Friday, January 29, 2010

AGAIN ZAKEER

ഇന്ന്‌ കുട്ടി ഫൈനല്‍
ലിന്‍കോണ്‍ (ന്യൂസിലാന്‍ഡ്‌): അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം ഇന്ന്‌ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 7-00 മണിക്ക്‌ ആരംഭിക്കുന്ന പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ തല്‍സമയ സംപ്രേഷണം സ്റ്റാര്‍ ക്രിക്കറ്റിലുണ്ട്‌. നിലവിലെ ജേതാക്കളായ ഇന്ത്യയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അട്ടിമറിച്ചവരാണ്‌ പാക്കിസ്‌താന്‍. സെമിയില്‍ വിന്‍ഡിസിനെയാണ്‌ അവര്‍ പരാജയപ്പെടുത്തിയത്‌. പാക്കിസ്‌താനാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ സാധ്യത കല്‍പ്പിക്കുന്നത്‌. ആദ്യ റൗണ്ടിലെ നിലവാരമില്ലാത്ത പ്രകടനം നടത്തിയവരാണ്‌ ഓസ്‌ട്രേലിയ. പക്ഷേ അവസരത്തിനൊത്തുയരാന്‍ തങ്ങള്‍ക്ക്‌ കഴിയുമെന്നാണ്‌ ഓസ്‌ട്രേലിയ വ്യക്തമാക്കിയിരിക്കുന്നത്‌.

ഈജിപ്‌ത്‌-ഘാന ഫൈനല്‍
ലണ്ടന്‍: ആഫ്രിക്കയിലെ ചാമ്പ്യന്‍ രാജ്യം ആരാണെന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ ഇനി അവശേഷിക്കുന്നത്‌ ഈജിപ്‌തും ഘാനയും. ഈജിപ്‌ത്‌ നിലവിലെ ജേതാക്കളാണ്‌. ഘാനയാവട്ടെ സമീരകാലത്ത്‌ ആഫ്രിക്കന്‍ ഫുട്‌ബോളില്‍ ഏറ്റവും കരുത്തുള്ളവരും. അയല്‍ക്കാരായ അള്‍ജീരിയ ആവേശ പോരാട്ടത്തില്‍ നാല്‌ ഗോളിന്‌ തോല്‍പ്പിച്ചാണ്‌ ഈജിപ്‌ത്‌ കരുത്ത്‌ കാട്ടിയത്‌. ഘാനയാവട്ടെ ഒരു ഗോളിന്‌ മുന്‍ ചാമ്പ്യന്മാരായ നൈജീരിയയെ തോല്‍പ്പിച്ചു.

ടെന്നിസ്‌ ഉപേക്ഷിക്കാന്‍ സാനിയ ഒരുക്കമായിരുന്നില്ല
ഹൈദരാബാദ്‌: കഥകളും ഉപകഥകളും എയ്‌സ്‌ പോലെ അതിവേഗം പ്രചരിക്കുകയാണ്‌... സാനിയ മിര്‍സക്ക്‌ എന്താണ്‌ സംഭവിച്ചത്‌...? ഈ ചോദ്യത്തിന്‌ ഉത്തരം തേടുന്നവര്‍ക്ക്‌ മുന്നില്‍ ഹൈദരാബാദിലെ മിര്‍സാസിന്റെ ഗേറ്റ്‌ അടഞ്ഞ്‌ കിടക്കുകയാണ്‌. സാനിയയും പിതാവ്‌ ഇംറാന്‍ മിര്‍സയും ഫോണ്‍ എടുക്കുന്നില്ല. കുടുംബ സുഹൃത്തുക്കളാണ്‌ ചിലതെല്ലാം പറയുന്നത്‌. ഇതാ ഒരു സുഹൃത്തിന്റെ വിശദീകരണം:
വിവാഹത്തിന്‌ ശേഷം സാനിയ മല്‍സരം രംഗം വിടണമെന്നായിരുന്നു മുഹമ്മദ്‌ സൊഹറാബിന്റെ ആവശ്യം. ഈ ആവശ്യം സൊഹറാബിന്റെ പിതാവ്‌ ആദില്‍ മിര്‍സ സാനിയയുടെ പിതാവ്‌ ഇംറാന്‍ മിര്‍സയെ അറിയിച്ചു. ഇതിന്‌ മുമ്പ്‌ തന്നെ സൊഹറാബ്‌ സാനിയയോട്‌ ഈ കാര്യം പറഞ്ഞിരുന്നു. ടെന്നിസ്‌ രംഗത്ത്‌ തുടരാന്‍ തന്നെയാണ്‌ സാനിയ തീരുമാനിച്ചിരുന്നത്‌. പക്ഷേ സൊഹറാബ്‌ നിര്‍ബന്ധിച്ചപ്പോള്‍ സാനിയക്ക്‌ വിഷമമായി. അങ്ങനെയാണ്‌ വിവാഹത്തിന്‌ ശേഷം മല്‍സര രംഗത്ത്‌ താനുണ്ടാവില്ലെന്ന്‌ സാനിയ പറഞ്ഞത്‌. സൊഹറാബിന്റെ പിതാവ്‌ ആദില്‍ ഈയിടെയാണ്‌ സാനിയയുടെ പിതാവിനെ കണ്ടത്‌. വിവാഹത്തിന്‌ ശേഷം കളി പാടില്ല എന്നായിരുന്നു കര്‍ക്കശമായി ആദില്‍ പറഞ്ഞത്‌. മുസ്ലിം വിശ്വാസപ്രകാരം വിവാഹത്തിന്‌ ശേഷം ഭാര്യ ഭര്‍ത്താവിന്റെ അരികിലുണ്ടാവണമെന്നും ഭര്‍ത്താവിനെ പരിചരിക്കലാണ്‌ പ്രധാനമെന്നുമായിരുന്നു ആദിലിന്റെ വിശദീകരണം. എന്നാല്‍ ഇംറാന്‍ മിര്‍സക്ക്‌ ഇത്‌ സ്വീകാര്യമായിരുന്നില്ല. ലോകം അറിയപ്പെടുന്ന ടെന്നിസ്‌ താരമാണ്‌ സാനിയ. വിവാഹത്തിന്‌ ശേഷം കളി മതിയാക്കുക എന്നത്‌ സ്വീകാര്യമല്ല. അങ്ങനെയാണെങ്കില്‍ ഈ ബന്ധം മുന്നോട്ട്‌ പോവില്ലെന്നും അദ്ദേഹം പറഞ്ഞതായാണ്‌ കുടുംബ സുഹൃത്ത്‌ വ്യക്തമാക്കിയത്‌.
സാനിയയും സൊഹറാബും തമ്മില്‍ പലവട്ടം പിണങ്ങിയതായാണ്‌ മറ്റൊരു റിപ്പോര്‍ട്ട്‌. സാനിയ തിരക്കേറിയ ഒരു ടെന്നിസ്‌ താരം. വര്‍ഷത്തില്‍ എട്ടും ഒമ്പതും മാസം മല്‍സരവുമായി രാജ്യത്തിന്‌ പുറത്ത്‌ പോവേണ്ട കളിക്കാരി. സൊഹറാബാണെങ്കില്‍ ഒരു എം.ബി.എ കാരന്‍. ഈ രണ്ട്‌ പേരും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു.സാനിയയുടെ പ്രശ്‌സതിക്കൊപ്പം തനിക്ക്‌ ഉയരാന്‍ കഴിയില്ല എന്ന അപകര്‍ഷതാ ബോധത്തിലായിരുന്നു സൊഹറാബ്‌.
വിവാഹത്തിന്‌ ശേഷം മല്‍സരരംഗം വിടണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചെങ്കിലും സാനിയ വളരെ നിരാശയായിരുന്നു. കഴിഞ്ഞ അഞ്ച്‌ മാസമായി ഈ പ്രശ്‌നമാണ്‌ സാനിയയെ അലട്ടിയത്‌. ആ നിരാശ അവരുടെ പ്രകടനങ്ങളിലും പ്രതിഫലിച്ചിരുന്നു. എന്തായാലും സാനിയയോ അല്ലെങ്കില്‍ ഇംറാനോ മനസ്സ്‌ തുറക്കുന്നത്‌ വരെ കഥകള്‍ പ്രചരിക്കും.... സാനിയ ഇപ്പോള്‍ മലേഷ്യയിലെ കൊലാലംപൂരില്‍ ഫെഡറേഷന്‍ കപ്പ്‌ ടെന്നിസില്‍ കളിക്കുകയാണ്‌. ഇംറാന്‍ ഹൈദരാബാദിലുണ്ട്‌.

ഇനി പകല്‍ മല്‍സരം മാത്രം
ന്യൂഡല്‍ഹി: ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയുടെ ഇനിയുളള ഏഴ്‌ ഹോം മല്‍സരങ്ങള്‍ പകല്‍ വെളിച്ചത്തില്‍ മതിയെന്ന്‌ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രവര്‍ത്തക സമിതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടെ രാത്രി മല്‍സരങ്ങള്‍ രണ്ട്‌ തവണ തടസ്സപ്പെടുകയും ഇത്‌ വിവാദമാവുകയും ചെയ്‌ത പശ്ചാത്തലത്തിലാണ്‌ പ്രസിഡണ്ട്‌ പ്രഫുല്‍ പട്ടേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മല്‍സരങ്ങള്‍ പകല്‍ സമയത്ത്‌ നടത്താന്‍ നിര്‍ദ്ദേശിച്ചത്‌. ജെ.സി.ടി,എയര്‍ ഇന്ത്യ എന്നിവര്‍ക്കെതിരായ മല്‍സരങ്ങളാണ്‌ ഫ്‌ളഡ്‌ലിറ്റിന്റെ പ്രശ്‌നത്തില്‍ തടസ്സപ്പെട്ടത്‌. ജെ.സി.ടിക്കെതിരായ മല്‍സരത്തില്‍ ജനറേറ്ററായിരുന്നു വില്ലന്‍. എയര്‍ ഇന്ത്യക്കെതിരെ ലൈറ്റുകള്‍ തെളിഞ്ഞതേയില്ല. ഇന്നലെ നടന്ന മല്‍സരത്തില്‍ എയര്‍ ഇന്ത്യയെ പരാജയപ്പെടുത്തി വിവ ഫെബ്രുവരി മൂന്നിന്‌ നടക്കുന്ന അടുത്ത മല്‍സരത്തിനായി മുംബൈയിലേക്ക്‌ തിരിക്കും. മുംബൈ എഫ്‌.സിയാണ്‌ പ്രതിയോഗികള്‍. അടുത്ത ഹോം മല്‍സരം മാര്‍ച്ച്‌ ആറിനാണ്‌ നടക്കുക.

കരുത്തനായി സക്കീര്‍
കോഴിക്കോട്‌: എം.പി സക്കീര്‍ എന്ന പ്ലേ മേക്കറുടെ കരുത്തിനെ അംഗീകരിക്കാത്തവരായി ആരുമില്ല... ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവയുടെ കോട്ട കാക്കുന്ന അരിക്കോട്ടുകാരന്‍ ഇന്നലെ എയര്‍ ഇന്ത്യക്കെതിരായ നേടിയ ഗോള്‍ അപാരമായിരുന്നു. മല്‍സരം 1-1 ല്‍ നില്‍ക്കവെയാണ്‌ അവസാനത്തില്‍ സ്വന്തം കരുത്തില്‍ സക്കീര്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഗോള്‍ക്കീപ്പര്‍ ശരത്‌ നീട്ടി നല്‍കിയ പന്തുമായി കുതിച്ചു കയറിയ സക്കീര്‍ രണ്ട്‌ ഡിഫന്‍ഡര്‍മാരെ മറികടന്ന്‌ പെനാല്‍ട്ടി ബോക്‌സിന്‌ ഏകദേശം പത്ത്‌ വാര അകലെ നിന്നും പായിച്ച ബുളറ്റ്‌ ഷോട്ട്‌ എയര്‍ ഇന്ത്യ ഗോള്‍ക്കീപ്പര്‍ കുനാല്‍ സാവന്തിന്റെ കരങ്ങളില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 23 ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന സക്കീറിന്‌ വര്‍ദ്ധിതാവേശം പകരുന്നതായി ഈ ഗോള്‍. മനോഹരമായ ആ ഗോളിന്റെ മികവില്‍ മാന്‍ ഓഫ്‌ ദ മാച്ചിനെ തെരഞ്ഞെടുത്ത ജൂറി അംഗങ്ങളായ മുന്‍ കേരളാ താരം കബീര്‍ദാസിനും സ്‌പോര്‍ട്‌സ്‌ ജര്‍ണലിസ്‌റ്റ്‌ കമാല്‍ വരദൂരിനും കാര്യങ്ങള്‍ എളുപ്പമായി.

ജയിച്ചെങ്കിലും നിരാശ ബാക്കി

ഇതിനകം കളിച്ച പതിനൊന്ന്‌ ഐ ലീഗ്‌ മല്‍സരങ്ങളില്‍ നിന്നായി 27 ഗോളുകള്‍ വാങ്ങിയിട്ടുണ്ട്‌ എയര്‍ ഇന്ത്യയുടെ ഗോള്‍ക്കീപ്പര്‍ കുനാല്‍ സാവന്ത്‌.... 47 കോര്‍ണര്‍ കിക്കുകള്‍ വഴങ്ങിയിട്ടുണ്ട്‌ ഉത്തം കുമാര്‍സിംഗ്‌ നേതൃത്ത്വം നല്‍കുന്ന ഡിഫന്‍സ്‌. ടീമിന്റെ പ്രധാന ദൗര്‍ബല്യം ഡിഫന്‍സാണെന്ന്‌ പലവട്ടം പറഞ്ഞിട്ടുണ്ട്‌്‌ എയര്‍ ഇന്ത്യയുടെ പരിശീലകന്‍ യൂസഫ്‌ അന്‍സാരി. അങ്ങനെയൊരു ടീമിനെതിരെ വലിയ മാര്‍ജിനില്‍ വിജയിക്കേണ്ടിയിരുന്നു വിവ. പക്ഷേ സാധിച്ചില്ല. ഇനി ഇങ്ങനെയൊരു അവസരം ടീമിന്‌ ഇല്ല. ഇനി നടക്കാനിരിക്കുന്ന ഹോം മല്‍സരങ്ങളിലെ പ്രതിയോഗികള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സും ഡെംപോയും മോഹന്‍ ബഗാനും മഹീന്ദ്ര യുനൈറ്റഡുമെല്ലാമാണ്‌. ഗോളടിക്കുന്ന കാര്യത്തിലെ ദാരിദ്ര്യം വിവ പലവട്ടം തെളിയിച്ചിട്ടുണ്ട്‌. പതിനൊന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ നേടാനായത്‌ പത്ത്‌ ഗോളുകള്‍ മാത്രമാണ്‌.
വ്യക്തമായ ആധിപത്യം ഉറപ്പിക്കേണ്ടതും, ആധികാരികമായി ജയിക്കേണ്ടതുമായ മല്‍സരത്തില്‍ വിവ വലിയ നിരാശയാണ്‌ സമ്മാനിച്ചത്‌. ഇന്നലെ ഒന്നാം പകുതിയില്‍ ടീമിലെ രണ്ട്‌ പ്രധാനികള്‍ തമ്മില്‍ പരസ്യമായി ഉരസിയതും പാസുകള്‍ നല്‍കാതിരുന്നതും ടീമിന്റെ ബാലാരിഷ്‌ടതക്കുളള തെളിവായിരുന്നു. റൂബന്‍ സന്യാവോയും ഷിബിന്‍ ലാലും പരസ്‌പരം ഉരസി. തുടര്‍ന്ന്‌ രണ്ട്‌ പേരും പന്ത്‌ കൈമാറാതെ കളിച്ചു. കോച്ച്‌ ശ്രീധരന്‍ കാര്യം മനസ്സിലാക്കി രണ്ടാം പകുതിയില്‍ ഷിബിന്‍ലാലിനെ കളിപ്പിച്ചില്ല. പ്രൊഫഷണലിസത്തെക്കുറിച്ച്‌ പറയുമ്പോള്‍ തന്നെ ഇത്തരം ശീതസമരങ്ങള്‍ മൈതാനത്ത്‌ പ്രകടിപ്പിക്കുന്നത്‌ വെച്ചു പൊറുപ്പിക്കരുത്‌. ഷിബിന്‍ലാല്‍ ഒരു ഗോള്‍ നേടിയിരുന്നു. ഈ ഗോള്‍ എല്ലാ തരത്തിലും എയര്‍ ഇന്ത്യന്‍ ഡിഫന്‍സിന്റെ ആലസ്യത്തില്‍ നിന്നായിരുന്നു. വിവ വഴങ്ങിയ ഗോളിനും രസമുണ്ടായിരുന്നില്ല. സക്കീര്‍ നേടിയ ഗോളാണ്‌ മല്‍സരത്തിന്‌ ജീവനും ആസ്വാദനവും സമ്മാനിച്ചത്‌. ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്ന താരമാണ്‌ സക്കീര്‍. ഓരോ മല്‍സരത്തിലും അദ്ദേഹം മെച്ചപ്പെട്ടുവരുന്നു. കോച്ച്‌ ശ്രീധരന്‍ പറഞ്ഞത്‌ സത്യമാണ്‌-സക്കീറിനെ പോലെ ശക്തനായ ഒരു മധ്യനിര താരം ഇന്ന്‌ ഇന്ത്യയില്ലില്ല.... ഇത്തരം താരങ്ങളെ പ്രയോജനപ്പെടുത്തിയാല്‍ വിവക്ക്‌ മുന്നേറാം..
k: zap1-29
ഷിബിന്‍ലാല്‍, സക്കീര്‍, വിവ....

സ്വന്തം ലേഖകന്‍
കോഴിക്കോട്‌: ക്യാപ്‌ടന്‍ എം.പി. സക്കീര്‍ നിറഞ്ഞുകളിഞ്ഞ ഐ.ലീഗ്‌ ഹോം മത്സരത്തില്‍ വിവ കേരളക്കു ജയം. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ ഉച്ചക്കു ശേഷം എയര്‍ ഇന്ത്യയുടെ പ്രതീക്ഷകളെ 2-1 നാണ്‌ വിവ നിലത്തിറക്കിയത്‌. 22-ാം മിനുട്ടില്‍ വി.കെ ഷിബിന്‍ലാലും 87-ാം മിനുട്ടില്‍ എം.പി. സക്കീറും ആതിഥേയര്‍ക്കു വേണ്ടി വലചലിപ്പിച്ചപ്പോള്‍ നൈജീരിയക്കാരന്‍ എന്‍.ഡി. ഒപാരയുടെ വകയായിരുന്നു വിമാനക്കമ്പനിക്കാരുടെ ഗോള്‍. നിരവധി ഗോളവസരങ്ങള്‍ പിറന്ന മത്സരത്തിന്റെ തുടക്കത്തില്‍ പിറകിലായിപ്പോയ എയര്‍ ഇന്ത്യ രണ്ടാം പകുതിയില്‍ തിരിച്ചടിച്ചെങ്കിലും കളി അവസാനിക്കാന്‍ മിനുട്ടുകള്‍ ശേഷിക്കെ ഉജ്ജ്വലമായ ഗോളിലൂടെ സക്കീര്‍ വിവ കേരളക്ക്‌ വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ പോയിന്റ്‌ സമ്പാദ്യം 11 ആക്കി ഉയര്‍ത്തിയ വിവ ഐലീഗ്‌ ടേബിളില്‍ 10-ാം സ്ഥാനത്തേക്ക്‌ മുന്നേറി. വിവയുടെ മധ്യനിരയില്‍ അസാമാന്യ പ്രകടനം കാഴ്‌ചവെച്ച എം.പി. സക്കീര്‍ ആണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.
ഫ്‌ളഡ്‌ലിറ്റ്‌ വിവാദത്തെ തുടര്‍ന്ന്‌ മാറ്റിവെക്കപ്പെട്ട മത്സരം കാണാന്‍ തരക്കേടില്ലാത്ത ജനക്കൂട്ടം ഇന്നലെ ഉച്ച തിരിഞ്ഞ്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഒന്നാം നമ്പര്‍ ഗോളി ശരത്തും സിറാജുദ്ദീനും വിവ കേരളയുടെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. തുടക്കം മുതല്‍ കളിയുടെ നിയന്ത്രണമേറ്റെടുത്ത വിവ എയര്‍ ഇന്ത്യയുടെ ഗോള്‍ മുഖം ആദ്യ മിനുട്ടുകളില്‍ തന്നെ മേധാവിത്വത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ടായിരുന്നു. മൂന്നാം മിനുട്ടില്‍ സക്കീറിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള റൂബന്‍ സന്യാവോയുടെ ഹെഡ്ഡര്‍ എയര്‍ ഇന്ത്യ ഗോളി കുനാല്‍ സവാനിയെ നിസ്സഹായനാക്കിയെങ്കിലും ക്രോസ്‌ബാറില്‍ തട്ടി മടങ്ങി. മധ്യനിരയില്‍ സക്കീറിനൊപ്പം സിറാജുദ്ദീനും പാട്രിക്‌ ശിശുപാലനും ഉണര്‍ന്നു കളിച്ചപ്പോള്‍ കളിയില്‍ ആതിഥേയരുടെ വ്യക്തമായ ആധിപത്യം കണ്ടു. 18-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തു നിന്ന്‌ കെ. നൗഷാദ്‌ ഗോള്‍ ലക്ഷ്യമാക്കിയെടുത്ത ഷോട്ട്‌ ഉയരത്തില്‍ പറന്നുപോയി. മധ്യനിരയില്‍ നിന്ന്‌ മുന്നോട്ടു നീക്കിക്കിട്ടിയ ഒന്നുരണ്ട്‌ മികച്ച അവസരങ്ങള്‍ റൂബന്‍ സന്യാവോയുടെ "അലസത' മൂലം അതിനിടെ പാഴായിരുന്നു. 21-ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന്‌ ഗോള്‍ മുഖത്തേക്ക്‌ മൈനസ്‌ പാസായെത്തിയ പന്ത്‌ പിടിച്ചെടുക്കാന്‍ എയര്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാര്‍ ഓടിയെത്തിയെങ്കിലും ബോക്‌സിനു പുറത്തിറങ്ങി ശരത്ത്‌ അപകടം അടിച്ചൊഴിവാക്കി. പ്രതിരോധക്കാരെ അങ്കലാപ്പിലാക്കി മുന്നേറിയ കര്‍മ ഗോള്‍മുഖത്തിനു പുറത്തുവെച്ച്‌ ഗോള്‍ ലക്ഷ്യമാക്കുന്നതിനു പകരം പന്ത്‌ പിറകിലേക്ക്‌ പാസ്‌ ചെയ്‌ത്‌ അവസരം നഷ്ടമാക്കി.

വലകുലുങ്ങി
നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 22-ാം മിനുട്ടില്‍ വിവ മുന്നിലെത്തി. വലതുവിംഗില്‍ നിന്നു ബോക്‌സിലേക്കു വന്ന പന്ത്‌ നിയന്ത്രിക്കുന്നതില്‍ എയര്‍ ഇന്ത്യ പ്രതിരോധത്തിനു പിഴച്ചപ്പോള്‍ വി.കെ. ഷിബിന്‍ലാല്‍ അവരം പാഴാക്കിയില്ല. ഷിബിന്‍ലാലിന്റെ അളന്നുമുറിച്ചുള്ള ഷോട്ട്‌ തടുക്കാനുള്ള കുനാല്‍ സവാനിയുടെ ശ്രമം ദുര്‍ബലമായിരുന്നു. (1-0).
ഗോള്‍ നേടിയതോടെ വിവയുടെ വീര്യം വര്‍ധിച്ചു. എം.പി. സക്കീര്‍ രണ്ടാം ബോക്‌സിന്റെ മൂലയില്‍ നിന്നു പായിച്ച ഗ്രൗണ്ടര്‍ ഇടത്തേക്കു ഡൈവ്‌ ചെയ്‌താണ്‌ ഗോളി തടുത്തത്‌. മറുപടിയാക്രമണത്തിലെ അപകടമൊഴിവാക്കാന്‍ ശരത്തിന്‌ ഒരിക്കല്‍ക്കൂടി ബോക്‌സ്‌ വിട്ട്‌ മുന്നോട്ടുകയറേണ്ടി വന്നു. 30-ാം മിനുട്ടില്‍ സക്കീറിന്റെ ശ്രമവും ഗോളാകാതെ പോയി.
മറുവശത്ത്‌ എയര്‍ ഇന്ത്യ പൂര്‍ണ്ണമായി പ്രതിരോധത്തിലായിരുന്നില്ല. യൂസുഫ്‌ ഇബ്‌റാഹീം തിജാനും പീറ്റര്‍ ഒഡാഫെയും നുബുഷി ഒപാരെയും പലവട്ടം വിവയുടെ ഗോള്‍ മുഖത്ത്‌ റെയ്‌ഡ്‌ നടത്തിയെങ്കിലും ബെല്ലോ റസാഖും ചാള്‍സ്‌ ഡിസയും കുലുങ്ങിയില്ല. പൂനെ എഫ്‌.സിക്കെതിരെ മൂന്നു ഗോള്‍ വഴങ്ങിയ ഷഹിന്‍ലാലിനു പകരം അവസരം ലഭിച്ച ഒന്നാം നമ്പര്‍ ശരത്തും ഫോമിലായിരുന്നു.
രണ്ടാം പകുതിയിലും വിവയുടെ ആധിപത്യമാണ്‌ തുടക്കത്തില്‍ കണ്ടത്‌. ഗോള്‍വരക്കു തൊട്ടുമുന്നില്‍ വെച്ച്‌ റൂബന്‌ ലഭിച്ച സുവര്‍ണാവസരം കുനാല്‍ സവാനിയുടെ കാലില്‍ തട്ടി ഗോളാവാതെ പോവുകയായിരുന്നു. ഇതിനു ലഭിച്ച കോര്‍ണര്‍ കിക്കും എയര്‍ ഇന്ത്യയുടെ ഗോള്‍മുഖത്ത്‌ അപകടഭീഷണിയുയര്‍ത്തിയെങ്കിലും വിവയെ ഭാഗ്യം തുണച്ചില്ല.

മറുപടി
ലീഡുയര്‍ത്താനുള്ള വ്യഗ്രതയില്‍ പ്രതിരോധക്കാര്‍ അലസത കാട്ടിയതാണ്‌ വിവ ഗോള്‍ വഴങ്ങാന്‍ കാരണമായത്‌. നൈജീരിയക്കാരനായ ഒപാര പ്രതിരോധക്കാരെ കബളിപ്പിച്ച്‌ ഗോളിലേക്കു പന്തുപായിച്ചപ്പോള്‍ ശരത്ത്‌ നിസ്സഹായനായി.
സമനില ഗോള്‍ വഴങ്ങിയതോടെ വിവ കേരള ആക്രമണത്തില്‍ നിന്നു പിന്മാറി. മധ്യനിരയില്‍ കളി നിയന്ത്രിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്‌. എയര്‍ ഇന്ത്യയാകട്ടെ വിജയഗോളിനായുള്ള ശ്രമത്തിലുമായിരുന്നു. ഇരുവശത്തും നിരന്തരം അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും ഗോള്‍ വരുന്നതു കാണാന്‍ 87-ാം മിനുട്ടുവരെ കാത്തിരിക്കേണ്ടിവന്നു.
മുന്‍നിരയിലേക്ക്‌ ഉയര്‍ത്തിനല്‍കുന്ന പന്ത്‌ റൂബന്‍ സന്യാവോ നിരന്തരം പുറത്തേക്കടിച്ചു കളഞ്ഞപ്പോള്‍, മറ്റൊരു സ്‌ട്രൈക്കറായ കര്‍മ പോസ്‌റ്റിലേക്കു പന്തടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതായി തോന്നി. സിറാജിനു പകരം അനീഷ്‌ കെ.പിയും കര്‍മക്കു പകരം പി. രാഹുലും എത്തിയതോടെ വിവയുടെ നീക്കങ്ങള്‍ ശക്തമായി. മുന്‍നിര താരങ്ങള്‍ പരാജയമാണെന്നു കണ്ട എം.പി. സക്കീര്‍ ഒറ്റക്ക്‌ നടത്തിയ മുന്നേറ്റമാണ്‌ ഗോളില്‍ കലാശിച്ചത്‌. ബോക്‌സിനു പുറത്തുവെച്ച്‌ പന്ത്‌ സ്വീകരിച്ച സക്കീര്‍ മൂന്നു പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ്‌ നിലംപറ്റെ ഉതിര്‍ത്ത ഷോട്ട്‌ വലതുപോസ്‌റ്റിലുരുമ്മി വലയിലേക്കു നീങ്ങുന്ന കാഴ്‌ച അതിമനോഹരമായിരുന്നു. മത്സരത്തിലുടനീളം നിറഞ്ഞുകളിച്ച സക്കീര്‍ അര്‍ഹിച്ച ഗോളായിരുന്നു അത്‌.

മുന്‍നിര പ്രശ്‌നം
മുന്നേറ്റ നിരയില്‍ റൂബന്‍ സന്യാവോ അധ്വാനിച്ചു കളിക്കാന്‍ മടിക്കുന്നതാണ്‌ വിവ കേരളയുടെ ഗോള്‍ മാര്‍ജിന്‍ കുറയാന്‍ കാരണമായത്‌. വിദഗ്‌ധനായൊരു സ്‌ട്രൈക്കര്‍ക്ക്‌ ഗോളാക്കി മാറ്റാന്‍ കഴിയുന്ന അരഡസന്‍ അവസരങ്ങളെങ്കിലും റൂബന്‍ തുലച്ചു. അതേസമയം, എയര്‍ ഇന്ത്യ പ്രതിരോധക്കാര്‍ക്ക്‌ തലവേദനയുണ്ടാക്കുന്ന ചില നീക്കങ്ങളും ഘാനക്കാരനില്‍ നിന്നു കണ്ടു. പന്ത്‌ സ്വീകരിച്ച്‌ പെട്ടെന്ന്‌ ഗോളിലേക്കയക്കുന്നതിനു പകരം നിയന്ത്രിക്കാന്‍ സമയമെടുക്കുന്നതാണ്‌ റൂബന്റെ പരിമിതി. റൂബന്റെ ഈ സമീപനം വേഗതയോടെ കളിക്കുന്ന മറ്റുള്ളവരുടെ കളിയെയും ബാധിക്കുന്നു.
ഷഹിന്‍ലാലിനു പകരം ടീമിലെത്തിയ ശരത്‌ ഗോള്‍വലക്കു കീഴില്‍ മികച്ച പ്രകടനമാണ്‌ കാഴ്‌ചവെച്ചത്‌. യൂസുഫ്‌ ഇബ്രാഹീമിന്റെ ഗോളെന്നുറച്ച ഷോട്ട്‌ ഡൈവ്‌ ചെയ്‌തു രക്ഷിച്ച ശരത്‌, ഒന്നിലധികം തവണ ബോക്‌സ്‌ വിട്ടിറങ്ങി അപകടമൊഴിവാക്കുകയും ചെയ്‌തു.

പൂനെ എഫ്‌.സിക്കു നാലാം ജയം
പൂനെ: ഐലീഗില്‍ പൂനെ എഫ്‌.സി വിജയക്കുതിപ്പ്‌ തുടരുന്നു. ചിരാഗ്‌ യുനൈറ്റഡിനെ 2-1 നു തകര്‍ത്ത പൂനെക്കാര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം ജയമാണ്‌ നേടിയിരിക്കുന്നത്‌. 40-ാം മിനുട്ടില്‍ ഷണ്‍മുഖം വെങ്കടേഷിലൂടെ പൂനെ എഫ്‌.സി മുന്നിലെത്തിയെങ്കിലും 52-ാം മിനുട്ടില്‍ ജോസിമര്‍ മാര്‍ട്ടിന്‍സ്‌ സമനില പിടിച്ചു. 79-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ദുഹോ പിയറെയാണ്‌ വിജയം കുറിച്ചത്‌. ജയത്തോടെ പൂനെ എട്ടാം സ്ഥാനത്തേക്കു മുന്നേറി.

സാക്കെറോണി യുവന്റസ്‌ കോച്ച്‌
മിലാന്‍: ഇറ്റാലിയന്‍ സീരി എയിലെ യുവന്റസിനു പുതിയ കോച്ച്‌. ആല്‍ബര്‍ട്ടോ സാക്കെറോണിയുടെ ഈ വര്‍ഷം ജൂണ്‍ വരെ കോച്ചായി നിയമിച്ചതായി ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ വ്യക്തമാക്കി. ലിവര്‍പൂള്‍ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ യുവന്റസില്‍ എത്തിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്‌ പുതിയ കോച്ചിന്റെ നിയമനം.
സീറോ ഫെരേരയുടെ കീഴില്‍ ടീം മോശം ഫോം തുടര്‍ന്നതോടെയാണ്‌ പുതിയ കോച്ചിനെ നിയമിക്കാന്‍ യുവെ അധികൃതര്‍ തീരുമാനിച്ചത്‌.

ഫെഡറര്‍ - മുറേ ഫൈനല്‍
മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. സെമിഫൈനലില്‍ ജോ വില്‍ഫ്രഡ്‌ സോംഗയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചാണ്‌ ഫെഡറര്‍ തന്റെ 22-ാം ഗ്രാന്റ്‌സ്ലാം ഫൈനലില്‍ ഇടംപിടിച്ചിരിക്കുന്നത്‌. സ്‌കോര്‍: 6-2, 6-3, 6-2. ബ്രിട്ടന്റെ ആന്‍ഡി മുറേയാണ്‌ ഫൈനലില്‍ ഫെഡററുടെ എതിരാളി.
കഴിഞ്ഞ വര്‍ഷത്തെ "സൂപ്പര്‍ ഫൈനലി'ല്‍ റാഫേല്‍ നദാലിനോട്‌ പരാജയപ്പെട്ട ഫെഡറര്‍ക്ക്‌ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നാലാം തവണയും സ്വന്തമാക്കാനുള്ള അവസരമാണ്‌ കൈവന്നിരിക്കുന്നത്‌. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഫെഡറര്‍ക്ക്‌ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ മുറേക്ക്‌ കഴിയില്ലെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. 2008-ലെ യു.എസ്‌ ഓപ്പണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഫെഡറര്‍ക്കൊപ്പമായിരുന്നു. എന്നാല്‍ 76 വര്‍ഷത്തിനു ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തിയ ആദ്യ ബ്രിട്ടീഷ്‌ താരമായ മുറേ ചരിത്രം തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിലായിരിക്കും. ഓസ്‌്‌ട്രേലിയന്‍ കിരീടം മുമ്പും സ്വന്തമാക്കിയിട്ടുള്ള തന്നേക്കാള്‍, അത്തരം നേട്ടങ്ങളില്ലാത്ത മുറേക്കായിരിക്കും മത്സരത്തില്‍ സമ്മര്‍ദ്ദമെന്നും മുറേ വെല്ലുവിളിയാകുമെന്ന്‌ കരുതുന്നില്ലെന്നും ഫെഡറര്‍ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വനിതാ വിഭാഗം ഫൈനലില്‍ സറീനാ വില്യംസും ജസ്റ്റിന്‍ ഹെനിനും ഇന്ന്‌ ഏറ്റുമുട്ടും. ലോക ഒന്നാം നമ്പര്‍ താരമായ സറീനക്കാണ്‌ പ്രവചനങ്ങളില്‍ മുന്‍തൂക്കമെങ്കിലും മുന്‍ ഒന്നാം നമ്പറായ ഹെനിന്‍ ഇടവേളക്കു ശേഷമാണ്‌ വിജയവഴിയില്‍ തിരിച്ചെത്തുന്നത്‌. തന്റെ സ്വപ്‌നം തുടരുന്നു എന്നാണ്‌ ഫൈനല്‍ പ്രവേശത്തെപ്പറ്റി ഹെനിന്‍ അഭിപ്രായപ്പെട്ടത്‌.

1 comment:

poor-me/പാവം-ഞാന്‍ said...

Thanx for information (no word verification please)