ഹെന്‍ട്രി രക്ഷപ്പെട്ടു
സൂറിച്ച്: തിയറി ഹെന്‍ട്രി രക്ഷപ്പെട്ടിരിക്കുന്നു....! ഈ വര്‍ഷം ജൂണില്‍ ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രാന്‍സിനെ നയിച്ച് അദ്ദേഹത്തിന് കളികാം. പ്ലേ ഓഫ് മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ കളിക്കുമ്പോള്‍ കൈ കൊണ്ട് ഗോളിലേക്ക് പന്ത് നല്‍കിയ കുറ്റത്തിന് പിടിക്കപ്പെട്ടിരുന്ന ഹെന്‍ട്രി ഫിഫ അച്ചടക്കസമിതിയുടെ കാരുണ്യത്തിലായിരുന്നു ഇത് വരെ. എന്നാല്‍ ഇന്നലെ ചേര്‍ന്ന അച്ചടക്കസമിതി ഹെന്‍ട്രിക്കെതിരെ ശിക്ഷണ നടപടി വേണ്ടെന്നാണ് തീരുമാനിച്ചത്. ഹെന്‍ട്രിക്കെതിരെ അയര്‍ലാന്‍ഡ് ഉന്നയിച്ച കേസിന് നിയമപിന്‍ബലമില്ലെന്ന പശ്ചാത്തലത്തിലാണ് കേസ് ഫിഫ അച്ചടക്കസമിതി തള്ളുന്നത്. നിയമപ്രകാരം ഫിഫക്ക് ഒരു താരത്തിനെതിരെ ശിക്ഷ നല്‍കണമെങ്കില്‍ ആ താരം ബോധപൂര്‍വ്വം ഗോളിലേക്ക് പോവുന്ന പന്തിനെ തടയണം. അത്തരം സാഹചര്യത്തില്‍ നടപടി ഉറപ്പാണ്. എന്നാല്‍ ഹെന്‍ട്രിയുടെ കാര്യത്തില്‍ അത് സംഭവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കൈകളിലുരസിയ പന്തില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഫിഫ നിയമപ്രകാരം പന്തിനെ അബദ്ധത്തില്‍ ടച്ച് ചെയ്യുന്നത് വലിയ തെറ്റല്ല. ബോധപൂര്‍വ്വം ഗോളിലേക്ക് പോവുന്ന പന്തിനെ തടഞ്ഞാലാണ് ശിക്ഷ. ഈ സാഹചര്യത്തില്‍ നടപടി ഉചിതമായിരിക്കില്ലെന്ന് ഇന്നലെ പ്രസ്‌താവനയില്‍ ഫിഫ വ്യക്തമാക്കി.
ലോകകപ്പ് പ്ലേ ഓഫിലെ ഏറ്റവും ആവേശകരമായ മല്‍സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. അയര്‍ലാന്‍ഡിനെതിരെ ആദ്യപാദത്തില്‍ ഒരു ഗോളിന്റെ ലീഡ് നേടിയ ഫ്രാന്‍സ് സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദത്തില്‍ തുടക്കത്തില്‍ തന്നെ പിറകിലായിരുന്നു. നിശ്ചിത സമയത്ത് ഒരു ഗോളിന് അയര്‍ലാന്‍ഡ് മുന്നിട്ട് നിന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുപാദത്തിലുമായി മല്‍സരം 1-1 ലായി. അധികസമയത്താണ് വിവാദ ഗോള്‍ വന്നത്. ഗോള്‍മുഖത്ത് കാത്തുനിന്നിരുന്ന ഹെന്‍ട്രിയുടെ അരികിലേക്ക് വന്ന പന്തിനെ കൈ കൊണ്ട് തട്ടിയാണ് അദ്ദേഹം വില്ല്യം ഗല്ലാസിന് മറിച്ചത്. ഗല്ലാസ് പന്ത് തട്ടി ഗോളാക്കി മാറ്റുകയും ചെയ്‌തു. സംഭവത്തില്‍ മല്‍സരത്തിന് ശേഷം ഹെന്‍ട്രി മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ മല്‍സരഫലം റദ്ദ് ചെയ്‌ത് പുതിയ മല്‍സരം നടത്തണമെന്നായിരുന്നു അയര്‍ലാന്‍ഡിന്റെ ആവശ്യം. ഇതിനോട് ഫിഫ യോജിച്ചില്ല.
ഫിഫയുടെ പുതിയ തീരുമാനത്തില്‍ അയര്‍ലാന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആശ്ചര്യം പ്രകടിപ്പിച്ചു. തെറ്റ് പരസ്യമായി സമ്മതിച്ച ഒരു താരത്തിനെതിരെ ഒരു നടപടിയും ഫിഫ കൈകൊണ്ടില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ ലോകകപ്പില്‍ കളിക്കാന്‍ അനുവദിച്ചത് ആശ്ചര്യജനകമാണെന്ന് അവര്‍ പറഞ്ഞു.
പുറത്തായ മാലിക്ക് രോഷം
ലണ്ടന്‍: ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ മാലി പുറത്തായി. ഗ്രൂപ്പ് എ യിലെ ചിലരുടെ താല്‍പ്പര്യമാണ് തങ്ങളുടെ പുറത്താവലിന് പിറകിലെന്ന് ആരോപിച്ച് ആഫ്രിക്കന്‍ ഫുട്‌ബോള്‍ അധികാരികള്‍ക്ക് പരാതി നല്‍കിയാണ് മാലി മടങ്ങിയത്. അവസാന ഗ്രൂപ്പ് പോരാട്ടത്തിലവര്‍ 3-1 ന് മലാവിയെ തോല്‍പ്പിച്ചിരുന്നു. പക്ഷേ ഈ ഗ്രൂപ്പില്‍ നിന്ന് ആതിഥേയരായ അംഗോളയും അള്‍ജീരിയയുമാണ് യോഗ്യത നേടിയത്. ഇരുവരും തമ്മില്‍ നടന്ന അവസാന ഗ്രൂപ്പ് മല്‍സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. ഇത് ഒത്തുകളിയാണെന്നാണ് മാലി പറയുന്നത്. അംഗോള നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പില്‍ നിന്നും വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാലിക്കായിരുന്നു സാധ്യത. പക്ഷേ അംഗോള-അള്‍ജിരിയ മല്‍സരം സമനിലയില്‍ വന്നപ്പോള്‍ പോയന്റ്‌് ടേബിളില്‍ അള്‍ജീരിയയും മാലിയും ഒപ്പത്തിനൊപ്പമായി. ഇതോടെ രണ്ട് പേരും തമ്മില്‍ നടന്ന മല്‍സരഫലം പരിഗണിച്ചു. അവിടെയാണ് മാലി പുറത്തായത്. ഈ ഗ്രൂപ്പില്‍ 14 ന് നടന്ന മല്‍സരത്തില്‍ അള്‍ജീരിയ ഒരു ഗോളിന് മാലിയെ പരാജയപ്പെടുത്തിയിരുന്നു. ഈ മല്‍സരഫലമാണ് നിര്‍ണ്ണായകമായത്.
എ ഗ്രൂപ്പില്‍ നിന്ന് മാലിക്ക് പുറമെ മലാവിയാണ് പുറത്തായ മറ്റൊരു ടീം. അംഗോള മൂന്ന് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോള്‍ അള്‍ജിരിയ നാല് പോയന്റും മെച്ചപ്പെട്ട ശരാശരിയുമായി കടന്നു കയറി. ഗ്രൂപ്പ് ബിയില്‍ നിന്ന് ഐവറി കോസ്‌റ്റ് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഒരു പോയന്റുള്ള ബുര്‍ക്കിനോഫാസോ, ഘാന എന്നിവര്‍ തമ്മിലുള്ള മല്‍സരഫലമായിരിക്കും ഗ്രൂപ്പിലെ രണ്ടാം ക്വാര്‍ട്ടറുകാരെ തീരുമാനിക്കുക. സി ഗ്രൂപ്പില്‍ ഇന്ന് മല്‍സരങ്ങള്‍ ആരംഭിക്കുകയാണ്.
കളിയല്ലേ പ്രധാനം
കുട്ടി ക്രിക്കറ്റില്‍ കളിക്കുന്നവരിലെ ഒന്നാമന്‍ ആരാണെന്ന ചോദ്യത്തിന് നിഷ്‌പ്രയാസം നല്‍കാനാവുന്ന ഉത്തരമാണ് ഷാഹിദ് അഫ്രീദി.... പക്ഷേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പിലും ഈ പത്താനിയില്ല. അതിവേഗ ക്രിക്കറ്റിന്റെ ശക്തനായ വക്താവ് പ്രഥമ ഐ.പി.എല്ലില്‍ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ കുപ്പായത്തില്‍ കളിച്ചിരുന്നു. പ്രതീക്ഷിച്ച നിലവാരത്തില്‍ കളിക്കാനാവാത്ത അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ടാം ഐ.പി.എല്ലില്‍ കണ്ടില്ല. ഇന്ത്യയും പാക്കിസ്‌താനും തമ്മിലുളള രാഷ്ട്രീയ ബന്ധം മുംബൈ ആക്രമണത്തിന് ശേഷം മോശമായതിനെ തുടര്‍ന്നാണ് രണ്ടാം ഐ.പി.എല്ലില്‍ പാക് താരങ്ങളെ കാണാതിരുന്നത്. മൂന്നാം ഐ.പി.എല്ലില്‍ പാക് താരങ്ങളുടെ സാന്നിദ്ധ്യം ഈയിടെ ലളിത് മോഡി എന്ന ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ ഇന്നലെ ലേലം നടന്നപ്പോള്‍ അഫ്രീദി ഉള്‍പ്പെടെയുള്ള പാക് താരങ്ങളെ ആരും വിളിച്ചെടുത്തില്ല. രണ്ടേ രണ്ട് ഓസ്‌ട്രേലിയക്കാരെയാണ് ലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയത്. പാക്കിസ്‌താനെ പോലെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരെയും ഇന്ത്യയിലെ ചില സംഘടനകള്‍ ശബ്ദിച്ച സാഹചര്യത്തിലാണ് ഇവിടെയും നിയന്ത്രണം വന്നത്.
ക്രിക്കറ്റിന്റെ ആസ്വാദനപരതയില്‍ നല്ല തീരുമാനമല്ല ഇത്. പാക് താരങ്ങളെ സ്വന്തം ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ചിലരുടെയെങ്കിലും രോഷത്തിന് കാരണമാവുമോ എന്ന ഭയം എല്ലാ ടീമുകള്‍ക്കുമുണ്ടായിരുന്നു. ആ ഭയം അടിച്ചേല്‍പ്പിക്കാന്‍ ഐ.പി.എല്‍ ഗവേണിംഗ് കമ്മിറ്റി ശ്രമിക്കുകയും ചെയ്‌തു. സര്‍ക്കാര്‍ തലത്തിലും പാക് താരങ്ങള്‍ക്കെതിരെ നീക്കം നടന്നതിന് സൂചനകളുണ്ട്. പ്രീമിയര്‍ ലീഗ് എന്ന് പറയുമ്പോള്‍ എല്ലാവരുടെയും കളി ആസ്വദിക്കാനാണ് അവസരമുണ്ടാവേണ്ടത്. നിലവില്‍ 20-20 ലോകകപ്പ് ജേതാക്കളാണ് പാക്കിസ്‌താന്‍. അഫ്രീദിയെ കൂടാതെ മിസ്‌ബാഹുല്‍ ഹഖ്, ഉമര്‍ അക്‌മല്‍, ഷുഹൈബ് മാലിക്, ഉമര്‍ ഗുല്‍, മുഹമ്മദ് യൂസഫ് തുടങ്ങി നിരവധി തട്ടുതകര്‍പ്പന്‍ കളിക്കാരുണ്ട്. ഇവരൊന്നും മൂന്നാം സീസണില്‍ കളിക്കുന്നില്ല. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ ആക്രമിക്കപ്പെടുന്ന സംഭവത്തിലുളള പ്രതിഷേധം പ്രകടിപ്പിച്ച് ശിവസേനക്കാര്‍ രംഗത്ത് വന്നത് കൊണ്ടാണ് ഓസീസ് താരങ്ങളുടെ പിറകില്‍ പോവുന്നതില്‍ ടീമുകള്‍ വലിഞ്ഞത്.
ഇന്ത്യ-പാക്കിസ്‌താന്‍ അയല്‍പക്ക ബന്ധത്തില്‍ പുതിയ ക്രിക്കറ്റ് സംഭവങ്ങള്‍ തീര്‍ച്ചയായും അലസോരം സൃഷ്‌ടിക്കും. അയല്‍ക്കാര്‍ ആതിഥേയത്വം വഹിക്കേണ്ട അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ നിന്ന് പാക്കിസ്‌താനെ അകറ്റിയതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് വ്യക്തമായ പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കവെയാണ് പുതിയ സംഭവ വികാസങ്ങള്‍. ഇത്തരം രാഷ്ട്രീയ കരുനീക്കങ്ങള്‍ ക്രിക്കറ്റ് പോലെ ജനകീയമായ ഒരു ഗെയിമിന് ഭൂഷണമല്ല. എല്ലാ കളിക്കാരും പ്രീമിയര്‍ ലീഗില്‍ കളിക്കുമ്പോള്‍ പാക് താരങ്ങളെ അകറ്റുന്നത് എന്തിന്റെ പേരിലാണെങ്കിലും ഒരു ലോകോത്തര ചാമ്പ്യന്‍ഷിപ്പ് എന്ന ഖ്യാതി ഐ.പി.എല്ലിന് തീര്‍ച്ചയായും നഷ്ടമാക്കും.
ഇന്നലെ ലേലത്തില്‍ വിവിധ ടീമുകളിലെത്തിയ താരങ്ങള്‍ ഇവരാണ്. ബ്രാക്കറ്റില്‍ ടീം.
1-കിരണ്‍ പൊലാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്), 2-ഷെയിന്‍ ബോണ്ട് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), 3-കെമാര്‍ റോച്ച് (ഡക്കാന്‍ ചാര്‍ജേഴ്‌സ്), 4-വെയിനെ പാര്‍നല്‍ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്), 5-മുഹമ്മദ് കൈഫ് (പഞ്ചാബ് കിംഗ്‌സ് ഇലവന്‍), 6-യോന്‍ മോര്‍ഗന്‍ (ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്), ഡാമിയന്‍ മാര്‍ട്ടിന്‍ (രാജസ്ഥാന്‍ റോയല്‍സ്), ജസ്‌റ്റിന്‍ കെംപ് (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്), തിസാര പെരേര (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്), ആദം വോഗ്‌സ് (രാജസ്ഥാന്‍ റോയല്‍സ്), യൂസഫ് അബ്ദുല്ല (പഞ്ചാബ് കിംഗ്‌സ് ഇലവന്‍)
ബിന്ദ്ര ലോകകപ്പിനില്ല
ന്യൂഡല്‍ഹി: ബെയ്‌ജിംഗ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം സമ്മാനിച്ച ഷൂട്ടര്‍ അഭിനവ് ബിന്ദ്ര അടുത്ത രണ്ട് ഷൂട്ടിംഗ് ലോകകപ്പിനുമില്ല. ലോകകപ്പ് ട്രയല്‍സില്‍ ബിന്ദ്ര പങ്കെടുത്തില്ല എന്ന കുറ്റത്തിലാണ് പുറത്താക്കല്‍. ഇന്നലെ ഇന്ത്യന്‍ റൈഫിള്‍ അസോസിയേഷന്‍ ബിന്ദ്രയുടെ പിതാവുമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തിന് ഒളിംപിക് സ്വര്‍ണ്ണം സമ്മാനിച്ച തന്റെ മകനെ നിഷ്‌കരുണം തഴയുന്നത് നിരാശാജനകമാണെന്ന് പിതാവ് ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു. ട്രയല്‍സില്‍ പങ്കെടുക്കാത്തതിനാല്‍ ബിന്ദ്രയുടെ കരുത്ത് തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് പുറത്താക്കലിന് കാരണമായി നല്‍കിയിരിക്കുന്ന വിശദീകരണം.
സാനിയ പുറത്ത്‌്
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്നും ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍ താരം സാനിയ മിര്‍സക്ക് മടക്കടിക്കറ്റ്. ഇരുപത്തിയേഴാം സീഡുകാരി അരാവന്നി റേസക്ക് മുന്നിലാണ് സാനിയ അടിയറവ് പറഞ്ഞത്. സ്‌ക്കോര്‍ 6-4,6-2. ഫ്രഞ്ച് താരത്തിനെതിരെ ഒരിക്കല്‍ പോലും ഉണര്‍ന്നു കളിക്കാന്‍ കഴിയാതിരുന്ന സാനിയ പലപ്പോഴും ഡബിള്‍ഫാള്‍ട്ടുകളുമായി എതിരാളിക്ക് തുറന്ന അവസരവും നല്‍കി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഒന്നാം സീഡ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡ്‌റര്‍ ആദ്യ സെറ്റ് നഷ്‌ടമായിട്ടും തിരിച്ചുവരവ് നടത്തി ഇഗോര്‍ ആന്ദ്രേവിനെ തോല്‍പ്പിച്ചു. സ്‌ക്കോര്‍ 4-6, 6-2,7-6 (7-2),6-0. മൂന്നാം സീഡ് നോവാദ് ജോകോവിച്ച്, നിക്കോളായി ഡെവിഡെങ്കോ എന്നിവര്‍ ആദ്യ റൗണ്ട് മല്‍സരം ജയിച്ചപ്പോള്‍ റോബിന്‍ സോഡര്‍ലിംഗ് പുറത്തായി. വനിതാ വിഭാഗത്തില്‍ നിലവിലെ ജേത്രിയായ സറീന വില്ല്യംസ് പോളണ്ടിന്റെ ഉര്‍സുല റാഡ്വാന്‍സാങ്കയെ തോല്‍പ്പിച്ചു. 6-2, 6-1.
ഇന്ത്യക്ക് മേല്‍കൈ
ചിറ്റഗോംഗ്‌്:ഒന്നാം ഇന്നിംഗ്‌സില്‍ ഒരു റണ്ണിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്‌റ്റില്‍ മേല്‍കൈ. മല്‍സരം മൂന്നാം ദിവസം പിന്നിടുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് 122 റണ്‍സ് സമ്പാദിച്ച ഇന്ത്യക്കിപ്പോള്‍ 123 റണ്‍സിന്റെ ആകെ ലീഡുണ്ട്. 69 റണ്‍സ് നേടിയ മഹമൂദ്ദുല്ലയുടെയും 44 റണ്‍സ് നേടിയ മുഷ്‌ഫിഖുര്‍ റഹിമിന്റെയും മികവില്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നേടുമെന്ന് കരുതിയിരുന്നു. എന്നാല്‍ വാലറ്റത്തിലെ നാല് പേര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് എളുപ്പത്തില്‍ വിക്കറ്റ് നല്‍കിയപ്പോള്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് എന്ന അവരുടെ സ്വപ്‌നം വെറുതെയായി.
No comments:
Post a Comment