Saturday, November 8, 2008

INDIAN PATIENCE

ഇന്ത്യന്‍ ക്ഷമക്ക്‌ ലീഡ്‌
നാഗ്‌പ്പൂര്‍: ക്ഷമയുടെ മികവില്‍ ഇന്ത്യക്ക്‌ നാലാം ടെസ്റ്റില്‍ മേല്‍കൈ തിരിച്ചുകിട്ടി. ഓസീസ്‌ ബാറ്റ്‌സ്‌മാന്മാര്‍ക്കെതിരെ തിരക്കു കാട്ടാതെ ക്ഷമാപൂര്‍വ്വം പന്തെറിയുകയും പക്വതയോടെ കളി നിയന്ത്രിക്കുകയും ചെയ്‌ത ഇന്ത്യക്ക്‌ ഒന്നാം ഇന്നിംഗ്‌സില്‍ വിലപ്പെട്ട 86 റണ്‍സിന്റെ ലീഡ്‌ സമ്മാനിക്കാന്‍ നിര്‍ബന്ധിതരായി ഓസ്‌ട്രേലിയന്‍ ഒന്നാം ഇന്നിംഗ്‌സ്‌ 355 റണ്‍സില്‍ അവസാനിച്ചു. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി സ്വന്തമാക്കാന്‍ വിജയം നിര്‍ബന്ധമായ സന്ദര്‍ശകര്‍ക്ക്‌ മൂന്നാം ദിവസത്തെ പ്രകടനത്തോടെ മല്‍സരത്തിലെ പിടിയും നഷ്ടമായി. രണ്ടാം ഇന്നിഗ്‌സില്‍ ഇന്ത്യ തകരാത്തപക്ഷം ഈ മല്‍സരത്തില്‍ വിജയകൊടി നാട്ടാന്‍ റിക്കി പോണ്ടിംഗിനും സംഘത്തിനും കഴിയില്ല.
സെഞ്ച്വറി സ്വന്തമാക്കിയ ഓപ്പണര്‍ സൈമണ്‍ കാറ്റിച്ച്‌, 90 റണ്‍സ്‌ നേടിയ മൈക്‌ ഹസി എന്നിവരുടെ സംഭാവനയാണ്‌ ഓസ്‌ട്രേലിയക്ക്‌ ഇന്നലെ തുണയായത്‌. പക്ഷേ റണ്‍സ്‌ നേടാന്‍ എല്ലാവരും പ്രയാസപ്പെട്ടപ്പോള്‍ ഏറ്റവും ദയനീയമായിരുന്നു റണ്‍നിരക്ക്‌. പുതിയ പിച്ചില്‍ നിന്ന്‌ റണ്‍സ്‌ നേടക എളുപ്പമായിരുന്നില്ല. സ്‌പിന്നര്‍മാരെ ഭയമുളളതിനാല്‍ ആക്രമിച്ചുകളിക്കാന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഭയപ്പെട്ടു. ഓസീസ്‌ സ്‌ക്കോര്‍ 200 ല്‍ നിന്നും 300 ലെത്താന്‍ 354 പന്തുകളാണ്‌ ബാറ്റ്‌സ്‌മാന്മാര്‍ എടുത്തത്‌. രണ്ടാം സെഷനില്‍ കേവലം 11 റണ്‍സ്‌ നേടുന്നതിനിടെ മൂന്ന്‌ വിക്കറ്റുകളും നഷ്ടമായപ്പോള്‍ ഓസ്‌ട്രേലിയ തീര്‍ത്തും പിന്‍പാദത്തിലായി.
രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ സെഞ്ച്വറിക്ക്‌ അരികിലായിരുന്ന കാറ്റിച്ചിന്‌ അധികസമയം പിടിച്ചുനില്‍ക്കാനായില്ല. ഇന്നലെ തുടക്കത്തില്‍ തന്നെ കാറ്റിച്ച്‌ രക്ഷപ്പെടുന്നത്‌ കണ്ടു. ഇഷാന്ത്‌ ശര്‍മയുടെ പന്തില്‍ സ്ലിപ്പില്‍ ഉയര്‍ന്ന അവസരം വിശ്വസ്‌തനായ ദ്രാവിഡ്‌ നിലത്തിട്ടു. 2004 ലെ പരമ്പയില്‍ 99 റണ്‍സില്‍ പുറത്തായ അനുഭവമുളള കാറ്റിച്ച്‌ ഇഷാന്തിനെ തന്നെ ബൗണ്ടറി കടത്തിയാണ്‌ മൂന്നക്കം തികച്ചത്‌. കാറ്റിച്ച്‌ 102 നില്‍ക്കവെ വീണ്ടും ഇഷാന്ത്‌ നിര്‍ഭാഗ്യവാനായി. പന്ത്‌ ഉയര്‍ന്നു വീണത്‌ വി.വി.എസ്‌ ലക്ഷ്‌മണിന്‌ തൊട്ട്‌ മുന്നില്‍. ഇന്നലെ ലഞ്ചിന്‌ തൊട്ട്‌ മുമ്പ്‌ മാത്രമാണ്‌ ധോണി സ്‌പിന്നര്‍മാരെ രംഗത്തിറക്കിയത്‌. ഉച്ചഭക്ഷണത്തിന്‌ പിരിയാന്‍ പത്ത്‌ മിനുട്ട്‌ മാത്രം ശേഷിക്കെ സഹീര്‍ഖാന്റെ മികവില്‍ കാറ്റിച്ച്‌ വീണു. സഹീര്‍ പായിച്ച യോര്‍ക്കര്‍ കാറ്റിച്ചിന്റെ പാഡില്‍ തട്ടിയപ്പോള്‍ അമ്പയര്‍ അലീം ദറിന്‌ സംശയമുണ്ടായിരുന്നില്ല.
ആദ്യ സെഷനില്‍ 24 ഓവറുകളാണ്‌ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്‌-ഇതില്‍ പിറന്നതാവട്ടെ കേവലം 42 റണ്‍സ്‌..! രണ്ടാം സെഷനില്‍ മൈക്കല്‍ ക്ലാര്‍ക്കും വാട്ട്‌സണും പെട്ടെന്ന്‌ പുറത്തായതും കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലാക്കി. സെഞ്ച്വറിക്‌ പത്ത്‌ റണ്‍ അരികെ ഹര്‍ഭജനെതിരെ സിംഗിളെടുക്കാന്‍ ശ്രമിച്ച ഹസിയെ മുരളി വിജയ്‌ തകര്‍പ്പന്‍ ഫീല്‍ഡിംഗിലൂടെ പുറത്താക്കി. ഷോട്ട്‌ ലെഗ്ഗില്‍ ഫീല്‍ഡ്‌ ചെയ്‌തിരുന്ന വിജയ്‌ പെട്ടെന്ന്‌ തന്നെ പന്ത്‌ റാഞ്ചി കീപ്പര്‍ ധോണിക്ക്‌ നല്‍കിയപ്പോള്‍ ബാറ്റ്‌സ്‌മാന്‍ ക്രീസിന്‌ പുറ്‌ത്തായിരുന്നു.
രണ്ടാം സെഷനില്‍ ഇന്ത്യക്ക്‌ കാര്യങ്ങള്‍ എളുപ്പമായി. ബാറ്റ്‌സ്‌മാന്മാര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഇഷാന്തും ഹര്‍ഭജനും അവസരങ്ങള്‍ ഉപയോഗപ്പെടുത്തി.
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌ തുടങ്ങി ഒരോവര്‍ മാത്രം കളിച്ചു. സേവാഗും വിജയുമാണ്‌ ക്രീസില്‍.

കാണികളില്ല
നാഗ്‌പ്പൂര്‍: നാലാം ടെസ്റ്റിന്റെ മൂന്നാം ദിവസമായ ഇന്നലെ രണ്ടാം ശനിയാഴ്‌ച്ചയായിരുന്നു..... സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌ക്കൂളുകള്‍ക്കുമെല്ലാം അവധി ദിവസം. പക്ഷേ ഇന്നലെയും ജംതയിലെ വിദര്‍ഭ ക്രിക്കറ്റ്‌ അസോസിയേഷന്റെ പുതിയ സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മല്‍സരം കാണാന്‍ കാണികള്‍ കുറവായിരുന്നു. 45,000 പേര്‍ക്ക്‌ ഇരിപിടമുളള മൈതാനത്ത്‌ ആകെയെത്തിയത്‌ എഴുന്നുറോളം പേര്‍. ഇതില്‍ തന്നെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും. നാഗ്‌പ്പൂര്‍ നഗരത്തില്‍ നിന്നും ഏകദേശം പതിനഞ്ച്‌ കീലോമീറ്റര്‍ അകലെയാണ്‌ ജംത. ടൗണില്‍ നിന്ന്‌ ജംതയിലേക്ക്‌ വാഹനസൗകര്യവും കുറവാണ്‌. ഇതാണ്‌ മല്‍സരത്തെ ബാധിച്ചിരിക്കുന്നത്‌. പഴയ സ്‌റ്റേഡിയം നഗരത്തിന്‌ അരകിലായിരുന്നു. ഇവിടെ മല്‍സരങ്ങള്‍ നടന്നപ്പോഴെല്ലാം ആരാധകര്‍ കൂട്ടമായി എത്താറുണ്ടായിരുന്നു.

തേര്‍ഡ്‌ ഐ
മനസ്സ്‌
ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യയില്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തിന്റെ പ്രകടമായ തെളിവുകളാണ്‌ ഇന്നലെ നാഗ്‌പ്പൂരിലും കണ്ടത്‌. പരമ്പരയില്‍ ഒപ്പമെത്താനും ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താനും ഓസ്‌ട്രേലിയക്കാര്‍ക്ക്‌്‌ ഇവിടെ ജയിക്കണം. ജയിക്കനായി ഏത്‌ തന്ത്രം പ്രയോഗിക്കാം എന്ന കാര്യത്തില്‍ റിക്കി പോണ്ടിംഗിന്‌ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിക്കണമോ, അതോ പിടിച്ചുനില്‍ക്കണമോ എന്ന കാര്യത്തില്‍ ബാറ്റ്‌്‌സ്‌മാന്മാരെല്ലാം രണ്ട്‌ മനസ്സിലായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ വലിയ സ്‌്‌കോര്‍ സ്വന്തമാക്കിയതിനാല്‍ ആ സ്‌ക്കോര്‍ മറികടന്ന്‌ വലിയ ലീഡ്‌ നേടിയാല്‍ മാത്രമേ വിജയ പ്രതീക്ഷയുളളു എന്ന്‌ മനസ്സിലായിട്ടും ഒരു ബാറ്റ്‌സ്‌മാനും ആക്രമണത്തിന്‌ തുനിഞ്ഞില്ല. എല്ലാവരും എന്തെങ്കിലും സംഭവിക്കട്ടെ എന്ന മനസ്ഥിതിയിലായിരുന്നു.
മാരകമായ പ്രഹരശേഷിയുളളവരാണ്‌ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാര്‍. എതിരാളികളെ നിലംപരിശാക്കുന്നതില്‍ സമര്‍ത്ഥന്മാരായ അവര്‍ ഇന്നലെ കളിച്ച രീതി ആ ടീമിലുളള സമ്മര്‍ദ്ദത്തിന്റെ തെളിവായിരുന്നു. ബാംഗ്ലൂരില്‍ സഹീര്‍ഖാനും മൊഹാലിയില്‍ വി.വി.എസ്‌ ലക്ഷ്‌മണും പറഞ്ഞത്‌ സത്യമായിരുന്നു. ഇത്ര സമ്മര്‍്‌ദ്ദത്തില്‍ കളിക്കുന്ന ഒരു ഓസ്‌ട്രേലിയന്‍ ടീമിനെ കണ്ടിട്ടില്ലെന്ന്‌ സഹീറും ലക്ഷ്‌മണും പറഞ്ഞപ്പോള്‍ പോണ്ടിംഗ്‌ ക്ഷുഭിതനായാണ്‌ ഫിറോസ്‌ ഷാ കോട്‌ലയില്‍ പ്രതികരിച്ചിരുന്നത്‌.
ഓസ്‌ട്രേലിയ ഇതിനകം ഇന്ത്യയില്‍ കളിച്ച ദിനങ്ങള്‍ പരിശോധിച്ചാല്‍ ആ ടീമിന്‌ ഇത്‌ വരെ ഇന്ത്യക്കെതിരെ ആധിപത്യം നേടാനായില്ല എന്ന സത്യം വ്യക്തമാവും. ബാംഗ്ലൂര്‍ ടെസ്‌റ്റില്‍ മുന്‍ത്തൂക്കം നേടാന്‍ കഴിഞ്ഞിട്ട്‌ പോലും ഇന്ത്യന്‍ വാലറ്റക്കാരായ സഹീറിനും ഹര്‍ഭജനുമെതിരെ എങ്ങനെ പന്തെറിയണമെന്നറിയാതെ ബ്രെട്ട്‌ ലീയും സംഘവും കുഴങ്ങിയിരുന്നു. മൊഹാലിയിലും കോട്‌ലയിലും ബൗളര്‍മാര്‍ പതറിയ കാഴ്‌ച്ചയാണ്‌ കണ്ടതെങ്കില്‍ ഇവിടെ ബാറ്റ്‌സ്‌മാന്മാരാണ്‌ സമ്മര്‍ദ്ദത്തില്‍ സ്വന്തം ശൈലി തന്നെ മറന്നത്‌. 229 പന്തുകളെ നേരിട്ടാണ്‌ മൈക്‌ ഹസി 90 റണ്‍സ്‌ നേടിയത്‌. സെഞ്ച്വറിക്കാരനായ കാറ്റിച്ച്‌ 102 ലെത്താന്‍ 189 പന്തുകളെ അഭിമുഖീകരിച്ചു. ഓസീസ്‌ ടീമിലെ മിന്നലടിക്കാരനാണ്‌ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദീന്‍. അദ്ദേഹം 28 റണ്‍സ്‌ നേടാനായി വിനിയോഗിച്ചത്‌ 80 പന്തുകളായിരുന്നു. ക്ലാര്‍ക്കും വാട്ട്‌സണും പെട്ടെന്ന്‌ പുറത്താവുകയും ചെയ്‌തു. ഇവര്‍ രണ്ട്‌ പേരും ആക്രമണകാരികളായിരുന്നു. പക്ഷേ പ്രതിരോധത്തിന്‌ മുതിര്‍ന്നതാണ്‌ വിനയായത്‌.
ക്രെയിഗ്‌ വൈറ്റ്‌ എന്ന ഓള്‍റൗണ്ടര്‍ തന്റെ കരിയര്‍ ബെസ്‌റ്റ്‌ പ്രകടനവുമായി 46 റണ്‍സ്‌ നേടിയെങ്കിലും നേരിട്ടത്‌ 133 പന്തുകളായിരുന്നു. പരമ്പരയില്‍ ഒപ്പമെത്താന്‍ വിജയം നിര്‍ബന്ധമായ മല്‍സരത്തില്‍ ഈ വിധം മന്ദഗതിയില്‍ ബാറ്റ്‌ ചെയ്യാന്‍ പോണ്ടിംഗ്‌ ഉപദേശിച്ചതിന്‌ പിന്നിലെ ലക്ഷ്യം എന്താണെന്ന്‌ വ്യക്തമാണ്‌-എങ്ങനെയെങ്കിലും ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ്‌ നേടുക. എന്നിട്ട്‌ മല്‍സരത്തിന്റെ അവസാനദിവസത്തില്‍ ഈ ലീഡ്‌ സംരക്ഷിച്ച്‌ ഇന്ത്യയെ എറിഞ്ഞിടുക. പോണ്ടിംഗിലെ നായകന്‍ ഒരിക്കലും ഇങ്ങനെയായിരുന്നില്ല. എളുപ്പം റണ്‍സ്‌ നേടി എതിരാളികളെ ആധികാരികമായി തകര്‍ക്കാനാണ്‌ എന്നും അദ്ദേഹം ശ്രമിച്ചിട്ടുളളത്‌.
മഹേന്ദ്രസിംഗ്‌ ധോണിയിലെ നായകന്‍ ഇവിടെയാണ്‌ സമര്‍ത്ഥനാവുന്നത്‌. മല്‍സരത്തിന്റെ രണ്ടാം ദിനം ധോണിക്ക്‌ തന്ത്രങ്ങള്‍ പിഴച്ചിരുന്നു. അത്‌ മനസ്സിലാക്കി ധോണി ഇന്നലെ ക്ഷമയോടെ തന്ത്രങ്ങള്‍ നടപ്പിലാക്കി. ഓസ്‌ട്രേലിയക്കാര്‍ എന്തെങ്കിലും സംഭവിക്കാനായി കാത്തുനില്‍ക്കുകയാണെന്ന്‌ മനസ്സിലാക്കി ആതേ തന്ത്രത്തില്‍ സംഭവിക്കാനുളളത്‌ സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന നിലപാടിലായിരുന്നു ധോണി.
രണ്ട്‌ ദിവസങ്ങളാണ്‌ മല്‍സരത്തിലും പരമ്പരയിലും ഇനി ശേഷിക്കുന്നത്‌. എന്തും സംഭവിക്കാമെങ്കില്‍ പോലും ഒരു ഓസീസ്‌ വിജയം ഈ ഘട്ടത്തില്‍ ഏറെക്കുറെ അപ്രാപ്യമാണ്‌. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ പെട്ടെന്ന്‌ തകരുമെന്ന്‌ വിശ്വസിക്കുക പ്രയാസമാണ്‌. ഇന്ത്യക്ക്‌ ഈ മല്‍സരം ജയിക്കേണ്ടതില്ല. ഒരു സമനില തന്നെ ധാരാളം. രണ്ട്‌ ദിവസം പൂര്‍ണ്ണമായും മുന്നില്‍ നില്‍ക്കവെ നന്നായി ക്ഷമയോടെ ബാറ്റ്‌ ചെയ്യാം. നല്ല ലീഡായാല്‍ അവസാനദിനത്തില്‍ ഓസ്‌ട്രേലിയയെ ബാറ്റിംഗിന്‌ അയക്കാം. ഇന്ത്യക്ക്‌ നിയന്ത്രിക്കാവുന്ന തരത്തിലാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍. ജാസോണ്‍ ക്രെസ്‌ജയെന്ന ഓഫ്‌ സ്‌പിന്നര്‍ ആദ്യ ഇന്നിംഗ്‌സില്‍ എട്ട്‌ വിക്കറ്റ്‌ നേടിയിട്ടുണ്ടെങ്കില്‍ ആ ബൗളറെ മനസ്സിലാക്കാനും ജാഗ്രത പാലിക്കാനും ഇന്ത്യയുടെ അനുഭവസമ്പന്നരായ ബാറ്റ്‌സ്‌മാന്മാരെ പഠിപ്പിക്കേണ്ടതില്ല.

വീണ്ടും സിഡ്‌നിയുമായി പോണ്ടിംഗ്‌
മെല്‍ബണ്‍: വന്‍ വിവാദത്തില്‍ കലാശിച്ച ഇന്ത്യ-ഓസ്‌ട്രേലിയ സിഡ്‌നി ടെസ്‌റ്റില്‍ ഹര്‍ഭജന്‍സിംഗിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കരുതെന്ന്‌ തന്നോട്‌ ഒരു സീനിയര്‍ ഇന്ത്യന്‍ താരം അഭ്യര്‍ത്ഥിച്ചതായി ഓസീസ്‌ നായകന്‍ റിക്കി പോണ്ടിംഗ്‌. ക്യാപ്‌റ്റന്‍സ്‌ ഡയറിയിലാണ്‌ പോണ്ടിംഗിന്റെ ഈ പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ ടെലഫോണില്‍ തന്നോട്‌ സംസാരിച്ച സീനിയര്‍ ഇന്ത്യന്‍ താരം ആരാണെന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നില്ല. സിഡ്‌നി ടെസ്‌റ്റിനിടെ ഹര്‍ഭജന്‍ ഓസീസ്‌ താരം ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണം വന്‍ വിവാദമായിരുന്നു. ഹര്‍ഭജനെതിരെ വിലക്ക്‌ വരുകയും ഇതിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കുകയും പിന്നീട്‌ അപ്പീല്‍ അംഗീകരിക്കുകയുമായിരുന്നു. മല്‍സരത്തിന്റെ നാലാം ദിവസം രാത്രിയാണ്‌ തന്നെ ഇന്ത്യന്‍ താരം വിളിച്ചതെന്നാണ്‌ പോണ്ടിംഗ്‌ വിശദീകരിക്കുന്നത്‌. ഹര്‍ഭജനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കരുതെന്ന്‌ ഇന്ത്യന്‍ താരം പറഞ്ഞപ്പോള്‍ എന്തിനാണ്‌ പിറകോട്ട്‌ പോവുന്നതെന്നായിരുന്നത്രെ പോണ്ടിംഗിന്റെ മറുചോദ്യം. കേസ്‌ വന്നാല്‍ അത്‌ വലിയ നിയമനടപടിയിലേക്കും പ്രശ്‌നങ്ങളിലേക്കും നീങ്ങുമെന്നാണത്രെ ഇന്ത്യന്‍ താരം പ്രതികരിച്ചത്‌. ...
നീതി ലഭിക്കുമെന്ന്‌ കരുതിയാണ്‌ ആ ടെലഫോണ്‍ വിളിയെക്കുറിച്ച്‌്‌ തെളിവെടുപ്പ്‌ വേളയില്‍ പരാമര്‍ശിക്കാതിരുന്നത്‌. മല്‍സരത്തിന്റെ മൂന്നാം ദിവസമാണ്‌ സംഭവമുണ്ടായത്‌. അപ്പോള്‍ തന്നെ മൈക്കല്‍ ക്ലര്‍ക്ക്‌ ഓടിയെത്തിയാണ്‌ തന്നോട്‌ കാര്യം പറഞ്ഞതെന്ന്‌ പോണ്ടിംഗ്‌ പറയുന്നു. അവന്‍ വീണ്ടും സൈമോയെ കുരങ്ങന്‍ എന്ന്‌ വിളിച്ചുവെന്നാണ്‌ ക്ലാര്‍ക്ക്‌ പറഞ്ഞത്‌. കഴിഞ്ഞ ഒക്ടോബറില്‍ മുംബൈയില്‍ നടന്ന ഏകദിനത്തിനിടെയാണ്‌ ആദ്യമായി ഹര്‍ഭജന്‍ സൈമോയെ കളിയാക്കിയത്‌. അന്ന്‌ മല്‍സരശേഷം സൈമണ്ട്‌സ്‌്‌്‌്‌ തന്റെ മുറിവിട്ട്‌ ഹര്‍ഭജന്റെ മുറിയിലെത്തുകയും ഇത്‌ ആവര്‍ത്തിക്കരുതെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തിരുന്നത്രെ. സൈമോ വളരെ ദു:ഖിതനായിരുന്നു. തെറ്റ്‌ ആവര്‍ത്തിക്കില്ലെന്ന്‌ ഹര്‍ഭജന്‍ ഉറപ്പും നല്‍കിയിരുന്നത്രെ...
സിഡ്‌നിയില്‍ ഇതേ സംഭവം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഞാന്‍ തന്നെ ഹര്‍ഭജനോട്‌ കാര്യം പറഞ്ഞു. താങ്കള്‍ വീണ്ടും സൈമോയെ അധിക്ഷേപിച്ചില്ലേ എന്ന്‌ ചോദിച്ചപ്പോള്‍ സച്ചിന്‍ ഇടപ്പെട്ടു. പ്രശ്‌നം താന്‍ പരിഹരിക്കാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീടൊന്നുമുണ്ടായില്ലെന്ന്‌ പോണ്ടിംഗ്‌ പറഞ്ഞു.
സ്റ്റെന്‍ വിജയം
പോഷര്‍ബാം: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക്‌ 61 റണ്‍സ്‌ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക ജാക്‌ കാലിസിന്റെ അര്‍ദ്ധസെഞ്ച്വറിയില്‍ എട്ട്‌ വിക്കറ്റിന്‌ 283 റണ്‍സ്‌ കരസ്ഥമാക്കിയപ്പോള്‍ ബംഗ്ലാദേശ്‌ 222 റണ്‍സിന്‌ എല്ലാവരും പുറത്തായി. 73 റണ്‍സ്‌ നേടിയ അഷറഫുല്‍ മാത്രമാണ്‌ പിടിച്ചുനിന്നത്‌. പരുക്കില്‍ നിന്ന്‌ മോചിതനായി തിരിച്ചെത്തിയ പേസര്‍ ഡാലെ സ്റ്റെന്‍ 16 റണ്‍സിന്‌ നാല്‌ പേരെ പുറത്താക്കി. സ്‌റ്റെനാണ്‌ കളിയിലെ കേമന്‍.

നാസ്‌രിയുടെ ഗോളുകള്‍ ആഴ്‌സനില്‍ മാഞ്ചസ്‌റ്ററിനെ മുക്കി
ലണ്ടന്‍: ആഴ്‌സനലിന്റെ കാലം കഴിഞ്ഞിട്ടില്ല...... തന്റെ ക്ലബിനെയും ടീമിനെയും എഴുതിത്തള്ളിയവര്‍ക്ക്‌ മുന്നില്‍ ആഴ്‌സന്‍ വെംഗറും കുട്ടികളും തല ഉയര്‍ത്തിനിന്നു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന തകര്‍പ്പന്‍ മല്‍സരത്തില്‍ യുവതാരം സമീര്‍ നാസ്‌രി നേടിയ ഒരു ജോഡി ഗോളുകള്‍ക്ക്‌ ഗണ്ണേഴ്‌സ്‌ ചാമ്പ്യന്മാരെ പരാജയപ്പെടുത്തി പ്രീമിയര്‍ ലീഗ്‌ സാധ്യതകളില്‍ നിന്ന്‌ പിറകോട്ടില്ലെന്ന്‌ വ്യക്തമാക്കി. ഇരുപത്തിരണ്ടാം മിനുട്ടിലായിരുന്നു നാസ്‌രിയുടെ ആദ്യ ഗോള്‍. രണ്ടാം പകുതി മൂന്നാം മിനുട്ട്‌ പിന്നിട്ടപ്പോള്‍ രണ്ടാം ഗോളുമെത്തി. നിശ്ചിത സമയത്തിന്‌ ഒരു മിനുട്ട്‌ മുമ്പ്‌ സബ്‌സ്റ്റിറ്റിയൂട്ട്‌ റാഫേല്‍ മാഞ്ചസ്റ്ററിന്‌ പ്രതീക്ഷ നല്‍കി ഒരു ഗോള്‍ മടക്കി. ആറ്‌ മിനുട്ട്‌ അധികസമയത്ത്‌ ഗോള്‍ വീഴാതെ പിടിച്ചുനിന്നാണ്‌്‌ ആഴ്‌സനല്‍ ജയിച്ചുകയറിയത്‌. കഴിഞ്ഞ മല്‍സരത്തില്‍ സ്റ്റോക്‌ സിറ്റിയോട്‌ തോല്‍ക്കുകയും ടോട്ടന്‍ഹാമിനോട്‌ സമനില വഴങ്ങുകയും ചെയ്‌തപ്പോള്‍ ആഴ്‌സനലിന്റെ ആരാധകര്‍ തന്നെ കോച്ചിനെതിരെ രംഗത്ത്‌ വന്നിരുന്നു.

1 comment:

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com