Thursday, July 19, 2012

THE GREAT MOTHER CUM MANAGER


ഒരു താരത്തെ സംബന്ധിച്ച്‌ അന്തിമവാക്ക്‌ ആരാണ്‌...? തീര്‍ച്ചയായും പരിശീലകന്‍. എന്നാല്‍ ഇന്ത്യയില്‍ മാറ്റമുണ്ട്‌-താരങ്ങളുടെ കാര്യത്തില്‍ അന്തിമവാക്ക്‌ അസോസിയേഷനാണ്‌. ആര്‌ മല്‍സരിക്കണം, ആരായിരിക്കണം കോച്ച്‌ തുടങ്ങിയ കാര്യങ്ങളില്‍ അസോസിയേഷന്റെ താല്‍പ്പര്യമാണ്‌ പ്രധാനം. താരങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്‌, ഈ മേഖലയിലെ വിദഗ്‌്‌ദ്ധരുടെ അഭിപ്രായങ്ങള്‍ക്കൊന്നും കടലാസിന്റെ വില പോലുമില്ല. സ്വന്തക്കാരുടെ ഗെയിമാണ്‌ നമ്മുടെ സ്‌പോര്‍ട്‌സ്‌. ഇപ്പോഴും എപ്പോഴും അത്‌ അങ്ങനെ തന്നെ. ഇത്തവണ ലണ്ടനിലേക്ക്‌ പോവുന്ന നമ്മുടെ പ്രതിനിധി സംഘത്തെ തന്നെ നോക്കിയാല്‍ മതി-എല്ലാവരും കായിക കോക്കസിലെ സ്ഥിരക്കാരും ബന്ധു മിത്രാദികളും. ഇന്ത്യന്‍ ടെന്നിസ്‌ ടീമിന്റെ മാനേജര്‍ സാനിയ മിര്‍സയുടെ മാതാവ്‌ നസീമയാണ്‌. നല്ല മാനേജരാണ്‌ നസീമ എന്നാണ്‌ ടെന്നിസ്‌ അസോസിയേഷന്റെ ഭാഷ്യം. ഒരു സാധാ വീട്ടമ്മയായ നസീമയുടെ ആകെ യോഗ്യത സാനിയയുടെ മാതാവ്‌ എന്നതാണ്‌ ( ടെന്നിസ്‌ ടീമിന്റെ കോച്ചായി സാനിയയുടെ ഭര്‍ത്താവ്‌ ഷുഹൈബ്‌ മാലിക്കിനെ നിയമിക്കാതിരുന്നത്‌ ഭാഗ്യം. അദ്ദേഹം പാക്കിസ്‌താനിയായത്‌ കൊണ്ട്‌ നമ്മള്‍ രക്ഷപ്പെട്ടു.) നസീമയെ തെരഞ്ഞെടുത്തപ്പോള്‍ പുറത്തായത്‌ ടെന്നിസിനെ അറിയുന്ന ഒരു പരിശീലകനാണ്‌. ഔദ്യോഗിക പരിശീലക സംഘത്തിലേക്ക്‌ നോക്കിയാല്‍ പിന്നെ ഡിസ്‌ക്കസ്‌ ത്രോ താരം കൃഷ്‌ണ പൂനിയയുടെ ഭര്‍ത്താവ്‌ വിരേന്ദര്‍, വികാസ്‌ ഗൗഡയുടെ പിതാവ്‌ തുടങ്ങിയ കുടുംബക്കാരുണ്ട്‌. മെറിറ്റിന്റെ അടിസ്ഥാനം നോക്കിയാല്‍ ഒരു പി.ടി ഉഷയെ മാത്രം കാണാം. അത്‌ തന്നെ പൊരുതി നേടിയ സ്ഥാനം. ഉഷയെ തുടക്കത്തില്‍ ഔദ്യോഗിക പ്രതിനിധം സംഘത്തിലാണ്‌ ഉള്‍പ്പെടുത്തിയത്‌. വലിയ പ്രതിനിധി സംഘത്തിലെ സാധാ അംഗം. ഈ സംഘത്തിലെ അംഗങ്ങള്‍ക്ക്‌ ഗെയിംസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വലിയ റോളില്ല. വെറുതെ ലണ്ടന്‍ നഗരം കാണാം. ഷോപ്പിംഗും നടത്താം. അങ്ങനെ ഷോപ്പിംഗിനാണെങ്കില്‍ താനില്ലെന്ന്‌ ഉഷ തീര്‍ത്തുപറഞ്ഞു. ടിന്റു ലൂക്കയുടെ കോച്ച്‌ എന്ന നിലയില്‍ പരിഗണിക്കാമെങ്കില്‍ മാത്രം വരാമെന്ന്‌ ഉഷ പറഞ്ഞപ്പോല്‍ അത്‌ അംഗീകരിക്കാന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനിലെ പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ കായികമന്ത്രി അജയ്‌ മാക്കന്‍ ശക്തമായി ഇടപ്പെട്ടപ്പോഴാണ്‌ പരിശീലക എന്ന നിലയില്‍ തന്നെ ഉഷക്ക്‌ അക്രഡിറ്റേഷന്‍ നല്‍കിയത്‌. ഇതെല്ലാമാണ്‌ അണിയറയില്‍ നടക്കുന്ന നാടകങ്ങള്‍. ഉഷയെ പോലെ ഒളിംപിക്‌സ്‌ അനുഭവങ്ങള്‍ ഉള്ള മറ്റേത്‌ കായികതാരമുണ്ട്‌്‌ നമുക്ക്‌. 1980 ലെ മോസ്‌ക്കോ ഒളിംപിക്‌സ്‌ മുതല്‍ താരമായും ഒഫീഷ്യലായും കോച്ചായുമെല്ലാം ഉഷ രംഗത്തുണ്ട്‌. അങ്ങനെ ഒരു സീനിയര്‍ കായിക പ്രതിഭയെ അവരാഗ്രഹിക്കുന്ന തരത്തില്‍ അംഗീകരിക്കാന്‍ തന്നെ പ്രയാസം പ്രകടിപ്പിക്കുന്നവരാണ്‌ അധികാരി സംഘത്തിലുള്ളത്‌.
ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ നവീകരിക്കാനും മാലിന്യങ്ങളെ ഇല്ലാതാക്കാനും നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയഷന്‍ മുന്‍ പ്രസിഡണ്ടായ സുരേഷ്‌ കല്‍മാഡിയുടെ ലണ്ടന്‍ യാത്ര തടയാനുള്ള പൊതു താല്‍പ്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി അംഗീകരിക്കുകയും കോടതി കല്‍മാഡിയോട്‌ വിശദീകരണം തേടുകയും ചെയ്‌തിട്ടും അടിസ്ഥാനപരമായി ഒന്നും മാറുന്നില്ല. ഒളിംപിക്‌ പരിശീലനത്തിനും തയ്യാറെടുപ്പിനുമായി കോടികള്‍ മുടക്കിയിട്ടും കാര്യമായ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും നിലനില്‍ക്കുന്നു.
ഇന്നലെ ദക്ഷിണാഫ്രിക്ക ഒളിംപിക്‌സ്‌ മാര്‍ച്ച്‌ പാസ്റ്റില്‍ രാജ്യത്തിന്റെ പതാകയേന്താന്‍ കാസ്റ്റര്‍ സെമന്യ എന്ന താരത്തെ തെരഞ്ഞെടുത്തപ്പോള്‍ ആ രാജ്യത്തിന്റെ കായിക താല്‍പ്പര്യത്തെ സ്‌തുതിക്കാതെ തരമില്ല. എല്ലാവരും വേട്ടയാടിയ താരമായിരുന്നു സെമന്യ. ലിംഗ പരിശോധനക്ക്‌ വരെ വിധേയമാക്കിയ താരം. പക്ഷേ രാജ്യം സെമന്യക്കൊപ്പം നിന്നു. ഒരു തരത്തിലും അവരെ വേട്ടയാടിയില്ല. പരിശോധനയില്‍ മാത്രമല്ല മല്‍സരക്കളത്തിലും സെമന്യ ഒന്നാമതായി വന്നു. വലിയ അംഗീകാരമായി രാജ്യത്തിന്റെ പതാകവാഹകയായും തെരഞ്ഞെടുത്തു. നമ്മുടെ അധികാരികള്‍ ഇത്തരത്തില്‍ താരങ്ങളോട്‌ സ്‌നേഹ വായ്‌പ്പ്‌ കാട്ടുമോ...? നിസ്സംശയം പറയാം-ഇല്ല. ഒളിംപിക്‌സില്‍ രാജ്യത്തിന്‌ ആദ്യ വ്യക്തിഗത മെഡല്‍ സമ്മാനിച്ച അഭിനവ്‌ ബിന്ദ്രയെ പോലെ ഒരു താരത്തോട്‌ അധികാരികള്‍ പ്രകടിപ്പിക്കുന്ന അനാസ്ഥ തന്നെ നല്ല ഉദാഹരണം. ജീവിതം തന്നെ കായികവികസനത്തിനായി ഉഴിഞ്ഞുവെച്ച ഉഷക്കുണ്ടാവുന്ന അനുഭവങ്ങള്‍. നമ്മുടെ ചരിത്രത്തിലെ മഹാന്മാരായ കായിക താരങ്ങളോട്‌ ചോദിക്കുക-നല്ലത്‌ പറയാന്‍ ആര്‍ക്കും ഒന്നുമുണ്ടാവില്ല. ധ്യാന്‍ചന്ദിനെ പോലെ, മില്‍ഖാസിംഗിനെ പോലെ എല്ലാവരും വേദനയോടെ പടിയിറങ്ങിയവരാണ്‌. ഉത്തേജക വിവാദത്തില്‍പ്പെട്ട സിനി ജോസിനെയും ടിയാനയെയുമൊന്നും സഹായിക്കാന്‍ ആരുമില്ല. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ പിങ്കി പ്രമാണിക്കിനെ പോലീസ്‌ വേട്ടയാടിയപ്പോഴും ആരും സഹായഹസ്‌തം നീട്ടിയില്ല.
പരിശീലകന്റെ മനസ്സും താല്‍പ്പര്യങ്ങളും അധികാരികള്‍ പരിഗണിക്കുന്നില്ല. പ്രീജാ ശ്രീധരന്‌ ഇത്തവണ 10,000 മീറ്ററില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണം ആ കുട്ടിയുടെ പരിശീലകനെ അവസാന സമയത്തില്‍ മാറ്റിയതാണ്‌. ഏഷ്യന്‍ ഗെയിംസിലൂടെ പ്രീജക്ക്‌ ലോകോത്തര വേദിയിലേക്ക്‌ അവസരം ഒരുക്കിയ നിക്കോളായിയെ മാറ്റുമ്പോള്‍ പ്രീജയോടോ, കവിതാ റൗട്ടിനോടോ സുധാ സിംഗിനോടോ ഒരക്ഷരം ചോദിച്ചില്ല. സ്വന്തം താരങ്ങളോട്‌ ഒരക്ഷരം പറയാന്‍ കഴിയാതെയാണ്‌ നിക്കോളായി ബെലാറൂസിലേക്ക്‌ പോയത്‌. ടിന്റു ലൂക്കയെ താരമാക്കി മാറ്റിയത്‌ ഉഷയല്ലാതെ മറ്റാരുമല്ല. പക്ഷേ ടിന്റുവിന്റെ കോച്ചായി ഉഷയെ പരിഗണിക്കാന്‍ തുടക്കത്തില്‍ അധികാരികള്‍ തയ്യാറായില്ല. ഉഷയില്ലാതെ ടിന്റു ലണ്ടനില്‍ ഓടുന്ന കാര്യം ആലോചിക്കാനാവില്ല. സ്വന്തം ശിഷ്യക്ക്‌ വേണ്ടി മാത്രമാണ്‌ താന്‍ വരുന്നതെന്ന്‌ അവസാന ഉഷക്ക്‌ പറയേണ്ടി വന്നു. അധികാരികള്‍ പിന്തിരിപ്പന്‍ നിലപാട്‌ തുടര്‍ന്നാല്‍ ടിന്റുവിനെ ഒളിംപിക്‌ സംഘത്തില്‍ നിന്ന്‌ പിന്‍വലിക്കുന്ന കാര്യം പോലും ഉഷ ആലോചിച്ചിരുന്നു. ഷൂട്ടിംഗ്‌ പരിശീലകനായ സണ്ണി തോമസ്‌, ഹോക്കി കോച്ച്‌ മൈക്കല്‍ നോബ്‌സ്‌ തുടങ്ങിയവരെല്ലാം സ്വന്തം നിലപാട്‌ വ്യക്തമാക്കി, അധികാരികളുടെ നയങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ നിലനില്‍ക്കുന്നവരാണ്‌.
നമ്മുടെ വിവിധ അസോസിയേഷനുകളെ നയിക്കുന്നത്‌ കായികബോധം ഇല്ലാത്തവരാണ്‌. കായിക പാരമ്പര്യം ഇല്ലെങ്കിലും അത്യാവശ്യ കായികബോധമുള്ളവരാണെങ്കില്‍ താരങ്ങള്‍ രക്ഷപ്പെടും. കണ്ണുമടച്ച്‌ കൈയ്യടിക്കുന്നവര്‍ക്ക്‌ മാത്രമാണ്‌ ഇവിടെ അംഗീകാരം. അധികാരികളെ ചോദ്യം ചെയ്യുന്നവര്‍ എളുപ്പത്തില്‍ പടിക്ക്‌ പുറത്താവും. ഒന്നും മിണ്ടാതെയും പറയാതെയും കേവലം പൊട്ടനായി നില്‍ക്കുക. പ്രതികാതിരിക്കുക എന്നതാണ്‌ നമ്മുടെ അടിസ്ഥാന കായിക യോഗ്യത.

1 comment:

കുന്നെക്കാടന്‍ said...

Dear sir you said well

we all wish to see a change