Wednesday, June 13, 2012

EXPECT ONLY ONE WIN



ജര്‍മനി, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്‌, ബെല്‍ജിയം,ഹോളണ്ട്‌-ലോക ഹോക്കിയില്‍ വലിയ വിലാസമുള്ളവര്‍. ലണ്ടനില്‍ ഇവരെല്ലാം കളിക്കുന്ന ഗ്രൂപ്പ്‌ ബി യിലാണ്‌ ഇന്ത്യയും. ആദ്യ മല്‍സരത്തില്‍ തന്നെ പ്രതിയോഗികള്‍ നിരവധി തവണ ലോകപ്പട്ടം സ്വന്തമാക്കിയ ഡച്ചുകാര്‍. രണ്ടാം മല്‍സരം ഇന്ത്യയെക്കാള്‍ നന്നായി അതിവേഗ ഹോക്കി കളിക്കുന്ന ന്യൂസിലാന്‍ഡുമായി. നിലവിലെ ഒളിംപിക്‌ ജേതാക്കളായ ജര്‍മനിയുമാണ്‌ മൂന്നാം മല്‍സരം. ഏഷ്യന്‍ ഹോക്കിയില്‍ ഇന്ത്യന്‍ ആധിപത്യത്തിന്‌ അന്ത്യമിട്ടവരില്‍ പ്രധാനികളായ കൊറിയക്കാരുമായി നാലം മല്‍സരം. ഗ്രൂപ്പില്‍ ഇന്ത്യക്ക്‌ തോല്‍പ്പിക്കാന്‍ കഴിയുന്നവരായി ആകെയുള്ളത്‌ ബെല്‍ജിയമാണ്‌. അവരുമായി അവസാനത്തിലാണ്‌ മല്‍സരം.
ഇത്രയും മുഖവുരയായി പറഞ്ഞത്‌ പ്രതീക്ഷകളെ താലോലിക്കരുത്‌ എന്ന്‌ കരുതി തന്നെയാണ്‌. ഒരു മല്‍സരത്തില്‍ ജയിച്ചാലാണ്‌ അല്‍പ്പം ഊര്‍ജ്ജം ലഭിക്കുക. ലണ്ടനില്‍ ജയവും ഊര്‍ജ്ജവും ലഭിക്കാന്‍ വിയര്‍ക്കേണ്ടി വരും. ഈയിടെ മലേഷ്യന്‍ നഗരമായ ഇപ്പോയില്‍ സമാപിച്ച സുല്‍ത്താന്‍ അസ്ലം ഷാ ഹോക്കിയില്‍ ഇന്ത്യക്ക്‌ മൂന്നാം സ്ഥാനമാണ്‌ കിട്ടിയത്‌. ഈ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷകളാവാമെന്ന്‌ പറയുന്നവരും ഓസ്‌ട്രേലിയക്കാരാനയ കോച്ച്‌ നോബ്‌സിന്റെ പ്രൊഫഷണല്‍ സമീപനത്തില്‍ വിശ്വസിക്കുന്നവരുവുമുണ്ടാവാം. പക്ഷേ ഇപ്പോയില്‍ കളിച്ച ടീമുകളില്ലെല്ലാം ജൂനിയര്‍ താരങ്ങളായിരുന്നു. പരീക്ഷണാര്‍ത്ഥമാണ്‌ എല്ലാവരും അസ്‌ലം ഷാ ഹോക്കിക്ക്‌ ടീമിനെ അയച്ചത്‌. നമ്മള്‍ പാക്കിസ്‌താനെ തോല്‍പ്പിച്ചതാണ്‌ കാര്യമായ നേട്ടം. അപ്പോഴും ചാമ്പ്യന്‍ഷിപ്പ്‌ നേടിയവര്‍ ന്യൂസിലാന്‍ഡുകാരാണ്‌ എന്ന സത്യം മുന്നിലുണ്ട്‌.
ഗോള്‍ക്കീപ്പര്‍ ഭരത്‌ ചേത്രിയാണ്‌ നമ്മുടെ നായകന്‍. പി.ആര്‍ ശ്രീജേഷ്‌ എന്ന മലയാളി കീപ്പറാണ്‌ ചേത്രിയുടെ സഹായി. ഇഗ്നേസ്‌ ടിര്‍ക്കെ, സന്ദീപ്‌ സിംഗ്‌, സര്‍ദാര്‍ സിംഗ്‌, ശിവേന്ദ്രസിംഗ്‌, തുഷാര്‍ ഖണ്ഡേക്കര്‍, ധരംവീര്‍ സിംഗ്‌ തുടങ്ങിയ യുവനിരക്കാരുമുണ്ട്‌.
പക്ഷേ ഹോളണ്ടിനോട്‌ എങ്ങനെ ജയിക്കും...? ഒളിംപിക്‌ പാര്‍ക്കിലെ റിവര്‍ബാങ്ക്‌ അറീനയിലെ കൃത്രിമ ടര്‍ഫിലാണ്‌ മല്‍സരങ്ങള്‍. ഇത്തരം ട്രാക്കില്‍ അതിവേഗത്തില്‍ കളിക്കുന്ന ഡച്ചുകാര്‍ക്കെതിരെ ഒരു തരത്തിലും ഇന്ത്യക്ക്‌ പിടിച്ചുനില്‍ക്കാനാവില്ല. ജര്‍മനിയും കൊറിയയുമെല്ലാം ഇന്ത്യയെക്കാള്‍ മികച്ചവരാണ്‌.
ഒളിംപിക്‌സ്‌ ചരിത്രത്തില്‍ ഇന്ത്യക്ക്‌ ഹോക്കി നേട്ടങ്ങള്‍ പലതുണ്ട്‌. 1928 ലെ ഒളിംപിക്‌സ്‌ മുതല്‍ എട്ട്‌ തവണ നമ്മള്‍ സ്വര്‍ണം നേടി. ഈ കാലയളവില്‍ നമ്മള്‍ പരീക്ഷണങ്ങളോട്‌ മുഖം തിരിച്ചു. പരമ്പരാഗത ഹോക്കിയില്‍ കണ്ണുമടച്ച്‌ വിശ്വസിച്ചു. വേഗമാര്‍ന്ന നീക്കങ്ങളുമായി പ്രതിയോഗികള്‍ പരീക്ഷണങ്ങളിലൂടെ വളര്‍ന്നപ്പോള്‍ ഹോക്കിയിലെ സ്വര്‍ണം ഇന്ത്യക്ക്‌ അന്യമായി തുടങ്ങി. നാല്‌ വര്‍ഷം മുമ്പ്‌ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ ടീമിന്‌ യോഗ്യത പോലും നേടാനായില്ല എന്ന ദയനീയതയില്‍ കാര്യങ്ങളെത്തി.
ഇത്തവണ എന്തായാലും യോഗ്യത തന്നെ മെഡലാണ്‌. മികച്ച പ്രകടനങ്ങളുമായി അന്തസ്‌ നിലനിര്‍ത്തണം. കുറ്റങ്ങളും കുറവുകളും മാത്രമാണ്‌ ടീമിന്റെ വിലാസം. വലിയ വേദികളിലെ പരിഭ്രാന്തി ഇനിയുമകന്നിട്ടില്ല. 2010 ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ ഫൈനല്‍ തോല്‍വി, 2010 ലെ ഗോഞ്ചു ഏഷ്യന്‍ ഗെയിംസിലെ സെമി തോല്‍വി-സമീപകാലത്തെ ഈ രണ്ട്‌ തോല്‍വികള്‍ നേരില്‍ കണ്ട്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഡല്‍ഹിയില്‍ നാട്ടുകാരുടെ പിന്തുണയില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി പ്രതിയോഗികളെ തറപറ്റിച്ചിരുന്നു ടിര്‍ക്കെയുടെ ടീം. മലേഷ്യക്കെതിരെ 3-2 ന്റെ ജയം, ഓസ്‌ട്രേലിയക്കെതിരെ തോല്‍വി (2-5), സ്‌ക്കോട്ട്‌ലാന്‍ഡിനെതിരെ നാല്‌ ഗോള്‍ ജയം, ബദ്ധവൈരികളായ പാക്കിസ്‌താനെതിരെ 7-4 ന്റെ മിന്നല്‍ ജയം. ധ്യാന്‍ചന്ദ്‌ നാഷണല്‍ സ്റ്റേഡിയത്തിലെ ഈ മല്‍സരം മറക്കാനാവില്ല. സന്ദീപ്‌ സിംഗും ശിവേന്ദ്രയും സരവ്‌ജിത്തും മുജ്‌തബയും ധരംവീറുമെല്ലാം ഗോള്‍വേട്ട നടത്തിയപ്പോള്‍ നിറഞ്ഞ്‌ മറിഞ്ഞ സ്‌റ്റേഡിയം. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമെല്ലാം കളി കാണാന്‍ വന്ന കാഴ്‌ച്ച..... സെമിയില്‍ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയ ടീം പക്ഷേ അവസാന മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാരോട്‌ വാങ്ങിയത്‌ എട്ട്‌ ഗോളുകളാണ്‌.
ചൈനീസ്‌ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ എല്ലാ മല്‍സരങ്ങള്‍ക്കും സാക്ഷിയാവാനായിരുന്നു. ഗ്രൂപ്പ്‌ ബിയില്‍ സന്ദിപും ഹാലപ്പയും ശിവേന്ദ്രയും ഫോമിലെത്തിയ ദിവസത്തില്‍ ഹോംഗ്‌കോംഗിനെതിരെ ഏഴ്‌ ഗോളിന്റെ തകര്‍പ്പന്‍ വിജയം, രണ്ടാം മല്‍സരത്തില്‍ നാട്ടുകാരായ ബംഗ്ലാദേശിനെതിരെ ഒമ്പത്‌ ഗോളിന്റെ ജയം, നിര്‍ണായകമായ മൂന്നാം മല്‍സരത്തില്‍ പാക്കിസ്‌താനെതിരെ 3-2 ന്റെ ജയം. ആ മല്‍സരമായിരുന്നു ഏറെ ആവേശകരമായത്‌. മൂന്നാം മിനുട്ടില്‍ സന്ദീപിന്റെ ഗോള്‍-ഞങ്ങള്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം തുള്ളിച്ചാടി. അരികിലുള്ള പാക്കിസ്‌താനികളായ മാധ്യമ പ്രവര്‍ത്തകര്‍ പക്ഷേ അടുത്ത മിനുട്ടില്‍ തന്നെ മുദ്രാവാക്യവുമായി എഴുന്നേറ്റു-നാലാം മിനുട്ടില്‍ തന്നെ ഭട്ട്‌ പാക്കിസ്‌താനായി തിരിച്ചടിച്ചു. ധരംവീറിലുടെ പതിനാറാം മിനുട്ടില്‍ ഇന്ത്യക്ക്‌ ലീഡ്‌, അബ്ബാസിയിലൂടെ പാക്കിസ്‌താന്‍ രണ്ടാം പകുതിയില്‍ തിരിച്ചെത്തി. 48-ാം മിനുട്ടില്‍ സന്ദീപ്‌ വിജയ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ തുടങ്ങിയ ആഘോഷം ഇപ്പോഴും മനസ്സിലുണ്ട്‌. കളിക്ക്‌ ശേഷം ഞങ്ങള്‍ ഇന്ത്യ-പാക്കിസ്‌താന്‍ മാധ്യമ പ്രവര്‍ത്തകര്‍ പതിവ്‌ പോലെ ഭായ്‌-ഭായ്‌ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ്‌ ആവോട്ടിയിലെ ഹോക്കി ഫീല്‍ഡ്‌ വിട്ടത്‌. സെമിയില്‍ പക്ഷേ ടീം നിരാശപ്പെടുത്തി. ജയിക്കാമായിരുന്ന മലേഷ്യക്കെതിരായ പോരാട്ടത്തില്‍ മികച്ച പ്രകടനത്തിലും അവസാന നിമിഷത്തിലെ പതര്‍ച്ചയില്‍ തോറ്റ്‌ മൂന്നാം സ്ഥാനക്കാരായി. സന്ദീപും ഖണ്ഡേക്കറും രാജ്‌പാലുമെല്ലാം ഗോള്‍ നേടിയിട്ടും അധികസമയത്തെ ഗോള്‍ വില്ലനായി. കൊറിയക്കാരെ തോല്‍പ്പിച്ച്‌ വെങ്കലം നേടിയത്‌ വലിയ അംഗീകാരമായിരുന്നില്ല. ഏഷ്യന്‍ ഗെയിംസ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ ഗോഞ്ചുവില്‍ നിന്ന്‌ ബാങ്കോക്കിലേക്കുള്ള വിമാനത്തില്‍ തൊട്ടിരികിലുണ്ടായിരുന്നു പാക്കിസ്‌താന്‍ ഹോക്കിയിലെ ഇതിഹാസം താരം സുഹൈല്‍ അബ്ബാസ്‌. രണ്ട്‌ മണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചത്‌ പത്രപ്രവര്‍ത്തന കരിയറിലെ മറക്കാനാവാത്ത സമയം.
ഹോംഗ്‌കോംഗിനെയും ബംഗ്ലാദേശിനെയും തോല്‍പ്പിച്ചത്‌ പോലെ ഡച്ചുകാരെയും ന്യൂസിലാന്‍ഡിനെയും തോല്‍പ്പിക്കാനാവില്ല. ഗോഞ്ചുവില്‍ കളിച്ചത്‌ പോലെ പരമ്പരാഗതമായി നീങ്ങാനുമാവില്ല. പിടിച്ചുനില്‍ക്കാനുള്ള കരുത്ത്‌-അത്‌ സമ്പാദിച്ചാല്‍ തോല്‍വിയുടെ ആഴം കുറക്കാം. മെഡലെന്ന അതിമോഹത്തേക്കാള്‍ ഒരു ജയമെങ്കിലുമെന്ന യാഥാര്‍ത്ഥ്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതാണ്‌ നല്ലത്‌.

No comments: