Thursday, November 13, 2008

INDIA-ENGLISH BATTLE
നാണയമെറിഞ്ഞു, ദ്രോഗ്‌ബ പ്രതിക്കൂട്ടില്‍
ലണ്ടന്‍: കാണികള്‍ക്ക്‌ നേരെ നാണയമെറിഞ്ഞതിന്‌ ചെല്‍സി മുന്‍നിരക്കാരന്‍ ദീദിയര്‍ ദ്രോഗ്‌ബെ പ്രതിക്കൂട്ടില്‍. കാര്‍ലിംഗ്‌ കപ്പ്‌ ഫുട്‌ബോളില്‍ ബര്‍ണിലിക്കെതിരായ മല്‍സരത്തിനിടെയാണ്‌ വിവാദത്തിനാസ്‌പദമായ സംഭവം. മല്‍സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടില്‍ ചെല്‍സിക്കായി ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌ത ശേഷമുള്ള ആഹ്ലാദപ്രകടനത്തിനിടെയാണ്‌ ദ്രോഗ്‌ബെ കാണികള്‍ക്ക്‌ നേരെ കോയിനെറിഞ്ഞത്‌. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെങ്കിലും പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഗോള്‍ നേടിയ ആഹ്ലാദം പ്രകടിപ്പിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും വ്യക്തമാക്കിയ ഐവറി കോസ്‌റ്റുകാരന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ആര്‍ക്കും സംഭവത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന്‌ ഫുള്‍ഹാം പോലീസ്‌ വ്യക്തമാക്കി. എങ്കിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. കളിക്കളത്തില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്‌ ചെയ്‌തതെന്നും ഇത്തരം പെരുമാറ്റം ഇത്‌ വരെ തന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ലെന്നും പറഞ്ഞ ദ്രോഗ്‌ബെക്കെതിരെ ബര്‍ണിലി ടീം പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ പരസ്‌പര ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കാനാണ്‌ ശ്രമങ്ങള്‍. മല്‍സരം 1-1 ല്‍ കലാശിക്കുകയായിരുന്നു.
മറഡോണയുടെ രാജി ഭീഷണി
ബ്യൂണസ്‌ അയേഴ്‌സ്‌: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി നിയമിതനായ ഡിയാഗോ മറഡോണ ടീമുമായി കളിക്കളത്തില്‍ ഇറങ്ങും മുമ്പ്‌ തന്നെ രാജി ഭീഷണിയുമായി രംഗത്ത്‌. തന്റെ അസിസ്‌റ്റന്‍ഡ്‌ കോച്ചായി ഓസ്‌ക്കാര്‍ റുഗ്ഗേരിയെ നിയമിക്കാത്തപക്ഷം പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താനില്ലെന്നാണ്‌ ഇതിഹാസ താരത്തിന്റെ നിലപാട്‌. ഈ മാസം 4 ന്‌ പുതിയ കോച്ചായി നിയമിതനായ മറഡോണയുടെ ആദ്യ മല്‍സരം 19 ന്‌ ഗ്ലാസ്‌്‌ക്കോയില്‍ സ്‌്‌ക്കോട്ട്‌ലാന്‍ഡുമായിട്ടാണ്‌. തന്റെ പഴയ സുഹൃത്തായ റുഗ്ഗേരിയെ കോച്ചിംഗ്‌ സ്‌റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന്‌ മറഡോണ വാശി പിടിക്കുമ്പോള്‍ റുഗ്ഗേരിയുടെ കാര്യത്തില്‍ സോക്കര്‍ ഫെഡറേഷന്‌ താല്‍പ്പര്യക്കുറവുണ്ട്‌. തന്നെ സഹായിക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ അനുവദിക്കണമെന്നും അല്ലാത്തപക്ഷം ഗ്ലാസ്‌ക്കോയിലേക്ക്‌ താനില്ലെന്നുമാണ്‌ മറഡേണയുടെ നിലപാട്‌. എന്നാല്‍ മറഡോണയുടെ പിടിവാശി നല്ലതിനല്ലെന്നാണ്‌ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ സെക്രട്ടറിയും മുന്‍ കോച്ചുമായ കാര്‍ലോസ്‌ ബിലാര്‍ഡോ പറയുന്നത്‌. സംഭവത്തില്‍ പ്രതികരിക്കാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട്‌ തയ്യാറായിട്ടില്ല.

ഇന്ന്‌ തുടക്കം
രാജ്‌ക്കോട്ട്‌: കെ.പി എന്ന കെവിന്‍ പീറ്റേഴ്‌സണ്‍. എം.എസ്‌ എന്ന മഹേന്ദ്രസിംഗ്‌ ധോണി-ചുരുക്കപ്പേരുകളില്‍ ലോക ക്രിക്കറ്റിന്‌ സുപരിചിതരായ രണ്ട്‌ യുവനായകരുടെ സംഘങ്ങള്‍ ഇന്ന്‌ മുതല്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏഴ്‌ മല്‍സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ഇന്നിവിടെ നടക്കുമ്പോള്‍ വ്യക്തമായ മുന്‍ത്തൂക്കം ആതിഥേയര്‍ക്ക്‌്‌ തന്നെ. ലോക ചാമ്പ്യന്മാരായ റിക്കി പോണ്ടിംഗിന്റെ ഓസ്‌ട്രേലിയയെ ടെസ്‌റ്റ്‌ പരമ്പരയില്‍ 2-0 ത്തിന്‌ നാണംകെടുത്തിയ സംഘത്തിലെ അനുഭവസമ്പന്നര്‍ ടീമില്‍ ഇല്ലെങ്കിലും എം.എസും സംഘവും പോരാളികളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയങ്ങളില്ല. ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്‌ട്ര കപ്പിന്റെ ബെസ്റ്റ്‌ ഓഫ്‌ ത്രീ ഫൈനലില്‍ ലോക ജേതാക്കളെ കശക്കിയ ഇന്ത്യന്‍ സംഘത്തിന്റെ കരുത്ത്‌ പതിവ്‌ പോലെ ബാറ്റിംഗാണ്‌. ധോണിക്കൊപ്പം വീരേന്ദര്‍ സേവാഗ്‌, രോഹിത്‌ ശര്‍മ്മ, സുരേഷ്‌ റൈന, യുവരാജ്‌ സിംഗ്‌,വിരാത്‌ കോഹ്‌ലി, യൂസഫ്‌ പത്താന്‍ തുടങ്ങിയ വെടിക്കെട്ടുകാര്‍. ഇവര്‍ ഗര്‍ജ്ജിക്കുന്നപക്ഷം ഇംഗ്ലീഷ്‌പ്പടക്ക്‌ അതിജീവനം പ്രയാസകരമായിരിക്കും.
ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ മുന്നിലുള്ളവരാണ്‌ ഇംഗ്ലണ്ട്‌ എന്ന യാഥാര്‍ത്ഥ്യമാണ്‌ കെ.പിയും സംഘവും ഉയര്‍ത്തുന്നത്‌. ഈയിടെ ദക്ഷിണാഫ്രിക്കക്കെതിരായി നടന്ന ഏകദിന പരമ്പര 4-0 ത്തിന്‌ തൂത്ത്‌വാരിയവരാണ്‌ ഇംഗ്ലീഷുകാര്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്‌റ്റ്‌്‌ പരമ്പരയിലെ തോല്‍വിക്കിടെ ടെസ്‌റ്റ്‌ ടീമിന്റെ നായകസ്ഥാനം മൈക്കല്‍ വോനും ഏകദിന ടീമിന്റെ കപ്പിത്താന്‍പദവി പോള്‍ കോളിംഗ്‌വുഡും രാജിവെച്ചപ്പോള്‍ രണ്ട്‌ പദവിയിലേക്കും ഒരേ സമയം ഉയര്‍ത്തപ്പെട്ടയാളാണ്‌ ദക്ഷിണാഫ്രിക്കന്‍ വംശജനായ കെ.പി.
നായകനായ ശേഷം അധികം തോല്‍വികള്‍ കെ.പിക്കൊപ്പമില്ല. ഇന്ത്യന്‍ പര്യടനത്തിന്‌ എത്തുന്നതിന്‌ തൊട്ട്‌ മുമ്പ്‌ വിന്‍ഡീസില്‍ നടന്ന സ്റ്റാഫോര്‍ഡ്‌ പരമ്പരയില്‍ വെളളം കുടിച്ചതായിരുന്നു കാര്യമായ ആഘാതം. ഇന്ത്യയിലെത്തി ആദ്യ സന്നാഹ മല്‍സരത്തില്‍ വന്‍വിജയം നേടിയ ശേഷം മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഇലവനെതിരായ രണ്ടാം മല്‍സരത്തില്‍ നാണക്കെട്ട തോല്‍വി വാങ്ങിയ്‌ത്‌ പക്ഷേ വലിയ സംഭവമായി കാണാന്‍ നായകന്‍ ഒരുക്കമല്ല. കേവലം 25 ഓവറില്‍ 98 റണ്‍സിന്‌ മുംബൈക്ക്‌ മുന്നില്‍ ഇംഗ്ലീഷ്‌ ബാറ്റിംഗ്‌ നിര അടിയറവ്‌ പറഞ്ഞിരുന്നു.
ഇന്ത്യയില്‍ ഇംഗ്ലണ്ടിന്‌ മെച്ചപ്പെട്ട റെക്കോര്‍ഡില്ല. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ നയിച്ച സംഘത്തിന്‌ 1-5ന്‌ കീഴടങ്ങിയിരുന്നു. കെ.പിയുടെ നായകത്വമാണ്‌ ടീമിന്‌ ഊര്‍ജ്ജം നല്‍കുന്നത്‌. ബാറ്റിംഗില്‍ രാജ്യാന്തര വിലാസക്കാരനായ ഇയാന്‍ ബെല്‍, വിക്കറ്റ്‌ കീപ്പര്‍ മാറ്റ്‌ പ്രയര്‍, കെ.പി, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, ഒവൈസ്‌ ഷാ തുടങ്ങിയവരുണ്ട്‌. ബൗളിംഗില്‍ റ്യാന്‍ സൈഡ്‌ബോട്ടം പരുക്ക്‌ കാരണം ആദ്യ മല്‍സരം കളിക്കുന്നില്ല. പക്ഷേ ക്രിസ്‌ ബ്രോഡ്‌ ഫിറ്റ്‌നസ്‌ തെളിയിച്ചിട്ടുണ്ട്‌. അനുഭവസമ്പന്നരായ സ്റ്റീവന്‍ ഹാര്‍മിസണ്‍, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ എന്നിവരുണ്ട്‌.
ഇന്ത്യന്‍ പിച്ചുകളെ പരിചയമുളളവര്‍ ടീമില്ലില്ല എന്ന സത്യം കെ.പി അംഗീകരിക്കുന്നു. ഇന്ത്യയില്‍ കളിക്കണമെങ്കില്‍ ഇവിടുത്തെ സാഹചര്യങ്ങള്‍ പഠിക്കണം. സ്‌പിന്നിനെ തുണക്കുന്ന പിച്ചുകളില്‍ മെച്ചപ്പെട്ട ബൗളിംഗ്‌്‌ നടത്താനും പിടിച്ചുനില്‍ക്കാനും കഴിയണം. മുംബൈ അനുഭവങ്ങള്‍ തന്റെ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ പാഠമാവുമെന്ന വിശ്വാസത്തില്‍ ഇന്ന്‌ നല്ല തുടക്കമാണ്‌ ക്യാപ്‌റ്റന്‍ പ്രതീക്ഷിക്കുന്നത്‌.
ഇന്ത്യന്‍ യുവസംഘത്തില്‍ തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്‌മാന്മാരാണ്‌ എല്ലാവരും. സേവാഗ്‌, ഗാംഭീര്‍, യുവരാജ്‌, റൈന, രോഹിത്‌ എന്നിവര്‍ ആദ്യ ഇലവനല്‍ വരുമെന്നുറപ്പാണ്‌. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയിലെ കണ്ടുപിടുത്തമായ മുരളി വിജയ്‌ ടീമിലുണ്ട്‌. അദ്ദേഹത്തിന്‌ പക്ഷേ ആദ്യ ഇലവിനില്‍ സ്ഥാനം ലഭിക്കാന്‍ പ്രയാസമാണ്‌. യുവരാജ്‌സിംഗിന്‌ പരമ്പര നിര്‍ണ്ണായകമാണ്‌. എട്ട്‌ വര്‍ഷമായി ഇന്ത്യന്‍ ഏകദിന സംഘത്തിലുളള യുവരാജിന്‌ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ടീമിനെ തുണക്കാന്‍ കഴിയാറില്ല. കഴിഞ്ഞ ലങ്കന്‍ പര്യടനത്തില്‍ അഞ്ച്‌ മല്‍സരം കളിച്ചിട്ടും വലിയ ഇന്നിംഗ്‌സുകള്‍ പിറന്നിരുന്നില്ല. 23, 20, 12, 0, 17 എന്നിങ്ങനെയായിരുന്നു സ്‌ക്കോര്‍. ഓസ്‌ട്രേലിക്കെതിരായ ടൂര്‍ മാച്ചില്‍ സെഞ്ച്വറി നേടിയെങ്കില്‍ ചലഞ്ചര്‍ ട്രോഫിയില്‍ നിരാശപ്പെടുത്തി. 6,3,8 എന്നിങ്ങനെയായിരുന്നു ചാലഞ്ചര്‍ ട്രോഫിയിലെ സ്‌ക്കോറുകള്‍. റൈനയും രോഹിതും നല്ല ഫോമിലാണ്‌. ധോണിക്കൊപ്പം ഇന്ത്യന്‍ മധ്യനിരക്ക്‌ കരുത്ത്‌ പകരന്‍ ഇവര്‍ക്കാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ബൗളിംഗില്‍ ഇഷാന്ത്‌ ശര്‍മ്മക്ക്‌ പകരം മുനാഫിനായിരിക്കും അവസരം. ഹര്‍ഭജനും ചാവ്‌ലയും സ്‌പിന്നര്‍മാരായി കളിക്കും. മല്‍സരം രാവിലെ 9-00 മുതല്‍ ആരംഭിക്കും. നിയോ സ്‌പോര്‍ട്‌സില്‍ തല്‍സമയം.

ഏകദിന പരമ്പര ഷെഡ്യൂള്‍
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ മല്‍സര ഷെഡ്യൂള്‍ ഇപ്രകാരമാണ്‌
നവംബര്‍ 14-ഒന്നാം ഏകദിനം രാജ്‌ക്കോട്ട്‌ (പകല്‍)
നവംബര്‍ 17- രണ്ടാം ഏകദിനം-ഇന്‍ഡോര്‍ (പകല്‍)
നവംബര്‍ 20-മൂന്നാം ഏകദിനം, കാണ്‍പൂര്‍ (പകല്‍)
നവംബര്‍ 23- നാലാം ഏകദിനം-ബാംഗ്ലൂര്‍ (പകലും രാത്രിയും)
നവംബര്‍ 26-അഞ്ചാം ഏകദിനം-കട്ടക്ക്‌ (പകലും രാത്രിയും)
നവംബര്‍ 29-ആറാം ഏകദിനം-ഗോഹട്ടി (പകല്‍)
ഡിസംബര്‍ 2- ഏഴാം ഏകദിനം-ഡല്‍ഹി (പകലും രാത്രിയും)
ടെസ്റ്റ്‌ പരമ്പര
ഡിസംബര്‍ 11-15-ഒന്നാം ടെസ്റ്റ്‌, അഹമ്മദാബാദ്‌
ഡിസംബര്‍ 19-23. രണ്ടാം ടെസ്റ്റ്‌, മുംബൈ

തേര്‍ഡ്‌ ഐ
ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുക എളുപ്പമാണെന്ന്‌ തോന്നാന്‍ രണ്ട്‌ കാരണങ്ങളുണ്ട്‌്‌. ഇന്ത്യ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ആത്മവിശ്വാസത്തിന്റെ നെറുകയില്‍ നില്‍ക്കുന്നു. മറ്റൊന്ന്‌ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ പയ്യന്മാര്‍ക്ക്‌ മുന്നില്‍ തകര്‍ന്നവരാണല്ലോ ഇംഗ്ലീഷുകാര്‍. പക്ഷേ ഒരു മുന്‍ പ്രവചനത്തിന്‌ സമയമായിട്ടില്ലെന്ന്‌ തോന്നുന്നു. ഇംഗ്ലീഷ്‌ സംഘത്തില്‍ സ്വന്തം കരുത്തില്‍ ടീമിനെ വിജയിപ്പിക്കാന്‍ പ്രാപ്‌തരായ രണ്ട്‌ പേരുണ്ട്‌. ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണും ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്രെഡ്ഡി ഫ്‌ളിന്റോഫും. ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുണ്ട്‌ രണ്ട്‌ പേര്‍ക്കും. ക്രീസില്‍ നിലയുറപ്പിച്ചാല്‍ തകര്‍പ്പന്‍ ഷോട്ടുകളുമായി കളം വാഴും. സ്‌പിന്നര്‍മാരെ ക്രീസ്‌ വിട്ട്‌ പ്രഹരിക്കാനും വിക്കറ്റിനിടയില്‍ പെട്ടെന്ന്‌ ഓട്ടം പൂര്‍ത്തിയാക്കി സിംഗിളുകള്‍ ഡബിളുകളാക്കി മാറ്റാനും ഇവര്‍ക്കാവും. ഇവരെ സൂക്ഷിക്കണം.
ഗ്രയീം സ്‌മിത്ത്‌ നയിച്ച ദക്ഷിണാഫ്രിക്കയെ തുടര്‍ച്ചയായി നാല്‌ മല്‍സരങ്ങളില്‍ ഏകപക്ഷീയമായി പരാജയപ്പെടുത്തിയവരാണ്‌ ഇംഗ്ലീഷുകാര്‍. കെ.പിയും ഫ്രെഡ്ഡിയും റണ്‍സ്‌ വാരിക്കൂട്ടിയാല്‍ ആ സ്‌ക്കോറിനെ സംരക്ഷിക്കാന്‍ മികവുണ്ട്‌ ഹാര്‍മിസണും ആന്‍ഡേഴ്‌സണും സൈഡ്‌ബോട്ടത്തിനും. നിര്‍ണ്ണായകമായ മൂന്നാം നമ്പറിലാണ്‌ കെ.പി വരുക. പ്രതിരോധിക്കാനും ആക്രമിക്കാനും മിടുക്കന്‍. സ്‌പിന്നര്‍മാരാണ്‌ കക്ഷിക്ക്‌ കൂടുതല്‍ താല്‍പ്പര്യം. ക്രിസ്‌ വിട്ട്‌്‌ പന്തിനെ ഗ്യാലറിയിലെത്തിക്കാനുളള മിടുക്ക്‌ അപാരമാണ്‌. ആരോഗ്യപ്രശ്‌നത്തില്‍ അല്‍പ്പകാലം ടീമിന്‌ പുറത്തായ ഫ്രെഡ്ഡിയാവട്ടെ നിന്ന നില്‍പ്പില്‍ കൂറ്റനടികള്‍ പായിക്കും. ബാറ്റിംഗില്‍ നങ്കൂരക്കാരന്റെ റോള്‍ മനോഹരമാക്കാന്‍ കരുത്തുളള ഒവൈസ്‌ ഷായും ഇയാന്‍ ബെല്ലുമുണ്ട്‌. സേവാഗിനെ പോലെ വെടിക്കെട്ട്‌ നടത്താന്‍ പ്രാപ്‌തനാണ്‌ മാറ്റ്‌ പ്രയര്‍.
നല്ല ഒരു സ്‌പിന്നറുടെ കുറവ്‌ ഇംഗ്ലീഷ്‌ സംഘത്തിലുണ്ട്‌. അതാണ്‌ അവരുടെ വലിയ പ്രശ്‌നവും. സച്ചിന്‍ വിശ്രമിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരം വീരേന്ദര്‍ സേവാഗാണ്‌. അദ്ദേഹത്തിന്‌ പ്രിയപ്പെട്ട മൈതാനങ്ങളായ രാജ്‌കോട്ടിലും ഇന്‍ഡോറിലും ഗോഹട്ടിയിലും ബാംഗ്ലൂരിലുമെല്ലാമാണ്‌ പരമ്പരയിലെ മല്‍സരങ്ങള്‍. ഇന്ത്യന്‍ മധ്യനിരയില്‍ സ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ സുരേഷ്‌ റൈനക്കും രോഹിത്‌ ശര്‍മ്മക്കും യൂസഫ്‌ പത്താനും വീരാത്‌ കോഹ്‌ലിക്കുമെല്ലാം ലഭിക്കുന്ന കനകാവസരമായിരിക്കും ഈ പരമ്പര. എം.വിജയ്‌, എസ്‌.ബദരീനാഥ്‌, മുഹമ്മദ്‌ കൈഫ്‌ എന്നിവരെല്ലാം കാത്തുനില്‍ക്കുന്നുണ്ട്‌.

പിച്ച്‌ സീമര്‍മാരെ തുണക്കും
രാജ്‌ക്കോട്ട്‌: ഇന്ത്യ-ഇംഗ്ലണ്ട്‌ സപ്‌തമല്‍സര ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ടോസ്‌ ലഭിക്കുന്ന ടീം ആദ്യം ബാറ്റിംഗ്‌ തെരഞ്ഞെടുക്കാന്‍ സാധ്യത. പിച്ചിലെ പച്ചപ്പില്‍ ആദ്യ ഒന്നര മണിക്കൂറില്‍ സീമര്‍മാര്‍ക്ക്‌ അനുകൂലമായിരിക്കും കാര്യങ്ങളെന്നാണ്‌ ക്യൂറേറ്ററുടെ പ്രവചനം.

പുതിയ പവര്‍പ്ലേ
രാജ്‌ക്കോട്ട്‌: ഒക്ടബോര്‍ ഒന്നിന്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ പ്രഖ്യാപിച്ച പുതിയ പവര്‍ പ്ലേ നിയമങ്ങളായിരിക്കും ഇന്ത്യ-ഇംഗ്ലണ്ട്‌ ഏകദിന പരമ്പരയില്‍ പരീക്ഷിക്കുക. പുതിയ നിയമപ്രകാരം ബാറ്റിംഗ്‌ ടീമിന്‌ രണ്ടും മൂന്നും പവര്‍ പ്ലേകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാം. നേരത്തെയുളള നിയമത്തില്‍ പവര്‍ പ്ലേ തീരുമാനിച്ചിരുന്നത്‌ ഫീല്‍ഡിംഗ്‌ ടീമുകളായിരുന്നു. പുതിയ നിയമപ്രകരം ക്യാപ്‌റ്റന്‌ പവര്‍ പ്ലേ ഓവറുകളില്‍ മൂന്ന്‌ ഫീല്‍ഡര്‍മാരെ 30 യാര്‍ഡ്‌ സര്‍ക്കിളിന്‌ പുറത്ത്‌ അണിനിരത്താനാവും. മല്‍സരത്തിനിടെ ഫീല്‍ഡര്‍മാര്‍ക്ക്‌ ഡ്രസ്സിംഗ്‌ റൂമില്‍ വിശ്രമമില്ല. പരുക്കേറ്റാല്‍ മാത്രമാണ്‌ ഡ്രസ്സിംഗ്‌ റൂമിലേക്ക്‌ പോവാനാവുക. ഫ്രീ ഹീറ്റ്‌ നിയമം തുടരും. വലിയ നോബോളുകള്‍ക്കാണ്‌ ഫ്രീ ഹിറ്റ്‌ നല്‍കുന്നത്‌. ഒരു ഇന്നിംഗ്‌സ്‌ 35 ഓവര്‍ പിന്നിട്ടാല്‍ ക്യാപ്‌റ്റന്‌ വേണമെങ്കില്‍ പന്ത്‌ മാറ്റാം. ക്യാച്ചുകളുടെ കാര്യത്തില്‍ സംശയങ്ങളുണ്ടെങ്കില്‍ അമ്പയര്‍ക്ക്‌ തേര്‍ഡ്‌ അമ്പയറുടെ സഹായവും തേടാം.
പുതിയ നിയമങ്ങള്‍ ആവേശകരമായിരിക്കുമെന്നാണ്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോണി പറഞ്ഞത്‌.

അക്‌മല്‍ വെടി
ഷാര്‍ജ: ആര്‌ പറഞ്ഞു ഏകദിന ക്രിക്കറ്റിന്റെ ആവേശം അകന്നുവെന്ന്‌...? ഇവിടെ ഷെയിക്‌ സായിദ്‌ സ്‌റ്റേഡിയത്തില്‍ നടന്ന വിന്‍ഡീസ്‌ -പാക്കിസ്‌താന്‍ ഒന്നാം ഏകദിനം ആവേശത്തിന്റെ അലകടല്‍ തീര്‍ത്ത്‌ അവസാന ഓവറില്‍ സമാപിച്ചപ്പോള്‍ വിക്കറ്റ്‌ കീപ്പര്‍ കമറാന്‍ അക്‌മലിന്റെ വെടിക്കെട്ടില്‍ പാക്കിസ്‌താന്‌ അവിസ്‌മരണീയ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ ക്രിസ്‌ ഗെയിലിന്റെ വെടിക്കെട്ട്‌ സെഞ്ച്വറിയില്‍ 294 റണ്‍സ്‌ നേടിയപ്പോള്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ അക്‌മല്‍ അസാധ്യമെന്ന്‌ തോന്നിയ വിജയം സ്‌ന്തം ടീമിന്‌ സമ്മാനിക്കുകയായിരുന്നു. കരിബീയന്‍ സ്‌ക്കോര്‍ പിന്തുടരുന്നതില്‍ തുടക്കത്തില്‍ പരാജയപ്പെട്ട പാക്കിസ്‌താന്‍ മധ്യനിരക്കാരായ മന്‍സൂര്‍ ഖുറം (69), ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്‌ (66), മുന്‍ ക്യാപ്‌റ്റന്‍ യൂനസ്‌ഖാന്‍ (56) എന്നിവരുടെ മികവിലാണ്‌ രക്ഷപ്പെട്ടത്‌. പക്ഷേ ഈ മൂന്ന്‌ വിക്കറ്റുകള്‍ നിലംപതിച്ചതോടെ വിന്‍ഡീസ്‌ തിരിച്ചെത്തി.
മല്‍സരത്തിന്റെ അവസാന 15 മിനുട്ടായിരുന്നു ആവേശകരം. ജെറോം ടെയ്‌ലര്‍ എറിഞ്ഞ നാല്‍പ്പത്തിയെട്ടാം ഓവറിലെ അവസാന പന്ത്‌ സിക്‌സറിന്‌ പറത്തിയാണ്‌ അക്‌മല്‍ ആവേശത്തിന്‌ ഹരം പകര്‍ന്നത്‌. നാല്‍പ്പത്തിയൊമ്പതാം ഓവര്‍ എറിഞ്ഞ ഗെയില്‍ പക്ഷേ ആറ്‌ റണ്‍സ്‌ മാത്രമാണ്‌ നല്‍കിയത്‌. ഈ ഓവറില്‍ രണ്ട്‌ തവണ അക്‌മല്‍ രക്ഷപ്പെട്ടു. ഒരു തവണ അക്‌മല്‍ ബൗള്‍ഡായപ്പോള്‍ പന്ത്‌ നോബോളായിരുന്നു. അടുത്ത തവണ സ്‌റ്റംമ്പിംഗില്‍ നിന്നും രക്ഷപ്പെട്ടു. അവസാന ഓവറില്‍ വിജയിക്കാന്‍ പാക്കിസ്‌താനാവശ്യം 17 റണ്‍സായിരുന്നു. ഓവറിലെ രണ്ടും മൂന്നും പന്തുകള്‍ അക്‌മല്‍ ഗ്യാലറിയിലെത്തിച്ചു. അടുത്ത പന്തിലെ രണ്ട്‌ റണ്‍സ്‌ ഓവര്‍ ത്രോയില്‍ മൂന്നായി മാറി.അടുത്ത പന്തില്‍ സിംഗിളുമായപ്പോള്‍ പാക്‌ വിജയം സാധ്യമായി.

സൈമോ ടീമില്‍
മെല്‍ബണ്‍: അച്ചടക്കനടപടിയുടെ ഭാഗമായി ഇന്ത്യന്‍ പര്യടനസംഘത്തില്‍നിന്നും അകറ്റിനിര്‍ത്തപ്പെട്ട ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ ദേശീയ സംഘത്തില്‍ തിരിച്ചെത്തി. ബ്രിസ്‌ബെനില്‍ ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്‌റ്റിനുളള പതിമൂന്നംഗ ഓസീസ്‌ സംഘത്തില്‍ സൈമോയെ സെലക്ടര്‍ാര്‍ ഉള്‍പ്പെടുത്തി. ഇന്ത്യക്കെതിരായ പരമ്പരയിലെ ഒരു മല്‍സരത്തില്‍ നിന്ന്‌ മാത്രം 12 വിക്കറ്റുകള്‍ നേടിയ ജാസോണ്‍ ക്രെസ്‌ജയെയും പീറ്റര്‍ സിഡിലിനെയും നിലനിര്‍ത്തി. ഓള്‍റൗണ്ടര്‍ കാമറൂണ്‍ വൈറ്റിന്‌ ടീമിലിടമില്ല.

No comments: