Saturday, June 23, 2012

CLEAN SPORTS INDIA


ക്ലീന്‍ സ്‌പോര്‍ട്‌സ്‌ ഇന്ത്യ-ഇതൊരു സംഘടനയുടെ പേരാണ്‌. കായിക താരങ്ങളാണ്‌ ഭാരവാഹികള്‍. ലക്ഷ്യം ഇന്ത്യന്‍ കായിക രംഗത്തിന്റെ ശുദ്ധീകരണമാണ്‌. രാഷ്‌ട്രീയക്കാരില്‍ നിന്ന്‌ ഇന്ത്യന്‍ കായികരംഗത്തെ മോചിപ്പിക്കുക എന്ന ഹിമാലയന്‍ ദൗത്യത്തിന്‌ നേതൃത്ത്വം നല്‍കുന്നത്‌ ആസാം കാഡറിലുണ്ടായിരുന്ന ഐ.എ.എസ്‌ ഉദ്യോഗസ്ഥനായ ബി.വി.പി റാവുവാണ്‌. അദ്ദേഹത്തിനൊപ്പം പഴയകാല താരങ്ങളായ അശ്വനി നാച്ചപ്പ, വന്ദനറാവു, വന്ദന ഷാന്‍ബാഗ്‌, റീത്ത്‌ എബ്രഹാം തുടങ്ങിയവരും കേരളാ ചാപ്‌റ്ററിന്‌ കരുത്ത്‌ പകരാന്‍ മേഴ്‌സികുട്ടനും രാധികയുമെല്ലാമുണ്ട്‌. ഇവരെല്ലാവരും ഇന്നലെ കോഴിക്കോട്ടുണ്ടായിരുന്നു. സംഘടനയുടെ കേരളാ ചാപ്‌റ്ററിന്റെ ഉദ്‌ഘാടനവും നടന്നു.
രാഷ്‌ട്രീയക്കാര്‍ വിഴുങ്ങിയിരിക്കുന്ന ഇന്ത്യന്‍ കായികരംഗത്തെ മോചിപ്പിക്കാന്‍ ഇവര്‍ക്കാവുമോ...? സംശയമാണ്‌.
ലണ്ടനില്‍ ആരവങ്ങളുയരാന്‍ ഇനി 34 ദിവസങ്ങളാണുള്ളത്‌. ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ കൂടെ തന്റെ കറുത്ത കോട്ടുമിട്ട്‌ ദേശീയ പതാകയുമായി അങ്ങോട്ട്‌ പോവാനിരിക്കയാണ്‌ ഇന്ത്യന്‍ കായിക രംഗത്തിന്റെ അഭിനവ അധിപനായ (?) സുരേഷ്‌ കല്‍മാഡി. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വഴി കോടികള്‍ പോക്കറ്റടിച്ചിട്ടും, അല്‍പ്പനാള്‍ തീഹാര്‍ ജയിലില്‍ ഗോതമ്പുണ്ട (?) വിഴുങ്ങിയിട്ടും കക്ഷിക്ക്‌ മാറ്റമൊന്നുമില്ല. ഇപ്പോഴും കടലാസില്‍ ഒളിംപിക്‌ അസോസിയേഷന്റെ തലവന്‍ അദ്ദേഹമാണ്‌. ഇയാളെ ലണ്ടനിലേക്ക്‌ അയക്കരുത്‌ എന്ന ശക്തമായ വാദമാണ്‌ ക്ലീന്‍ സ്‌പോര്‍ട്‌സ്‌ ഇന്ത്യ ഉന്നയിക്കുന്നത്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിപ്പ്‌ വഴി ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ കുപ്രസിദ്ധ കഥാപാത്രമാണ്‌ കല്‍മാഡി. അദ്ദേഹത്തെ ലണ്ടനിലേക്ക്‌ ഔദ്യോഗിക കുപ്പായത്തില്‍ അയക്കുന്നപക്ഷം അത്‌ രാജ്യത്തോട്‌ ചെയ്യുന്ന പാതകമായിരിക്കുമെന്ന അശ്വനിയെ പോലുള്ളവരുടെ വാദത്തിനൊപ്പമാണ്‌ വര്‍ഷങ്ങളായി ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ അറിയുന്ന ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം. പിയറി ഡി ഗോബര്‍ട്ടിന്‍ എന്ന ഫ്രഞ്ചുകാരന്‍ ആധുനിക ഒളിംപിക്‌ പ്രസ്ഥാനത്തിന്‌ 1894 ല്‍ രൂപം നല്‍കിയത്‌ ഇതേ പോലെ ഒരു ജൂണ്‍ 23 നായിരുന്നു. ഇന്നലെ അതേ ദിവസത്തില്‍ ക്ലീന്‍ ഇന്ത്യ സ്‌പോര്‍ട്‌സ്‌ തങ്ങളുടെ രൂപീകരണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ സംഘടനയുടെ നേട്ടമായി വിശേഷിപ്പിക്കുന്നത്‌ ലണ്ടന്‍ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃത്ത്വത്തില്‍ അജിത്‌പാല്‍ സിംഗിനെ പോലെ കായിക താരത്തെ നിയോഗിച്ചു എന്നതാണ്‌. നമ്മുടെ കായികലോകത്ത്‌ ഒളിംപിക്‌സിനും മറ്റ്‌ രാജ്യാന്തര മേളകള്‍ക്കുമുളള സംഘത്തെ നയിക്കുക രാഷ്ട്രീയക്കാരാണ്‌. ഏതെങ്കിലും കായിക സംഘടനയുടെ വിലാസമുള്ള ഒരാള്‍ സംഘത്തലവനാവും. ഇയാള്‍ക്ക്‌ കീഴിലായിരിക്കും പിന്നെ താരങ്ങള്‍ അണിനിരക്കുക. ഇവിടെ മാത്രം സംഭവിക്കുന്ന അപൂര്‍വതകളില്‍ ഒന്നാണിത്‌. ലണ്ടന്‍ ഒളിംപിക്‌സിന്റെ സംഘാടക സമിതി തലവന്‍ സെബാസ്റ്റ്യന്‍ കോ എന്ന പഴയ ലോക 800 മീറ്റര്‍ ചാമ്പ്യനാണ്‌. ഒരു കായികതാരത്തിനെ തന്നെ ഒളിംപിക്‌സ്‌ പോലെ വലിയ മേളക്ക്‌ നേതൃത്ത്വം നല്‍കാന്‍ ഇംഗ്ലണ്ട്‌ നിയോഗിച്ചിരിക്കുന്നു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നോക്കുക-അതിന്റെ സംഘാടകസമിതി തലവന്‍ സാക്ഷാല്‍ കല്‍മാഡിയായിരുന്നു. പ്രധാന സ്ഥാനങ്ങളില്ലെല്ലാം അദ്ദേഹത്തത്തിന്റെ സ്വന്തം പോക്കറ്റടിക്കാര്‍. ലളിത്‌ ഭാനോട്ടിനെ പോലുള്ളവരുടെ കറുത്ത കരങ്ങളില്‍ നമ്മുടെ ഖജനാവിന്‌ കോടികള്‍ നഷ്‌ടമായപ്പോള്‍, രാജ്യത്തിന്റെ സല്‍പ്പേര്‌ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അവരെ തടയാന്‍ ഭരണക്കൂടത്തിന്‌ പോലും കഴിഞ്ഞില്ല.
ബ്രിട്ടന്‍ ഇന്ത്യക്ക്‌ മാതൃകയാണ്‌. സെബാസ്‌റ്റിയന്‍ കോയെ പോലുള്ളവരെ നമ്മുടെ താരങ്ങള്‍ ഉയര്‍ത്തികാണിക്കുമ്പോള്‍ തന്നെ സ്വന്തം നിരയിലെ പാരയും കുതികാല്‍വെട്ടും താരങ്ങളും അവസാനിപ്പിക്കണം. കേരളത്തിലെ മുന്‍കാല താരങ്ങളോട്‌ ഒന്ന്‌ സംസാരിച്ചാലറിയാം പരസ്‌പരം പാരവെപ്പിലുള്ള അവരുടെ ഒളിംപിക്‌സ്‌ യോഗ്യത..! ഈയിടെ തിരൂരില്‍ വെച്ച്‌ ഒളിംപ്യന്മാരുടെ ഒരു കൂട്ടായ്‌മക്ക്‌ ശ്രമം നടന്നു. പക്ഷേ ഒളിംപ്യനല്ലാത്ത ഒരു പ്രമുഖ മുന്‍താരം അതിന്‌ സുന്ദരമായി പാര പണിതു. ചെന്നൈ ആസ്ഥാനമായി ചിലര്‍ ചേര്‍ന്ന്‌ കായികതാര സംഘടനക്ക്‌ രൂപം നല്‍കിയിരുന്നു. എല്ലാ വര്‍ഷവും ഈ സംഘടന വാര്‍ഷികമാഘോഷിക്കാന്‍ ഒത്തുകൂടാറുണ്ട്‌. അതിനപ്പുറം ഒന്നുമില്ല. ക്ലീന്‍ സ്‌പോര്‍ട്‌സ്‌ ശക്തമായാണ്‌ സഞ്ചരിക്കുന്നത്‌. നിയമപരമായും ഭരണപരമയുള്ള പിന്തുണ ഉറപ്പാക്കുന്നതില്‍ വിവരാവകാശ നിയമത്തെയും നിലവിലെ നിയമങ്ങളെയുമെല്ലാം കൂട്ടുപിടിച്ചാണ്‌ നീക്കം. അത്‌ നല്ലതാണ്‌. ഇന്ത്യന്‍ കായികരംഗത്തെ രക്ഷിക്കാന്‍ ഐ.എ.എസ്‌ പദവി പോലും രാജിവെച്ച്‌ താരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്‌ ഹൈദരാബാദുകാരനായ റാവു.
പക്ഷേ നമ്മുടെ ഈ ദുഷിച്ച രാഷ്ട്രിയബന്ധിത കായികസംസ്‌ക്കാരെ തകര്‍ക്കാന്‍ മാത്രം ഇവര്‍ക്കാവുമോ...? വലിയ സംശയമുണ്ട്‌. നല്ല സംഘാടക ശഏഷിയുള്ള കായിക താരങ്ങള്‍ നമ്മുക്കിടയിലുണ്ട്‌.യ പ്രകാശ്‌ പദുകോണ്‍, കപില്‍ദേവ്‌, അനന്തപത്മനാഭന്‍,പര്‍ഗത്‌ സിംഗ്‌.... അങ്ങനെ നിരവധി പേര്‍. പക്ഷേ എല്ലാവരെയും നിലവിലെ ഭരണക്കാര്‍ ഇല്ലാതാക്കുകയാണ്‌. ബാഡജ്‌മിന്‍രണിനെ രക്ഷിക്കാന്‍ കുരിശ്യുദ്ധം പ്രഖയാപിച്ച പദുകോണിനെക്കുറിച്ച്‌ കേള്‍ക്കാനില്ല.... ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിന്‌ രൂപം നല്‍കിയ കപിലിനെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ താപ്പാനകള്‍ തഴഞ്ഞിരിക്കയാണ്‌. കേരളാ ക്രിക്കറ്റിലെ പരിചിത മുഖമായ അനന്തന്‍ ചില സത്യങ്ങള്‍ പറഞ്ഞപ്പോള്‍ ക്രിക്കറ്റ്‌ ഭാവിയുള്ള മകനെ തഴയാന്‍ നീക്കമുണ്ടായി. ഹോക്കി അസോസിയേഷനില്‍ മല്‍സരിക്കാനെത്തിയ പര്‍ഗതിനെ ഇല്ലാതാക്കന്‍ പോലും ശ്രമമുണ്ടായി. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്വട്ടേഷന്‍കാര്‍ വാഴുന്ന നമ്മുടെ കായികരംഗത്ത്‌ ക്ലീന്‍ സ്‌പോര്‍ട്‌സിന്‌ എന്ത്‌ ചെയ്യാനാവും.... കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടക്കുന്ന വേളയില്‍ കല്‍മാഡി സ്വന്തം അനുയായിയെ അശ്വനി നാച്ചപ്പയുടെ അരികിലേക്ക്‌ വിട്ടു. അശ്വനിക്ക്‌ എന്ത്‌ വേണമെങ്കിലും നല്‍കാമെന്ന വാഗ്‌ദാനമുണ്ടായി. ചോദിച്ചാല്‍ എന്തും നല്‍കുന്ന ആളായ കല്‍മാഡിയെ പോലുള്ളവര്‍ എന്തിനും മടിക്കാത്തവരാണ്‌....

No comments: