Saturday, June 9, 2012

THAT PAIN THAT AGONY........




ആവോട്ടിയിലെ അതിനൂതനമായ അത്‌ലറ്റിക്‌ സ്‌റ്റേഡിയം ഇപ്പോഴും മനസ്സില്‍ നിന്ന്‌ മാഞ്ഞിട്ടില്ല. ചൈനയുടെ വ്യവസായ തലസ്ഥനമായി വിശേഷിപ്പിക്കപ്പെടുന്ന ഗോഞ്ചുവില്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ നടന്ന ഏഷ്യന്‍ ഗെയിംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യാനായി പോയപ്പോള്‍ മുന്നില്‍ കണ്ടതെല്ലാം അല്‍ഭുതങ്ങളായിരുന്നു. ചൈനയെക്കുറിച്ചും ചൈനക്കാരെക്കുറിച്ചും മുമ്പ്‌ കേട്ടതെല്ലാം അസത്യങ്ങളായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രയിലാണ്‌ ആവോട്ടി എന്ന അത്‌ലറ്റിക്‌ സിറ്റിയിലെത്തുന്നത്‌. ചൈനക്കാര്‍ക്ക്‌ ടേബിള്‍ ടെന്നിസും ബാഡ്‌മിന്റണും ബാസ്‌ക്കറ്റ്‌ ബോളും നീന്തലുമെല്ലാം പ്രിയമാണെന്ന കണക്കക്കൂട്ടലുകള്‍ കാറ്റില്‍പ്പറത്തി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തില്‍ ചുവന്ന വസ്‌ത്രങ്ങളില്‍ പതിനായിരങ്ങള്‍. എല്ലാവര്‍ക്കും ലിയു സിയാംഗ്‌ എന്ന ലോക റെക്കോര്‍ഡുകാരനോടുള്ള അടങ്ങാത്ത പ്രേമം.
ഏതന്‍സ്‌ ഒളിംപിക്‌സില്‍ കായിക ലോകത്തെ വിസ്‌മയിപ്പിച്ച താരം. ട്രാക്കില്‍ ഏഷ്യക്കാര്‍ക്ക്‌ ഒന്നും ചെയ്യാനാവില്ല എന്ന കണക്ക്‌ക്കൂട്ടലുകളെ പഴങ്കഥയാക്കി 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാമനായ താരം. 2007 ല്‍ ഒസാക്കയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ഒന്നാമന്‍. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ നാട്ടുകാരുടെ മുഴുവന്‍ പ്രതീക്ഷയും ലിയുവായിരുന്നു. ഏതന്‍സിലെ നേട്ടം ആവര്‍ത്തിക്കുമെന്ന്‌ ലി ഉറക്കെ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ കുശുമ്പുകാര്‍ക്കെതിരെ ലിയുവിനെ ഒളിംപിക്‌സിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാക്കി ചൈന. പക്ഷേ മല്‍സരക്കളത്തില്‍ പരുക്കിന്റെ വേദനയില്‍ ലി മുടന്തി അകന്നപ്പോള്‍ കരയാത്ത ചൈനക്കാരുണ്ടായിരുന്നില്ല. ഒരു ദേശീയ ദുരന്തം പോലെ രാജ്യം മൂകമായി. കരഞ്ഞ്‌ കലങ്ങിയ കണ്ണുകളുമായി ലിയു വന്‍കരയുടെ നൊമ്പരമായി.
ഗോഞ്ചുവിലെ ഏഷ്യന്‍ ഗെയിംസ്‌ വേദിയില്‍ പക്ഷേ കരുത്തനായ ലിയുവിനെയാണ്‌ കണ്ടത്‌. ആവോട്ടിയെ അദ്ദേഹം ഇളകി മറിച്ചു. അനായാസം പ്രിയപ്പെട്ട ഇനത്തില്‍ ഒന്നാമന്‍. സ്‌റ്റേഡിയത്തിലുടെ ദേശീയ പതാക പുതച്ചുള്ള ഓട്ടം. എല്ലാവര്‍ക്കും അഭിവാദ്യം. മാധ്യമ പ്രവര്‍ത്തകരോട്‌ ചൈനീസ്‌ ഭാഷയില്‍ നല്ല കാച്ച്‌.
ലിയു ഇപ്പോള്‍ മുപ്പത്‌ പിന്നിട്ടിരിക്കുന്നു. പങ്കെടുക്കാന്‍ പോവുന്നത്‌ മൂന്നാമത്‌ ഒളിംപിക്‌സില്‍. ഇനി ഒരു ഒളിംപിക്‌സ്‌ അദ്ദേഹത്തിന്‌ മുന്നില്‍ ഇല്ല. ലണ്ടനില്‍ രാജകീയമായി എല്ലാം അവസാനിപ്പിക്കണം. ബെയ്‌ജിംഗിലെ പക്ഷിക്കൂട്ടില്‍ നാല്‌ വര്‍ഷം മുമ്പുള്ള ഒരു ഓഗസ്‌റ്റ്‌ പുലരിയില്‍ ഫൗള്‍ സ്‌റ്റാര്‍ട്ടും പിന്നെ പരുക്കും വേദനയുമായി കണ്ണീരണിഞ്ഞ മുഹൂര്‍ത്തം മറക്കാതെ ഇനിയൊരു പിഴവിന്‌ അവസരം നല്‍കാതെയുള്ള പരിശീലനമാണ്‌ ലിയു നടത്തുന്നത്‌. 12.87 സെക്കന്‍ഡില്‍ സീസണില്‍ മല്‍സരം പൂര്‍ത്തിയാക്കാനായതോടെ ക്യൂബക്കാരനായ ഡേറണ്‍ റോബിള്‍സിനെ പോലുള്ള ലോക റെക്കോര്‍ഡുകാര്‍ക്ക്‌ അദ്ദേഹം വെല്ലുവിളിയാവുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌.
ഡിയാഗുവില്‍ നടന്ന കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാമനായിരുന്നു ലിയു. പരുക്കിന്റെ അലട്ടല്‍ ലോക ചാമ്പ്യന്‍ഷിപ്പിലുണ്ടായതിനെ തുടര്‍ന്ന്‌ തന്റെ റണ്ണിംഗ്‌ സ്റ്റൈലില്‍ അദ്ദേഹം മാറ്റം വരുത്തിയിട്ടുണ്ട്‌്‌. ഇപ്പോള്‍ ആറ്‌ മാസമായി തുടര്‍ച്ചയായ പരിശീലനമാണ്‌. കോച്ച്‌ സണ്‍ പറയുന്നത്‌ തന്റെ ശിഷ്യന്‍ ഇപ്പോള്‍ പഴയ ലിയു ആയിട്ടുണ്ടെന്നാണ്‌. ചൈനയെന്ന വലിയ രാജ്യത്തിന്റെ ട്രാക്കിലെ ഏക പ്രതീക്ഷ എന്ന നിലയില്‍ ലിയുവില്‍ പ്രതിക്ഷാഭാരമുണ്ടായിരുന്നു. നമ്മള്‍ പി.ടി ഉഷയെ ആശ്രയിക്കുന്നത്‌ പോലെ ചൈനക്കാര്‍ക്ക്‌ ട്രാക്കില്‍ ആകെ ഒരു ലിയു മാത്രമായിരുന്നു. ഈ പ്രതിക്ഷാഭാരം തന്റെ താരത്തെ മാനസികമായി സമ്മര്‍ദ്ദിലാക്കിയെന്നാണ്‌ കോച്ചിന്റെ സാക്ഷ്യം. ഏതന്‍സ്‌ ഒളിംപിക്‌സില്‍ ലിയു താരമാവുന്നതിന്‌ മുമ്പ്‌ ചൈനക്കാരുടെ പ്രിയപ്പെട്ട കായികതാരം ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം യാവു മിംഗായിരുന്നു. ഒളിംപിക്‌സ്‌ കഴിഞ്ഞതോടെ ഷാംഗ്‌ഗായിക്കാരനായ ലിയുവായി രാജ്യത്തെ ഒന്നാമന്‍. എവിടെയും ലിയുവിന്റെ ഹോര്‍ഡിംഗുകളും കമാനങ്ങളും മാത്രം. ഏഷ്യന്‍ ഗെയിംസിന്‌ പോയപ്പോഴും ഇത്‌ കണ്ടു. ബെയ്‌ജിംഗില്‍ കരഞ്ഞവരുടെ ചിരിക്കുന്ന മുഖവും ഗോഞ്ചുവില്‍ കാണാനായി.
ലിയുവിനെ ചൈനക്കാര്‍ ഇഷ്ടപ്പെടാന്‍ വെറെയും കാരണങ്ങളുണ്ട്‌. സാധാരണക്കാരുടെ കുടുംബത്തില്‍ നിന്നാണ്‌ അദ്ദേഹത്തിന്റെ വരവ്‌. മാതാപിതാക്കള്‍ കര്‍ഷകര്‍. അവര്‍ കൃഷിയിടങ്ങളിലേക്ക്‌ പോയാല്‍ കൊച്ചു ലിയുവിനെ സംരക്ഷിക്കാന്‍ അമ്മൂമ്മ മാത്രം. അമ്മൂമ്മ വീട്ടിലെ മുറ്റത്തിലുടെ ലിയുവിനെ ഓടാന്‍ പഠിപ്പിച്ചു. സ്‌ക്കൂളില്‍ ചേര്‍ത്തപ്പോള്‍ വീട്ടില്‍ നിന്ന്‌ സ്‌ക്കൂളിലേക്ക്‌ ഓട്ടമായി. രാവിലെ അങ്ങോട്ടും വൈകീട്ട്‌ വിട്ടിലേക്കും ഗംഭീര ഓട്ടം. ഏഴാം വയസ്സില്‍ ഈ ഓട്ടക്കാരനെ സ്‌ക്കൂളിലെ കോച്ച്‌ തിരിച്ചറിഞ്ഞു. ആ തുടക്കത്തിലാണ്‌ ലിയു ഏതന്‍സ്‌ വരെയെത്തിയത്‌. പിന്നെ പിടികിട്ടാത്ത താരമായി. നാട്ടുമ്പുറത്തുകാരനായതിനാല്‍ എല്ലാവരുടെയും പ്രതീക്ഷ ലിയുവിന്‌ താങ്ങാനായില്ല. ഇപ്പോള്‍ കാര്യങ്ങളെ അനുഭവത്തിലുടെ പഠിച്ചിരിക്കുന്നു സൂപ്പര്‍ താരം. അവസാന അവസരമാണ്‌ ലണ്ടനില്‍. അത്‌ ഉപയോഗപ്പെടുത്തണം.
ഒളിംപിക്‌സില്‍ ഇന്ത്യയെ പോലെയല്ല ചൈന. അവര്‍ കഴിഞ്ഞ തവണ ചാമ്പ്യന്മാരായിരുന്നു. ഇത്തവണയും ആ നേട്ടത്തിനായുള്ള ശ്രമത്തില്‍ അവര്‍ പ്രതീക്ഷകളിലാണ്‌. നമ്മള്‍ ഒരു സ്വര്‍ണത്തിനായി പലരെയും ആശ്രയിക്കുമ്പോള്‍ ചൈനക്ക്‌ ലിയു അഭിമാനമാവുന്നത്‌ ട്രാക്കിലെ സാന്നിദ്ധ്യം കൊണ്ടാണ്‌. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണ്‌ എന്നും ട്രാക്കിലെ വേഗക്കാര്‍. കാള്‍ലൂയിസും മരിയം ജോണ്‍സും ബെന്‍ ജോണ്‍സണും ഉസൈന്‍ ബോള്‍ട്ടും ജസ്‌റ്റിന്‍ ഗാട്‌ലിനുമെല്ലാം വേഗതയില്‍ ലോകം കീഴടക്കുമ്പോള്‍ ട്രാക്കില്‍ വിസ്‌മയം തീര്‍ക്കാന്‍ ചൈനക്ക്‌ ആരുമുണ്ടായിരുന്നില്ല. പഴയ മാ സൈന്യത്തിന്റെ ശക്തിയില്‍ ലോക കായിക വേദികളെ ത്രസിപ്പിച്ച രാജ്യത്തിന്‌ ലിയു വലിയ ആശ്വാസമായിരുന്നു. ട്രാക്കിലും ഞങ്ങളുണ്ട്‌ എന്നുറക്കെ പ്രഖ്യാപിക്കാന്‍ രാജ്യത്തെ സഹായിച്ച ലിയു ലണ്ടന്‍ കിഴടക്കുമെന്ന്‌ പക്ഷേ എല്ലാ ചൈനക്കാരും ഉറപ്പിച്ച്‌ പറയുന്നില്ല. പക്ഷേ ഒന്നുണ്ട്‌-സ്വന്തം വേദിയില്‍ പരുക്കില്‍ തളര്‍ന്ന താരത്തിന്‌ അതിസമര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങളില്ല.

No comments: