Thursday, November 6, 2008

BALE SACHIN



ബലേ സച്ചിന്‍ഭായ്‌.....
നാഗ്‌പ്പൂര്‍: സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ എന്ന സുര്യതേജസ്സിന്‌ മുന്നില്‍ നാലാം ടെസ്റ്റിലും ഇന്ത്യക്ക്‌ ഭദ്രമായ തുടക്കം. ടെസ്റ്റ്‌്‌ ക്രിക്കറ്റില്‍ നാല്‍പ്പത്‌ സെഞ്ച്വറിയെന്ന അത്യപൂര്‍വ്വമായ റെക്കോര്‍ഡ്‌ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റര്‍ എന്ന ബഹുമതിയുമായി സച്ചിന്‍ കരസ്ഥമാക്കിയ 109 റണ്‍സിന്റെ മികവില്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്‌റ്റിന്റെ ഒന്നാം ദിനം ഇന്ത്യ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 311 റണ്‍സ്‌ സ്വന്തമാക്കി. 138 റണ്‍സിന്‌ മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കിയ ജാസോണ്‍ ക്രെസ്‌ജ എന്ന ഓഫ്‌ സ്‌പിന്നറുടെ മികവില്‍ മാത്രം വലിയ നാണക്കേടില്‍ നിന്നും രക്ഷപ്പെട്ട ഓസ്‌ട്രേലിയക്ക്‌ പരമ്പരയില്‍ ഒപ്പമെത്താനുള്ള മോഹം സഫലമാക്കാന്‍ ഇനിയുളള നാല്‌ ദിവസങ്ങളില്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇവിടെ വിജയം അനിവാര്യമായ കങ്കാരു സൈന്യത്തിന്‌ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ടോസ്‌ നഷ്ടമായത്‌ മുതല്‍ കാണാനായത്‌ ഇന്ത്യന്‍ സര്‍വാധിപത്യമായിരുന്നു. കന്നിക്കാരനായ ഓപ്പണര്‍ മുരളി വിജയ്‌ക്കൊപ്പം ഇന്നിംഗ്‌സ്‌ തുടങ്ങിയ വീരേന്ദര്‍ സേവാഗ്‌ സ്വതസിദ്ധമായ ശൈലിയില്‍ അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ കോട്‌ലയില്‍ ഡബിള്‍ സെഞ്ച്വറിയുമായി കളിയിലെ കേമന്‍പ്പട്ടം കരസ്ഥമാക്കിയ വി.വി.എസ്‌ ലക്ഷ്‌മണ്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്നു. പക്ഷേ ആദ്യ ദിനത്തിലെ ഹീറോ സെഞ്ച്വറിക്ക്‌ അരികെ രണ്ട്‌ തവണ ഓസീസ്‌ ഫീല്‍ഡര്‍മാര്‍ ആയുസ്സ്‌ നീട്ടി നല്‍കിയ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. 85 ല്‍ മിച്ചല്‍ ജോണ്‍സണും 96 ല്‍ ബ്രെട്ട്‌ ലീയും ക്യാച്ചുകള്‍ നഷ്ടമാക്കിയ കാഴ്‌ച്ചയില്‍ നിരാശനായത്‌ രണ്ട്‌ വട്ടവും പന്തെറിഞ്ഞ ക്രെസ്‌ജയായിരുന്നു.
പരമ്പരയിലെ രണ്ട്‌ ടെസ്‌റ്റുകളില്‍ കളിച്ച്‌ രണ്ട്‌ വിക്കറ്റ്‌ മാത്രം സമ്പാദിക്കാനായ സീമര്‍ സ്റ്റ്യൂവര്‍ട്ട്‌ ക്ലാര്‍ക്കിന്‌ പകരമായി ടീമിലെത്തിയ ക്രെസ്‌ജ പുതിയ പന്തിന്റെ തിളക്കം മായും മുമ്പ്‌ ആക്രമണത്തിനെത്തുകയും രണ്ട്‌ വിലപ്പെട്ട വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്‌തു.
ടെസ്റ്റ്‌ ക്രിക്കറ്റിലെ 99-ാമത്‌ വേദിയായി രാജ്യാന്തര ക്രിക്കറ്റിന്റെ ആരവങ്ങളിലേക്ക്‌ വന്ന ജംതയിലെ പുതിയ മൈതാനത്‌ രാജ്യാന്തര ക്രിക്കറ്റിന്‌ അനുയോജ്യമായ സൗകര്യങ്ങളെല്ലാമുണ്ടായിട്ടും ഇരിപ്പിടങ്ങളില്‍ ആരാധകര്‍ കുറവായിരുന്നു. സൗരവ്‌ ഗാംഗുലി കളിക്കുന്ന അവസാന മല്‍സരമായിട്ടും, വിദര്‍ഭ ക്രിക്കറ്റ്‌ അസോസിയേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടിക്കറ്റ്‌ നിരക്ക്‌ കുറച്ചിട്ടും കാണികള്‍ അകന്നുനിന്നത്‌ സംഘാടകര്‍ക്ക്‌ തിരിച്ചടിയായെങ്കിലും അതൊന്നും കാര്യമാക്കാതെ തകര്‍പ്പന്‍ തുടക്കമാണ്‌ സേവാഗ്‌ ഇന്ത്യക്ക്‌ നല്‍കിയത്‌. ഏകദിന ശൈലിയില്‍ സേവാഗ്‌ തകര്‍ത്താടിയപ്പോള്‍ ആദ്യ 18 ഓവറില്‍ ഇന്ത്യന്‍ സ്‌ക്കോര്‍ 98 ലെത്തി. ഈ ഘട്ടത്തിലാണ്‌ വിജയ്‌ പുറത്താവുന്നത്‌. 33 റണ്‍സ്‌ നേടിയ തമിഴ്‌നാട്ടുകാരന്‍ ഷെയിന്‍ വാട്ട്‌സന്റെ ഷോട്ട്‌ പിച്ചിലാണ്‌ വീണത്‌.
ആദ്യ മല്‍സരത്തിന്റെ സമ്മര്‍ദ്ദമൊന്നും ഇരുപത്തിനാലുകാരന്‍ പ്രകടിപ്പിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുളള ടീമില്‍ ഇടം ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ബ്രെട്ട്‌ ലീയുടെ പന്തിനെ അതിര്‍ത്തി കടത്തിയാണ്‌ വിജയ്‌ ആരംഭിച്ചത്‌. വിജയിന്‌ പകരം വന്ന രാഹുല്‍ ദ്രാവിഡ്‌ ദയനീയമായ കാഴ്‌ച്ചയായിരുന്നു. ക്രെസ്‌ജക്ക്‌ ആദ്യ വിക്കറ്റ്‌ സമ്മാനിച്ച്‌ ദ്രാവിഡ്‌ അക്കൗണ്ട്‌ തുറക്കാതെ മടങ്ങിയ കാഴ്‌ച്ച മാത്രമായിരുന്നു ഇന്ത്യന്‍ ആരാധകരെ വേദനിപ്പിച്ചത്‌. പക്ഷേ ഇതൊന്നും സേവാഗിനെ ബാധിച്ചിരുന്നില്ല. 69 പന്തുകള്‍ നേരിടുന്നതിനിടെ സുന്ദരമായ നിരവധി ഷോട്ടുകള്‍ ഡല്‍ഹിക്കാരന്‍ പായിച്ചു. ക്രെസ്‌ജയുടെ ആദ്യ ഓവറിലെ ആദ്യ രണ്ട്‌ പന്തും അതിര്‍ത്തി കടത്തിയ സേവാഗ്‌ ലഞ്ചിന്‌ തൊട്ട്‌ മുമ്പാണ്‌ വീണത്‌. അല്‍പ്പം ക്ഷീണിതനായി കാണപ്പെട്ട വീരുവിന്‌ പന്തിന്റെ ഗതി മനസ്സിലായില്ല. ബാറ്റില്‍ തട്ടിയ പന്ത്‌ സ്‌റ്റംമ്പില്‍ പതിച്ചപ്പോള്‍ ഓസ്‌ട്രേലിയക്കാര്‍ ആശ്വസിച്ചു.
3 വിക്കറ്റിന്‌ 122 റണ്‍സ്‌ എന്ന നിലയില്‍ രണ്ടാം സെഷന്‍ ആരംഭിച്ച ഇന്ത്യന്‍ ക്യാമ്പിനെ ഭദ്രതയിലേക്ക്‌ നയിക്കാന്‍ പ്രാപ്‌തരായിരുന്നു ക്ഷമാശീലരായ സച്ചിനും ലക്ഷ്‌മണും. നൂറാമത്‌ ടെസ്‌റ്റ്‌്‌ കളിക്കുന്ന ലക്ഷ്‌മണ്‍ സാഹസത്തിന്‌ മുതിര്‍ന്നതേയില്ല. സച്ചിനാവട്ടെ ക്രെസ്‌ജയെയാണ്‌ തെരഞ്ഞെടുത്ത്‌ ശിക്ഷിച്ചത്‌. 47 ല്‍ നിന്നും അര്‍ദ്ധ സെഞ്ച്വറിയിലേക്കുള്ള ഡ്രൈവായിരുന്നു സച്ചിന്റെ ഏറ്റവും മികച്ച ഷോട്ട്‌. ചായക്ക്‌ പിരിയുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ്‌ നഷ്ടത്തില്‍ 202 റണ്‍സ്‌ എന്ന നിലയിലായിരുന്നു.
സെഞ്ച്വറിയിലേക്കുളള യാത്രയില്‍ സച്ചിന്‌ പിഴക്കുന്നതാണ്‌ അവസാന സെഷനില്‍ കണ്ടത്‌. ആദ്യം ഇല്ലാത്ത റണ്ണിനായി ലക്ഷ്‌മണെ വിളിച്ചപ്പോള്‍ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം ക്രെസ്‌ജക്ക്‌ പ്രയോജനപ്പെടുത്താനായില്ല. സെഞ്ച്വറിക്ക്‌ അരികെ പലവട്ടം കലമുടച്ചിട്ടുളള മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ ക്രെസ്‌ജയെ ഉയര്‍ത്തിയടിക്കാന്‍ നടത്തിയ ശ്രമം നേരെ മിച്ചല്‍ ജോണ്‍സന്റെ കൈകളിലേക്കാണ്‌ ഉയര്‍ന്നത്‌. പക്ഷേ ഇന്ത്യന്‍ ഭാഗ്യത്തിന്‌ ജോണ്‍സണ്‍ പന്ത്‌ നിലത്തിട്ടു. സച്ചിന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കും മുമ്പ്‌ ലക്ഷ്‌മണ്‍ നാടകീയമായി പുറത്തായി. സേവാഗിനെ പുറത്താക്കിയ അതേ ശൈലിയിലുളള ക്രെസ്‌ജയുടെ പന്തില്‍ ലക്ഷ്‌മണെ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‍ പിടിക്കുകയായിരുന്നു.
അവസാന ടെസ്‌റ്റിനായി പാഡണിഞ്ഞ സൗരവ്‌ ദാദ ഗാംഗുലി ക്രീസിലേക്ക്‌ വരുമ്പോള്‍ ആരവങ്ങളായിരുന്നു. സൗരവിനെ സാക്ഷിയാക്കി സച്ചിന്‍ വീണ്ടും പന്തിനെ ഉയര്‍ത്തിയപ്പോള്‍ ബ്രെട്ട്‌ ലീ പിറകോട്ട്‌ ഓടി ക്യാച്ചിനായി കിണഞ്ഞ്‌ ശ്രമിച്ചു. ലീക്കും പന്തിനെ കരങ്ങളില്‍ ഒതുക്കാന്‍ കഴിഞ്ഞില്ല. ഇന്നിംഗ്‌സിലെ പന്ത്രണ്ടാം ബൗണ്ടറിയുമായാണ്‌ സച്ചിന്‍ നാല്‍പ്പതാമത്‌ ടെസ്‌റ്റ്‌ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്‌. വലിയ നഷ്ടമില്ലാതെ ഇന്ത്യ ആദ്യദിവസം പൂര്‍ത്തിയാക്കും എന്ന ഘട്ടത്തില്‍ സച്ചിന്‍ വീണു-ജോണ്‍സന്റെ പന്തില്‍ പ്ലംബ്‌ഡ്‌..
സ്‌ക്കോര്‍ക്കാര്‍ഡ്‌
ഇന്ത്യ-ഒന്നാം ഇന്നിംഗ്‌സ്‌: സേവാഗ്‌-ബി-ക്രെസ്‌ജ-66, വിജയ്‌-സി-ഹാദ്ദീന്‍-ബി-വാട്ട്‌സണ്‍-33, ദ്രാവിഡ്‌-സി-കാറ്റിച്ച്‌-ബി-ക്രെസ്‌ജ-0, സച്ചിന്‍-എല്‍.ബി.ഡബ്ല്യൂ-ബി-ജോണ്‍സണ്‍-109, ലക്ഷ്‌മണ്‍-സി-ഹാദ്ദീന്‍-ബി-ക്രെസ്‌ജ-64, സൗരവ്‌-നോട്ടൗട്ട്‌-27, ധോണി-നോട്ടൗട്ട്‌-4, എക്‌സ്‌ട്രാസ്‌ 8, ആകെ 87 ഓവറില്‍ അഞ്ച്‌ വിക്കറ്റിന്‌ 311. വിക്കറ്റ്‌ പതനം: 10-98 (വിജയ്‌), 2-99 (ദ്രാവിഡ്‌), 3-116 (സേവാഗ്‌), 4-262 (ലക്ഷ്‌മണ്‍), 5-303 (സച്ചിന്‍). ബൗളിംഗ്‌: ലീ 12-1-46-0, ജോണ്‍സണ്‍ 21-8-54-1, വാട്ട്‌സണ്‍ 13-2-35-1, ക്രെസ്‌ജ 28-1-138-3, വൈറ്റ്‌ 10-1-24-0, കാറ്റിച്ച്‌ 3-0-8-0.

തേര്‍ഡ്‌ ഐ
ജാസോണ്‍ ക്രെസ്‌ജ എന്ന ഇരുപത്തിയഞ്ചുകാരനായ ഓഫ്‌ സ്‌പിന്നര്‍ ഇന്നലെ വിദര്‍ഭ ക്രിക്കറ്റ്‌ അസോസിയേഷന്റെ പുതിയ മൈതാനത്ത്‌ നടത്തിയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കാര്യം ഉറപ്പിക്കാം-ഈ ടെസ്റ്റ്‌ ഹര്‍ഭജന്‍സിംഗിന്റെ വഴിക്കായിരിക്കും. ഇന്ത്യന്‍ പിച്ചുകളെക്കുറിച്ച്‌ യാതൊന്നുമറിയാത്ത ക്രെസ്‌ജ പലപ്പോഴും മോശം പന്തുകളെറിഞ്ഞിട്ടും അദ്ദേഹത്തിന്‌ മൂന്ന്‌ ഇന്ത്യന്‍ വിക്കറ്റുകളാണ്‌ ലഭിച്ചത്‌. മൂന്നും സ്‌പിന്നിനെ നന്നായി നേരിടുന്നവരുടേത്‌. പലപ്പോഴും അദ്ദേഹത്തിന്‌ നല്ല ടേണും ലഭിച്ച സാഹചര്യത്തില്‍ ഹര്‍ഭജന്‍സിംഗ്‌ പന്ത്‌ സ്വന്തം കരങ്ങളില്‍ ലഭിക്കാന്‍ കാത്തുനില്‍ക്കുകയായിരിക്കും. സേവാഗ്‌, ലക്ഷ്‌മണ്‍ എന്നിവരെ പുറത്താക്കിയ ക്രെസ്‌ജയുടെ പന്തുകള്‍ മനോഹരമായിരുന്നു. ബാറ്റ്‌സ്‌മാന്മാരുടെ തൊട്ട്‌ മുന്നില്‍ മോഹിപ്പിക്കുന്ന രീതിയില്‍ പിച്ച്‌ ചെയ്‌ത്‌ ബാറ്റിനെ കബളിപ്പിച്ച്‌ പായുന്ന ഡെലിവറികള്‍. ഇത്തരം പന്തുകള്‍ സേവാഗോ ലക്ഷ്‌മണോ ഇതിന്‌ മുമ്പ്‌ കണ്ടിട്ടുണ്ടാവില്ല. ദ്രാവിഡിന്റെ പുറത്താവല്‍ പക്ഷേ ദയനീയമായിരുന്നു. പ്രതിരോധ ബാറ്റിംഗിന്റെ ആധികാരിക വക്താവായ ദ്രാവിഡ്‌ സ്വന്തം ഫോമില്ലായ്‌മയിലൂടെ ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ ഷോട്ട്‌ ലെഗ്ഗിലേക്ക്‌ പന്തിനെ തട്ടി നല്‍കിയത്‌ സ്‌ക്കൂള്‍ ക്രിക്കറ്റിലെ കാഴ്‌ച്ച പോലെയാണ്‌ തോന്നിയത്‌. ക്രെസ്‌ജ 28 ഓവറുകളാണ്‌ ഇന്നലെ പന്തെറിഞ്ഞത്‌. സ്വന്തം നിരയില്‍ നല്ല ഒരു സ്‌പെഷ്യലിസ്‌റ്റ്‌ ഓഫ്‌ സ്‌പിന്നര്‍ ഉണ്ടായിട്ടും അയാളെ ആദ്യ മൂന്ന്‌ ടെസ്റ്റുകളില്‍ കളിപ്പിക്കാതിരുന്നതില്‍ തീര്‍ച്ചയായും റിക്കി പോണ്ടിംഗ്‌ ഖേദിക്കുന്നുണ്ടാവാം. ഓസീസ്‌ ഫീല്‍ഡിംഗ്‌ നിലവാരം ഉയര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ ഇരകളെ ക്രെസ്‌ജക്ക്‌ ലഭിക്കുമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡിംഗ്‌ സംഘമായിട്ടും അനായാസ അവസരങ്ങളാണ്‌ ഓസീസുകാര്‍ പാഴാക്കുന്നത്‌.
സച്ചിന്‌ ഇന്നലെ മൂന്ന്‌ പിഴവുകളാണ്‌ സംഭവിച്ചത്‌. ഈ മൂന്ന്‌ പിഴവുകളും ഉപയോഗപ്പെടുത്താന്‍ ഫീല്‍ഡര്‍മാര്‍ക്കായില്ല. ആദ്യം റണ്ണൗട്ട്‌, പിന്നെ രണ്ട്‌ ക്യാച്ചുകള്‍-രണ്ടും എളുപ്പമേറിയവ. മൂന്ന്‌ പിഴവുകള്‍ മാറ്റിനിര്‍ത്തിയാല്‍ സച്ചിന്‍ നിറഞ്ഞാടിയെന്ന്‌ പറയുന്നതില്‍ സംശയമില്ല. ആദ്യ സെഷനില്‍ നല്ല തുടക്കം ലഭിച്ചിട്ടും മൂന്ന്‌ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ മികച്ച പാര്‍ട്ട്‌ണര്‍ഷിപ്പായിരുന്നു അത്യാവശ്യം. ഈ അത്യാവശ്യം മനസ്സിലാക്കിയാണ്‌ സച്ചിനും ലക്ഷ്‌മണും കളിച്ചത്‌. ടെസ്‌റ്റ്‌ ക്രിക്കറ്റിലെന്നല്ല ക്രിക്കറ്റിന്റെ ഏത്‌ രൂപത്തിലും പാര്‍ട്ട്‌ണര്‍ഷിപ്പുകളാണ്‌ ടീമിന്‌ ജീവന്‍ നല്‍കുന്നത്‌. 146 റണ്‍സാണ്‌ സച്ചിനും ലക്ഷ്‌മണും നേടിയത്‌. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ കരുത്തും ഇത്‌ തന്നെ. ആദ്യ ദിവസം അഞ്ച്‌ മുന്‍നിരക്കാര്‍ പുറത്തായ സാഹചര്യത്തില്‍ ക്രീസിലുളള സൗരവ്‌-ധോണി സഖ്യത്തിന്റെ സംഭാവനയായിരിക്കും ഇന്ത്യയെ സംബന്ധിച്ച്‌ നിര്‍ണ്ണായകം. ഈ ജോഡിക്ക്‌ ശേഷം പിന്നെ അംഗീകൃത ബാറ്റ്‌സ്‌മാന്മാരില്ല എന്ന സത്യവുമുണ്ട്‌. 500 റണ്‍സിനരികില്‍ ഒന്നാം ഇന്നിംഗ്‌സില്‍ സ്വന്തമാക്കാനായാല്‍ തീര്‍ച്ചയായും മല്‍സരത്തില്‍ ഇന്ത്യന്‍ സാധ്യതകള്‍ വ്യക്തമാവും.
ധോണി അല്‍പ്പസമയം കളിക്കുന്നപക്ഷം റണ്‍നിരക്കില്‍ ഇന്ത്യക്ക്‌ മുന്നേറാനാവും. ഇന്നലെ സേവാഗ്‌ ക്രിസിലുളളപ്പോള്‍ ഓവറില്‍ അഞ്ച്‌ എന്ന ശരാശരി നിലനിര്‍ത്തിയാണ്‌ ഇന്ത്യ കുതിച്ചത്‌. പിന്നെ താണു. നൂറാമത്‌ ടെസ്റ്റ്‌ കളിക്കുന്ന സമ്മര്‍ദ്ദമാവാം ലക്ഷ്‌മണ്‍ തന്റെ സില്‍ക്കി ടച്ച്‌ മറന്നിരുന്നു. സച്ചിനാവട്ടെ നൂറിനരികിലേക്ക്‌ ടെന്‍ഷനോടെയാണ്‌ അടുത്തത്‌-ഇതും റണ്‍നിരക്കിനെ ബാധിച്ചു. 99 ല്‍ നിന്നും 100 ലെത്താന്‍ പതിനൊന്ന്‌ പന്തുകളാണ്‌ സച്ചിന്‍ നേരിട്ടത്‌.
ഓസീസ്‌ ബാറ്റ്‌സ്‌മാന്മാര്‍ നെഞ്ചിടിപ്പോടെയായിരിക്കും ഇവിടെ കളിക്കാനിറങ്ങുക. ഈ നെഞ്ചിടിപ്പിനെ ഉപയോഗപ്പെടുത്താന്‍ ഹര്‍ഭജന്‌ കഴിയുന്നപക്ഷം അവസാന ടെസ്റ്റ്‌ അഞ്ച്‌ ദിവസം ദീര്‍ഘിക്കാന്‍ സാധ്യതയില്ല.

മദ്യപാനിയായ ഗിബ്‌സ്‌ പുറത്ത്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: അച്ചടക്കനടപടിയുടെ ഭാഗമായി ഓപ്പണര്‍ ഹര്‍ഷല്‍ ഗിബ്‌സിനെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന്‌ പുറത്താക്കി. ബംഗ്ലാദേശിനെതിരെ ഇന്ന്‌ മുതല്‍ ആരംഭിക്കുന്ന ഏകദിന പരമ്പരക്കുളള ടീമില്‍ നിന്നാണ്‌ ഗിബ്‌സിനെ അവസാന നിമിഷം തഴഞ്ഞിരിക്കുന്നത്‌. ഈയിടെ വിവാഹമോചനം നേടിയ ഗിബ്‌സ്‌ നിരന്തര മദ്യപാനത്തിന്റെ പേരില്‍ പിടിക്കപ്പെട്ടിരുന്നു. ഒരു വര്‍ഷം മാത്രം ദീര്‍ഘിച്ച വിവാഹബന്ധത്തിന്‌ അന്ത്യമിടാന്‍ കാരണമായത്‌ ഗിബ്‌സിന്റെ മദ്യപാനമാണെന്ന്‌ ഭാര്യ ടെനിലെ കഴിഞ്ഞ ദിവസം പ്രസ്‌താവിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ ഗിബ്‌സിനെ പുറത്താക്കിയിരിക്കുന്നത്‌. എന്നാല്‍ ഗിബ്‌സിനെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹത്തിന്‌ മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ വിശ്രമം നല്‍കിയതാണെന്നുമാണ്‌ ടീം മാനേജ്‌മെന്റിന്റെ വിശദീകരണം. ഗിബ്‌സിന്‌ പകരക്കാരനെ തെരഞ്ഞെടുത്തിട്ടില്ല. പരുക്കേറ്റ നായകന്‍ ഗ്രയീം സ്‌്‌മിത്തിന്‌ പകരം ജോഹാന്‍ ബോത്തക്കാണ്‌ ടീമിന്റെ ചുമതല.

രാത്രിയിലും ടെസ്‌റ്റ്‌
മെല്‍ബണ്‍: ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ ആരാധകര്‍ കുറയുന്ന സാഹചര്യത്തില്‍ പഞ്ചദിന മല്‍സരങ്ങളുടെ ആയുസ്സിനെ നിലനിര്‍ത്താന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നു. ഡേ-നൈറ്റ്‌ ടെസ്റ്റ്‌ മല്‍സരങ്ങളാണ്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ മുന്‍വെക്കുന്ന ആദ്യ പരിഹാരവഴി. പകലും രാത്രിയുമായി ടെസ്‌റ്റ്‌ മല്‍സരങ്ങള്‍ നടത്താന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ തയ്യാറാണെന്നാണ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ജെയിംസ്‌ സുതര്‍ലാന്‍ഡ്‌ വ്യക്തമാക്കുന്നത്‌. പക്ഷേ ഡേ-നൈറ്റ്‌ മല്‍സരങ്ങള്‍ക്കായി പ്രത്യേക പന്ത്‌ വേണം.
ടെസ്‌റ്റ്‌ മല്‍സരങ്ങള്‍ക്ക്‌ ആളില്ല എന്നത്‌ സത്യമാണ്‌. ക്രിക്കറ്റിന്‌ നല്ല വേരുകളുളള ഇന്ത്യയില്‍ പോലും ശൂന്യമായ കസേരകളെ സാക്ഷിയാക്കിയാണ്‌ മല്‍സരങ്ങള്‍ നടക്കുന്നത്‌. ഇത്‌ അവസാനിപ്പിക്കാന്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായേണ്ട സമയമാണിതെന്ന്‌ അദ്ദേഹം പറഞ്ഞു. 20-20 ക്രിക്കറ്റിന്‌ വളരെ പെട്ടെന്ന്‌ ലഭിച്ച പ്രചുര പ്രചാരത്തില്‍ നിന്നാണ്‌ ഐ.പി.എല്‍, ഐ.സി.എല്‍, ചാമ്പ്യന്‍സ്‌ ലീഗ്‌ തുടങ്ങിയ ചാമ്പ്യന്‍
ഷിപ്പുകള്‍ തലപൊക്കിയത്‌. ഇത്‌ പോലെ കാണികള്‍ക്ക്‌ അനുയോജ്യമായ സമയങ്ങളില്‍ ടെസ്‌റ്റ്‌ മല്‍സരങ്ങള്‍ ക്രമീകരിച്ചാല്‍ തീര്‍ച്ചയായും എല്ലാവരെയും ആകര്‍ഷിക്കാനാവുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌.

റയലിനെ തകര്‍ത്ത്‌ യുവന്തസ്‌
മാഡ്രിഡ്‌: യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ അവരുടെ മൈതാനമായ ബെര്‍ണബവില്‍ അലക്‌സാണ്ടറോ ദെല്‍പിയാറോ സ്‌ക്കോര്‍ ചെയ്‌ത്‌ ഒരു ജോഡി ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി യുവന്തസ്‌ പ്രി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും സെല്‍റ്റിക്കും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചപ്പോള്‍ സെനിത്ത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്ഗ്‌ രണ്ട്‌ ഗോളിന്‌ ബോറിസോവിനെയും എഫ്‌.സി പോര്‍ട്ടോ 2-1ന്‌ ഡൈനാമോ കീവിനെയും ലിയോണ്‍ രണ്ട്‌ ഗോളിന്‌ സ്‌റ്റിയൂവ ബൂക്കാറസ്‌റ്റിനെയും പരാജയപ്പെടുത്തി. ആല്‍ബര്‍ഗ്ഗ്‌- വില്ലാറയല്‍ (2-2), ആഴ്‌സനല്‍-ഫെനര്‍ബാഷെ (0-0), ഫിയോറന്റീന-ബയേണ്‍ മ്യൂണിച്ച്‌ (1-1) മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ബെര്‍ണബുവില്‍ റയലിന്റെ തോല്‍വിയായിരുന്നു ഇന്നലെ ചര്‍ച്ച ചെയ്യപ്പെട്ട മല്‍സരം. പാവല്‍ നെദ്‌വദേവ്‌, ടിയാഗ, മുഹമ്മദ്‌ സിസോക്കോ എന്നീവരടങ്ങുന്ന മധ്യനിരയുടെ കരുത്താണ്‌ യുവന്തസിന്‌ തകര്‍പ്പന്‍ വിജയം ഒരുക്കിയത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ തപ്പിതടയുന്ന ആഴ്‌സനലിന്‌ ശനിദശ തുടരുകയാണ്‌.

No comments: