Sunday, July 22, 2012

Yes-They are coming



പൂച്ചക്ക്‌ മണികെട്ടാന്‍ ചിലര്‍
സഹിക്കുന്നതിനും ഒരതിരുണ്ട്‌. എല്ലാം കണ്ടും കേട്ടും എത്ര നാളാണ്‌ മിണ്ടാതിരിക്കുക. കായികതാരങ്ങള്‍ പേടി മൂലം അധികാരികള്‍ക്കെതിരെ ഒരക്ഷരം മിണ്ടില്ല. വലിയ കായിക പാരമ്പര്യമുണ്ട്‌ ഇന്ത്യക്ക്‌. ആ പാരമ്പര്യത്തിന്റെ ചരിത്രനാളുകളില്‍ രാജ്യത്തിന്‌ വേണ്ടി മല്‍സരിച്ച ആരോട്‌ ചോദിച്ചാലും അവര്‍ക്ക്‌ പങ്ക്‌വെക്കാനുള്ളത്‌ വേദനിക്കുന്ന, അവഗണനയുടെ ഓര്‍മകളാണ്‌. മില്‍ഖാസിംഗിനെയും പ്രകാശ്‌ പദുകോണിനെയും കപില്‍ദേവിനെയും പോലുള്ളവര്‍ പൊട്ടിത്തെറിച്ചു. പക്ഷേ കാര്യമുണ്ടായില്ല. വെറുതെ രോഷം പ്രകടിപ്പിക്കുന്നവരെ അടക്കിയിരുത്താന്‍ ഭരണാധികാരികള്‍ മിടുക്കരാണ്‌. പൊട്ടിത്തെറിയുടെ സമയത്ത്‌ പ്രതികരിക്കില്ല. പത്രങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോഴും പ്രതികരിക്കില്ല. അല്‍പ്പനാള്‍ പ്രതികരിക്കാതിരുന്നാല്‍ എല്ലാ രോഷവും ഇല്ലതാവാം. രാജ്യത്തെ കായിക സമ്പ്രദായം കൊള്ളയടിക്കാന്‍ പാകത്തിലുള്ളതാണ്‌. സ്‌പോര്‍ട്‌സ്‌ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും കാര്യമായ അധികാരമില്ല. കണ്‍കറന്റ്‌ പട്ടികയില്‍ വരുന്ന കായിക കാര്യങ്ങള്‍ അങ്ങനെ സ്‌പോര്‍ട്‌സ്‌ ഫെഡറേഷനുകള്‍ എന്ന സ്വയംഭരണാധികാര സംഘങ്ങള്‍ക്കായി. അവരാണ്‌ ഈ രാജ്യത്തെ, ഈ വലിയ മാനവിഭവ ശേഷിയെ, സംഘബലത്തെ ഇല്ലാതാക്കിയത്‌.
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കൊള്ളക്കാരുടെ ഈറ്റില്ലമായിരുന്നു. എല്ലാവരും ചക്കരക്കുടത്തില്‍ കൈയ്യിട്ട്‌ വാരി. കിട്ടാവുന്നതെല്ലാം കൊള്ളയടിച്ചു. പൊതു ഖജനാവില്‍ നിന്നും റാഞ്ചപ്പെട്ട കോടികള്‍ക്ക്‌ കണക്കില്ല. ഈ കൊള്ളയെ വെറുതെ ചോദ്യം ചെയ്‌തിട്ട്‌ കാര്യമില്ലെന്ന്‌ മനസ്സിലാക്കി നിയമത്തിന്റെ വഴിയില്‍ ചോദ്യം ചെയ്യാന്‍ ചിലര്‍ ധൈര്യം പ്രകടിപ്പിച്ചതാണ്‌ സുരേഷ്‌ കല്‍മാഡിയുടെയും ലളിത്‌ ഭാനോട്ടിന്റെയുമെല്ലാം ജയില്‍ പ്രവേശനത്തിന്‌ കാരണമായത്‌.
പുച്ചക്കാര്‌ മണിക്കെട്ടുമെന്ന ചോദ്യത്തിനുത്തരമായി ധൈര്യസമേതം കല്‍മാഡിയെ പോലെ ഒരു വന്‍തോക്കിനെതിരെ രംഗത്ത്‌ വന്നവരില്‍ പ്രധാനിയാണ്‌ രാഹുല്‍ മെഹ്‌റ എന്ന അഭിഭാഷകന്‍. അദ്ദേഹത്തിന്റെ വഴിയില്‍ ആന്ധ്ര കേഡറില്‍ ഐ.എ.എസ്‌ ഉദ്യോഗസ്ഥനായ റാവു, പീഡനത്തിന്‌ ഇരയായ താരങ്ങളായ അശ്വനി നാച്ചപ്പയെ പോലുള്ളവര്‍. അവര്‍ ക്ലീന്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌ എന്നൊരു സംഘടന തന്നെയുണ്ടാക്കി കൊള്ളക്കാര്‍ക്കെതിരെ സംഘടിതമായി നീങ്ങുന്നു.
കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ കൊള്ളയുടെ പേരില്‍ സി.ബി.ഐ കേസില്‍ പ്രതിയായ കല്‍മാഡി അല്‍പ്പകാലത്തെ ജയില്‍ വാസത്തിന്‌ ശേഷം പുറത്ത്‌ വന്ന്‌ ലണ്ടന്‍ ഒളിംപക്‌സിനുളള ഇന്ത്യന്‍ സംഘത്തില്‍ അംഗമാവാന്‍ നടത്തിയ ശ്രമം ആ സംഘാടകന്റെ ധീരത തന്നെയാണ്‌. രാജ്യം ഒന്നടങ്കം തനിക്കെതിരാണെന്ന്‌ മനസ്സിലാക്കിയിട്ടും കല്‍മാഡി കോടതിയെ സമീപിച്ച്‌ ലണ്ടന്‍ ടിക്കറ്റ്‌ സ്വന്തമാക്കി. കേന്ദ്ര കായിക മന്ത്രി അജയ്‌ മാക്കനെ പോലുള്ളവര്‍ പരസ്യമായി എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടും അദ്ദേഹം പിന്നോട്ട്‌ പോയില്ല. അവസാനം രാഹുല്‍ മെഹ്‌റ തന്നെ രംഗത്ത്‌ വന്നു. അദ്ദേഹം കല്‍മാഡിയുടെ യാത്ര തടയണമെന്നാവശ്യപ്പെട്ട്‌ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യഹര്‍ജി നല്‍കി. ആ ഹര്‍ജിയില്‍ കല്‍മാഡി വിശദീകരണം നല്‍കണം.
ശരിക്കും താലിബാനിസമാണ്‌ കായിക ഫെഡറേഷനുകളില്‍ നടക്കുന്നതെന്ന്‌ കോടതിയില്‍ പറഞ്ഞിട്ടുണ്ട്‌ മെഹ്‌റ. രാജ്യത്തെ മാത്രമല്ല, നമ്മുടെ പാരമ്പര്യത്തെയും ഇല്ലാതാക്കിയ ഇവരെ ഇല്ലായ്‌മ ചെയ്‌ത്‌ പുത്തന്‍ കായിക സമ്പ്രദായത്തെ വാര്‍ത്തെടുക്കണമെന്നാണ്‌ മെഹ്‌റയെ അനുകൂലിക്കുന്നവരും രാജ്യത്തെ കായിക വികസനത്തിനായി പ്രാര്‍ത്ഥിക്കുന്നവരും ആഗ്രഹിക്കുന്നത്‌. കായിക സംഘടനകളെ നയിക്കുന്നത്‌ രാഷ്‌ട്രീയക്കാരാണ്‌. അവര്‍ക്ക്‌ ഓശാന പാടാന്‍ ഉദ്യോഗസ്ഥര്‍. രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ സഖ്യത്തില്‍ താരങ്ങളും കായിക പ്രേമികളും പരിശീലകരുമെല്ലാം പടിക്ക്‌ പുറത്താണ്‌. ഫെഡറേഷനുകള്‍ ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത ശക്തികളാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനെതിരെ ആദ്യമായി ശബ്ദമയുര്‍ത്തിയത്‌ മെഹ്‌റയാണ്‌. ശരത്‌ പവാറിനെ പോലുള്ള വന്‍ തോക്കുകള്‍ക്കെതിരെ നിയമപരമായ നീക്കത്തിന്‌ മെഹ്‌റ ധൈര്യം കാണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‌ തന്നെ ഭീഷണിയുണ്ടായിരുന്നു. പക്ഷേ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ കോടതി പല കാര്യങ്ങളിലും വിശദീകരണം തേടിയപ്പോള്‍ അവര്‍ക്ക്‌ ഉത്തരം മുട്ടി. കോടികളുടെ സമ്പാദ്യം എങ്ങനെ വിനിയോഗിക്കുന്നു എന്ന്‌ തെളിയിക്കാന്‍ ബോര്‍ഡിനായില്ല. അങ്ങനെയാണ്‌ സാമ്പത്തിക അച്ചടക്കത്തിന്‌ പവാറും സംഘവും തയ്യാറായത്‌. ഒരു ഫെഡറേഷനിലും കായിക താരങ്ങള്‍ അംഗങ്ങല്ല. താരങ്ങളെ അംഗങ്ങളാക്കിയാലുള്ള അപകടം രാഷ്ട്രീയക്കാര്‍ക്ക്‌ നന്നായി അറിയാം. മില്‍ഖാസിംഗ,്‌ പ്രകാശ്‌ പദുകോണ്‍, ഗീത്‌ സേഥി, കപില്‍ദേവ്‌ തുടങ്ങിയവര്‍ തുടക്കമിട്ട ശുദ്ധീകരണ പ്രസ്ഥാനത്തിന്‌ നിയമപരിരക്ഷ നല്‍കിയ മെഹ്‌റയാണ്‌ അശ്വനി നാച്ചപ്പയെ പോലുള്ളവര്‍ക്ക്‌ കരുത്തായത്‌. അശ്വനി ഇപ്പോള്‍ ബാംഗ്ലൂര്‍ ജില്ലയിലെ അത്‌ലറ്റിക്‌ ഫെഡറേഷനില്‍ അംഗമാണ്‌. അത്‌ തന്നെ എല്ലാ വെല്ലുവിളികളെയും അതിജയിച്ച്‌ നേടിയത്‌. ജില്ലാ തലത്തില്‍ അശ്വനി മല്‍സരിക്കുന്നു എന്നറിഞ്ഞതോടെ അധികാരികള്‍ ഗ്രൂപ്പ്‌ വൈരങ്ങളെല്ലാം മറന്ന്‌ ഒന്നായി. പക്ഷേ അശ്വനി പിന്മാറിയില്ല. സത്യങ്ങള്‍ വെട്ടിത്തുറന്ന്‌ പറഞ്ഞ്‌ അവര്‍ വിജയിച്ചു. കല്‍മാഡിയെ ലണ്ടനിലേക്കയക്കില്ല എന്ന്‌ ഉറക്കെ പ്രഖ്യാപിക്കാന്‍ ചിലര്‍, അതും വനിതകള്‍ രംഗത്ത്‌ വരുകയെന്നത്‌ വലിയ നേട്ടമായി മാറി. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടക്കുന്ന സമയത്ത്‌ തന്റെ അനുചരന്മാരെ കൊണ്ട്‌ കല്‍മാഡി നാച്ചപ്പയെ പോലുള്ളവരെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. റാവുവിനെ പോലെ ജോലി തന്നെ രാജിവെച്ചവരെ പണം കൊടുത്ത്‌ സ്വാധീനിക്കാന്‍ ശ്രമിച്ചു. പക്ഷേ ഒന്നും വിജയിച്ചില്ല. എന്ത്‌ കൊണ്ട്‌ ഇന്ത്യന്‍ സ്‌പോര്‍ട്‌സിലേക്ക്‌ സ്‌പോണ്‍സര്‍മാര്‍ വരുന്നില്ല എന്ന ചോദ്യത്തിനുളള ഉത്തരം ഈ കൊള്ളക്കാരായിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ്‌ പണം കൊണ്ട്‌ അധികാരികള്‍ മേലാളന്മാരാവുന്ന കാഴ്‌ച്ചയില്‍ മനം നൊന്താണ്‌ സ്‌പോണ്‍സര്‍മാര്‍ വിട്ടത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ ശേഷം സംഘടനകളെ സ്‌പോണ്‍സര്‍ ചെയ്യാതെ താരങ്ങളെ കണ്ടെത്തി സ്‌പോണ്‍സര്‍ ചെയ്യാനുള്ള തീരുമാനവും ഫലപ്രദമായിരുന്നു.
ശക്തമായ ചോദ്യങ്ങളാണ്‌ ഇപ്പോള്‍ ഈ നവോത്ഥാന വാദികള്‍ ഉന്നയിക്കുന്നത്‌. നിയമവും വിവരാവകാശ കരുത്തും ഇവര്‍ക്ക്‌ തുണയാവുന്നു. സ്വകാര്യ ഗ്രൂപ്പുകളും ഇവര്‍ക്കൊപ്പം നില്‍ക്കുന്നു. പക്ഷേ നമ്മള്‍ രക്ഷപ്പെട്ടു എന്ന്‌ പറയാനായിട്ടില്ല.

1 comment:

Basheer Vallikkunnu said...

കല്‍മാഡിയെന്ന കാട്ടുകള്ളനെ ഒളിമ്പിക് വേദിയുടെ നാലയലത്തു കാല്‍കുത്താന്‍ സമ്മതിച്ചാല്‍ പിന്നെ അതിലേറെ നാണക്കേട്‌ വേറെ ഇല്ല. തീഹാര്‍ ജയിലില്‍ റൂമിന് ഇത്ര ക്ഷാമമായോ?