Saturday, June 16, 2012

OLYMPIAN BECKHAM


ഒരു ഒളിംപ്യനാവുക എന്നത്‌ ചെറിയ കാര്യമല്ല. പേരിനൊപ്പം ഒളിംപ്യന്‍ എന്ന വിശേഷണം ലഭിക്കണമെങ്കില്‍ ഒളിംപിക്‌സില്‍ പങ്കെടുത്താല്‍ മതി. സ്വര്‍ണമോ മറ്റ്‌ മെഡലുകളോ നേടേണ്ടതില്ല. ഒളിംപ്യന്മാര്‍ക്ക്‌ ലോക കായികവേദിയില്‍ വലിയ അംഗീകാരമുണ്ട്‌. ഡേവിഡ്‌ ബെക്കാം എന്ന ഇംഗ്ലീഷ്‌ ഫുട്‌ബോളറെ ലോകത്തിന്‌ പരിചയപ്പെടുത്താന്‍ പ്രത്യേക വിശേഷണങ്ങളൊന്നും വേണ്ട. കളിക്കളത്തിലും കളത്തിന്‌ പുറത്തും മിടുക്കന്‍. സോക്കര്‍ പ്രേമികള്‍ക്കും ഫാഷന്‍ പ്രേമികള്‍ക്കും സുപരിചിതന്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ദീര്‍ഘകാലം കളിച്ചു. സ്‌പാനിഷ്‌ ക്ലബായ റയല്‍ മാഡ്രിഡിന്റെ അണിയില്‍ കളിച്ചു. ഇപ്പോള്‍ ഫുട്‌ബോളിന്‌ വേരോട്ടം അധികമില്ലാത്ത അമേരിക്കയില്‍ ലോസാഞ്ചലസിലെ ഗ്യാലക്‌സി ക്ലബിനായി കളിക്കുന്നു. ലോകകപ്പും യൂറോയും കോണ്‍ഫെഡറേഷന്‍ കപ്പും ലോക ക്ലബ്‌ ഫുട്‌ബോളും യുവേഫ ചാമ്പ്യന്‍സ്‌ ലീഗും യുവേഫ യൂറോപ്പ ലീഗും ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗും സ്‌പാനിഷ്‌ ലാലീഗും അമേരിക്കന്‍ ലീഗുമെല്ലാം കളിച്ചുവെങ്കിലും ഒരു കുറവുണ്ട്‌ ബെക്കാമിന്‌-ഒളിംപ്യന്‍ എന്ന വിശേഷണം പേരിനൊപ്പമില്ല. ലോകം ആദരിക്കുന്ന ഫുട്‌ബോളര്‍മാരായ പെലെക്കും മറഡോണക്കും സിദാനുമൊന്നും ഈ വിശേഷണം ഇല്ലെങ്കിലും മെസിക്കുണ്ട്‌, കൃസ്‌റ്റിയാനോക്കുണ്ട്‌, ആധുനിക സോക്കറിലെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാമുണ്ട്‌. ബെക്കാമിന്‌ ഒളിംപ്യന്‍ മോഹം തലയില്‍ കയറിയത്‌ 2005 മുതലാണ്‌. ആ വര്‍ഷത്തിലാണ്‌ ഒളിംപിക്‌സ്‌ ആതിഥേയത്വം ലണ്ടന്‍ സിറ്റിക്ക്‌ ലഭിക്കാനുള്ള ശ്രമം ബ്രിട്ടിഷ്‌ ഒളിംപിക്‌ കമ്മിറ്റി ആരംഭിച്ചത്‌. നഗരത്തിന്‌ വേണ്ടി ബ്രാന്‍ഡ്‌ അംബാസിഡറുടെ കുപ്പായം സംഘാടകര്‍ നല്‍കിയത്‌ ബെക്കാമിന്‌. ലോക സോക്കറില്‍ ബെക്കാം കത്തിനില്‍ക്കുന്ന കാലമായിരുന്നു അത്‌. സസന്തോഷം ബെക്കാം ദൗത്യം ഏറ്റെടുത്തു. പലരോടും വോട്ട്‌ ചോദിച്ചു. ബെക്കാം ചോദിച്ചത്‌ കൊണ്ട്‌ മാത്രം പലരും വോട്ട്‌ നല്‍കി. അങ്ങനെ ലണ്ടന്‍ നഗരത്തിന്‌ ഒളിംപിക്‌ ആതിഥേയത്വം ലഭിച്ചത്‌ മുതലാണ്‌ ഒളിംപ്യന്‍ മോഹത്തിന്‌ കതിര്‌ വന്നത്‌. 2005 ല്‍ നിന്ന്‌ 2012 ലേക്ക്‌ വരുമ്പോള്‍ തനിക്ക്‌ പ്രായം കൂടുമെന്ന്‌ അറിയാമായിരുന്നതിനാല്‍ ബെക്കാം ആദ്യം മുതല്‍ തന്നെ ചില കരുനീക്കങ്ങള്‍ നടത്തിയിരുന്നു.
ഒളിംപിക്‌സിന്റെ മുഖ്യ സ്‌പോണ്‍സര്‍ സാംസംഗ്‌ കമ്പനിയാണ്‌.
ഇവരുടെ ബ്രാന്‍ഡ്‌ അംബാസിഡറാണ്‌ ബെക്കാം. സ്‌പോണ്‍സര്‍മാര്‍ക്ക്‌ ഗെയിംസ്‌ നടത്തിപ്പില്‍ വലിയ പങ്കുള്ളതിനാല്‍ സാംസംഗിന്റെ പൂര്‍ണ പിന്തുണ ബെക്കാമിനുണ്ട്‌. ഒളിംപിക്‌സില്‍ കളിക്കുന്ന ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ ടീമില്‍ ബെക്കാമിനെ ഉള്‍പ്പെടുത്തണമെന്ന്‌ സാംസംഗ്‌്‌ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ഒരു ഉറപ്പ്‌ നല്‍കാനും ഫുട്‌ബോള്‍ അസോസിയേഷന്‍ തയ്യാറായിരുന്നില്ല. 23 വയസ്സിന്‌ താഴെയുള്ള താരങ്ങളെയാണ്‌ ഒളിംപിക്‌ ടീമില്‍ ഉള്‍പ്പെടുത്താറുള്ളത്‌. ടീമില്‍ മൂന്ന്‌ സീനിയര്‍ താരങ്ങള്‍ക്ക്‌ പക്ഷേ അവസരം നല്‍കാം. ഈ കാര്യത്തില്‍ പരിശീലകനാണ്‌ അന്തിമവാക്ക്‌.
ടീമിന്റെ കോച്ച്‌ സ്‌റ്റിയുവര്‍ട്ട്‌ പിയേഴ്‌സ്‌ ഇത്‌ വരെ മനസ്സ്‌ തുറന്നിട്ടില്ല. 35 താരങ്ങള്‍ പേരുകള്‍ ഉള്‍പ്പെടുന്ന പ്രാഥമിക സാധ്യതാപ്പട്ടിക കോച്ച്‌ ഫിഫക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ഈ പട്ടികയില്‍ ബെക്കാമുണ്ടെന്നാണ്‌ സൂചന. ജൂലൈ ആറിനാണ്‌ അന്തിമ പതിനെട്ടംഗ ടീമിനെ പ്രഖ്യാപിക്കുക. ഈ സംഘത്തില്‍ വെറ്ററന്‍ സൂപ്പര്‍ താരമുണ്ടാവാനാണ്‌ വ്യക്തമായ സാധ്യതകള്‍.
രാജ്യത്തിപ്പോള്‍ ഒളിംപിക്‌ ടോര്‍ച്ച്‌ റിലേ നടക്കുകയാണ്‌. ഗ്രീസില്‍ നിന്ന്‌ ഒളിംപിക്‌ ദീപം ഏറ്റുവാങ്ങാന്‍ പോയത്‌ ബെക്കാമായിരുന്നു. ഒളിംപിക്‌ സംഘാടക സമിതിയുമായി എല്ലാ തരത്തിലും അദ്ദേഹം ബന്ധപ്പെടുന്നു. ഏതാവശ്യത്തിനും എപ്പോഴും ലഭിക്കുന്ന താരമായി ബെക്കാം മാറിയ സാഹചര്യത്തില്‍ ഒളിംപിക്‌ ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനായി കളിക്കുകയും അത്‌ വഴി ഒളിംപ്യന്‍ എന്ന വിശേഷണവും അദ്ദേഹത്തിന്‌ ലഭിക്കുമെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കാന്‍ തല്‍ക്കാലം ആരുമില്ല.
ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ ടീം ഇപ്പോള്‍ പോളണ്ടിലും ഉക്രൈനിലുമായി നടക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുകയാണ്‌. ഗ്രൂപ്പ്‌ ഡി യില്‍ കളിക്കുന്ന ടീം ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനോട്‌ തപ്പിതടഞ്ഞെങ്കിലും രണ്ടാം മല്‍സരത്തില്‍ സ്വീഡനെ മൂന്ന്‌ ഗോളിന്‌ തകര്‍ത്തിരുന്നു. യൂറോ നടക്കുന്നതിനാല്‍ ഫുട്‌ബോള്‍ ചര്‍ച്ചകളില്‍ ആ ടീം മാത്രമാണ്‌. യൂറോ കഴിയുന്നതോടെ ബെക്കാം ജ്വരം ഇംഗ്ലണ്ടിനെ പിടികൂടുമെന്നാണ്‌ കരുതുന്നത്‌. പ്രീമിയര്‍ ലീഗില്‍ ഇത്തവണ മാഞ്ചസ്റ്റര്‍ സിറ്റിക്കാരാണ്‌ കിരീടം സ്വന്തമാക്കിയത്‌. അവര്‍ മാത്രമല്ല പ്രീമിയര്‍ ലീഗ്‌ ക്ലബുകളും മുന്‍നിര താരങ്ങളും പരിശീലകരും ബെക്കാമിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ബെക്കാമിനെ പോലെ സീനിയറായ താരത്തിന്‌ അവസരം നല്‍കിയാല്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ കൂടുതല്‍ കാണികളെത്തുമെന്നും കരുതപ്പെടുന്നു.
ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലേക്ക്‌ ഇനി തിരിച്ചുവരാന്‍ ബെക്കാമിനാവില്ല. ഒളിംപിക്‌ ടീമില്‍ ഇടം നേടി സ്വന്തം നാട്ടില്‍ വെച്ച്‌ വിട പറയാനാണ്‌ അദ്ദേഹത്തിന്‌ മോഹം.

No comments: