Sunday, June 10, 2012

SANIA -THE MYSTERY


ചില താരങ്ങളെ പ്രവചിക്കാന്‍ പ്രയാസമാണ്‌. കളി മികവുണ്ടാവും, പ്രതിയോഗികളെ മെരുക്കാനുള്ള ആത്മവിശ്വാസമുണ്ടാവും, വലിയ വേദികളിലും ആള്‍ക്കൂട്ടത്തിലുമെല്ലാം തന്റേടത്തോടെ കളിക്കാനാവും. പക്ഷേ ദുര്‍ബലര്‍ക്ക്‌ മുന്നില്‍, നിര്‍ണായക മല്‍സരങ്ങളില്‍ പതറും. ഇന്ത്യന്‍ കായിക വേദിയിലാണ്‌ ഇത്തരക്കാര്‍ കൂടുതല്‍. സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സേവാഗും സാനിയ മിര്‍സയുമെല്ലാം ഈ ഗണത്തില്‍പ്പെടും. വിശ്വനാഥന്‍ ആനന്ദ്‌, ലിയാന്‍ഡര്‍ പെയ്‌സ്‌,രാഹുല്‍ ദ്രാവിഡ്‌, സൈന നെഹ്‌വാള്‍ തുടങ്ങിയ താരങ്ങള്‍ ശരാശരി നിലവാരത്തില്‍ നിന്ന്‌ പിന്നാക്കം പോവാറില്ല. സച്ചിനും സാനിയയുമെല്ലാം മികവിലും അസ്ഥിരപ്രകടനങ്ങളുമായി നമുക്ക്‌ സമ്മര്‍ദ്ദമേകും.
സാനിയ മിര്‍സ മഹേഷ്‌ ഭൂപതിക്കൊപ്പം ചേര്‍ന്ന്‌ ഫ്രഞ്ച്‌ ഓപ്പണില്‍ മിക്‌സഡ്‌ ഡബിള്‍സ്‌ കിരീടം സ്വന്തമാക്കി. കളിമണ്‍ കോര്‍ട്ടില്‍ കാര്യമായ മികവ്‌ പ്രകടിപ്പിക്കാത്ത താരമാണ്‌ സാനിയ. പക്ഷേ ഗ്രാന്‍ഡ്‌ സ്ലാം വേദിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഹൈദരാബാദുകാരി കിരീടം നേടി. ഇതേ ഫോമില്‍ സാനിയ ലണ്ടനില്‍ കളിച്ചാല്‍ ഇന്ത്യക്ക്‌ സ്വര്‍ണം നേടാം. പക്ഷേ സാനിയക്കും ഭൂപതിക്കുമൊന്നും ഇത്‌ വരെ ഒളിംപിക്‌ ടിക്കറ്റ്‌ സ്വന്തമാക്കാനായിട്ടില്ല. അസ്ഥിര പ്രകടനമാണ്‌ ഇതിന്‌ കാരണം. വനിതാ സിംഗിള്‍സ്‌ ടെന്നിസില്‍ സാനിയക്ക്‌ വലിയ റെക്കോര്‍ഡില്ല. കരിയറിന്റെ തുടക്കത്തില്‍ സറിനാ വില്ല്യംസ്‌ ഉള്‍പ്പെടെയുള്ള താരങ്ങളെ വിറപ്പിക്കുകയും ലോക റാങ്കിംഗില്‍ ആദ്യ അമ്പതിനകത്ത്‌ വരുകയും ചെയ്‌തിരുന്നു. ദുബായ്‌ ഓപ്പണ്‍ പോലുള്ള വേദിയില്‍ കസറുകയും ചെയ്‌തത്‌ വഴി ഡബ്ല്യു.ടി.എ റാങ്കിംഗില്‍ പടിഞ്ഞാറിനെ സാനിയ ഞെട്ടിച്ചു.
സാനിയയെ പക്ഷേ പ്രവചിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ നാല്‌ വലിയ മല്‍സരങ്ങള്‍ നേരില്‍ കണ്ട്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. 2006 ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ്‌, അടുത്ത വര്‍ഷം ദുബായില്‍ നടന്ന ദുബായ്‌ ഓപ്പണ്‍ ടെന്നിസ്‌, 2010 ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, അതേ വര്‍ഷം ചൈനയിലെ ഗോഞ്ചുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസ്‌. എല്ലായിടത്തും സാനിയ എന്ന്‌ കേട്ടാല്‍ വന്‍ജനക്കൂട്ടമുണ്ടാവും (ചൈനയിലും മാറ്റമുണ്ടായിരുന്നില്ല. ചൈനകാര്‍ക്ക്‌ സാനിയ ഇന്തി ആയിരുന്നു) .ജനക്കൂട്ടത്തിന്റെ കൈയ്യടികളില്‍ തകര്‍പ്പന്‍ പ്രകടനവും നടത്തുന്നതിനിടെ ചിലപ്പോള്‍ അമിതാവേശത്തില്‍ പതറുകയും തകരുകയും ചെയ്യും.
ദോഹയിലെ കാഴ്‌ച്ച ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതായിരുന്നു. ഏഷ്യന്‍ ഗെയിംസ്‌ വേദിയില്‍ ജപ്പാനും കൊറിയയും വലിയ വെല്ലുവിളി സൃഷ്ടിച്ചപ്പോള്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം മിക്‌സഡ്‌ ഡബിള്‍സില്‍ സ്വര്‍ണം, സിംഗിള്‍സില്‍ വെള്ളി. നിറഞ്ഞ്‌ കവിഞ്ഞ ദോഹ ടെന്നിസ്‌ ക്ലബ്‌ മൈതാനത്ത്‌ ആവേശകരമായിരുന്നു ആ പ്രകടനങ്ങള്‍. ദുബായ്‌ ഓപ്പണിലും ക്രൗഡ്‌ പുള്ളറായി അവതരിച്ച സാനിയ ആദ്യ മല്‍സരത്തിലെ വിജയത്തിന്‌ ശേഷം രണ്ടാം കളിയില്‍ ഓസീസ്‌ എതിരാളിക്ക്‌്‌ മുന്നില്‍ പോരാട്ടം പോലും നടത്താതെ പരാജയപ്പെട്ടു.
ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ആര്‍.കെ ഖന്ന സ്‌റ്റേഡിയത്തില്‍ സാനിയയുടെ എല്ലാ മല്‍സരങ്ങളും കണ്ടിരുന്നു. ഫൈനല്‍ വരെ തട്ടുതകര്‍പ്പന്‍ പ്രകടനം. അവസാന മല്‍സരത്തിലെ പ്രതിയോഗി ഓസ്‌ട്രേലിയക്കാരി അനസ്‌താസിയ റോദിനോവ. ഖന്ന സ്‌റ്റേഡിയത്തില്‍ നിറയെ സാനിയക്കായുള്ള ആര്‍പ്പുവിളികള്‍. മീഡിയ ബോക്‌സില്‍ പോലും ഒറ്റ ഇരിപ്പിടം ബാക്കിയില്ല. ആദ്യ സെറ്റ്‌ സാനിയ തോറ്റു. രണ്ടാം സെറ്റില്‍ മിന്നല്‍ എയ്‌സുകളുമായി തിരിച്ചുവരവ്‌. നിര്‍ണായകമായ മൂന്നാം സെറ്റ്‌ ടൈബ്രേക്കര്‍ വരെ എത്തിച്ച്‌ കീഴടങ്ങിയപ്പോള്‍ ഓസ്‌ട്രേലിയന്‍ പത്രക്കാര്‍ പോലും സാനിയയുടെ പോരാട്ട മികവിനെ വാഴ്‌്‌ത്തി ( ഇന്ത്യന്‍ കാറ്റില്‍ ഓസീസ്‌ വിയര്‍പ്പ്‌-മെല്‍ബണ്‍ ടൈംസിന്റെ തലക്കെട്ട്‌). ഈ മല്‍സരത്തിന്‌ ശേഷം പ്രഗതി മൈതാനത്ത്‌ മീഡിയാ സെന്ററില്‍ സാനിയ ചന്ദ്രികക്കായി പ്രത്യേക അഭിമുഖവും നല്‍കിയിരുന്നു. നന്നായി സംസാരിക്കുന്ന യുവതാരത്തിന്‌ മാധ്യമങ്ങള്‍ എല്ലാ പിന്തുണയും നല്‍കി.
ചൈനീസ്‌ ഏഷ്യന്‍ ഗെയിംസില്‍ സാനിയയെ എല്ലാ വേദികളിലും പിന്തുടര്‍ന്നു. 2006 ല്‍ സിംഗിള്‍സ്‌ വെള്ളി നേടിയ താരം നാട്ടുകാരിയായ ഷൂയിം സിംഗിനെതിരെ ക്വാര്‍ട്ടര്‍ വിജയം നേടിയത്‌ ചൈനീസ്‌ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. പക്ഷേ സെമിയില്‍ തോറ്റ്‌ വെങ്കലം കൊണ്ട്‌ തൃപ്‌തിപ്പെട്ടു. മിക്‌സഡ്‌ ഡബിള്‍സില്‍ യുവതാരം വിഷ്‌ണു വര്‍ധനൊപ്പം വെള്ളിയും നേടി.
2010ന്‌ ശേഷം സാനിയയെക്കുറിച്ച്‌ അധികം കേട്ടില്ല. വിവാഹവും പിന്നെ പരുക്കുമായി റാങ്കിംഗില്‍ ഏറെ പിറകില്‍. ലണ്ടന്‍ ഒളിംപിക്‌സില്‍ സാനിയ ഉണ്ടാവില്ല എന്ന വാര്‍ത്തകള്‍ക്കിടെയാണ്‌ ഫ്രഞ്ച്‌ ഓപ്പണിലെ നാടകീയ കിരീടം. വിംബിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള പോരാട്ടങ്ങള്‍ക്ക്‌ മുന്നോടിയായി ഇപ്പോള്‍ ബിര്‍മിംഗ്‌ഹാമിലാണ്‌ സാനിയ. പിതാവ്‌ ഇംറാന്‍ മിര്‍സയെ ഫോണില്‍ വിളിച്ചപ്പോള്‍ ലണ്ടന്‍ പ്രതീക്ഷകളാണ്‌ അദ്ദേഹം പങ്ക്‌ വെച്ചത്‌. വൈല്‍ഡ്‌ കാര്‍ഡ്‌ എന്‍ട്രിയെങ്കിലും സാനിയക്ക്‌ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനും. ഡബിള്‍സിലും മിക്‌സഡ്‌ ഡബിള്‍സിലുമെല്ലാം മികവ്‌ പ്രകടിപ്പിക്കുന്ന താരത്തിന്‌ രാജ്യാന്തര വേദികള്‍ ഇപ്പോള്‍ സുപരിചിതമാണ്‌.
ലണ്ടനിലെ ഇന്ത്യക്കാര്‍ സാനിയയെ പ്രതീക്ഷിക്കുന്നുണ്ട്‌. സാനിയക്കും ലണ്ടനില്‍ കളിക്കണം. ചിലപ്പോള്‍ ഒരു മെഡല്‍ വന്നേക്കാം. പക്ഷേ ഒന്നിലും ഒരു ഉറപ്പുമില്ലാത്ത അവസ്ഥയാണിപ്പോള്‍. മിക്‌സഡ്‌ ഡബിള്‍സില്‍ ഭൂപതി-സാനിയ സഖ്യത്തെ വേണമെങ്കില്‍ അഖിലേന്ത്യാ ടെന്നിസ്‌ അസോസിയേഷന്‌ ഫീല്‍ഡ്‌ ചെയ്യാം. പക്ഷേ ആദ്യം സാനിയക്ക്‌ സിംഗിള്‍സില്‍ വൈല്‍ഡ്‌ കാര്‍ഡായി എന്‍ട്രി ലഭിക്കണം. അതിന്‌ നമ്മള്‍ മാത്രം വിചാരിച്ചാല്‍ പോര.....

No comments: