Monday, January 18, 2010

VIVAS HIGH HOPE

മുന്‍നിരയില്‍ ഒരാള്‍ കൂടി വേണം
തേര്‍ഡ്‌ ഐ കമാല്‍ വരദൂര്‍
കേരളത്തിന്റെ ഫുട്‌ബോള്‍ സ്വപ്‌നങ്ങളാണിപ്പോള്‍ വിവ കേരളയെ മുന്നോട്ട്‌ നയിക്കുന്നത്‌. ഐ ലീഗ്‌ ഫുട്‌ബോളില്‍ രണ്ടാം വിജയം നേടിയ ടീമിന്‌ പുതിയ വര്‍ഷം പുരോഗതിയുടേതാണ്‌. ഫെഡറേഷന്‍ കപ്പില്‍ മികച്ച പ്രകടനം നടത്തി മൂന്ന്‌ സമനിലകള്‍ നേടിയത്‌ ആശാവഹമായിരുന്നു. അതിന്‌ ശേഷം ഷില്ലോംഗില്‍ കൊടും തണുപ്പില്‍ ലാജോംഗ്‌ എഫ്‌.സി യെ സമനിലയില്‍ തളച്ചാണ്‌ വിവ കോഴിക്കോട്‌ ഹോം മല്‍സരങ്ങളുടെ രണ്ടാം ഘട്ടത്തിനെത്തിയത്‌. ജെ.സി.ടി മില്‍സിനെ ഒരു ഗോളിന്‌ തോല്‍പ്പിക്കാനായതോടെ ടീമിന്‌ വിജയത്തിന്റെ ആവേശവുമായിരിക്കുന്നു. സമീപകാലത്തെ ടീമിന്റെ ഈ നേട്ടങ്ങളില്‍ മാനേജ്‌മെന്റിന്‌ കാര്യമായ പങ്കുണ്ട്‌. ടീമിലെ എല്ലാവര്‍ക്കും ആരോഗ്യ-മാനസിക പിന്തുണ നല്‍കിയതാണ്‌ പ്രധാനം. കോഴിക്കോട്ട്‌ നടന്ന ആദ്യഘട്ട ഹോം മല്‍സരങ്ങള്‍ക്ക്‌ ശേഷം രണ്ട്‌്‌ മാസത്തോളം ടീം കൊച്ചിയിലെ ആസ്ഥാനത്തായിരുന്നു. ഈ കാലയളവാണ്‌ മാനേജ്‌മെന്റ്‌ ഉപയോഗപ്പെടുത്തിയത്‌. ടീമിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശാസ്‌ത്രിയമായ മാര്‍ഗ്ഗങ്ങളാണ്‌ മാനേജ്‌മെന്റ്‌്‌ സ്വീകരിച്ചത്‌. സാധാരണ പ്രൊഫഷണല്‍ രംഗത്ത്‌ കാണുന്നത്‌ പോലെ ടീം ഡോക്ടറില്‍ നിന്നും എല്ലാ താരങ്ങളുടെയും ആരോഗ്യ കാര്യങ്ങള്‍ അന്വേഷിച്ചു. ഫിസിയോയില്‍ നിന്നും താരങ്ങളുടെ സമീപനം മനസ്സിലാക്കി. ഉദാഹരണത്തിന്‌ ഗോള്‍ക്കീപ്പര്‍ ഷാഹിന്‍ലാലിന്‌ എല്ലാ മല്‍സരങ്ങളിലും പ്രശ്‌നം വീട്ടില്‍ നിന്നും വരുന്ന മൊബൈല്‍ കോളുകളാണെന്ന്‌ തിരിച്ചറിഞ്ഞു. മല്‍സരത്തിന്‌ തൊട്ട്‌ മുമ്പ്‌ പോലും ഗോള്‍ക്കീപ്പര്‍ വീട്ടിലേക്ക്‌ വിളിക്കും. അതോടെ മാനസിക സംഘര്‍ഷമായി. ടെന്‍ഷനില്‍ പിഴക്കും. ഷാഹിനെ സൈക്കോളജിസ്‌റ്റിന്‌ അരികില്‍ കൊണ്ടുപോയപ്പോഴാണ്‌ കാര്യങ്ങള്‍ മനസ്സിലായത്‌. അതോടെ ആ പ്രശ്‌നം അവസാനിച്ചു. മല്‍സരത്തിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ തന്നെ മൊബൈല്‍ ഫോണുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയ്‌തത്‌ പോലെ മാനസികമായ പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതില്‍ മുന്‍ഗണന നല്‍കി. പരിശീലനവും വിശ്രമവുമെല്ലാം നിര്‍ബന്ധമാക്കി. ഒരു വിജവും ഒരു തോല്‍വിയും സമ്മാനിക്കുന്ന പ്രശ്‌നങ്ങളെ മനസ്സിലാക്കി വിജയവഴിയില്‍ സഞ്ചരിക്കാനുളള പ്രചോദനമെന്നോണം ടീമിന്റെ, താരങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതില്‍ എം.ഭാസ്‌ക്കരന്‍ ചെയര്‍മാനും ലിയാഖത്ത്‌ അലി സെക്രട്ടറിയുമായുളള വിവ മാനേജ്‌മെന്റ്‌്‌ താല്‍പ്പര്യമെടുത്തു. ഫെഡറേഷന്‍ കപ്പില്‍ ഗോഹട്ടിയിലെ പ്രതികൂല കാലാവസ്ഥയിലും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ടീമിനെ സഹായിച്ചത്‌ ഇത്തരം അടിസ്ഥാന വിഷയങ്ങളെ മനസ്സിലാക്കിയുളള സമീപനമായിരുന്നു. ജെ.സി.ടിയെയാണ്‌ ആദ്യം വിവ തളച്ചത്‌. പിന്നെ ബൈജൂംഗ്‌ ബൂട്ടിയ കളിച്ച ഈസ്റ്റ്‌ ബംഗാളിനെയും പിടിച്ചുകെട്ടി. ലാജോംഗിനെതിരായ എവേ മല്‍സരം ഒരു തലത്തിലും അനൂകൂലമായിരുന്നില്ല. ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഇക്വഡോറിലെ സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തിലുള്ള ലാപാസില്‍ കളിക്കുന്നതില്‍ കാണിക്കുന്ന വിമുഖത പോലെയാണ്‌ ഐ ലീഗിലെ ടീമുകള്‍ക്ക്‌ ഷില്ലോംഗില്‍ കളിക്കുന്നത്‌. ഈ വേദിയിലാണ്‌ തുടക്കത്തില്‍ നേടിയ ഗോളില്‍ ഏതാണ്ട്‌ അവസാനം വരെ വിവ ലീഡ്‌ ചെയ്‌തത്‌.
ഈ നേട്ടങ്ങളാണ്‌ ജെ.സി.ടിക്കെതിരെ കോഴിക്കോട്ട്‌ മികച്ച പ്രകടനം നടത്താന്‍ ടീമിനെ സഹായിച്ചത്‌. ഗോള്‍ക്കീപ്പര്‍ ഷാഹിന്‍ലാല്‍ തുടക്കം മുതല്‍ ആവേശത്തിലായിരുന്നു. നല്ല രണ്ട്‌ സേവുകള്‍ തുടക്കത്തില്‍ നടത്തിയപ്പോള്‍ അദ്ദേഹത്തിന്‌ ആത്മവിശ്വാസമായി. ഷാഹിന്‍ലാലിന്‌ കമ്മ്യൂണിക്കേഷന്‍ കരുത്തില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയിക്കണം. പിന്‍നിരയില്‍ ബെല്ലോ റസാക്ക്‌ എന്ന കറുത്ത താരത്തിന്റെ കരുത്ത്‌ ഒരിക്കല്‍ക്കൂടി പ്രകടമായി. മധ്യനിരയില്‍ കോച്ച്‌ ഏ.എം ശ്രീധരന്‍ പറഞ്ഞത്‌ പോലെ നായകന്‍ എം.പി സക്കീര്‍ ശരിക്കുമൊരു സ്റ്റീവന്‍ ജെറാര്‍ഡാണ്‌. എത്രയെത്ര മനോഹരമായ പാസുകളാണ്‌ സക്കീര്‍ നല്‍കുന്നത്‌. അത്‌ പ്രയോജനപ്പെടുത്തുന്നതില്‍ പലപ്പോഴും പത്താം നമ്പറുകാരന്‍ റൂബന്‍ സന്യാവോക്ക്‌ കഴിയുന്നില്ല. റൂബന്‍ നേടിയ ആദ്യ ഗോള്‍ സുന്ദരമായിരുന്നു. ആ ഗോളിന്റെ സൗന്ദര്യം സക്കീര്‍ നല്‍കിയ പാസായിരുന്നു. റൂബനെ കേന്ദ്രീകരിച്ച്‌ പതിനാറോളം പാസുകളാണ്‌ മല്‍സരത്തില്‍ സക്കീര്‍ നല്‍കിയത്‌. റൂബനെ സഹായിക്കാന്‍ ശക്തനായ ഒരു മുന്‍നിരക്കാരനുണ്ടെങ്കില്‍ തീര്‍ച്ചയായും വിവക്ക്‌ ശനിയെ അകറ്റാനാവും. ഇപ്പോള്‍ പരുക്കില്‍ കഴിയുന്ന സബിത്ത്‌ തിരിച്ചുവരുമ്പോള്‍ റൂബന്‌ അത്‌ കരുത്താവും.
ഏത്‌ മല്‍സരത്തിലും വിജയവും പോയന്റുമാണ്‌ പ്രധാനം. നല്ല ഫുട്‌ബോളിന്‌ അംഗീകാരം ലഭിക്കും-പോയന്റുണ്ടാവില്ല. വിവയുടെ അടുത്ത രണ്ട്‌ മല്‍സരങ്ങളും ജയിക്കാന്‍ കഴിയുന്നതാണ്‌. പൂനെ എഫ്‌.സി അത്ര കരുത്തരല്ല. എയര്‍ ഇന്ത്യയെയും തോല്‍പ്പിക്കാനാവും. ഈ രണ്ട്‌ മല്‍സരങ്ങള്‍ ജയിച്ചാല്‍ ടേബിളില്‍ വിവ ഉയരങ്ങളിലെത്തും. ടീമിന്‌ ഉണര്‍വ്‌ പകരാന്‍ ഈ വിജയങ്ങളും പോയന്റും സഹായിക്കും.

ഹൊബാര്‍ട്ടിലും പാക്‌ ദുരന്തം
ഹൊബാര്‍ട്ട്‌: അര മണിക്കൂര്‍ പെയ്‌ത മഴയിലും ഖുറം മന്‍സൂറിന്റെ (77) പൊരുതിയുളള അര്‍ദ്ധസെഞ്ച്വറിക്കും പാക്കിസ്‌താനെ തുണക്കാനായില്ല. മൂന്നാം ടെസ്റ്റില്‍ 231 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഓസ്‌ട്രേലിയ പരമ്പര 3-0 ത്തിന്‌ തൂത്തൂവാരി. മെല്‍ബണില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ പൊരുതിത്തോറ്റ പാക്കിസ്‌താന്‍ സിഡ്‌്‌നിയില്‍ വിജയത്തിന്റെ വക്കിലെത്തിയ ശേഷം കലമുടച്ചിരുന്നു. ഇവിടെയാവട്ടെ ആദ്യദിവസം മുതല്‍ തകര്‍ന്ന ടീമിന്‌ ഒരു ഘട്ടത്തില്‍ പോലും റിക്കി പോണ്ടിംഗിന്റെ സംഘത്തിന്‌ ഭീഷണി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മൂന്ന്‌ മല്‍സരങ്ങളിലും ടീം തകര്‍ന്നത്തോടെ മുഹമ്മദ്‌ യൂസഫ്‌ എന്ന നായകന്റെ ഭാവി തുലാസിലായിട്ടുണ്ട്‌. യൂനസ്‌ഖാന്‌ പകരമാണ്‌ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിനെ നയിക്കാന്‍ യൂസഫിന്‌ അവസരം നല്‍കിയത്‌.
തോല്‍വി ഒഴിവാക്കാന്‍ പാക്കിസ്‌താന്‌ കഴിയണമെങ്കില്‍ മഴ മേഘങ്ങള്‍ കാരുണ്യത്തോടെ കനിയണമായിരുന്നു. ഇന്നലെ കാലാവസ്ഥാ റിപ്പോര്‍ട്ട്‌ പാക്കിസ്‌താന്‌ പ്രതീക്ഷയും സമ്മാനിച്ചിരുന്നു. എന്നാല്‍ ലഞ്ചിന്‌ ശേഷം അല്‍പ്പസമയം മാത്രമാണ്‌ മഴ തടസ്സമായി നിന്നത്‌. അതിനിടെ തന്നെ വിലപ്പെട്ട വിക്കറ്റുകള്‍ പലതും പാക്കിസ്‌താന്‌ നഷ്‌ടമായിരുന്നു. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഷെയിന്‍ വോാണിന്റെ പിന്‍ഗാമിയായി മാറുന്ന നതാന്‍ ഹൗറിറ്റ്‌സ്‌ മൂന്ന്‌ വിക്കറ്റ്‌ നേടിയപ്പോള്‍ ഇതേ മികവുമായി പീറ്റര്‍ സിഡിലും കരുത്ത്‌ കാട്ടി.
ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ പന്ത്രണ്ടാമത്തെ തുടര്‍ച്ചയായ വിജയമാണിത്‌. ഏഴാം വിക്കറ്റില്‍ ഖുറം മന്‍സൂറും വാലറ്റക്കാരന്‍ മുഹമ്മദ്‌ ആമിറും ചേര്‍ന്ന്‌ 239 പന്തില്‍ നിന്നും നേടിയ 77 റണ്‍സ്‌ മാത്രമാണ്‌ ഓസ്‌ട്രേലിയക്ക്‌ ചെറിയ തലവേദന സമ്മാനിച്ചത്‌. എന്നാല്‍ ഖൂറമിനെ ഹൗറിറ്റ്‌സ്‌ പുറത്താക്കിയതോടെ മല്‍സരം ചടങ്ങായി മാറി. ഇന്നലെ പാക്കിസ്‌താന്‍ ബാറ്റിംഗ്‌ ആരംഭിച്ചപ്പോള്‍ മുന്‍ നായകന്‍ ഷുഹൈബ്‌ മാലിക്കിലായിരുന്നു പ്രതീക്ഷകള്‍. പക്ഷേ വ്യക്തിഗത സ്‌ക്കോര്‍ 19 ല്‍ അദ്ദേഹം പുറത്തായി. വലിയ സമ്മര്‍ദ്ദത്തിലായിരുന്നു നായകന്‍ മുഹമ്മദ്‌ യൂസഫ്‌. ടീമിന്റെ പ്രശ്‌നങ്ങളും നായകനെന്ന നിലയില്‍ തനിക്കെതിരായ വിമര്‍ശനങ്ങളും അദ്ദേഹത്തെ ബാധിച്ചിരുന്നു. 23 ല്‍ അദ്ദേഹം പുറത്തായത്‌ പാക്കിസ്‌താന്‌ വന്‍ ആഘാതമായി. ഉമര്‍ അക്‌മല്‍ എന്ന പുതിയ വിശ്വസ്‌തനെ പിടികുടുന്നതില്‍ വാട്ട്‌സണ്‍ വജയിച്ചപ്പോള്‍ സര്‍ഫ്രാസ്‌ അഹമ്മദ്‌ എന്ന പുതിയ വിക്കറ്റ്‌ കീപ്പര്‍ സ്‌ക്കോര്‍ബോര്‍ഡിലേക്ക്‌ അഞ്ച്‌ റണ്‍ മാത്രമാണ്‌ നല്‍കിയത്‌. അതേ സമയം ബാറ്റിംഗില്‍ വലിയ വിലാസമില്ലാത്ത മുഹമ്മദ്‌ ആമിര്‍ എന്ന സീമര്‍ 147 പന്തുകളാണ്‌ നേരിട്ടത്‌. നാല്‌ ബൗണ്ടറികളും അദ്ദേഹം പായിച്ചു. വാലറ്റത്തില്‍ ഉമര്‍ ഗുല്‍, മുഹമ്മദ്‌ ആസിഫ്‌ എന്നിവര്‍ പൂജ്യരായി. ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയ റിക്കി പോണ്ടിംഗാണ്‌ കളിയിലെ കേമന്‍. പരമ്പരയിലെ കേമനായി ഷെയിന്‍ വാട്ട്‌സണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇരു ടീമുകളും തമ്മിലുള്ള നാല്‌ മല്‍സര ഏകദിന പരമ്പര ഈയാഴ്‌ച്ച ആരംഭിക്കും.

സച്ചിന്‍ ഷോ
ചിറ്റഗോംഗ്‌: മൂടല്‍മഞ്ഞില്‍ തട്ടി മുടങ്ങുന്ന ഇന്ത്യ-ബംഗ്ലാദേശ്‌ ഒന്നാം ടെസ്‌റ്റിന്റെ രണ്ടാം ദിവസം കളി നടന്നത്‌ 24.5 ഓവറുകള്‍ മാത്രം. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 243 റണ്‍സിന്‌ പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ 59 റണ്‍സ്‌ നേടുന്നതിനിടെ കടുവകള്‍ക്ക്‌ മുന്‍നിരയിലെ മൂന്ന്‌ പേരെ നഷ്ടമായിട്ടുണ്ട്‌. നാല്‍പ്പത്തിനാലാമത്‌ ടെസ്റ്റ്‌ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കറാണ്‌ രണ്ട്‌ ദിവസത്തെയും താരം. ആദ്യ ദിവസത്തില്‍ ഇന്ത്യന്‍ ബാറ്റിംഗിന്‌ നേരിട്ട അതേ ആഘാതമാണ്‌ ബംഗ്ലാദേശിനെയും ബാധിച്ചത്‌. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പതിനഞ്ചാം ഓവര്‍ ആരംഭിച്ചതിന്‌ ശേഷം ആറ്‌ റണ്‍സിനിടെ ഇന്ത്യക്ക്‌ നഷ്ടമായത്‌ മൂന്ന്‌ വിക്കറ്റുകളായിരുന്നു. ബംഗ്ലാദേശിനാവട്ടെ അഞ്ച്‌ റണ്‍സ്‌ നേടുന്നതിനിടെയാണ്‌ മൂന്ന്‌ പേരെ നഷ്‌ടമായത്‌. സഹീര്‍ഖാന്‍ 32 റണ്‍സ്‌ നല്‍കി രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ ഒരു വിക്കറ്റ്‌ ഇഷാന്ത്‌ ശര്‍മ്മക്കായിരുന്നു.
കനത്ത മൂടല്‍മഞ്ഞ്‌ കാരണം ഇന്നലെ ഒരു മണിക്കൂര്‍ വൈകിയാണ്‌ കളിയാരംഭിച്ചത്‌. ഉച്ചതിരിഞ്ഞ്‌ മൂടല്‍മഞ്ഞ്‌ നേരത്തെ വന്നതിനാല്‍ കളി നേരത്തെ നിര്‍ത്തുകയും ചെയ്‌തു. ആകെ 24.5 ഓവര്‍ മാത്രമാണ്‌ കളി നടന്നത്‌. ത്രിരാഷ്‌ട്ര ക്രിക്കറ്റില്‍ മികവ്‌ പ്രകടിപ്പിച്ച തമീം ഇഖ്‌ബാല്‍, ഇംറുല്‍ ഖൈസ്‌ എന്നിവര്‍ നല്ല തുടക്കമാണ്‌ ബംഗ്ലാദേശിന്‌ നല്‍കിയത്‌. ആദ്യ എട്ട്‌ ഓവറില്‍ സ്‌ക്കോര്‍ 38 കടന്നിരുന്നു. ഈ ഘട്ടത്തിലാണ്‌ തകര്‍പ്പന്‍ ഇന്‍സ്വിംഗറില്‍ സഹീര്‍ ഖൈസിനെ വീഴ്‌ത്തി. ഷഹരിയാര്‍ നഫീസിന്‌ അക്കൗണ്ട്‌ തുറക്കാന്‍ കഴിഞ്ഞില്ല. അടുത്തോ ഓവറില്‍ തമീമിനെ വിക്കറ്റ്‌ കീപ്പറുടെ കരങ്ങളിലെത്തിക്കുന്നതിലും സഹീര്‍ വിജയിച്ചു.
ഇന്ത്യന്‍ സ്‌ക്കോറിന്‌ മാന്യത നല്‍കിയത്‌ 164 പന്തില്‍ നിന്നും പുറത്താവാതെ 105 റണ്‍സ്‌ നേടിയ സച്ചിനാണ്‌. വാലറ്റക്കാരെ കൂട്ടുപിടിച്ചാണ്‌ സച്ചിന്‍ കളിച്ചത്‌. അവരെ ബാറ്റിംഗ്‌ എന്‍ഡില്‍ നിന്നും അകറ്റിനിര്‍ത്തുന്നതില്‍ തന്ത്രപരമായി വിജയം നേടിയാണ്‌ സച്ചിന്‍ മൂന്നക്കം പിന്നിട്ടത്‌. സെഞ്ച്വറി പിറക്കുമ്പോള്‍ മറുഭാഗത്ത്‌ ശ്രീശാന്തായിരുന്നു.
സ്‌ക്കോര്‍ ബോര്‍ഡ്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സി-റഹീം-ബി-ഷഹദാത്ത്‌-23, സേവാഗ്‌-സി-തമീം-ബി-ഷാക്കിബ്‌-52, ദ്രാവിഡ്‌-ബി-ഷഹദാത്ത്‌-4, സച്ചിന്‍ -നോട്ടൗട്ട്‌-105, ലക്ഷ്‌മണ്‍-സ്‌റ്റംമ്പ്‌ഡ്‌ റഹീം-ബി-ഷാക്കിബ്‌-7, യുവരാജ്‌-സി-റൂബല്‍-ബി-ഷാക്കിബ്‌-12, കാര്‍ത്തിക്‌-സി-റഖീബ്‌-ബി-ഷഹദാത്ത്‌-0, മിശ്ര-എല്‍.ബി.ഡബ്ല്യ-ബി-ഷഹദാത്ത്‌-14, സഹീര്‍-സി-റഖീബ്‌-ബി-ഷാക്കിബ്‌-11, ഇഷാന്ത്‌-സി-മുഷ്‌ഫിഖുര്‍-ബി-ഷഹദാത്ത്‌-1, ശ്രീശാന്ത്‌-സി-ഇംറുല്‍ ഖൈസ്‌-ബി-ഷാക്കിബ്‌-1, എക്‌സ്‌ട്രാസ്‌-13, ആകെ 70.5 ഓവറില്‍ 243. വിക്കറ്റ്‌ പതനം: 1-79 (സേവാഗ്‌), 2-79 (ഗാംഭീര്‍), 3-85 (ദ്രാവിഡ്‌), 4-107 (ലക്ഷ്‌മണ്‍), 5-149 (യുവി), 6-150 (കാര്‍ത്തിക്‌), 7-182 (മിശ്ര), 8-209 (സഹീര്‍), 9-230 (ഇഷാന്ത്‌), 10-243 (ശ്രീശാന്ത്‌). ബൗളിംഗ്‌: സൈഫുള്‍ ഇസ്ലാം 9-1-41-0, ഷഹദാത്ത്‌ ഹുസൈന്‍ 18-2-71-5, റൂബല്‍ 10-0-40-0, ഷാക്കിബ്‌ 29.5-10-62-5, മഹമൂദ്ദുല്ല 3-0-17-0, മുഹമ്മദ്‌ അഷറഫുല്‍ 1-0-5-0.
ബംഗ്ലാദേശ്‌ ഒന്നാം ഇന്നിംഗ്‌സ്‌: തമീം -ബി-സഹീര്‍-31, ഇംറുല്‍ ഖൈസ്‌-എല്‍.ബി.ഡബ്ല്യ-ബി-സഹീര്‍-23, ഷഹരിയാര്‍ നഫീസ്‌-സി-ലക്ഷ്‌മണ്‍-ബി-ഇഷാന്ത്‌-4, അഷറഫുല്‍-നോട്ടൗട്ട്‌-0, റഖീബ്‌-നോട്ടൗട്ട്‌-1, എക്‌സ്‌ട്രാസ്‌ 0, ആകെ 17 ഓവറില്‍ മൂന്ന്‌ വിക്കറ്റിന്‌ 59. വിക്കറ്റ്‌ പതനം: 1-53 (ഖൈസ്‌), 2-58 (ഷഹരിയാര്‍), 3-058 (തമീം). ബൗളിംഗ്‌: സഹീര്‍ 9-1-32-2, ശ്രീശാന്ത്‌ 3-0-13-0, ഇഷാന്ത്‌ 5-1-14-1.

ബിന്ദ്രയെ പുറത്താക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഇന്ത്യന്‍ റൈഫിള്‍ അസോസിയേഷന്‍ സൂപ്പര്‍ താരം അഭിനവ്‌ ബിന്ദ്രക്കെതിരെ ശക്തമായ നീക്കത്തിന്‌. കോമണ്‍വെല്‍ത്ത്‌ ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ സംഘത്തില്‍ ബിന്ദ്രയെ ഉള്‍പ്പെടുത്താതിരിക്കാന്‍ ഉന്നതതലത്തില്‍ തീരുമാനമെടുത്തതായാണ്‌ റിപ്പോര്‍ട്ട്‌. അടുത്ത മാസം നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനുളള ട്രയല്‍സില്‍ ബിന്ദ്ര പങ്കെടുത്തിട്ടില്ല എന്ന കുറ്റം ചുമത്തിയാണ്‌ ഒളിംപിക്‌ ജേതാവിനെതിരെ പടയൊരുക്കം നടത്തുന്നത്‌. കഴിഞ്ഞ അഞ്ച്‌ മാസമായി ബിന്ദ്ര ജര്‍മനിയില്‍ പരിശീലനത്തിലാണ്‌. സ്വന്തം ചെലവില്‍ ഉന്നത പരിശീലനം നേടിയ ബിന്ദ്രയോട്‌ അടിയന്തിരമായി ഇന്ത്യയിലെത്തി സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ റൈഫിള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‌ ബിന്ദ്ര ഇവിടെയെത്തിയപ്പോള്‍ ട്രയല്‍സ്‌ മാറ്റിവെക്കുകയായിരുന്നു അധികൃതര്‍. ഇതില്‍ ക്ഷുഭിതനായ ബിന്ദ്ര ഷൂട്ടിംഗ്‌ തന്നെ നിര്‍ത്താന്‍ ആലോചിച്ചത്‌ വലിയ വാര്‍ത്തയായിരുന്നു. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാത്ത താരത്തെ ഒരു തരത്തിലും ടീമില്‍ എടുക്കില്ലെന്ന നിലപാടിലാണ്‌ അസോസിയേഷന്‍.

മറഡോണ ദക്ഷിണാഫ്രിക്കയില്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: രണ്ട്‌ മാസത്തെ വിലക്ക്‌ കാലാവധി കഴിഞ്ഞ ഡിയാഗോ മറഡോണയെന്ന അര്‍ജന്റീനിയന്‍ കോച്ച്‌ ലോകകപ്പ്‌ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്നലെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയിലെത്തി. അര്‍ജന്റീനിയന്‍ ടീമിന്‌ താമസസൗകര്യം ഒരുക്കുന്ന വിക്ടോറിയ സര്‍വകലാശാലയിലും കലാശാലയിലെ പരിശീലന മൈതാനവും മറഡോണ പരിശോധിച്ചു. ലോകക്‌പ്പ്‌ പ്ലേ ഓഫ്‌ മല്‍സരത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ മോശമായി പെരുമാറിയതിന്‌ രണ്ട്‌ മാസത്തെ ഫിഫ വിലക്ക്‌ ലഭിച്ച മറഡോണ ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മുന്നില്‍ മാന്യനായിരുന്നു.

ഹോക്കി താരങ്ങള്‍ക്ക്‌ പണം നല്‍കി
പൂനെ: സുരേഷ്‌ കല്‍മാഡി വാക്ക്‌ പാലിച്ചു. കൂട്ടിന്‌ ധന്‍രാജ്‌ പിള്ളയും. ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ക്ക്‌ പറഞ്ഞ പ്രകാരം കല്‍മാഡി പണം നല്‍കി. ഒരു കോടിയാണ്‌ ഇന്നലെ വിതരണം ചെയ്‌തത്‌. ഹോക്കി ഇന്ത്യ തലവന്‍ അശോക്‌ മാട്ടു രാജിവെച്ച കാര്യം മറന്നെത്തിയാണ്‌ കല്‍മാഡി വാക്ക്‌ പാലിച്ചത്‌. തങ്ങള്‍ക്ക്‌ അര്‍ഹമായ വേതനവും ആനുകൂല്യങ്ങളും നല്‍കാത്ത അധികൃതര്‍ക്കെതിരെ പ്രക്ഷോഭമാര്‍ഗ്ഗം സ്വീകരിച്ച ഹോക്കി താരങ്ങള്‍ രണ്ടാഴ്‌ച്ചയോളം ദേശിയ പരിശീലന ക്യാമ്പില്‍ നിന്നും വിട്ടിരുന്നു. അവസാനം കല്‍മാഡിയെത്തിയാണ്‌ പ്രശ്‌നം അവസാനിപ്പിച്ചത്‌.

എസീന്‍ പുറത്ത്‌
ലണ്ടന്‍: ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പില്‍ ഘാനയുടെ മധ്യനിരക്കാരന്‍ മൈക്കല്‍ എസീന്‌ ഇനി കളിക്കാനാവില്ല. കാല്‍മുട്ടിലെ പരുക്കിനെത്തുടര്‍ന്ന്‌ അദ്ദേഹം ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചെല്‍സിക്കായി കളിക്കുന്ന എസിന്റെ പരുക്ക്‌ ഘാനക്ക്‌ കനത്ത തിരിച്ചടിയാണ്‌.

ആദ്യദിനം സൂപ്പര്‍ അട്ടിമറി
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ആദ്യദിനത്തില്‍ തന്നെ തകര്‍പ്പന്‍ അട്ടിമറി. മുഖ്യധാരാ താരങ്ങള്‍ രക്ഷപ്പെട്ട ദിനത്തില്‍ തോല്‍വിയുടെ കയ്‌പ്പൂനീര്‍ കുടിച്ചത്‌ മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവ. അധികമാരുമറിയാത്ത റഷ്യക്കാരി മരിയ കിരിലെങ്കോയാണ്‌ സൂപ്പര്‍ താരത്തെ 7-6, (7-4), 3-6, 6-4 എന്ന സ്‌ക്കോറിന്‌ മറിച്ചിട്ടത്‌. 2008 ല്‍ ഇവിടെ കിരീടം സ്വന്തമാക്കിയ ഷറപ്പോവ പരുക്ക്‌ കാരണം കഴിഞ്ഞ സീസണില്‍ സജീവമായിരുന്നില്ല. അതിനാല്‍ റാങ്കിംഗില്‍ അവര്‍ ഇവിടെ പതിനാലാം സ്ഥാനത്തായിരുന്നു. ജസ്റ്റിന്‍ ഹെന്നിന്‍ 6-4, 6-3 എന്ന സ്‌ക്കോറിന്‌ കിര്‍സ്‌റ്റണ്‍ ഫെല്‍കിന്‍സിനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം സീഡ്‌ ദിനാര സാഫിന, സെത്‌ലാന കൂസനസോവ, കിം ക്ലൈസ്‌റ്റേഴ്‌സ്‌ എന്നിവരെല്ലാം വിജയിച്ചു.

No comments: