Wednesday, December 9, 2009

SHOCK FOR ITALY

യുവന്തസും വീണു
ലണ്ടന്‍: ലിവര്‍പൂളിന്‌ പുറമെ യുവന്തസും യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്കൗട്ട്‌ റൗണ്ട്‌ കാണാതെ പുറത്ത്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ സ്വന്തം മൈതാനമായിട്ടും യുവന്തസ്‌ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിച്ചിന്‌ മുന്നില്‍ 4-1ന്‌ വീഴുകയായിരുന്നു. അതേ സമയം കരുത്തരായ റയല്‍ മാഡ്രിഡ്‌, ഏ.സി മിലാന്‍, സി.എസ്‌.കെ.എ മോസ്‌ക്കോ എന്നിവര്‍ നോക്കൗട്ട്‌ ഘട്ടം ഉറപ്പാക്കി. ആഴ്‌സനല്‍, ബോറോഡോക്‌സ്‌, ചെല്‍സി, ഫിയോറന്റീന, ലിയോണ്‍, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, പോര്‍ട്ടോ, സെവിയെ എന്നിവര്‍ നേരത്തെ തന്നെ നോക്കൗട്ട്‌ ഉറപ്പാക്കിയിരുന്നു. ഇനി നാല്‌ സ്ഥാനങ്ങളാണ്‌ ബാക്കിനില്‍ക്കുന്നത്‌. ഈ ടീമുകളെ ഇന്നറിയാം.
ഇന്നലെ നടന്ന മല്‍സരങ്ങളുടെ ഫലങ്ങള്‍ ഇപ്രകാരമാണ്‌: ഗ്രൂപ്പ്‌ എ. യുവന്തസ്‌ 1-ബയേണ്‍ മ്യൂണിച്ച്‌ 4, മക്കാബി ഹൈഫ 0- ബോറോഡ്‌ക്‌സ്‌ 1, ഗ്രൂപ്പ്‌ ബി: ബെസികിറ്റാസ്‌ 1- സി.എസ്‌.കെ.എ മോസ്‌ക്കോ 2, വോള്‍ഫ്‌സ്‌ബര്‍ഗ്ഗ്‌ 1- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 3. ഗ്രൂപ്പ്‌ സി: സൂറിച്ച്‌ 1-ഏ.സി മിലാന്‍ 1, മാര്‍സലി 1- റയല്‍ മാഡ്രിഡ്‌ 3. ഗ്രൂപ്പ്‌ ഡി: ചെല്‍സി 2- അപോല്‍ നിക്കോഷ്യ 2, അത്‌ലറ്റികോ മാഡ്രിഡ്‌ 0- എഫ്‌.സി പോര്‍ട്ടോ 3.
ആവേശകരമായ മല്‍സരം നടന്നത്‌ ഇറ്റലിയിലായിരുന്നു. മല്‍സരത്തിന്റെ പതിനെട്ടാം മിനുട്ടില്‍ തന്നെ ഫ്രാന്‍സില്‍ നിന്നുള്ള സൂപ്പര്‍ താരം ഡേവിഡ്‌ ട്രസിഗെയുടെ ഗോളില്‍ യുവന്തസ്‌ ലീഡ്‌ നേടി. എന്നാല്‍ മുപ്പതാം മിനുട്ടില്‍ ഹാന്‍സ്‌ ജോര്‍ജ്‌ ബട്ട്‌ പെനാല്‍ട്ടി കിക്കില്‍ നിന്നും ബയേണിനായി സമനില നേടി. ഒന്നാം പകുതി 1-1 ല്‍ അവസാനിച്ചപ്പോള്‍ ഇവിക ഒലിക്‌ അമ്പത്തിരണ്ടാം മിനുട്ടില്‍ ജര്‍മന്‍ സംഘത്തിനയി ലീഡ്‌ നേടി. മരിയോ ഗോമസ്‌ എണ്‍പത്തിമൂന്നാം മിനുട്ടില്‍ വിജയമുറപ്പിച്ച്‌ ഗോള്‍ നേടിയപ്പോള്‍ ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുമ്പ്‌ അനറ്റോലി ടൈംഷക്‌ അവസാന ഗോള്‍ നേടി.
നോക്കൗട്ട്‌ സ്വപ്‌നം കണ്ടാണ്‌ യുവന്തസ്‌ സ്വന്തം മൈതാനത്ത്‌ കളിച്ചത്‌. ബയേണാവട്ടെ സീസണില്‍ നല്ല തുടക്കം കിട്ടാത്തവരായിരുന്നു. ബുണ്ടേല്‍സ്‌ ലീഗില്‍ പോലും നിറം മങ്ങിയ ബയേണ്‍ പക്ഷേ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ്‌ നടത്തിയത്‌. കളിയുടെ തുടക്കത്തില്‍ തന്നെ ബയേണ്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും കളിയുടെ ഗതിക്ക്‌ വിപരീതമായിട്ടായിരുന്നു ഇറ്റലിക്കാരുടെ ഗോള്‍. ശനിയാഴ്‌ച്ച ഇറ്റാലിയന്‍ സിരിയ എ യില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെതിരെ നടന്ന കടുത്ത മല്‍സരത്തില്‍ പങ്കെടുത്തതിനാല്‍ യുവന്തസ്‌ താരങ്ങളെല്ലാം ക്ഷീണിതരായിരുന്നു. എന്നാല്‍ ബയേണാവട്ടെ കരുത്ത്‌ പ്രകടിപ്പിക്കാന്‍ ഉറച്ചുകളിച്ചു.
ഏ,സി മിലാനും സൂറിച്ചും തമ്മിലുള്ള മല്‍സരം 1-1 ല്‍ കലാശിച്ചുവെങ്കിലും മിലാന്‍ തടിതപ്പി. രണ്ട്‌ പേരും സാന്‍സീറോയില്‍ വെച്ച്‌ കളിച്ചപ്പോള്‍ ഒരു ഗോളിന്റെ വിജയം മിലാന്‌ ലഭിച്ചിരുന്നു. അതേ വിജയം പ്രതീക്ഷിച്ച്‌ കളിക്കാനിറങ്ങിയ അവര്‍ക്ക്‌ പക്ഷേ തുടക്കം മുതല്‍ കനത്ത വെല്ലുവിളി നേരിടേണ്ടി വന്നു. ഗ്രൂപ്പ്‌ എ യില്‍ ബോറോഡോക്‌സിന്റെ വിജയം അപരാജിതരായിട്ടായിരുന്നു. ഇസ്രാഈലില്‍ നിന്നുളള മക്കാബ ഹൈഫയെ ഒരു ഗോളിനാണ്‌ അവര്‍ കീഴടക്കിയത്‌. ചാമ്പ്യന്‍ഷിപ്പില്‍ ഒരു പോയന്റ്‌ പോലും സ്വന്തമാക്കാന്‍ കഴിയാതെയാണ്‌ ഇസ്രാഈല്‍ ടീം മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.
പരുക്കില്‍ തളര്‍ന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഗ്രൂപ്പ്‌ ബി യില്‍ ജര്‍മന്‍ ടീമായ വോള്‍ഫ്‌സ്‌ബര്‍ഗ്ഗില്‍ നിന്നും കാര്യമായ വെല്ലുവിളികള്‍ നേരിട്ടില്ല. സൂപ്പര്‍ താരം മൈക്കല്‍ ഓവന്റെ ഹാട്രിക്കായിരുന്നു അലക്‌സ്‌ ഫെര്‍ഗൂസന്റെ സംഘത്തിന്‌ വലിയ വിജയം സമ്മാനിച്ചത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ പോയ വാരത്തില്‍ വലിയ വിജയം നേടിയ ഫെര്‍ഗിയും സംഘവും പരുക്കിലും അതേ പ്രകടനവും വേഗതയുമാണ്‌ ആവര്‍ത്തിച്ചത്‌.
ഗ്രൂപ്പ്‌ സിയില്‍ റയല്‍ മാഡ്രിഡിനും കാര്യമായ വെല്ലുവിളി ഉയര്‍ന്നില്ല. മല്‍സരത്തിന്റെ അഞ്ചാം മിനുട്ടില്‍ തന്നെ തകര്‍പ്പന്‍ ഫ്രീകിക്കില്‍ നിന്നും സൂപ്പര്‍താരം കൃസ്റ്റിയാനോ റൊണാള്‍ഡോ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തു. ആതിഥേയര്‍ക്ക്‌ വേണ്ടി ലൂക്കോ ഗോണ്‍സാലസ്‌ സമനില നേടിയപ്പോള്‍ മല്‍സരം ആവേശകരമായി. രണ്ടാം പകുതിയില്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ റൗള്‍ അബിദോള്‍ റയലിന്‌ ലീഡ്‌ നല്‍കി. ലോംഗ്‌ വിസിലിന്‌ പത്ത്‌ മിനുട്ട്‌ മുമ്പ്‌ റൊണാള്‍ഡോ മൂന്നാം ഗോള്‍ നേടി.
ഗ്രൂപ്പ്‌ ഡിയില്‍ സ്വന്തം മൈതാനമായ സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ ചെല്‍സി വെള്ളം കുടിച്ചു. അപോല്‍ നിക്കോഷ്യയാണ്‌ ചെല്‍സിയെ 2-2 ല്‍ തളച്ചത്‌. കഴിഞ്ഞയാഴ്‌ച്ച പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക്‌ മുന്നില്‍ പരാജയപ്പെട്ട ചെല്‍സി ആ തോല്‍വിയുടെ ആഘാതത്തില്‍ തന്നെയായിരുന്നു.

യൂനസ്‌ കാത്തിരിക്കണം
ഇസ്ലാമബാദ്‌: പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. യൂനസ്‌ഖാന്‍ എന്ന മുന്‍ നായകന്‌ ഒരു തിരിച്ചുവരവ്‌ അസാധ്യമാക്കും വിധം ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ടീമിനെ നയിക്കാനും മുഹമ്മദ്‌ യൂസഫിനെ ചുമതലപ്പെടുത്തി. ടീമിന്റെ പുതിയ ബൗളിംഗ്‌ കോച്ചായി വഖാര്‍ യൂനസിനെയും നിയമിച്ചു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനമാണ്‌ യൂസഫും സംഘവും നടത്തിയത്‌. ഇതാണ്‌ യൂനസിന്‌ തിരിച്ചടിയായത്‌. അടുത്ത ലോകകപ്പ്‌ വരെ പാക്കിസ്‌താന്‍ ദേശീയ ടീമിന്റെ നായകത്വം നേരത്തെ യൂനസിന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഉറപ്പ്‌ നല്‍കിയതാണ്‌. ഇംഗ്ലണ്ടില്‍ സമാപിച്ച 20-20 ലോകകപ്പിന്‌ ശേഷം ടീമിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ പി.സി.ബി ഇടപെട്ടപ്പോള്‍ യൂനസ്‌ രാജിക്കത്ത്‌ നല്‍കുകയും എന്നാല്‍ സമ്മര്‍ദ്ദത്തില്‍ പിന്നീട്‌ പിന്‍വലിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ലങ്കന്‍ പര്യടനത്തോടെ കാര്യങ്ങള്‍ മാറി. ടീമില്‍ നിന്ന്‌ പൂര്‍ണ്ണ പിന്തുണ ലഭിക്കാത്ത സാഹചര്യത്തില്‍ യൂനസ്‌ ന്യൂസിലാന്‍ഡ്‌ പര്യടന സംഘത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന്‌ മുഹമ്മദ്‌ യൂസഫിനെ നായകനാക്കി. ആദ്യം ഒരു പരമ്പരയിലേക്ക്‌ മാത്രമായിരുന്നു യൂസഫിനെ നായകനാക്കിയത്‌. ഒരു പരമ്പരയില്‍ മാത്രം നായകനായിരിക്കാന്‍ തനിക്ക്‌ താല്‍പ്പര്യമില്ലെന്ന്‌ യൂസഫ്‌ അറിയിച്ചപ്പോള്‍ വളരെ വൈകിയാണെങ്കിലും ഇപ്പോള്‍ ഓസീസ്‌ പരമ്പരയിലേക്കുള്ള നായകന്റെ കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്‌.
യൂസഫ്‌ നയിച്ച പാക്‌ സംഘം ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ നടത്തിയത്‌. ഡര്‍ബനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നാടകീയമായി തോറ്റെങ്കിലും വെല്ലിംഗ്‌ടണില്‍ അവര്‍ കിവീസിനെ തകര്‍ത്തിരുന്നു. വെല്ലിംഗ്‌ടണ്‍ മല്‍സരത്തിന്‌ ശേഷം ടീമില്‍ പിണക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉമര്‍ ഗുലും മുഹമ്മദ്‌ ആമിറും തമ്മില്‍ ഉടക്കിയെന്ന റിപ്പോര്‍ട്ട്‌ പക്ഷേ പി.സി.ബി തള്ളിയിരുന്നു.
അതിനിടിനെ വഖാര്‍ യൂനസിനെ ടീമിന്റെ ബൗളിംഗ്‌,ഫീല്‍ഡിംഗ്‌ കോച്ചായി വീണ്ടും നിയമിച്ചു. 2006 മാര്‍ച്ച്‌ മുതല്‍ 2007 വരെ ടീമിന്റെ ബൗളിംഗ്‌ കോച്ചായ വഖാര്‍ പിന്നീട്‌ പി.സി.ബിയുമയി തെറ്റിപിരിയുകയായിരുന്നു. ആ സമയത്ത്‌ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ്‌ മല്‍സരങ്ങള്‍ക്ക്‌ മാത്രമായി വഖാറിനെ നിയോഗിച്ചതായിരുന്നു പ്രശ്‌നമായത്‌. ഏകദിന ടീമിന്റെ ബൗളിംഗ്‌ കോച്ചായി തുടരാന്‍ വഖാറിനെ അനുവദിച്ചിരുന്നില്ല. വഖാര്‍ കോച്ചായിരുന്ന സമയത്താണ്‌ ഉമര്‍ ഗുല്‍, റാണ നവീദ്‌ തുടങ്ങിയവര്‍ രാജ്യാന്തര രംഗത്ത്‌ മികവ്‌ പ്രകടിപ്പിച്ചത്‌. പുതിയ നിയമനത്തില്‍ ബൗളിംഗിനൊപ്പം ഫീല്‍ഡിംഗ്‌ ചുമതലയും വഖാറിന്‌ നല്‍കിയിട്ടുണ്ട്‌. ഇപ്പോള്‍ ടീമിന്റെ മുഖ്യ കോച്ചായി ഇന്‍ത്തികാബ്‌ ആലവും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായി ആക്വിബ്‌ ജാവേദുമുണ്ട്‌. ഇവര്‍ക്കൊപ്പമാണ്‌ വഖാറിനെ നിയമിച്ചിരിക്കുന്നത്‌. വെല്ലിംഗ്‌ടണില്‍ ന്യൂസിലാന്‍ഡിനെതിരൊയ ടെസ്റ്റില്‍ ആറ്‌ ക്യാച്ചുകള്‍ പാക്കിസ്‌താന്‍ നിലത്തിട്ടിരുന്നു.


ക്രിക്കറ്റ്‌
നാഗ്‌പ്പൂര്‍: ഇന്ത്യയെ കുമാര്‍ സങ്കക്കാര കശാപ്പ്‌ ചെയ്‌തു. 20-20 പരമ്പരയിലെ ആദ്യ മല്‍സരം തികച്ചും ഏകപക്ഷീയമായി മാറിയപ്പോള്‍ ഇന്ത്യ 29 റണ്‍സിന്‌ പരാജയപ്പെട്ടു. ടോസ്‌ നേടിയിട്ടും ആദ്യം ബാറ്റ്‌ ചെയ്യാതിരുന്ന ഇന്ത്യക്കെതിരെ അഞ്ച്‌ വിക്കറ്റിന്‌ 215 റണ്‍സാണ്‌ ലങ്ക സ്വന്തമാക്കിയത്‌. അവരുടെ നായകന്‍ കുമാര്‍ സങ്കക്കാര 37 പന്തില്‍ നിന്നും വാരിക്കൂട്ടിയ 78 റണ്‍സാണ്‌ ഇന്നിംഗ്‌സിന്റെ കരുത്തായത്‌. 20-20 ക്രിക്കറ്റില്‍ ഒരു ലങ്കക്കാരന്റെ ഏറ്റവും വേഗതയേറിയ അര്‍ദ്ധശതകം സ്വന്തമാക്കിയ സങ്കക്കാര അപാര ഫോമില്‍ ബാറ്റ്‌ ചെയ്‌തപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരില്‍ പിടിച്ചുനിന്നത്‌ ഗൗതം ഗാംഭീര്‍ മാത്രം. 55 റണ്‍സ്‌ നേടിയ ഗാംഭീറിനൊപ്പം പൊരുതാന്‍ ആരുമുണ്ടായിരുന്നില്ല.
ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഇന്നലെ യഥേഷ്ടം ക്യാച്ചുകള്‍ വിട്ടതാണ്‌ വിനയായത്‌. അഞ്ച്‌ ക്യാച്ചുകള്‍ അവര്‍ നിലത്തിട്ടപ്പോള്‍ ലങ്കക്ക്‌ അവരുടെ 20-20 ചരിത്രത്തിലെ ഉയര്‍ന്ന സ്‌ക്കോര്‍ സമ്പാദിക്കാന്‍ കഴിഞ്ഞു. സനത്‌ ജയസൂര്യ, തിലകരത്‌നെ ദില്‍ഷാന്‍ എന്നിവരെ വിട്ട ഫീല്‍ഡര്‍മാരോട്‌ സങ്കക്കാര ഒരു കനിവും കാണിച്ചില്ല. 21 പന്തിലായിരുന്നു അര്‍ദ്ധശതകം. ഒമ്പതാം ഓവറില്‍ പ്രഗ്യാന്‍ ഒജ സ്‌പിന്നുമായി വന്നപ്പോള്‍ തുടങ്ങിയ സങ്കക്കാരയുടെ ആക്രമണത്തില്‍ നിന്നും ഒരു ഇന്ത്യന്‍ ബൗളര്‍ക്കും രക്ഷയുണ്ടായിരുന്നില്ല. കന്നിക്കാരന്‍ അശോക്‌ ഡിന്‍ഡക്കും വേണ്ടുവോളം അടികിട്ടി. ദില്‍ഷാന്‍ 33 പന്തില്‍ 34 റണ്‍സ്‌ നേടിയപ്പോള്‍ ജയസൂര്യ 20 പന്തില്‍ 26 റണ്‍സ്‌ വാരിക്കൂട്ടി. മഹേല ജയവര്‍ദ്ധനെ പെട്ടെന്ന്‌ പുറത്തായ ശേഷമെത്തിയ ചമര കപ്പുഗുഡേര 20 പന്തില്‍ നിന്ന്‌ നേടിയ 47 റണ്‍സും ലങ്കന്‍ സ്‌ക്കോറിന്‌ തിളക്കമേകി. ഇന്ത്യന്‍ ബൗളര്‍മാരില്‍ എല്ലാവര്‍ക്കും കണക്കിന്‌ കിട്ടി.
മറുപടി ബാറ്റിംഗില്‍ ഗാംഭീറും സേവാഗും ചേര്‍ന്ന്‌ നല്ല തുടക്കമാണ്‌ ഇന്ത്യക്ക്‌ നല്‍കിയത്‌. 32 ലാണ്‌ സേവാഗ്‌ മടങ്ങിയത്‌. അവിടെ തുടങ്ങിയ മടക്കം ഇന്നിംഗ്‌സിലുടനീളമുണ്ടായിരുന്നു. ധോണി (9), യുവരാജ്‌ (6), രോഹിത്‌ ശര്‍മ്മ (3),സുരേഷ്‌ റൈന (21), യുസഫ്‌ പത്താന്‍ (0) എന്നിവര്‍ അതിവേഗം പുറത്തായി. ലങ്കന്‍ ബൗളര്‍മാരില്‍ മാത്യൂസും ജയസൂര്യയും രണ്ട്‌ വിക്കറ്റ്‌ വീതം നേടി. ഇന്ത്യന്‍ ടീമില്‍ ഭക്ഷ്യവിഷബാധ കാരണം മലയാളി സീമര്‍ എസ്‌.ശ്രീശാന്ത്‌ ഉണ്ടായിരുന്നില്ല. പകരം ആശിഷ്‌ നെഹ്‌റക്കാണ്‌ ക്യാപ്‌റ്റന്‍ എം.എസ്‌ ധോണി അവസരം നല്‍കിയത്‌. രാജ്യത്തിനായി നെഹ്‌റയുടെ ആദ്യ 20-20 മല്‍സരമായിരുന്നു ഇത്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനായി കളിക്കുന്ന അശോക്‌ ഡിന്‍ഡക്ക്‌ അരങ്ങേറ്റത്തിന്‌ അവസരം ലഭിച്ചു. പുതിയ പന്ത്‌ നെഹ്‌റയും ഇശാന്ത്‌ ശര്‍മ്മയും പങ്കിടപ്പോള്‍ മൂന്നാമനായിരുന്നു ദിന്‍ഡ. ശ്രീലങ്കന്‍ ടീമിലും കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു. അജാന്ത മെന്‍ഡിസിന്‌ പകരം കന്നിക്കാരനായ ഓഫ്‌ സ്‌പിന്നര്‍ മുത്തുമുഡലിംഗെ പുഷ്‌പകുമാരയും ചനക വെലിഗിഡാരക്ക്‌ പകരം ദില്‍ഹാര ഫെര്‍ണാണ്ടോയും ടീമിലെത്തി. ഓള്‍റൗണ്ടറായ ചിന്തക ജയസിംഗെക്കും ലങ്ക അരങ്ങേറ്റത്തിന്‌ അവസരമൊരുക്കി.

ഹരിയാനക്ക്‌ വന്‍ ലീഡ്‌
ചണ്ഡിഗര്‍: കേരളത്തിനെതിരായ രജ്ഞി മല്‍സരത്തില്‍ ഹരിയാനക്ക്‌ വലിയ ലീഡ്‌. 393 റണ്‍സാണ്‌ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്‌. ആദ്യദിവസം ബാറ്റ്‌ ചെയ്‌ത കേരളം കേവലം 80 റണ്‍സിന്‌ പുറത്തായിരുന്നു. 313 റണ്‍സാണ്‌ ഇപ്പോല്‍ ഹരിയാനയുടെ ലീഡ്‌.

ഇര്‍ഫാന്‍ മിന്നി, ബറോഡ ജയിച്ചു
ബറോഡ: ക്യാപറ്റന്‍ ഇര്‍ഫാന്‍ പത്താന്റെ ഓള്‍റൗണ്ട്‌ മികവില്‍ ബറോഡ രജ്ഞി ട്രോഫി സൂപ്പര്‍ ലീഗ്‌ പോരാട്ടത്തില്‍ സൗരാഷ്ട്രയെ തോല്‍പ്പിച്ചു. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ മല്‍സരത്തില്‍ ഇര്‍ഫാന്റെ ഓള്‍റൗണ്ട്‌ മികവാണ്‌ ബറോഡയെ തുണച്ചത്‌. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ്‌ 127 ല്‍ അവസാനിച്ചപ്പോള്‍ ബറോഡക്ക്‌ 124 റണ്‍സാണ്‌ നേടാനയത്‌. രണ്ടാം ഇന്നിംഗ്‌്‌സില്‍ സൗരാഷ്‌ട്രയെ ബറോഡ 137ന്‌ പുറത്താക്കി. ഇര്‍ഫാന്‍ നാല്‌ വിക്കറ്റ്‌ നേടി. മറുപടി ബാറ്റിംഗില്‍ വിജയിക്കാന്‍ 145 റണ്‍സ്‌ ആവശ്യമായ ബറോഡക്കായി പത്താന്‍ 45 പന്തില്‍ നിന്ന്‌ പുറത്താവാതെ 65 റണ്‍സ്‌ നേടി.

എസ്‌.ബി,.ടി സെമി.ില്‍
തൃശൂര്‍: സംസ്ഥാന ക്ലബ്‌ ഫുട്‌ബോളില്‍ എസ്‌.ബി.ടി തിരുവനന്തപുരം സെമിയില്‍ കടന്നു. ഇന്നലെ നടന്ന മല്‍സരത്തിലവര്‍ മൂന്ന്‌ ഗോളിന്‌ ചാന്ദ്‌നി എഫ്‌.സി കോഴിക്കോടിനെ തോല്‍പ്പിച്ചു. ഇന്ന്‌ ആദ്യ സെമിയില്‍ സെന്‍ട്രല്‍ എക്‌സൈസ്‌ കെ.എസ്‌.ഇ.ബിയെ നേരിടുമ്പോള്‍ നാളെ എസ്‌.ബി.ടി മലബാര്‍ യുനൈറ്റഡുമായി കളിക്കും. ശനിയാഴ്‌ച്ചയാണ്‌ ഫൈനല്‍.

ഫുട്‌ബോള്‍ സെലക്ഷന്‍
കോഴിക്കോട്‌:കാലിക്കറ്റ്‌ വാഴ്‌സിറ്റി എക്‌സ്‌ ഫുട്‌ബോളേഴ്‌സ്‌ അസോസിയേഷന്‍ കുരുന്നു പ്രതിഭകളെ തേടി ടാലന്റ്‌ സര്‍ച്ച്‌ നടത്തുന്നു. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കായി നടത്തുന്ന കോച്ചിംഗ്‌ ക്യാമ്പിലേക്കുളള സെലക്ഷന്‌ അപേക്ഷിക്കാം. 13ന്‌ രാവിലെ കോഴിക്കോട്‌ മലബാര്‍ കൃസ്‌റ്റിയന്‍ കോളജ്‌ ഗ്രൗണ്ടിലും തൃശൂര്‍ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലുമാണ്‌ സെലക്ഷന്‍ ക്യാമ്പ്‌. 1-1-1995 നും 31-12-1996 നുമിടയില്‍ ജനിച്ച കുട്ടികള്‍ വയസ്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ സഹീതം ഹാജരാവണമെന്ന്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സി.പി.എം ഉസ്‌മാന്‍ കോയയും സെക്രട്ടറി വിക്ടര്‍ മഞ്ഞിലയും അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക്‌ 9447833052.

കന്നിക്കാര്‌ക്ക്‌ ടെന്‍ഷന്‍
അബുദാബി: ഫിഫ ലോക ക്ലബ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കന്നിക്കാരായ അഞ്ച്‌ ക്ലബുകള്‍ക്ക്‌ വന്‍ ടെന്‍ഷന്‍. ആതിഥേയരായ അല്‍ അഹ്‌ലി, അറ്റ്‌ലാന്റ, എസ്റ്റുഡിയന്‍സ്‌, പോഹാംഗ്‌ സ്‌റ്റീലേഴ്‌സ്‌, ടി.പി മെസാബി എന്നിവരാണ്‌ ഇതാദ്യമായി ലോക ക്ലബ്‌ തലത്തില്‍ കളിക്കുന്നത്‌. വന്‍കിടക്കാരായ ക്ലബുകളാണ്‌ ഇത്‌ വരെ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചിരുന്നത്‌. വിവിധ വന്‍കരകളില്‍ നിന്നുള്ള ജേതാക്കളായി ഇവിടെ എത്തിയ കന്നിക്കാര്‍ക്ക്‌ ബാര്‍സിലോണ പോലെ കരുത്തരായ ടീമുകളെയാണ്‌ നേരിടേണ്ടി വരുന്നത്‌. 2000 ത്തില്‍ ബ്രസീലില്‍ തുടങ്ങിയ ക്ലബ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇത്‌ വരെ കിരീടങ്ങള്‍ സ്വന്തമാക്കിയവര്‍ വിഖ്യാതര്‍ തന്നെയാണ്‌. തുടങ്ങിയ വര്‍ഷത്തില്‍ തന്നെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ നാല്‌ ഗോളുകളാണ്‌ സ്‌ക്കോര്‍ ചെയ്‌ത.്‌ 2008 ല്‍ ജപ്പാനില്‍ ചാമ്പ്യന്‍ഷിപ്പ്‌ നടന്നപ്പോള്‍ മാഞ്ചസ്‌റ്റര്‍ ആറ്‌ വട്ടം വല ചലിപ്പിച്ചു.

പെരിങ്ങത്തൂര്‍: സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷ,ിപ്പില്‍ കൊല്ലത്തിനെതിരെ മലപ്പുറത്തിന്‌ തകര്‍പ്പന്‍ വിജയം. മൂന്ന്‌ സെറ്റ്‌ പോരാട്ടത്തില്‍ 25-14, 25-6, 25-9 എന്ന സ്‌ക്കോറിനാണ്‌ മലപ്പുറം ജയിച്ചത്‌. സുനില്‍, ഷിജോ, അന്‍സാര്‍, അജിത്‌ എന്നിവരാണ്‌ മലപ്പുറത്തിനായി മികച്ച പ്രകടനം നടത്തിയത്‌. വനിതാ വിഭാഗത്തില്‍ പത്തനംതിട്ട കൊല്ലത്തെ തോല്‍പ്പിച്ചു. സ്‌ക്കോര്‍ 25-17, 25-17, 25-12. മറ്റൊരു മല്‍സരത്തില്‍ കാസര്‍ക്കോട്‌ ഇടുക്കിയെ 25-19, 26-24, 25-9 എന്ന സ്‌ക്കോറിന്‌ തോല്‍പ്പിച്ചപ്പോള്‍ കോട്ടയത്തിന്‌ മുന്നില്‍ കോഴിക്കോട്‌ പരാജയപ്പെട്ടു. സ്‌ക്കോര്‍ 25-17, 25-11,25-10

No comments: