Thursday, November 20, 2008

VICTORY NO 3


വിക്ടറി നമ്പര്‍ 3
കാണ്‍പ്പൂര്‍: ഹീറോ ഹോണ്ട കപ്പ്‌ ഏകദിന പരമ്പരയില്‍ ആദ്യമായി ഇംഗ്ലണ്ട്‌ ഇന്ത്യക്കൊപ്പം പിടിച്ചുനിന്നു-പക്ഷേ കാലാവസ്ഥക്ക്‌ മുന്നില്‍ കെവിന്‍ പീറ്റേഴ്‌സന്റെ സംഘം തല താഴ്‌ത്തി. വെളിച്ചക്കുറവ്‌ കാരണം അപൂര്‍ണ്ണമായ മല്‍സരത്തില്‍ ഡെക്ക്‌ വര്‍ത്ത്‌ -ലൂയിസ്‌ നിയമത്തിന്റെ പിന്‍ബലത്തില്‍ 16 റണ്‍സിന്റെ വിജയവുമായി ഇന്ത്യ പരമ്പരയില്‍ 3-0 ലീഡ്‌ സ്വന്തമാക്കി. വെളിച്ചക്കുറവ്‌ കാരണം കളി നിര്‍ത്തിവെക്കാന്‍ അമ്പയര്‍മാര്‍ തീരുമാനമെടുക്കുമ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ നാല്‍്‌പത്‌ ഓവര്‍ മാത്രമാണ്‌ പിന്നിട്ടിരുന്നത്‌. പക്ഷേ കളി തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവാദ നിയമം നടപ്പിലാക്കിയപ്പോള്‍ ഇംഗ്ലണ്ടിനേക്കാള്‍ മെച്ചപ്പെട്ട റണ്‍ ശരാശരി ഇന്ത്യയെ തുണച്ചു.
ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ നല്ല തുടക്കത്തിന്‌ ശേഷം 49 ഓവറില്‍ 240 റണ്‍സിന്‌ പുറത്തായപ്പോള്‍ ഇന്ത്യ നാല്‍പ്പത്‌ ഓവറില്‍ അഞ്ച്‌ വിക്കറ്റിന്‌ 198 റണ്‍സ്‌ എന്ന നിലയിലെത്തിയപ്പോഴാണ്‌ വെളിച്ചക്കുറവ്‌ വില്ലനായത്‌.
രാവിലെ മുതല്‍ തന്നെ മൂടിയ സാഹചര്യമായിരുന്ന. മൂടല്‍മഞ്ഞ്‌ കാരണം രാവിലെ 8-30 ന്‌ ഉദ്ദേശിച്ചിരുന്ന ടോസ്‌ 45 മിനുട്ട്‌ വൈകിയാണ്‌ നടത്തിയത്‌. ടോസ്‌ വൈകിയത്‌ കാരണം മല്‍സരം 49 ഓവറാക്കുകയും ചെയ്‌തു. പക്ഷേ ലഞ്ച്‌ സമയം കുറക്കാന്‍ മാച്ച്‌ റഫറി തയ്യാറായില്ല. ഇത്‌ കാരണമാണ്‌ മല്‍സരം അപൂര്‍ണ്ണമായത്‌. മല്‍സരം നിര്‍ത്തിവെക്കുമ്പോള്‍ രണ്ട്‌ ടീമുകള്‍ക്കും തുല്യസാധ്യതയായിരുന്നു. ഇന്ത്യക്ക്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്ടമായപ്പോള്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയും യൂസഫ്‌ പത്താനുമായിരുന്നു ക്രീസില്‍. ഇവരില്‍ ഒരാള്‍ പുറത്തായാല്‍ എത്താനുളളത്‌ വാലറ്റമായിരുന്നു. പീറ്റേഴ്‌സന്റെ പ്രതീക്ഷയും ഇതായിരുന്നു. ഇന്ത്യയാവട്ടെ ധോണിയും കൂറ്റനടിക്കാരനായ യൂസഫും ക്രീസിലുളളതിനാല്‍ ആശങ്കയിലായിരുന്നില്ല. മല്‍സരം ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങവെയാണ്‌ കളി നിര്‍ത്താന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരായത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ടിന്‌ രവി ബോപ്പാരയും ഇയാന്‍ ബെല്ലും തകര്‍പ്പന്‍ തുടക്കമാണ്‌ നല്‍കിയത്‌. മൂടികെട്ടി നിന്ന അന്തരീക്ഷത്തില്‍ ഇരുവരും ഇന്ത്യന്‍ പേസര്‍മാരെ സധൈര്യം നേരിട്ടു.സഹീര്‍ഖാനൊപ്പം മുനാഫ്‌ പട്ടേലാണ്‌ പുതിയ പന്തെടുത്തത്‌. പരുക്കില്‍ നിന്ന്‌ മോചിതനായി ഡല്‍ഹിക്കാരന്‍ ഇഷാന്ത്‌ ശര്‍മ്മ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഉത്തര്‍പ്രദേശുകാരനായ ആര്‍.പി സിംഗിന്‌ പുറത്തിരിക്കേണ്ടി വന്നു. എന്നാല്‍ പരമ്പരയില്‍ ഇതാദ്യമായി കളിക്കുന്ന ഇഷാന്തിന്‌ പ്രതീക്ഷിക്കപ്പെട്ട സപ്പോര്‍ട്ട്‌ രാവിലെ പിച്ചില്‍ നിന്ന്‌ ലഭിച്ചില്ല. മികച്ച റണ്‍ശരാശരി നിലനിര്‍ത്തി ആദ്യ വിക്കറ്റില്‍ ബെല്‍-ബോപ്പാര സഖ്യം 79 റണ്‍സാണ്‌ നേടിയത്‌. അര്‍ദ്ധ സെഞ്ച്വറിക്ക്‌ നാല്‌്‌ റണ്‍ അരികെ ബെല്ലിനെ മുനാഫ്‌ പുറത്താക്കിയത്‌ മല്‍സരത്തിലേക്ക്‌ തിരിച്ചുവരാന്‍ ഇന്ത്യക്‌ അവസരമേകി. മൂന്നാം നമ്പറില്‍ ഇത്തവണ ഒവൈസ്‌ ഷാക്ക്‌ പകരം ഇംഗ്ലീഷ്‌ നിരയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനായ പീറ്റേഴ്‌സണ്‍ തന്നെയെത്തി. ഈ സമയം രണ്ട്‌ ഭാഗത്തും ധോണി സ്‌പിന്നര്‍മാരാ സിംഗ്‌ ജോഡികളെ ഇറക്കി. യുവരാജ്‌ സിംഗും ഹര്‍ഭജന്‍സിംഗും റണ്‍സ്‌ നല്‍കുന്നതില്‍ പിശുക്കും കാട്ടി. യുവരാജിന്റെ പന്ത്‌ ഗ്യാലറിയില്‍ എത്തിക്കുന്നതില്‍ വിജയിച്ച ഇംഗ്ലീഷ്‌ ക്യാപ്‌റ്റനെ പക്ഷേ ഹര്‍ഭജന്‍ 13 ല്‍ പുറത്താക്കി. ഹര്‍ഭജന്റെ ഏറ്റവും മികച്ച പന്ത്‌ പോള്‍ കോളിംഗ്‌വുഡിനെതിരെയായിരുന്നു. മോഹിപ്പിച്ച ദൂസ്‌രയില്‍ കോളിംഗ്‌വുഡ്‌ മുന്നോട്ട്‌ കയറി. പന്ത്‌ ബാറ്റിനെയും പാഡിനെയും കബളിപ്പിച്ച്‌ ധോണിയുടെ ഗ്ലൗസില്‍ കുടുങ്ങുമ്പോള്‍ കോളിംഗ്‌വുഡ്‌ ക്രീസിലുണ്ടായിരുന്നില്ല. കോളിംഗ്വുഡ്‌ മൂന്നാമനായി പുറത്താവുമ്പോഴും ഇംഗ്ലീഷ്‌ പ്രതീക്ഷകള്‍ക്ക്‌ ജീവനുണ്ടായിരുന്നു.
ഏകദിന ക്രിക്കറ്റിലെ തന്റെ നാലാമത്‌ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ബോപ്പാര 60 റണ്‍സില്‍ മടങ്ങിയപ്പോള്‍ ഇന്നിംഗ്‌സിന്റെ ചുമതല സീനിയര്‍ താരമായ ഫ്‌ളിന്റോഫിനായി. സ്‌പിന്നര്‍മാരെ നേരിടുന്നതിലുളള പ്രയാസം ഒരിക്കല്‍കൂടി പ്രകടിപ്പച്ച്‌ ഫ്രെഡ്ഡി യൂസഫിന്‌ മുന്നില്‍ തലകുനിച്ചു. പിന്നെയെല്ലാം പെട്ടെന്ന്‌ അവസാനിച്ചു. നല്ല തുടക്കത്തിന്‌ ശേഷം ബാറ്റിംഗ്‌ ട്രാക്കില്‍ സ്വന്തമാക്കാനായ 240 റണ്‍സ്‌ ഫോമില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മുന്നില്‍ വിലപ്പോവില്ല എന്ന സത്യത്തില്‍ സ്വന്തം ബൗളര്‍മാരില്‍ നിന്നും വലിയ പ്രകടനമാണ്‌ കെ.പി പ്രതീക്ഷിച്ചത്‌.
കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളിലും അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കിയ ഗാംഭീര്‍ 14 ല്‍ നില്‍ക്കവെ ഫ്‌ളിന്റോഫിനെ പ്രഹരിക്കാനുളള ശ്രമത്തില്‍ പുറത്തായപ്പോള്‍ ഇംഗ്ലീഷ്‌ ക്യാമ്പിന്‌ ആശ്വാസമായി. പിറകെ സുരേഷ്‌ റൈനയും വീണു. രോഹിത്‌ ശര്‍്‌മയും സേവാഗും ചേര്‍ന്ന്‌ ഇന്നിംഗ്‌സിന്‌ ദിശാബോധം നല്‍കിയത്‌ ഇന്ത്യക്ക്‌ കാര്യങ്ങള്‍ അനുകൂലമാക്കി. രണ്ട്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നിലംപതിച്ചതിനാല്‍ പതിവ്‌ കരുത്തില്‍ പന്തിനെ പ്രഹരിക്കാന്‍ സേവാഗ്‌ മുതിര്‍ന്നില്ല. ഇംഗ്ലീഷ്‌ സ്‌പിന്നര്‍ സമിത്‌ പട്ടേലിന്റെ പന്തില്‍ നിന്നും രക്ഷപ്പെട്ട ശേഷം അര്‍ദ്ധശതകം പിന്നിട്ട വീരു ഇരുപത്തിയാറാം ഓവറില്‍ പുറത്തായി. പകരമെത്തിയ യുവരാജ്‌ സിംഗിനെതിരെ പ്രത്യേക തന്ത്രങ്ങളൊന്നും ഇംഗ്ലണ്ടിനുണ്ടായിരുന്നില്ല. രാജ്‌ക്കോട്ടിലും ഇന്‍ഡോറിലും ഇംഗ്ലീഷ്‌ ബൗളിംഗിനെ പിച്ചിചീന്തിയ യുവരാജ്‌ അതേ ശൈലി തന്നെയാണ്‌ തുടര്‍ന്നത്‌. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയവരായ സഹീര്‍ അബാസ്‌, സയദ്‌ അന്‍വര്‍, ഹര്‍ഷല്‍ ഗിബ്‌സ്‌ എന്നിവരുടെ പിന്‍മുറക്കാരാനാവാന്‍ കൊതിച്ച യുവി പക്ഷേ ഫ്രെഡ്ഡിയുടെ തുറിച്ചുനോട്ടത്തില്‍ പതറി. കണ്ണുകള്‍ കൊണ്ടുളള മല്‍സരത്തിനിടെ പന്തിനെ പ്രഹരിച്ച യുവിയെ ഫീല്‍ഡര്‍ പിടികൂടി. ധോണിയും യൂസഫും കളിക്കുമ്പോള്‍ വെളിച്ചക്കുറവുണ്ടായിരുന്നു. പക്ഷേ ഇന്ത്യക്ക്‌ ഭയപ്പെടാനുണ്ടായിരുന്നില്ല റണ്‍റേറ്റില്‍ ഇന്ത്യ തന്നെയായിരുന്നു മുന്നില്‍.
അടുത്ത മല്‍സരം ഞായറാഴ്‌ച്ച ബാംഗ്ലൂരില്‍ ഡേ നൈറ്റ്‌.

സ്‌ക്കോര്‍ബോര്‍ഡ്‌
ഇംഗ്ലണ്ട്‌: ബോപ്പാര-സ്‌റ്റംമ്പ്‌ഡ്‌ ധോണി-ബി-യുവരാജ്‌-60, ബെല്‍-സി-ധോണി-ബി-മുനാഫ്‌-46, പീറ്റേഴ്‌സണ്‍-സി-സഹീര്‍-ബി-ഹര്‍ഭജന്‍-13, കോളിംഗ്‌വുഡ്‌-സ്‌റ്റംമ്പ്‌ഡ്‌ ധോണി-ബി-ഹര്‍ഭജന്‍-1, ഫ്‌ളിന്‍ോഫ്‌ -എല്‍.ബി.ഡബ്ല്യൂ-ബി-യുസഫ്‌-26, ഒവൈസ്‌ ഷാ-സി-സഹീര്‍-ബി-ഹര്‍ഭജന്‍-40, സമിത്‌ പട്ടേല്‍-സി-റൈന-ബി-ഇഷാന്ത്‌-26, പ്രയന്‍-സി-റൈന-ബി-ഇഷാന്ത്‌-5, ബ്രോഡ്‌-സി-ധോണി-ബി-സഹീര്‍-0,സ്വാന്‍-നോട്ടൗട്ട്‌-5, ആന്‍ഡേഴ്‌സണ്‍-ബി-മുനാഫ്‌-1, എക്‌സ്‌ട്രാസ്‌ 17, ആകെ 48.4 ഓവറില്‍ 240. വിക്കറ്റ്‌ പതനം: 1-79 (ബെല്‍), 2-102 (പീറ്റേഴ്‌സണ്‍), 3-106 (കോളിംഗ്‌വുഡ്‌), 4-133 (ബോപ്പാര), 5-167 (ഫ്‌ളിന്റോ
ഫ്‌), 6-203 (ഷാ), 7-231 (പട്ടേല്‍), 8-231 (പ്രയര്‍), 9-235 (ബ്രോഡ്‌), 10-240 (ആന്‍ഡേഴ്‌്‌സണ്‍) ബൗളിംഗ്‌: സഹീര്‍ 10-0-45-1, മുനാഫ്‌ 6.4-0-36-2, ഇഷാന്ത്‌ 9-0-60-2, യുവരാജ്‌ 10-0-54-1, ഹര്‍ഭജന്‍ 10-2-31-3, യൂസഫ്‌ 2-0-7-1, സേവാഗ്‌ 1-0-4-0.
ഇന്ത്യ: ഗാംഭീര്‍-സി-ബ്രോഡ്‌-ബി-ഫ്‌ളിന്റോഫ്‌, സേവാഗ്‌-സി-കോളിംഗ്‌വുഡ്‌-ബി-ഫ്‌ളിന്റോഫ്‌-68, റൈന-ബി-ബ്രോഡ്‌-1, രോഹിത്‌-സി-പ്രയര്‍-ബി-സ്വാന്‍-28, യുവരാജ്‌-സി-ബ്രോഡ്‌-ബി-ഫ്‌ളിന്റോഫ്‌-38, ധോണി-നോട്ടൗട്ട്‌-29, യൂസഫ്‌-നോട്ടൗട്ട്‌-12. എക്‌സ്‌ട്രാസ്‌ -8. ആകെ നാല്‍പ്പത്‌ ഓവറില്‍ അഞ്ചിന്‌്‌ 198. വിക്കറ്റ്‌്‌ പതനം: 1-31 (ഗാംഭീര്‍), 2-34 (റൈന), 3-107 (രോഹിത്‌), 4-125 (സേവാഗ്‌), 5-177 (യുവി). ബൗളിംഗ്‌: ആന്‍ഡേഴ്‌്‌സണ്‍ 6-0-47-0, ബ്രോഡ്‌ 9-2-36-1, ഫ്‌ളിന്റോഫ്‌ 9-0-31-3, സ്വാന്‍ 10-0-47-1,പട്ടേല്‍ 3-0-18-0, പീറ്റേഴ്‌സണ്‍ 3-0-14-0.

തേര്‍ഡ്‌ ഐ
രാജ്‌ക്കോട്ടില്‍ നിന്ന്‌ ഇന്‍ഡോര്‍ വഴി കാണ്‍പ്പൂരിലൈത്തിയപ്പോള്‍ ഇംഗ്ലണ്ട്‌ മെച്ചപ്പെട്ടുവരുന്നുണ്ട്‌. പക്ഷേ ഇന്ത്യയെ പോലെ ഒരു ടീമിനെ സ്വന്തം നാട്ടില്‍ തോല്‍പ്പിക്കാന്‍ ഈ മിടുക്ക്‌ പോര. രാജ്‌ക്കോട്ടില്‍ 158 റണ്‍സിന്‌ വലിയ തോല്‍വിയാണ്‌ രുചിച്ചതെങ്കില്‍ ഇന്‍ഡോറില്‍ അത്‌ 58 റണ്‍സായി കുറഞ്ഞു. കാണ്‍പ്പൂരില്‍ ഇന്നലെ ഇന്ത്യക്കൊപ്പം നില്‍ക്കാന്‍ ടീമിനായി. പക്ഷേ റണ്‍ശരാശരിയില്‍ പിറകിലായി. സ്‌പിന്നര്‍മാരുടെ കരുത്താണ്‌ അന്തിമാവലോകനത്തില്‍ ഇന്ത്യക്ക്‌ തുണയായത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ നല്ല തുട
്‌ക്കത്തിന്‌ ശേഷം മികച്ച റണ്‍നിരക്കില്‍ കുതിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക്‌ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടു. ഇന്ത്യക്കായി 23 ഓവറുകളാണ്‌ സ്‌പിന്നര്‍മാര്‍ പന്തെറിഞ്ഞത്‌ യുവരാജും ഹര്‍ഭജനും പത്ത്‌ വീതം ഓവറുകള്‍ എറിഞ്ഞപ്പോള്‍ യൂസഫും സേവാഗും മൂന്ന്‌ ഓവറുകളെറിഞ്ഞു. ഈ 23 ഓവറുകളിലായി ആകെ പിറന്നത്‌ 96 റണ്‍സാണ്‌. ഇവിടെയാണ്‌ മാറ്റം. കെവിന്‍ പീറ്റേഴ്‌സണ്‍, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, പോള്‍ കോളിംഗ്‌ വുഡ്‌ തുടങ്ങിയ കൂറ്റനടിക്കാരായ ബാറ്റ്‌സ്‌മാന്മാരുണ്ടായിട്ടും അവര്‍ക്ക്‌ സ്ലോ ബൗളര്‍മാരെ നേരിടാന്‍ കഴിയുന്നല്ല. സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ്‌ ഹര്‍ഭജന്‍ നടത്തിയത്‌. 31 റണ്‍സ്‌ മാത്രം നല്‍കിയാണ്‌ അദ്ദേഹം മൂന്ന്‌ വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്‌ത്തിയത്‌. മധ്യനിരയിലെ കരുത്തരായ പീറ്റേഴ്‌സണ്‍, കോളിംഗ്‌വുഡ്‌, ഒവൈസ്‌ ഷാ എന്നിവരാണ്‌ ഹര്‍ഭജന്റെ ദൂസ്‌രകള്‍ക്കും ഗൂഗ്ലികള്‍ക്കും മുന്നില്‍ പതറിയത്‌. ഫ്‌ളിന്റോഫ്‌ സ്‌പിന്നിനെ ഫലപ്രദമായി നേരിടുന്നതില്‍ പരാജയമാണ്‌. യൂസഫിന്‌ അദ്ദേഹം ബലിയാടായി. അതേ സമയം ഇംഗ്ലീഷ്‌ നിരയില്‍ സ്വാനും സമിതും പീറ്റേഴ്‌സണുമായി 16 ഓവറുകള്‍ സ്‌പിന്നര്‍മാര്‍ രംഗത്ത്‌ വന്നു. ഇവര്‍ അധികം റണ്‍സ്‌ നല്‍കിയിരുന്നില്ല. പക്ഷേ വിക്കറ്റുകള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. ഫ്‌ളിന്റോഫ്‌ എന്‌ സീമറാണ്‌ മൂന്ന്‌ വിക്കറ്റുമായി ടീമിനെ മല്‍സരത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌.
ഇത്‌ വരെ നടന്നതെല്ലാം പകല്‍ മല്‍സരങ്ങളായിരുന്നു. ഇനി ബാംഗ്ലൂരില്‍ പകല്‍ രാത്രി മല്‍സരമാണ്‌. നല്ല മഞ്ഞ്‌്‌ വീഴ്‌ച്ച ഇപ്പോള്‍ തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്‌. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി വെളിച്ചത്തില്‍ കളിക്കുമ്പോള്‍ സ്വാഭാവിക സമ്മര്‍ദ്ദം ഇംഗ്ലണ്ടിലുണ്ടാവും. ഏഴ്‌ മല്‍സര പരമ്പരയില്‍ നാലാം മല്‍സരവും ഇന്ത്യ ജയിച്ചാല്‍ പിന്നെ പരമ്പര തന്നെ വിരസമാവും.
തിരിച്ചുവരാന്‍ വേണ്ട ഊര്‍ജ്ജമില്ലാത്ത ഇംഗ്ലണ്ടിന്‌ കൂടുതല്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ അവരുടെ നിരയിലെ ഇരട്ട കരുത്തര്‍ അല്‍ഭുതങ്ങള്‍ കാണിക്കണം.

മല്‍സരഫലങ്ങള്‍
ബ്രസില്‍ 6-പോര്‍ച്ചുഗല്‍ 2, കൊളംബിയ 1- നൈജീരിയ 0, വെനിസ്വേല 0- അംഗോള 0, ഓസ്‌ട്രിയ 2- തുര്‍ക്കി 4, അസര്‍ ബെയ്‌ജാന്‍ 1-അല്‍ബേനിയ 1, സൈപ്രസ്‌ 2-ബെലാറൂസ്‌ 1, ഡെന്മാര്‍ക്ക്‌ 0-വെയില്‍സ്‌ 1, ഈജിപ്‌ത്‌ 5- ബെനിന്‍ 1, ഫ്രാന്‍സ്‌ 0- ഉറുഗ്വേ 0, ജര്‍മനി 1, ഇംഗ്ലണ്ട്‌്‌ 2, ഗ്രീസ്‌ 1- ഇറ്റലി 1, ഹോളണ്ട്‌ 3-സ്വീഡന്‍ 1, ഇസ്രാഈല്‍ 2-ഐവറി കോസ്‌റ്റ്‌ 2, ലക്‌സംബര്‍ഗ്ഗ്‌ 1-ബെല്‍ജിയം 1, മാള്‍ട്ട 0-ഐസ്‌ലാന്‍ഡ്‌ 1, മോള്‍ദോവ 1-ലിത്വാനിയ 1, മോണ്ടിനിഗ്രോ 1-മാസിഡോണിയ 1, മൊറോക്കോ 3-സാംബിയ 0, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌ 0-ഹംഗറി 2, റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌ 2-പോളണ്ട്‌ 3, റൂമേനിയ 2-ജോര്‍ജ്ജിയ 1, സ്‌ക്കോട്ട്‌ലാന്‍ഡ്‌ 0- അര്‍ജന്റീന 1, സെര്‍ബിയ 6-ബള്‍ഗേറിയ 1, സ്ലോവാക്യ 4-ലൈഞ്ചസ്‌റ്റിന്‍ 0, സ്ലോവേനിയ 3-ബോസ്‌നിയ 4, ദക്ഷിണാഫ്രിക്ക 3-കാമറൂണ്‍ 2, സ്‌പെയിന്‍ 3-ചിലി 0,സ്വിറ്റ്‌സര്‍ലാന്‍ഡ്‌ 1-ഫിന്‍ലാന്‍ഡ്‌ 0, ഉക്രൈന്‍ 1-നോര്‍വെ 0.

വെല്‍ഡണ്‍ ഡിയാഗോ
ലണ്ടന്‍: ആദ്യ പരീക്ഷണത്തില്‍ വജയം ഡിയാഗോ മറഡോണക്ക്‌... ഫുട്‌ബോള്‍ ഇതിഹാസം കോച്ചിന്റെ രൂപത്തില്‍ വന്ന ആദ്യ മല്‍സരത്തില്‍ അര്‍ജന്റീന ഒരു ഗോളിന്‌്‌ സ്‌ക്കോട്ട്‌ലാന്‍ഡിനെ വീഴ്‌ത്തി. മൂന്ന്‌ വന്‍കരകളിലായി നടന്ന വിവിധ സൗഹൃദ മല്‍സരങ്ങളില്‍ ലോക ചാമ്പ്യന്മാരായ ഇറ്ററലി ഗ്രീസിനെ 1-1 ല്‍ നിര്‍ത്തിയപ്പോള്‍, ഫ്രാന്‍സിനെ ഉറുഗ്വേ ഗോള്‍രഹിത സമനിലയില്‍ തളച്ചു. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ലാറ്റിനമേരിക്കന്‍ അട്ടിമറിക്കാരായ ചിലിയെ മൂന്ന്‌ ഗോളിന്‌ തരിപ്പണമാക്കിയപ്പോള്‍ ഫാബിയോ കാപ്പലോയുടെ ഇംഗ്ലണ്ട്‌ ഏഴ്‌ പ്രമുഖരായ താരങ്ങളെ കൂടാതെ കളിച്ചിട്ടും 2-1ന്‌ ജര്‍മനിയെ മുക്കി. സെര്‍ബിയയാണ്‌ ഇന്നലെ വലിയ വിജയം ആഘോഷിച്ചത്‌. ബള്‍ഗേറിയയുടെ വലയില്‍ അവര്‍ ആറ്‌ ഗോളുകള്‍ നിറച്ചപ്പോള്‍ ബോസ്‌നിയ ഹെര്‍സഗോവീന 4-3ന്‌ സ്ലോവേനിയയെ വീഴ്‌ത്തി. ബ്രസീല്‍ കരുത്തരായ പോര്‍ച്ചുഗലിനെ 6-2ന്‌ തരിപ്പണമാക്കി സ്വന്തം കരുത്ത്‌ മാത്രമല്ല കോച്ച്‌ ഡുംഗെയടെ ആയുസ്സും നീട്ടിയെടുത്തു. ഓസ്‌ട്രിയ ചെലുത്തിയ വെല്ലുവിളികളെ അതിജയിച്ച തുര്‍ക്കി 2-4ന്‌ വിജയം വരിച്ചപ്പോള്‍ യൂറോപ്പില്‍ നടന്ന ലോകകപ്പ്‌്‌ യോഗ്യതാ അങ്കത്തില്‍ ചെക്ക്‌ റിപ്പബ്ലിക്കുകാര്‍ മൂന്ന്‌ ഗോളിന്‌ സാന്‍മറീനോയെ പരാജയപ്പെടുത്തി യൂറോപ്യന്‍ ഗ്രൂപ്പ്‌ മൂന്നില്‍ രണ്ടാം സ്ഥാനത്തെത്തി.
ഗ്ലാസ്‌ക്കോയില ഹംദാന്‍ പാര്‍ക്കില്‍ മറഡോണയുടെ പരിശീലക അരങ്ങേറ്റമായിരുന്നു സോക്കര്‍ ലോകം ഉറ്റുനോക്കിയത്‌. ദീര്‍ഘകാലം രാജ്യത്തിനായി പോരാടിയ മഹാനായ താരം കോച്ചായി വരുന്ന കാഴ്‌ച്ച നേരില്‍ ആസ്വദിക്കാന്‍ സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. ലയണല്‍ മെസി, സെര്‍ജി അഗ്വിറോാ, ജുവാന്‍ റോമന്‍ റിക്കല്‍മെ തുടങ്ങിയ പ്രമുഖര്‍ അര്‍ജന്റീനിയന്‍ നിരയിലുണ്ടായിരുന്നില്ല. പക്ഷേ മറഡോണയെന്ന കോച്ചുണ്ടായിരുന്നതിനാല്‍ കളത്തിലെ താരങ്ങളെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത്‌ ബെഞ്ചിലിരുന്ന കോച്ചായിരുന്നു. ആധികാരിക പ്രകടനമാണ്‌ അര്‍ജന്റീന നടത്തിയത്‌. സ്‌ക്കോട്ടിഷ്‌ താരങ്ങള്‍ അച്ചടക്കത്തോടെ കളിച്ചപ്പോള്‍ കളിക്കളത്തില്‍ പ്രശ്‌നങ്ങല്‍ ഉണ്ടായിരുന്നല്ല. കാര്‍ലോസ്‌ ടെവസിന്റെ ക്രോസില്‍ നിന്ന്‌ അത്‌ലറ്റികോ മാഡ്രിഡിന്റെ താരം മാക്‌സി റോഡ്രിഗസാണ്‌ അര്‍ജന്റീനയുടെ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌.
ജര്‍മനിക്ക്‌ മുന്നല്‍ ഇംഗ്ലണ്ട്‌ ആക്രമണ സോക്കര്‍ നടത്തിയാണ്‌ വിജയം വരിച്ചത്‌. മാത്യൂ അപ്‌സണ്‍, ക്യാപ്‌റ്റന്‍ ജോണ്‍ ടെറി എന്നിവരാണ്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. കാപ്പലോക്ക്‌ അഭിമാനികാന്‍ ഏറെയുണ്ട്‌ മല്‍സരത്തില്‍. മുന്‍നിരക്കാരായ വെയിന്‍ റൂണി, റിയോ ഫെര്‍ഡിനാന്‍ഡ്‌, ആഷ്‌ലി കോള്‍ തുടങ്ങിയവരൊന്നും ഇന്നലെ കളിച്ചിരുന്നില്ല. മാര്‍സിലോ ലിപ്പിയുടെ ഇറ്റലിക്കാര്‍ പൊരുതി കളിച്ചാണ്‌ ഗ്രീസുകാരെ തളച്ചത്‌. സ്വിഡനെ 1-3ന്‌ പരാജയപ്പെടുത്തന്‍ ഹോളണ്ടിന്‌ അധികം വിയര്‍ക്കേണ്ടി വന്നില്ല. ഫ്രാങ്ക്‌ റിബറി, നിക്കോളാസ്‌ അനേല്‍ക്ക, തിയറി ഹെന്‍ട്രി എന്ന വിഖ്യാതരെല്ലാമുണ്ടായിട്ടും ഫ്രാന്‍സിന്‌ ഉറുഗ്വേയെ വീഴ്‌ത്താന്‍ കഴിഞ്ഞില്ല. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിന്‌ ചിലി ശക്തരായ എതിരാളികളായിരുന്നില്ല. ആഫ്രിക്കയില്‍ നടന്ന തകര്‍പ്പന്‍ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക 3-2ന്‌ കാമറുണിനെ വീഴ്‌ത്തി.

വിദേശ പരിശീലകര്‍ വേണ്ട: ഒ.എം നമ്പ്യാര്‍
ചാത്തമംഗലം: വിദേശ പരിശീലകരുടെ പിറകെ പായുന്നത്‌ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ കായികാധികൃതരോട്‌ ദ്രോണാചാര്യ ഒ.എം നമ്പ്യാര്‍. ചാത്തമംഗലം എം.ഇ.എസ്‌്‌ രാജ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒമ്പതാമത്‌ ആള്‍ കേരളാ എം.ഇ.എസ്‌ കായികമേള ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കവെ ഇവിടെ തന്നെ ധാരാളം പരിശീലകരും കായിക വിദഗ്‌ദ്ധരുമുളളപ്പോള്‍ വിദേശികളുടെ പിറകെ ഓടുന്നതില്‍ കാര്യമില്ലെന്ന്‌ പി.ടി ഉഷയുടെ പരിശീലകനായിരുന്ന നമ്പ്യാര്‍ പറഞ്ഞു. സര്‍ക്കാരോ , സ്‌പോര്‍ട്‌സ കൗണ്‍സിലോ ഒരു സഹായവും നല്‍കാതെയാണ്‌ പതിനാറ്‌ വര്‍ഷത്തോളം പി.ടി ഉഷയുടെ കോച്ചായി കായികരംഗത്ത്‌ തുടര്‍ന്നത്‌. ഉഷയുടെ വളര്‍ച്ചയില്‍ കായികാധികാരികള്‍ക്ക്‌ വലിയ പങ്കില്ല. സ്വപ്രയത്‌നത്തിലാണ്‌ ഉഷ വളര്‍ന്നത്‌. കായികലോകത്തെ ഭരിക്കുന്നവര്‍ കണ്ണു തുറക്കേണ്ട സമയമാണിത്‌. ഇന്ത്യ കായികമേഖലയല്‍ തളര്‍ന്നു നില്‍ക്കുകയാണ്‌. ഉഷയെ പോലെ കരുത്തയായ ഒരു അത്‌ലറ്റിനെ സംഭാവന ചെയ്യാന്‍ കേരളത്തിനോ ഇന്ത്യക്കോ ഇത്‌ വരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഉഷയെയും ഐ.എം വിജയനെയുമെല്ലാം മാതൃകയാക്കി കരുത്തരായ കായിക താരങ്ങളായി മാറാന്‍ യുവതക്ക്‌ കഴിയണമെങ്കില്‍ വ്യക്തമായ ലക്ഷ്യത്തോടെ, കരിയറിനെ പ്ലാന്‍ ചെയ്യണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു. എം.ഇ.എസ്‌ സംസ്ഥാന സെക്രട്ടറി സക്കീര്‍ സൈന്‍, പാലക്കണ്ടി അബ്ദുള്‍ ലത്തീഫ്‌, പ്രിന്‍സിപ്പാള്‍ ലെയ്‌സണ്‍,സി.കെ മുഹമ്മദ്‌, അബ്ദുള്‍റഹ്‌മാന്‍ തുടങ്ങിവര്‍ സംസാരിച്ചു. വര്‍ണ്ണാഭമായിരുന്നു ഉദ്‌ഘാടന ചടങ്ങ്‌. പുരാതന ഒളിംപിക്‌സിനെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ കൊച്ചു മാലാഖമാര്‍ സ്‌ക്കൂള്‍ ദീപവുമേന്തി മൈതാനത്ത്‌ വന്നപ്പോള്‍ അവരെ സ്വീകരിക്കാന്‍ കേരളീയ വേഷത്തില്‍ കൊച്ചു കലാകാരികള്‍ അണിനിരന്നിരുന്നു. എം.ഇ.എസ്സിന്‌ കീഴിലുളള സി.ബി.എസ്‌. സി സ്‌്‌ക്കൂളുകളാണ്‌ രണ്ട്‌ ദിവസം ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടക്കുന്നത്‌.

ഓസ്‌ട്രേലിയ, ജപ്പാന്‍ മുന്നോട്ട്‌
മനാമ: ഏഷ്യന്‍ മേഖലാ ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ പോരാട്ടങ്ങളുടെ ഒരു ഘട്ടം കൂടി പിന്നിട്ടപ്പോള്‍ കരുത്തരായ ഓസ്‌ട്രേലിയയും ജപ്പാനും ദക്ഷിണ കൊറിയയും മുന്നോട്ട്‌. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയ ഒരു ഗോളിന്‌ ബഹറൈനെയും ജപ്പാന്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ഖത്തറിനെയും ദക്ഷിണ കൊറിയ രണ്ട്‌ ഗോളിന്‌ സൗദി അറേബ്യയെയും പരാജയപ്പെടുത്തിയപ്പോള്‍ ഇറാനും യു.എ.ഇയും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. വിജയത്തോടെ ഗ്രപ്പ്‌ ഒന്നില്‍ ഓസ്‌ട്രേലിയയും രണ്ടില്‍ ജപ്പാനും ലീഡ്‌ തുടരുകയാണ്‌. 90 മിനുട്ടും ഗോള്‍ പിറക്കാതിരുന്ന മനാമ പോരാട്ടത്തില്‍ ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടില്‍ മാര്‍കോ ബെര്‍സിനായോയാണ്‌ ഓസ്‌ട്രേലിയയുടെ വിജയ ഗോള്‍ നേടിയത്‌. ദോഹയില്‍ ഖത്തറിനെ തോല്‍പ്പിക്കാന്‍ ജപ്പാന്‌ എളുപ്പം കഴിഞ്ഞു. തത്സൂയ തനാക്ക, കൈജി തമാഡ, തുലിയോ തനാക എന്നിവരാണ്‌ ജപ്പാന്റെര ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. റിയാദില്‍ നടന്ന മല്‍സത്തില്‍ കൊറിയന്‍ വിജയവും ഏകപക്ഷീയമായിരുന്നു.
ഓസീസ്‌ തകര്‍ന്നു, 214 ന്‌ പുറത്ത്‌
ബ്രിസ്‌ബെന്‍: ഇന്ത്യന്‍ പ്രേതം ഓസ്‌ട്രേലിയയെ വേട്ടയാടുന്നു. ഇന്ത്യക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ തകര്‍ന്ന ലോക ചാമ്പ്യന്മാരെ ന്യൂസിലാന്‍ഡും വെളളം കുടിപ്പിക്കുകയാണ്‌. ഇന്നലെ ഇവിടെയാരംഭിച്ച ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 214 റണ്‍സിന്‌ പുറത്തായി. മറുപടി ബാറ്റിംഗില്‍ കിവീസ്‌ വിക്കറ്റ്‌ നഷ്‌ടമാവാതെ ഏഴ്‌ റണ്‍സ്‌ നേടിയിട്ടുണ്ട്‌. 98 റണ്‍സ്‌ നേടിയ മൈക്കല്‍ ക്ലാര്‍ക്ക്‌ മാത്രമാണ്‌ ഓസീസ്‌ ഇന്നിംഗ്‌സില്‍ പൊരുതിയത്‌. കിവീസിന്‌്‌ വേണ്ടി 63 റണ്‍സിന്‌ നാല്‌ വിക്കറ്റുമായി സൗത്തി ഗംഭീര പ്രകടനം നടത്തി. സൗത്തി, ക്രിസ്‌ മാര്‍ട്ടിന്‍, ഇയാന്‍ ഒബ്രിയാന്‍ എന്നിവരടങ്ങുന്ന പേസ്‌ നിരക്ക്‌ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു ഓസീ ബാറ്റിംഗ്‌ നിര. ഹെയ്‌ഡന്‍ (8), കാറ്റിച്ച്‌ (10), പോണ്ടിംഗ്‌ (4), സൈമണ്ട്‌സ്‌ (26), വാട്ട്‌സണ്‍ (1) എന്നിവരെല്ലാം പെട്ടെന്ന്‌ പുറത്തായി. 35 റണ്‍സുമായി മൈക്‌ ഹസി അല്‍പ്പസമയം പിടിച്ചുനിന്നു.

No comments: