Wednesday, December 30, 2009

PAK ENERGY

പാക്കിസ്‌താന്‌ ലീഡ്‌
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ബൗളിംഗിന്‌ മുന്നില്‍ സമ്പൂര്‍ണ്ണാധിപത്യം നേടാനായില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ പാക്കിസ്‌താന്‌ നിര്‍ണ്ണായകമായ 204 റണ്‍സിന്റെ ലീഡ്‌. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ 127 ല്‍ അവസാനിപ്പിച്ച പാക്കിസ്‌താന്‍ ഇന്നലെ ഒമ്പത്‌ വിക്കറ്റിന്‌ 331 റണ്‍സ്‌ സമ്പാദിച്ചു. 71 റണ്‍സ്‌ നേടിയ ഓപ്പണര്‍ സല്‍മാന്‍ ഭട്ടും 53 റണ്‍സ്‌ നേടിയ ഇംറാന്‍ ഫര്‍ഹാത്തും നല്‍കിയ തകര്‍പ്പന്‍ തുടക്കം ഉപയോഗപ്പെടുത്തുന്നതില്‍ മധ്യനിര പരാജയപ്പെട്ടതാണ്‌ പാക്കിസ്‌താനെ വലിയ സ്‌ക്കോറില്‍ നിന്നും തടഞ്ഞത്‌. ആക്രമണ ബാറ്റിംഗിലുടെ അവസാന സെഷനില്‍ നായകന്‍ മുഹമ്മദ്‌ യൂസഫും ഉമര്‍ അക്‌മലും മിന്നിയെങ്കിലും വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്റെ മിന്നുന്ന ക്യാച്ചില്‍ അപകടകാരിയായ യൂസഫ്‌ വീണതോടെ സ്‌ക്കോറിംഗിനെ അത്‌ ബാധിച്ചു. പേസിനെ തുണക്കുന്ന, ബൗണ്‍സുള്ള ട്രാക്കില്‍ ഇപ്പോഴും ബാറ്റിംഗ്‌ ദുഷ്‌ക്കരമായി നില്‍ക്കവെ പാക്കിസ്‌താന്റെ ലീഡ്‌ ഓസ്‌ട്രേലിയക്ക്‌ വെല്ലുവിളിയാണ്‌. ആദ്യ ടെസ്‌റ്റില്‍ മികച്ച പോരട്ടത്തിന്‌ ശേഷം കീഴടങ്ങിയ പാക്കിസ്‌താന്‌ പരമ്പരയിലേക്ക്‌ തിരിച്ചുവരാനാണ്‌ ഇപ്പോള്‍ അവസരമൊരുങ്ങിയിരിക്കുന്നത്‌.
രണ്ടാം ദിവസം ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്‌താന്‌ വേണ്ടി പരമ്പരയില്‍ ഇതാദ്യമായി ഓപ്പണര്‍മാരായ സല്‍മാന്‍ ഭട്ടും ഇംറാന്‍ ഫര്‍ഹാത്തും ഫോമില്‍ കളിച്ചപ്പോള്‍ ഒന്നാം വിക്കറ്റില്‍ 109 റണ്‍സാണ്‌ പിറന്നത്‌. അച്ചടക്കമുളള പ്രകടനമായിരുന്നു ഓപ്പണര്‍മാര്‍ നടത്തിയത്‌. മെല്‍ബണ്‍ ടെസ്റ്റിലെ പരാജയത്തിന്‌ ശേഷം കോച്ച്‌ ഇന്‍ത്തികാബ്‌ ആലം ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ നേരെ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിനുളള പരിഹാരമെന്നോണം ഓസീസ്‌ സീമര്‍മാരുടെ മോഹിപ്പിക്കുന്ന പന്തുകള്‍ക്ക്‌ മുന്നില്‍ പതറാതെയാണ്‌ ഇരുവരും കളിച്ചത്‌. മുഹമ്മദ്‌ ആസിഫ്‌, മുഹമ്മദ്‌ ആമിര്‍ എന്നീ സീമര്‍മാര്‍ ആദ്യ ദിവസം നല്‍കിയ തകര്‍പ്പന്‍ തുടക്കത്തിലുള്ള ആത്മവിശ്വാസത്തില്‍ മനോഹരമായി ബാറ്റ്‌ പിടിച്ചത്‌ ഭട്ടായിരുന്നു. വ്യക്തിഗത സ്‌ക്കോര്‍ 11 ല്‍ പീറ്റര്‍ സിഡിലിന്റെ പന്തില്‍ ലൈഫ്‌ ലഭിച്ച ഫര്‍ഹാത്തും അവസരോചിതമായാണ്‌ നീങ്ങിയത്‌. ലഞ്ച്‌ വരെ ഈ കൂട്ടുകെട്ട്‌ പിടിച്ചുനിന്നു. ടെസ്റ്റ്‌ ക്രിക്കറ്റിലെ പതിമൂന്നാമത്‌ അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയ ശേഷം നതാന്‍ ഹൗറിറ്റ്‌സിന്റെ പന്തില്‍ ഫര്‍ഹാത്ത്‌ പുറത്തായി. ഇതേ സെഷനില്‍ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ഭട്ടും പുറത്തായി. ഇവിടെ നിന്നുമാണ്‌ ഫൈസല്‍ ഇഖ്‌ബാലും ക്യാപ്‌റ്റന്‍ യൂസഫും ഒത്തുചേര്‍ന്നത്‌. ചായക്ക്‌ പിരിയുമ്പോള്‍ ഈ സഖ്യമായിരുന്നു ക്രീസില്‍. സിഡിലിന്റെ പന്തില്‍ വാട്ട്‌സണ്‍ പറന്നെടുത്ത മിന്നല്‍ ക്യാച്ചില്‍ ഇഖ്‌ബാല്‍ പുറത്തായതാണ്‌ തകര്‍ച്ചക്ക്‌ കാരണമായത്‌. ജാവേദ്‌ മിയാന്‍ദാദിന്റെ മരകുമകനായ ഫൈസല്‍ 86 പന്തില്‍ നിന്ന്‌ 27 റണ്‍സാണ്‌ നേടിയത്‌. ഉമര്‍ അക്‌മല്‍ വന്നപ്പോള്‍ ഏകദിന ശൈലിയിലായി പാക്കിസ്‌താന്‍ ബാറ്റിംഗ്‌. പുതിയ പന്ത്‌ മൈതാനത്തിന്റെ നാല്‌ ഭാഗത്തേക്കും പറന്നപ്പോള്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗും അന്ധാളിച്ചു. പാക്കിസ്‌താന്റെ പുതിയ കണ്ടുപിടുത്തമായ യുവതാരം ഒമ്പത്‌ തവണ പന്തിനെ അതിര്‍ത്തി കടത്തി. ഞൊടിയിടയില്‍ 48 പന്തില്‍ നിന്ന്‌ 49 റണ്‍സാണ്‌ ഉമര്‍ നേടിയത്‌. യുവതാരത്തെ പിടികൂടാന്‍ സ്ലിപ്പില്‍ നിറയെ ഫീല്‍ഡര്‍മാരെ നിരത്തിയിട്ടും പോണ്ടിംഗിനെ കാര്യങ്ങള്‍ തുണച്ചില്ല. ഒടുവില്‍ ബൊളിഗ്നറുടെ പന്തില്‍ ഉമര്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങിയപ്പോഴാണ്‌ റിക്കിയുടെ ശ്വാസം നേരെ വീണത്‌. മിസ്‌ബാഹുല്‍ ഹഖ്‌ (11), കമറാന്‍ അക്‌മല്‍ (14) എന്നിവര്‍ നിരാശപ്പെടുത്തി. ഡാനിഷ്‌ കനേരിയ (2), മുഹമ്മദ്‌ ആസിഫ്‌ (0) എന്നിവരാണിപ്പോള്‍ ക്രീസില്‍. ഓസ്‌ട്രേലിയക്ക്‌ വേണ്ടി ബൊളീഗ്നര്‍ 70 റണ്‍സിന്‌ മൂന്ന്‌ വിക്കറ്റ്‌ നേടിയപ്പോള്‍ മിച്ചല്‍ ജോണ്‍സണും ഷെയിന്‍ വാട്ട്‌സണും രണ്ട്‌ വിക്കറ്റ്‌ നേടി.

ഫുട്‌ബോളും ജീവിതവും പ്രകാശനം ചെയ്‌തു
കോഴിക്കോട്‌: പ്രശസ്‌ത ഫുട്‌ബോള്‍ താരവും പരിശീലകനുമായ എന്‍.എം നജീബിന്റെ ആത്മകഥയായ ഫുട്‌ബോളും ജീവിതവും പ്രകാശനം ചെയ്‌തു. പ്രീമിയര്‍ ടയേഴ്‌സിലൂടെ കേരളാ ഫുട്‌ബോളില്‍ നിറഞ്ഞത്‌ മുതല്‍ എസ്‌.ബി.ടി ജൂനിയര്‍ ടീമിന്റെ പരിശീലകനായി സേവനമനുഷ്‌ഠിച്ചത്‌ വരെയുള്ള സംഭവ ബഹുലമായ കാലഘട്ടമാണ്‌ സിത്താര ബുക്ക്‌സ്‌ പ്രസിദ്ധീകരിച്ച പുസ്‌തകത്തിലുള്ളത്‌. മേയര്‍ എം. ഭാസ്‌ക്കരനില്‍ നിന്നും നജീബിന്റെ ആദ്യകാല പരിശീലകനായിരുന്ന സി.പി.എം ഉസ്‌മാന്‍ കോയ പുസ്‌തകം ഏറ്റുവാങ്ങി. നജീബിന്റെ ഭാര്യയാണ്‌ ഭര്‍ത്താവിന്റെ ഫുട്‌ബോള്‍ അനുഭവങ്ങള്‍ക്ക്‌ തൂലികാ ചിത്രം നല്‍കിയത്‌. തിരക്കേറിയ താരമായും പിന്നീട്‌ തിരക്കേറിയ പരിശീലകനായും മൈതാനത്തിന്റെ ആരവങ്ങളില്‍ നിറഞ്ഞ നജീബിന്റെ അനുഭവകഥകളില്‍ കുട്ടിക്കാലത്തെ സാക്ഷ്യങ്ങളുണ്ട്‌, താരമെന്ന നിലയില്‍ ഉയരങ്ങളിലെത്തിയപ്പോഴുണ്ടായ ദുരനുഭവങ്ങളിലൂടെയും സഞ്ചരിക്കുന്ന അദ്ദേഹം കൊല്‍ക്കത്താ ടീമുകള്‍ക്കായി കളിച്ചിരുന്ന കാലത്ത അനുഭവങ്ങളും പങ്ക്‌ വെക്കുന്നു. വിവാദങ്ങളിലേക്ക്‌ കടക്കാതെ, ഫുട്‌ബോളിന്റെ നന്മക്കായി ചെയ്‌ത സേവനങ്ങള്‍ പ്രതിപാദിക്കുന്ന നജീബിന്റെ പുസ്‌തകത്തിന്‌ അവതാരിക രചിച്ചിരിക്കുന്നത്‌ പ്രശസ്‌ത കളിയെഴുത്തകാരനും മലയാള മനോരമ റസിഡന്‍ഡ്‌ എഡിറ്ററുമായ കെ.അബൂബക്കറാണ്‌. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഏ. പ്രദീപ്‌ കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. മുന്‍ മന്ത്രിയും ഫുട്‌ബോള്‍ പ്രേമിയുമായ സി.കെ നാണു, കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ മുഹമ്മദ്‌ മണ്ണില്‍, കളിയെഴുത്തുകാരനായ ഭാസി മലാപ്പറമ്പ്‌ എന്നിവര്‍ സംസാരിച്ചു. പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറും സ്‌പോര്‍ട്‌സ്‌ നിരൂപകനുമായ കമാല്‍ വരദൂര്‍ സ്വാഗതവും എന്‍.എം നജീബ്‌ നന്ദിയും പറഞ്ഞു.

എം.സി.പി ജേതാക്കള്‍
കോഴിക്കോട്‌: ഫുട്‌ബോള്‍ പ്ലെയേഴ്‌സ്‌ അസോസിയേഷന്റെ മാളിയേക്കല്‍ ആലിക്കോയ മെമ്മോറിയല്‍ ആള്‍ കേരളാ ഇന്റര്‍ സ്‌ക്കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എം.എസ്‌.പി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മലപ്പുറം ജേതാക്കളായി. മാങ്കാവ്‌ മിനി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എം.സി.പി രണ്ട്‌ ഗോളിന്‌ മൂര്‍ക്കനാട്‌ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ അരീക്കോടിനെ പരാജയപ്പെടുത്തി. വിജയികള്‍ക്ക്‌ ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍ ട്രോഫികള്‍ നല്‍കി. പതിനേഴാം മിനുട്ടില്‍ മുഹമ്മദ്‌ ഫൈറുസും അമ്പത്തിയെട്ടാം മിനുട്ടില്‍ ഷമീലും നേടിയ ഗോളുകളാണ്‌ എം.എസ്‌.പിയെ തുണച്ചത്‌. ഷമീലാണ്‌ കളിയിലെ കേമന്‍. ഫുട്‌ബോള്‍ പ്ലെയേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സി.ഉമ്മര്‍ സമാപന ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം.മുഹമ്മദ്‌ ബഷീര്‍, ടൂര്‍ണ്ണമെന്റ്‌ കമ്മിറ്റി കണ്‍വീനര്‍ മുന്‍ ഇന്റര്‍നാഷണല്‍ കെ.പി സേതുമാധവന്‍, ട്രഷറര്‍ കെ. ബാലകൃഷ്‌ണന്‍, പ്രേംനാഥ്‌ ഫിലിപ്പ്‌ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുന്‍കാല റഫറി പി.ജമാലുദ്ദീനെ ആദരിച്ചു.

ലോകകപ്പ്‌ കൊല്‍ക്കത്തയില്‍
മുംബൈ: ജൂണില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാന്‍ പോവുന്ന ലോകകപ്പ്‌ മല്‍സരങ്ങളുടെ പ്രചരണാര്‍ത്ഥം ഫിഫ ലോകകപ്പ്‌ കൊല്‍ക്കത്തയിലെത്തുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്കയായി വിശേഷിപ്പിക്കുന്ന നഗരത്തില്‍ ജനുവരി 15 മുതല്‍ 17 വരെയാണ്‌ കൊക്ക കോള ഫിഫ ലോകകപ്പ്‌ പര്യടനം. ലോകകപ്പിന്റെ പ്രധാന പ്രായോജകരായ കൊക്ക കോളയുടെ ആഭിമുഖ്യത്തില്‍ 225 ദിവസം ദീര്‍ഘിക്കുന്ന പര്യടനമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. മൊത്തം 86 രാജ്യങ്ങളിലാണ്‌ പര്യടനം.

ബാറ്റിംഗ്‌ തകര്‍ച്ച
കേപ്‌ടൗണ്‍: ഇംഗ്ലണ്ട്‌-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ബാറ്റ്‌സ്‌മാന്മാര്‍ തകര്‍ന്നടിയുന്നു. പേസിനെ തുണക്കുന്ന ട്രാക്കില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ്‌ 291 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടും പതറുകയാണ്‌. അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ സന്ദര്‍ശകര്‍ ആറ്‌ വിക്കറ്റിന്‌ 188 റണ്‍സ്‌ എന്ന നിലയിലാണ്‌. രണ്ടാം ടെസ്‌റ്റില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക ജാക്‌ കാലിസിന്റെ സെഞ്ച്വറിയിലും തകരുന്ന കാഴ്‌ച്ചയാണ്‌ ന്യൂലാന്‍ഡ്‌സില്‍ കണ്ടത്‌. 189 പന്തുകളില്‍ നിന്നും 11 ബൗണ്ടറികളുള്‍പ്പെടെ 108 റണ്‍സ്‌ നേടിയ കാലിസിന്‌ പിന്തുണ നല്‍കുന്നതില്‍ വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്‌ ബൗച്ചര്‍ മാത്രമാണ്‌ പിടിച്ചുനിന്നത്‌. ബൗച്ചര്‍ 51 റണ്‍സ്‌ സ്വന്തമാക്കിയപ്പോള്‍ വാലറ്റത്തില്‍ ആര്‍ക്കും പൊരുതാനായില്ല. ഇംഗ്ലീഷ്‌ ബൗളിംഗ്‌ നിരയില്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ 63 റണ്‍സിന്‌ അഞ്ച്‌ വിക്കറ്റ്‌ നേടി. രണ്ടാം ടെസ്റ്റിലെ ഹീറോ സ്‌പിന്നര്‍ ഗ്രയീം സ്വാന്‍ 74 റണ്‍സിന്‌ രണ്ട്‌ പേരെ പുറത്താക്കി. ഇംഗ്ലണ്ടിനും തകര്‍ച്ചയോടെയായിരുന്നു തുടക്കം. നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ രണ്ട്‌ റണ്‍സിന്‌ പുറത്തായപ്പോള്‍ അലിസ്‌റ്റര്‍ കുക്ക്‌ 65 റണ്‍സുമായി പൊരുതി. മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പൂജ്യനായ കാഴ്‌ച്ചയില്‍ ഇയാന്‍ ബെല്‍ നേടിയ 48 റണ്‍സാണ്‌ മധ്യനിരക്ക്‌ ഊര്‍ജ്ജം പകര്‍ന്നത്‌.

കേരളാ ടീം പുറപ്പെട്ടു
എറണാകുളം: ജാര്‍ഖണ്‌ഠിലെ ടാറ്റാ ഫുട്‌ബോള്‍ അക്കാദമി ഗ്രൗണ്ടില്‍ ജനുവരി 7 മുതല്‍ ആരംഭിക്കുന്ന ദേശീയ സബ്‌ ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുളള കേരള ടീം പുറപ്പെട്ടു. മലപ്പുറത്തിന്റെ ഹന്നാന്‍ ജാവേദ്‌ നയിക്കുന്ന സംഘത്തില്‍ ഗൗതം മുരളി (ഇടുക്കി), അരുണ്‍ രാജ്‌ (കോഴിക്കോട്‌) എന്നിവരാണ്‌ ഗോള്‍ക്കീപ്പര്‍മാര്‍. പിന്‍നിരയില്‍ കളിക്കുന്നത്‌ ശ്രാവണ്‍കുമാര്‍ (പാലക്കാട്‌), മിഥുന്‍ ചന്ദ്രന്‍ (തൃശൂര്‍), രാഹുല്‍, അനീസ്‌, (മലപ്പുറം), അക്ഷയ്‌ (കോഴിക്കോട്‌) എന്നിവരാണ്‌. മധ്യനിരയില്‍ ഹന്നാന്‌ പുറമെ മലപ്പുറത്തിന്റെ തന്നെ ആസിലും മുഹമ്മദ്‌ സാജിലും വയനാടിന്റെ മിഥുനും തിരുവനന്തപുരത്തിന്റെ പ്രശാന്തും കണ്ണൂരിന്റെ ആനന്ദ്‌ മുരളിയും സുജിതും എറണാകുളത്തിന്റെ ബെബറ്റോയും കളിക്കും. തൃശൂരിന്റെ സോളി സേവ്യറാണ്‌ കോച്ച്‌. മാനേജര്‍ ദിലിപ്‌.

എന്‍ടിനി വിരമിക്കുന്നു
കേപ്‌ടൗണ്‍: മക്കായ എന്‍ടിനി ക്ഷുഭിതനാണ്‌. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുളള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും തന്നെ തഴഞ്ഞ നടപടിയില്‍ കുപിതനായ മുപ്പത്തിരണ്ടുകാരന്‍ ടെസ്റ്റ്‌ ക്രിക്കറ്റിനോട്‌ വിട പറയാന്‍ ഒരുങ്ങുകയാണ്‌. മോശം ഫോമിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ തഴഞ്ഞത്‌. എന്നാല്‍ തനിക്കെതിരെ ചിലര്‍ ഗുഡാലോചന നടത്തിയതായാണ്‌ എന്‍ടിനി കുറ്റപ്പെടുത്തുന്നത്‌. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ കറുത്ത കരുത്തായിരുന്നു എന്‍ടിനി. ഈയിടെ നടന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫിക്‌സ്‌ച്ചര്‍ നറുക്കെടുപ്പില്‍ എന്‍ടിനിയായിരുന്നു പ്രധാന ഹീറോ.

ആദ്യ ജയം ലങ്കക്ക്‌
ധാക്ക: ത്രിരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കക്ക്‌ ഏഴ്‌ വിക്കറ്റ്‌ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ആതിഥേയരായ ബംഗ്ലാദേശ്‌ മുഹമ്മദ്‌ അഷറഫുലിന്റെ അര്‍ദ്ധ ശതകത്തില്‍ 260 റണ്‍സ്‌ നേടിയപ്പോല്‍ 31 പന്തുകള്‍ ബാക്കിനില്‍ക്കെ ലങ്ക മൂന്ന്‌ വിക്കറ്റ്‌ നഷ്‌
ടത്തില്‍ ലക്ഷ്യത്തിലെത്തി. 104 റണ്‍സ്‌ നേടിയ ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷാനാണ്‌ വിജയശില്‍പ്പി. നായകന്‍ കുമാര്‍ സങ്കക്കാര 74 റണ്‍സ്‌ വാരിക്കൂട്ടിയപ്പോള്‍ സമരവീര പുറത്താവാതെ 41 റണ്‍സ്‌ നേടി. ഇന്ന്‌ ഇന്ത്യ ലങ്കയുമായി കളിക്കും. ഉച്ചതിരിഞ്ഞ്‌ 2-30 മുതല്‍ മല്‍സരം തല്‍സമയം നിയോ സ്‌പോര്‍ട്‌സില്‍

No comments: