Friday, November 7, 2008

CRAZY CREZJA

സൂപ്പര്‍ ക്രെസ്‌ജ
നാഗ്‌പ്പൂര്‍: പ്രതീക്ഷകളത്രയും ഹര്‍ഭജനിലായിരുന്നു.... ബാജി പന്തിനെ വിരല്‍ത്തുമ്പില്‍ കറക്കി ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാരെ വിരട്ടുന്ന കാഴ്‌ച്ചക്ക്‌ പക്ഷേ കാത്തിരിപ്പിന്റെ വേദന. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ടെസ്റ്റ്‌ പരമ്പരയിലെ അവസാന മല്‍സരത്തിന്റെ രണ്ടാം ദിനം വിജയം അത്യാവശ്യമായ ഓസ്‌ട്രേലിയക്കാര്‍ കരുത്തോടെ തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന്‌ ടെസ്‌റ്റുകളില്‍ കരക്കിരുന്ന ജാസോണ്‍ ക്രെസ്‌ജ എന്ന ഓഫ്‌ സ്‌പിന്നര്‍ കന്നി ടെസ്റ്റില്‍ തന്നെ എട്ട്‌ ഇന്ത്യന്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ഒന്നാം ഇന്നിംഗ്‌സ്‌ 441 റണ്‍സില്‍ അവസാനിപ്പിച്ച സന്ദര്‍ശകര്‍ മറുപടിയില്‍ രണ്ട്‌ വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ 189 റണ്‍സ്‌ എന്ന ശക്തമായ നിലയിലുമാണ്‌. മൊഹാലിയിലെ ഭീമമായ പരാജയത്തിലൂടെ പരമ്പരയില്‍ പിറകില്‍ നില്‍ക്കുന്ന ലോക ചാമ്പ്യന്മാര്‍ക്ക്‌ മാനം കാക്കാന്‍ ഇവിടെ വിജയം നിര്‍ബന്ധമാണ്‌. വിജയപ്രതീക്ഷക്ക്‌ തിളക്കമേകിയാണ്‌ ക്രെസ്‌ജ അരങ്ങേറ്റം രാജകീയമാക്കിയത്‌. ഇന്നലെ വീണ അഞ്ച്‌ ഇന്ത്യന്‍ വിക്കറ്റുകളും ഈ ടാസ്‌മാനിയക്കാരന്‍ നേടുന്നത്‌ കണ്ടപ്പോള്‍ ആഹ്ലാദിച്ച ഹര്‍ഭജന്‍സിംഗിന്‌ പക്ഷേ പന്ത്‌ കൈവശം കിട്ടിയപ്പോള്‍ മാജിക്‌ പുറത്തെടുക്കാനായില്ല.
215 റണ്‍സിനാണ്‌ ക്രെസ്‌ജ എട്ട്‌ പേരെ പുറത്താക്കിയത്‌. റണ്‍സിന്റെ കാര്യത്തില്‍ യുവതാരം ശിക്ഷിക്കപ്പെട്ടുവെങ്കിലും ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ കന്നിക്കാരുടെ മികച്ച പ്രകടനത്തില്‍ ആറാം സ്ഥാനത്ത്‌ വന്നിരിക്കയാണ്‌ ക്രെസ്‌ജ.
നല്ല തുടക്കമാണ്‌ ഇന്ത്യക്ക്‌ രണ്ടാം ദിവസം സൗരവ്‌ ഗാംഗുലിയും ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയും നല്‍കിയത്‌. അഞ്ച്‌ വിക്കറ്റിന്‌ 311 റണ്‍സ്‌ എന്ന നിലയില്‍ നിന്നും ഈ സഖ്യം സ്‌ക്കോര്‍ 422 വരെയെത്തിച്ചു. പിന്നെയാണ്‌ കേവലം 19 റണ്‍സിനിടെ വാലറ്റം നാടകീയമായി തകര്‍ന്നത്‌. ക്രെസ്‌ജയുടെ പന്തുകള്‍ക്ക്‌ മുന്നില്‍ ആര്‍ക്കും മറുപടിയില്ലാത്ത അവസ്ഥയായിരുന്നു. 27 റണ്‍സുമായി കളി പുനരാരംഭിച്ച സൗരവ്‌ അവസാന ടെസ്റ്റില്‍ ഒരു സെഞ്ച്വറിയുമായി രാജകീയമായി വിടവാങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അതീവ ജാഗ്രതയില്‍ കളിച്ച ദാദക്ക്‌ ഉറച്ച പിന്തുണയാണ്‌ ധോണി നല്‍കിയത്‌. കരുതലോടെയുള്ള ബാറ്റിംഗിനിടെ അര്‍ദ്ധസെഞ്ച്വറി തികച്ച സൗരവ്‌ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച സ്‌പിന്നറെ ആദ്യം സിക്‌സറിനും പിന്നെ തുടര്‍ച്ചയായി മൂന്ന്‌ ബൗണ്ടറികള്‍ക്കും ശിക്ഷിച്ചപ്പോള്‍ ധോണിയും ആവേശത്തിലായി. ലഞ്ചിന്‌ പിരിയുമ്പോള്‍ നിരാശയുടെ കയത്തിലായിരുന്നു ഓസ്‌ട്രേലിയക്കാര്‍. ഒരു വിക്കറ്റും അവര്‍ക്ക്‌ നേടാനായില്ല. 80 റണ്‍സുമായി സൗരവും 43 റണ്‍സുമായി ധോണിയും കളം വാണു.
ഉച്ചഭക്ഷണത്തിന്‌ ശേഷം കളി തുടര്‍ന്നപ്പോള്‍ ധോണി മിച്ചല്‍ ജോണ്‍സണെ കണക്കിന്‌ പ്രഹരിച്ച്‌ മറ്റൊരു അര്‍ദ്ധശതകം കൂടി സ്വന്തമാക്കി. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ അനായാസം കളിക്കുമ്പോള്‍ 500 റണ്‍സിലധികം നേടാന്‍ ടീമിന്‌ കഴിയുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. പക്ഷേ പെട്ടെന്നാണ്‌ എല്ലാം സംഭവിച്ചത്‌. ധോണിയുടെ ലൈഗ്‌ സൈഡിലേക്ക്‌ പന്തെറിഞ്ഞാണ്‌ ക്രെസ്‌ജ രണ്ടാം ദിവസത്തെ ആദ്യ വിക്കറ്റ്‌ നേടിയത്‌. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ തീര്‍ത്തും കബളിപ്പിക്കപ്പെട്ട പന്തായിരുന്നു അത്‌. ഈ വിക്കറ്റ്‌ നേട്ടം പിന്നിട്ട്‌ രണ്ട്‌ പന്തുകള്‍ക്കിടെ സൗരവിന്റെ വിക്കറ്റും ക്രെസ്‌ജയുടെ പോക്കറ്റിലെത്തി. സ്‌പിന്നറുടെ താഴ്‌ന്ന വന്ന പന്തില്‍ സൗരവ്‌ ബാറ്റ്‌ വെച്ചപ്പോള്‍ ഒന്നാം സ്ലിപ്പില്‍ മൈക്കല്‍ ക്ലാര്‍ക്കിന്‌ പിഴച്ചില്ല. സെഞ്ച്വറിയിലേക്ക്‌ കുതിച്ച സൗരവിന്റെ വീഴ്‌ച്ച വേദനാജനകമായ കാഴ്‌ച്ചയായിരുന്നു.
വാലറ്റക്കാരില്‍ ഹര്‍ഭജന്‍ മാത്രമാണ്‌ ക്രെസ്‌ജയെ പേടിക്കാതെ കളിച്ചത്‌. പതിവ്‌ ശൈലിയില്‍ പന്തിനെ പ്രഹരിക്കുന്നതില്‍ ഹര്‍ഭജന്‍ മിടുക്ക്‌ കാട്ടിയപ്പോള്‍ സഹീറും അമിത്‌ മിശ്രയും ഇഷാന്തും മാളത്തിലൊളിക്കാന്‍ നിര്‍ബന്ധിതരായി.
ക്രെസ്‌ജക്ക്‌ പിച്ചില്‍ നിന്നും ലഭിച്ച പിന്തുണ മനസ്സിലാക്കി ധോണി പുതിയ പന്ത്‌ സഹീറിനൊപ്പം പങ്കിടാന്‍ ഹര്‍ഭജനെ ക്ഷണിച്ചു. തികച്ചും നാടകീയമായ ഈ നിക്കത്തിന്‌ പക്ഷേ പ്രതിഫലമുണ്ടായില്ല. ഹെയ്‌ഡനും കാറ്റിച്ചും ബൗളര്‍മാരെ കൂസാതെ കളിച്ചപ്പോള്‍ റണ്ണൗട്ടിന്റെ രൂപത്തിലാണ്‌ ഇന്ത്യക്ക്‌ ആശ്വാസമെത്തിയത്‌. സഹീറിന്റെ പന്ത്‌ തട്ടിയിട്ട്‌ സിംഗിളിന്‌ ശ്രമിച്ച ഹെയ്‌ഡനെ കന്നിക്കാരനായ ഇന്ത്യന്‍ താരം മുരളി വിജയ്‌ കൃത്യമായ ത്രോയില്‍ പുറത്താക്കി.
ചായക്ക്‌ ശേഷമുളള അവസാന സെഷനില്‍ ഹര്‍ഭജന്‍ തന്നെയായിരുന്നു ഇന്ത്യയുടെ പ്രധാന ആയുധം. ഇഷാന്ത്‌ ശര്‍മ്മയെ കൂസാതെ കളിച്ച റിക്കി പോണ്ടിംഗിനെ വീഴ്‌ത്തി ബാജി ടെസ്‌റ്റ്‌ ക്രിക്കറ്റിലെ മൂന്നൂറാം വിക്കറ്റ്‌ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ആഹ്ലാദത്തിലായിരുന്നു. ഹര്‍ഭജന്റെ വേഗതയേറിയ പന്തിന്റെ ഗതി മനസ്സിലാക്കാന്‍ പോണ്ടിംഗിനായില്ല. അദ്ദേഹത്തിന്റെ ഓഫ്‌ സ്റ്റംമ്പ്‌ തെറിച്ചു. ടെസ്‌റ്റില്‍ ഇത്‌ പത്താം തവണയാണ്‌ പോണ്ടിംഗിനെ ബാജി പുറത്താക്കുന്നത്‌.
പോണ്ടിംഗിന്റെ പതനത്തിന്‌ ശേഷം കാറ്റിച്ചും മൈക്‌ ഹസിയും തകര്‍ച്ച ഒഴിവാക്കി ഭദ്രമായി കളിച്ചു. ഈ കൂട്ടുകെട്ട്‌ തകര്‍ക്കാന്‍ ധോണി തന്റെ നിരയിലെ മുഴുവന്‍ സ്‌പിന്നര്‍മാരെയും വിളിച്ചു. മിശ്രയും സേവാഗും സച്ചിനുമെല്ലാം പന്തെറിഞ്ഞിട്ടും മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ തകര്‍ക്കാനായില്ല. 115 റണ്‍സാണ്‌ ഇതിനകം ഈ സഖ്യം നേടിയത്‌.

ഇന്ത്യ-ഒന്നാം ഇന്നിംഗ്‌സ്‌: സേവാഗ്‌-ബി-ക്രെസ്‌ജ-66, വിജയ്‌-സി-ഹാദ്ദീന്‍-ബി-വാട്ട്‌സണ്‍-33, ദ്രാവിഡ്‌-സി-കാറ്റിച്ച്‌-ബി-ക്രെസ്‌ജ-0, സച്ചിന്‍-എല്‍.ബി.ഡബ്ല്യൂ-ബി-ജോണ്‍സണ്‍-109, ലക്ഷ്‌മണ്‍-സി-ഹാദ്ദീന്‍-ബി-ക്രെസ്‌ജ-64, സൗരവ്‌-സി-ക്ലാര്‍ക്‌-ബി-ക്രെസ്‌ജ-85, ധോണി- -ബി-ക്രെസ്‌ജ-56, ഹര്‍ഭജന്‍-നോട്ടൗട്ട്‌-18, സഹീര്‍-ബി-ക്രെസ്‌ജ-1, മിശ്ര-ബി-ക്രെസ്‌ജ-0, ഇഷാന്ത്‌-ബി-ക്രെസ്‌ജ-0, എക്‌സ്‌ട്രാസ്‌ 8, ആകെ 124.5 ഓവറില്‍ 441. വിക്കറ്റ്‌ പതനം: 10-98 (വിജയ്‌), 2-99 (ദ്രാവിഡ്‌), 3-116 (സേവാഗ്‌), 4-262 (ലക്ഷ്‌മണ്‍), 5-303 (സച്ചിന്‍), 6-422 (ധോണി), 7-423 (സൗരവ്‌), 8-437 (സഹീര്‍), 9-437 (മിശ്ര), 10-441 (ഇഷാന്ത്‌) ബൗളിംഗ്‌: ലീ 16-2-62-0, ജോണ്‍സണ്‍ 32-11-84-1, വാട്ട്‌സണ്‍ 20-5-42-1, ക്രെസ്‌ജ 43.5-1-215-8, വൈറ്റ്‌ 10-1-24-0, കാറ്റിച്ച്‌ 3-0-8-0.
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌: മാത്യൂ ഹെയ്‌ഡന്‍-റണ്ണൗട്ട്‌-16, കാറ്റിച്ച്‌-നോട്ടൗട്ട്‌-92, പോണ്ടിംഗ്‌-ബി-ഹര്‍ഭജന്‍-24, ഹസി-നോട്ടൗട്ട്‌-45, എക്‌സ്‌ട്രാസ്‌-12, ആകെ 49 ഓവറില്‍ രണ്ട്‌ വിക്കറ്റിന്‌ 189. വിക്കറ്റ്‌ പതനം: 1-32, 2-74. ബൗളിംഗ്‌: സഹീര്‍ 8-0-41-0, ഹര്‍ഭജന്‍ 16-0-57-1, ഇഷാന്ത്‌ 8-2-25-0, മിശ്ര 9-1-31-0, സേവാഗ്‌ 6-1-11-0, സച്ചിന്‍ 2-0-13-0

ക്രെസ്‌ജയുടെ റീഡിംഗ്‌
ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ ഇന്നലെ രണ്ട്‌ വലിയ തെറ്റുകള്‍ പറ്റി-ഓസ്‌ട്രലിയക്കാര്‍ അത്‌ ഉപയോപ്പെടുത്തുകയും ചെയ്‌തു. നാലാം ടെസ്റ്റ്‌ രണ്ടാം ദിവസം പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയക്കാര്‍ക്ക്‌ ഉറച്ച അടിത്തറയായിരിക്കുന്നു. അവര്‍ക്ക്‌ ധൈര്യസമേതം കളിക്കാം. ഇന്നലെ ചായക്ക്‌ തൊട്ട്‌ മുമ്പ്‌ ഓസ്‌ട്രേലിയ ബാറ്റിംഗ്‌ ആരംഭിച്ച ഘട്ടത്തില്‍ സഹീര്‍ഖാനൊപ്പം പുതിയ പന്ത്‌ ഹര്‍ഭജന്‌ നല്‍കാനുളള ധോണിയുടെ തീരുമാനം വലിയ പിഴവായിരുന്നു. ഓസ്‌ട്രേലിയക്കാരനായ ഓഫ്‌ സ്‌പിന്നര്‍ ക്രെസ്‌ജക്ക്‌ എട്ട്‌ വിക്കറ്റുകള്‍ നല്‍കിയ പിച്ചായതിനാല്‍ ഇന്ത്യയുടെ അനുഭവസമ്പന്നനായ സ്‌പിന്നര്‍ക്ക്‌ തീര്‍ച്ചയായും സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനാവുമെന്ന്‌ ധോണി ചിന്തിച്ചിട്ടുണ്ടാവാം. പക്ഷേ തിളക്കമുള്ള പന്തിനെ മോഹിപ്പിച്ച്‌ നല്‍കാന്‍ ഇഷാന്ത്‌ ശര്‍മയുളളപ്പോള്‍ സ്‌പിന്നറെ രണ്ടാം ഓവറില്‍ തന്നെ പരീക്ഷിച്ച നീക്കം ബാക്‌ ഫയര്‍ ചെയ്‌തുവെന്ന്‌ മാത്രമല്ല അത്‌ ഹര്‍ഭജന്റെ ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്‌തു. 16 ഓവറുകളാണ്‌ ഇന്നലെ ഹര്‍ഭജന്‍ ചെയ്‌തത്‌. ഇതില്‍ ഒരു മെയ്‌ഡന്‍ പോലുമില്ല എന്ന സത്യത്തില്‍ മാത്രമല്ല, അദ്ദേഹത്തെ ഓസ്‌ട്രേലിയക്കാര്‍ കാര്യമായി ശിക്ഷിച്ചു എന്ന വസ്‌തുതയും കാണാതിരിക്കാനാവില്ല. തുടക്കം മുതല്‍ ക്രിസിലുണ്ടായിരുന്ന സൈമണ്‍ കാറ്റിച്ച്‌ ഹര്‍ഭജനെ ആദ്യം നന്നായി നേരിട്ടു.
ധോണിയുടെ രണ്ടാം പിഴവ്‌ രണ്ടാം ദിവസം അവസാനത്തിലായിരുന്നു. ഹര്‍ഭജന്റെ രണ്ടാം സപെല്ലിനെ നേരിടാന്‍ കാറ്റിച്ച്‌ വിഷമിക്കവെ ഓഫ്‌ സ്‌പിന്നറെ മാറ്റി സേവാഗിനെയും സച്ചിനെയും ആക്രമണത്തിന്‌ നിയോഗിച്ചപ്പോള്‍ അത്‌ കാറ്റിച്ചിന്‌ വലിയ ആശ്വാസവുമായി. മൊഹാലിയില്‍ ധോണിയിലെ നായകന്‍ അക്രമാസക്തനായെങ്കില്‍ ഇവിടെ അദ്ദേഹത്തിന്‌ ആ കരുത്ത്‌ പ്രകടിപ്പിക്കാനായില്ല. ഫീല്‍ഡര്‍മാരെ അനുയോജ്യമായ സ്ഥലങ്ങളില്‍ വിന്യസിക്കാനുളള ധോണിയുടെ മികവിലാണ്‌ ഹെയ്‌ഡന്‍ റണ്ണൗട്ടായത്‌ എന്നത്‌ മറക്കാനാവില്ല. എങ്കിലും ഹര്‍ഭജനില്‍ ധോണി അമിത പ്രതിക്ഷ പുലര്‍ത്തിയെന്നതാണ്‌ സത്യം.
ക്രെസ്‌ജയെ എന്ത്‌ കൊണ്ട്‌ ആദ്യ മൂന്ന്‌ ടെസ്‌റ്റുകളില്‍ പോണ്ടിംഗ്‌ കളിപ്പിച്ചില്ല എന്ന ചോദ്യം തീര്‍ച്ചയായും ഓസ്‌ട്രേലിയക്കാരെങ്കിലും ഉയര്‍ത്തും. ടീമില്‍ ഒരു സ്‌പെഷ്യലിസ്‌റ്റ്‌ ഓഫ്‌ സ്‌പിന്നറുണ്ടായിട്ടും അദ്ദേഹത്തെ കരക്കിരുത്തിയ പോണ്ടിംഗിന്റെ നയത്തെ വിമര്‍ശിക്കാനും ആളുകളുണ്ടാവും. ഇവിടെ ക്യാപ്‌റ്റന്മാരുടെ റീഡിംഗാണ്‌ ചര്‍ച്ചയാവേണ്ടത്‌. പോണ്ടിംഗ്‌ ക്രെസ്‌ജയെ കളിപ്പിക്കാന്‍ തീരുമാനിച്ചത്‌ ആ താരത്തില്‍ വിശ്വാസമുണ്ടായത്‌ കൊണ്ടല്ല-സ്റ്റ്യൂവര്‍ട്ട്‌ ക്ലാര്‍ക്‌ എന്ന സീമറെക്കാള്‍ നല്ലത്‌ ഒരു സ്‌പെഷ്യലിസ്‌റ്റ്‌്‌ സ്‌പിന്നറാണെന്ന്‌ കരുതിയാണ്‌. അത്‌ പോലെ ധോണി ഹര്‍ഭജനെ തുടക്കത്തില്‍ അവതരിപ്പിച്ചത്‌ വിക്കറ്റുകള്‍ എളുപ്പം വീഴുമെന്ന്‌ കരുതിയാണ്‌. അവിടെയും പിഴച്ചു.
ക്രെസ്‌ജയെ അഭിനന്ദിക്കാതെവയ്യ. പതറാതെ പന്തെറിയാന്‍ യുവതാരം കാണിച്ച കരുത്താണ്‌ എട്ട്‌ വിക്കറ്റുകള്‍ അദ്ദേഹത്തിന്‌ സമ്മാനിച്ചത്‌. സോവാഗും ധോണിയും സൗരവുമെല്ലാം കണക്കിന്‌ ശിക്ഷിച്ചപ്പോഴും ക്രെസ്‌ജയുടെ മുഖത്ത്‌ ഒരു ഭാവമാറ്റവുമുണ്ടായിരുന്നില്ല. അദ്ദേഹം നന്നായി പന്തെറിഞ്ഞ്‌ കൊണ്ടിരുന്നു. വാലറ്റക്കാരെയെല്ലാം ക്രെസ്‌ജ ക്ലീന്‍ ബൗള്‍ഡാക്കിയ കാഴ്‌ച്ചയും ആവേശകരമായിരുന്നു. അവസാന ടെസ്റ്റില്‍ ഒരു സെഞ്ച്വറി-സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാന്‌ പോലും കഴിയാത്ത കാര്യത്തിന്‌ അരികിലായിരുന്നു സൗരവ്‌. ക്രെസ്‌ജയുടെ മികവില്‍ ആ നേട്ടം അകന്നത്‌ വേദനാജനകമായിരുന്നു.
കാറ്റിച്ചിനെയും ഹസിയെയും പരാമര്‍ശിക്കാതിരിക്കാനാവില്ല. കാറ്റിച്ച്‌ അധികം പന്തുകള്‍ പാഴാക്കാതെയാണ്‌ റണ്‍സ്‌ നേടിയത്‌. ആ ഇന്നിംഗ്‌സ രാഹുല്‍ ദ്രാവിഡാണ്‌ പാഠമാക്കേണ്ടത്‌. ക്ഷമയും മികവുമെല്ലാം സമ്മേളിക്കുന്ന ഒരു ദ്രാവിഡ്‌ ഇന്നിംഗ്‌സിന്റെ ചാരുതയുണ്ടായിരുന്നു കാറ്റിച്ചിന്റെ ബാറ്റിംഗിന്‌.
മല്‍സരത്തിലിപ്പോള്‍ ഓസ്‌ട്രേലിയക്ക്‌ ചെറിയ പ്രതീക്ഷകള്‍ കൈവന്നുവെന്നത്‌ സത്യം. ഒന്നാം ഇന്നിംഗ്‌സില്‍ നല്ല സ്‌ക്കോര്‍ നേടാനായാല്‍ ക്രെസ്‌ജയെ ഉപയോഗപ്പെടുത്തി വിലപേശാനാവുമെന്ന്‌ പോണ്ടിംഗിന്‌ അറിയാം. മല്‍സരത്തിന്റെ ഗതി ഇന്ന്‌ വളരെ വ്യക്തമാവും.

കന്നിക്കാരനില്‍ നമ്പര്‍ സിക്‌സ്‌
നാഗ്‌്‌പൂര്‍: ഈ ഇന്ത്യന്‍ പര്യടനം ഓസ്‌ട്രേലിയക്കാര്‍ ഓര്‍മിക്കാന്‍ ആഗ്രഹിക്കില്ല. പക്ഷേ ജാസോണ്‍ ക്രെസ്‌ജ എന്ന ഇരുപത്തിയഞ്ചുകാരന്‌ ഇന്ത്യയെ ഇനി മറക്കാനാവില്ല. കന്നി ടെസ്റ്റില്‍ തന്നെ തകര്‍പ്പന്‍ അരങ്ങേറ്റം. 215 റണ്‍സിന്‌ എട്ട്‌ ഇന്ത്യന്‍ വിക്കറ്റുകള്‍. വിരേന്ദര്‍ സേവാഗും സൗരവ്‌ ഗാംഗുലിയും രാഹുല്‍ ദ്രാവിഡും മഹേന്ദ്രസിംഗ്‌ ധോണിയും വി.വി.എസ്‌ ലക്ഷ്‌മണുമെല്ലാമാണ്‌ ക്രെസ്‌ജയുടെ സ്‌പിന്നില്‍ തലകുത്തി വീണത്‌.
ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ കന്നിക്കാരനായ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയത്‌ ഓസ്‌ട്രേലിയക്കാരനായ എ.ഇ ട്രോട്ടായിരുന്നു. 1895 ലായിരുന്നു ഈ മാജിക്‌ പ്രകടനം. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ 43 റണ്‍സിനാണ്‌ അദ്ദേഹം എട്ട്‌ വിക്കറ്റ്‌ സ്വന്തമാക്കിയത്‌. 1972 ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്‌റ്റില്‍ 53 റണ്‍സിന്‌ എട്ട്‌ പേരെ പുറത്താക്കി റാല്‍ മാസി മികവ്‌ തെളിയിച്ചപ്പോള്‍ ഏറ്റവും മികച്ച മൂന്നാം പ്രകടനത്തിനുടമ ഇന്ത്യന്‍ സ്‌പിന്‍ മജീഷ്യന്‍ നരേന്ദ്ര ഹിര്‍വാനിയായിരുന്നു. 1988 ല്‍ ചെന്നൈയില്‍ വിന്‍ഡീസിനെതിരെ അരങ്ങേറിയ മധ്യപ്രദേശുകാരന്‍ രണ്ട്‌ ഇന്നിംഗ്‌സിലും റെക്കോര്‍ഡ്‌ പ്രകടനമാണ്‌ നടത്തിയത്‌. ആദ്യ ഇന്നിംഗ്‌സില്‍ 61 റണ്‍സിന്‌ എട്ട്‌ പേരെ പുറത്താക്കിയ ഹിര്‍വാനി രണ്ടാം ഇന്നിംഗ്‌സില്‍ എട്ട്‌ പേരെ പുറത്താക്കാന്‍ 75 റണ്‍സ്‌ മാത്രമാണ്‌ വഴങ്ങിയത്‌. ദക്ഷിണാഫ്രിക്കന്‍ സീമര്‍ ലാന്‍സ്‌ ക്ലൂസ്‌നര്‍ 1996 ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യക്കെതിരെ നടന്ന ടെസ്‌റ്റില്‍ 64 റണ്‍സ്‌ മാത്രം നല്‍കി എട്ട്‌ വിക്കറ്റ്‌ നേടിയിരുന്നു. 1950 ല്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ അലന്‍ വാലന്റൈന്‍ 104 റണ്‍സിന്‌ എട്ട്‌ വിക്കറ്റുകള്‍ നേടിയിരുന്നു. ഈ അഞ്ച്‌ മികച്ച കന്നി പ്രകടനങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇപ്പോള്‍ ക്രെസ്‌ജ മിന്നിയിരിക്കുന്നത്‌.

ദേശീയ ഗെയിംസ്‌ ധാരണാപത്രം ഒപ്പിട്ടു
ന്യൂഡല്‍ഹി: കേരളം ആതിഥേയത്വം വഹിക്കുന്ന മുപ്പത്തിമൂന്നാമത്‌ ദേശീയ ഗെയിംസ്‌ ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനും കേരളാ ഒളിംപിക്‌ അസോസിയേഷനും ഒപ്പിട്ടു. ഐ.ഒ.സി പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്‌ വേണ്ടി സ്‌പോര്‍ട്‌സ്‌ മന്ത്രി എം വിജയകുമാറും സ്‌പോര്‍ട്‌സ്‌്‌ സെക്രട്ടറി ടീക്കാറാം മീണയും കേരളാ ഒളിംപിക്‌ അസോസിയേഷന്‌ വേണ്ടി പ്രസിഡണ്ട്‌ എം.എം അബ്ദുള്‍റഹ്‌മാനും സെക്രട്ടറി പി.എ ഹംസയും ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‌ വേണ്ടി പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡിയുമാണ്‌ ധാരണാപത്രത്തില്‍ ഒപ്പിട്ടത്‌. മുന്‍ കേന്ദ്രമന്ത്രി സുബോദ്‌കാന്ത്‌ സഹായി, പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ സെക്രട്ടറി ടി.കെ നായര്‍, കോണ്‍ഗ്രസ്‌ നേതാവ്‌ ടോം വടക്കന്‍, കേരളാ സപോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ ടി.പി ദാസന്‍, സെക്രട്ടറി ഡോ.കിഷോര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കായികം മറന്നു-മന്ത്രി രാഷ്ട്രീയക്കാരനായി
ന്യൂഡല്‍ഹി: കേരളത്തിന്‌ അനുവദിക്കപ്പെട്ട ദേശീയ ഗെയിംസിന്റെ കാര്യത്തിലും രാഷ്ട്രീയം. ഇന്നലെ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡിയുടെ വസതിയില്‍ നടന്ന ധാരണാ പത്രം ഒപ്പിടല്‍ ചടങ്ങിലും തുടര്‍ന്ന്‌ കേരളാ ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലുമാണ്‌ രാഷ്‌ട്രീയ പോരാട്ടം നിറഞ്ഞു തുളുമ്പിയത്‌. ധാരണാ പത്രം ഒപ്പിടാന്‍ ഐ.ഒ.സി ക്ഷണിച്ചത്‌ സംസ്ഥാന സര്‍ക്കാരിനെയും കേരളാ ഒളിംപിക്‌ അസോസിയേഷനെയുമാണ്‌. സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി വിജയകമാറും സ്‌പോര്‍ട്‌സ്‌ സെക്രട്ടറി ടിക്കാറാം മീണയും കേരളാ ഒളിംപിക്‌ അസോസിയേഷനെ പ്രതിനിധീകരിച്ച്‌ പ്രസിഡണ്ട്‌്‌ എം.എം അബ്ദുള്‍ റഹ്‌മാനും സെക്രട്ടറി പി.എ ഹംസയമാണ്‌ കരാര്‍ ഒപ്പിടാന്‍ എത്തിയത്‌. സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്‌ ചടങ്ങില്‍ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. പക്ഷേ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ ടി.പി ദാസനും സെക്രട്ടറി കിഷോറും ചടങ്ങിനെത്തി. നിയമപ്രകാരം കേരളാ ഒളിംപിക്‌ അസോസിയേഷന്‍, കേരളാ സര്‍ക്കാര്‍ എന്നിവരുമായി മാത്രമേ കരാര്‍ ഒപ്പിടാന്‍ അനുവദിക്കുകയുളളുവെന്ന്‌ കല്‍മാഡി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ ചടങ്ങിന്‌ ശേഷം മന്ത്രിയും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ടും കേരളാഹൗസില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. വിഷയം ദേശീയ ഗെയിംസായിരുന്നു. പക്ഷേ ഈ വാര്‍ത്താ സമ്മേളനത്തിലേക്ക്‌ കേരളാ ഒളിംപിക്‌ അസോസിയേഷന്‍ പ്രതിനിധികളെ ക്ഷണിച്ചില്ല. വാര്‍ത്താ സമ്മേളനം നടക്കുമ്പോള്‍ ഒളിംപിക്‌ അസോസിയേഷന്‍ ഭാരവാഹികള്‍ കേരളാ ഹൗസിന്‌ പുറത്തിരിപ്പായിരുന്നു.
വിജയകരമായി ഗെയിംസ്‌ നടത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്‌. പക്ഷേ എല്ലാത്തിലും സര്‍ക്കാര്‍ രാഷ്ട്രീയം കാണുകയാണെന്നാണ്‌ ഒളിംപിക്‌ അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നത്‌.

സെപ്‌റ്റ്‌ ഇന്ന്‌ ഇറങ്ങുന്നു
കൊലാലംപൂര്‍: മലേഷ്യന്‍ പര്യടനത്തില്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ എജ്യൂക്കേഷന്‍ പ്രൊമോഷന്‍ ട്രസ്‌റ്റ്‌ (സെപ്‌റ്റ്‌) ടീം ഇന്ന്‌ രണ്ട്‌ മല്‍സരങ്ങള്‍ കളിക്കുന്നു. ആദ്യ മല്‍സരത്തില്‍ റോയല്‍ സിലനഗോര്‍, രണ്ടാം മല്‍സരത്തില്‍ മിഡ്‌ലാന്‍ഡ്‌സ്‌ സ്‌ക്കൂള്‍ എന്നിവരാണ്‌ എതിരാളികള്‍. ടീം ഇന്നലെ രാവിലെ ഇവിടെയെത്തി. അടുത്ത വര്‍ഷം നടക്കുന്ന ലോക ്‌ണ്ടചര്‍ 13 ഫുട്‌ബോള്‍ മേളയുടെ ഒരുക്കമെന്ന നിലയിലാണ്‌ സെപ്‌ററ്‌ മലേഷഅയയില്‍ കളഇക്കുന്നത്‌. മൊത്തം നാല്‌ മല്‍സരങ്ങളിലാണ്‌ ടീം പങ്കെടുക്കുക. വിജയകരമായ ഗോവന്‍ പര്യടനത്തിന്‌ ശേഷം ക്യാപ്‌റ്റന്‍ ഹന്നാന്‍ ജാവേദിനെ കൂടാതെ കളിക്കുന്ന ടീമിന്റെ പ്രതീക്ഷ മുന്‍നിരയില്‍ കളിക്കുന്ന അനസിലാണ്‌. പ്രേം കുമാറാണ്‌ ടീമിനെ നയിക്കുന്നത്‌. താരങ്ങളെല്ലാം മല്‍സരത്തിന്‌ സജ്ജരായതായി കോച്‌ മനോജ്‌ കുമാര്‍ പറഞ്ഞു.
ഇന്ന്‌ ഗണ്ണേഴ്‌്‌സ്‌-മാഞ്ചസ്റ്റര്‍
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ തകര്‍പ്പന്‍ മല്‍സരം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ലീഗില്‍ തപ്പിതടയുന്ന മുന്‍ ചാമ്പ്യന്മാരായ ആഴ്‌സനലുമായി കളിക്കുന്നു. ഇന്ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ ഹള്‍ സിറ്റി ബോള്‍ട്ടണെയും ലിവര്‍പൂള്‍ വെസ്റ്റ്‌ ബ്രോമിനെയും സുതര്‍ലാന്‍ഡ്‌ പോര്‍ട്‌സ്‌മൗത്തിനെയും വെസ്‌റ്റ്‌ ഹാം യുനൈറ്റഡ്‌ എവര്‍ട്ടണെയും വിഗാന്‍ സ്‌റ്റോക്ക്‌ സിറ്റിയെയും എതിരിടും. ചെല്‍സി, ലിവര്‍പൂള്‍ എന്നിവരാണ്‌ നിലവില്‍ ലീഗില്‍ മുന്നിട്ടുനില്‍ക്കുന്നത്‌. മാഞ്ചസ്റ്ററിന്‌ പതിവ്‌ കരുത്തില്‍ കളിക്കാന്‍ കഴിയാത്ത സാഹചര്‌്യത്തില്‍ ആഴ്‌സനലിന്‌ നേരിയ പ്രതീക്ഷയുണ്ട്‌. സ്വന്തം മൈതാനത്താണ്‌ അവര്‍ കളിക്കുന്നത്‌. പരുക്ക്‌ കാരണം സൂപ്പര്‍ താരം അബിദേയര്‍ ആഴ്‌സന്‍ വെംഗറുടെ സംഘത്തില്‍ അംഗമല്ല.

No comments: