Thursday, January 7, 2010

INDIA WON

ചര്‍ച്ചില്‍ പ്രതിക്കൂട്ടില്‍
മഡ്‌ഗാവ്‌: ചര്‍ച്ചില്‍ ബ്രദേഴ്‌്‌സ്‌ വന്‍ പ്രതിസന്ധിമുഖത്ത്‌. മൂന്ന്‌്‌ ചര്‍ച്ചില്‍ താരങ്ങള്‍ എയര്‍ ഹോസ്‌റ്റസിനോട്‌ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മുംബൈ പോലീസ്‌ കേസ്‌ രജിസ്‌ട്രര്‍ ചെയ്‌തതോടെ ഗോവന്‍ ടീം പുലിവാല്‌ പിടിച്ചിരിക്കയാണ്‌. സ്‌പൈസ്‌ ജെറ്റിലെ എയര്‍ ഹോസ്‌റ്റസുമായി ചര്‍ച്ചില്‍ താരങ്ങളായ ഒഡാഫെ, അരിന്ദം ഭട്ടാചാര്യ തുടങ്ങിയവര്‍ വളരെ മോശമായി പെരുമാറിയതിന്‌ വ്യക്തമായ തെളിവുകള്‍ ലഭിച്ചുവെന്നാണ്‌ മുംബൈ പോലീസ്‌ റിപ്പോര്‍ട്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ കേസ്‌ രജിസ്‌ട്രര്‍ ചെയ്‌ത സാഹചര്യത്തില്‍ ടീമിന്റെ സ്‌പോണ്‍സറായ മുസ്ലിപവര്‍ എക്‌സ്‌ട്രാ രംഗത്ത്‌ വന്നിരിക്കയാണ്‌. രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടീം എന്ന നിലയിലാണ്‌ ചര്‍ച്ചിലിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഈ കാര്യത്തില്‍ പുനരാലോചന നടത്തേണ്ടി വരുമെന്നും മുസ്‌ലിപവര്‍ എം.ഡി കെ.സി എബ്രഹാം അറിയിച്ചു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മനസ്സാണ്‌ മുസ്‌ലി പവറിന്‌. പക്ഷേ ചര്‍ച്ചില്‍ താരങ്ങള്‍ പുതിയ വിവാദത്തില്‍ പ്രതികളാണെങ്കില്‍ പതിനെട്ട്‌ കോടിയുടെ സ്‌പോണ്‍സര്‍ഷിപ്പ്‌ പിന്‍വലിക്കുമെന്നാണ്‌ അദ്ദേഹത്തിന്റെ മുന്നറിയിപ്പ്‌.
ഐ ലീഗ്‌ ഫുട്‌ബോളില്‍ കൊല്‍ക്കത്താ മോഹന്‍ ബഗാനുമായുളള മല്‍സരത്തിന്‌ പുറപ്പെട്ടതായിരുന്നു മഡ്‌ഗാവില്‍ നിന്ന്‌ ഗോവന്‍ സംഘം. യാത്രക്കിടെ എയര്‍ഹോസ്‌റ്റസുമായി വളരെ മോശമായി മൂന്ന്‌ താരങ്ങള്‍ സംസാരിക്കുകയും എയര്‍ ഹോസ്‌റ്റസിനെതിരെ കയ്യേറ്റത്തിന്‌ ശ്രമിക്കുകയും ചെയ്‌തു. യാത്രക്കാരില്‍ പലരും ചര്‍ച്ചില്‍ താരങ്ങളുടെ മോശം പെരുമാറ്റത്തിന്‌ ദൃക്‌സാക്ഷികളായിരുന്നു. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നാണ്‌ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ഉടമ ചര്‍ച്ചില്‍ അലിമാവോ പറയുന്നത്‌. താരങ്ങളും എയര്‍ ഹോസ്‌റ്റസും തമ്മില്‍ വാക്‌ തര്‍ക്കമുണ്ടായി. ഇത്‌ രമ്യമായി പരിഹരിക്കപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഒരു പുരുഷ എയര്‍ഹോസറ്റസ്‌ കയറി വന്നതാണ്‌ പ്രശ്‌നമായതെന്ന്‌ അലിമാവോ പറയുന്നു. ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ എന്ന ടീം വളരെ പെട്ടെന്നാണ്‌ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉയരങ്ങളിലെത്തിയത്‌. ഇതില്‍ അസൂയ പൂണ്ടവരാണ്‌ ടീമിനെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതേ സമയം വിവാദത്തില്‍ കുരുങ്ങിയ മൂന്ന്‌ താരങ്ങള്‍ക്ക്‌ ഇന്നലെ ജാമ്യം ലഭിച്ചു. അയ്യായിരം രൂപയുടെ സ്വന്തം ജാമ്യത്തിലാണ്‌ താരങ്ങള്‍ പുറത്തിറങ്ങിയത്‌. ഐ ലീഗിലെ ടോപ്‌ സ്‌ക്കോററായ ഒഡാഫെ, മധ്യനിരക്കാരന്‍ ഒഗ്‌ബ കാലു നനാ, ഗോള്‍ക്കീപ്പര്‍ അരിന്ദം ഭട്ടാചാര്യ എന്നിവരാണ്‌ പോലീസ്‌ സ്‌റ്റേഷനിലെത്തി ജാമ്യത്തിലിറങ്ങിയത്‌. ഇവരെ പിന്നീട്‌ വൈദ്യ പരിശോധനക്കും വിധേയരാക്കിയിരുന്നു. വിമാനത്തിലെ സറ്റാഫെല്ലാം താരങ്ങള്‍ക്കെതിരാണ്‌. വളരെ മോശമായാണ്‌ താരങ്ങള്‍ പെരുമാറിയതെന്നാണ്‌ ഇവരുടെ സാക്ഷ്യം. യാത്രക്കാരും ഇത്‌ തന്നെ പറയുന്ന സാഹചര്യത്തില്‍ ചര്‍ച്ചില്‍ താരങ്ങള്‍ക്കെതിരെ ശക്തമായ നടപടി വരാനാണ്‌ സാധ്യത. താന്‍ വിദേശിയായത്‌ കൊണ്ടാണ്‌ ചിലര്‍ തനിക്കെതിരെ തിരിഞ്ഞതെന്നാണ്‌ ഒഡാഫെ പറയുന്നത്‌. വിമാനത്തിലെ ഒരു പുരുഷ സ്റ്റാഫ്‌ വംശീയമായി ഒഡാഫെയെ അധിക്ഷേപിക്കാന്‍ ശ്രമിച്ചതായി അരിന്ദവും പറയുന്നു. എന്തായായലും പ്രശ്‌നം ചര്‍ച്ചിലിനെ മാത്രമല്ല സ്‌പൈസ്‌ ജെറ്റിനെയും ബാധിച്ചിട്ടുണ്ട്‌.

ബഗാനുമായി കളി നടന്നില്ല
കൊല്‍ക്കത്ത: വന്‍ വിവാദത്തില്‍ കുടുങ്ങി മാനസികമായി തകര്‍ന്ന്‌ കൊല്‍ക്കത്തയിലെത്തിയ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‌ ഇന്നലെ സാള്‍ട്ടലെക്ക്‌ സ്‌റ്റേഡിയത്തില്‍ മോഹന്‍ബഗാനുമായി ലീഗ്‌ മല്‍സരം കളിക്കേണ്ടി വന്നില്ല. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ നഗരത്തിലുളളതിനാല്‍ സുരക്ഷാ പ്രശ്‌നത്തില്‍ മല്‍സരം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. ഈ മല്‍സരം ഇനി എന്ന്‌ നടത്തുമെന്ന്‌ വ്യക്തമല്ല. ഇന്നലെ രാവിലെയാണ്‌ മല്‍സരം റദ്ദാക്കിയതായി അറിയിച്ചത്‌. സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിന്‌ വേണ്ടത്ര സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന്‌ പോലീസ്‌ അറിയിച്ചതിനെ തുടര്‍ന്നാണ്‌ മല്‍സരം മാറ്റിയത്‌. ചികില്‍സയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബസുവിനെ സന്ദര്‍ശിക്കാനാണ്‌ പ്രധാനമന്ത്രി എത്തിയത്‌. ബസുവിനെ ചികില്‍സിക്കുന്ന ആശുപത്രി സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തിന്‌ സമീപത്താണ്‌. മല്‍സരം അവസാന നിമിഷം മാറ്റിവെച്ചതില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ പരാതി നല്‍കിയിട്ടില്ല. വിമാന വിവാദത്തില്‍ മാനസികമായി തളര്‍ന്നിരിക്കയാണ്‌ ടീം.

ജയിച്ചു ഇന്ത്യ
ധാക്ക: അവസാനം ഇന്ത്യ ജയിച്ചു...... ആറ്‌ വിക്കറ്റിന്‌. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേശ്‌ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ആറ്‌ വിക്കറ്റിന്‌ 296 റണ്‍സാണ്‌ സമ്പാദിച്ചത്‌. ഇന്ത്യക്ക്‌ തുടക്കം പാളിയിരുന്നു. പക്ഷേ നായകന്‍ ധോണിയുടെ സെഞ്ച്വറിയിലും വിരാത്‌ കോഹ്‌ലിയുടെ 91 ലും ടീം കരകയറി. ഒരു ടെസ്റ്റ്‌ രാജ്യത്തിനെതിരെ ഏകദിന ക്രിക്കറ്റില്‍ കടുവകള്‍ സ്വന്തമാക്കുന്ന ഏറ്റവും വലിയ സ്‌ക്കോറാണിത്‌. മുന്‍നിരക്കാരായ തമീം ഇഖ്‌ബാലും ഇംറുല്‍ ഖൈസും മഹമൂദ്ദല്ലയും അര്‍ദ്ധ സെഞ്ച്വറികള്‍ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ബൗളിംഗും ഫീല്‍ഡിംഗും ദനയീയതയാണ്‌ പുലര്‍ത്തിയത്‌. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കക്ക്‌ മുന്നില്‍ പരാജയപ്പെട്ട ആതിഥേയര്‍ക്ക്‌ അതിജീവനത്തിന്‌ വിജയം അത്യാവശ്യമായിരുന്ന മല്‍സരത്തില്‍ ടോസ്‌ നേടിയ നായകന്‍ ഷാക്കിബ്‌ അല്‍ഹസന്‍ ബാറ്റിംഗിന്‌ തീരുമാനിച്ചത്‌ രാത്രി വെളിച്ചത്തിലെ ഈര്‍പ്പം മനസ്സിലാക്കിയാണ്‌. സാധാരണഗതിയില്‍ പതുക്കെയാണ്‌ പ്രബലരായ പ്രതിയോഗികള്‍ക്കെതിരെ കടുവകള്‍ ആരംഭിക്കാറ്‌. പക്ഷേ ഇന്നലെ പതിവിന്‌ വിപരീതമായി തുട
ക്കം മുതല്‍ മനോഹരമായ ആക്രമണമായിരുന്നു അവര്‍ നടത്തിയത്‌. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കാഴ്‌ച്ചക്കാരെ പോലെ നിന്നപ്പോള്‍ എട്ടാം ഓവറില്‍ തന്നെ സ്‌ക്കോര്‍ 50 കടന്നു. ഇന്ത്യക്കെതിരെ മാത്രമല്ല ഏകദിന ക്രിക്കറ്റില്‍ ഇത്ര വേഗത്തില്‍ ബംഗ്ലാദേശ്‌ അര്‍ദ്ധശതകം പിന്നിടുന്നത്‌ അപൂര്‍വ്വമായിട്ടാണ്‌. 60 റണ്‍സാണ്‌ ടീം സ്വന്തമാക്കിയത്‌. സഹ ഓപ്പണറായ ഖൈസ്‌ കൂട്ടുകാരന്‌ കരുത്തുറ്റ പിന്തുണയും നല്‍കിയപ്പോള്‍ ഫീല്‍ഡിംഗ്‌ നിലവാരത്തില്‍ ഇന്ത്യ എവിടെ നില്‍ക്കുന്നു എന്നതിന്‌ ആശിഷ്‌ നെഹ്‌റയുടെ ആദ്യ ഓവര്‍ തന്നെ സാക്ഷിയായി. തമീം പായിച്ച സ്‌ട്രെയിറ്റ്‌ ഡ്രൈവിലൂടെ വന്ന പന്ത്‌ ശ്രമകരമായിരുന്നില്ല. പക്ഷേ സ്വന്തം കാലാണ്‌ പന്തിനെ തടുക്കാന്‍ നെഹ്‌റ ഉപയോഗിച്ചത്‌. പന്ത്‌ അതിവേഗം അതിര്‍ത്തി കടന്നു. ഖൈസ്‌ മൂന്നില്‍ നില്‍ക്കുമ്പോള്‍ ഉയര്‍ന്ന പന്ത്‌ ഹര്‍ഭജന്‍സിംഗ്‌ നിലത്തിട്ടതും വേദനാജനകമായ കാഴ്‌ച്ചയായിരുന്നു. ഈ രണ്ട്‌ കാര്യങ്ങള്‍ ഒരു സത്യം വ്യക്തമാക്കി-കാര്യങ്ങള്‍ ഇന്ത്യക്ക്‌ എളുപ്പമാവില്ല. ഇടം കൈയ്യന്മാരായ ഓപ്പണര്‍മാര്‍ക്കെതിരെ നെഹ്‌റക്ക്‌ മാത്രമല്ല സഹീറിനും പിഴച്ചു. പന്തുകള്‍ അതിവേഗം ബൗണ്ടറികളിലെത്തി. സ്ലിപ്പ്‌ ഫീല്‍ഡര്‍മാരുടെ ഇടയിലൂടെ ആദ്യ അഞ്ച്‌ ഓവറില്‍ അഞ്ച്‌ ബൗണ്ടറികള്‍ പിറന്നു. തമീമിനെതിരെ ഫൈനല്‍ ലെഗ്‌ ഫീല്‍ഡറെ മുന്നോട്ട്‌ കയറ്റിനിര്‍ത്തിയ ധോണിയുടെ നീക്കവും ഫലം ചെയ്‌തില്ല. കൈക്കുഴ ഷോട്ടില്‍ കരുത്തനായ തമീം സഹീറിനെതിരെ സിക്‌സര്‍ പോലും പറത്തി. 2007 ലെ ലോകകപ്പില്‍ ഇതേ ഷോട്ട്‌ തമീമില്‍ നിന്നും കണ്ടതാണ്‌. തനിക്കെതിരെ സിക്‌സര്‍ പായിച്ച ബാറ്റ്‌സ്‌മാനോടുളള നീരസം സഹീര്‍ പരസ്യമായി പ്രകടിപ്പിക്കാനും മറന്നില്ല. 33 പന്തില്‍ നിന്നാണ്‌ തമീം അര്‍ദ്ധശതകം കടന്നത്‌. പതിനൊന്ന്‌ ഓവറില്‍ 80 റണ്‍സ്‌ പിന്നിട്ട ഓപ്പണര്‍മാര്‍ ഒരു തരത്തിലും കനിവ്‌ കാട്ടിയില്ല. 42 പന്തില്‍ നിന്നും മിന്നല്‍ വേഗതയില്‍ 60 റണ്‍സ്‌ നേടിയ തമീം ശ്രീശാന്തിന്റെ പന്തില്‍ പുറത്തായപ്പോഴാണ്‌ ഇന്ത്യ ശ്വാസം നേരെ വിട്ടത്‌. പത്ത്‌ ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ട തകര്‍പ്പന്‍ ഇന്നിംഗ്‌സ്‌ ബംഗബന്ധു നാഷണല്‍ സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ ഹഠാധാകര്‍ഷിച്ചിരുന്നു. പകരം വന്നത്‌ കഴിഞ്ഞ മല്‍സരത്തിലെ ബാറ്റിംഗ്‌ ഹീറോയായ മുന്‍ നായകന്‍ മുഹമ്മദ്‌ അഷറഫുലായിരുന്നു. സ്‌പിന്നര്‍മാര്‍ക്കെതിരെ അനായാസം കളിച്ച അഷറഫുലിന്‌ പക്ഷേ ജഡേജയുടെ ലെഫ്‌റ്റ്‌ ആം സ്‌പിന്നില്‍ പിഴച്ചു. 29 റണ്‍സില്‍ അദ്ദേഹം പുറത്തായത്‌ ഇന്ത്യക്ക്‌ നേട്ടമായി. അക്കൗണ്ട്‌ തുറക്കും മുമ്പ്‌ നായകന്‍ ഷാക്കിബിനെ സഹീര്‍ഖാന്‍ റണ്ണൗട്ടാക്കിയത്‌ സ്‌ക്കോറിംഗിനെ ബാധിച്ചു. മല്‍സരത്തിലേക്ക്‌ ഇന്ത്യ തിരിച്ചുവരുന്ന ഘട്ടത്തിലാണ്‌ വാലറ്റക്കാരന്‍ മഹമൂദ്ദുല്ല മിന്നലായത്‌. 45 പന്തില്‍ നിന്ന്‌ 60 റണ്‍സാണ്‌ അദ്ദേഹം നേടിയത്‌. റഖീബുല്‍ ഹസന്‍ 32 റണ്‍സ്‌ നേടി. ഇന്ത്യന്‍ ബൗളര്‍മാരില്‍ എല്ലാവരും നിരാശയാണ്‌ സമ്മാനിച്ചത്‌.
സ്‌ക്കോര്‍ബോര്‍ഡ്‌
ബംഗ്ലാദേശ്‌: തമീം-സി-ഗാംഭീര്‍-ബി-ശ്രീശാന്ത്‌-60, ഖൈസ്‌-സി-കോഹ്‌ലി-ബി-നെഹ്‌റ-70, അഷറഫുല്‍-ബി-ജഡേജ-29, ഷാക്കിബ്‌-റണ്ണൗട്ട്‌-0, റഖീബ്‌-ബി-ഹര്‍ഭജന്‍-32, മുഷ്‌ഫിഖുര്‍ റഹീം-സി-ജഡേജ-ബി-യുവരാജ്‌-6, മഹമൂദ്ദുല്ല-നോട്ടൗട്ട്‌-60, നസീം-നോട്ടൗട്ട്‌-14, എക്‌സ്‌ട്രാസ്‌-25, ആകെ ആറ്‌ വിക്കറ്റിന്‌ 296. വിക്കറ്റ്‌ പതനം: 1-80 (തമീം), 2-148 (അഷറഫുല്‍), 3-156 (ഷാക്കിബ്‌), 4-188 (ഖൈസ്‌), 5-206 (റഹീം),6-238 (റഖീബ്‌). ബൗളിംഗ്‌: നെഹ്‌റ 6-0-44-1, ശ്രീശാന്ത്‌ 8-0-54-1, സഹീര്‍ 6-0-43-0, ഹര്‍ഭജന്‍ 9-0-56-1, യുവരാജ്‌ 10-0-33-1, ജഡേജ 9-0-45-1, സേവാഗ്‌ 2-0-17-0.
ഇന്ത്യ: ഗാംഭീര്‍-ബി-റൂബല്‍-18, സേവാഗ്‌-റണ്ണൗട്ട്‌-13, കോഹ്‌ലി-സി ആന്‍ഡ്‌ ബി- ഷാക്കിബ്‌-91, യുവരാജ്‌-ബി-റസല്‍-1, ധോണി-നോട്ടൗട്ട്‌-101, റൈന-നോട്ടൗട്ട്‌-51, എക്‌സ്‌ട്രാസ്‌-22, ആകെ 47.3 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 297. വിക്കറ്റ്‌ പതനം: 1-28 (വീരു), 2-49 (ഗാംഭീര്‍), 3-51 (യുവി) 4-203 (കോഹ്‌ലി). ബൗളിംഗ്‌: റസല്‍ 9.3-0-58-1, റസാക്ക്‌ 9-0-66-0, ഹുസൈന്‍ 9-0-60-1, ഷാക്കിബ്‌ 10-0-45-1, നസീം 2-0-16-0, മഹമൂദ്ദുല്ല 7-0-38-0, അഷറഫുല്‍ 1-0-8-0

സിറ്റിക്ക്‌ കരുത്തേകാന്‍ വിയേരയും
മാഞ്ചസ്‌റ്റര്‍: റോബര്‍ട്ടോ മാന്‍സിനി എന്ന ഇറ്റലിക്കാരനായ പരിശീലകന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അമരത്ത്‌ ചരടുവലികള്‍ തുടങ്ങിയിരിക്കുന്നു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബിന്റെ പരിശീലകനായ ശേഷം കളിച്ച രണ്ട്‌ മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം ആഘോഷിച്ചതിന്റെ മികവില്‍ മാന്‍സിനി ടീമിന്‌ കരുത്ത്‌ പകരാന്‍ അനുഭവ സമ്പന്നനായ ഫ്രഞ്ച്‌ മധ്യനിരക്കാരന്‍ പാട്രിക്‌ വിയേരയെ സ്വന്തമാക്കിയിരിക്കുന്നു. നിലവില്‍ ഇറ്റാലിയന്‍ സീരിയ എ ടീമായ ഇന്റര്‍ മിലാന്റെ കുപ്പായത്തില്‍ കളിക്കുന്ന 33 കാരനായ വിയേര കഴിഞ്ഞ ദിവസം മെഡിക്കല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങള്‍ക്ക്‌ ശേഷം സിറ്റിക്കാര്‍ കളത്തിലിറങ്ങുമ്പോള്‍ ചിലപ്പോള്‍ കാര്‍ലോസ്‌ ടെവസിനും റോബിഞ്ഞോക്കും അഡിബേയര്‍ക്കുമൊപ്പം വിയേരയെയും കാണാം. ദീര്‍ഘകാലം പ്രിമിയര്‍ ലീഗില്‍ ആഴ്‌സനലിന്‌്‌ വേണ്ടി കളിച്ച്‌ പാരമ്പര്യമുള്ള വിയേരക്ക്‌ ഇത്‌ തിരിച്ചുവരവാണ്‌. ആഴ്‌സനലിന്റെ അമരത്ത്‌ നായകന്‍ എന്ന നിലയില്‍ അദ്ദേഹം കത്തി നിന്ന സമയത്താണ്‌ ഫ്രാന്‍സ്‌ ലോകകപ്പ്‌ സ്വന്തമാക്കിയത്‌. സൈനുദ്ദിന്‍ സിദാന്റെ വിഖ്യാത സംഘത്തിലെ ശക്തനായ മധ്യനിരക്കാരനായിരുന്ന വിയേര നാല്‌ സീസണ്‍ മുമ്പാണ്‌ ഗണ്ണേഴ്‌സ്‌ വിട്ട്‌ ഇറ്റലിയിലെത്തിയത്‌. ഒമ്പത്‌ വര്‍ഷം ആഴ്‌സനലിന്‌ വേണ്ടി കളിച്ച ശേഷം 2005 ലായിരുന്നു വിയേരയുടെ ഇറ്റാലിയന്‍ യാത്ര. ഇറ്റലിയില്‍ ആദ്യം കളിച്ചത്‌ യുവന്തസിന്‌ വേണ്ടിയായിരുന്നു. ഒരു സീസണ്‍ മാത്രമായിരുന്നു ഈ മധുവിധു. ഇന്ററിലെത്തിയപ്പോള്‍ 2007 ലും 08 ലും ലീഗ്‌ കീരിടം സമ്പാദിച്ചു. പക്ഷേ ഈ സീസണില്‍ കോച്ച്‌ ജോസ്‌ മോറീനോ കാര്യമായ അവസരങ്ങള്‍ വെറ്ററന്‍ താരത്തിന്‌ നല്‍കിയിരുന്നില്ല. പല മല്‍സരങ്ങളിലും സബ്‌സ്റ്റിറ്റിയൂട്ടായാണ്‌ അദ്ദേഹം ഇറങ്ങിയത്‌. ഇന്നലെ ഫ്രഞ്ച്‌ ടെലിവിഷനുമായി സംസാരിക്കവെ നാലര വര്‍ഷം ദീര്‍ഘിച്ച തന്റെ ഇറ്റാലിയന്‍ വാസം അവസാനിച്ചതായി വിയേര വ്യക്തമാക്കി. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാര്‍ ഉണ്ടാക്കിയതായി സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. രാജ്യാന്തര രംഗത്ത്‌ നിന്ന്‌ ഏറെകുറെ വിട്ടിരിക്കുന്ന വിയേര ഫ്രാന്‍സിന്‌ വേണ്ടി 107 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്‌. 2007 സെപപ്‌തംബറില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌ക്കോട്ട്‌ലാന്‍ഡിനെതിരെ കളിച്ചതാണ്‌ അവസാന മല്‍സരം. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ ഫ്രാന്‍സിന്‌ വേണ്ടി കളിച്ച്‌ രാജ്യാന്തര രംഗം വിടാനാണ്‌ വിയേരയുടെ പരിപാടി. മാഞ്ചസ്‌റ്റര്‍ സിറ്റിക്കായി മികച്ച പ്രകടനം നടത്തിയാല്‍ ഫ്രാന്‍സിന്റെ ലോകകപ്പ്‌ സംഘത്തില്‍ തനിക്ക്‌ ഇടം ലഭിക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ സംശയമില്ല. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ലീഗില്‍ ചിവിയോക്കെതിരായ മല്‍സരത്തില്‍ ഇന്ററിന്‌ വേണ്ടി വിയേര കളിച്ചിരുന്നു. ഈ മല്‍സരത്തില്‍ 90 മിനുട്ടും വിയേരക്ക്‌ കോച്ച്‌ മോറീനോ അവസരവും നല്‍കിയിരുന്നു. അവസാന മല്‍സരത്തില്‍ മികച്ച പ്രകടനമാണ്‌ വിയേര നടത്തിയതെന്നും പുതിയ വര്‍ഷത്തില്‍ അദ്ദേഹത്തിന്‌ എല്ലാ വിജയങ്ങളും നേരുന്നതായും മോറിനോ പറഞ്ഞു.

തേര്‍ഡ്‌ ഐ
കഷ്‌ടം
ബംഗബന്ധു നാഷണല്‍ സ്‌റ്റേഡിയത്തിലെ ഇന്ത്യ ദയനീയമായ കാഴ്‌ച്ചയായിരുന്നു. കളിയുടെ ഒരു മേഖലയില്ലല്ല-സമസ്‌ത മേഖലയിലും ഇന്ത്യ പതറിയ കാഴ്‌ച്ചയില്‍ ബംഗ്ലാദേശിന്‌ ഫുള്‍ മാര്‍ക്ക്‌ നല്‍കണം. ബൗളിംഗില്‍ അടിസ്ഥാന പാഠങ്ങള്‍ പോലും അറിയാത്തവരെ പോലെയാണ്‌ നമ്മുടെ അനുഭവസമ്പന്നരായ ബൗളര്‍മാര്‍ പന്തെറിഞ്ഞത്‌. ഫീല്‍ഡിംഗില്‍ ഇന്ത്യാ ഗേറ്റിനെ അനുസ്‌മരിപ്പിക്കുന്ന ദയനീയത. ബാറ്റിംഗില്‍ ആര്‍ക്കും ഒന്നും ചെയ്യാനായതുമില്ല. ത്രിരാഷ്‌ട്ര കപ്പില്‍ ശ്രീലങ്കക്കെതിരായ മല്‍സരത്തില്‍ ബാറ്റിംഗ്‌ ആസ്വാദ്യകരമായിരുന്നു. ബൗളിംഗും ഫീല്‍ഡിംഗും പാളിയതാണ്‌ ടീമിന്‌ വിനയായത്‌. ഇന്നലെ എല്ലാ തലത്തിലും അബദ്ധങ്ങളായിരുന്നു. സഹീര്‍ഖാനെ പോലെ കരുത്തനായ ഒരു സീമറെ ബംഗ്ലാദേശ്‌ ഓപ്പണറായ തമീം ഇഖ്‌ബാല്‍ ക്രിസ്‌ വിട്ട്‌ സിക്‌സറിന്‌ പ്രഹരിച്ചെങ്കില്‍ അത്‌ ഇന്ത്യയുടെ ആലസ്യത്തിനുള്ള മുഖത്തടിയാണ്‌. കണ്ടില്ലേ ആശിഷ്‌ നെഹ്‌റ ആദ്യ ഓവറില്‍ തന്നെ പന്തിനെ ബൗണ്ടറിയിലേക്ക്‌ മനോഹരമായി പറഞ്ഞയച്ചത്‌. പ്രൊഫഷണല്‍ ക്രിക്കറ്ററാണ്‌ നെഹ്‌റ. ഒരു മല്‍സരത്തിലെ ആദ്യ ഓവറില്‍ അദ്ദേഹത്തെ പോലെ ഒരു ക്രിക്കറ്റര്‍ക്ക്‌ ചേര്‍ന്നതായിരുന്നില്ല ആ ആലസ്യം. ഒന്ന്‌ കുനിഞ്ഞിരുന്നെങ്കില്‍ പന്തിനെ തടുക്കാമായിരുന്നു. ഹര്‍ഭജന്‍സിംഗ്‌ നിലത്തിട്ട ക്യാച്ചും ധോണി നഷ്ടമാക്കിയ സ്‌റ്റമ്പിംഗുമെല്ലാം നമ്മുടെ ടീമിനെ പിന്നോക്കമാണ്‌ വലിക്കുന്നത്‌. ബംഗ്ലാദേശിനെ പോലുള്ള ചെറിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ അല്‍പ്പം അഹങ്കാരത്തിലാണ്‌ ഇന്ത്യയുടെ സാധാരണ സമീപനം. ഓസ്‌ട്രേലിയ എല്ലാ ടീമുകള്‍ക്കെതിരെയും പ്രകടിപ്പിക്കുന്ന പ്രൊഫഷണലിസം മാതൃകയാക്കാന്‍ ഗാരി കിര്‍സ്‌റ്റണെ പോലുള്ളവരുടെ കീഴിലും ടീമിന്‌ കഴിയുന്നില്ല. കിര്‍സ്‌റ്റണ്‌ അമിത ജോലിഭാരമുണ്ട്‌. ഒരേ സമയം മുഖ്യ കോച്ചായും ബൗളിംഗ്‌, ഫീല്‍ഡിംഗ്‌ കോച്ചായും അദ്ദേഹത്തിന്‌ മാറേണ്ടി വരുന്നു. ഇടക്കാലയളവില്‍ ബൗളിംഗ്‌, ഫീല്‍ഡിംഗ്‌ മേഖലകളില്‍ സ്‌പെഷ്യലിസ്റ്റ്‌ പരിശീലകരായി വെങ്കടേഷ്‌ പ്രസാദിനെയും റോബിന്‍സിംഗിനെയും ക്രിക്കറ്റ്‌ ബോര്‍ഡ്‌ നിയമിച്ചിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ്‌ ട്രോഫിയിലെ പരാജയത്തിന്‌ ശേഷം ഇവരെ മാറ്റി. പകരം ആരെയും നിയമിച്ചതുമില്ല. കിര്‍സ്റ്റണ്‍ ഒരു ബാറ്റ്‌സ്‌മാനാണ്‌. ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ അദ്ദേഹത്തിനാവും. പക്ഷേ ബൗളര്‍മാരുടെ കാര്യത്തില്‍ സഹീറിനെ പോലുളളവര്‍ തന്നെയാണ്‌ ഉപദേശകര്‍. സുദീപ്‌ ത്യാഗിയെ പോലുള്ള ജൂനിയര്‍ ബൗളര്‍മാര്‍ ടീമിലുണ്ട്‌. ഇവര്‍ക്ക്‌ വഴി കാട്ടാന്‍ സ്‌പെഷ്യലിസ്റ്റ്‌ കോച്ചുകള്‍ നിര്‍ബന്ധമാണ്‌. യുവരാജ്‌ സിംഗിനെ പോലുളള ലോകോത്തര ഫീല്‍ഡര്‍മാരുടെ സംഘമാണ്‌ നമ്മുടേത്‌. വിരാത്‌ കോഹ്‌ലിയും സുരേഷ്‌ റൈനയും രവീന്ദു ജഡേജയും നല്ല ഫീല്‍ഡര്‍മാര്‍. പക്ഷേ ഇവരാരും പൂര്‍ണ്ണരല്ല. ഇവര്‍ക്കും വഴി കാട്ടാന്‍ പരിശീലകര്‍ വേണം. പ്രൊഫഷണലിസത്തിന്റെ അവസാന വാക്കാവാന്‍ ഇന്ത്യക്കാവണമെങ്കില്‍ എല്ലാ തലത്തിലും ടീം മെച്ചപ്പെടണം. ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ പാക്കിസ്‌താന്‌ മാത്രമുളള ഒരു അപഖ്യാതിയുണ്ട്‌-ആരെയും തോല്‍പ്പിക്കുന്ന ആരോടും തോല്‍ക്കുന്ന ടീമെന്ന ചീത്തപ്പേര്‌. അത്‌ ഇന്ത്യയുടെ കാര്യത്തിലും ഏറെക്കുറെ പ്രാവര്‍ത്തികമാവുകയാണ്‌ നിലവിലുളള സാഹചര്യങ്ങളില്‍. 2011 ല്‍ ലോകകപ്പ്‌ സ്വന്തം നാട്ടില്‍ നടക്കാനിരിക്കെ ഉണരേണ്ട സമയം അതിക്രമിച്ചതായി ബോര്‍ഡ്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അക്‌ബര്‍ ട്രാവല്‍സ്‌ സെമിയില്‍
എടവണ്ണ: സീതി ഹാജി മെമ്മോറിയല്‍ സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ അക്‌ബര്‍ ട്രാവല്‍സ്‌ എഫ്‌.സി മുംബൈ സെമിയിലെത്തി. ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തിലവര്‍ 3-1ന്‌ ഇന്ത്യന്‍ നേവി മുംബൈയെ പരാജയപ്പെടുത്തി. നിയാസ്‌ റഹ്‌മാന്‍, ഷാഹുല്‍, എന്നിവരാണ്‌ അക്‌ബര്‍ ട്രാവല്‍സിന്റെ ഗോളുകള്‍ നേടിയത്‌. ഇന്ന്‌ എസ്‌.ബി.ടി തിരുവനന്തപുരം ജോസ്‌ക്കോ എഫ്‌.സി കൊച്ചിയുമായി കളിക്കും.

No comments: