Tuesday, November 11, 2008

SORRY ENGLANDഇംഗ്ലണ്ട്‌ തരിപ്പണം
മുംബൈ: ഇന്ത്യന്‍ പര്യടനത്തിനെത്തിയ കെവിന്‍ പീറ്റേഴ്‌സന്റെ ഇംഗ്ലീഷ്‌ സംഘത്തിന്‌ വാം അപ്പ്‌ മല്‍സരത്തില്‍ ദയനീയ പരാജയം. ഇന്ത്യക്കെതിരായ പരമ്പര വെള്ളിയാഴ്‌ച്ച രാജ്‌ക്കോട്ടില്‍ ആരംഭിക്കാനിരിക്കെ, ഇന്നലെ മുംബൈ പ്രസിഡണ്ട്‌സ്‌ ഇലവനെതിരായ സന്നാഹ മല്‍സരത്തില്‍ 124 റണ്‍സിനാണ്‌ ടീം തകര്‍ന്നടിഞ്ഞത്‌. ആദ്യം ബാറ്റ്‌്‌ ചെയ്യാന്‍ നിയോഗിതരായ മുംബൈ സംഘം ഏഴ്‌ വിക്കറ്റിന്‌ 222 റണ്‍സ്‌ കരസ്ഥമാക്കിയപ്പോള്‍ ഇംഗ്ലീഷ്‌ സംഘത്തിന്‌ ആകെ നേടാനായത്‌ 98 റണ്‍സാണ്‌. കഴിഞ്ഞ ഞായറാഴ്‌ച്ച നടന്ന സന്നാഹ മല്‍സരത്തില്‍ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഇലവനെതിരെ വിജയം വരിച്ച ഇംഗ്ലീഷ്‌ സംഘത്തിന്റെ മുന്‍നിരക്കാര്‍ ഇന്നലെ സ്‌ക്കൂള്‍തല ക്രിക്കറ്റിനെയും നാണിപ്പിക്കുന്ന വിധത്തിലാണ്‌ കളിച്ചത്‌. ക്യാപ്‌റ്റന്‍ പീറ്റേഴ്‌സണ്‌ പവിലിയനിലിരുന്ന്‌ പലപ്പോഴും ടീമിന്റെ ദയനീയത കാണാതാരിക്കാന്‍ കണ്ണുകള്‍ പൊത്തേണ്ടി വന്നു. തന്റെ രണ്ടാം ഫസ്‌റ്റ്‌്‌ ക്ലാസ്‌ മല്‍സരം മാത്രം കളിക്കുന്ന ഷേമാല്‍ വൈഗാന്‍കര്‍ അഞ്ച്‌ വിക്കറ്റ്‌ സമ്പാദിച്ച്‌ കളിയിലെ കേമനായി. പരുക്ക്‌ കാരണം ഇംഗ്ലീഷ്‌ സംഘത്തില്‍ പേസര്‍മാരായ സ്റ്റ്യൂവാര്‍ട്ട്‌ ബ്രോഡ്‌, റ്യാന്‍ സൈഡ്‌ബോട്ടം എന്നിവര്‍ കളിച്ചിരുന്നില്ല. മൂന്ന്‌ സ്‌പെഷ്യലിസ്‌റ്റ്‌ സീമര്‍മാരുമായാണവര്‍ മുംബൈ സംഘത്തെ നേരിടാനിറങ്ങിയത്‌. ഈ അവസരം ഉപയോഗപ്പെടുത്തിയാണ്‌ ആതിഥേയര്‍ എളുപ്പത്തില്‍ ബാറ്റ്‌ ചെയ്‌തതും.
ആദ്യ സന്നാഹ മല്‍സരത്തില്‍ അര്‍ദ്ധസെഞ്ച്വറിയുമായി ടീമിന്‌ നല്ല തുടക്കം നല്‍കിയ ഇയാന്‍ ബെല്ലിന്റെ ആയുസ്സ്‌ കേവലം രണ്ട്‌ ഓവറുകളില്‍ മാത്രമായിരുന്നെങ്കില്‍ വിക്കറ്റ്‌ കീപ്പര്‍ മാറ്റ്‌ പ്രയര്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ടീമിന്‌ കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങി. ക്യാപ്‌റ്റന്‍ പീററേഴ്‌സണ്‍ ക്രീസ്‌ വിട്ട്‌ പന്തിനെ പറപ്പിക്കാന്‍ നടത്തിയ ശ്രമത്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങി. മുന്‍ ക്യാപ്‌റ്റന്‍ പോള്‍ കോളിംഗ്‌ വുഡിനൊപ്പം ഇന്നിംഗ്‌സിന്‌ ദിശാബോധം നല്‍കാന്‍ ശ്രമിച്ച സമിത്‌ പട്ടേലിനും ആയുസുണ്ടായിരുന്നില്ല. ആദ്യ പത്ത്‌ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ മുന്‍ നിരക്കാരെല്ലാം പവിലിയനില്‍ തിരിച്ചെത്തിയിരുന്നു. ഒമ്പതാം വിക്കറ്റ്‌്‌ നിലംപതിക്കുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 64 റണ്‍സാണുണ്ടായിരുന്നത്‌. അവിടെ നിന്നും അവസാന വിക്കറ്റില്‍ ഗ്രയീം സ്വാനും (24 നോട്ടൗട്ട്‌), ജെയിംസ്‌ ആന്‍ഡേഴ്‌സണും (20) ചേര്‍ന്നാണ്‌ വലിയ ആഘാതം ഒഴിവാക്കിയത്‌. രാവിലെ സുഷാന്ത്‌ മറാത്തെ (65), പോള്‍ വല്‍ത്താറ്റി (44) എന്നിവരുടെ കരുത്തിലാണ്‌ മുംബൈ സാമാന്യം ഭേദപ്പെട്ട റണ്‍ നേടിയത്‌.

ധോണിയും ഗൗതമും
നാഗ്‌പ്പൂര്‍: ഇന്ത്യന്‍ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ കനകാധ്യായങ്ങളിലൊന്നായാണ്‌ ക്രിക്കറ്റ്‌്‌ നിരൂപകര്‍ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി നേട്ടത്തെ ചിത്രീകരിക്കുന്നത്‌. ഓസ്‌ട്രേലിയ എന്ന ലോക ചാമ്പ്യന്മാരെ ഇത്ര ആധികാരികമായി പരാജയപ്പെടുത്താന്‍ ഇതിന്‌ മുമ്പ്‌്‌ ഇന്ത്യക്ക്‌ കഴിഞ്ഞിട്ടില്ലെന്നും 2001 ലെ നേട്ടത്തിനെക്കാള്‍ കരുത്ത്‌ ഇപ്പോഴത്തെ നേട്ടത്തിനുണ്ടെന്നുമാണ്‌ ക്രിക്കറ്റ്‌ രംഗത്തെ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നത്‌. ടീം ഗെയിം എന്ന നിലയില്‍ ഇന്ത്യന്‍ പരമ്പര നേട്ടത്തില്‍ എല്ലാവര്‍ക്കും വലിയ പങ്കുണ്ടായിരുന്നു. ബാറ്റ്‌സ്‌മാന്മാരില്‍ രാഹുല്‍ ദ്രാവിഡിനെ മാറ്റി നിര്‍ത്തിയാല്‍ എല്ലാവരും സ്വന്തം സംഭാവനകള്‍ നല്‍കിയപ്പോള്‍ ബൗളര്‍മാരുടെ നിരയില്‍ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മയും സ്‌പിന്നര്‍മാരായ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും കന്നിക്കാരനായ അമിത്‌ മിശ്രയുമെല്ലാം മികവു കാട്ടി. ഫീല്‍ഡിംഗിലും ഓസ്‌ട്രേലിയയെക്കാള്‍ മുന്നില്‍ ഇന്ത്യയായിരുന്നു. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ടെസ്‌റ്റ്‌ പരമ്പരയിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തിയാല്‍ ഒന്നാം സ്ഥാനത്ത്‌ വരുന്നത്‌ ക്യാപ്‌റ്റന്‍ ധോണിയും ഓപ്പണര്‍ ഗൗതം ഗാംഭീറുമാണ്‌. താരങ്ങളുടെ പ്രകടനത്തിലൂടെ:
1-മഹേന്ദ്രസിംഗ്‌ ധോണി
സൂപ്പര്‍ ക്യാപ്‌റ്റന്‍
നിസ്സംശയം പറയാം ഇന്ത്യക്ക്‌ പരമ്പര സമ്മാനിച്ചത്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ കൗശല തന്ത്രങ്ങള്‍ തന്നെയാണ്‌. നാല്‌ മല്‍സര പരമ്പരയിലെ രണ്ട്‌ മല്‍സരങ്ങളാണ്‌ ഇന്ത്യ ജയിച്ചത്‌-മൊഹാലിയിലും നാഗ്‌പ്പൂരിലും. രണ്ട്‌ മല്‍സരങ്ങളിലും ടീമിനെ നയിച്ചത്‌ ധോണിയായിരുന്നു. സമനിലയില്‍ കലാശിച്ച രണ്ട്‌ മല്‍സരങ്ങളില്‍ ക്യാപ്‌റ്റന്‍സി കുംബ്ലെക്കായിരുന്നു. മൊഹാലിയിയില്‍ ഇന്ത്യക്ക്‌ ചരിത്ര വിജയം ഒരുക്കുന്നതില്‍ ക്യാപ്‌റ്റനായും ബാറ്റ്‌സ്‌മാനായും ധോണി മികവുകാട്ടി. മല്‍സരത്തിന്റെ ആദ്യസെഷനിലെ ആദ്യ മണിക്കൂര്‍ മുതല്‍ ആധിപത്യം ഇന്ത്യക്കായിരുന്നു. ഓസ്‌ട്രേലിയ പോലെ ഒരു ടീമിനെതിരെ ഇത്ര ആധികാരികമായി മുന്നേറാന്‍ സമീപകാലത്ത്‌ ഒരു ടീമിനും കഴിഞ്ഞിട്ടില്ല എന്ന സത്യത്തില്‍ നിന്ന്‌ ധോണിയുടെ മികവ്‌ തിരിച്ചറിയാം. നാഗ്‌പ്പൂരില്‍ ധോണിയിലെ നായകന്‍ കരുത്തനായത്‌ മൂന്നാം ദിവസമായിരുന്നു. ഓസ്‌ട്രേലിയ പെട്ടെന്ന്‌ റണ്‍സ്‌ നേടുന്നത്‌ തടയാന്‍ ഓഫ്‌ സൈഡില്‍ ഒമ്പത്‌ ഫീല്‍ഡര്‍മാരെയാണ്‌ അദ്ദേഹം അണിനിരത്തിയത്‌. അതോടെ റണ്‍ നിരക്ക്‌ താണു. അവസാന ദിവസത്തില്‍ മാത്യൂ ഹെയ്‌ഡന്‍ അപകടരമായി നീങ്ങിയപ്പോള്‍ പോലും സമ്മര്‍ദ്ദം പ്രകടിപ്പിക്കാതെ സ്വന്തം താരങ്ങളെ നയിക്കുന്നതില്‍ വിജയിച്ച ധോണി വിരമിക്കുന്ന തന്റെ മുന്‍ഗാമികളായ അനില്‍ കുംബ്ലെയെയും സൗരവ്‌ ഗാംഗുലിയെയും ആദരിക്കുന്നതില്‍ മുന്നില്‍ നിന്നു. മൊഹാലിയില്‍ ആക്രമണകാരിയായ ബാറ്റ്‌്‌സ്‌മാനായി രണ്ട്‌ ഇന്നിംഗ്‌സിലും അര്‍ദ്ധസെഞ്ച്വറികള്‍ സ്വന്തമാക്കി. നാഗ്‌പ്പൂര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 56 റണ്‍സ്‌ നേടിയ ധോണി ഇന്ത്യന്‍ മധ്യനിര തകര്‍ന്നടിഞ്ഞ രണ്ടാം ഇന്നിംഗ്‌സില്‍ 55 റണ്‍സ്‌ നേടി.
ഗൗതം ഗാംഭീര്‍
2004 ലെ പരമ്പരയില്‍ ഓസ്‌ട്രേലിയ കീരിടം സ്വന്തമാക്കിയത്‌ ഫാസ്‌റ്റ്‌ ബൗളര്‍മാരായ ഗ്ലെന്‍ മക്‌ഗ്രാത്തിന്റെയും ജെയ്‌സണ്‍ ഗില്ലസ്‌പിയുടെയും കരുത്തിലയിരുന്നു. പുതിയ പന്തില്‍ ഇവര്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക്‌ നല്ല തുടക്കം ലഭിച്ചിരുന്നില്ല. പക്ഷേ ഇത്തവണ ഗാംഭീര്‍-സേവാഗ്‌ സഖ്യത്തിന്റെ കരുത്തില്‍ എല്ലാ മല്‍സരങ്ങളിലും ഇന്ത്യക്ക്‌ നല്ല തുടക്കം ലഭിച്ചു. വിലക്ക്‌ കാരണം അവസാന ടെസ്‌റ്റില്‍ കളിക്കാന്‍ കഴിയാതിരുന്നിട്ടും മൊത്തം 463 റണ്‍സുമായി പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ്‌ സ്വന്തമാക്കുന്ന താരമെന്ന ബഹുമതി ഡല്‍ഹിക്കാരന്‌ സ്വന്തമായി ലഭിച്ചു. സേവാഗിനൊപ്പം ഒരു സെഞ്ച്വറി സഖ്യവും രണ്ട്‌ അര്‍ദ്ധ സെഞ്ച്വറി സഖ്യങ്ങളും അദ്ദേഹം പടുത്തുയര്‍ത്തി. ഇന്ത്യ വന്‍ വിജയം നേടിയ മൊഹാലി ടെസ്‌റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 67 റണ്‍സ്‌ നേടിയ ഗാംഭീര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 104 റണ്‍സായിരുന്നു വാരിക്കൂട്ടിയത്‌. ഓസീസ്‌്‌ ബൗളിംഗ്‌ നിരയിലെ ദുര്‍ബലരെ തെരഞ്ഞെടുത്ത്‌ ആക്രമിച്ചാണ്‌ ഗാംഭീര്‍ ഓസ്‌ട്രേലിയക്കാരെ ഞെട്ടിച്ചത്‌. ഫിറോസ്‌ ഷാ കോട്‌ലയില്‍ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യന്‍ വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചത്‌ മറ്റാരുമായിരുന്നില്ല. കോട്‌ലയില്‍ ഓസീസ്‌ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്ട്‌സണുമായുളള ഉടക്ക്‌ മാറ്റിനിര്‍ത്തിയാല്‍ ഗാംഭിറിന്റെ പരമ്പരയായിരുന്നു ഇത്‌.
ഇഷാന്ത്‌ ശര്‍മ
പരമ്പരയിലെ കേമന്‍പ്പട്ടം സ്വന്തമാക്കിയ ഇഷാന്ത്‌ ശര്‍മ്മ ശരിക്കും ഒരു ഇന്ത്യന്‍ കണ്ടുപിടുത്തമായിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികവ്‌ പ്രകടിപ്പിച്ചുവെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു സീമര്‍ ഇത്രമാത്രം മികവ്‌ പ്രകടിപ്പിക്കുന്നതും പരമ്പരയിലെ കേമന്‍പ്പട്ടം സ്വന്തമാക്കുന്നതും ഇതാദ്യമായാണ്‌. 1983 ലെ പരമ്പരയില്‍ കപില്‍ദേവ്‌ മാന്‍ ഓഫ്‌ ദ സീരിസ്‌ പട്ടം നേടിയ ശേഷം ഒരു ഇന്ത്യന്‍ സീമര്‍ ഒരു പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. നാല്‌ മല്‍സരങ്ങളില്‍ നിന്നായി 15 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇഷാന്ത്‌ എല്ലാ മല്‍സരത്തിലും എതിരാളികളെ വിറപ്പിച്ചു. പിച്ചുകളെ എളുപ്പം സ്വാധീനിക്കാന്‍ കഴിയുന്നുണ്ട്‌ ഇഷാന്തിന്‌. ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്‌മാന്മാരില്‍ ഒരാളായ റിക്കി പോണ്ടിംഗിന്‌ പോലും ഇഷാന്തിനെ നേരിടാന്‍ കഴിയാത്ത അവസ്ഥയാണ്‌. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സീമിനെ ഉപയോഗപ്പെടുത്തിയ ഇഷാന്ത്‌ മൊഹാലിയില്‍ റിവേഴസ്‌ സ്വംഗുകള്‍ ആയുധമാക്കി. കോട്‌ലയില്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലാതിരുന്നിട്ടും അധികം റണ്‍സ്‌ വഴങ്ങിയില്ല. നാഗ്‌പ്പൂരില്‍ രണ്ട്‌ ഇന്നിംഗ്‌സിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിനെ തുണച്ചു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ്‌ സ്വന്തം പേരിലാക്കിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രകടന പട്ടികയില്‍ നാലാം സ്ഥാനത്ത്‌ വരുന്നു. ബാംഗ്ലൂര്‍ ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സച്ചിന്‍ നേടിയ 49 റണ്‍സ്‌ ഇന്ത്യയെ സമനിലയിലേക്ക്‌ നയിക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചപ്പോള്‍ മൊഹാലിയില്‍ 17 റണ്‍സ്‌ നേടുന്നതിനിടെ മൂന്ന്‌ വിക്കറ്റുകള്‍ നഷ്‌ടമായി ഇന്ത്യ തളരുമ്പോള്‍ സച്ചിന്‍ 88 റണ്‍സ്‌ നേടി രക്ഷകനായി. രണ്ട്‌ വിക്കറ്റിന്‌ 27 റണ്‍സ്‌ എന്ന നിലയില്‍ ഇന്ത്യ തകരുമ്പോഴാണ്‌ അദ്ദേഹം ഡല്‍ഹി ടെസ്‌റ്റില്‍ രക്ഷകനായത്‌. നാഗ്‌പ്പരില്‍ നാല്‍പ്പതാമത്‌ ടെസ്‌റ്റ്‌ സെഞ്ച്വറിയുമായി അദ്ദേഹം ഒന്നാം ഇന്നിംഗ്‌സില്‍ ടീമിന്‌ വലിയ സംഭാവന നല്‍കി. മധ്യനിരയില്‍ വിശ്വസിക്കാനാവുന്ന താരമായിരുന്നു സച്ചിന്‍. ആകെ 396 റണ്‍സാണ്‌ നാല്‌ ടെസ്റ്റില്‍ നിന്നായി അദ്ദേഹം സ്വായത്തമാക്കിയത്‌.
വീരേന്ദര്‍ സേവാഗ്‌
തനത്‌ ശൈലിയിലായിരുന്നു സേവാഗ്‌. പക്ഷേ ഒരു വലിയ സെഞ്ച്വറി മാത്രം അദ്ദേഹത്തെ അകന്നുനിന്നു. പരമ്പരയില്‍ മൊത്തം 351 റണ്‍സ്‌ സ്വന്തമാക്കിയ സേവാഗ്‌ മൂന്ന്‌ അര്‍ദ്ധസെഞ്ച്വറികള്‍ കരസ്ഥമാക്കി. മൊഹാലിയില്‍ നേടിയ 90 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. നാഗ്‌പ്പൂര്‍ ടെസ്‌റ്റില്‍ വിലക്ക്‌ കാരണം ഗൗതം ഗാംഭീറിന്‌ കളിക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ സമ്മര്‍ദ്ദം സേവാഗിലായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 66 റണ്‍സ്‌ നേടിയ വീരു രണ്ടാം ഇന്നിംഗ്‌സില്‍ അവസരത്തിനൊത്തുയര്‍ന്ന്‌ 92 റണ്‍സാണ്‌ വാരിക്കൂട്ടിയത്‌.
സൗരവ്‌ ഗാംഗുലി
കരിയറിലെ അവസാന പരമ്പര കളിച്ച സൗരവ്‌ തന്നിലര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തുന്നതില്‍ വിജയിച്ചു. 324 റണ്‍സാണ്‌ നാല്‌ ടെസ്‌റ്റുകളില്‍ നിന്നായി അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തത്‌. മൊഹാലിയില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ഗാംഗുലിയുടെ ബാറ്റ്‌ ശകത്തിലെത്തിയിരുന്നു. നാഗ്‌പ്പൂരില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക്‌ മികച്ച സ്‌ക്കോര്‍ സമ്മാനിക്കുന്നതിലും അദ്ദേഹത്തിന്‌ കാര്യമായ പങ്കുണ്ടായിരുന്നു.
ഹര്‍ഭജന്‍സിംഗ്‌
സ്‌പിന്നര്‍ എന്നതിനേക്കാളുപരി ഇന്ത്യ വിജയങ്ങള്‍ നേടിയ ടെസ്‌്‌റ്റുകളില്‍ ഹര്‍ഭജന്‍ സിംഗ്‌ എന്ന ബാറ്റ്‌സ്‌മാനാണ്‌ കസറിയത്‌. ബാംഗ്ലൂരില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ പതറുമ്പോള്‍ ക്രീസിലെത്തിയ ബാജി അര്‍ദ്ധ സെഞ്ച്വറിയുമായി ഓസീസ്‌ ബൗളിംഗിനെ അനായാസം നേരിട്ടു. സഹീര്‍ഖാനുമൊത്ത്‌്‌ സെഞ്ച്വറി സഖ്യവുമുണ്ടാക്കി. നാഗ്‌പ്പൂര്‍ ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ മധ്യനിര തകര്‍ന്നപ്പോള്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിക്കൊപ്പം മറ്റൊരു അര്‍ദ്ധസെഞ്ച്വറിയുമായി കളം വാണു. ധോണി-ഹര്‍ഭജന്‍ സഖ്യം വിലപ്പെട്ട 108 റണ്‍സാണ്‌ നേടിയത്‌. മൊത്തം 15 വിക്കറ്റുകളും ബാജി പരമ്പരയില്‍ നേടി.
വി.വി.എസ്‌ ലക്ഷ്‌മണ്‍
ബാംഗ്ലൂര്‍ ടെസ്‌റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ലക്ഷ്‌മണ്‍ അക്കൗണ്ട്‌ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 142 പന്തില്‍ നിന്നും അദ്ദേഹം നേടിയ 42 റണ്‍സ്‌ ടീമിനെ പരാജയത്തില്‍ നിന്നും രക്ഷിച്ചു. മൊഹാലിയിലെ ഇന്ത്യന്‍ വിജയത്തില്‍ ലക്ഷ്‌മണ്‌ വലിയ പങ്കുണ്ടായിരുന്നില്ല. എന്നാല്‍ കോട്‌ലാ ടെസ്‌റ്റില്‍ ഡബിള്‍ സെഞ്ച്വറിയുമായി അദ്ദേഹം ഓസ്‌ട്രേലിയക്കെതിരായ തന്റെ ആധിപത്യം ആവര്‍ത്തിച്ച്‌ തെളിയിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 59 റണ്‍സും പുറത്താവാതെ നേടി. നാഗ്‌പ്പൂരില്‍ കരിയറിലെ നൂറാമത്‌ ടെസ്‌റ്റ്‌ കളിച്ച ലക്ഷ്‌മണ്‍ ഒന്നാം ഇന്നിംഗ്‌സില്‍ അര്‍ദ്ധസെഞ്ച്വറിയും നേടി.
സഹീര്‍ഖാന്‍
ബാംഗ്ലൂര്‍ ടെസ്റ്റിലായിരുന്നു സഹീറിന്റെ വലിയ സംഭാവന. മാത്യൂ ഹെയ്‌ഡന്റെ പ്രധാന വിക്കറ്റ്‌ ഉള്‍പ്പെടെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച്‌ വിക്കറ്റുകള്‍. പിന്നെ ഹര്‍ഭജനുമൊത്ത്‌ ബാറ്റിംഗില്‍ തകര്‍പ്പന്‍ പ്രകടനം. ആദ്യ ടെസ്റ്റ്‌ സമനിലയിലാക്കിയതില്‍ സഹീറിന്റെ 57 റണ്‍സിന്‌ വലിയ പങ്കുണ്ടായിരുന്നു. മൊഹാലി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ്‌ വാലറ്റത്തെ കശക്കിയ സഹീറിന്‌ കോട്‌ലയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. നാഗ്‌പ്പൂരിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ കുറവായിരുന്നു.
അമിത്‌ മിശ്ര
അനില്‍ കുംബ്ലെയുടെ ചുമലിന്‌ ആദ്യ ടെസ്റ്റിനിടെ പരുക്കേല്‍ക്കാത്തപക്ഷം ഈ പരമ്പരയില്‍ കളിക്കാന്‍ ഡല്‍ഹിക്കാരനായ അമിത്‌ മിശ്രക്ക്‌ കഴിയുമായിരുന്നില്ല. മൊഹാലിയില്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തിയ മിശ്ര കന്നി ടെസ്‌റ്റില്‍ തന്നെ ഏഴ്‌ വിക്കറ്റ്‌ നേടി.ഡല്‍ഹിയില്‍ നടന്ന മൂന്നാം ടെസ്‌റ്റില്‍ ഹര്‍ഭജന്‍സിംഗിന്റെ പരുക്കില്‍ അവസാന ഇലവനില്‍ അവസരം ലഭിച്ച മിശ്ര സ്വന്തം മൈതാനത്ത്‌ പ്രകടനം മോശമാക്കിയില്ല. നാഗ്‌പ്പൂര്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നിര്‍ണ്ണായകമായി.
എം.വിജയ്‌
രഞ്‌ജി ട്രോഫിയിലെ തന്റെ ഇരട്ട ശതകം ആഘോഷിക്കുന്നതിനിടെയാണ്‌ മുരളി വിജയിനെ തേടി ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി തലവന്‍ കൃഷ്‌ണമാചാരി ശ്രീകാന്തിന്റെ വിളി വരുന്നത്‌. ഉടന്‍ തന്നെ അദ്ദേഹം നാഗ്‌പ്പൂരിലെത്തി. കന്നിക്കാരനെന്ന നിലയില്‍ ബ്രെട്ട്‌ ലീ ഉള്‍പ്പെടുന്ന പേസ്‌ നിരക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയ വിജയ്‌ ഫീല്‍ഡര്‍ എന്ന നിലയിലും കത്തികളിച്ചു. ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ ആദ്യ ഇന്നിംഗ്‌സില്‍ 33 റണ്‍സ്‌ നേടിയ വിജയ്‌ രണ്ടാം ഇന്നിംഗ്‌സില്‍ 41 റണ്‍സാണ്‌ നേടിയത്‌.
അനില്‍ കുംബ്ലെ
പരമ്പരയില്‍ ഇന്ത്യയുടെ നായകനായിരുന്നു കുംബ്ലെ. പക്ഷേ ചുമലിലെ പരുക്ക്‌ കാരണം അദ്ദേഹത്തിന്‌ ഫോമിലേക്ക്‌ ഉയരാന്‍ കഴിഞ്ഞില്ല. ബാംഗ്ലൂരിലെ സ്വന്തം മൈതാനത്ത്‌ വിക്കറ്റ്‌ നേടാന്‍ കഴിയാതിരുന്ന കുംബ്ലെക്ക്‌ മൊഹാലിയില്‍ നടന്ന രണ്ടാം ടെസ്‌റ്റില്‍ കളിക്കാന്‍ കഴിഞ്ഞില്ല. ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ ടെസ്‌റ്റ്‌്‌ സ്വന്തമാക്കുകയും ചെയ്‌തു. കോട്‌ലയിലെ മൂന്നാം ടെസ്‌റ്റില്‍ അദ്ദേഹം തിരിച്ചെത്തി. പക്ഷേ 43.3 ഓവര്‍ എറിഞ്ഞിട്ടും മൂന്ന്‌ വിക്കറ്റുകള്‍ മാത്രമായിരുന്നു സമ്പാദ്യം. മല്‍സരത്തിനിടെ ഫീല്‍ഡ്‌ ചെയ്യുമ്പോള്‍ വിരലന്‌ പരുക്കേറ്റ കുംബ്ലെ അവസാന മല്‍സരത്തിന്‌ മുമ്പ്‌ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായിരുന്നു
രാഹുല്‍ ദ്രാവിഡ്‌
ദ്രാവിഡ്‌ മറക്കാനാഗ്രഹിക്കുന്ന പരമ്പരയാണിത്‌. മല്‍സരങ്ങള്‍ നടന്ന ബാംഗ്ലൂരിലെയും മൊഹാലിയിലെയും കോട്‌ലയിലെയും നാഗ്‌പ്പൂരിലെയും പിച്ചുകള്‍ ദ്രാവിഡിന്റെ ബാറ്റിംഗിന്‌്‌ അനുകൂലമായിരുന്നു. എന്നിട്ടും അദ്ദേഹം നിലംപതിച്ചു. ബാംഗ്ലൂര്‍ ടെസ്റ്റില്‍ സ്‌ക്കോര്‍ ചെയ്യാനായ 51 റണ്‍സ്‌ മാത്രമായിരുന്നു ദ്രാവിഡിന്റെ കാര്യമായ സംഭാവന. പക്ഷേ പരമ്പരയില്‍ എട്ട്‌ ഇന്നിംഗ്‌സുകളില്‍ നിന്നായി അദ്ദേഹത്തിന്റെ സമ്പാദ്യം 120 റണ്‍സായിരുന്നു.

സ്‌പോര്‍ട്ടിംഗ്‌ മുന്നേറുന്നു
മഡ്‌ഗാവ്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഗോവയില്‍ നിന്നുളള മുന്‍ ചാമ്പ്യന്മാരായ സ്‌പോര്‍ട്ടിംഗ്‌ ഗോവ മുന്നേറുന്നു. എല്ലാ ടീമുകളും ഏഴ്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 18 പോയന്റാണ്‌ ഗോവന്‍ സംഘത്തിനുളളത്‌. എയര്‍ ഇന്ത്യ (14), ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ (12), മുംബൈ എഫ്‌.സി (10) എന്നിവരാണ്‌ അടുത്ത സ്ഥാനങ്ങളില്‍. കഴിഞ്ഞ മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവയെ ഒരു ഗോളിന്‌ കശക്കിയാണ്‌ സ്‌പോര്‍ട്ടിംഗ്‌ ഒന്നാം സ്ഥാനത്ത്‌ വന്നത്‌. എലജാ ഒബാഗ്‌മിറോ ജൂനിയര്‍ സ്‌ക്കോര്‍ ചെയ്‌ത ഗോളാണ്‌ ചാമ്പ്യന്മാരെ വീഴ്‌ത്താന്‍ സ്‌പോര്‍ട്ടിംഗിനെ സഹായിച്ചത്‌. എയര്‍ ഇന്ത്യയും മികച്ച ഫോമില്‍ തുടരുകയാണ്‌. കൂപ്പറേജില്‍ നടന്ന മല്‍സരത്തിലവര്‍ ജെ.സി.ടി മില്‍സിനെ തോല്‍പ്പിച്ചിരുന്നു.

പോണ്ടിംഗിനെ രക്ഷിക്കാന്‍ കോച്ച്‌
നാഗ്‌പ്പൂര്‍ ടെസ്റ്റിന്റെ നാലാം ദിവസം ക്യാപ്‌റ്റന്‍ എന്ന നിലയില്‍ റിക്കി പോണ്ടിംഗ്‌ എടുത്ത തീരുമാനങ്ങള്‍ വന്‍ വിവാദമായിരിക്കെ രക്ഷകന്റെ വേഷത്തില്‍ ടീം കോച്ച്‌ ടീം നെല്‍സണ്‍ രംഗത്ത്‌. സ്വന്തം ബ്ലോഗിലൂടെയാണ്‌ കോച്ച്‌ ക്യാപ്‌റ്റന്‌ വേണ്ടി എഴുതിയിരിക്കുന്നത്‌. നാഗ്‌പ്പൂര്‍ ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യന്‍ മധ്യനിര തകര്‍ന്ന ഘട്ടത്തില്‍ പാര്‍ട്ട്‌ ടൈമര്‍മാരായ സ്‌പിന്നര്‍മാരെ ഹര്‍ഭജന്‍ സിംഗിനെ പോലെ ഒരാള്‍ക്കെതിരെ ബൗള്‍ ചെയ്യിക്കുക വഴി ഇന്ത്യക്ക്‌ രക്ഷാമാര്‍ഗ്ഗമാണ്‌ പോണ്ടിംഗ്‌ നല്‍കിയതെന്നായിരുന്നു അലന്‍ ബോര്‍ഡര്‍ ഉള്‍പ്പെടെയുളളവരുടെ ആരോപണം. ഓസ്‌ട്രേലിയക്ക്‌ വിജയം നിര്‍ബന്ധമായ ഒരു മല്‍സരത്തില്‍ ഇന്ത്യ തകര്‍ന്നടിയവെ സമ്മര്‍ദ്ദം ചെലുത്തണമായിരുന്നു. എന്നാല്‍ ഓവര്‍ നിരക്കില്‍ ഓസ്‌ട്രേലിയ പിറകില്‍ നില്‍ക്കവെ തനിക്ക്‌ വരാനിടയുളള സസ്‌പെന്‍ഷന്‍ ഒഴിവാക്കാനാണ്‌ റിക്കി സ്‌പിന്നര്‍മാരെ ആക്രമണത്തിന്‌ നിയോഗിച്ചതെന്നാണ്‌ ബോര്‍ഡര്‍ ഉള്‍പ്പെടെയുളളവര്‍ കുറ്റപ്പെടുത്തിയത്‌. നിര്‍ണ്ണായക ഘട്ടത്തില്‍ റിക്കി തനിക്ക്‌ വേണ്ടി ടീമിനെ മറന്നതായും ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ഡയരക്ടര്‍ കൂടിയായ ബോര്‍ഡര്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ തനിക്ക്‌ വേണ്ടി റിക്കി ടീമിനെ മറന്നതായി കരുതുന്നില്ലെന്നാണ്‌ കോച്ച്‌ സമര്‍ത്ഥിക്കുന്നത്‌. ഓവര്‍ റേറ്റ്‌ കുറഞ്ഞാല്‍ തനിക്ക്‌ സസ്‌പെന്‍ഷന്‍ വരുമെന്നതുള്‍പ്പെടെ പല കാര്യങ്ങളിലും റിക്കിക്ക്‌ ശ്രദ്ധിക്കേണ്ടിയിരുന്നു. ആ സമയത്ത്‌ പേസര്‍മാരെ രംഗത്തിറക്കണമായിരുന്നു എന്നത്‌ സത്യമാണെങ്കിലും ഒരു ഓസ്‌ട്രേലിയന്‍ നായകന്‍ ക്രിക്കറ്റ്‌ നിയമങ്ങളെ ബഹുമാനിക്കണോ അതോ നിയമങ്ങളെ മറന്ന്‌ തന്ത്രങ്ങളെ പുല്‍കണമോ എന്നത്‌ തീരുമാനിക്കേണ്ട കാര്യമാണ്‌. നിശ്ചിത സമയത്ത്‌ നിശ്ചിത ഓവറുകള്‍ എറിഞ്ഞിരിക്കണം. ്‌ ആ നിയമം ലംഘിക്കുന്നത്‌ തെറ്റാണ്‌. നിയമം ലംഘിച്ച്‌ സസ്‌പെന്‍ഷനെ ക്ഷണിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനും ആളുകളുണ്ടാവും. കളത്തിന്‌ പുറത്ത്‌ നില്‍ക്കുന്നവര്‍ക്ക്‌ കളിയെക്കുറിച്ച്‌ പലതും പറയാന്‍ കഴിയും. എന്നാല്‍ മൈതാനത്തുളളവര്‍ക്ക്‌ പെട്ടെന്ന്‌ തീരുമാനമെടുക്കേണ്ടതുണ്ട്‌. ഒരു ഭാഗത്ത്‌ തന്റെ മികച്ച സ്‌പിന്നറായ ക്രെസ്‌ജയെയും മറുഭാഗത്ത്‌ കാമറൂണ്‍ വൈറ്റിനെയുമാണ്‌ റിക്കി നിയോഗിച്ചത്‌. ഇതില്‍ തെറ്റുണ്ടായിരുന്നില്ല. ക്രെസ്‌ജ മികച്ച ഫോമിലായിരുന്നു. വൈറ്റാവട്ടെ ആദ്യ മൂന്ന്‌ ടെസ്‌റ്റിലും റണ്‍സ്‌ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചിരുന്നു-കോച്ച്‌ പറഞ്ഞു.

No comments: