Thursday, January 28, 2010

SANIAS BREAK POINT


ബ്രേക്ക്‌ പോയന്റ്‌
ഹൈദരാബാദ്‌: പ്രതീക്ഷിച്ചത്‌ തന്നെ സംഭവിച്ചു...! സാനിയ മിര്‍സയും ബാല്യകാല കളിക്കൂട്ടുകാരന്‍ മുഹമ്മദ്‌ സൊഹറാബ്‌ മിര്‍സയും തമ്മിലുള്ള ബന്ധം അതിവേഗം അവസാനിച്ചിരിക്കുന്നു. ആറ്‌ മാസം മുമ്പ്‌ ഹൈദരാബാദില്‍ വെച്ച്‌ ലോകത്തെ സാക്ഷിയാക്കി മോതിരം കൈമാറിയവര്‍ വഴി പിരിയുന്നതായി പ്രഖ്യാപിച്ചത്‌ സാനിയയുടെ പിതാവ്‌ ഇമ്രാന്‍ മിര്‍സ. ചില പത്രപ്രവര്‍ത്തകര്‍ക്ക്‌ അയച്ച എസ്‌.എം. സന്ദേശമാണ്‌ വാര്‍ത്തക്ക്‌ അടിസ്ഥാനം. ഇംറാന്‍ തന്നെയാണ്‌ എസ്‌.എം.എസ്‌ അയച്ചത്‌. കൂടുതല്‍ സ്ഥീരീകരണത്തിന്‌ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ മറുപടിയില്ല. സാനിയ ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ്‌. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ നിന്നും പുറത്തായ സൂപ്പര്‍ താരം മെല്‍ബണില്‍ നിന്നും കൊലാംലപൂരില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ്‌ ഏഷ്യാ ഒഷ്യാന ഗ്രൂപ്പ്‌ 2 മല്‍സരങ്ങള്‍ക്കായി തിരിക്കും. അവരുടെ മൊബൈല്‍ ഫോണ്‍ പക്ഷേ നിശ്ചലമാണ്‌.
എന്താണ്‌ വളരെ പെട്ടെന്നുള്ള സാനിയയുടെ മനം മാറ്റത്തിന്‌ കാരണമെന്ന്‌ അവരുടെ അടുത്ത സുഹൃത്തുകള്‍ക്കും നിശ്ചയമില്ല. ടെന്നിസ്‌ ലോകത്തിന്റെ ഉന്നതിയില്‍ നില്‍ക്കവെ സാനിയ വിവാഹ തീരുമാനമെടുത്തത്‌ പലരെയും അമ്പരിപ്പിച്ചിരുന്നു. വിവാഹത്തിന്‌ ശേഷം താന്‍ കളി മതിയാക്കുമെന്ന്‌ ഈയിടെ സാനിയ പറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ എന്നായിരിക്കും വിവാഹമെന്ന ചോദ്യത്തിന്‌ ഉത്തരമുണ്ടായിരുന്നില്ല. 23 കാരനായ സൊഹറാബ്‌ ഈ കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. ഹൈദരാബാദിലെ ധനാഢ്യ കുടുംബത്തില്‍ അംഗമായ സൊഹറാബ്‌ ഇപ്പോള്‍ ബ്രിട്ടനില്‍ എം.ബി എ ചെയ്യുകയാണ്‌. ഹൈദരാബാദിലെ സെന്റ്‌ മേരീസ്‌ കോളജില്‍ പഠിക്കുമ്പോഴാണ്‌ രണ്ട്‌ പേരും കണ്ട്‌്‌ുമുട്ടിയത്‌. ഈ ബന്ധമാണ്‌ മോതിര കൈമാറ്റത്തില്‍ എത്തിയത്‌. പരസ്‌പരം ഒത്തൊരുമിച്ച്‌ മുന്നോട്ട്‌ പോവാന്‍ കഴിയില്ലെന്നാണത്രെ സാനിയയുടെ നിലപാട്‌. ഈ നിലപാടിനെ മാതാപിതാക്കള്‍ അംഗീകരിക്കുകയായിരുന്നുവെന്നും പറയുന്നു. എന്നാല്‍ ഇതേ സാനിയ കുറച്ച്‌ ദിവസം മുമ്പ്‌ പറഞ്ഞത്‌ സൊഹറാബ്‌ പഠനത്തിരക്കിലാണെന്നും അവനെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കാറില്ലെന്നുമാണ്‌.
രാജ്യാന്തര സര്‍ക്ക്യൂട്ടില്‍ സാനിയ എന്ന താരം മിന്നലായി വന്നിട്ട്‌ അഞ്ച്‌ വര്‍ഷമാവുന്നു. ഇന്ത്യന്‍ വനിതാ ടെന്നിസിന്‌ പുതിയ കരുത്തായി മാറിയ സാനിയ ആദ്യ രാജ്യാന്തര സീസണില്‍ തന്നെ പല വമ്പന്മാരെയും തകര്‍ത്താണ്‌ വാര്‍ത്തകളില്‍ നിറഞ്ഞത്‌. എന്നാല്‍ രണ്ടാം സീസണ്‍ മുതല്‍ പരുക്കുമായി മല്ലടിക്കേണ്ടി വന്ന താരത്തിന്‌ ലോക റാങ്കിംഗിലെ ഉയര്‍ന്ന സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ദുബായ്‌ ഓപ്പണ്‍ ടെന്നിസില്‍ ലോകോത്തര താരങ്ങളെ കടത്തിവെട്ടി സാനിയ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ്‌ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം ചേര്‍ന്ന്‌ സ്വര്‍ണ്ണം രാജ്യത്തിന്‌ സമ്മാനിച്ചതോടെ കാണികളുടെ പ്രിയപ്പെട്ട താരമായി മാറി. 2009 ജൂലൈയില്‍ സാനിയയുടെ വിവാഹം നിശ്ചയിച്ചത്‌ പലര്‍ക്കും അല്‍ഭുത വാര്‍ത്തയായിരുന്നു. രാജ്യത്തിന്‌ അകത്തും പുറത്തും ധാരാളം ആരാധകരുളള സാനിയയുടെ വിവാഹം തടസ്സപ്പെടുത്താന്‍ പോലും ശ്രമം നടന്നിരുന്നു.
വിവാഹത്തില്‍ നിന്നും പിന്മാറാനുളള തീരുമാനം രണ്ട്‌ കുടുംബവും ചേര്‍ന്നാണ്‌ കൈകൊണ്ടതെന്നാണ്‌ ഇംറാന്‍ മിര്‍സ പറയുന്നത്‌. സാനിയയുടെ വിഷമതകള്‍ സൊഹറാബിന്റെ കുടുംബത്തിന്‌ മനസ്സിലായതായും അദ്ദേഹം പറയുന്നു. ഹൈദരാബാദിലെ ഏറ്റവും വലിയ ബേക്കറി വ്യവസായത്തിന്റെ ഉടമയാണ്‌ സൊഹാറാബിന്റെ പിതാവ്‌. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ രംഗത്തും ഇവരുടെ കമ്പനി പ്രശസ്‌തമാണ്‌. വിവാഹ മോതിര കൈമാറ്റ ദിവസം 20 ലക്ഷം രൂപ വില വരുന്ന ദുപ്പട്ടയാണ്‌ സൊഹറാബ്‌ സാനിയക്ക്‌ സമ്മാനിച്ചത്‌. ഈ വസ്‌ത്രം ധരിച്ചാണ്‌ സാനിയ വന്നതും. സൊഹറാബിന്‌ പത്ത്‌ ലക്ഷത്തിന്റെ മോതിരം സാനിയയും കൈമാറി. ജൂലൈ പത്തിന്‌ നടന്ന മോതിര കൈമാറ്റ ചടങ്ങില്‍ ഇരുവരും മിന്നിയപ്പോള്‍ വാര്‍ത്താ മാധ്യമലോകത്ത്‌ ഇത്‌ ചലനങ്ങളുണ്ടാക്കിയിരുന്നു.
രണ്ട്‌ വര്‍ഷത്തിന്‌ ശേഷമായിരിക്കും വിവാഹമെന്ന്‌ അന്ന്‌ സൊഹറാബും സാനിയയും പറഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍, സാനിയയുടെ മല്‍സരങ്ങളെയും ആത്മവിശ്വാസത്തെയും അത്‌ ബാധിക്കുമോ എന്ന സംശംയം ഇന്ത്യന്‍ ടെന്നിസ്‌ പ്രേമികള്‍ക്കുണ്ട്‌. ഇന്നാണ്‌ മലേഷ്യയില്‍ ഫെഡറേഷന്‍ കപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്‌. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ സാനിയ പുറത്തായിരുന്നു. ഡബിള്‍സിലും മിക്‌സഡ്‌ ഡബിള്‍സിലും അവര്‍ക്ക്‌ ഏറെ ദൂരം മുന്നേറാന്‍ കഴിഞ്ഞിരുന്നില്ല.

കൈഫ്‌ പുറത്ത്‌ തന്നെ
മുംബൈ: കൃഷ്‌ണമാചാരി ശ്രീകാന്ത്‌ ഒരിക്കല്‍ക്കൂടി മുഹമ്മദ്‌ കൈഫ്‌ എന്ന മധ്യനിര ബാറ്റ്‌സ്‌മാന്‌ മുന്നില്‍ വാതില്‍ കൊട്ടിയടച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്‌റ്റ്‌ പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ പരുക്കേറ്റ രാഹുല്‍ ദ്രാവിഡ്‌, യുവരാജ്‌ സിംഗ്‌ എന്നിവര്‍ക്ക്‌ പകരക്കാരായി ശ്രീകാന്തിന്റെ സെലക്ഷന്‍ പാനല്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌ തമിഴ്‌നാട്ടുകാരനായ എസ്‌.ബദരിനാഥിനെയും കര്‍ണ്ണാടകയുടെ ഫാസ്‌റ്റ്‌ ബൗളര്‍ അഭിമന്യു മിഥുനെയും ബംഗാള്‍ വിക്കറ്റ്‌ കീപ്പര്‍ വൃദ്ധിമാന്‍ സാഹയെയും. ബംഗ്ലാദേശ്‌ പര്യടനത്തിനിടെ ദ്രാവിഡിനും യുവരാജിനും ലക്ഷ്‌മണിനും സച്ചിനുമെല്ലാം പരുക്കേറ്റിരുന്നു. ഇവരില്‍ ലക്ഷ്‌മണും സച്ചിനും പുതിയ ടീമിലുണ്ട്‌. ഇരുവരും പരുക്കില്‍ നിന്ന്‌ മുക്തരായി വരുകയാണ്‌.
ധാക്കയില്‍ നടന്ന രണ്ടാം ടെസ്‌റ്റിനിടെ താടിയെല്ലിന്‌ പരുക്കേറ്റ ദ്രാവിഡിന്‌ പകരം വിശ്വസ്‌നതായ കൈഫ്‌ വരുമെന്നാണ്‌ കരുതപ്പെട്ടത്‌. ദുലിപ്‌ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യമേഖലക്ക്‌ വേണ്ടി ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയ കൈഫ്‌ സെമിയില്‍ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ മികവ്‌ കണ്ടില്ലെന്ന്‌ നടിച്ചാണ്‌ ശ്രീകാന്തും സംഘവും കൈഫിനെ തഴഞ്ഞിരിക്കുന്നത്‌. വര്‍ഷങ്ങളോളം ഇന്ത്യന്‍ സംഘത്തില്‍ അംഗമായിട്ടും 12 ടെസ്‌റ്റുകളില്‍ മാത്രമാണ്‌ ഇത്‌ വരെ കൈഫിന്‌ അവസരം ലഭിച്ചത്‌.
ആഭ്യന്തര ക്രിക്കറ്റില്‍ വ്യക്തമായ വിലാസക്കാരനാണ്‌ ബദരീനാഥ്‌. പക്ഷേ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ നാട്ടുകാരന്‍ എന്നതാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ആനുകൂല്യം. പരുക്കേറ്റ കേരളാ സീമര്‍ ശ്രീശാന്തിന്‌ പകരമാണ്‌ മിഥുനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ചിറ്റഗോംഗ്‌ ടെസ്‌റ്റിലെ അലക്ഷ്യ ഷോട്ടിന്റെ പേരിലാണ്‌ ദിനേശ്‌ കാര്‍ത്തിക്‌ പുറത്തായത്‌. ഈ സ്ഥാനമാണ്‌ സാഹക്ക്‌ ലഭിച്ചിരിക്കുന്നത്‌.
അടുത്ത മാസം ആറിന്‌ നാഗ്‌പ്പൂരിലാണ്‌ ആദ്യ ടെസ്‌റ്റ്‌ ആരംഭിക്കുന്നത്‌. ഈ മല്‍സരത്തിനുളള ടീമിനെയാണ്‌ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. പരുക്കേറ്റ താരങ്ങളുടെ ആരോഗ്യം പരിഗണിച്ചായിരിക്കും രണ്ടാം ടെസ്‌റ്റിനുളള ടീമിനെ തെരഞ്ഞെടുക്കുകയെന്ന്‌ ശ്രീകാന്ത്‌ വ്യക്തമാക്കി. രണ്ടാം ടെസ്‌റ്റിലും ദ്രാവിഡിനും യുവരാജിനും കളിക്കാന്‍ കഴിയില്ല എന്നാണ്‌ ടീം മാനേജ്‌മെന്റ്‌്‌ വ്യക്തതമാക്കിയിരിക്കുന്നത്‌. മൂന്നാഴ്‌ച്ചത്തെ വിശ്രമമാണ്‌ ദ്രാവിഡിന്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. അദ്ദേഹത്തിന്‌ കളിക്കാന്‍ അതിയായ താല്‍പ്പര്യമുണ്ടെങ്കിലും ഡോക്ടര്‍മാര്‍ അനുവദിച്ചിട്ടില്ലെന്ന്‌ ശ്രീകാന്ത്‌ അറിയിച്ചു.
കൈഫിന്റെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ ചെയര്‍മാന്‍ തയ്യാറായില്ല. ആഭ്യന്തര ക്രിക്കറ്റിലെ മിവകിനെ ഒരു തരത്തിലും അംഗീകരിക്കാത്ത നടപടി വിമര്‍ശന വിധേയമാവില്ലേ എന്ന ചോദ്യത്തിന്‌ എല്ലാവരെയും പരിഗണിക്കുമെന്ന്‌ മാത്രമായിരുന്നു പ്രതികരണം. വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയില്‍ സാഹയെ ഉള്‍പ്പെടുത്തിയത്‌ ധോണിയുടെ ആരോഗ്യം പരിഗണിച്ചാണ്‌. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്‌റ്റില്‍ പരുക്ക്‌ കാരണം അവസാന നിമിഷത്തില്‍ നായകന്‌ പിന്മാറേണ്ടി വന്നിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ്‌ സാഹയെ ഉള്‍പ്പെടുത്തിയത്‌. 2009-10 രഞ്‌ജി സീസണില്‍ 318 റണ്‍സ്‌ നേടിയ സാഹ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ താരമാണ്‌. പരുക്കില്‍ നിന്ന്‌ മുക്തനായി വരുകയാണെന്നും രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും ശ്രീശാന്ത്‌ പറഞ്ഞു. പരിശീലന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ബോര്‍ഡ്‌ പ്രസിഡണ്ട്‌ ഇലവനെയും സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്‌.
ഇന്ത്യന്‍ ടീം ഇതാണ്‌: എം.എസ്‌ ധോണി (നായകന്‍), വിരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, എസ്‌.ബദരീനാഥ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്‌ ലക്ഷ്‌മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ഖാന്‍, അമിത്‌ മിശ്ര, പ്രഗ്യാന്‍ ഒജ, ഇഷാന്ത്‌ ശര്‍മ്മ, എം.വിജയ്‌, സുദിപ്‌ ത്യാഗി,അഭിമന്യു മിഥുന്‍, വൃദിമാന്‍ സാഹ.
ബോര്‍ഡ്‌ പ്രസിഡണ്ട്‌സ്‌ ഇലവന്‍: അഭിനവ്‌ മുകുന്ദ്‌, പാര്‍ത്ഥീവ്‌ പട്ടേല്‍, അജിന്‍ രഹാനെ, രോഹിത്‌ ശര്‍മ്മ (ക്യാപ്‌റ്റന്‍), മനീഷ്‌ പാണ്ഡെ, ചേതേശ്വര്‍ പൂജാര, അഭിഷേക്‌ നായര്‍, പിയൂഷ്‌ ചാവ്‌ല, ആര്‍, അശ്വിന്‍, ആര്‍.വിനയ്‌ കുമാര്‍, അഭിമന്യു മിഥുന്‍, ശിഖര്‍ ധവാന്‍, ഉമേഷ്‌ യാദവ്‌, മന്‍പ്രീത്‌ ഗോണി


കാല്‍പ്പന്തിനെ ഇത്രമാത്രം ഇഷ്ടപ്പെടുന്ന മറ്റൊരു ജനതയില്ല... അവരോട്‌ ഈ ചതി പാടില്ലായിരുന്നു.. ബസ്സിന്‌ പണം നല്‍കിയും, സ്വന്തമായി വാഹനം വാടകക്ക്‌ വിളിച്ചുമെല്ലാം വരുന്നവരുടെ മനസ്സില്‍ കാല്‍പ്പന്തിന്റെ സമ്മോഹന മുഹൂര്‍ത്തങ്ങള്‍ മാത്രമാണുള്ളത്‌. അവര്‍ക്ക്‌ മുന്നില്‍ കളിവിളക്കുകള്‍ ഒരിക്കല്‍ കൂടി കണ്ണടച്ചതിന്‌ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ വ്യക്തമായ മറുപടി നല്‍കണം. ജെ.സി.ടി മില്‍സിനെതിരായ മല്‍സരത്തില്‍ വെളിച്ചം തടസ്സമായപ്പോള്‍ കോര്‍പ്പറേഷന്‍ സംഘാടകരായ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനെയാണ്‌ കുറ്റം പറഞ്ഞത്‌. പാവം സംഘാടകര്‍, കോഴിക്കോട്‌ കളി നടക്കണമല്ലോ എന്ന സത്യചിന്തയില്‍ കോര്‍പ്പറേഷനെതിരെ മൗനം പാലിച്ചു. ഇപ്പോള്‍ വീണ്ടും വിളക്ക്‌ ചതിച്ചപ്പോള്‍ ഉത്തരം പറയാനുള്ള ബാധ്യത കോര്‍പ്പറേഷനുണ്ട്‌. കോടികള്‍ ചെലവാക്കിയാണ്‌ കളി വിളക്കുകല്‍ തെളിയിച്ചത്‌. വിളക്കിന്റെ കരാര്‍ നല്‍കിയത്‌ മുതല്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ ഭരണക്കൂടം വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. വിളക്ക്‌ തെളിയട്ടെ എന്ന സദ്ദുദ്ദേശത്തില്‍ കോര്‍പ്പറേഷനെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ മാധ്യമങ്ങള്‍ പോലും വലിയ സ്ഥലം നല്‍കിയിരുന്നില്ല. പക്ഷേ ഫള്‌ഡലിറ്റ്‌ ടവറുകളുടെ ദയനീയത നേരില്‍ കണ്ടപ്പോഴാണ്‌ സത്യം വ്യക്തമായത്‌. ആര്‍ക്കോ വേണ്ടി കാട്ടിക്കൂട്ടിയത്‌ മാത്രമായിരുന്നില്ലേ ഈ വിളക്കുകള്‍... ടവറിലെ വയറിംഗ്‌ ദയനീയമാണ്‌... നിറയെ കൂറെ സ്യുച്ച്‌ ബോര്‍ഡുകള്‍-അതും പഴഞ്ചന്‍... ടവര്‍ സെന്ററിനുള്ളില്‍ രാത്രി പ്രവേശിക്കണമെങ്കില്‍ മെഴുക്‌ തിരിയെങ്കിലും വേണം. അതിനുള്ളില്‍ വെളിച്ചമില്ല. ഇന്നലെ സംഘാടകര്‍ പുതിയ ടോര്‍ച്ചുമായാണ്‌ ടവര്‍ സെന്ററില്‍ കയറിയത്‌. പുതിയ ഫ്‌ളഡ്‌ലൈറ്റുകള്‍ ജനറേറ്ററിന്റെ സപ്പോര്‍ട്ടിലും തെളിയാതെ വന്നെങ്കില്‍ അതിന്‌ കാര്യമായ പിഴവുണ്ട്‌. ആ പിഴവാണ്‌ പരിശോധിക്കപ്പെടേണ്ടത്‌... കോര്‍പ്പറേഷന്‍ വെറുതെ രാഷട്രീയം പറഞ്ഞിട്ടോ, സംഘാടകരെ കുറ്റം പറഞ്ഞിട്ടോ കാര്യമില്ല. കോഴിക്കോട്‌ കളിവിളക്കില്‍ ഫുട്‌ബോള്‍ നടത്തപ്പെടണം. കളി വിളക്ക്‌ തെളിയിക്കേണ്ട ഉത്തരവാദിത്ത്വം കോര്‍പ്പറേഷനാണ്‌-സംഘാടകര്‍ക്കല്ല.
ഇന്നലെ കാണികള്‍ മണിക്കൂറുകളാണ്‌ ക്ഷമിച്ചുനിന്നത്‌... സംഘാടകരും കഠിനപ്രയത്‌നം നടത്തി. എന്നിട്ടും ലൈറ്റുകള്‍ തെളിഞ്ഞില്ല. സാങ്കേതിക തകരാറിനേക്കാള്‍ കാര്യക്ഷമതയിലാണ്‌ പ്രശ്‌നം. ഇത്‌ പുതിയ ടവറുകളും പുതിയ ബള്‍ബുകളുമാണ്‌... അതാണ്‌ കത്താതിരുന്നത്‌. അപ്പോള്‍ പ്രശ്‌നം സാങ്കേതികത്തിനപ്പുറം മറ്റ്‌ ചിലതാണ്‌...... പ്രിയപ്പെട്ട മേയര്‍-താങ്കള്‍ ഫ്‌ളഡ്‌ലൈറ്റുകളെക്കുറിച്ച്‌ പല വേദികളിലും വളരെ മനോഹരമായി സംസാരിച്ചിട്ടുണ്ട്‌. ആ സംസാരത്തിന്‌ എന്തെങ്കിലും കാര്യം വേണമെങ്കില്‍ താങ്കള്‍ ആ ടവര്‍ സെന്ററുകള്‍ ഒന്ന്‌ പരിശോധിക്കുക... കെ.ഡി.എഫ്‌.എ ക്കാരെ കൊലക്കയറിലേറ്റുന്നതിന്‌ മുമ്പ്‌ സ്വന്തം ഭാഗത്ത്‌ സത്യവും നീതിയുമുണ്ടോ എന്ന്‌ താങ്കളൊന്ന്‌ പരിശോധിക്കുക...

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ ഫൈനലില്‍ പ്രവേശിച്ചു. ക്രൊയേഷ്യക്കാരനായ മാരിന്‍ സിലിക്കിനെതിരെ ആദ്യസെറ്റ്‌ നഷ്ടപ്പെട്ട ശേഷം മുറേ ശക്തമായി തിരിച്ചെത്തുകയായിരുന്നു. സ്‌കോര്‍: 3-6, 6-4, 6-4, 6-2.
വനിതാ വിഭാഗത്തിന്റെ ഫൈനലില്‍ അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം സെറീനാ വില്യംസും ബെല്‍ജിയത്തിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ ജസ്റ്റിന്‍ ഹെനിനുമാണ്‌ ഏറ്റുമുട്ടുക. സെമി ഫൈനലില്‍ ചൈനീസ്‌ എതിരാളികളെയാണ്‌ ഇരുവരും വീഴ്‌ത്തിയത്‌. ആദ്യസെമിയില്‍ ചൈനയുടെ സീഡ്‌ ചെയ്യപ്പെടാത്ത ഴംഗ്‌ ജിയെ ഹെനിന്‍ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചപ്പോള്‍ മറ്റൊരു ചൈനക്കാരിയായ ലീ നയുടെ കടുത്ത വെല്ലുവിളി മറികടന്നാണ്‌ വീനസ്‌ എത്തിയത്‌. പതിനാലാം തവണയാണ്‌ ഹെനിനും സെറീനയും തമ്മില്‍ ഏറ്റുമുട്ടുന്നത്‌. ഇതിനു മുമ്പ്‌ സെറീന ഏഴു തവണ ജയിച്ചപ്പോള്‍ ഹെനിന്‍ ആറു വിജയം നേടി.

No comments: