Thursday, June 28, 2012

big TIGERS


നമ്മുടേത്‌ ഫെഡറല്‍ സമ്പ്രദായമാണ്‌. കേന്ദ്രത്തില്‍ ഒരു പരമാധികാര ഭരണക്കൂടം. അതിന്‌ കീഴില്‍ വിവിധ സംസ്ഥാന ഭരണക്കൂടങ്ങള്‍. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ വ്യവസ്ഥിതികളിലാണ്‌ ഫെഡറലിസം മുന്നോട്ട്‌ പോവുന്നത്‌. ഡോ.ബി.ആര്‍ അംബേദ്‌ക്കര്‍ രൂപം നല്‍കിയ ഭരണഘടനപ്രകാരം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അധികാരം വ്യക്തമായി നിശ്ചയിക്കപ്പെടുകയും നിര്‍ണയിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. കേന്ദ്രാധികാര വിസ്‌തീര്‍ണം സെന്‍ട്രല്‍ ലിസ്‌റ്റിലും സംസ്ഥാനാധികാര വിസ്‌തീര്‍ണം സ്‌റ്റേറ്റ്‌ ലിസ്റ്റിലും രണ്ട്‌്‌ പേര്‍ക്കും കൈകാര്യം ചെയ്യാവുന്ന വിഷയങ്ങള്‍ കണ്‍കറന്റ്‌ ലിസ്‌റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതില്‍ കായികാധികാരം കേന്ദ്രത്തിനുമില്ല, സംസ്ഥാനത്തിനുമില്ല-കണ്‍കറന്റ്‌ പട്ടികയിലാണ്‌. അതായത്‌ രണ്ടാള്‍ക്കും അധികാരം സംബന്ധമായി സംശയങ്ങള്‍. ഇത്‌ മുതലെടുത്ത്‌ കായിക സംഘടനക്കാര്‍ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളായി മാറിയിരിക്കുന്നു. ചോദിക്കാനും പറയാനും ആരുമില്ലാതെ വരുമ്പോള്‍ സംഘടനക്കാര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും അഖിലേന്ത്യാ ടെന്നിസ്‌ അസോസിയേഷനുമെല്ലാം സ്വതന്ത്ര ഭൂമികകളാണ്‌. അവിടെ ഭരിക്കുന്നവരുടെ ഖജനാവില്‍ കോടികളുണ്ട്‌ (ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനായാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌-യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബുകളായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും റയല്‍ മാഡ്രിഡും പിറകില്‍...!) പാവത്താന്മാരാണ്‌ പലപ്പോഴും നമ്മുടെ കായിക മന്ത്രിമാര്‍. ഒരു ജോലിയുമില്ലാത്ത സഹമന്ത്രിപ്പണി. ഡല്‍ഹിയില്‍ ഒരു ഓഫീസും ഒരു കാറും ഒരു ബംഗ്ലാവും ലഭിക്കും. വെറുതെ മിണ്ടാതിരുന്ന്‌ കാലം കഴിച്ചാല്‍ മതി. നമ്മുടെ താരങ്ങള്‍ എന്തെങ്കിലുമൊക്കെ നേടിയാല്‍ ഒന്നഭിനന്ദിക്കുക, അല്ലറ-ചില്ലറ ഉദ്‌ഘാടനങ്ങള്‍ നടത്തുക-അത്ര മതി. സ്വതന്ത്ര ഭൂമികക്കാരെ തൊടാനോ അവര്‍ക്കെതിരെ സംസാരിക്കാനോ മുതിര്‍ന്ന്‌ വെറുതെ പുലിവാല്‌ പിടിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. എന്തിന്‌ വെറുതെ പുലിവാല്‌ പിടിക്കണം എന്ന നയക്കാരായിരുന്നു എം.എസ്‌ ഗില്ലും ഉമാഭാരതിയും ദിവംഗതനായ സജ്ഞയ്‌ ദത്തുമെല്ലാം. അജയ്‌ മാക്കനാണ്‌ നിലവില്‍ നമ്മുടെ കായിക മന്ത്രി. അദ്ദേഹത്തിന്‌ വെറുതെയിരിക്കാന്‍ താല്‍പ്പര്യമില്ലാത്തത്‌ കൊണ്ട്‌ സ്വതന്ത്രവാദികളുടെ കണ്ണിലെ കരടാണ്‌ കക്ഷി. കല്‍മാഡിയും ശരത്‌ പവാറും പ്രഫുല്‍ പട്ടേലുമെല്ലാം മാക്കനെതിരെ നമ്പര്‍ ടെന്‍ ജന്‍പഥിലും കോണ്‍ഗ്രസ്‌ ആസ്ഥാനത്തും പരദൂഷണം പറയുന്ന തിരക്കിലാണ്‌....
ഇത്രയും പറഞ്ഞത്‌ മഹാരാഷ്‌ട്ര, ഹരിയാന സര്‍ക്കാരുകളെക്കുറിച്ച്‌ പറയാനാണ്‌. സ്വന്തം സംസ്ഥാനത്ത്‌ നിന്നുള്ള ഒളിംപിക്‌സ്‌ യോഗ്യത നേടിയ താരങ്ങള്‍ക്ക്‌ ഈ സംസ്ഥാന ഭരണക്കൂടങ്ങള്‍ പതിനഞ്ച്‌ ലക്ഷം രൂപ വീതം ഇന്നലെ സഹായം പ്രഖ്യാപിച്ചു. നമ്മുടെ നാട്ടിലുമുണ്ട്‌ ലണ്ടന്‍ ടിക്കറ്റ്‌ നേടിയ പലരും. ഇപ്പോള്‍ കൃത്യമായി പറഞ്ഞാല്‍ ആറ്‌ പേര്‍-അതില്‍ അഞ്ചും കോഴിക്കോട്ടുകാര്‍. ഇവരില്‍ ഒരാളുടെ കാര്യം ഈ പംക്തിയില്‍ എഴുതിയിരുന്നു. അതിന്‌ ഗുണവുമുണ്ടായി. കെ.ടി ഇര്‍ഫാന്‍ എന്ന മലപ്പുറത്തുകാരനായ താരത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ താല്‍പ്പര്യമെടുത്തു. ഏറനാട്‌ നിയോജകമണ്ഡലം ജനപ്രതിനിധിയായ പി.കെ ബഷീര്‍ വിഷയം മുഖ്യമന്ത്രിയെയും കായിക മന്ത്രിയയെും ധരിപ്പിച്ചു. ചന്ദ്രികയുടെ വാര്‍ത്താക്കട്ടിംഗുകള്‍ നല്‍കി. അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടു. ബുധനാഴച്ച രാത്രിയിലെ മന്ത്രിസഭാ യോഗത്തില്‍ സഹായം തീരുമാനിക്കപ്പെട്ടു. തുക നിശ്ചയിക്കാന്‍ ഇര്‍ഫാന്റെ നിലവിലെ പരിശീലന പരിപാടികളും ലണ്ടന്‍ യാത്രയുമെല്ലാം പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അടുത്ത ക്യാബിനറ്റില്‍ തുക നിശ്ചയിക്കപ്പെടും.
ഇങ്ങനെ സഹായം തേടേണ്ടവരാണോ താരങ്ങള്‍...? ചൈനയിലെ ഒരു അനുഭവസാക്ഷ്യം പറയാം. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിന്‌ പോയപ്പോള്‍ ഒരു സ്‌ക്കൂള്‍ സന്ദര്‍ശിച്ചു. രാവിലെ ആറ്‌ മുതല്‍ എട്ട്‌ വരെ എല്ലാ കുട്ടികള്‍ക്കും നീന്തല്‍ നിര്‍ബന്ധമായ പാഠ്യവ്യവസ്ഥ. കൊച്ചുകുട്ടികള്‍ (നാല്‌ വയസ്‌ മുതല്‍) രാവിലെ നീന്തല്‍ പഠിക്കുന്നു. രണ്ട്‌ വര്‍ഷത്തെ ഈ പഠനത്തിന്‌ ശേഷം കുട്ടികളുടെ അഭിരുചികള്‍ അറിയാനുളള കായിക പരീക്ഷണങ്ങള്‍. മികവ്‌ തെളിയിക്കുന്നവരെ അതേ മേഖലയില്‍ കൂടുതല്‍ പരിശീലനത്തിന്‌ വിടുന്നു. എല്ലാവരുടെയും എല്ലാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.
നമ്മുടെ നാട്ടിലോ-അക്കാദമിക്‌ വിഷയങ്ങളില്‍ സ്‌പോര്‍ട്‌സ്‌ വരുന്നതേയില്ല. കായിക ബില്ല്‌ വരുന്നു,വന്നു എന്നൊക്കെ പറയാന്‍ തുടങ്ങിയിട്ട്‌ കാലമല്‍പ്പമായി. അക്കാദമികളില്ലെന്ന്‌ പറയുന്നില്ല കടലാസില്‍ കൂറെയെണ്ണമുണ്ട്‌്‌്‌. സ്‌പോര്‍ട്‌സ്‌ സര്‍വകലാശാലയെക്കുറിച്ച്‌ ചില വിദഗ്‌ദ്ധര്‍ പറഞ്ഞപ്പോള്‍ അവരെ ചിലരെല്ലാം കൊഞ്ഞനം കുത്തി. നിലവിലെ സാഹചര്യത്തില്‍ കായിക സര്‍വകലാശാല എന്ന്‌ പറഞ്ഞാല്‍ അത്‌ പണം കൊള്ളയടിക്കാനുള്ള മറ്റൊരു കായിക വഴിയാവും. കായികമായ പുഠനങ്ങളും റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും സെമിനാറുകളും ഇവിടെ നടക്കുന്നുണ്ട്‌. ഞങ്ങളെല്ലാം പങ്കെടുക്കാറുണ്ട്‌. അതെല്ലാം ചടങ്ങുകളായി അവസാനിക്കുമ്പോള്‍ സംഘടനക്കാര്‍ ക്ഷമാശീലരായി സ്വന്തം കസേരകളില്‍ അള്ളിപിടിച്ചിരിക്കുന്നു.
സാനിയ മിര്‍സ കഴിഞ്ഞ ദിവസം തുറന്നടിച്ചതില്‍ ആ താരത്തെ എങ്ങനെ കുറ്റം പറയും...? ഉള്ളിലടക്കിവെച്ച വിദേഷ്വവും വേദനയുമെല്ലാം സാനിയ പ്രകടിപ്പിച്ചപ്പോള്‍ അസോസിയേഷന്‍കാര്‍ പതിവ്‌ പോലെ എല്ലാ പഠിക്കുമെന്ന മറുപടി നല്‍കി. ഒളിംപിക്‌സ്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ ഒരു പ്രധാന താരം ഈ വിധം അധികാരികള്‍ക്കെതിരെയും സ്വന്തം മിത്രങ്ങള്‍ക്കെതിരെയും സംസാരിക്കുമ്പോള്‍ അത്‌ ടീമിന്റെ സാധ്യതകളെ വളരെ ദോഷകരമായി ബാധിക്കും. ഇവിടെ മാത്രം നടക്കുന്ന സംഭവവികാസങ്ങളാണിതെല്ലാം. മറ്റൊരു രാജ്യത്തും ഈ വിധം താരങ്ങള്‍ വേട്ടയാടപ്പെടില്ല, താരങ്ങള്‍ പ്രതികരിക്കുകയുമില്ല.
ഇപ്പോള്‍ താരങ്ങള്‍ക്ക്‌ സഹായങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. ലക്ഷങ്ങള്‍ നല്‍കി കൊണ്ടുള്ള ഈ കണ്ണില്‍ പൊടിയിടല്‍ മാധ്യമങ്ങള്‍ക്ക്‌ വേണ്ടിയാവരുത്‌. ഇര്‍ഫാനെ പോലുള്ളവരെ വളര്‍ത്താനും കായിക പ്രതിഭകളെ കണ്ടെത്താനും സംരക്ഷിക്കാനും ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കണം. സ്‌പോര്‍ട്‌സ്‌ കൗണ്‍സിലും കേരളാ ഒളിംപിക്‌ അസോസിയേഷനും സായിയുമെല്ലാം ഈ കാര്യത്തില്‍ അല്‍പ്പമെങ്കിലും താല്‍പ്പര്യമെടുക്കണം.

No comments: