Saturday, January 16, 2010

LAL IN CRICKET

കേരളത്തിലേക്ക്‌ ഐ.പി.എല്‍ വരുമ്പോള്‍
1015 കോടി....! കേട്ടാല്‍ ഞെട്ടുന്ന തുക... പക്ഷേ ക്രിക്കറ്റിന്റെ കോടിപുകയില്‍ ഈ കോടിപുക വലിയ സംഭവമല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ടീമിനെ ഇറക്കാന്‍ വേണ്ട അടിസ്ഥാന സാമ്പത്തിക യോഗ്യത മേല്‍പ്പറഞ്ഞ തുകയാണ്‌. ഈ കോടികളുണ്ടെങ്കിലും നമ്മുടെ ക്രിക്കറ്റില്‍ ഒരു കളി കളിക്കാമെന്നതിനുറപ്പില്ല. എന്തായാലും മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ക്രിക്കറ്റിലേക്ക്‌ ഒരു കൈ നോക്കാന്‍ തീരുമാനിച്ചിരിക്കയാണ്‌. കൂട്ടിന്‌ അദ്ദേഹത്തിന്റെ സഹപാഠി പ്രിയദര്‍ശനും സെവന്‍ ആര്‍ട്‌സ്‌ ഉടമ വിജയകുമാറുമെല്ലാമുണ്ട്‌. പ്രിയദര്‍ശന്റെ ബോളിവുഡ്‌ ബന്ധത്തില്‍ ചില സൂപ്പര്‍ താരങ്ങളെയും അണിനിരത്തി 2011 ലെ ഐ.പി.എല്ലില്‍ കേരളത്തില്‍ നിന്നും ഒരു ടീമിനെ രംഗത്തിറക്കുക എന്നതാണ്‌ ലാലിന്റെ ലക്ഷ്യം.
കേരളാ അത്‌ലറ്റിക്‌സിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായി കായികാരങ്ങേറ്റം കുറിച്ച ലാല്‍ അഭിനയകലക്ക്‌ പുറമെ വ്യവസായത്തിലും മികവ്‌ തെളിയിച്ച സാഹചര്യത്തിലാണ്‌ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ പ്രിയനുള്‍പ്പെടെയുളളവര്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌. നിലവില്‍ എട്ട്‌ ടീമുകളാണ്‌ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്‌. 2011 ല്‍ നാല്‌ ടീമുകളെ കൂടി ഉള്‍പ്പെടുത്തി ഐ.പി.എല്‍ വിപൂലികരണമാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആലോചിക്കുന്നത്‌.
പുതിയ ടീമുകളെ രംഗത്തിറക്കാന്‍ വന്‍കിട കോര്‍പ്പറേറ്റ്‌ കമ്പനികള്‍ ശക്തമായി രംഗത്തുണ്ട്‌. ഐ.പി.എല്ലിന്റെ വലിയ വിജയത്തോടെ നിലവിലെ ടീമുകളുടെ ഉടമകള്‍ക്ക്‌ ലഭിക്കുന്ന ജനകീയതയാണ്‌ ടീമുകളുമായി രംഗത്തിറങ്ങാന്‍ വന്‍കിടക്കാരെ പ്രേരിപ്പിക്കുന്നത്‌. ഷാറുഖ്‌ ഖാന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും പ്രീതി സിന്റയുടെ പഞ്ചാബ്‌ കിംഗ്‌സും ശില്‍പ്പാ ഷെട്ടിക്ക്‌്‌ ഉടമസ്ഥാവകാശമുളള രാജസ്ഥാന്‍ റോയല്‍സുമെല്ലാം വിജയിക്കുന്ന ടീമുകളായതോടെ ബോളിവുഡില്‍ ഐ.പി.എല്‍ ഹരമായി മാറിയിട്ടുണ്ട്‌. അമീര്‍ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ദീര്‍ കപൂര്‍ എന്നിവര്‍ ഐ.പി.എല്‍ താല്‍പ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇവരെ ഉപയോഗപ്പെടുത്താനാണ്‌ പ്രിയദര്‍ശന്‍ ശ്രമിക്കുന്നത്‌. ബോളിവുഡിലെ മുഖ്യധാരാ സംവിധായകരില്‍ ഒരാളാണ്‌ പ്രിയനിപ്പോള്‍. സൂപ്പര്‍താരങ്ങളുമായി അദ്ദേഹത്തിന്‌ വ്യക്തിപരമായ ബന്ധമുണ്ട്‌.
കേരളത്തില്‍ നിന്ന്‌ ടീമിനെ ഇറക്കുമ്പോള്‍ അത്‌ കേരളാ ക്രിക്കറ്റിന്‌ ഗുണം ചെയ്യുമെന്നതാണ്‌ മോഹന്‍ലാലിനെ ഈ വഴിയില്‍ പ്രേരിപ്പിച്ചത്‌. നിലവില്‍ എസ്‌.ശ്രീശാന്ത്‌ മാത്രമാണ്‌ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന മലയാളി. അദ്ദേഹത്തെ കൂടാതെ പ്രതിഭ തെളിയിച്ച പലതാരങ്ങളും ഇവിടെയുണ്ട്‌. എന്നാല്‍ പ്രീമിയര്‍ ലീഗിന്റെ ധാരയിലേക്ക്‌ ആര്‍ക്കും അവസരം ലഭിക്കുന്നില്ല. ഈ പോരായ്‌മ മറികടക്കാന്‍ കേരളത്തില്‍ നിന്നും ഒരു ടീമുണ്ടായാല്‍ കഴിയും. നാല്‌ കേരളീയരെ നിര്‍ബന്ധമായും ടീമിലെടുക്കേണ്ടി വരും. 2011 ആവുമ്പോഴേക്കും കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍ കൊച്ചിയിലെ ഇടപ്പള്ളിയില്‍ സ്വന്തമായി നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവാനും സാധ്യതയുണ്ട്‌. അങ്ങനെ വരുമ്പോള്‍ ഗ്രൗണ്ടിന്റെ കാര്യത്തിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ല എന്ന സത്യം തിരിച്ചറിഞ്ഞ്‌ പ്രിയന്‍ ശക്തമായി നീങ്ങുകയാണിപ്പോള്‍. വന്‍ സ്രാവുകളുടെ ക്രിക്കറ്റ്‌ തട്ടകത്ത്‌ ചെറുമീനുകള്‍ക്ക്‌ കാര്യമില്ല. വന്‍ സ്രാവായി മാറാന്‍ പണം മാത്രമല്ല പ്രശസ്‌തരുടെ പിന്തുണയും വേണമെന്ന്‌ മനസ്സിലാക്കിയാണ്‌ അദ്ദേഹമിപ്പോള്‍ നീങ്ങുന്നത്‌. അടുത്ത മാസമാണ്‌ പുതിയ ടീമുകളുടെ ലേലം. കേരളത്തില്‍ നിന്നും ടീമിന്‌ അംഗീകാരം ലഭിച്ചാല്‍ മൈതാനം പ്രശ്‌നമായിരിക്കില്ലെന്ന്‌ കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത്‌ മോഡിയെ രേഖാ മൂലം അറിയിച്ചിട്ടുണ്ട്‌.

ഒക്ടോബറില്‍ കേരളത്തില്‍ രാജ്യാന്തര ക്രിക്കറ്റ്‌
കൊച്ചി: മല്‍സര നടത്തിപ്പിന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ മുന്‍വെച്ച ഉപാധികളില്‍ ഇളവു വരുത്തിയതോടെ കൊച്ചിയിലേക്ക്‌ വീണ്ടും രാജ്യാന്തര ക്രിക്കറ്റ്‌ വരുന്നു. സ്വന്തം മൈതാനങ്ങളുളള സംസ്ഥാന അസോസിയേഷനുകള്‍ക്ക്‌ മാത്രം രാജ്യാന്തര മല്‍സരം അനുവദിക്കു എന്ന ബി.സി.സി.ഐ നിലപാട്‌ കാരണം കഴിഞ്ഞ രണ്ട്‌ വര്‍ഷമായി കേരളത്തില്‍ മല്‍സരങ്ങളില്ല. സ്വന്തം മൈതാനത്തിന്‌ പകരം പാട്ടത്തിനെടുക്കുന്ന മൈതാനത്ത്‌ മല്‍സരം അനുവദിക്കാമെന്നാണ്‌ ഇപ്പോള്‍ ബി.സി.സി.ഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാണ്‌ കേരളാ ക്രിക്കറ്റ്‌ അസോസിയഷന്റെ നീക്കം. കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയത്തിലാണ്‌ ഇത്‌ വരെ രാജ്യാന്തര മല്‍സരങ്ങള്‍ നടന്നത്‌. ഗ്രെയിറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ്‌്‌ അതോരിറ്റിയാണ്‌ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഉടമകള്‍. ഇവരുമായി ഇതിനകം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി കെ.സി.എ സെക്രട്ടറി ടി.സി മാത്യൂ പറഞ്ഞു. കൊച്ചിയില്‍ ഇത്‌ വരെ നടന്ന എല്ലാ മല്‍സരങ്ങളും വന്‍ വിജയമായിരുന്നു. ഓസ്‌ട്രേലിയയും പാക്കിസ്‌താനും സിംബാബ്‌വെയുമെല്ലാം കൊച്ചിയില്‍ കളിച്ചിരുന്നു. വരുന്ന ഒക്ടോബറില്‍ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യന്‍ പര്യടനത്തിന്‌ വരുന്നുണ്ട്‌. ഈ പരമ്പരയിലെ ഒരു മല്‍സരം കൊച്ചിക്ക്‌ ലഭിക്കാന്‍ വ്യക്തമായ സാധ്യതയുണ്ടെന്ന്‌ ടി.സി മാത്യൂ പറഞ്ഞു. ഓസീസ്‌ പര്യടനം ലഭിച്ചില്ലെങ്കില്‍ ന്യൂസിലാന്‍ഡ്‌ ടീമിന്റെ പ്രര്യടന വേളയില്‍ ഒരു മല്‍സരം ലഭിച്ചേക്കും. കേരളത്തില്‍ കൂറെ കാലമായി മല്‍സരം നടക്കാത്ത സാഹചര്യത്തില്‍ കൊച്ചിക്ക്‌ മുന്‍ഗണനാപ്പട്ടികയില്‍ അംഗത്വമുണ്ടാവുമെന്നാണ്‌ കെ.സി.എ കരുതുന്നത്‌.

ബിന്ദ്രക്ക്‌ മടുത്തു
ന്യൂഡല്‍ഹി: രാജ്യത്തിന്‌ ഒളിംപിക്‌സില്‍ ആദ്യ വ്യക്തിഗത സ്വര്‍ണ്ണം സമ്മാനിച്ച അഭിനവ്‌ ബിന്ദ്രക്കും ഇന്ത്യന്‍ കായികരംഗത്തെ ചരടുവികളില്‍ മനം മടുത്തിരിക്കുന്നു.... കളിച്ചതിന്‌ പണം ലഭിക്കാന്‍ ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ സമരം നടത്തിയതിന്‌ പിറകെ ബിന്ദ്രയുടെ നീരസം ഇന്ത്യന്‍ കായികരംഗത്ത്‌ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണെന്ന ചിന്തകള്‍ക്ക്‌ ശക്തി പകരുന്നു. ദേശീയ റൈഫിള്‍ അസോസിയേഷന്റെ തലതിരിഞ്ഞ നയങ്ങളില്‍ രോഷം പ്രകടിപ്പിക്കുന്ന ബിന്ദ്ര താന്‍ മല്‍സര രംഗം വിടുന്നതിനെക്കുറിച്ച്‌ ഗൗരവതരമായി ആലോചിക്കുകയാണെന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. കാര്യം നിസാരമാണ്‌. ബിന്ദ്രയുടെ ഉന്നത പരിശീലനവും അദ്ദേഹത്തിന്റെ ഉയരങ്ങളിലെ വാസവുമൊന്നും റൈഫിള്‍ അസോസിയേഷനിലെ ചിലര്‍ക്ക്‌ പിടിക്കുന്നില്ല. ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിസും ചൈനയിലെ ഗുംഗ്‌ഷൂവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസും മുന്‍നിര്‍ത്തി ബിന്ദ്രയിപ്പോള്‍ ജര്‍മനിയില്‍ പരിശീലനത്തിലാണ്‌. രണ്ട്‌ വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ രാജ്യത്തിന്റെ അഭിമാനം കാക്കാന്‍ താല്‍പ്പര്യമുളള ബിന്ദ്ര ജര്‍മ്മനിയില്‍ പരിശീലനം നടത്തവെയാണ്‌ റൈഫിള്‍ അസോസിയേഷന്‍ അദ്ദേഹത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. ഉടന്‍ ഇന്ത്യയിലെത്തണമെന്നും ഇവിടെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കണമെന്നുമാണ്‌ അദ്ദേഹത്തിന്‌ ലഭിച്ച നിര്‍ദ്ദേശം. അങ്ങനെ ഡല്‍ഹിയിലെത്തിയപ്പോഴാണ്‌ ബിന്ദ്രയറിയുന്നത്‌ സെലക്ഷന്‍ ട്രയല്‍സ്‌ മാറ്റിവെച്ചിട്ടുണ്ടെന്ന്‌.
തന്റെ പരിശീലനത്തിന്‌ ഔദ്യോഗിക സഹായം വേണ്ടെന്ന്‌ പലവട്ടം ബിന്ദ്ര ഉന്നതവൃത്തങ്ങളെ അറിയിച്ചതാണ്‌. സ്വന്തം നിലക്ക്‌ പരിശീലനം നടത്തും. ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്റെ സമയത്ത്‌ സ്വന്തം നിലക്കാണ്‌ പരിശീലനം നടത്തിയത്‌. അതിനാല്‍ തന്റെ പരിശീലന കാര്യത്തില്‍ വേവലാതി വേണ്ടെന്ന്‌ അദ്ദേഹം കേന്ദ്ര കായിക മന്ത്രാലയത്തെ അറിയിച്ചതാണ്‌. എന്നാല്‍ ഇത്‌ കാര്യമാക്കാതെയാണ്‌ ഉടന്‍ തന്നെ നാട്ടില്‍ തിരിച്ചെത്താന്‍ അദ്ദേഹത്തട്‌ റൈഫിള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്‌. ഇവിടെയെത്തിയപ്പോഴാവട്ടെ കാര്യങ്ങളെല്ലാം കുഴഞ്ഞ്‌ മറിഞ്ഞ്‌ കിടക്കുകയാണ്‌. അധികാരികളുടെ സമീപനം ഇതാണെങ്കില്‍ ശക്തമായ തീരുമാനമെടുക്കാന്‍ താന്‍ നിര്‍ബന്ധിതനാവുമെന്ന്‌ ബിന്ദ്ര ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡിയെ അറിയിച്ചിട്ടുണ്ട്‌.

ആദ്യ ടെസ്റ്റിന്‌ ഇന്ന്‌ തുടക്കം
ചിറ്റഗോംഗ്‌: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയിന്ന്‌ എട്ടാമന്മാരായ ബംഗ്ലാദേശുമായി പോരിനിറങ്ങുന്നു. റാങ്കിംഗിലെ സ്ഥാനം നിലനിര്‍ത്താന്‍ വിജയങ്ങള്‍ നിര്‍ബന്ധമായ ടീം ഇന്ത്യക്ക്‌ അനുകൂലമാണ്‌ കാര്യങ്ങളെല്ലാം. ത്രിരാഷ്‌ട്ര പരമ്പരയില്‍ കപ്പ്‌ നഷ്ടമായെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വരവോടെ ടീം ഉണര്‍ന്നിട്ടുണ്ട്‌. ചിറ്റഗോംഗിലെ പിച്ച്‌ തുടക്കത്തില്‍ സീമര്‍മാരെ തുണക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. പിച്ചിലെ പച്ചപ്പും തണുപ്പേറിയ കാലാവസ്ഥയും ഉപയോഗപ്പെടുത്താന്‍ പുതിയ പന്തെടുക്കുന്ന ബൗളര്‍മാര്‍ക്കാവും. ഇന്ത്യന്‍ ബൗളിംഗിനെ നയിക്കുന്നത്‌ സഹീര്‍ഖാന്‍ തന്നെയാണ്‌. ഏകദിന പരമ്പരയില്‍ സ്ഥിരത പ്രകടിപ്പിക്കാന്‍ സഹീറിന്‌ കഴിഞ്ഞിരുന്നില്ല. ഒരു മല്‍സരത്തില്‍ മാന്‍ ഓഫ്‌ ദ മാച്ചായെങ്കിലും അദ്ദേഹത്തിന്‌ ടെസ്റ്റില്‍ കരുത്ത്‌ തെളിയിക്കേണ്ടതുണ്ട്‌. തിരിച്ചുവരവ്‌ ഗംഭീരമാക്കിയ ശ്രീശാന്ത്‌, ആശിഷ്‌ നെഹ്‌റ എന്നിവരാണ്‌ സീം ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റ്‌ പ്രമുഖര്‍, ഹര്‍ഭജന്‍സിംഗിനൊപ്പം സ്‌പിന്‍ കരുത്തായി അമിത്‌ മിശ്രയുണ്ട്‌. ബംഗ്ലാ ബൗളിംഗിന്‌ സാധാരണ ഗതിയില്‍ നല്ല തുടക്കം നല്‍കാറുളള അവരുടെ നായകന്‍ മഷ്‌റഫെ മൊര്‍ത്തസ പരുക്ക്‌ കാരണം ഇന്ന്‌ കളിക്കുമോ എന്ന്‌ വ്യക്തമല്ല. ഷാക്കിബ്‌ ഹസനായിരിക്കും മൊര്‍ത്തസ കളിക്കാത്തപക്ഷം ടീമിനെ നയിക്കുക. ബാറ്റിംഗില്‍ അനുഭവ സമ്പന്നനായ മുഹമ്മദ്‌ അഷറഫുല്‍, തമീം ഇഖ്‌ബാല്‍ എന്നിവരും ബൗളിംഗില്‍ സയദ്‌ റസല്‍ എന്നിവരുമാണ്‌ ടീമിന്റെ കരുത്ത്‌. മല്‍സരം രാവിലെ ഒമ്പത്‌ മുതല്‍ നിയോ ക്രിക്കറ്റില്‍.

ഓസീസ്‌ പിടിമുറുക്കി
ഹൊബാര്‍ട്ട്‌: മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയ വിജയത്തിലേക്ക്‌. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 277 റണ്‍സിന്റെ ലീഡുണ്ട്‌ ആതിഥേയര്‍ക്ക്‌. ഒന്നാം ഇന്നിംഗ്‌സില്‍ പാക്കിസ്‌താനെ 301 ല്‍ ഒതുക്കിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ്‌ തുടങ്ങിയിട്ടുണ്ട്‌. ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 59 റണ്‍സാണ്‌ അവര്‍ നേടിയിരിക്കുന്നത്‌. ആദ്യ ഇന്നിംഗ്‌സില്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗിന്റെ ഡബിള്‍ സെഞ്ച്വറിയില്‍ 519 റണ്‍സ്‌ നേടിയ ഓസ്‌ട്രേലിയ മല്‍സരം ഉറപ്പിച്ച മട്ടിലാണ്‌ കളിക്കുന്നത്‌. സല്‍മാന്‍ ഭട്ടിന്റെ സെഞ്ച്വറി മാത്രമായിരുന്നു പാക്‌ ഇന്നിംഗ്‌സിലെ സവിശേഷത. മൂന്നാം ടെസ്റ്റ്‌ സെഞ്ച്വറി സ്വന്തമാക്കിയ സല്‍മാന്‌ പക്ഷേ തന്റെ നായകനെയും ഉമര്‍ അക്‌മലിനെയും റണ്ണൗട്ടാക്കിയതിന്റെ പാപഭാരമുണ്ട്‌. രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍ ഷെയിന്‍ വാട്ട്‌സണെയാണ്‌ ഓസ്‌ട്രേലിയക്ക്‌ നഷ്‌ടമായത്‌. 33 റണ്‍സുമായി സൈമണ്‍ കാറ്റിച്ചും 25 റണ്‍സുമായി റിക്കി പോണ്ടിംഗും ക്രീസിലുണ്ട്‌.

ഇംഗ്ലണ്ട്‌ പതറുന്നു
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: നിര്‍ണ്ണായകമായ വിജയത്തിനായി ദക്ഷിണാഫ്രിക്ക പോരാട്ടം ശക്തമാക്കി. അവസാന ടെസ്‌റ്റില്‍ വിജയം നിര്‍ബന്ധമായ ഗ്രയീം സ്‌മിത്തിന്റെ സംഘം മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്‌സില്‍ വലിയ സ്‌ക്കോര്‍ ലക്ഷ്യം വെച്ച്‌ മുന്നേറുകയാണ്‌. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ്‌ 180 ല്‍ ഒതുക്കിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ അഞ്ച്‌ വിക്കറ്റിന്‌ 324 റണ്‍സ്‌ നേടിയിട്ടുണ്ട്‌.

No comments: