷേ ഈ കാര്യത്തില്‍ ആരെയും കുറ്റം പറയാനില്ലെന്നും കോച്ച്‌ പറഞ്ഞു. ഇന്ത്യന്‍ ടീമിന്‌ പെഷവാറില്‍ മല്‍സരമുണ്ടായിരുന്നു. ഈ മല്‍സരം നടക്കേണ്ട സ്റ്റേഡിയത്തിന്‌ തൊട്ടരികിലാണ്‌ കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായത്‌.

റിക്കി, ബാറ്റിംഗ്‌ പഠിച്ച്‌ വാ
ന്യൂഡല്‍ഹി: ഹര്‍ഭജന്‍ സിംഗ്‌ ഫോമിലാണ്‌-പന്ത്‌ കൊണ്ടല്ല, വാചകമടിയില്‍......
ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെതിരെയാണ്‌ ബാജിയുടെ ഗൂഗ്ലികള്‍. ഇന്നലെ ഇവിടെ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ ഹര്‍ഭജന്‍ പോണ്ടിംഗിനെ ശരിക്കും മലര്‍ത്തിയിടിച്ചിരിക്കയാണ്‌.
അയാള്‍ ബാറ്റിംഗ്‌ പഠിക്കട്ടെ...! ഏത്‌ സമയത്തും അയാളെ പുറത്താക്കാന്‍ എനിക്കാവും. ഞാന്‍ ആറ്‌ മാസം കളിക്കാതിരുന്നാലും പോണ്ടിംഗിനെ പുറത്താക്കാന്‍ പ്രയാസമില്ല. ബാംഗ്ലൂര്‍ ടെസ്‌റ്റില്‍ അയാള്‍ സെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ടാവാം. എന്നാല്‍ അതില്‍ കാര്യമില്ല. ഒരു സമ്പൂര്‍ണ്ണ ബാറ്റ്‌സ്‌മാനായി എനിക്ക്‌ പോണ്ടിംഗിനെ കാണാന്‍ കഴിയില്ല. സ്‌പിന്നിനെ നേരിടാന്‍ അയാള്‍ക്ക്‌ ഇപ്പോഴുമറിയില്ല- ഓസ്‌ട്രേലിയന്‍ നായകനെ പത്ത്‌ തവണ പുറത്താക്കിയിട്ടുളള ഹര്‍ഭജന്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങളെക്കുറിച്ച്‌്‌ പോണ്ടിംഗിന്‌ ധാരാളം പറയാനുണ്ടാവും. എന്നാല്‍ എനിക്ക്‌ ഒരു കാര്യം പറയാനുണ്ട്‌-സ്‌പിന്‍ ബൗളിംഗിനെ എങ്ങനെ നേരിടണമെന്ന്‌ പോണ്ടിംഗ്‌ ആദ്യം പഠിച്ച്‌ വരട്ടെ. എന്നിട്ടാവാം ഇന്ത്യന്‍ താരങ്ങളോടുളള ഉപദേശങ്ങള്‍. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സിഡ്‌നിയില്‍ നടന്ന ടെസ്റ്റിലെ സംഭവ വികാസങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ ചൊടിപ്പിച്ചിരുന്നു. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി പരമ്പരയില്‍ കരുത്തോടെ കളിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്‌ സിഡ്‌നി സംഭവങ്ങളാണ്‌. സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ സമീപനം ശരിയായിരുന്നില്ല. അവര്‍ കുതന്ത്രങ്ങളാണ്‌ പ്രയോഗിച്ചത്‌. ഇതിനെ കരുത്തോടെയാണ്‌ ഇന്ത്യയില്‍ ഞങ്ങള്‍ നേരിട്ടത്‌. ഇന്ത്യയെ പരാജയപ്പെടുത്താന്‍ കളത്തിന്‌ പുറത്തും വൃത്തിയില്ലാത്ത തന്ത്രങ്ങള്‍ ഓസ്‌ട്രേലിയക്കാര്‍ പുറത്തെടുത്തതായി ആദം ഗില്‍ക്രൈസ്‌റ്റിന്റെ പുസ്‌തക വിവാദവും ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്റെ വാചകമടിയും പരാമര്‍ശിച്ച്‌ ബാജി പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ്‌ ഇതിഹാസമാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ ഗില്‍ക്രൈസ്‌റ്റ്‌ പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണ്‌. കളത്തിന്‌ പുറത്തെ കളിയിലും ഇന്ത്യയെ തോല്‍പ്പിക്കാനാവുമെന്ന്‌ ആരും കരുതേണ്ടെന്നും ബാജി മുന്നറിയിപ്പ്‌ നല്‍കുന്നു.

സച്ചിനല്ല, ലക്ഷ്‌മണാണ്‌ ...
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ താരങ്ങളെല്ലാം ഇപ്പോള്‍ പുസ്‌തകമെഴുതുന്ന തിരക്കിലാണ്‌... ഇന്ത്യക്കെതിരെ തോറ്റ്‌ തൊപ്പിയിട്ട റിക്കി പോണ്ടിംഗിന്റെ സംഘം നാട്ടില്‍ തിരിച്ചെത്തിയിട്ട്‌ മണിക്കൂറുകളായിട്ടില്ല. ന്യൂസിലാന്‍ഡിനെതിരായ രണ്ട്‌ ടെസ്‌റ്റ്‌ പരമ്പരയില്‍ കളിക്കാന്‍ വിശ്രമമില്ലാതെ ടീം പരിശീലനം തുടങ്ങിക്കഴിഞ്ഞു. കിവീസിനെതിരായ പരമ്പരയില്‍ കളിക്കുമെന്ന്‌ കരുതപ്പെടുന്ന വിവാദ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ ഇന്ത്യക്കെതിരായ പരമ്പര നഷ്ടമായ നിരാശയില്‍ വെറുതെ ഇരിക്കുകയായിരുന്നില്ല. അദ്ദേഹം സ്വന്തം അനുഭവങ്ങള്‍ ആരാധകര്‍ പകര്‍ന്നു നല്‍കാന്‍ പുസ്‌തകമെഴുതിയിരിക്കുന്നു. പുസ്‌തകത്തിന്റെ പേര്‌ അതിമനോഹരമാണ്‌- റോയ്‌ ഓണ്‍ ദി റൈസ്‌, ഏ ഇയര്‍ ഓഫ്‌ ലിംവിംഗ്‌ ഡേഞ്ചറസ്‌ലി (Roy on the rise - A year of living dangerously')
സൈമണ്ട്‌സിന്റെ കരിയറിലെ ഏറ്റവും വിവാദമായ സിഡ്‌നി ടെസ്റ്റിനെക്കുറിച്ച്‌ പുസ്‌തകത്തില്‍ കൂടുതല്‍ പരാമര്‍ശങ്ങളുണ്ട്‌. ഈ മല്‍സരത്തിനിടെയാണ്‌ ഇന്ത്യന്‍ താരം ഹര്‍ഭജന്‍സിംഗ്‌ സൈമണ്ട്‌സിനെ കുരങ്ങന്‍ എന്നും വിളിച്ചതും സൈമണ്ട്‌സ്‌ പരാതിപെട്ടതും ബാജിക്ക്‌ വിലക്ക്‌ വന്നതും വിലക്ക്‌ പിന്നീട്‌ പിന്‍വലിക്കപ്പെട്ടതുമെല്ലാം. ഒരിക്കലും താന്‍ ഓര്‍മ്മിക്കാനാഗ്രഹിക്കാത്ത ടെസ്‌റ്റാണ്‌ സിഡ്‌നിയിലേതെന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള സൈമണ്ട്‌സ്‌ പക്ഷേ ആ മല്‍സരത്തിലെ മനോഹരമായ ഒരു ഇന്നിംഗ്‌സിനെക്കുറിച്ച്‌ കാര്യമായി പ്രതിപാദിക്കുന്നുണ്ട്‌. സിഡ്‌നി ടെസ്‌റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ വി.വി.എസ്‌ ലക്ഷ്‌മണ്‍ നേടിയ മനോഹരമായ സെഞ്ച്വറിക്ക്‌ സൈമണ്ട്‌സ്‌ നൂറില്‍ നൂറ്‌ മാര്‍ക്കാണ്‌ നല്‍കിയിരിക്കുന്നത്‌. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതിഭയേക്കാള്‍ ലക്ഷ്‌മണിന്റെ ബാറ്റിംഗ്‌ ചാരുത തന്നെ ഹഠാധാകര്‍ഷിച്ചതായി അദ്ദേഹം വെളിപ്പെടുത്തുന്നു. സച്ചിന്‍ മഹാനായ താരമാണ്‌. അദ്ദേഹത്തിന്റെ കരുത്ത്‌ എല്ലാവര്‍ക്കുമറിയാം. പക്ഷേ സച്ചിനൊപ്പം ബാറ്റ്‌ ചെതപ്പോള്‍ ലക്ഷ്‌മണ്‍ പ്രകടപ്പിച്ച കരുത്തിനെ മറക്കാന്‍ കഴിയില്ല. സച്ചിനെ പ്രതിഭയില്‍ മറികടക്കാന്‍ പലര്‍ക്കുമാവില്ല. പക്ഷേ സിഡ്‌നിയില്‍ ലക്ഷ്‌മണിന്‌ അത്‌ കഴിഞ്ഞു. മനോഹരമായിരുന്നു ബാറ്റിംഗ്‌. ഒരു റോളക്‌സ്‌ വാച്ചും ഒരു പാറ്റക്‌ ഫിലിപ്പ്‌ വാച്ചും ചൂണ്ടി ഏതാണ്‌ നല്ലതെന്ന്‌ ചോദിച്ചാല്‍ നിങ്ങളുടെ ഇഷ്‌ടം പോലെ ഒന്നിനെ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ മറ്റേത്‌ മോശമല്ല എന്ന സത്യം അംഗീകരിക്കും. അത്‌ പോലെയാണ്‌ ലക്ഷ്‌മണും സച്ചിനും. ലക്ഷ്‌മണിന്റെ ആ ഇന്നിംഗ്‌സ്‌ മാത്രമാണ്‌ സിഡ്‌നിയിലെ നല്ല ഓര്‍മ-അദ്ദേഹം പറയുന്നു.

മഴയില്‍ മല്‍സരം ഒലിച്ചു
ഈസ്റ്റ്‌ ലണ്ടന്‍: ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മിലുളള ഏകദിന പരമ്പരയിലെ മൂന്നാമതേത്തും അവസാനത്തേതുമായ മല്‍സരം മഴയില്‍ ഉപേക്ഷിച്ചു. ആദ്യ രണ്ട്‌ മല്‍സരങ്ങളും നേടിയ ദക്ഷിണാഫ്രിക്ക പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. പരമ്പര നേട്ടത്തോടെ ഐ.സി.സി ഏകദിന റാങ്കിംഗില്‍ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയക്ക്‌ പിറകില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഇരു ടീമുകളും തമ്മിലുളള രണ്ട്‌ മല്‍സര ടെസ്റ്റ്‌ പരമ്പര അടുത്തയാഴ്‌ച്ച ബ്ലോംഫോണ്‍ടെയിനില്‍ ആരംഭിക്കും. പേസും ബൗണ്‍സുമുളള ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ബംഗ്ലാ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ രണ്ട്‌ മല്‍സരങ്ങളിലും ദയനീയമായിരുന്നു അവരുടെ പ്രകടനം. ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന മക്കായ എന്‍ടിനി ടെസ്റ്റ്‌ പരമ്പരയില്‍ തിരിച്ചുവരും.


പവാറിനെതിരെ ക്രിമിനല്‍ കേസ്‌
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിലെ ശീതസമരം പുതിയ വഴിത്തിരിവില്‍. ബോര്‍ഡിന്റെ മുന്‍ തലവന്‍ ജഗ്‌മോഹന്‍ ഡാല്‍മിയ നല്‍കിയ ഹര്‍ജിയില്‍ ബോര്‍ഡിന്റെ നിലവിലുളള പ്രസിഡണ്ട്‌ ശശാങ്ക്‌ മനോഹര്‍, മുന്‍ പ്രസിഡണ്ട്‌ ശരത്‌ പവാര്‍ എന്നിവര്‍ ഉള്‍പ്പെടെ ആറ്‌ ഉന്നതര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിരക്കാന്‍ കൊല്‍ക്കത്ത ഹൈകോടതി നിര്‍ദ്ദേശം നല്‍കി. 206 ല്‍ ക്രിക്കറ്റ്‌ ബോര്‍ഡില്‍ നിന്നും ഡാല്‍മിയയെ പുറത്താക്കിയത്‌ സംബന്ധിച്ച്‌ തെറ്റായ രേഖകള്‍ കോടതിയില്‍ നല്‍കിയതിനാണ്‌ ക്രിമിനല്‍ നടപടി വരുന്നത്‌. 2006 ഡിസംബറില്‍ തന്നെ ബോര്‍ഡില്‍ നിന്നും പുറത്താക്കിയതിന്‌ തെളിവായി ഹാജരാക്കിയ രേഖകള്‍ കെട്ടിചമച്ചതാണെന്നാരോപിച്ചാണ്‌ ഡാല്‍മിയ കേസ്‌ നല്‍കിയത്‌. ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ പ്രൊഫസര്‍ രത്‌നാങ്കര്‍ ഷെട്ടി, മുന്‍ സെക്രട്ടറി നിരഞ്‌ജന്‍ ഷാ, നിലവിലെ സെക്രട്ടറി എന്‍. ശ്രീനിവാസന്‍, വൈസ്‌ പ്രസിഡണ്ട്‌ ചിരായു അമീന്‍ എന്നിവരാണ്‌ കേസിലെ മറ്റ്‌ പ്രതികള്‍. ന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ പവാര്‍ തയ്യാറായില്ല. കോടതി രേഖകള്‍ പഠിച്ച ശേഷം അഭിപ്രായം പറയാമെന്ന്‌ അദ്ദേഹം പറഞ്ഞു.

1 comment:

വായാടി മലയാളി said...

ധോണി തുടര്‍ച്ചയായി ജയിപ്പിച്ചപ്പോള്‍ അത് ഭാഗ്യം, ഗാഗുലി ജയിപ്പിച്ചിരുന്നപ്പോള്‍ അത് കഴിവായും പലരും വാഴ്ത്തിയിരുന്നു. എന്നാലും ധോണിയെക്കുറിച്ച് ഒരു കാര്യം കാണാതെ വയ്യ. ഇന്‍ഡ്യയുടെ മിക്കവാറും എല്ലാ ക്യാപ്റ്റന്മാരും സമ്മര്‍ദ്ദം താങ്ങാനാവാതെ, ക്യാപ്റ്റനായിരുന്ന കാലയളവുകളില്‍ കരിയറിലെ എറ്റവും മോശം ഫോമിലായിരുന്നു, സച്ചിന്‍ ഉള്‍പ്പെടെ. പക്ഷേ ധോണിയുടെ ബാറ്റിങ്ങിന് സമ്മര്‍ദ്ദത്തിന്‍റെ ഒരു പ്രശ്നവുമില്ല, കൂടുതല്‍ നന്നായിട്ടേ ഉള്ളൂ. ഏതു ടീമും ക്യാപ്റ്റന്‍ വിരണ്ടാല്‍ ടീം മൊത്തത്തില്‍ വിരളുന്നതായാണ് കണ്ടിട്ടുള്ളത്. കഴിഞ്ഞ ആസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്‍ഡ്യ ജയിച്ച പെര്‍ത്തിലെ മത്സരത്തിലെ വഴിത്തിരിവ് എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?. ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ വിറപ്പിക്കുകയും, പിന്നെ വിക്കറ്റെടുക്കുകയും ചെയ്ത ഇശാന്ത് ശര്‍മ്മയുടെ ബോളിങ്ങ് സ്പെല്‍. ആ പതര്‍ച്ച ഓസ്ടേലിയന്‍ ടീം ആ മത്സരത്തിലുടനീളം പ്രകടപ്പിക്കുകയും ചെയ്തു.
ക്രിക്കറ്റ് മത്സരം യഥാര്‍ത്തില്‍ കളിക്കാരുടെ മനസ്സിലാണ് നടക്കുന്നത്, കൂടുതല്‍ മാനസികാധിപത്യം പുലര്‍ത്തുന്ന ടീം വിജയിക്കുന്നതായാണ് കാണുന്നത്. സമ്മര്‍ദ്ദം മൂത്ത് നഖം കടിക്കുന്ന സച്ചിന്‍ എന്ന ക്യാപ്റ്റ ന്‍ സഹകളിക്കാരിലും സമ്മര്‍ദ്ദം നിറക്കുകയാണ് ചെയ്യുന്നത്. എത്ര സമ്മര്‍ദ്ദം ഉണ്ടായാലും ധോണിയുടെ മുഖത്തോ, ബാറ്റിങ്ങിലെ അതു പ്രകടമല്ല. എതിരാളിയുടെ ചങ്കിടിപ്പു കൂട്ടാനും പിഴവു വരുത്താനും അതു ധാരാളം(എതിര്‍ ടീം ഓസ്ട്രേലിയ ആണെങ്കില്‍ പോലും). ഭാഗ്യം കൊണ്ടു മാത്രം ചിലപ്പോള്‍ ഒരു കളി ജയിച്ചേക്കാം, പക്ഷേ തുടര്‍ച്ചയായി ചക്ക വീണ് മുയല്‍ ചാവില്ല. അല്ലെങ്കിലും 320, 190 രണ്‍സിനും ഉള്ള ജയങ്ങളെ വെറും ഭാഗ്യമായി കണക്കാക്കാമോ.
പിന്നെ പോണ്ടിങ്ങ് നാഗ്പൂര്‍ ടെസ്റ്റില്‍ 6 വിക്കറ്റ് വീണ ശേഷം സ്പിന്നര്‍മാരെ കൊണ്ട് എറിയിപ്പിച്ചത് ഓവര്‍ റേറ്റ് കൂടാന്‍ വേണ്ടി മാത്രം ചെയ്ത ഒരു മണ്ടന്‍ തീരുമാനമല്ല. തൊട്ടുമുന്‍പു വീണ ഗാഗുലിയുടെയും, ലക്ഷമണിന്‍റെയും വിക്കറ്റുകള്‍ ക്രേസ എന്ന സ്പിന്നര്‍ക്കായിരുന്നു എന്നോര്‍ക്കണം. പിന്നെ ധോണി സ്പിന്നനേക്കാര്‍ നന്നായി പേസിനെ നേരിടുന്ന ആളുമാണ്. ആ ടെസ്റ്റിലെ രണ്ടിന്നുഗ്സുകളിലും ധോണിയുടെ വിക്കറ്റ് ക്രേസക്കു തന്നെ ആയിരുന്നു താനും.