Monday, June 4, 2012

ANAND AND SACHIN



ആനന്ദിനും നല്‍കണം
രാജ്യസഭാംഗത്വം
സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ ഇന്നലെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തപ്പോള്‍ നമ്മുടെ പാര്‍ലമെന്റ്‌ ചരിത്രത്തില്‍ അത്‌ പുതിയ ഒരു നാഴികക്കല്ലായി. സര്‍ക്കാര്‍ നോമിനിയായി സച്ചിന്‍ പാര്‍ലമെന്റിലേക്ക്‌ ശുപാര്‍ശ ചെയ്യപ്പെട്ടതില്‍ അസ്വാഭാവികതയൊന്നുമില്ല. കായികമേഖലയിലെ അപൂര്‍വ്വ മികവിനുള്ള അംഗീകാരം മാത്രം. അതില്‍ രാഷ്‌ട്രീയം കലര്‍ത്തേണ്ടതില്ല. രാജ്യസഭാംഗം എന്ന നിലയില്‍ തനിക്ക്‌ ചെയ്യാനാവുന്ന കാര്യങ്ങള്‍ സച്ചിന്‌ ചെയ്യാനാവും. അത്‌ അദ്ദേഹം പറഞ്ഞിട്ടുമുണ്ട്‌. വര്‍ഷങ്ങളായി രാജ്യത്തിന്റെ കായിക അംബാസിഡറായി അറിയപ്പെടുന്ന സച്ചിനൊപ്പം ഇതേ അംഗീകാരം വിശ്വനാഥന്‍ ആനന്ദ്‌ എന്ന്‌ ചെസ്‌ പ്രതിഭക്കും നല്‍കണം. റഷ്യന്‍ ആസ്ഥാനമായ മോസ്‌ക്കോയില്‍ സമാപിച്ച ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇസ്രാഈല്‍ താരം ബോറിസ്‌ ഗെല്‍ഫാന്‍ഡിനെ തോല്‍പ്പിച്ച്‌ അഞ്ചാം തവണയും ലോകത്തിന്റെ ബുദ്ധി കേന്ദ്രമായി ആനന്ദ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ രാജ്യത്തിനാകെ അഭിമാനം സമ്മാനിച്ച സംഭവമാണ്‌. സച്ചിനെ രാജ്യസഭയയിലേക്ക്‌ ശുപാര്‍ശ ചെയ്യാനായുള്ള പ്രാഥമിക ജോലികള്‍ക്കായി രാജിവ്‌ ശുക്ല എന്ന്‌ കോണ്‍ഗ്രസുകാരനായ ക്രിക്കറ്റ്‌ ഭരണാധികാരിയുണ്ടായിരുന്നു. ക്രിക്കറ്റ്‌ ബോര്‍ഡിലും കോണ്‍ഗ്രസിലും ഉന്നത സ്വാധീനമുള്ള അദ്ദേഹത്തിന്റെ പിന്‍ബലത്തിലാണ്‌ സച്ചിന്‍ രാജ്യസഭയിലെത്തിയത്‌. ആനന്ദിന്റെ കാര്യത്തില്‍ അത്തരമൊരു പിന്തുണക്കാരനില്ല. ഇന്ത്യന്‍ കായിക രംഗത്ത്‌ ആനന്ദിന്‌ അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതിരിക്കാന്‍ പ്രധാന കാരണം അദ്ദേഹത്തിന്റെ പ്രതിഭയെ മനസ്സിലാക്കി അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതില്‍ സ്‌പോര്‍ട്‌സ്‌ മന്ത്രാലയം ഉള്‍പ്പെടുന്ന ഭരണക്കൂടത്തിന്റെ പരാജയമാണ്‌.
ഒരു ക്രിക്കറ്റ്‌ മല്‍സരത്തിന്‌ നമ്മുടെ മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം ചെറുതല്ല. സച്ചിന്‌ വേണ്ടിയായിരിക്കും രാജ്യത്തെ പത്രങ്ങള്‍ ഏറ്റവുമധികം സ്‌പേസ്‌ നല്‍കിയിരിക്കുക. സച്ചിന്‍ എവിടെ കളിച്ചാലും അത്‌ വാര്‍ത്തയാണ്‌. പൂജ്യം നേടിയാലും സെഞ്ച്വറി സ്വന്തമാക്കിയാലും തലക്കെട്ടാണ്‌. കരിയറില്‍ 100 സെഞ്ച്വറികള്‍ സ്വന്തമാക്കിയ താരത്തിന്‌ രാജ്യം നല്‍കാത്ത ബഹുമതികളുമില്ല. ആനന്ദിന്റെ കാര്യത്തില്‍ ഇതൊന്നും സംഭവിക്കുന്നില്ല എന്നത്‌ നമ്മുടെ വീഴ്‌ച്ചയാണ്‌. ചെന്നൈക്കാരനായ താരം സ്വന്തം മികവിലാണ്‌ വളര്‍ന്നത്‌. യറോപ്പ്‌- വിശിഷ്യാ റഷ്യക്കാര്‍ കുത്തകയാക്കി വെച്ച ചെസില്‍ അസാമാന്യ മികവുമായി മുന്നേറി ഗാരി കാസ്‌പറോപ്‌, അനറ്റോലി കാര്‍പ്പോവ്‌ തുടങ്ങിയ ലോകോത്തര താരങ്ങളെ മറിച്ചിട്ടാണ്‌ അദ്ദേഹം ഒന്നാമനായത്‌. അത്തരത്തില്‍ ഒരു താരത്തിന്‌ വേണ്ടി നമ്മുടെ സ്‌പോര്‌ട്‌സ്‌ താളുകള്‍ അധികം മഷി ഉപയോഗിച്ചിട്ടില്ല. മോസ്‌ക്കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിന്‌ പോലും അര്‍ഹിക്കുന്ന പ്രാധാന്യം ആരും നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസം ആനന്ദ്‌ ചെന്നൈയില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ട്‌ കോടിയുടെ പണക്കിഴിയുമായാണ്‌ തമിഴ്‌നാട്‌ ഭരണക്കൂടം സൂപ്പര്‍ താരത്തെ സ്വീകരിച്ചത്‌. ജയലളിതയെ പോലെ കായികകാര്യങ്ങളില്‍ വലിയ താല്‍പ്പര്യമെടുക്കുന്ന ഒരു ഭരണാധികാരിയുടെ പിന്തുണ എന്നും ആനന്ദിനുണ്ടായിരുന്നു എന്ന സത്യം വിസ്‌മരിക്കാനാവില്ല. നമ്മുടെ താരമായ അഞ്‌ജു ബോബി ജോര്‍ജ്ജിനെ പോലുള്ളവര്‍ ലോക അത്‌ലറ്റിക്‌ മീറ്റില്‍ മെഡല്‍ നേടിയപ്പോള്‍ തമിഴ്‌നാട്‌ ഭരണക്കൂടം നല്‍കിയ പിന്തുണ മറക്കാറായിട്ടില്ല. ഇത്തരം പിന്തുണ ഓരോ താരത്തിനും ലഭിക്കേണ്ടതാണ്‌.
ആനന്ദിന്‌ രാജ്യസഭാംഗത്വം പോലെ വലിയ അംഗീകാരം നല്‍കാന്‍ തമിഴ്‌നാടും കേന്ദ്രവും താല്‍പ്പര്യമെടുക്കണം. പാര്‍ലമെന്റില്‍ സഹ അംഗങ്ങള്‍ക്കൊപ്പം രാജ്യത്തിന്റെ കായിക വികാസത്തിനുതകുന്ന കാര്യങ്ങള്‍ ചെയ്യുമെന്നാണ്‌ സച്ചിന്‍ ഇന്നലെ സത്യപ്രതിജ്ഞക്ക്‌ ശേഷം പറഞ്ഞത്‌. സച്ചിന്‍ സത്യപ്രതിജ്ഞക്ക്‌ വരുമെന്നറിഞ്ഞതോടെ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ഹമീദ്‌ അന്‍സാരിയുടെ ചേംബറിലേക്ക്‌ തള്ളിക്കയറിയ മാധ്യമ സമൂഹത്തെ സൂപ്പര്‍താരം നിരാശപ്പെടുത്തിയിരുന്നില്ല. ഇതേ താല്‍പ്പര്യം തലേ ദിവസം ചെന്നൈയില്‍ കണ്ടിരുന്നില്ല. ആനന്ദിനെ സ്വീകരിക്കാന്‍ കാര്യമായ മാധ്യമ ബഹളമുണ്ടായിരുന്നില്ല.
കായിക താരങ്ങളെല്ലാം നമ്മുടെ സ്വത്താണ്‌. അവിടെ വിവേചനം പാടില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മഹത്വം അദ്ദേഹം ക്രിക്കറ്റിന്‌ നല്‍കിയ സംഭാവനയും മാന്യമായ പെരുമാറ്റവുമാണെങ്കില്‍ അതേ കരുത്താണ്‌ ആനന്ദും. ലോക ചെസില്‍ ഇന്ന്‌ ആനന്ദിനെ തോല്‍പ്പിക്കാന്‍ ആരുമില്ല. രാജ്യത്തിന്റെ അന്തസ്സും പാരമ്പര്യവും കാക്കുന്ന മാന്യനായ ആനന്ദിന്റെ കാര്യത്തില്‍ ഇത്‌ വരെ കാണപ്പെട്ടിട്ടുള്ള അവഗണന അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. തനിക്ക്‌ എല്ലാ അംഗീകാരങ്ങളും വേണം എന്ന്‌ ഒരിക്കലും തുറന്ന്‌ പറയില്ല ആനന്ദ്‌. രാജ്യവും കായിക ഭരണാധികാരികളും മാധ്യമങ്ങളുമെല്ലാം ചിലതെല്ലാം കണ്ടറിയേണ്ടതുണ്ട്‌. റഷ്യന്‍ മാധ്യമങ്ങള്‍ പോയ വാരത്തില്‍ നല്‍കിയ വലിയ തലലക്കെട്ടുകളെല്ലാം ആനന്ദിനെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ചടുലമായ കരുനീക്കങ്ങളെക്കുറിച്ചും അസാമാന്യമായ കൗശലത്തെക്കുറിച്ചുമെല്ലാം അവര്‍ വാര്‍ത്തകള്‍ നിരത്തിയിരുന്നു.
രാജ്യത്തെ മാധ്യമങ്ങളും ആനന്ദിന്റെ കാര്യത്തില്‍ താല്‍പ്പര്യമെടുക്കണം. ജയദേവന്‍ എന്ന ഒരു മലയാളി എഞ്ചിനിയര്‍ ലോക ക്രിക്കറ്റിലെ തന്നെ നല്ല ഒരു ആശയത്തിന്‌ രൂപം നല്‍കിയപ്പോള്‍ അതിനെ പിന്തുണക്കുന്നതില്‍ നമ്മളെല്ലാം പരാജയപ്പെട്ടു. സുനില്‍ ഗവാസ്‌ക്കര്‍ ഇത്‌ ചൂണ്ടിക്കാട്ടുകയും ചെയ്‌തിരുന്നു. അതേ പോലെ ആനന്ദിന്റെ കാര്യത്തില്‍ ആലസ്യം അരുത്‌. ഭരണക്കൂടത്തെ പ്രേരിപ്പിക്കാനും നല്ല വഴിയിലേക്ക്‌ നയിക്കാനും മാധ്യമങ്ങള്‍ക്കാവും എന്ന്‌ തെളിയിക്കണം.

1 comment:

Basheer Vallikkunnu said...

മൂപ്പര്‍ക്കും കൂടി കൊടുക്കുന്നതില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല :)