ഇന്ന് ഫൈനല്‍
ധാക്ക:ഇതാ വീണ്ടും ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ മറ്റൊരു മല്‍സരം കൂടി-22-ാം തവണ മൂന്ന് മാസത്തിനിടെ.... ഇന്ന് നടക്കുന്നത് ഫൈനലാണ്. ത്രിരാഷ്‌ട്ര കപ്പിന്റെ കലാശപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ ഒരാഴ്‌ച്ചക്കിടെ മൂന്നാമത് കണ്ട് മുട്ടുന്ന അയല്‍ക്കാരില്‍ വീറും വാശിയും ഉറപ്പാണ്. ഇതേ മൈതാനത്ത് നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യ തകര്‍ന്നപ്പോള്‍ രണ്ട് ദിവസം മുമ്പ് നടന്ന രണ്ടാം മല്‍സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചിരുന്നു. അന്ന് ലങ്ക ശരിക്കും നടത്തിയ പരീക്ഷണത്തിലായിരുന്നു ഇന്ത്യന്‍ വിജയം. ടോസ് ലഭിച്ചിട്ടും ബാറ്റിംഗിന് ഇന്ത്യയെ അയച്ച ലങ്കക്കാരുടെ മോഹം ഒന്ന് മാത്രമായിരുന്നു-രാത്രിയില്‍ ബൗളിംഗ് പരിശീലനം നേടുക. ഈ പരീക്ഷണത്തില്‍ അവര്‍ പരാജയപ്പെട്ടുവെന്നത് സത്യം.
ഇന്ന് ഇന്ത്യന്‍ സംഘം പൂര്‍ണ്ണ കരുത്തില്‍ കളിക്കും. ബംഗ്ലാദേശിനെതിരായ നടന്ന അവസാന മല്‍സരത്തില്‍ കളിക്കാതിരുന്ന സഹീര്‍ഖാനും വിരേന്ദര്‍ സേവാഗും ആദ്യ ഇലനില്‍ വരുമ്പോള്‍ സുദിപ് ത്യാഗിയും ദിനേശ് കാര്‍ത്തികും പുറത്താവും. ലങ്കന്‍ സംഘത്തിലും പ്രമുഖരെല്ലാം കളിക്കുന്നുണ്ട്. കുമാര്‍ സങ്കക്കാര നയിക്കുന്ന ടീമില്‍ മഹേല ജയവര്‍ദ്ധനെയും കപ്പുഗുഡേരയുമെല്ലാം കളിക്കുന്നുണ്ട്.
പകല്‍ രാത്രി ഫൈനലില്‍ ടോസ് തന്നെയാണ് നിര്‍ണ്ണായകം. രാത്രിയില്‍ മഞ്ഞ് വീഴ്‌ച്ചയുടെ പ്രയാസമുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ആദ്യം ബാറ്റ് ചെയ്യും. ബംഗബന്ധു നാഷണല്‍ സ്‌റ്റേഡിയത്തിലെ പിച്ച് ബാറ്റിംഗിനെ തുണക്കുന്നതാണ്. അതിനാല്‍ തന്നെ വലിയ സ്‌ക്കോര്‍ തുടക്കത്തില്‍ നേടിയാല്‍ മല്‍സരത്തില്‍ പിടിമുറുക്കാനാവും.
ആത്മവിശ്വാസമാണ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് പ്രകടിപ്പിച്ചത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ ഇന്ത്യക്ക് വിജയിക്കാനായിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ ബൗളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യ പരാജയമായിരുന്നു. എന്നാല്‍ ലങ്കക്കെതിരെ നടന്ന അവസാന ഗ്രൂപ്പ് മല്‍സരത്തിലും കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന മല്‍സരത്തിലും ബൗളിംഗും ഫീല്‍ഡിംഗും നിലവാരം പുലര്‍ത്തിയിരുന്നു. ലങ്കക്കെതിരെ മികച്ച പ്രകടനം നടത്തിയ സഹീര്‍ഖാന്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും നേടി. ബാറ്റിംഗില്‍ തല്‍ക്കാലം വേവലാതിയില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭാവം ഇത് വരെ ടീം അറിഞ്ഞിട്ടില്ല. വിരാത് കോഹ്‌ലിയാണ് സച്ചിന്റെ സ്ഥാനത്ത് തകര്‍പ്പന്‍ പ്രകടനം നടത്തുന്നത്. ബംഗ്ലാദേശിനെതിരെ നടന്ന മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കോഹ്‌ലി നടത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരവുമിപ്പോള്‍ കോഹ്‌ലിയാണ്. സേവാഗ് ഇത് വരെ സ്വതസിദ്ധമായ ഫോമിലേക്ക് വന്നിട്ടില്ല. കഴിഞ്ഞ മല്‍സരത്തില്‍ നിന്നും ബ്രേക്ക് ലഭിച്ചത് ഓപ്പണര്‍ക്ക് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കരുത്ത് തെളിയിക്കാനുളള അവസരമാണ് സംജാതമായിരിക്കുന്നത്. ഗൗതം ഗാംഭീറാണ് ഓപ്പണിംഗില്‍ സേവാഗിന്റെ പങ്കാളി. ഗാംഭീറിനും ഇവിടെ വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. മധ്യനിരയില്‍ എം.എസ് ധോണി, സുരേഷ് റൈന എന്നിവരും ഫോമിലാണ്.
ലങ്കന്‍ ബാറ്റിംഗ് നിരയിലേക്ക് തിലകരത്‌നെ ദില്‍ഷാന്‍ തിരിച്ചുവരുന്നതാണ് ഇന്ത്യക്ക് ഭീഷണി. ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്താറുള്ള ദില്‍ഷാനൊപ്പം മഹേലയും ഭീഷണിയാണ്. സങ്കക്കാരക്ക് ഇവിടെ രണ്ട് മികച്ച ഇന്നിംഗ്‌സ് കളിച്ചുള്ള കരുത്തുമുണ്ട്. ഫൈനല്‍ പോരാട്ടം തല്‍സമയം നിയോ ക്രിക്കറ്റിലും ദൂരദര്‍ശനിലും ഉച്ചക്ക് രണ്ട് മുതല്‍.
വമ്പന്മാര്‍ വെള്ളം കുടിച്ചു
കാബിന്‍ഡ (അംഗോള): ഇന്നലെ വെളളം കുടിച്ചത് ദിദിയര്‍ ദ്രോഗ്‌ബെയുടെ ഐവറി കോസ്‌റ്റ്... ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന്റെ ആദ്യ ദിവസത്തില്‍ കണ്ടത് സുന്ദരമായ സമനിലയാണെങ്കില്‍ രണ്ടാം ദിവസം ഗ്രൂപ്പ് ബിയില്‍ കണ്ടത് അവസരങ്ങള്‍ തുലക്കുന്ന ഐവറിക്കാരെയും ഭാഗ്യത്തിന് രക്ഷപ്പെടുന്ന ബുര്‍ക്കിനോഫാസോയെയും. മല്‍സരത്തില്‍ ഗോള്‍ പിറന്നില്ല. അത് കാരണം ചാമ്പ്യന്മാരാവുമെന്ന് കരുതപ്പെട്ടിരുന്ന ഐവറിക്കാര്‍ക്ക് അടുത്ത മല്‍സരം കാഠിന്യമുള്ളതായി. നോക്കൗട്ട് സ്‌റ്റേജില്‍ എത്തണമെങ്കില്‍ ഐവറിക്കാര്‍ക്ക് ഇനി ഒരു രക്ഷ മാത്രമാണുള്ളത്-ഘാനക്കാരെ പരാജയപ്പെടുത്തണം. ടോഗോ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ ഗ്രൂപ്പ് ബിയില്‍ ഇപ്പോള്‍ മൂന്ന് ടീമുകള്‍ മാത്രമാണ് ശേഷിക്കുന്നത്.
അവസരങ്ങള്‍ തുലക്കുന്നതിലെ ഐവറിക്കാരുടെ മല്‍സരമായിരുന്നു കാബിന്‍ഡയിലെ മല്‍സരത്തിലെ സവിശേഷത. ബക്കാരി കോനെയാണ് നാല് അവസരങ്ങള്‍ നഷ്ടമാക്കിയത്. മല്‍സരത്തിന്റെ തുടക്കത്തില്‍ പെനാല്‍ട്ടിയെന്ന് തോന്നിയ ഒരു അവസരം നഷ്‌ടമാവുകയും പെനാല്‍ട്ടി ആവശ്യം റഫറി തളളുകയും ചെയ്‌തതാണ് ഐവറിക്കാരെ കാര്യമായി ബാധിച്ചത്. അറുപത്തിയെട്ടാം മിനുട്ടില്‍ ഗോള്‍ക്കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ കോനെ പന്ത് പുറത്തേക്കാണ് പായിച്ചത്.
ബുര്‍ക്കിനോഫാസോക്ക് മല്‍സരത്തില്‍ ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അവര്‍ പ്രതിരോധ സോക്കറാണ് കളിച്ചത്. ആറ് പേരായിരുന്നു ഡിഫന്‍സില്‍. ഐവറിക്കാരെ കാണുമ്പോള്‍ എല്ലാവരും ഒരുമിക്കും. ഒന്നാം പകുതിയില്‍ അവര്‍ക്ക് ഒരവസരമാണ് ലഭിച്ചത്. ഐവറി ഗോള്‍മുഖം വരെയെത്തിയ ജോനാഥന്‍ പിടോറിപക്ക് അവസരം ഉപയോഗപ്പെടുത്താനുമായില്ല. മറ്റൊരു മല്‍സരത്തില്‍ മലാവി മൂന്ന് ഗോളിന് അള്‍ജീരിയയെ തകര്‍ത്തുവിട്ടു. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് ഈജിപ്‌തിന തോല്‍പ്പിച്ച് അര്‍ഹത നേടിയ അള്‍ജീരിയക്ക് കനത്ത ആഘാതമാണ് ഈ തോല്‍വി.
No comments:
Post a Comment