Monday, July 23, 2012

THE REAL BOLD MAN


ഐ.എ.എസ്‌ വലിച്ചെറിഞ്ഞുള്ള കായികസപര്യ
ലണ്ടന്‍ ഒളിംപിക്‌സിനെ അറിയാനും മനസ്സിലാക്കാനും പഠിക്കാനും പോവാന്‍ യോഗ്യനായി ഇന്ത്യയില്‍ ഒരാളുണ്ടെങ്കില്‍ അത്‌ ബിയല വെങ്കട്ട പപ്പ റാവുവാണ്‌. ബി.വി.പി റാവു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇങ്ങനെയൊരാളെ പരിചയമില്ല അല്ലേ..... നമുക്കെല്ലാവര്‍ക്കും സുരേഷ്‌ കല്‍മാഡിയെയും ശരത്‌ പവാറിനെയും ലളിത്‌ ഭാനോട്ടിനെയും വി.കെ മല്‍ഹോത്രയെയും അജയ്‌ മാക്കനെയുമെല്ലാമറിയാം. അവരാണല്ലോ കായിക ഭരണാധികാരികള്‍. വാര്‍ത്തകളിലും ചിത്രങ്ങളിലും നിറയുന്നതും അവര്‍ തന്നെ. 142 പേരാണ്‌ ലണ്ടനിലേക്ക്‌ രാജ്യത്തെ പ്രതിനിധീകരിച്ച്‌ പോവുന്നത്‌. ഇതില്‍ താരങ്ങള്‍ കുറവാണ്‌. കൂടുതലും ഒഫീഷ്യലുകള്‍. നസീമാ മിര്‍സയെ പോലുള്ള മാനേജര്‍മാരും. കേരളത്തില്‍ നിന്ന്‌ കായിക മന്ത്രിയും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ടുമെല്ലാം പോവുന്നുണ്ട്‌. ഒഫീഷ്യലുകളായി പോവുന്നവരെല്ലാം പറയുന്നത്‌ ലണ്ടന്‍ കാണണം, പഠിക്കണം, അത്‌ പകര്‍ത്തണം തുടങ്ങിയ വലിയ കാര്യങ്ങളാണ്‌. നമ്മുടെ കൗണ്‍സില്‍ പ്രസിഡണ്ട്‌ അല്‍പ്പം കടന്നു തന്നെ പറഞ്ഞിട്ടുമുണ്ട്‌- കേരളത്തില്‍ നടക്കാന്‍ പോവുന്ന ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ലണ്ടന്‍ ഒളിംപിക്‌സ്‌ സന്നാഹങ്ങള്‍ പഠിക്കണമെന്നും അത്‌ നടപ്പാക്കണമെന്നും. (2012 ലെ ഏറ്റവും വലിയ തമാശയാണിതെന്ന്‌ ഫേസ്‌ബുക്കിലെ നിരവധി പോസ്‌റ്റുകളില്‍ കണ്ടു).
ബി.വി.പി റാവു എന്ന മൊട്ടത്തലയന്‍ ഐ.എ.എസ്‌ ഉദ്യോഗസ്ഥനിലേക്ക്‌ തന്നെ വരാം. ആള്‍ ചില്ലറക്കാരനല്ല-പുലിയാണ്‌. പുലിയെന്ന്‌ വിശേഷണത്തിനുള്ള കാരണങ്ങള്‍ ആദ്യ പറയാം. സിവില്‍ സര്‍വീസ്‌ എന്ന വലിയ അംഗീകാരത്തെ ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ രക്ഷിക്കാനായി വലിച്ചെറിഞ്ഞയാളാണ്‌ റാവു. ഐക്യരാഷ്‌ട്ര സംഘടനയിലെ സുപ്രധാന പദവിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥന്‍, ലക്ഷങ്ങള്‍ പ്രതിഫലം പറ്റിയ ഉദ്യോഗസ്ഥന്‍, ഒന്ന്‌ കണ്ണടച്ചാല്‍ അധികാരത്തിന്റെ ഔന്നത്യങ്ങളില്‍ വിരാജിക്കാവുന്ന അധികാരി. പക്ഷേ ചിലര്‍ അങ്ങനെയാണ്‌. അധികാരത്തില്‍ കണ്ണ്‌ മഞ്ഞളിക്കില്ല. പണത്തില്‍ മുഖം കുത്തി വീഴില്ല. അധികാരികള്‍ കണ്ണുരുട്ടിയാല്‍ പേടിക്കില്ല. കല്‍മാഡിയെ പോലെ ഒരു കുതന്ത്രജ്ഞനെതിരെ നീങ്ങാന്‍ ചെറിയ ധൈര്യം പോരല്ലോ.
ജനസംഖ്യയില്‍ രണ്ടാമതുള്ള രാജ്യമാണ്‌ ഇന്ത്യ. ക്രിക്കറ്റിലും ഫുട്‌ബോളിലുമെന്നല്ല എല്ലാ കായിക ഇനങ്ങളിലും കരുത്തരായ പ്രതിഭകളുള്ള രാജ്യം. ഒളിംപിക്‌സ്‌ പോലുള്ള മഹാമാമാങ്ക വേദിയില്‍ കൊച്ചു രാജ്യങ്ങള്‍ പോലും സ്വര്‍ണക്കൊയ്‌ത്ത്‌ നടത്തുമ്പോള്‍ എല്ലാവരുടെയും പരിഹാസപാത്രമായി ആര്‍ക്കും വേണ്ടാത്തവരെ പോലെ, എന്നും അധ:കൃതരായി കായിക ലോകത്ത്‌ തല താഴ്‌ത്താനാണോ ഇന്ത്യന്‍ വിധി...? അല്ല എന്ന്‌ ഉറക്കെ പ്രഖ്യാപിക്കാന്‍ റാവു തയ്യാറായത്‌ ഇഛാശക്തി കൊണ്ടാണ്‌. ആറ്‌ വര്‍ഷത്തോളം കൊസോവോ എന്ന പ്രശ്‌നബാധിത യുഗോസ്ലാവ്യന്‍ നഗരത്തിലുണ്ടായിരുന്നു റാവു. അവിടെയുള്ള കായിക ഫെഡറേഷനുകളുമായി ബന്ധപ്പെട്ട്‌ നടത്തിയ പ്രവര്‍ത്തനത്തിലാണ്‌ സ്‌പോര്‍ട്‌സിന്റെ ശക്തമായ ഊര്‍ജ്ജം അദ്ദേഹത്തിലെത്തുന്നത്‌. കൊസോവോ എന്നാല്‍ ആഭ്യന്തര കലാപത്തിന്റെ നാടാണ്‌. കായിക ഫെഡറേഷനുകള്‍ക്ക്‌ വലിയ സാധ്യതകളില്ലാത്ത തട്ടകം. പക്ഷേ ജനങ്ങള്‍ക്ക്‌ കായികാവബോധമുണ്ടായിരുന്നു. അതിനാല്‍ അവര്‍ക്കിടയില്‍ കരുത്തോടെ പ്രവര്‍ത്തിക്കാനായി.
ഇന്ത്യയിലെത്തിയപ്പോഴാണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ നിറമില്ലാത്ത കഥകള്‍ കേട്ടത്‌. സുരേഷ്‌ കല്‍മാഡിയും ലളിത്‌ ഭാനോട്ടും അവരുടെ സംഘവും പൊതു ഖജനാവിനെ കൊള്ളയടിച്ചത്‌ അറിയുന്നത്‌. കായിക താരങ്ങളെ അടിമകളെ പോലെ കാണുന്ന കായികാധികാരികളെ കണ്ടത്‌. ഒരു രാജ്യത്തിന്റെ യശസായി മാറേണ്ട വലിയ ഗെയിംസ്‌ രാജ്യത്തിന്‌ തന്നെ അപമാനകരമായ സംഭവമായി മാറിയത്‌. ശക്തമായ ഭരണക്കൂടത്തിന്റെ തണലില്‍ കായികസംഘടനകളുടെ സ്വയംഭരണാധികാരമെന്ന മറവില്‍ കാട്ടികൂട്ടിയ കൊള്ളരുതായ്‌മകള്‍ക്കെതിരെ തനിച്ച്‌ പ്രവര്‍ത്തിച്ചാല്‍ എവിടെയുമെത്തില്ല എന്ന്‌ മനസ്സിലാക്കി റാവു ഒരു സംഘടനയുണ്ടാക്കി. ക്ലീന്‍ സ്‌പോര്‍ട്‌സ്‌ ഇന്ത്യ. പേരില്‍ തന്നെ ലക്ഷ്യമുള്ള സംഘടന. കല്‍മാഡിയെ പോലുള്ളവരെ തുറന്ന്‌ കാട്ടുക മാത്രമായിരുന്നില്ല ലക്ഷ്യം. പീഡിതരായ കായിക താരങ്ങളുടെ കഥകള്‍ ലോകത്തെ അറിയിക്കുക. ഒളിംപിക്‌സ്‌ ട്രയലിന്റെ പേരില്‍ സ്വന്തം വീട്ടുവേലക്ക്‌ വരെ താരങ്ങളെ ദുരുപയോഗിക്കുന്നവരെ തുറന്ന്‌ കാട്ടുക.
താരങ്ങള്‍ക്ക്‌ സ്വന്തം കരുത്തും അധികാരവും മനസ്സിലാവുന്നില്ല. ഫെഡറേഷനുകള്‍ എന്ന്‌ പറഞ്ഞ്‌ രാഷ്‌ട്രീയക്കാര്‍ വലിഞ്ഞ്‌ കയറി ഇരുന്ന്‌ ഭരണം നടത്തുന്നത്‌ ആരുടെ പേരിലാണ്‌...?-താരങ്ങളുടെ പേരില്‍. ഇത്‌ അനുവദിക്കരുത്‌. താരങ്ങള്‍ ഉണ്ടെങ്കിലേ സംഘടനയുള്ളു. നിലനില്‍പ്പിന്റെ ആവശ്യം താരങ്ങള്‍ക്കല്ല-ഫെഡറേഷന്‍ തലപ്പുള്ളവര്‍ക്കാണ്‌. ഈ തിരിച്ചറിവ്‌ പകര്‍ന്ന്‌ നല്‍കാന്‍ റാവുവിനൊപ്പം അശ്വനി നാച്ചപ്പയെന്ന പഴയ സ്‌പ്രിന്ററും പിന്നെ വന്ദനറാവു, വന്ദന ഷാന്‍ബാഗ്‌, റീത്താ എബ്രഹാം, മേഴ്‌സിക്കുട്ടന്‍, രാധികാ സുരേഷ്‌ തുടങ്ങിയവരെല്ലാം ചേര്‍ന്നു. ഇവര്‍ ലക്ഷ്യമാക്കുന്നത്‌ ഫെഡറേഷനുകളില്‍ താരങ്ങളുടെ പ്രതിനിധികള്‍ക്ക്‌ ഇടം നേടി കൊടുക്കുക എന്നതാണ്‌. പിന്നെ തുറന്ന പോരാട്ടം. ഏത്‌ അഴിമതിയും തുറന്ന്‌ കാട്ടണം. വിവരവകാശ നിയമത്തിന്റെ കരുത്താണ്‌ റാവുവിനെ പോലുള്ളവരെ ശക്തരും ആത്മവിശ്വാസമുള്ളവരുമാക്കുന്നത്‌. സംഘടനയുടെ കേരളാചാപ്‌റ്റന്‍ ഉദ്‌ഘാടനം ചെയ്യാന്‍ കോഴിക്കോട്ട്‌ വന്നപ്പോള്‍ റാവുവുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ആര്‍ക്കും വഴങ്ങാതെ പോരാടുമെന്നാണ്‌ അദ്ദേഹം ഉറപ്പ്‌ നല്‍കുന്നത്‌. ഒളിംപിക്‌സില്‍ സുരേഷ്‌ കല്‍മാഡി പങ്കെടുത്താല്‍ അതില്‍പ്പരം നാണക്കേടില്ലെന്ന്‌ പറയുന്ന റാവു കായിക താരങ്ങളുടെ കൂട്ടായ്‌മയിലൂടെ ഇവിടെ നടക്കുന്ന അനീതികള്‍ അവസാനിപ്പിക്കുമെന്ന വിശ്വാസക്കാരനാണ്‌. ശക്തരായ താരങ്ങള്‍ ഇവിടെയുണ്ട്‌. അവര്‍ക്ക്‌ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണം. വിദേശ പരിശീലനവും മല്‍സരാവസരവും ലഭിക്കണം. ചൈനയെ പോലുള്ള രാജ്യങ്ങള്‍ താരങ്ങളുടെ കാര്യത്തില്‍ പ്രകടമാക്കുന്ന ജാഗ്രതയുടെ പകുതി മതി ഇന്ത്യക്ക്‌ മെഡലുകള്‍ വാരാനെന്ന്‌ വിശ്വസിക്കുന്ന റാവുവിനെ പോലുള്ളവരുടെ വരവില്‍ താരങ്ങള്‍ക്കും പ്രതീക്ഷയുണ്ട്‌.
കൊള്ളക്കാര്‍ക്ക്‌ ഇനി വിലസാനാവില്ല എന്ന മുന്നറിയിപ്പ്‌ നല്‍കാന്‍ റാവുവിനെ പ്രേരിപ്പിച്ചത്‌ ഇവിടുത്തെ സമ്പ്രദായങ്ങളാണ്‌. ആയിരം കള്ളന്മാര്‍ക്കെതിരെ ഒരു പോലീസെങ്കിലുമുണ്ടെങ്കില്‍ ഒരു ചെറിയ പേടിയുണ്ടാവും. ആ പേടി ഇപ്പോള്‍ അധികാരികളിലുണ്ട്‌.

1 comment:

Saheer Majdal said...

ശരിയാണ്..കമാല്ജീ.....
രാഷ്ട്രീയക്കാരുടെ കുരുത്തം കെട്ട ഇട-പെടലുകള്‍ എല്ലായ്പ്പോഴും,ഇന്ത്യന്‍ കായിക രംഗത്തിനു വലിയ നാണക്കെടുകള്‍ ആണ് സമ്മാനിക്കുന്നത്.
അല്ലങ്കില്‍ കായിക ഇന്ത്യക്ക് അഭിമാനമാകുമായിരുന്ന കോമണ്‍വെല്‍ത്തു-ഗയിമ്സിനെയോര്‍ത്തു നമുക്ക് നെടുവീര്‍പ്പിടെണ്ടുമായിരുന്നില്ല.
പ്രത്യാശിക്കാം നമുക്ക്....റാവുവിനെ പോലുള്ളവരുടെ കടന്നു വരവ് ഒരു വഴിത്തിരിവാകും..എന്ന്..