Monday, November 10, 2008

ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യ സ്വന്തമാക്കി
നാലാം ടെസ്‌റ്റില്‍ 172 റണ്‍സിന്റെ വിജയം
ജാസോണ്‍ ക്രെസ്‌ജ മാന്‍ ഓഫ്‌ ദ മാച്ച്‌, ഇഷാന്ത്‌ ശര്‍മ മാന്‍ ഓഫ്‌ ദ സീരിസ്‌
സൗരവ്‌ ഗാംഗുലി വിരമിച്ചു, ഇന്ത്യക്ക്‌ ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗില്‍ രണ്ടാം സ്ഥാനം. വിജയം ടീം സ്‌പിരിറ്റിന്റേതെന്ന്‌ ധോണി. ഇന്ത്യ പരമ്പര അര്‍ഹിച്ചതായി റിക്കി പോണ്ടിംഗ്‌

നാഗ്‌പ്പൂര്‍: നാല്‌ വര്‍ഷം മുമ്പ്‌ ഇതേ നഗരത്തില്‍ വെച്ചായിരുന്നു ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യയെ വീഴ്‌ത്തി ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയില്‍ മുത്തമിട്ടത്‌. അതേ നഗരം ഇന്നലെ ഇന്ത്യ വിലയേറിയ കപ്പ്‌ തിരിച്ചുപിടിക്കുന്നതിന്‌ സാക്ഷിയായത്‌ ചരിത്ര നിയോഗമായിരിക്കാം. അവസാന ടെസ്‌റ്റിന്റെ അവസാനദിനത്തില്‍ വിജയത്തിനാവശ്യമായ 382 റണ്‍സ്‌ തേടിയിറങ്ങിയ ഓസ്‌ട്രേലിയക്കാര്‍ 209 റണ്‍സില്‍ പുറത്തായപ്പോള്‍ ഒരു സെഷനും ഒരു മണിക്കൂറും ബാക്കിനില്‍ക്കെ 172 റണ്‍സിന്റെ മഹത്തായ വിജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. നാല്‌ മല്‍സര പരമ്പര 2-0 ത്തിനാണ്‌ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്‌. ബാംഗ്ലൂരില്‍ നടന്ന ഒന്നാം ടെസ്‌റ്റ്‌ സമനിലയില്‍ സമാപിച്ചപ്പോള്‍ മൊഹാലിയില്‍ നടന്ന രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ലയില്‍ നടന്ന മൂന്നാം ടെസ്‌റ്റും സമനിലയിലായിരുന്നു.
നാഗ്‌്‌പൂര്‍ ടെസ്റ്റോടെ രാജ്യാന്തര രംഗം വിട്ട സൗരവ്‌ ഗാംഗുലിക്ക്‌ അദ്ദേഹമര്‍ഹിക്കുന്ന യാത്രയയപ്പാണ്‌ ഇന്ത്യ നല്‍കിയത്‌. മല്‍സരത്തില്‍ ഇന്ത്യന്‍ വിജയമുറപ്പായ ശേഷം അഞ്ച്‌്‌ ഓവറുകള്‍ ടീമിനെ നയിക്കാന്‍ സൗരവിന്‌ ചുമതല നല്‍കിയ മഹേന്ദ്രസിംഗ്‌ ധോണി മല്‍സര ശേഷം മുന്‍ ക്യാപ്‌റ്റനെ തോളത്തേറ്റാനും മറന്നില്ല. പരമ്പരയിലുടനീളം ഇന്ത്യക്കായി മികവ്‌ പ്രകടിപ്പിച്ച ഡല്‍ഹിയില്‍ നിന്നുളള സീമര്‍ ഇഷാന്ത്‌ ശര്‍മ്മയാണ്‌ കളിയിലെ കേമന്‍. രണ്ട്‌ ഇന്നിംഗ്‌സിലുമായി പന്ത്രണ്ട്‌ ഇന്ത്യന്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ ജാസോണ്‍ ക്രെസ്‌ജ കളിയിലെ കേമനായി.
സ്‌പിന്നര്‍മാരുടെ കരുത്താണ്‌ അവസാനദിന പിച്ചില്‍ ഇന്ത്യക്ക്‌ തകര്‍പ്പന്‍ വിജയം ഒരുക്കിയത്‌. രാവിലെ മാത്യൂ ഹെയ്‌ഡനും മൈക്കല്‍ ക്ലാര്‍ക്കും തമ്മിലുളള സഖ്യം ഭീഷണി ഉയര്‍ത്തിയെങ്കിലും ക്ലാര്‍ക്കും ഹെയ്‌ഡനും മടങ്ങിയതോടെ ചിത്രം വ്യക്തമായി. 2001 ലെ പരമ്പരയില്‍ ഇന്ത്യയുടെ ചരിത്ര വിജയത്തിന്‌ ചുക്കാന്‍ പിടിച്ച ഹര്‍ഭജന്‍സിംഗ്‌ 64 റണ്‍സിന്‌ നാല്‌ പേരെ പുറത്താക്കിയപ്പോള്‍ അനില്‍ കുംബ്ലെയുടെ റിട്ടയര്‍മെന്റിലൂടെ ദേശീയ രംഗത്ത്‌ സാന്നിദ്ധ്യമുറപ്പാക്കിയ അമിത്‌ മിശ്ര 27 റണ്‍സിന്‌ മൂന്ന്‌ പേരെ പുറത്താക്കി. ഇഷാന്തിന്‌ രണ്ട്‌ വിക്കറ്റ്‌ ലഭിച്ചപ്പോള്‍ 77 റണ്‍സ്‌ നേടിയ ഹെയ്‌ഡന്‍ മാത്രമാണ്‌ ഓസീ ഇന്നിംഗ്‌സില്‍ പിടിച്ചുനിന്നത്‌.
നല്ല തുടക്കമാണ്‌ ഇന്ത്യക്ക്‌്‌ അവസാന ദിവസം ലഭിച്ചത്‌. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ സൈമണ്‍ കാറ്റിച്ച്‌ ഇഷാന്ത്‌ ശര്‍മയുടെ പേസില്‍ ലക്കും ലഗാനുമില്ലാതെ പന്തിനെ ഉയര്‍ത്തിയടിച്ചപ്പോള്‍ ധോണിക്ക്‌ ക്യാച്ച്‌-ആദ്യ വിക്കറ്റ്‌ നിലംപതിക്കുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 29 റണ്‍സ്‌. സഹീര്‍ഖാന്റെ ആദ്യ പന്തില്‍ റിക്കി പോണ്ടിംഗ്‌ വിരണ്ടിരുന്നു. എന്നാല്‍ ബാറ്റില്‍ തട്ടിയ പന്ത്‌ സ്ലിപ്പില്‍ ദ്രാവിഡിന്‌ തൊട്ട്‌ മുന്നില്‍ വീണു. സഹീറിന്റെ ഓവറില്‍ തന്നെ തകര്‍പ്പന്‍ ബൗണ്ടറി സ്വന്തമാക്കിയ ഓസീ നായകന്‍ സമ്മര്‍ദ്ദത്തിന്റെ ആള്‍രൂപമായി ഇല്ലാത്ത റണ്ണിനായി ഓടി വിക്കറ്റ്‌ തുലച്ചത്‌ ഇന്ത്യക്ക്‌ അനുഗ്രഹമായി. കന്നിക്കാരനായ വിജയ്‌ ആണ്‌ തന്റെ ഫീല്‍ഡിംഗ്‌ പാടവം ഒരിക്കല്‍ക്കൂടി തെളിയിച്ച്‌ മല്‍സരത്തില്‍ ടീമിനായി തന്റെ മൂന്നാം റണ്ണൗട്‌ സംഭാവന നല്‍കിയത്‌. രണ്ടാം വിക്കറ്റ്‌ നിലംപതിക്കുമ്പോള്‍ സ്‌ക്കോര്‍ 37.
മൈക്കല്‍ ക്ലാര്‍ക്കിനെ തുടക്കത്തില്‍ തന്നെ ഇഷാന്ത്‌ ശര്‍മ്മ വിക്കറ്റിന്‌ മുന്നില്‍ കുരുക്കിയിരുന്നു. എന്നാല്‍ അമ്പയര്‍ ബില്ലി ബൗഡന്‍ അപ്പീല്‍ അനുവദിച്ചില്ല. അമ്പയറുടെ തീരുമാനത്തില്‍ ഇഷാന്തും ഇന്ത്യന്‍ ഫീല്‍ഡര്‍മാരും അന്തിച്ച്‌ നില്‍ക്കവെ സഹീറിന്റെ പന്തുകളെ അതിര്‍ത്തി കടത്തുന്നതില്‍ ഹെയ്‌ഡന്‍ പിശുക്ക്‌ കാട്ടിയില്ല. പന്ത്രണ്ട്‌ ഓവറുകള്‍ സീമര്‍മാര്‍ പന്തെറിഞ്ഞതിന്‌ ശേഷമാണ്‌ ധോണി ഹര്‍ഭജനെ വിളിച്ചത്‌. ആദ്യ ഓവറില്‍ തന്നെ ബാജി ഹെയ്‌ഡനെ കുരുക്കിയതാണ്‌-പക്ഷേ ക്യാച്ച്‌ കൈപ്പിടിയിലൊതുക്കാന്‍ ധോണിക്ക്‌ കഴിഞ്ഞില്ല. ഹെയ്‌ഡനെ ഒരിക്കല്‍ ദ്രാവിഡും കൈവിട്ടപ്പോള്‍ ഇത്‌ ഓസീസ്‌ ഓപ്പണറുടെ ദിനമാണെന്ന്‌ തോന്നി. എന്നാല്‍ ഒരു ഭാഗത്ത്‌ ഇഷാന്തിനെ തുടരാന്‍ അനുവദിച്ച ധോണിക്ക്‌ ഡല്‍ഹിക്കാരന്‍ മറ്റൊരു വിക്കറ്റ്‌ സമ്മാനിച്ചു. 22 റണ്‍സ്‌ നേടിയ ക്ലാര്‍ക്‌ ധോണിയുടെ കൈകളില്‍. ഹെയ്‌ഡനും ക്ലാര്‍ക്കും കളിക്കുമ്പോള്‍ ക്യാച്ചുകള്‍ മാത്രമല്ല ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വെറുതെ ധാരാളം റണ്‍സും വഴങ്ങിയിരുന്നു. ഹെയ്‌ഡന്‍ ദയാദാക്ഷിണ്യമില്ലാതെയാണ്‌ കളിച്ചത്‌. സേവാഗിന്റെ ഒരു പന്ത്‌ ഗ്യാലറിയിലെത്തിച്ച്‌ അദ്ദേഹം തന്റെ ലക്ഷ്യം വ്യക്തമാക്കുകയും ചെയ്യവെ അമിത്‌ മിശ്ര ഹസിയെ പുറത്താക്കി. ഹസി പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പന്ത്‌ വന്നപ്പോള്‍ ബാറ്റില്‍ തട്ടി സ്ലിപ്പില്‍ ദ്രാവിഡിന്‌ ക്യാച്ച്‌.
തുടര്‍ന്നാണ്‌ ഇന്ത്യ ആഗ്രഹിച്ച വിക്കറ്റ്‌ വീണത്‌. ഹര്‍ഭജന്‍ വായൂവിലൂടെ മോഹിപ്പിച്ച്‌ നല്‍കിയ പന്ത്‌ ഹെയ്‌ഡന്റെ മുന്നില്‍ പിച്ച്‌ ചെയ്‌ത്‌ പാഡില്‍ പതിച്ചപ്പോള്‍ അമ്പയര്‍ക്ക്‌്‌ വിരല്‍ ഉയര്‍ത്താന്‍ ആലോചിക്കേണ്ടി വന്നില്ല. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ സച്ചിന്‌ നൂറാമത്‌ ക്യാച്ച്‌ നല്‍കി വിക്കറ്റ്‌ കീപ്പര്‍ ഹാദ്ദിന്‍ മിശ്രയുടെ പന്തില്‍ പുറത്തായി. ഷെയിന്‍ വാട്ട്‌സണെ ഹര്‍ഭജന്‍ പുറത്താക്കിയതോടെ മല്‍സരത്തില്‍ ഇന്ത്യന്‍ വിജയം എളുപ്പമായി.

ദാദ,ഗുഡ്‌ബൈ
നാഗ്‌പ്പൂര്‍: സൗരവ്‌ ദാദയെ ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനാവില്ല.... ഓസ്‌ട്രേലിയക്കെതിരെ രാജ്യത്തിന്‌ പരമ്പര സമ്മാനിക്കുന്നിതല്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ച കൊല്‍ക്കത്ത രാജകുമാരന്‍ രാജകീയമായി തന്നെ വിടവാങ്ങി. അവസാന ഇന്നിംഗ്‌സില്‍ ടീമിന്‌ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞിലെങ്കിലും മല്‍സരത്തിന്റെ അവസാന ദിനമായ ഇന്നലെ അല്‍പ്പസമയം ടീമിനെ നയിക്കാന്‍ ദാദക്ക്‌ അവസരം കിട്ടി. ഇന്ത്യ വിജയം ഉറപ്പാക്കിയ സമയത്ത്‌ മഹേന്ദ്രസിംഗ്‌ ധോണി ടീമിന്റെ ബാറ്റണ്‍ സൗരവിന്‌ കൈമാറിയപ്പോള്‍
ഫീല്‍ഡിലെ ആ ചുറുചുറക്ക്‌ ഒരിക്കല്‍കൂടി കണ്ടു. എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കി സജീവമാവുന്ന ആ പഴയ ദാദ. മിച്ചല്‍ ജോണ്‍സണെ വിക്കറ്റിന്‌ മുന്നില്‍ കുരുക്കി ഹര്‍ഭജന്‍ ഇന്ത്യന്‍ വിജയം ഉറപ്പിച്ച സമയത്ത്‌ സൗരവ്‌ ക്രീസിലേക്ക്‌്‌ ഓടിയെത്തി ധോണിയെ കെട്ടിപിടിച്ചു. 2001 ലെ പരമ്പരയില്‍ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച നായകന്‍, ഓസ്‌ട്രേലിയക്കാരുടെ അഹങ്കാരത്തിന്‌ മുന്നില്‍ ഇന്ത്യന്‍ കരുത്തിന്റെ മുദ്രാവാക്യം ഉയര്‍ത്തിയ ആ പഴയ ദാദ-ബാറ്റണ്‍ ധോണിക്ക്‌ കൈമാറി.
വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കൊന്നും സൗരവ്‌ ഇടം നല്‍കിയില്ല. ഹര്‍ഭജന്റെ തോളിലേറി അദ്ദേഹം സ്‌റ്റേഡിയം വലം വെച്ചു. ഭാര്യ ഡോണയും മകളും സ്‌റ്റേഡിയത്തിലുണ്ടായിരുന്നു.
വിദേശങ്ങളിലും ഇന്ത്യക്ക്‌്‌ വിജയം നേടാവുമെന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞതാണ്‌ ക്യാപ്‌റ്റന്‍ എന്ന നിലയില്‍ തനിക്ക്‌ ടീമിന്‌ സമ്മാനിക്കാന്‍ കഴിഞ്ഞ വലിയ നേട്ടമെന്ന്‌ ഇന്നലെ മല്‍സരശേഷം സംസാരിക്കവെ സൗരവ്‌ പറഞ്ഞു. സച്ചിന്‍, രാഹുല്‍, ലക്ഷ്‌മണ്‍, കുംബ്ലെ, സേവാഗ്‌, ഹര്‍ഭജന്‍ എന്നിവരെല്ലാം അവരുടെ കരുത്തിന്റെ ഉന്നതങ്ങളിലെത്തിയതാണ്‌ ക്യാപ്‌റ്റന്‍ എന്ന നിലയില്‍ തനിക്ക്‌ കരുത്ത്‌ കാട്ടാന്‍ വഴിയൊരുക്കിയത്‌. ക്യാപ്‌റ്റന്‍സി എന്നാല്‍ തീര്‍ച്ചയായും ഒരു മിന്നലാണ്‌. വലിയ തയ്യാറെടുപ്പോ, ഗൃഹപാഠമോ ഒന്നുമല്ല ക്യാപ്‌റ്റന്‍സിക്ക്‌ വേണ്ടത്‌. അല്‍പ്പം ഭാഗ്യമാണ്‌. അത്‌ ധോണിക്കുണ്ട്‌. നായകനാവുമ്പോള്‍ അല്‍പ്പം ഭാഗ്യം നിര്‍ബന്ധമാണ്‌. കളിക്കളത്തില്‍ അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്ന നിര്‍ബന്ധമൊന്നും ധോണിക്കില്ല. ടീം യോഗങ്ങളിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതല്ല ക്യാപ്‌റ്റന്റെ ജോലി- സമയാസമയം നല്ല തീരുമാനങ്ങളെടുക്കാന്‍ കഴിയണം. വിദേശങ്ങളില്‍ ഇന്ത്യ പോവുമ്പോള്‍ ധോണിയിലെ നായകന്‍ പരീക്ഷിക്കപ്പെടും. പക്ഷേ പരീക്ഷണങ്ങളെ അതിജയിക്കാന്‍ അദ്ദേഹത്തിനാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്നലെ മല്‍സരത്തിന്റെ അവസാനത്തില്‍ അഞ്ച്‌ ഓവറുകളില്‍ ടീമിനെ നയിക്കാന്‍ ധോണി എന്നോട്‌ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കാരണം അത്‌ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ക്യാപ്‌റ്റന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാം അവസാനിപ്പിച്ചിരുന്നു. ധോണി എന്നെ വീണ്ടും ഉണര്‍ത്തി. ആദ്യ ആറോ, എഴോ പന്തുകളില്‍ എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ എനിക്ക്‌ മനസ്സിലായില്ല. ഓസ്‌ട്രേലിയയുടെ ഒമ്പത്‌ വിക്കറ്റുകള്‍ നഷ്ടമായ സമയമായതിനാല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നില്ല.
ഓസ്‌ട്രേലിയയെ പോലെ ലോക ചാമ്പ്യന്മാരായ ടീമിനെ ഇത്ര ആധികാരികമായി തോല്‍പ്പിക്കാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമാണ്‌. ക്യാപ്‌റ്റന്‍ എന്ന നിലയില്‍ തന്റെ വലിയ നേട്ടമായി ഗാംഗുലി വിശേഷിപ്പിച്ചത്‌ 2001 ലെ ഓസ്‌ട്രേലിയക്കെതിരായ പരമ്പര നേട്ടവും 2003-04 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ 1-1 നേട്ടവുമാണ്‌. അവസാന ഇന്നിംഗ്‌സില്‍ പൂജ്യനായതില്‍ നിരാശയില്ലേ എന്ന്‌ ചോദിച്ചപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറിക്ക്‌്‌്‌ അരികെ പുറത്തായതാണ്‌ വലിയ നിരാശ സമ്മാനിച്ചതെന്നായിരുന്നു ദാദയുടെ മറുപടി.

റിക്കി
നാഗ്‌പ്പൂര്‍: ഓരോ പരമ്പരക്ക്‌ ശേഷവും ചിരിക്കാറുള്ള റിക്കി പോണ്ടിംഗിന്റെ മുഖത്ത്‌ ഇന്നലെ സങ്കടവും വേദനയുമെല്ലാമായിരുന്നു-തോറ്റതിലായിരുന്നില്ല അത്‌. അലന്‍ ബോര്‍ഡര്‍ ഉള്‍പ്പെടെയുളള ഓസീസ്‌ ക്രിക്കറ്റിലെ കരുത്തര്‌ തന്നെ വിമര്‍ശിച്ചതിലായിരുന്നു റിക്കിക്ക്‌ ദു:ഖം. നാഗ്‌പ്പൂര്‍ ടെസ്‌റ്റിന്റെ നാലാം ദിനം ഇന്ത്യ 6 ന്‌ 166 റണ്‍സ്‌ എന്ന നിലയില്‍ തകര്‍ന്നുനില്‍ക്കവെ തന്റെ ഫോമിലുള്ള സീമര്‍മാരെ ആക്രമണത്തില്‍ നിന്നും മാറ്റി പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍മാര്‍ക്ക്‌ അവസരം നല്‍കുക വഴി ഇന്ത്യക്ക്‌ മല്‍സരത്തിലേക്ക്‌ തിരിച്ചുവരാന്‍ പോണ്ടിംഗ്‌ അവസരം നല്‍കിയതാണ്‌ ഈ ടെസ്‌റ്റില്‍ ഓസീസ്‌ പരാജയത്തിന്‌ കാരണമായതെന്ന്‌ ബോര്‍ഡര്‍ പറഞ്ഞിരുന്നു. മല്‍സരത്തിന്റെ ആ സമയത്ത്‌ ഓസ്‌ട്രേലിയ ഓവര്‍ റേറ്റില്‍ വളരെ പിറകിലായിരന്നു. ഒമ്പത്‌ ഓവറുകളോളം പിറകില്‍ നില്‍ക്കുന്ന സമയമായതിനാല്‍ തനിക്‌ വന്നേക്കാവുന്ന സസ്‌പെന്‍ഷനെ ഭയന്നാണ്‌ റിക്കി പാര്‍ട്ട്‌ ടൈമര്‍മാരെ രംഗത്തിറക്കിയതെന്നാണ്‌ ബോര്‍ഡര്‍ പറഞ്ഞത്‌. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയന്‍ ബോര്‍ഡിലെ ചിലരും ഇതേ ആരോപണം ഉയര്‍ത്തിയിരുന്നു. സസ്‌പെന്‍ഷനില്‍ നിന്നും തനിക്ക്‌ രക്ഷ നേടാന്‍ ടീമിനെയാണ്‌ ബലിയാടാക്കിയതെന്ന ആരോപണമാണ്‌ ക്യാപ്‌റ്റനെ അതിയായി വേദനിപ്പിക്കുന്നത്‌.
ഇന്നലെ മല്‍സരശേഷം സംസാരിക്കവെ ഇന്ത്യന്‍ കരുത്തിനെ അദ്ദേഹം അംഗീകരിച്ചു. ഇന്ത്യ പരമ്പര അര്‍ഹിച്ചിരുന്നു. അര്‍ഹതക്കുളള അംഗീകാരമാണിത്‌. എന്നാല്‍ സത്യം പറയാമല്ലോ-എനിക്കെതിരായ ചിലരുടെ വിമര്‍ശനങ്ങളില്‍ വേദനയുണ്ട്‌. എന്നെ രക്ഷിക്കാനായിരുന്നില്ല ഞാന്‍ ശ്രമിച്ചത്‌. ആ സമയത്ത്‌ ഒരു ഭാഗത്ത്‌ ക്രെസ്‌ജയും മറൂഭാഗത്ത്‌ വൈറ്റുമാണ്‌ പന്തെറിഞ്ഞിരുന്നത്‌. ഞങ്ങളുടെ നിരയിലെ രണ്ട്‌ മികച്ച സ്‌പിന്നര്‍മാരാണ്‌ ഇവര്‍. മൈക്കല്‍ ക്ലാര്‍ക്കിന്‌ പന്തെറിയാന്‍ അപ്പോള്‍ കഴിയുമായിരുന്നില്ല. അദ്ദേഹം അല്‍പ്പസമയം ഗ്രൗണ്ടില്‍ ഇല്ലാതിരുന്നതിനാല്‍ ബൗളിംഗിന്‌ അനുവാദമുണ്ടായിരുന്നില്ല.
ടീമിനെ മറന്ന്‌ ഞാന്‍ സ്വന്തം താല്‍പ്പര്യം സംരക്ഷിച്ചു എന്ന്‌ പറയുന്നതിലെ വേദനയും മറക്കാനാവുന്നില്ല. എന്നെ അറിയുന്നവര്‍ക്കറിയാം എന്നിലെ ക്രിക്കറ്ററെ. ഒരിക്കലും എന്റെ താല്‍പ്പര്യങ്ങള്‍ക്ക്‌ ഞാന്‍ മുന്‍ഗണന നല്‍കാറില്ല. ക്രിക്കറ്റ്‌ സ്‌പിരിറ്റിനെ ഗൗരവമായി കാണണമെന്നാണ്‌ എല്ലാം ടീം യോഗങ്ങളിലും ഞാന്‍ പറയാറുളളത്‌. ഒരു ദിവസം 90 ഓവറുകള്‍ പന്തെറിയണം. ഈ നിബന്ധന പാലിക്കാത്തപക്ഷം അത്‌ ടീമിനെ ബാധിക്കും. ടീമിന്‌ വേണ്ടി സ്വയം സമര്‍പ്പിക്കുന്നവരെ വിമര്‍ശനങ്ങളിലൂടെ വേട്ടയാടുന്നത്‌ നിര്‍ത്തണമെന്നും പോണ്ടിംഗ്‌ പറഞ്ഞു.

ബഡാ ഭാരത്‌
വലിയ ഒരു പരമ്പരയാണ്‌ അവസാനിച്ചിരിക്കുന്നത്‌. ഇന്ത്യ എട്ട്‌ വര്‍ഷത്തിന്‌ ശേഷം ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി സ്വന്തമാക്കിയതിനൊപ്പം അനില്‍ കുംബ്ലെ, സൗരവ്‌ ഗാംഗുലി എന്നിവരുടെ വിടവാങ്ങല്‍, സച്ചിന്‍ ബ്രയന്‍ ലാറുയുടെ റെക്കോര്‍ഡ്‌ തകര്‍ത്തു, ഹര്‍ഭജന്‍സിംഗ്‌ മുന്നൂറ്‌ വിക്കറ്റ്‌ ക്ലബില്‍ അംഗമായി, ജാസോണ്‍ ക്രെസ്‌ജ എന്ന സ്‌പിന്നറുടെ അരങ്ങേറ്റം-അങ്ങനെ ഒരിക്കലും മറക്കാനാവത്ത പരമ്പര. ഈ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്‌ ഇഷാന്ത്‌ ശര്‍മയാണെങ്കിലും ഞാന്‍ തെരഞ്ഞെടുക്കന്ന പരമ്പരയിലെ കേമന്‍ മഹേന്ദ്രസിംഗ്‌ ധോണിയാണ്‌.
സൗരവ്‌ പറഞ്ഞത്‌ പോലെ, ടീം യോഗങ്ങളിലെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുകയല്ല ഒരു നായകന്റെ ജോലി. കടലാസെടുത്ത്‌ തന്ത്രങ്ങള്‍ കുത്തിക്കുറിച്ച്‌ അത്‌ നടപ്പിലാക്കുകയുമല്ല ഒരു നായകന്റെ കര്‍ത്തവ്യം. സമയോചിതമായ തീരുമാനങ്ങളെടുക്കാനുളള ധൈര്യവും ഒപ്പം അല്‍പ്പമധികം ഭാഗ്യവും വേണം. അത്‌ രണ്ടും ധോണിയിലുണ്ട്‌. മൊഹാലിയിലും നാഗ്‌പ്പൂരിലും അദേഹം ഇന്ത്യയെ നയിച്ചു. രണ്ട്‌ മല്‍സരവും വിജയിച്ചു. ബാംഗ്ലൂരിലും കോട്‌ലയിലും കുംബ്ലെയായിരുന്നു നായകന്‍-മല്‍സരങ്ങള്‍ സമനിലയിലായി. കുംബ്ലെ നല്ല നായകനായിരുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. കുംബ്ലെയിലെ ക്രിക്കറ്റര്‍ പരമ്പരാഗത വാദിയാണ്‌. മാറ്റത്തിന്‌ തയ്യാറല്ല കുംബ്ലെയുടെ മനസ്സ്‌. ധോണി പുതിയ തലമുറയുടെ പ്രതിനിധിയാണ്‌. മാറ്റത്തിനായി അദ്ദേഹം കാത്തുനില്‍ക്കുന്നില്ല. മാറ്റങ്ങള്‍ക്കായി അദ്ദേഹം ശ്രമിക്കുന്നു. നാഗ്‌പ്പൂര്‍ ടെസ്‌റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ബൗള്‍ ചെയ്യുമ്പോള്‍ പുതിയ പന്ത്‌ ഹര്‍ഭജന്‌ നല്‍കാനുളള ധോണിയുടെ തീരുമാനം തെറ്റായിരുന്നു. ആ തെറ്റ്‌ തിരുത്താന്‍ മൂന്നാം ദിവസം അദ്ദേഹത്തിനായി. പേസര്‍മാരെ കൊണ്ട്‌ തുടര്‍ച്ചയായി പന്തെറിയിച്ചചു. ഓഫ്‌ സൈഡില്‍ കെണിയൊരുക്കി റണ്‍വേട്ട അവസാനിപ്പിച്ചു. നാലാം ദിവസം ഇന്ത്യന്‍ മധ്യനിര തകര്‍ന്നപ്പോള്‍# വെറുതെ നങ്കൂരക്കാരനായില്ല. ആക്രമണത്തിലും ജാഗ്രത കാട്ടി. ഇന്നലെ അവസാന ദിനത്തില്‍ സേവാഗിന്റെ ഒരു പന്ത്‌ ഹെയ്‌ഡന്‍ ഗ്യാലറിയില്‍ എത്തിച്ചപ്പോള്‍ ഏതൊരു ക്യാപ്‌റ്റനും ആശങ്കയിലാവും. പക്ഷേ ധോണി വളരെ കൂളായിരുന്നു. ഹര്‍ഭജനെ പെട്ടെന്ന്‌ രംഗത്തിറക്കിയില്ല. പന്തിലെ മിനുസം പോയി, മൈതാനത്ത്‌ വെയില്‍ കത്തിയപ്പോള്‍ ഹര്‍ഭജനെ രംഗത്തിറക്കി. മല്‍സരത്തിന്റെ അവസാനത്തില്‍ ക്യാപ്‌റ്റന്‍സി ഗാംഗുലിക്ക്‌ കൈമാറി, കിരീടം ഏറ്റുവാങ്ങാന്‍ കുംബ്ലെയെ ക്ഷണിച്ചു. പരമ്പരക്കൊടുവിലുളള വാര്‍ത്താസമ്മേളനത്തില്‍ നായകനാണ്‌ സംസാരിക്കാന്‍ വരുക. ധോണി സൗരവിന്‌ അവസരം നല്‍കി.
റിക്കി പോണ്ടിംഗ്‌ പരമ്പരയിലെ പല വേളയിലും ധോണിയെ പ്രകോപിതനാക്കാന്‍ ശ്രമിച്ചു. പക്ഷേ വീണില്ല അദ്ദേഹം. ഇനി ഇംഗ്ലണ്ടിനെതിരായ ഏഴ്‌ ഏകദിനങ്ങളും രണ്ട്‌ ടെസ്റ്റും-ധോണിയിലെ നായകന്‌ വിശ്രമമില്ല.

ധോണി 100 ല്‍ 100
നാഗ്‌പ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം സുനില്‍ ഗവാസ്‌ക്കറും ഓസീസ്‌ ഇതിഹാസം അലന്‍ ബോര്‍ഡറും ഇന്നലെ ജംതയിലെ പുതിയ സ്‌റ്റേഡിയത്തില്‍ സന്നിഹിതരായിരുന്നു. സ്വന്തം പേരുകളില്‍ അറിയപ്പെടുന്ന കിരീടം ഇന്ത്യക്ക്‌ സമ്മാനിക്കാനെത്തിയ ഇവരില്‍ നിന്നും കപ്പ്‌ സ്വന്തമാക്കിയത്‌ രണ്ട്‌ പേര്‍. ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണിയും മുന്‍ നായകന്‍ അനില്‍ കുംബ്ലെയും. മൊഹാലിയിലും നാഗ്‌പ്പൂരിലും ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച ധോണി കപ്പ്‌ ഏറ്റുവാങ്ങിയ ഉടന്‍ അത്‌ കുംബ്ലെക്ക്‌ സമ്മാനിച്ചു. പരമ്പരയുടെ നായകനായി സെലക്ഷന്‍ സമിതി നിശ്ചയിച്ചത്‌ അനില്‍ കുംബ്ലെയായിരുന്നു. എന്നാല്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെ പരുക്കുമായി കുംബ്ലെ കളത്തിനോട്‌ വിടപറഞ്ഞപ്പോള്‍ നായകസ്ഥാനം ധോണിക്കായിരുന്നു. നാഗ്‌പ്പൂര്‍ ടെസ്റ്റിന്റെ അവസാനത്തില്‍ ധോണിയുടെ ദീര്‍ഘവീക്ഷണം വീണ്ടും കണ്ടു-ടീമിന്റെ നിയന്ത്രണം അദ്ദേഹം സൗരവ്‌ ഗാംഗുലിക്ക്‌ കൈമാറി. ഇന്ത്യക്ക്‌ ഏറ്റവുമധികം ടെസ്‌റ്റ്‌ വിജയങ്ങള്‍ സമ്മാനിച്ച നായകനായിരുന്നു അവസാന ഓവറുകളില്‍ ഫീല്‍ഡിംഗ്‌ ക്രമീകരിച്ചത്‌. ധോണി ഇതിനകം മൂന്ന്‌ ടെസ്‌റ്റുകളല്‍ ഇന്ത്യയെ നയിച്ചു-മൂന്നിലും വിജയം. നൂറില്‍ നൂറ്‌ ശതമാനം റെക്കോര്‍ഡ്‌

കരുത്തര്‍ മുന്നില്‍
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളില്‍ വമ്പന്മാര്‍ തന്നെ മുന്നില്‍. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ 29 പോയന്റുമായി ചെല്‍സിയും ലിവര്‍പൂളും ആദ്യ സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ മാഞ്ചസ്‌്‌റ്ററിനെ പരാജയപ്പെടുത്തിയ ആഴ്‌സനല്‍ 23 പോയന്റുമായി മൂന്നാമതാണ്‌. പത്ത്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത നിക്കോളാസ്‌ അനേല്‍ക്കയാണ്‌ ടോപ്‌ സ്‌്‌ക്കോറര്‍ പട്ടികയില്‍. ഫ്രാന്‍സിലും നിലയില്‍ മാറ്റമില്ല. ലിയോണും മാര്‍സലിയും ബോറോഡോക്‌സും ആദ്യ മൂന്നില്‍ വരുന്നു. സ്‌പെയിനില്‍ വല്ലഡോളിഡിനെ ആറ്‌ ഗോളിന്‌ തരിപ്പണമാക്കിയ ബാര്‍സിലോണ 25 പോയന്റുമായി ഒന്നാമതാണ്‌. വില്ലാ റയല്‍ (24), വലന്‍സിയ (23) എന്നിവരാണ്‌ അടുത്ത സ്ഥാനങ്ങളില്‍. ജര്‍മനിയില്‍ ബയര്‍ ലെവര്‍കൂസണ്‍ (25), ഹോഫന്‍ഹൈം (25), ബയേണ്‍ മ്യൂണിച്ച്‌ (24) എന്നിവരാണ്‌ മുന്നില്‍. ഇറ്റലിയില്‍ ഇന്റര്‍ മിലാന്‍ (24), ഏ.സി മിലാന്‍ (23), നാപ്പോളി (23 ) എന്നിവര്‍ ലീഡില്‍ തുടരുന്നു.

No comments: