Saturday, June 30, 2012

THALANARIZHA... ethra manoharamaya padam


തലനാരിഴ
എത്ര മനോഹരപദം
തലനാരിഴ-ഈ മലയാളപദം ഏറ്റവുമധികം ഉപയോഗിച്ചവര്‍ കായിക പത്രപ്രവര്‍ത്തകരാണ്‌. 1984 ലെ ലോസാഞ്ചലസ്‌ ഒളിംപിക്‌സ്‌ മുതല്‍ പറയുകയും എഴുതുകയും ചെയ്യുന്ന പദത്തിന്റെ ആയുസ്സ്‌ എന്തായാലും അതിദീര്‍ഘമാണ്‌. ഒളിംപിക്‌സുകള്‍ ഇനിയെത്ര വന്നാലും അപ്പോഴെല്ലാം നമ്മള്‍ തലനാരിഴയെ പ്രകീര്‍ത്തിക്കും. പി.ടി ഉഷ എന്ന നമ്മുടെ പ്രിയപ്പെട്ട പയ്യോളിക്കാരിക്ക്‌ ലോസാഞ്ചലസിലെ ട്രാക്കില്‍ ഒരു മെഡല്‍ നഷ്‌ടമായത്‌ മുതല്‍ എല്ലാവരുടെയും പ്രിയപ്പെട്ട പദമായ മുടിനാരിഴയുടെ ചരിത്രം പറയാം.
ലോസാഞ്ചലസ്സിലാണ്‌ ആദ്യമായി വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ്‌ മല്‍സരം ഒളിംപിക്‌ ഇനമാക്കിയത്‌. ഈ ഇനത്തിലേക്ക്‌ ഇന്ത്യ ഉഷയെ രംഗത്തിറക്കുകയായിരുന്നില്ല. ഉഷ താല്‍പ്പര്യമെടുക്കുകയായിരുന്നു. കേരളത്തിലെ സ്‌ക്കൂള്‍ മീറ്റുകളിലുടെ ശ്രദ്ധിക്കപ്പെട്ട ഉഷ 1982 ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 100,200 മീറ്ററുകളില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. തുടര്‍ന്ന്‌ റഷ്യന്‍ ആസ്ഥാനമായ മോസ്‌ക്കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തപ്പോഴാണ്‌ സ്‌പ്രിന്റ്‌്‌ ഇനങ്ങള്‍ തനിക്ക്‌ കടുപ്പമേറിയതാണെന്ന സത്യം ഉഷയറിയുന്നത്‌. ഏഴ്‌ പേര്‍ മല്‍സരിച്ച 100 മീറ്ററില്‍ ആറാം സ്ഥാനവും 39 പേര്‍ മല്‍സരിച്ച 200 മീറ്ററില്‍ 31-ാം സ്ഥാനവും. സ്‌പ്രിന്റില്‍ നിന്ന്‌ 400 ലേക്ക്‌ മാറിയ ഉഷ കുവൈറ്റില്‍ നടന്ന ഏഷ്യന്‍ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ മീറ്റില്‍ സ്വര്‍ണം നേടിയതോടെയാണ്‌ ഒളിംപിക്‌സിലെ ഹര്‍ഡില്‍സ്‌ മല്‍സരത്തിലേക്ക്‌ ചിന്ത ഗൗരവതരമായി വന്നത്‌. 55.7 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത്‌ അനായാസം ഒളിംപിക്‌ യോഗ്യതയും കരസ്ഥമാക്കി. ലോസാഞ്ചലസില്‍ 56.81 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത്‌ സെമിയിലെത്തിയ ഉഷ അവിടെ കാഴ്‌ച്ചവെച്ച പ്രകടനം ഞെട്ടിക്കുന്നതായിരുന്നു. 55.54 സെക്കന്‍ഡില്‍ പുതിയ കോമണ്‍വെല്‍ത്ത്‌ റെക്കോര്‍ഡുമായി ഫൈനല്‍ ബെര്‍ത്ത്‌. ആ പ്രകടനം വഴിയാണ്‌ ഉഷ മെഡല്‍ നേടുമെന്ന പ്രതീക്ഷ കൈവന്നത്‌. മാതൃഭൂമിയുടെ റിപ്പോര്‍ട്ടറായിരുന്ന വി.രാജഗോപാല്‍, ഗള്‍ഫ്‌ ടൈംസിന്റെ മലയാളി ലേഖകന്‍ ബാബു മേത്തര്‍, ദി ഹിന്ദുവിന്റെ ത്യാഗരാജന്‍, ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ദത്ത, ഇന്ത്യന്‍ എക്‌സ്‌പ്രസിന്റെ അദ്വാനി, പി.ടി.ഐയുടെ ജഗന്നാഥ്‌ റാവു, യു.എന്‍.ഐയുടെ ഗോപേഷ്‌മെഹ്‌റ, ആകാശവാണിയുടെ ജസ്‌ദേവ്‌ സിംഗ്‌ ഉള്‍പ്പെടെ പത്തോളം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകളില്‍ ഉഷ മെഡല്‍ നേടുമെന്ന ഉറപ്പ്‌. ഒരു ഒളിംപിക്‌ സെമിഫൈനലില്‍ ഇത്ര മികവില്‍ ഒരു ഇന്ത്യന്‍ താരം ഫിനിഷ്‌ ചെയ്‌തിരുന്നില്ല.
മൊറോക്കോയുടെ നവാല്‍ അല്‍ മുത്തവക്കല്‍, അമേരിക്കയുടെ ജൂഡി ബ്രൗണ്‍, ഇന്ത്യയുടെ പി.ടി.ഉഷ, റുമേനിയയുടെ ക്രിസ്റ്റീയ കോജോറു-ഈ നാല്‌ താരങ്ങള്‍ തമ്മിലായിരിക്കും മെഡല്‍ പോരാട്ടമെന്ന്‌ പാശ്ചാത്യ മാധ്യമങ്ങള്‍ പോലുമെഴുതി.
ഓഗസ്‌റ്റ്‌ എട്ടിന്‌ ഇന്ത്യന്‍ സമയം പുലര്‍ച്ചയോടെയായിയരുന്നു മല്‍സരം. ടെലിവിഷന്‍ ചാനലുകളൊന്നും ഇന്നത്തെ പോലെയില്ലാത്ത കാലം. ആകാശവാണിയും പിന്നെ ബി.ബി.സി റേഡിയോയും മാത്രമായിരുന്നു വാര്‍ത്തകളെ തല്‍സമയം അറിയാനുള്ള ആകെ മാര്‍ഗ്ഗം. ഫൈനലില്‍ ഉഷക്ക്‌ തകര്‍പ്പന്‍ തുടക്കം കിട്ടി-പക്ഷേ കുട്ടുകാരിയുടെ ഫൗള്‍ സ്റ്റാര്‍ട്ടില്‍ മല്‍സരം വീണ്ടും. ഇത്തവണ ഉഷക്ക്‌ നല്ല സ്റ്റാര്‍ട്ട്‌ കിട്ടിയില്ല. പക്ഷേ മൂന്നാം വളവില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉഷ ഫിനിഷിംഗിലേക്ക്‌. തൊട്ട്‌ മുന്നില്‍ മുത്തവക്കീല്‍, അതിന്‌ പിറകെ ബ്രൗണ്‍-പിന്നെ ഉഷ.........ഞെട്ടിക്കുന്ന ഫിനിഷിംഗ്‌. സ്‌പോട്ടില്‍ തന്നെ പ്രഖ്യാപനം വന്നു. ഉഷക്ക്‌ മൂന്നാം സ്ഥാനം. പക്ഷേ അതേ നിമിഷം തന്നെ കോജോറുവും ഫിനിഷ്‌ ചെയ്‌തതായി വാര്‍ത്ത. ഉടന്‍ തന്നെ തീരുമാനം ഫോട്ടോ ഫിനിഷ്‌ യന്ത്രത്തിലേക്ക്‌. അവിടെ ഉഷയെക്കാള്‍ തലനാരിഴ മുന്നില്‍ കോജോറുവിന്റെ ചുമലുണ്ടായിരുന്നു. അങ്ങനെ നാലാം സ്ഥാനം...
അന്ന്‌ മുതല്‍ തലനാരിഴ വിഷയം നമ്മള്‍ ചര്‍ച്ച ചെയ്യുന്നു. ഇന്നും ആ ചര്‍ച്ച തുടരുന്നു. ഫൈനലില്‍ തന്റെ ചുമല്‍ ഒന്ന്‌ മുന്നോട്ടാഞ്ഞിരുന്നുവെങ്കില്‍ നിസ്സംശയം ഉഷക്ക്‌ മൂന്നാം സ്ഥാനം ലഭിക്കുമായിരുന്നു. അന്ന്‌ അങ്ങനെ പറഞ്ഞ്‌ കൊടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒ.എം നമ്പ്യന്‍ എന്ന ശരാശരി പരിശീലകന്‌ യുദ്ധ തന്ത്രങ്ങളൊന്നും അറിയില്ലായിരുന്നു. ഇന്നത്തെ മല്‍സരങ്ങള്‍ നോക്കുക-ഫിനിഷിംഗില്‍ എല്ലാ താരങ്ങളും പ്രകടിപ്പിക്കുന്ന ജാഗ്രത അപാരമാണ്‌. പുത്തന്‍ പരിശീലകരും പുതിയ സാങ്കേതിക വിദ്യകളും തന്ത്രങ്ങളുമെല്ലാം എല്ലാവരും ഉപയോഗപ്പെടുത്തുന്നു. നമ്മളോ....?
ലോസാഞ്ചലസ്സിന്‌ ശേഷം എത്രയോ ഒളിംപിക്‌സുകള്‍ കഴിഞ്ഞു.ട്രാക്കില്‍ ആര്‍ക്കും ഒന്നും ചെയ്യാനായില്ല. 84 ലെ ഉഷയുടെ അനുഭവം പാഠമാക്കി തെറ്റ്‌ തിരുത്തല്‍ നയവുമായി മുന്നോട്ട്‌ പോയിരുന്നെങ്കില്‍ തീര്‍ച്ചയായും മെഡലുകള്‍ നേടാമായിരുന്നു. ലോസാഞ്ചലസ്‌ ദുരന്തത്തിന്‌ ശേഷം ഉഷയെ ആശ്വസിപ്പിക്കാന്‍ എല്ലാവരുമുണ്ടായിരുന്നു. രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗും പ്രധാനമന്ത്രി രാജിവ്‌ ഗാന്ധിയും ഭരണക്കൂടവുമെല്ലാം ഉഷക്ക്‌ എല്ലാം വാഗ്‌ദാനം ചെയ്‌തു. പക്ഷേ അത്‌ കേവല വാഗ്‌ദാനം മാത്രമായിരുന്നു. ഉഷയെ എല്ലാവരും അംഗീകരിച്ചപ്പോള്‍ പലര്‍ക്കും അതങ്ങ്‌ ദഹിച്ചില്ല. അറിയാവുന്ന പരദൂഷണായുധവുമായി അവര്‍ സജീവമായി. അതോടെ ഉഷയും തളര്‍ന്നു.
ചൈനയെ നോക്കുക-1984 ലെ ലോസാഞ്ചലസ്‌ ഒളിംപിക്‌സ്‌ മെഡല്‍ ടേബിളില്‍ അവര്‍ അമേരിക്കക്കും റുമേനിയക്കും പശ്ചിമ ജര്‍മനിക്കും പിറകെ 15 സ്വര്‍ണവുമായി നാലാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ഒളിംപിക്‌സില്‍ അവര്‍ വന്‍ കുതിപ്പ്‌ നടത്തി. അമേരിക്കയെയും ജര്‍മനിയെയും റഷ്യയെയുമെല്ലാം പിറകിലാക്കി ഒന്നാമന്മാരായി. ലോസാഞ്ചലസ്സില്‍ ട്രാക്കില്‍ നിന്ന്‌ ചൈനക്ക്‌ ഒന്നും ലഭിച്ചിരുന്നില്ല. ആ കുറവെല്ലാം നികത്തി അവര്‍ കുതിക്കുമ്പോള്‍ ഇന്ത്യ എത്രയോ പിറകിലായി. ഒരു മെഡല്‍ പോലും ലഭിക്കാത്തവരായി അപമാനിതരായി നമ്മള്‍ മടങ്ങുന്ന കാഴ്‌ച്ചകള്‍ പതിവായി. ബെയ്‌ജിംഗില്‍ മാനം കാത്തത്‌ അഭിനവ്‌ ബിന്ദ്ര.... ലണ്ടനില്‍ ആരെങ്കിലും ഒരാളുണ്ടാവും. അയാളെ നമ്മള്‍ പ്രകീര്‍ത്തിക്കും. വാനോളം പുകഴ്‌ത്തും. അതോടെ നമ്മുടെ ദൗത്യം അവസാനിക്കും. പിന്നെ നാല്‌ വര്‍ഷം കഴിഞ്ഞ്‌ അടുത്ത ഒളിംപിക്‌സ്‌ വരുമ്പോഴെല്ലേ-അപ്പോള്‍ നോക്കാം. അന്നും നമ്മള്‍ തലനാരിഴയെ ചര്‍ച്ചയില്‍ ബഹുമാനിക്കും. ഉഷയെ ഓര്‍ക്കും. ലോസാഞ്ചലസ്‌ സ്‌മരണകള്‍ അയവിറക്കും. പാരമ്പര്യത്തില്‍,അനുഷ്‌ഠാനങ്ങളില്‍ വിശ്വസിക്കുന്നവരാണല്ലോ നമ്മള്‍ ഭാരതീയര്‍-അത്‌ നിലനില്‍ക്കട്ടെ....!

No comments: