Wednesday, June 6, 2012

LONDON CALLING


ലണ്ടന്‍ വിളിക്കുന്നു

ഇനി ശേഷിക്കുന്നത്‌ കൃത്യം 50 ദിവസം. ഒളിംപിക്‌ മഹാമാമാങ്കത്തിന്‌ കിഴക്കന്‍ ലണ്ടനിലെ ഒളിംപിക്‌ പാര്‍ക്ക്‌ ഒരുങ്ങിയിരിക്കുന്നു. ലോകത്തിന്റെ കണ്ണും കാതും ചരിത്ര നഗരത്തിന്റെ ഉള്‍തടങ്ങളിലേക്ക്‌ സഞ്ചരിക്കാന്‍ തുടങ്ങുകയാണ്‌. നാല്‌ വര്‍ഷം മുമ്പ്‌ ബെയ്‌ജിംഗിലെ പക്ഷിക്കൂട്ടില്‍ നടന്ന വിസ്‌മയങ്ങള്‍ ആരും മറന്നിട്ടില്ല. ഉസൈന്‍ ബോള്‍ട്ട്‌ എന്ന ജമൈക്കക്കാരന്റെ ഇടിവെട്ട്‌ പ്രകടനം, വേദനയില്‍ പുളഞ്ഞ്‌ ചൈനയുടെ വേദനയായി മടങ്ങിയ ലിയു സിയാംഗ്‌, നീന്തല്‍ കുളത്തില്‍ നിന്ന്‌ സ്വര്‍ണം വാരിയ മൈക്‌ ഫെല്‍പ്‌സ്‌ എന്ന അമേരിക്കന്‍ ഇതിഹാസം, ഇന്ത്യന്‍ ത്രിവര്‍ണ പതാക വാനില്‍ പറത്തിയ അഭിനവ്‌ ബിന്ദ്രയെന്ന ഷൂട്ടര്‍..... ആ മുഹൂര്‍ത്തങ്ങളൊന്നും മറക്കാനാവില്ല.
ഇനി ലണ്ടനിലേക്കാണ്‌. ബോള്‍ട്ടുണ്ട്‌, സിയാംഗുണ്ട്‌, ഫെല്‍പ്‌സുണ്ട്‌, ബിന്ദ്രയുണ്ട്‌, ലോകത്തിന്റെ കായിക പരിഛേദമുണ്ട്‌. ലോകത്തിലെ മനോഹഗര നഗരത്തില്‍, തെയിംസ്‌ നദിയുടെ ആന്ദോളനങ്ങളില്‍ വിശ്വം കാത്തിരിക്കുന്ന സമ്മോഹന മുഹൂര്‍ത്തങ്ങള്‍ തേടിയുള്ള യാത്ര-ലണ്ടന്‍ വിളിക്കുന്നു ഇന്ന്‌ തുടങ്ങുന്നു

ലണ്ടന്‍ പ്രാന്തങ്ങളില്‍ ഒളിംപിക്‌ ടിക്കറ്റുകള്‍ക്കായുള്ള നെട്ടോട്ടം തുടങ്ങിയിട്ട്‌ ദിവസങ്ങളായിരിക്കുന്നു. ഒളിംപിക്‌ പാര്‍ക്കിനകത്തു കയറി ഒരു മല്‍സരം കാണാനുള്ള കൊതിയില്‍ പൗണ്ടുകള്‍ എത്ര നല്‍കാനും തയ്യാറായി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ എല്ലാ രാജ്യക്കാരുമുണ്ട്‌. കറുത്തവനും വെളുത്തവനും ഏഷ്യനും ആഫ്രിക്കനുമെല്ലാം ഒരു ടിക്കറ്റിന്റെ വില മനസ്സിലാക്കി അനന്തമായ ക്യൂ പാലിക്കുമ്പോള്‍ അവരുടെ നെഞ്ചിടിപ്പ്‌ ഉയര്‍ത്തി സൂപ്പര്‍ താരങ്ങളുടെ വാം അപ്പ്‌ പ്രകടനങ്ങള്‍ ഗംഭീരമാവുകയാണ്‌. ലോകം കാത്തിരിക്കുന്ന സമയത്തിനുമപ്പുറത്ത്‌ പുതിയ ഇതിഹാസം രചിക്കാനാണ്‌ ബോള്‍ട്ടിന്റെ ശ്രമം. അത്‌ അദ്ദേഹം പരസ്യമായി തന്നെ വ്യക്തമാക്കിയിരിക്കുന്നു. ബോള്‍ട്ടിന്‌ പിറകില്‍ രണ്ടാമനോ മൂന്നാമനോ ആവാനല്ല താന്‍ വരുന്നതെന്ന്‌ പ്രഖ്യാപിച്ച്‌ ജസ്റ്റിന്‍ ഗാട്‌ലിന്‍ വെടി പൊട്ടിച്ചിട്ടുണ്ട്‌. അസാഫ പവലിന്റെ ഭാഷ്യത്തില്‍ സ്വര്‍ണമല്ലാതെ മറ്റൊരു ലക്ഷ്യമില്ല. വമ്പന്‍ സ്രാവുകള്‍ വലിയ ലക്ഷ്യത്തിനെത്തുമ്പോള്‍ സംശയം വേണ്ട പുരുഷ വിഭാഗം 100 മീറ്റര്‍ തന്നെ സ്റ്റാര്‍ അട്രാക്‌ഷന്‍. നീന്തല്‍ കുളത്തിലെ വിശ്രുതനായ സുന്ദരനാണ്‌ ഫെല്‍പ്‌സ്‌. ബെയ്‌ജിംഗിന്‌ ശേഷം ആ കരുത്തിന്‌ കൈയ്യടിക്കാന്‍ അവസരം വന്നിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളില്‍ തളര്‍ന്ന ഫെല്‍പ്‌സ്‌ ലണ്ടനിലേക്ക്‌ വരുന്നത്‌ മൂന്ന്‌ സ്വര്‍ണം നേടി ഒളിംപിക്‌ ചരിത്രത്തില്‍ ഇത്‌ വരെ ഒരു താരത്തിനും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടവുമായി മടങ്ങാനാണ്‌.
മെഡല്‍ വേട്ടയില്‍ ചൈനക്കാര്‍ സ്വന്തം തട്ടകത്ത്‌ നടത്തിയ കുതിപ്പിന്റെ ആശങ്ക അമേരിക്കക്കും യൂറോപ്പിനുമുണ്ട്‌. ഇത്തവണ പടിഞ്ഞാറിന്റെ അധീശത്വം തെളിയിക്കേണ്ട വലിയ അഭിമാന ബോധത്തിന്‌ നടുവിലാണ്‌ ആതിഥേയരായ ബ്രിട്ടനും അമേരിക്കയും റഷ്യയുമെല്ലാം. ദിര്‍ഘദൂര മല്‍സരങ്ങളിലെ ആഫ്രിക്കന്‍ ആധിപത്യവും ട്രാക്കിലെ പടിഞ്ഞാറിന്റെ ഏകാധിപത്യവും ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയില്ലെന്നിരിക്കെ ഓഗസ്‌റ്റ്‌ 12 ന്‌ മേള സമാപിക്കുമ്പോള്‍ മെഡല്‍പ്പട്ടികയിലെ ആദ്യ സ്ഥാനക്കാരെ അറിയുന്നത്‌ വരെ ആശങ്കയും സസ്‌പെന്‍സും നിലനില്‍ക്കും.
മലയാള മനോരമക്ക്‌ വേണ്ടി ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത രാജീവ്‌ മേനോന്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിംഗ്‌ ഓര്‍മകളിലെ വജ്രമുഹൂര്‍ത്തമായി വിശേഷിപ്പിച്ചത്‌ അഭിനവ്‌ ബിന്ദ്രയുടെ ആ കനക നേട്ടമായിരുന്നു. ഒരു ഇന്ത്യക്കാരന്‍ ഒളിംപിക്‌സ്‌ ചരിത്രത്തില്‍ ആദ്യമായി സ്വന്തമാക്കുന്ന വ്യക്തിഗത സ്വര്‍ണം. ഇതിഹാസ മുഹൂര്‍ത്തത്തില്‍ ത്രിവര്‍ണ പതാകയെ സല്യൂട്ട്‌ ചെയ്‌ത ഡല്‍ഹിക്കാരന്‍. വലിയ മുഹൂര്‍ത്തതിന്‌ സാക്ഷികളാവാന്‍ കഴിഞ്ഞ ഭാഗ്യത്തില്‍ പരസ്‌പരം ആശ്ലേഷിച്ച ഇന്ത്യക്കാര്‍-അത്തരമൊരു മുഹൂര്‍ത്തം പിറക്കുമോ ലണ്ടനില്‍....?
ഇന്ത്യ വളര്‍ന്ന്‌ വലുതായിരിക്കുന്നു. വ്യക്തിഗത മികവിനെ അളവ്‌കോലാക്കിയാല്‍ ബിന്ദ്രയെ പോലെ പോഡിയത്തില്‍ സ്വര്‍ണമണിയാന്‍ കരുത്തായവരുണ്ട്‌. ഷൂട്ടിംഗില്‍, ഹോക്കിയില്‍, ബോക്‌സിംഗില്‍, ഗുസ്‌തിയില്‍, ടെന്നിസില്‍, ടി.ടിയില്‍, ട്രാക്കില്‍-ഇന്ത്യ പ്രതീക്ഷകളുടെ ഓളത്തില്‍ തന്നെയാണ്‌. ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസും ചൈനയിലെ ഗോഞ്ചുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസും റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ മനസ്സിലായ സത്യങ്ങളില്‍ പുരോഗതിയുണ്ടെങ്കില്‍ ലണ്ടനില്‍ ത്രിവര്‍ണ പതാക ഉയരും.
ഇന്നലെ ഇന്ത്യന്‍ ഹോക്കിയുടെ ഓസ്‌ട്രേലിയക്കാരനായ കോച്ച്‌ മൈക്കല്‍ നോബ്‌സിനെ ഓണ്‍ ലൈനില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പൂനെയിലാണ്‌. മലേഷ്യയില്‍ നടന്ന അസ്‌ലം ഷാ ഹോക്കിക്ക്‌ ശേഷം ബാംഗ്ലൂര്‍ വഴി ഇവിടെയെത്തിയതാണ്‌. ഇന്നലെയും ഇന്നുമായി പൂനെയില്‍. ഇവിടെ നിന്ന്‌ ഒളിംപിക്‌ ഹോക്കി സംഘത്തെ തെരഞ്ഞെടുക്കും. അസ്‌ലം ഷാ ഹോക്കിയില്‍ മൂന്നാം സ്ഥാനമാണ്‌ ലഭിച്ചത്‌. ന്യൂസിലാന്‍ഡിനെ പോലെ അധികമാരുമറിയാത്തവര്‍ ഒന്നും അര്‍ജന്റീന രണ്ടും സ്ഥാനം നേടിയ ചാമ്പ്യന്‍ഷിപ്പില്‍ നമ്മുടെ മൂന്നാം സ്ഥാനം ക്ഷീണമാണ്‌. പക്ഷേ പാക്കിസ്‌താനെയും ഇംഗ്ലണ്ടിനെയുമെല്ലാം തോല്‍പ്പിക്കാനായ ആശ്വാസത്തിലും നോബ്‌സ്‌ പറയുന്നത്‌ ഫിനിഷിംഗ്‌ പരാധീനതകള്‍ തന്നെ. വേഗതയിലും തന്ത്രങ്ങളിലും ടീം മുന്നിലാണ്‌. പഴയത്‌ പോലെ തളരുന്നില്ല. പ്രൊഫഷണലിസത്തിന്റെ അവസാന വാക്കായി മാറാന്‍ ഫിനിഷിംഗിലെ പാളിച്ചകള്‍ അവസാനിപ്പിക്കണം. അര്‍ധാവസരങ്ങളെ പ്രയോജനപ്പെടുത്തി ഗോളിലേക്കുള്ള ഷോട്ടുകളില്‍ ജാഗ്രത പാലിക്കണം. മലേഷ്യന്‍ സംഘത്തില്‍ ഗുര്‍വീന്ദര്‍ സിംഗ്‌ ചാന്ദി, ഇഗ്‌നേസ്‌ ടിര്‍ക്കെ എന്നിവരുണ്ടായിരുന്നില്ല. സന്നിഗ്‌ദ്ധഘട്ടങ്ങളിലെ ശക്തരായ ഇടപെടലുകാരാണ്‌ രണ്ട്‌ പേരും. ഇവര്‍ പരുക്കില്‍ നിന്ന്‌ മുക്തരായതിനാല്‍ ലണ്ട്‌നിലേക്കുള്ള പതിനാറംഗ സംഘത്തിലുണ്ടാവും. ലണ്ടനിലേക്ക്‌ പോവുന്നതിന്‌ മുമ്പ്‌ യൂറോപ്യന്‍ കാലാവസ്ഥയുമായി പരിചിതമാവാനും വാം അപ്പിനുമായി ഇന്ത്യന്‍ ടീം ഫ്രാന്‍സില്‍ ഹ്രസ്വപര്യടനം നടത്തുന്നുണ്ട്‌. അവിടെ തന്നെ ചതുര്‍രാഷ്‌ട്ര ഹോക്കിയിലും കളിച്ചായിരിക്കും ലണ്ടനിലേക്ക്‌ വരുകയെന്ന്‌ നോബ്‌സ്‌ വ്യക്തമാക്കി. ഓസ്‌ട്രേലിയക്കാരന്‍ ലണ്ടന്‍ പ്രതീക്ഷകളെക്കുറിച്ച്‌ സംസാരിക്കാന്‍ തയ്യാറല്ല. ഓസ്‌ട്രേലിയ, ഹോളണ്ട്‌, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ പ്രബലര്‍. ഓരോ മല്‍സരവും നിര്‍ണായകം. ചോദിക്കാന്‍ എളുപ്പമാണ്‌-ജയിക്കുമോ. ഉത്തരത്തിനും എളുപ്പമാണ്‌ ജയിക്കും. പക്ഷേ രണ്ട്‌ ഉത്തരങ്ങള്‍ക്കും നടുവില്‍ ഒരു പ്രൊഫഷണലിസമുണ്ട്‌. അതാണ്‌ നോബ്‌സിന്റെ ചിരി. അതില്‍ നേരിയ പ്രതീക്ഷയാവാം.....

2 comments:

Basheer Vallikkunnu said...
This comment has been removed by the author.
Basheer Vallikkunnu said...

Varadoor Calling...