Wednesday, June 27, 2012

CHANDRIKA HELP TO IRFAN


ചന്ദ്രിക തുണച്ചു
ഇര്‍ഫാന്‌ സഹായം

കമാല്‍ വരദൂരിന്റെ ലണ്ടന്‍ വിളിക്കുന്നു കോളത്തിലൂടെ ഇന്ത്യന്‍ താരം ഇര്‍ഫാന്‌ സഹായം. ചന്ദ്രിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലണ്ടനില്‍ പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ മല്‍സരിക്കുന്ന മലപ്പുറത്തുകാരനെ സാമ്പത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചന്ദ്രിക വാര്‍ത്തയെ തുടര്‍ന്ന്‌ ഏറനാട്‌ എം.എല്‍.എ പി.കെ ബഷീര്‍ നല്‍കിയ നിവേദനത്തിലാണ്‌ ക്യാബിനറ്റ്‌ തീരുമാനം. സഹായ തുക സംബന്ധിച്ച്‌ അന്തിമ തീരുമാനം അടുത്ത ക്യാബിനറ്റ്‌ യോഗത്തിലുണ്ടാവും


ലണ്ടന്‍ വിളിക്കുന്നു
ഇന്നത്തെ എപ്പിസോഡ്‌ വായിക്കുക:

മനസ്‌ പറയുന്നത്‌ പോലെ ശരീരം സഞ്ചരിക്കണം. അനുസരണാശീലം ശരീരം പ്രകടിപ്പിക്കണമെങ്കില്‍ മാനസികമായ ശക്തി വേണം. പറഞ്ഞ്‌ വരുന്നത്‌ മനസും ശരീരവും തമ്മിലുള്ള ഐക്യമാണ്‌. ഒരു കായികതാരത്തിന്റെ വിജയരഹസ്യം ഈ ഐക്യമാണ്‌. ശരാശരി ഇന്ത്യന്‍ കായികതാരം ഈ ഐക്യകാര്യത്തില്‍ വളരെ പിറകിലാണ്‌. നമ്മള്‍ പിറകിലാവുന്നതിന്റെ അടിസ്ഥാന പ്രശ്‌നം ഇതാണ്‌.
ശാരീരിക കരുത്ത്‌ കൈവരിക്കാനായാല്‍ മാനസികമായ വിശ്വാസം ലഭിക്കും. ആരെയും തോല്‍പ്പിക്കാമെന്ന വിശ്വാസത്തിന്‌ അടിത്തറയിടുന്നത്‌ ശരീരമല്ല-മനസാണ്‌. നിരന്തരമായ പരിശീലനത്തിലൂടെ, മല്‍സരങ്ങളിലുടെ കൈവരിക്കാവുന്ന മാനസികോര്‍ജ്ജത്തില്‍ ആരെയും പരാജയപ്പെടുത്താനുള്ള ലക്ഷ്യബോധം കൈവരും. നമ്മുടെ താരങ്ങളെ ഉദാഹരിക്കുകയാണെങ്കില്‍ ഈ വിഷയത്തില്‍ അനുയോജ്യനായ മാതൃകാതാരം ലിയാന്‍ഡര്‍ പെയ്‌സാണ്‌. ലോക ടെന്നിസില്‍ പെയ്‌സ്‌ വിലാസം നേടിയത്‌ മാനസികോര്‍ജ്ജത്തിലെ കരുത്തിലാണ്‌. ഡേവിസ്‌ കപ്പ്‌ ടെന്നിസില്‍ പെയ്‌സ്‌ പ്രകടിപ്പിച്ച മികവ്‌ ആരെയും തോല്‍പ്പിക്കാമെന്ന വിശ്വാസത്തില്‍ നിന്നായിരുന്നു. മഹേഷ്‌ ഭൂപതി, സാനിയ മിര്‍സ, സൈന നെഹ്‌വാള്‍, ദീപികാ കുമാരി, ടിന്റു ലൂക്ക, ശ്രീജേഷ്‌, അഭിനവ്‌ ബിന്ദ്ര, സുശീല്‍ കുമാര്‍-എല്ലാവരും കായികമായി, ശാരീരികമായി കരുത്തരാണ്‌ മാനസികമായി ദുര്‍ബലരും. ഇവര്‍ക്കെല്ലാം രാജ്യാന്തര മല്‍സരങ്ങളിലെ അനുഭവ സമ്പത്തുണ്ട്‌, വലിയ വേദികളില്‍ രാജ്യത്തിന്റെ പതാക ഉയര്‍ത്താനുള്ള മനോവീര്യമുണ്ട്‌. പക്ഷേ ഒരു പെര്‍ഫെക്ട്‌ പ്ലെയര്‍ എന്ന്‌ പറയാവുന്ന തരത്തില്‍ ഇത്‌ വരെ വളര്‍ന്നിട്ടില്ല.
കരുത്തനായിരുന്ന ലിയാന്‍ഡര്‍ പെയ്‌സ്‌ ഇപ്പോള്‍ മാനസികമായി ദുര്‍ബലനാണ്‌. ഇന്ത്യന്‍ ടെന്നിസില്‍ നിലവില്‍ സംജാതമായിരിക്കുന്ന അനിശ്ചിതത്വത്തില്‍ എല്ലാ താരങ്ങളും സ്വയം സമ്മര്‍ദ്ദം സൃഷ്‌ടിച്ചിരിക്കുന്നു. ലണ്ടന്‍ ഒളിംപിക്‌സില്‍ സാനിയ മിര്‍സ വനിതാ ഡബിള്‍സിലും മിക്‌സഡ്‌ ഡബിള്‍സിലും കളിക്കുന്നു. പക്ഷേ മാനസികമായി സാനിയക്ക്‌ ഊര്‍ജ്ജമില്ല. ഭൂപതിക്കൊപ്പം കളിച്ചാലും പെയ്‌സിനൊപ്പം കളിച്ചാലും മാനസികമായുണ്ടാവുന്ന ടെന്‍ഷന്‍ ശരീരത്തെ ബാധിക്കും. അതിനൊപ്പം അനാവശ്യമായി അധികാരികള്‍ക്കെതിരെ സംസാരിച്ച്‌ ടെന്‍ഷന്‍ ഇരട്ടിപ്പിക്കുകയും ചെയ്യുന്നു. (ഒളിംപിക്‌സ്‌ അടുത്ത വേളയില്‍ വെറുതെ കാടടക്കി സംസാരിക്കാന്‍ ഇന്ത്യന്‍ താരങ്ങളല്ലാതെ ആരും മുതിരില്ല. ഈ കാര്യത്തില്‍ പെയ്‌സും ഭൂപതിയും സാനിയയുമെല്ലാ തുല്യരാണ്‌) ടെന്നിസ്‌ താരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല മല്‍സരിക്കുന്നവരുടെയെല്ലാം മാനസിക വിശ്വാസം തുലോം കുറവാണ്‌. സൈന നെഹ്‌വാള്‍ മെഡല്‍ നേടാന്‍ പ്രാപ്‌തയാണ്‌. പക്ഷേ ആ താരത്തിന്റെ പ്രശ്‌നം സമ്മര്‍ദ്ദമാണ്‌. ദിപീകാ കുമാരിയുടെ കാര്യവും ഇത്തരത്തില്‍ തന്നെ.
മനസ്സിനോട്‌ സംവദിച്ച്‌ മല്‍സരിക്കണമെന്നതാണ്‌ ശാസ്‌ത്രം. നിങ്ങള്‍ ശാരീരികമായി മനസ്സിനോട്‌ സംവദിച്ച്‌ ചോദിക്കുന്നു ജയിക്കില്ലേയെന്ന്‌... മനസ്സ്‌ പറയുന്നു പ്രയാസമാണെന്ന്‌. കാരണം ഒപ്പം മല്‍സരിക്കുന്നവരുടെ റെക്കോര്‍ഡും കരുത്തുമെല്ലാം മനസ്സിലാക്കുമ്പോള്‍ നമ്മള്‍ സ്വയം കിഴടങ്ങുന്നു. തോല്‍ക്കാന്‍ മനസ്സ്‌ പറയുന്നത്‌ പോലെ തോന്നുന്നു. ഒളിംപിക്‌സ്‌ വേദികളില്‍ മാത്രമല്ല എല്ലാ വലിയ വേദികളിലും ഈ ഐക്യമില്ലായ്‌മയാണ്‌ നമ്മുടെ കാതലായ പ്രശ്‌നം.
ഫ്രാന്‍സിലാണ്‌ ഇപ്പോള്‍ നമ്മുടെ ഹോക്കി ടീമും കോച്ച്‌ മൈക്കല്‍ നോബ്‌സും. ഓസ്‌ട്രേലിയക്കാരനായ നോബ്‌സുമായി എളുപ്പത്തില്‍ സംസാരിക്കാം. ഡല്‍ഹിയില്‍ നിന്ന്‌ പാരീസിലേക്ക്‌ വിമാനം കയറുന്നതിന്‌ മുമ്പ്‌ ഓണ്‍ലൈനില്‍ അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ ലഭിച്ച മറുപടികള്‍ യാഥാര്‍ത്ഥ്യത്തില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ളതായിരുന്നു.
ബെയ്‌ജിംഗില്‍ ഇന്ത്യന്‍ ഹോക്കിക്ക്‌ അവസരമുണ്ടായിരുന്നില്ല. ഒളിംപിക്‌സ്‌ ചരിത്രത്തില്‍ എട്ട്‌ തവണ സ്വര്‍ണം സ്വന്തമാക്കിയ ടീമിന്‌ ആദ്യമായി ഒളിംപിക്‌സ്‌ മല്‍സര ബെര്‍ത്ത്‌ നഷ്ടമായപ്പോള്‍ എല്ലാവരും എഴുതി ഇന്ത്യന്‍ ഹോക്കിയുടെ കാലം കഴിഞ്ഞുവെന്ന്‌. തകര്‍ച്ചയുടെ കാര്യകാരണങ്ങള്‍ തേടിയപ്പോള്‍ പരമ്പരാഗത ഹോക്കി കളിക്കുന്നതാണ്‌ അബദ്ധമെന്നായിരുന്നു കണ്ടെത്തല്‍. ഇപ്പോള്‍ നമ്മുടെ ടീം ലണ്ടന്‍ ടിക്കറ്റ്‌ നേടിയിരിക്കുന്നു. യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ നന്നായി കളിച്ചു, ഈയിടെ മലേഷ്യയില്‍ നടന്ന സുല്‍ത്താന്‍ അസ്‌ലം ഷാ ഹോക്കിയില്‍ മൂന്നാം സ്ഥാനം നേടി. ഈ രണ്ട്‌ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ലണ്ടനില്‍ മെഡല്‍ നേടുമെന്ന്‌ കരുതുന്നവര്‍ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാത്തവരാണ്‌.
നോബ്‌സ്‌ ഉറപ്പ്‌ നല്‍കുന്നത്‌ മികച്ച പ്രകടനം നടത്തുമെന്ന്‌ മാത്രമാണ്‌. അങ്ങനെ ഒരു പരിശീലകന്‌ ഉറപ്പ്‌ നല്‍കാന്‍ കഴിയുന്നത്‌ അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ്‌. മൈതാനത്ത്‌ കോച്ച്‌ കളിക്കുന്നില്ല. അദ്ദേഹം കരക്കിരുന്ന്‌ കളി നിയന്ത്രിക്കുന്നയാളാണ്‌. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള ടീമുകള്‍ വേഗതാ ഹോക്കിയുടെ വക്താക്കളാണെന്ന്‌ വാദം നോബ്‌സ്‌ തള്ളുന്നു. എല്ലാ ടീമുകളും പരമ്പരാഗത ഇന്ത്യന്‍ ശൈലിയുടെ വക്താക്കളാണ്‌. പക്ഷേ ഒരു മാറ്റം അവര്‍ വരുത്തുന്നു-സാഹചര്യങ്ങളില്‍ സമരസപ്പെട്ട്‌ ശൈലിയില്‍ കാലികമായ മാറ്റം വരുത്തുന്നു. നിലവില്‍ ഇന്ത്യന്‍ ടീമില്‍ നോബ്‌സ്‌ വരുത്തിയ മാറ്റവും അത്‌ തന്നെ. ആദ്യം താരങ്ങളുടെ ശാരീരിക കരുത്ത്‌. പൂനെയിലെ ക്യാമ്പില്‍ പരിശീലനം മാത്രമായിരുന്നു. ആരോഗ്യപരമായി 70 മിനുട്ട്‌ പൂര്‍ണ കരുത്തില്‍ കളിക്കാനുള്ള ഊര്‍ജ്ജമുണ്ടാക്കുകയെന്നതാണ്‌ അദ്ദേഹത്തിന്റെ ജോലി. തളരാതെ കളിക്കാനുള്ള ഊര്‍ജ്ജം തെളിയിക്കപ്പെട്ടാല്‍ ശരീരം തന്നെ മനസ്സിനോട്‌ പറയും തോല്‍ക്കില്ലെന്ന്‌. മനസ്സും ശരീരവും തമ്മിലുള്ള ഈ കെമിസ്‌ട്രിയില്‍ വിജയിക്കുകയാണ്‌ പ്രധാനം. അല്ലാതെ മെഡല്‍ എന്ന ലക്ഷ്യത്തിലേക്ക്‌ തളര്‍ന്ന ശരീരവും വിശ്വാസമില്ലാത്ത മനസുമായി പോവുകയും വെറുതെ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്നത്‌ രാഷ്‌ട്രീയക്കാരന്റെ നിലപാട്‌ പോലെയാണ്‌. നോബ്‌സിനെ പോലുള്ളവരുടെ സമീപനമാണ്‌ നല്ലത്‌. വെറുതെ പ്രതീക്ഷകളുടെ ഭാരം താരങ്ങളില്‍ അടിച്ചേല്‍പ്പിച്ച്‌ തോല്‍ക്കാന്‍ മനസ്സിനെ പഠിപ്പിക്കാതിരിക്കുക.

No comments: