Wednesday, November 26, 2008

AGAIN INDIA

്‌അഭിനയത്തിന്‌ റൂണിയുടെ മാപ്പ്‌
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ സ്‌പാനിഷ്‌ പ്രതിയോഗികളായ വില്ലാ റയലിനെതിരായ മല്‍സരത്തിനിടെ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്‌ച്ച അഭിനയിച്ച്‌ പിടിക്കപ്പെട്ടതിന്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ സൂപ്പര്‍ താരം വെയിന്‍ റൂണി മാപ്പ്‌ പറഞ്ഞു. പെനാല്‍ട്ടി കിക്ക്‌ ലഭിക്കാനായി റൂണി മനപ്പൂര്‍വ്വം വീണതിനെതിരെ സ്‌പാനിഷ്‌ താരങ്ങള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഡിഫന്‍ഡര്‍മാര്‍ ഒന്നും ചെയ്യാതിരുന്നിട്ടും റൂണി വീഴ്‌ച്ച അഭിനയിച്ചത്‌ വലിയ തെറ്റാണെന്നും ഇതിനെതിരെ കര്‍ക്കശ നടപടി വേണമെന്നും വില്ലാ റയല്‍ താരങ്ങള്‍ റഫറിയോട്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മല്‍സരത്തിന്‌ ശേഷമാണ്‌ റൂമി പരസ്യമായി ഖേദം പ്രകടിപ്പിച്ചത്‌. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ച്‌ സര്‍ അലക്‌സ്‌ ഫെര്‍ഗൂസണും സംഭവത്തില്‍ റൂണി ഖേദം പ്രകടിപ്പിച്ച കാര്യം ആവര്‍ത്തിച്ചു. സമനില ലഭിച്ചതോടെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ചാമ്പ്യന്‍സ്‌ ലീഗിന്റെ നോക്കൗട്ട്‌ ഘട്ടം ഉറപ്പാക്കിയിട്ടുണ്ട്‌. പക്ഷേ റൂണിക്കെതിരെ നടപടി വരുമോ എന്ന കാര്യത്തില്‍ ക്ലബിനും കോച്ചിനും ഉത്‌കണ്‌ഠയുണ്ട്‌.

സൈമണ്ട്‌സിന്‌ അവസാന മുന്നറിയിപ്പ്‌
അഡലെയ്‌ഡ്‌: അച്ചടക്കലംഘനത്തിന്‌ വീണ്ടും പിടിക്കപ്പെട്ട ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്‌ തല്‍ക്കാലം കളിക്കാന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ അനുമതി നല്‍കി. ബ്രിസ്‌ബെനില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ഒന്നാം ടെസ്റ്റിന്‌ ശേഷം മദ്യപിച്ച്‌ ബാറില്‍ ബഹളം വെച്ച കുറ്റത്തിന്‌ പിടിക്കപ്പെട്ട ഓള്‍റൗണ്ടര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അഡലെയ്‌ഡില്‍ നാളെയാണ്‌ കിവീസിനെതിരായ രണ്ടാം ടെസ്റ്റ്‌ ആരംഭിക്കുന്നത്‌. ഈ മല്‍സരത്തില്‍ കളിക്കുന്നതില്‍ നിന്ന്‌ സൈമണ്ട്‌സിനെ തഴഞ്ഞിട്ടില്ലെന്നും എന്നാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നപക്ഷം ഗുരുതരമായ നടപടികള്‍ സ്വീകരിക്കാന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ നിര്‍ബന്ധിതരാവുമെന്നും മുന്നറിയിപ്പുണ്ട്‌. സമീപകാലത്തായി പലവട്ടം അച്ചടക്കലംഘനത്തിന്‌ സൈമണ്ടസ്‌ പിടിക്കപ്പെട്ടിരുന്നു. ഈയിടെയാണ്‌ അദ്ദേഹത്തിന്‌ ഒരു മാസത്തെ വിലക്ക്‌ ലഭിച്ചത്‌.

തേര്‍ഡ്‌ ഐ
പീറ്റേഴ്‌സണ്‍ സെഞ്ച്വറി സ്വന്തമാക്കി എന്നത്‌ സത്യം. പക്ഷേ ക്യാപ്‌റ്റന്‍ എന്ന നിലയില്‍ അദ്ദേഹം തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്‌. കട്ടക്കില്‍ ഇന്നലെ നടന്ന പരമ്പരയിലെ അഞ്ചാം മല്‍സരത്തില്‍ നായകന്റെ സമീപനം അദ്ദേഹത്തിന്റെ പതര്‍ച്ചക്കുള്ള മറ്റൊരു തെളിവാണ്‌. ഇംഗ്ലീഷ്‌്‌ ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ പീറ്റേഴ്‌സണാണ്‌ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ടീമിലെ മികച്ച താരം നിര്‍ണ്ണായകമായ മൂന്നാം നമ്പറിലാണ്‌ വരേണ്ടത്‌. പക്ഷേ രാജ്‌കോട്ടിലും ഇന്‍ഡോറിലും കാണ്‍്‌പ്പൂരിലും ബാംഗ്ലൂരിലുമെല്ലാം ബാറ്റിംഗ്‌ ഓര്‍ഡര്‍ പരീക്ഷണങ്ങളില്‍ ക്യാപ്‌റ്റന്‍ സ്വയം മാറുകയായിരുന്നു. ആദ്യ രണ്ട്‌ മല്‍സരങ്ങളില്‍ അദ്ദേഹം നാലാം നമ്പറിലാണ്‌ വന്നത്‌. രണ്ട്‌ കളികളും പരാജയപ്പെട്ട സമ്മര്‍ദ്ദത്തില്‍ മൂന്നാം മല്‍സരത്തില്‍ മൂന്നാം നമ്പറില്‍ വന്നു. ഈ മല്‍സരവും പാളിയപ്പോള്‍ ബാംഗ്ലൂരിലെ മഴ കാരണം വെട്ടിച്ചുരുക്കപ്പെട്ട മല്‍സരത്തില്‍ വന്നതാവട്ടെ നാലാം നമ്പറില്‍. ഏറ്റവും വേഗതയില്‍ റണ്‍സ്‌ നേടേണ്ട മല്‍സരമായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിലേത്‌. ഈ മല്‍സരത്തില്‍ മൂന്നാം നമ്പറിലാണ്‌ എല്ലാവരും നായകനെ പ്രതീക്ഷിച്ചത്‌. പക്ഷേ അദ്ദേഹം ഒവൈസ്‌ ഷായെ വിട്ടു. ഷാ വളരെ മനോഹരമായി കളിക്കുകയും ചെയ്‌തു. ബാംഗ്ലൂരില്‍ പ്രകടിപ്പിച്ച മികവിന്റെ അടിസ്ഥാനത്തല്‍ കട്ടക്കില്‍ മൂന്നില്‍ തന്നെ ഷാ വരുമെന്ന്‌ കരുതിയിരിക്കവെ അതാ വരുന്നു പീറ്റേഴ്‌സണ്‍.
ബാറ്റിംഗ്‌ ഓര്‍ഡറിലെ ഈ നിരന്തര മാറ്റങ്ങളില്‍ ബാറ്റ്‌സ്‌മാന്മാരുടെ ആത്മവിശ്വാസമാണ്‌ ചോരുന്നത്‌. ഒരു കാലത്ത്‌ ഇന്ത്യന്‍ ക്രിക്കറ്റിന്‌ ഈ ദുര്യോഗം ഉണ്ടായിരുന്നു. ബാറ്റിംഗ്‌ ഓര്‍ഡറില്‍ വരുത്തിയ മാറ്റങ്ങളില്‍ ആര്‍ക്കും വിശ്വസ്‌തതയോടെ കളിക്കാനായിരുന്നില്ല.
പീറ്റേഴ്‌സണ്‌ ഉചിതമായ സ്ഥാനം മൂന്നാം നമ്പറാണെന്ന്‌ അദ്ദേഹം ഇന്നലെ ആവര്‍ത്തിച്ചു തെളിയിച്ചു. ഇന്നിംഗ്‌സിന്‌ നല്ല പേസും നല്ല റിഥവും നല്‍കാന്‍ അദ്ദേഹത്തിനായി. അദ്ദേഹം 17 പന്തില്‍ നിന്നാണ്‌ 25 ല്‍ എത്തിയത്‌. സ്‌പിന്നര്‍മാര്‍ വന്നപ്പോള്‍ നിലയുറച്ച്‌ കളിച്ചു. അര്‍ദ്ധശതകം പിന്നിട്ടപ്പോള്‍ വീണ്ടും ആക്രമണകാരിയായി. അവസാനം സെഞ്ച്വറിയും സ്വന്തമാക്കി. ബാംഗ്ലൂരില്‍ മൂന്നാം നമ്പറില്‍ വന്ന്‌ 48 പന്തില്‍ 72 റണ്‍സ്‌ വാരിക്കൂട്ടിയ ഷാ ഏത്‌ സ്ഥാനവും തനിക്ക്‌ സുരക്ഷിതമാണെന്ന്‌ തെളിയിച്ച സാഹചര്യത്തില്‍ ഇനിയെങ്കിലും പരീക്ഷണങ്ങള്‍ക്ക്‌ പീറ്റേഴ്‌സണ്‍ മുതിരാതിരിക്കുന്നതായിരിക്കും ബുദ്ധി. ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുക്കുന്നതിലും പീറ്റേഴ്‌സണ്‌ പിഴച്ചിട്ടുണ്ട്‌. നാല്‍പ്പതാം ഓവറിലാണ്‌ അവസാന ബാറ്റിംഗ്‌ പവര്‍ പ്ലേ പീറ്റേഴ്‌സണ്‍ ഉപയോഗപ്പെടുത്തിയത്‌. ഈ ഘട്ടത്തില്‍ ക്യാപ്‌റ്റനും ഷായും നന്നായി സെറ്റ്‌ ചെയ്‌തിരുന്നു. എന്നിട്ട്‌ പോലും അധികം റണ്‍സ്‌ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. സഹീര്‍ഖാന്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും പരിചയസമ്പത്ത്‌ മുഴുന്‍ പുറത്തെടുത്ത്‌ മനോഹരമായി പന്തെറിഞ്ഞു. പവര്‍ പ്ലേ നിയന്ത്രണത്തിലായിരുന്ന അഞ്ച്‌ ഓവറുകളില്‍ കേവലം 32 റണ്‍സ്‌്‌ മാത്രമാണ്‌ പിറന്നത്‌. സഹീര്‍ഖാന്‍ യോര്‍ക്കര്‍ ബൗളിംഗുമായി ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കൈകള്‍ സ്വതന്ത്രമാക്കാന്‍ സമയം നല്‍കിയതേയില്ല. ഫോമില്‍ നില്‍ക്കുന്ന ടീമാണ്‌ ഇന്ത്യ. ഇര്‍ഫാന്‍ പത്താനും വിരാത്‌ കോഹ്‌ലിക്കുമെല്ലാം അവസരം നല്‍കിയിട്ടും അവരെല്ലാം ആത്മവിശ്വാസത്തോടെയാണ്‌ കളിച്ചത്‌. സേവാഗിന്റെയും സച്ചിന്റെയും ബാറ്റിംഗില്‍ കണ്ടതും ഈ ആത്മവിശ്വാസം തന്നെ. ഇംഗ്ലണ്ടിന്‌ ഇല്ലാതെ പോയ മരുന്നും മറ്റൊന്നല്ല.
ഇന്ത്യ ബാറ്റ്‌ ചെയ്‌തപ്പോള്‍ സച്ചിനും സേവാഗും കളിച്ചത്‌ കണ്ടില്ലേ.... പകല്‍ രാത്രി മല്‍സരത്തില്‍ രണ്ടാമത്‌ ബാറ്റ്‌ ചെയ്യുക ദുഷ്‌ക്കരമാണ്‌. നല്ല തുടക്കം നല്‍കിയാല്‍ മാത്രമാണ്‌ രക്ഷയെന്ന്‌ മനസ്സിലാക്കിയാണ്‌ ഓപ്പണിംഗ്‌ സഖ്യം പന്തിനെ പ്രഹരിച്ചത്‌.

മുന്നോട്ട്‌
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ്‌, വില്ലാ റയല്‍, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, ലിയോണ്‍, ബയേണ്‍ മ്യൂണിച്ച്‌, ആഴ്‌സനല്‍, പോര്‍ട്ടോ എന്നിവരെല്ലാം നോക്കൗട്ട്‌ ഘട്ടത്തിലെത്തി. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡ്‌ ക്യാപ്‌റ്റന്‍ റൗള്‍ ഗോണ്‍സാലസിന്റെ ഗോളില്‍ ബാറ്റെ ബോറിസോവിനെ മറികടന്നപ്പോള്‍ ബയേണ്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ സ്‌റ്റിയൂവ ബുക്കാറസ്‌റ്റിനെ പരാജയപ്പെടുത്തി. എഫ്‌.സി പോര്‍ട്ടോ 2-1ന്‌ തുര്‍ക്കിയിലെ ഫെനര്‍ബാഷെയെ തോല്‍പ്പിച്ചപ്പോള്‍ ലിയോണ്‍ ഇറ്റലിയിലെ ഫിയോറന്റീനയെ 2-1ന്‌ തോല്‍പ്പിച്ചു. ആല്‍ബോര്‍ഗ്ഗ്‌ 2-1ന്‌ സ്‌ക്കോട്ട്‌ലാന്‍ഡില്‍ നിന്നുള്ള സെല്‍റ്റിക്കിനെ മറിച്ചിട്ടതായിരുന്നു കാര്യമായ അട്ടിമറി. വില്ലാ റയല്‍- മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, സെനിത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്ഗ്‌-യുവന്തസ്‌ മല്‍സരങ്ങള്‍ ഗോള്‍ രഹിത സമനിലകളില്‍ അവസാനിച്ചു.
സ്‌പാനിഷ്‌ ലീഗില്‍ തപ്പിതടയുന്ന റയലിന്‌ ഇന്നലെ എവേ മല്‍സരത്തില്‍ തുണയായത്‌ ഗോണ്‍സാലസിന്റെ ഗോളായിരുന്നു. മല്‍സരം അവസാനിക്കാന്‍ ഏഴ്‌ മിനുട്ട്‌ മാത്രം ശേഷിക്കവെയായിരുന്നു വെറ്ററന്‍ താരത്തിന്റെ ഗോള്‍. മുന്‍നിരക്കാരായ അഞ്ച്‌ താരങ്ങളെ കൂടാതെയാണ്‌ റയല്‍ ഇന്നലെ കളിക്കാനിറങ്ങിയത്‌. കഴിഞ്ഞ മല്‍സരത്തില്‍ യുവന്തസിന്‌ മുന്നില്‍ നാണംകെട്ടതിനാല്‍ ചാമ്പ്യന്‍ഷിപ്പിലെ സാധ്യതകള്‍ നിലനിര്‍ത്താന്‍ റയലിന്‌ മല്‍സരത്തില്‍ വിജയം നിര്‍ബന്ധമായിരുന്നു.
ഗ്രൂപ്പ്‌ ഇയില്‍ നിന്ന്‌ അടുത്ത ഘട്ടത്തിലോക്ക്‌ യോഗ്യത സ്വന്തമാക്കാന്‍ സമനില മാത്രം ആവശ്യമായിരുന്ന മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും വില്ലാ റയലും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ്‌ അപകടമില്ലാതെ മുന്നോട്ടെത്തി. തകര്‍പ്പന്‍ മല്‍സരത്തില്‍ ഇരു ടീമുകളും ആക്രമണ സോക്കറാണ്‌ കാഴ്‌ച്ചവെച്ചത്‌. അതേ സമയം സെല്‍റ്റിക്കിന്റെ പ്രതീക്ഷകള്‍ക്ക്‌ മുകളിലൂടെ നോര്‍വെക്കാരായ ആല്‍ബോര്‍ഗ്‌ പന്ത്‌ തട്ടി. ബാരി റോാബ്‌സണിലൂടെ മല്‍സരത്തില്‍ ലീഡ്‌ കരസ്ഥമാക്കിയ സെല്‍റ്റിക്കിന്‌ ആ കരുത്ത്‌ നിലനിര്‍ത്താനായില്ല.
ഗ്രൂപ്പ്‌ എഫില്‍ നിന്ന്‌ അടുത്ത ഘട്ടത്തിലെത്താന്‍ മൂന്ന്‌ പോയന്റ്‌ ആവശ്യമായിരുന്ന ഫ്രാന്‍സിലെ ചാമ്പ്യന്‍ ക്ലബായ ലിയോണ്‍ പ്രതീക്ഷ തകര്‍ത്തില്ല. കരീം ബെന്‍സാമയുടെ മികവില്‍ ലിയോണ്‍ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കി. ഇതേ ഗ്രൂപ്പില്‍ ജര്‍മന്‍ ദേശീയ താരം മിറോസ്ലാവ്‌ ക്ലോസിന്റെ കരുത്തില്‍ ബയേണ്‍ മ്യൂണിച്ച്‌ മൂന്ന്‌ ഗോളിന്‌ റുമേനിയയിലെ സ്‌റ്റിയൂവ ബുക്കാറസ്‌റ്റിനെ കീഴ്‌പ്പെടുത്തി. രണ്ട്‌ സൂപ്പര്‍ ഗോളുകള്‍ കരസ്ഥമാക്കിയ ക്ലോസ്‌ ലൂക്കാ ടോണിക്ക്‌ ടീമിന്റെ മൂന്നാം ഗോള്‍ സ്‌ക്കോര്‍ ചെയ്യാന്‍ പന്തുമെത്തിച്ചു.
ഗ്രൂപ്പ്‌ ജിയില്‍ ആഴ്‌സനല്‍ ഡൈനാമോ കീവിന്റെ പ്രതിരോധം ഭേദിക്കാന്‍ പ്രയാസപ്പെട്ടു. പുതിയ നായകന്‍ സെസ്‌ക്‌ ഫാബ്രിഗസിന്റെ സുന്ദരമായ ക്രോസില്‍ ഡാനിഷ്‌ മുന്‍നിരക്കാരന്‍ നിക്കോളാസ്‌ ബെന്‍തറാണ്‌ ഗണ്ണേഴ്‌സിന്റെ വിജയഗോള്‍ നേടിയത്‌. തുര്‍ക്കിയില്‍ നിന്നുള്ള ഫെനര്‍ബാഷിനെ വീഴ്‌ത്തിയാണ്‌ ഈ ഗ്രൂപ്പില്‍ നിന്നുള്ള രണ്ടാം പ്രി ക്വാര്‍ട്ടര്‍ സീറ്റ്‌ എഫ്‌.സി പോര്‍ട്ടോ സ്വന്തമാക്കിയത്‌. ഗ്രൂപ്പ്‌ എച്ചില്‍ നിന്ന്‌ നേരത്തെ പ്രി ക്വാര്‍ട്ടര്‍ യോഗ്യത നേടിയ യുവന്തസ്‌ റഷ്യയില്‍ നിന്നുള്ള സെനിത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്ഗുമായി സമനിലയില്‍ പിരിഞ്ഞു.

ക്രിക്കറ്റ്‌
കട്ടക്ക്‌: ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പുറത്താവാതെ നേടിയ സെഞ്ച്വറിയുടെ (111) കരുത്തില്‍ നാല്‌ വിക്കറ്റിന്‌ 270 റണ്‍സ്‌ കരസ്ഥമാക്കിയപ്പോള്‍ ഇന്ത്യ വിയര്‍ക്കുമെന്നാണ്‌ കരുതിയത്‌. പക്ഷേ തകര്‍പ്പന്‍ ഫോമിലായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സേവാഗും ബാരാബതി സ്‌റ്റേഡിയത്തിലെ പിച്ചില്‍ പന്തിനെ നേരിടാനും പറത്താനും പ്രയാസമില്ലെന്ന്‌ തെളിയിച്ചു.
ഹിറോ ഹോണ്ട കപ്പ്‌ പരമ്പരയിലെ ആദ്യ നാല്‌ മല്‍സരങ്ങളിലും പരാജയം രുചിച്ച്‌ പിന്നോക്കം പോയ ഇംഗ്ലീഷ്‌ സംഘത്തിന്റെ ബാറ്റിംഗ്‌ താരതമ്യേ മെച്ചപ്പെട്ടപ്പോള്‍ ബൗളിംഗില്‍ പതിവ്‌ ദൗര്‍ബല്യങ്ങള്‍ പ്രകടമായി. ഈ ദൗര്‍ബല്യങ്ങളാണ്‌ സേവാഗും സച്ചിനും ഉപയോഗപ്പെടുത്തിയത്‌.
ഓപ്പണിംഗില്‍ മാറ്റം വരുത്തിയാണ്‌ ഇംഗ്ലണ്ട്‌ ഉച്ചവെയിലില്‍ ബാറ്റിംഗിനിറങ്ങിയത്‌. ഇയാന്‍ ബെല്ലിന്‌ പകരം ടെസ്റ്റ്‌ ടീം ഓപ്പണറായ അലിസ്റ്റര്‍ കുക്കാണ്‌ രവി ബോപ്പാരക്കൊപ്പം പുതിയ പന്തിനെ നേരിടാന്‍ ഇറങ്ങിയത്‌. ഇന്ത്യയിലെത്തിയതിന്‌ ശേഷം കാര്യമായ മാച്ച്‌ പ്രാക്ടീസ്‌ ഇല്ലാത്ത കുക്കിന്‌ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. പക്ഷേ ഇംഗ്ലീഷ്‌്‌ കൗണ്ടി ക്രിക്കറ്റില്‍ എസെക്‌സിന്‌ വേണ്ടി ഒരുമിച്ചു കളിച്ച്‌ പരിചയമുള്ളതിനാല്‍ പരസ്‌പരധാരണയില്‍ അല്‍പ്പസമയം കളിക്കാന്‍ ഇരുവര്‍ക്കുമായി. സെപ്‌തംബര്‍ അഞ്ചിനാണ്‌ അവസാനമായി കുക്ക്‌ മല്‍സര ക്രിക്കറ്റില്‍ കളിച്ചത്‌. അന്ന്‌ സ്വന്തം ക്ലബിന്‌ വേണ്ടി ഇറങ്ങിയപ്പോള്‍ പൂജ്യത്തില്‍ പുറത്താവുകയും ചെയ്‌തിരുന്നു. സഹീറിന്റെ ഉയര്‍ന്നുവരുന്ന പന്തുകള്‍ക്ക്‌ മുന്നില്‍ പതറിയ ഓപ്പണര്‍ ഇന്ത്യന്‍ സീമറുടെ വൈഡ്‌ ഡെലിവറിയില്‍ ബാറ്റ്‌ വെച്ച്‌ പുറത്തായി. പിറകെ അലസമായ ഷോട്ടില്‍ ബോപ്പാരയും തിരിഞ്ഞുനടന്നപ്പോള്‍ പതിവ്‌ തകര്‍ച്ചയുടെ ചിത്രമാണ്‌ പ്രത്യക്ഷമായത്‌. പത്ത്‌ ഓവര്‍ പിന്നിടുമ്പോള്‍ രണ്ട്‌ വിക്കറ്റിന്‌ 68 റണ്‍സായിരുന്നു ഇംഗ്ലീഷ്‌ സ്‌ക്കോര്‍. സഹീറിനൊപ്പം ഇര്‍ഫാനും പുതിയ പന്തിനെ ഉപയോഗപ്പെടുത്തി. പീറ്റേഴ്‌സണും പോള്‍ കോളിംഗ്‌വുഡും ക്രീസില്‍ ഒരുമിച്ചപ്പോള്‍ റണ്‍റേറ്റില്‍ മാറ്റം വന്നു. അതിവേഗതയിലാണ്‌ പീറ്റേഴ്‌സണ്‍ ആരംഭിച്ചത്‌. പക്ഷേ ഇഷാന്ത്‌ ശര്‍മ്മക്ക്‌ ധോണി പന്ത്‌ നല്‍കിയപ്പോള്‍ റണ്‍സ്‌ വരവ്‌ നിലച്ചു. സ്‌പിന്നര്‍മാരായ യുവരാജും ഹര്‍ഭജനും വന്നപ്പോള്‍ മാത്രമാണ്‌ പീറ്റേഴ്‌സണ്‌ പ്രതീക്ഷ തിരികെവന്നത്‌. ക്രിസ്‌ വിട്ട്‌ സ്‌പിന്നര്‍മാരെ ആക്രമിക്കാന്‍ മുതിര്‍ന്ന അദ്ദേഹം ഒന്നിലധികം തവണ ഭാഗ്യത്തില്‍ രക്ഷപ്പെടുകയായിരുന്നു.
ഫീല്‍ഡിംഗില്‍ ഇന്ത്യ പ്രകടിപ്പിച്ച ചില വീഴ്‌ച്ചകളെ ഉപയോഗപ്പെടുത്തി കോളിംഗ്‌വുഡ്‌ പരമ്പരയില്‍ ആദ്യമായി ഫോം തെളിയിക്കവെ അപകടമെത്തി. ഹര്‍ഭജന്റെ പന്തില്‍ സഹീറിന്‌ ക്യാച്ച്‌. ഫ്‌ളിന്റോഫ്‌ വന്നതും ധോണി ഇഷാന്തിനെ രംഗത്തിറക്കി അപകടം ഒഴിവാക്കി. ഈ സമയമത്രയും ആക്രമണവും പ്രതിരോധവുമെല്ലാം ആയുമാക്കി പീറ്റേഴ്‌സണ്‍ പൊരുതുകയായിരുന്നു. ഹര്‍ഭജനെ സിക്‌സറിന്‌ പറത്തി അര്‍ദ്ധശതകം സ്വന്തമാക്കിയ നായകന്‌ മികച്ച പിന്തുണ നല്‍കുന്നതില്‍ ഒവൈസ്‌ ഷാ വിജയിച്ചു. ബാഗ്ലൂര്‍ ഏകദിനത്തില്‍ ഇന്ത്യയെ വിറപ്പിക്കുന്ന ബാറ്റിംഗ്‌ നടത്തിയ ഷാ അതേ പ്രകടനം ആവര്‍ത്തിച്ചു. പക്ഷേ അവസാന ഓവറുകളില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ പന്തിനെ പ്രഹരിക്കാന്‍ രണ്ട്‌ പേര്‍ക്കുമായില്ല.
ഇന്ത്യന്‍ മറുപടിയില്‍ ഇംഗ്ലണ്ട്‌ ഇല്ലാതാവുന്നതാണ്‌ ബള്‍ബുകളുടെ വെളിച്ചത്തില്‍ കണ്ടത്‌. മാരകമായ ഫോമിലായിരുന്നു സേവാഗ്‌. തട്ടുതകര്‍പ്പന്‍ ഷോട്ടുകളില്‍ അദ്ദേഹം ഗ്യാലറിയില്‍ ആവേശത്തിരമാല ഇളക്കി. സച്ചിനും മോശമായില്ല. ഒന്നാം വിക്കറ്റ്‌ സഖ്യം സെഞ്ച്വറി പിന്നിട്ടപ്പോള്‍ പെട്ടെന്ന്‌ മല്‍സരം അവസാനിക്കുമെന്ന്‌ തോന്നി. അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയതും സച്ചിന്‍ മടങ്ങിയതാണ്‌ ആദ്യ തിരിച്ചടിയായത്‌. പിറകെ ഫോമിലുള്ള യുവരാജും, അതേ സ്‌ക്കോറില്‍ സേവാഗും വീണപ്പോള്‍ ഇംഗ്ലണ്ടിന്‌ ആശ്വാസമായി. 73 പന്തില്‍ നിന്ന്‌ 91 റണ്‍സാണ്‌ സേവാഗ്‌ നേടിയത്‌. 15 ബൗണ്ടറികളും ഒരു സിക്‌സറും. സച്ചിന്‍ 57 പന്തില്‍ 50 റണ്‍സ്‌. പിന്നീട്‌ ഒത്തുചേര്‍ന്ന ധോണിയും സുരേഷ്‌ റൈനയും അപകടങ്ങള്‍ ഒഴിവാക്കി ഭദ്രമായി കളിച്ചു.
സ്‌ക്കോര്‍ബോര്‍ഡ്‌
ഇംഗ്ലണ്ട്‌: ബോപ്പാര-സി-യുവരാജ്‌-ബി-സഹീര്‍-24, അലിസ്റ്റര്‍ കുക്ക്‌-സി-സച്ചിന്‍-ബി-സഹീര്‍-11, പീറ്റേഴ്‌സണ്‍-നോട്ടൗട്ട്‌-111, കോളിംഗ്‌വുഡ്‌-സി-സഹീര്‍-ബി-ഹര്‍ഭജന്‍-40, ഫ്‌ളിന്റോഫ്‌-സി-സച്ചിന്‍-ബി-ഇഷാന്ത്‌-0, ഒവൈസ്‌ ഷാ-നോട്ടൗട്ട്‌-66 എക്‌സ്‌ട്രാസ്‌ 18, ആകെ നാല്‌ വിക്കറ്റിന്‌ 270. വിക്കറ്റ്‌ പതനം: 1-33 (കുക്ക്‌), 2-68 (ബോപ്പാര), 3-157 (കോളിംഗ്‌വുഡ്‌), 4-158 (ഫ്‌ളിന്റോഫ്‌). ബൗളിംഗ്‌: ഇര്‍ഫാന്‍ 10-1-57-0, സഹീര്‍ 10-1-60-2, ഇഷാന്ത്‌ 10-0-54-1, ഹര്‍ഭജന്‍ 10-0-47-1, യുവരാജ്‌ 10-0-38-0.
ഇന്ത്യ: സേവാഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ബ്രോഡ്‌-91, സച്ചിന്‍-ബി-ഹാര്‍മിസണ്‍-50,യുവരാജ്‌- സി ആന്‍ഡ്‌ ബി-ബോപ്പാര-6, ധോണി
വിക്കറ്റ്‌ പതനം: 1-136 (സച്ചിന്‍), 2-156 (യുവരാജ്‌), 3- 156 (സേവാഗ്‌)

1 comment:

Foodie@calicut said...

ടി.വിക്ക്‌ പുറമേ ഇപ്പോള്‍ നെറ്റിലും!! തകര്‍ത്തു സാറേ തകര്‍ത്തൂ... മത്സരങ്ങളുടെ വാര്‍ത്തയ്‌ക്കു പുറമെ നിങ്ങളുടെ സ്ഥിരം കോളവും മറ്റ്‌ വിശകലനങ്ങളും ചേര്‍ത്താല്‍ കൂടുതല്‍ ഗംഭീരമാകുമെന്ന്‌ തോന്നുന്നു....