Saturday, January 23, 2010

VIVA RARING TO GO

വിജയവഴിയില്‍ വിവ
കോഴിക്കോട്‌: മറ്റൊരു രാത്രി മല്‍സരത്തിനായി കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം ഒരുങ്ങിയിരിക്കുന്നു.... ഇന്ന്‌ വിവ കേരളയും പൂനെ എഫ്‌.സിയും തമ്മിലുളള ഐ ലീഗ്‌ മല്‍സരത്തിന്‌ ഫ്‌ളഡ്‌ലിറ്റുകള്‍ പണിമുടക്കാതിരിക്കാന്‍ സംഘാടകര്‍ രംഗത്ത്‌ വന്ന സാഹചര്യത്തില്‍ രാത്രി വെളിച്ചത്തില്‍ കാണികള്‍ക്ക്‌ മറ്റൊരു സോക്കര്‍ വിരുന്ന്‌ ആസ്വദിക്കാം. ജെ.സി.ടി മില്‍സ്‌ ഫഗ്വാരയുമായി കഴിഞ്ഞ ശനിയാഴ്‌ച്ച നടക്കേണ്ടിയിരുന്ന മല്‍സരം ഫ്‌ളഡ്‌ലിറ്റുകള്‍ പണിമുടക്കിയത്‌ കാരണം കാണികള്‍ മൈതാനം കയ്യേറിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ ഉറപ്പിക്കണമെന്ന കോര്‍പ്പറേഷന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ഫ്‌ളഡ്‌ലൈറ്റുകളുടെയും ജനറേറ്റുകളുടെയും കാര്യക്ഷമത ഉറപ്പു വരുത്തിയതായി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി.ഹരിദാസന്‍ അറിയിച്ചു.
കഴിഞ്ഞ മല്‍സരത്തിലെ വിജയത്തിന്റെ ആവേശത്തിലാണ്‌ വിവ കോച്ച്‌ ഏ.എം ശ്രീധരന്‍. മനോഹരമായ ഫുട്‌ബോളാണ്‌ ജെ.സി.ടിക്കെതിരെ പകല്‍ വെളിച്ചത്തില്‍ തന്റെ ടീം കാഴ്‌ച്ചവെച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. പക്ഷേ പ്രശ്‌നം മുന്‍നിരയിലുണ്ട്‌. അവിടെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആര്‍ക്കുമാവുന്നില്ല. പരുക്ക്‌ കാരണം ചികില്‍സയില്‍ കഴിയുന്ന സാബിത്ത്‌ വന്നാല്‍ റൂബന്‍ സന്യാവോക്കൊപ്പം അദ്ദേഹത്തെ അണിനിരത്തി ക്യാപ്‌റ്റന്‍ സക്കീര്‍ മധ്യനിരയില്‍ നിന്നും നല്‍കുന്ന പന്തുകളെ ഉപയോഗപ്പെടുത്തി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാനാവുമെന്നാണ്‌ അദ്ദേഹം കണക്ക്‌കൂട്ടുന്നത്‌. കഴിഞ്ഞ കുറച്ച്‌ മല്‍സരങ്ങളായി ടീം എന്ന നിലയില്‍ പ്രകടിപ്പിക്കാനാവുന്ന ഒത്തിണക്കമാണ്‌ സക്കീര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഫെഡറേഷന്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ലീഗില്‍ മൂന്ന്‌ മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ ഒന്നില്‍ പോലും പരാജയപ്പെട്ടില്ല. അവിടെയും ടീമിന്‌ പ്രശ്‌നമായത്‌ മുന്‍നിരയാണ്‌. ജെ.സി.ടി. ഈസ്‌റ്റ്‌്‌ ബംഗാള്‍ തുടങ്ങിയ പ്രബലര്‍ക്കെതിരെ നല്ല ഫുട്‌ബോളാണ്‌ കാഴ്‌ച്ചവെച്ചത്‌. ഷില്ലോംഗില്‍ കളിച്ച്‌ ലാജോംഗിനെ സമനിലയില്‍ തളക്കുകയും ചെയ്‌തു. അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മുന്‍നിരക്ക്‌ കഴിഞ്ഞാല്‍ വലിയ മാര്‍ജിനില്‍ തന്നെ ഡെറിക്‌ പെരേരയുടെ പൂനെ സംഘത്തെ തോല്‍പ്പിക്കാമെന്നാണ്‌ സക്കീര്‍ പറയുന്നത്‌.
വിവക്ക്‌ മാര്‍ക്ക്‌ നല്‍കിയാണ്‌ പെരേര സംസാരിക്കുന്നത്‌. കഴിഞ്ഞ മല്‍സരത്തില്‍ മഡ്‌ഗാവില്‍ സാല്‍ഗോക്കറിനെ തകര്‍ക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസമുണ്ടെങ്കിലും വിവയെ പോലെ യുവസംഘത്തെ അവരുടെ മൈതാനത്ത്‌ തോല്‍പ്പിക്കുക എന്നത്‌ എളുപ്പമുളള ജോലിയില്ലെന്നാണ്‌ കോച്ച്‌ പറയുന്നത്‌. പൂനെ സംഘത്തില്‍ യുവതാരങ്ങളാണ്‌ കളിക്കുന്നത്‌. ഫുട്‌ബോള്‍ മേല്‍വിലാസക്കാര്‍ കുറവാണെങ്കിലും ഇതിനകം ഐ ലീഗില്‍ നേടാനായ രണ്ട്‌ വിജയങ്ങളുടെ സംഘബലം ടീമിനുണ്ട്‌.
ഇന്ന്‌ രാവിലെ 11 മുതല്‍ കെ.ഡി. എഫ്‌.എ ആസ്ഥാനത്ത്‌ നിന്ന്‌ ടിക്കറ്റുകള്‍ ലഭിക്കും. മല്‍സരം 6-30 ന്‌ ആരംഭിക്കും.

ഹൂട്ടണ്‍ വന്നേക്കും
കോഴിക്കോട്‌: ഇന്ത്യന്‍ അണ്ടര്‍ 23 ടീമിന്റെ കോച്ചിംഗ്‌ ക്യാമ്പ്‌ അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇന്നത്തെ ഐ ലീഗ്‌ മല്‍സരത്തിന്റെ ആവേശം നുകരാന്‍ ഇന്ത്യന്‍ കോച്ച്‌ ഡേവ്‌ ഹൂട്ടണ്‍ വരുമെന്ന്‌ സ്ഥീരികിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഹൂട്ടണ്‍ തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക്‌ എത്തുമെന്ന പറഞ്ഞിട്ടുണ്ടെങ്കിലും അന്തിമവിവരം ഇന്ന്‌ മാത്രമേ വ്യക്തമാവു എന്നാണ്‌ സംഘാടകര്‍ അറിയിച്ചത്‌. ഹൂട്ടണ്‍ വരുന്ന പക്ഷം വിവ ക്യാപ്‌റ്റന്‍ സക്കീര്‍ ഉള്‍പ്പെടെയുളളവര്‍ക്ക്‌ കനകാവസരമാണ്‌ കൈവരുക. സാഫ്‌ കപ്പിനുളള ഇന്ത്യന്‍ സാധ്യതാ സംഘത്തില്‍ നിന്നും തലനാരിഴക്കാണ്‌ സക്കീര്‍ പുറത്തായത്‌. ഇന്ത്യന്‍ ക്യാമ്പിലേക്ക്‌ വിളി പ്രതീക്ഷിക്കുന്ന സക്കീറിന്‌ ഇതിനകം പല വമ്പന്‍ ക്ലബുകളും നോട്ടമിട്ടിട്ടുണ്ട്‌.

ലോക സ്‌പോര്‍ട്‌സ്‌ അവാര്‍ഡ്‌
വി.രാജഗോപാല്‍ വീണ്ടു പാനലില്‍
കോഴിക്കോട്‌: മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററും പ്രശ്‌സത സ്‌പോര്‍ട്‌സ്‌ ലേഖകനുമായ വി.രാജഗോപാല്‍ വീണ്ടും ലോറസ്‌ ലോക സ്‌പോര്‍ട്‌സ്‌ അവാര്‍ഡ്‌ പാനലില്‍. ലോക തലത്തില്‍ മികവ്‌ പ്രകടിപ്പിച്ച കായിക താരങ്ങളെ തെരഞ്ഞെടുക്കാനുളള ലോറസ്‌ പാനലിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയില്‍ നിന്നുളള ഏക മാധ്യമ പ്രതിനിധിയാണ്‌ രാജഗോപാല്‍. അമേരിക്കയുടെ വിഖ്യാത താരം എഡ്വിന്‍ മോസസ്‌ ചെയര്‍മാനായുള്ള കമ്മിറ്റി 2009 ജനുവരി ഒന്ന്‌ മുതല്‍ ഡിസംബര്‍ 31 വരെയുളള പ്രകടനങ്ങളാണ്‌ വിലയിരുത്തുക. ഏറ്റവും മികച്ച സ്‌പോര്‍ട്‌സ്‌മാന്‍, സ്‌പോര്‍ട്‌സ്‌ വുമണ്‍, മികച്ച ടീം തുടങ്ങിയ ആറ്‌ വിഭാഗങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. അഞ്ച്‌ ഒളിംപിക്‌സുകളും നാല്‌ ഏഷ്യന്‍ ഗെയിംസുകളും ഉള്‍പ്പെടെ നിരവധി രാജ്യാന്തര കായിക മേളകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള രാജഗോപാല്‍ ലോറസ്‌ അവാര്‍ഡ്‌ പാനലില്‍ തുടക്കം മുതലുണ്ട്‌. ജനുവരി 26 നാണ്‌ മീഡിയ പാനലിന്റെ വോട്ടിംഗ്‌.

ഇന്ത്യക്ക്‌ പാക്‌ മറുപടി
ലിന്‍കോണ്‍ (ന്യൂസിലാന്‍ഡ്‌): ഇതാ ഇന്ത്യക്കൊരു പാക്കിസ്‌താന്‍ മറുപടി.... ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ നിന്നും പാക്കിസ്‌താന്‍ താരങ്ങളെ അകറ്റിനിര്‍ത്തിയ നടപടിയിലുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കവെ പാക്കിസ്‌താന്റെ കൊച്ചു കുട്ടികളാണ്‌ ഇന്ത്യന്‍ ടീമിനെ വെളളം കുടിപ്പിച്ച്‌ പുറത്താക്കിയത്‌. അണ്ടര്‍ 19 ലോകകപ്പിലെ അത്യാവേശ പോരാട്ടത്തില്‍ പാക്കിസ്‌താന്‌ മുന്നില്‍ രണ്ട്‌ വിക്കറ്റിന്‌ പരാജയപ്പെട്ട നിലവിലെ ജേതാക്കളായ ഇന്ത്യ പുറത്താവുകയും ചെയ്‌തു.
ഐ.പി.എല്‍ അവഗണനക്ക്‌ ഇന്ത്യക്ക്‌ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന്‌ പാക്കിസ്‌താന്‍ ഭരണക്കൂടവും പ്രശ്‌നത്തില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിനെ സമീപിക്കുമെന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡും വ്യക്തമാക്കിയതിന്‌ പിറകെയാണ്‌ കുട്ടി ക്രിക്കറ്റര്‍മാര്‍ അരങ്ങ്‌ തകര്‍ത്തത്‌. പ്രതികൂല കാലാവസ്ഥയില്‍ ഒലിച്ചുപോവുമെന്ന്‌ കരുതപ്പെട്ട മല്‍സരം 25 ഓവര്‍ വീതമാക്കി ചുരുക്കിയിരുന്നു. ഇന്ത്യന്‍ കുട്ടികളാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌തത്‌. 40 റണ്‍സ്‌ നേടിയ മന്ദീപിന്റെ മികവില്‍ ഒമ്പത്‌ വിക്കറ്റിന്‌ 114 റണ്‍സാണ്‌ ടീം നേടിയത്‌. ഇന്ത്യയുടെ ചെറിയ സ്‌ക്കോര്‍ പാക്കിസ്‌താന്‍ എളുപ്പത്തില്‍ പിന്തുടരുമെന്നാണ്‌ കരുതിയത്‌. പക്ഷേ തുടക്കത്തില്‍ തന്നെ മൂന്ന്‌ വിക്കറ്റുകള്‍ നഷ്‌ടമായ അവര്‍ ഒരു വിധം എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 117 റണ്‍സ്‌ നേടി വിജയം സ്വന്തമാക്കി. 27 റണ്‍സ്‌ മാത്രം നല്‍കി ഇന്ത്യയുടെ നാല്‌ വിക്കറ്റുകള്‍ പിഴുത ഫയാസ്‌ ബട്ടാണ്‌ കളിയിലെ കേമന്‍.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ അയല്‍ക്കാരുടെ തകര്‍പ്പന്‍ അങ്കം കാണാന്‍ സാമാന്യം നല്ല ജനക്കൂട്ടമുണ്ടായിരുന്നു. കാണികള്‍ പ്രതീക്ഷിച്ചത്‌ പോലെ മല്‍സരം അവസാന ഓവര്‍ വരെ ആവേശം വിതറി. 2006 ലെ അണ്ടര്‍ 19 ലോകകപ്പ്‌ ഫൈനലില്‍ ഇന്ത്യയും പാക്കിസ്‌താനും ഏറ്റുമുട്ടിയപ്പോള്‍ കാണാനായ വീറും വാശിയും പോലെ രണ്ട്‌ ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ വീരോചിത പ്രകടനം നടത്തിയ ഇന്ത്യക്ക്‌ കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വി ക്ഷീണമായിരുന്നു. സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ കളിച്ച ടീമുകളില്‍ മെച്ചപ്പെട്ട പ്രകടനം പാക്കിസ്‌താന്റേതായിരുന്നു. ഫയാസിന്റെ ബൗളിംഗിനൊപ്പം വാലറ്റത്തില്‍ അഹ്‌സാന്‍ അലി, റമീസ്‌ അസീസ്‌ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗുമായപ്പോള്‍ മറക്കാനാവാത്ത വിജയമാണ്‌ പാക്കിസ്‌താന്‍ നേടിയത്‌.
പാക്കിസ്‌താന്റെ വിജയം നാട്ടില്‍ ജനങ്ങള്‍ ആഘോഷമാക്കി. പാക്കിസ്‌താന്‍ ക്രിക്കറ്റിനെ ഇല്ലാതാക്കുന്ന ഇന്ത്യയുടെ നടപടിക്കുളള ആദ്യ ആഘാതമാണ്‌ ഇതെന്ന്‌ ആരാധകര്‍ പറയുന്നത്‌.

അച്ചന്റെ മകന്‌ കന്നി മല്‍സരത്തില്‍ പൂജ്യം
പൂനെ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ പിതാവിന്റെ ശക്തനായ പുത്രന്‍ അര്‍ജുന്‌ മല്‍സര ക്രിക്കറ്റിലെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ കഴിഞ്ഞില്ല. പിതാവ്‌ ബംഗ്ലാദേശില്‍ രാജ്യത്തിനായി പൊരുതുമ്പോള്‍ ഇവിടെ അണ്ടര്‍ 13 ക്രിക്കറ്റില്‍ കളിച്ച അര്‍ജുന്‌ ആദ്യ മല്‍സരത്തില്‍ പൂജ്യനാവേണ്ടി വന്നു. കാഡന്‍സ്‌ ട്രോഫി അണ്ടര്‍ 13 ക്രിക്കറ്റില്‍ എം.ഐ.ജി ക്ലബിന്‌ വേണ്ടിയാണ്‌ അര്‍ജുന്‍ ബാറ്റേന്തിയത്‌. വെംഗ്‌സാര്‍ക്കര്‍ അക്കാദമിക്കെതിരെയായിരുന്നു കന്നി മല്‍സരം. ഓപ്പണറുടെ കുപ്പായത്തില്‍ കളിച്ച കൊച്ചു സച്ചിന്‍ അതിവേഗം പുറത്തായി. ആദ്യമായി മല്‍സര ക്രിക്കറ്റില്‍ പോരാടുന്നതിന്റെ സമ്മര്‍ദ്ദത്തിലായിരുന്നു അര്‍ജുനെന്ന്‌ മഹാരാഷ്‌ട്ര ക്രിക്കറ്റ്‌ അസോസിയഷന്‍ തലവനും ടൂര്‍ണ്ണമെന്റിന്റെ സംഘാടകനുമായ അജയ്‌ ഷിര്‍ക്കെ പറഞ്ഞു. ഈ മല്‍സരം അര്‍ജുന്‌ പുതിയ അനുഭവമായിരിക്കും. കൊച്ചു താരമെന്ന നിലയില്‍ നല്ല പാഠങ്ങള്‍ അര്‍ജുന്‌ ലഭിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ഓര്‍ഡിനറി -ഫാസ്റ്റ്‌
ധാക്ക: ബംഗ്ലാദേശ്‌ എന്ന ഓര്‍ഡിനറി ബസ്സും, ഇന്ത്യ എന്ന ഫാസ്റ്റ്‌ ബസ്സും..... ബംഗബന്ധു നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന്‌ മുതല്‍ നടക്കുന്ന ഓര്‍ഡിനറി-ഫാസ്‌റ്റ്‌ അങ്കത്തില്‍ ആര്‌ ജയിക്കുമെന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. ഓര്‍ഡിനറിയെ തോല്‍പ്പിച്ച ചരിത്രമാണ്‌ എന്നും ഫാസ്റ്റിന്‌....
ചിറ്റഗോംഗില്‍ ബംഗ്ലാദേശിനെതിരെ ഓര്‍ഡിനറി പരാമര്‍ശം നടത്തി പുലിവാല്‌ പിടിച്ച വിരേന്ദര്‍ സോവാഗിനെ പോലെ പ്രതിയോഗികളെ അവമതിക്കാന്‍ എം.എസ്‌ ധോണിയെന്ന നായകന്‍ ഒരുക്കമല്ല. കടുവകളെ ഭയമുണ്ടെന്നാണ്‌ ധോണി ഇന്നലെ പരിശീലനത്തിന്‌ ശേഷം സംസാരിക്കവെ വ്യക്തമാക്കിയത്‌. ഇന്ത്യയുടെ കരുത്തിനെ ബഹുമാനിക്കുന്നതായി ബംഗ്ലാ നായകന്‍ ഷാക്കിബ്‌ അല്‍ ഹസനും വ്യക്തമാക്കിയതോടെ വാക്കുകളില്‍ മാന്യത കൈവന്നിട്ടുണ്ട്‌.
ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലാം വിജയമാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നത്‌. ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുക എന്ന ഭാരിച്ച ദൗത്യത്തില്‍ ഇന്ത്യക്ക്‌ ജയം നിര്‍ബന്ധമാണ്‌. ഓസ്‌ട്രേലിയയെ പോലെ കരുത്തരായവര്‍ തൊട്ടു പിറകില്‍ നില്‍ക്കവെ കാര്യങ്ങള്‍ ധോണിക്കും സംഘത്തിനും എളുപ്പമല്ല . രണ്ടാം ടെസ്റ്റിനുളള ഇന്ത്യന്‍ സംഘത്തില്‍ വി.വി.എസ്‌ ലക്ഷ്‌മണ്‍, എസ്‌.ശ്രീശാന്ത്‌ എന്നിവരില്ല. രണ്ട്‌ പേരും ആദ്യ ടെസ്റ്റിനിടെ പരുക്കേറ്റവരാണ്‌. ക്യാച്ച്‌ ചെയ്യുന്നതിനിടെ വിരല്‍ മുറിഞ്ഞ ലക്ഷ്‌മണ്‍ പത്ത്‌ സ്റ്റിച്ചുമായി മടങ്ങി. ശ്രീശാന്തിനും വിശ്രമമാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഇവര്‍ക്ക്‌ പകരം ബാറ്റിംഗ്‌ നിരയിലേക്ക്‌ ദിനേശ്‌ കാര്‍ത്തിക്കും ബൗളിംഗ്‌ സംഘത്തിലേക്ക്‌ ഹര്‍ഭജന്‍സിംഗും വരും. ടീമില്‍ കാര്യമായ മറ്റ്‌ മാറ്റങ്ങളില്ല. ബാറ്റിംഗിന്‌ പൂര്‍ണ്ണമായും അനുകൂലമാണ്‌ പിച്ച്‌. ആദ്യം ബാറ്റ്‌ ചെയ്യുന്നവര്‍ക്ക്‌ വലിയ സ്‌ക്കോര്‍ നേടാനും അത്‌ വഴി മല്‍സരത്തില്‍ പിടിമുറുക്കാനുമാവും. നിയോ ക്രിക്കറ്റില്‍ മല്‍സരം രാവിലെ ഒമ്പത്‌ മുതല്‍ തല്‍സമയം.

ശ്രീശാന്തിന്‌ വിശ്രമം
ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്‌റ്റിനിടെ പേശീവലിവ്‌ അനുഭവപ്പെട്ട ഫാസ്റ്റ്‌ ബൗളര്‍ എസ്‌.ശ്രിശാന്തിന്‌ ഒരു മാസത്തെ വിശ്രമം. ഇന്നലെ ധാക്കയില്‍ നിന്നും ശ്രീശാന്ത്‌ നാട്ടിലേക്ക്‌ മടങ്ങി. ദക്ഷിണാഫ്രിക്കക്കെതിരായ നടക്കാനിരിക്കുന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ മാത്രമായിരിക്കും ഇനി ശ്രീശാന്തിന്‌ അവസരം. കൈവിരലിന്‌ പരുക്കേറ്റ വി.വി.എസ്‌ ലക്ഷ്‌മണും പുറത്തായി. ബംഗ്ലാദേശ്‌ വിക്കറ്റ്‌ കീപ്പര്‍ മുഷ്‌ഫിഖുര്‍ റഹീമിനെ പരിഹസിച്ച പ്രശ്‌നത്തില്‍ ശ്രീശാന്ത്‌ പ്രതിയാണ്‌.

തിരിച്ചടിക്കുമെന്ന്‌ പാക്കിസ്‌താന്‍
സിഡ്‌നി: ആവേശകരമായ ആദ്യ ഏകദിനത്തിന്‌ ശേഷം ഇന്ന്‌ രണ്ടാം മല്‍സരത്തില്‍ ഓസ്‌ട്രേലിയയും പാക്കിസ്‌താനും മുഖാമുഖം. കാമറൂണ്‍ വൈറ്റിന്റെ സെഞ്ച്വറിയില്‍ ആദ്യ മല്‍സരത്തില്‍ വിജയിച്ച ഓസ്‌ട്രേലിയക്ക്‌ കന്നത്ത വെല്ലുവിളി ഉയര്‍ത്താന്‍ പാക്കിസ്‌താന്‌ കഴിഞ്ഞിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ വൈസ്‌ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ ഓസ്‌ട്രേലിയന്‍ സംഘത്തിലുണ്ടാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കഴിഞ്ഞ മല്‍സരത്തില്‍ മുഹമ്മദ്‌ ആമിറിന്റെ ബൗളിംഗില്‍ പരുക്കേറ്റ ക്ലാര്‍ക്ക്‌ ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നില്ല. ബ്രിസ്‌ബെനില്‍ നടന്ന ആദ്യ മല്‍സരം ആസ്വദിക്കാന്‍ കൂടുതല്‍ കാണികള്‍ എത്താത്തതിന്റെ നിരാശയിലാണ്‌ ഓസീസ്‌ നായകന്‍ റിക്കി പോണ്ടിംഗ്‌. സിഡ്‌നിയില്‍ കൂടുതല്‍ പേര്‍ കളി കാണാനുണ്ടാവുമെന്നാണ്‌ നായകന്‍ കരുതുന്നത്‌. ഫോമിലുള്ള ഷാഹിദ്‌ അഫ്രീദിയിലാണ്‌ പാക്കിസ്‌താന്റെ പ്രതീക്ഷ. 26 പന്തില്‍ നിന്നും ബ്രിസ്‌ബെനില്‍ അദ്ദേഹം നേടിയത്‌ 48 റണ്‍സാണ്‌. ഗാബയിലെ വലിയ മൈതാനത്തിന്‌ മുകളിലൂടെ മൂന്ന്‌ തവണയാണ്‌ അഫ്രീദി പന്ത്‌ ഗ്യാലറിയിലെത്തിച്ചത്‌. പക്ഷേ ബൗളിംഗില്‍ അദ്ദേഹത്തിന്‌ കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. പത്ത്‌ ഓവറില്‍ 66 റണ്‍സ്‌ വഴങ്ങി ഒരു വിക്കറ്റ്‌ മാത്രമാണ്‌ നേടാനായത്‌.

സറഈന്‌ മുന്നോട്ട്‌
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ാേപ്പണ്‍ വനിതാ സിംഗില്‍സ്‌ കിരീടം നിലനിര്‍ത്താനുളഅള ലക്ഷ്യത്തില്‍ അമേരിക്കന്‍ സൂപ്പര്‍ താരം സറഈന വില്ല്യംസ്‌ മുന്നോട്ടച്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ കാര്‍ല സോറസ്‌ നോവാരോയെ 6-0, 60-3 ന്‌ തകര്‍ത്ത്‌ സറീന്‌ പ്രി ക്വാര്‍ട്ടറഇലെത്തി. സ്‌പാനിഷഅപ്രതിയോഗിക്കെതിരായ മല്‍സരം കേവലം 80 മിനുട്ടിലാണ്‌ സറഈന പൂര്‍ത്തിയാക്കിയത്‌. സാം സറ്റോസറആണ്‌ അചടുത്ത മല്‍സരത്തില്‍ സറീനയുടെ പ്രതിയോഗി. ചേച്ചി വീനസ്‌ വില്ല്യംസ്‌ 6-1, 7-6 (7-4) എന്ന സ്‌ക്കോറിന്‌ കാസി ഡലാഗയെ പരാജയപ്പെടുത്തി. സീഡ്‌ ചെയ്‌ത താരങ്ങളായ. കരോലിന വസനസെകി, വിക്ടോറിയ അസറെങ്ക, വീര വോനരൊവ എന്നിവരെല്ലാ ം മൂന്നാം റൈൗണ്ട്‌ പിന്നിട്ടു.

No comments: