Saturday, December 26, 2009

INDIA EYEING TO FINISH 09 IN STYLE

ധോണിയും ശ്രീശാന്തും വരുന്നു
ഡല്‍ഹി: ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയും സീമര്‍ എസ്‌.ശ്രീശാന്തും ഇന്ത്യന്‍ ടീമില്‍ തിരിച്ചു വരുന്നതോടെ ഇന്ന്‌ നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തിലും ലങ്കക്ക്‌ സാധ്യതയില്ല. 3-1 എന്ന നിലയില്‍ ഇന്ത്യ സ്വന്തമാക്കിയ പരമ്പരയിലെ ഫിറോസ്‌ ഷാ കോട്‌ലാ പോരാട്ടത്തിന്‌ കടലാസില്‍ മാത്രമാണ്‌ പ്രാധാന്യം. പക്ഷേ ജയിച്ച്‌ അല്‍പ്പഭിമാനത്തോടെ ഇന്ത്യ വിടാന്‍ മോഹിക്കുന്ന കുമാര്‍ സങ്കക്കാരക്ക്‌ കാര്യങ്ങള്‍ അനുകൂലമല്ല. രണ്ട്‌ മല്‍സര സസ്‌പെന്‍ഷന്‌ ശേഷം എം.എസ്‌ ധോണി വരുന്നതോടെ ഇന്ത്യന്‍ ബാറ്റിംഗ്‌ പതിവ്‌ പ്രഹരശേഷി നേടുമ്പോള്‍ പനി കാരണം പുറത്തായ ശ്രീശാന്തും വരുന്നത്‌ പേസ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്‌്‌ ഊര്‍ജ്ജമാവും. ദിനേശ്‌ കാര്‍ത്തിക്‌, ഇഷാന്ത്‌ ശര്‍മ്മ എന്നിവരായിരിക്കും പുറത്താവുക. പരമ്പരയിലെ അവസാന മല്‍സരത്തിന്‌ പ്രസക്തിയില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യ മനോജ്‌ തീവാരിക്കും പ്രവീണ്‍ കുമാറിനും രോഹിത്‌ ശര്‍മ്മക്കും അവസരം നല്‍കാനും സാധ്യതയുണ്ട്‌. പ്രവീണ്‍ ഒരു മല്‍സരം കളിച്ചിരുന്നു. തിവാരിക്ക്‌ ഇത്‌ വരെ അവസരം നല്‍കിയിട്ടില്ല.
സ്വന്തം നാട്ടില്‍ ടീമിനെ നയിക്കാനുളള ഭാഗ്യമില്ലാത്തത്‌ വിരേന്ദര്‍ സേവാഗിന്‌ നേരിയ വേദന നല്‍കും-അദ്ദേഹത്തിന്റെ ആരാധകര്‍ക്കും. കട്ടക്ക്‌, കൊല്‍ക്കത്ത മല്‍സരങ്ങളില്‍ ടീമിനെ നയിച്ചത്‌ വീരുവായിരുന്നു. ധോണിയുടെ അഭാവം അറിയിക്കാതെ രണ്ട്‌ മല്‍സരങ്ങളിലും അദ്ദേഹത്തിന്‌ വിജയം വരിക്കാനായി. ഇന്ന്‌ ഫിറോസ്‌ ഷാ കോട്‌ലയില്‍ കളിക്കുമ്പോള്‍ വീരുവിനത്‌ സ്വന്തം മൈതാനമാണ്‌. കളിച്ചുവളര്‍ന്ന മൈതാനത്ത്‌ ദേശീയ ടീമിനെ നയിച്ചിറങ്ങാന്‍ അദ്ദേഹത്തിന്‌ താല്‍പ്പര്യമുണ്ട്‌. പക്ഷേ എം.എസ്‌ തിരിച്ചുവരുമ്പോള്‍ വഴി മാറികൊടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാണ്‌. പക്ഷേ അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ്‌ ഇന്നലെ പരിശീലനത്തിന്‌ ശേഷം സംസാരിക്കവെ വീരു പറഞ്ഞത്‌. എം.എസ്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടപ്പോള്‍ രണ്ട്‌ കളികളില്‍ പകരക്കാരനായി. പകരക്കാരന്റെ റോള്‍ ഭംഗിയാക്കാന്‍ സാധിച്ചതില്‍ സന്തോഷം. ഇനി എം.എസിന്‌ കീഴില്‍ കളിക്കണം. അതിലും സന്തോഷക്കുറവില്ല-വീരുവിന്റെ വാക്കുകള്‍. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ക്ക്‌ വിശ്രമം നല്‍കുന്ന കാര്യവും ആലോചനയിലുണ്ടെന്ന്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍ സൂചിപ്പിച്ചു. ഇന്ത്യയുടെ ബംഗ്ലാദേശ്‌ പര്യടനത്തിന്‌ സച്ചിനില്ല. സീനിയര്‍ താരമായ അദ്ദേഹത്തിന്‌ അപ്രധാന്യമുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ വിശ്രമം നല്‍കി 2011 ലെ ലോകകപ്പ്‌ മുനിര്‍ത്തി യുവതാരങ്ങള്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കാനാണ്‌ സെലക്ഷന്‍ കമ്മിറ്റിക്ക്‌ താല്‍പ്പര്യം.
വീരാത്‌ കോഹ്‌ലി കൊല്‍ക്കത്തയില്‍ നടത്തിയ പ്രകടനം സെലക്ടര്‍മാരെ ഹഠാധാകര്‍ഷിച്ചിട്ടുണ്ട്‌. ഇന്ത്യക്ക്‌ ജൂനിയര്‍ ലോകകപ്പ്‌ സമ്മാനിച്ച നായകനാണ്‌ കോഹ്‌ലി. പക്ഷേ ഇത്‌ വരെ സീനിയര്‍ ടീമില്‍ സ്വന്തം സാധ്വീനം ഉറപ്പിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ അര്‍ദ്ധശതകം നേടാനായെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌്‌ ഇന്ത്യ അതിവേഗം പുറത്തായപ്പോള്‍ ആ ഇന്നിംഗ്‌സ്‌ പലരും മറന്നു. എന്നാല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ പ്രതികൂലമായ സാഹചര്യത്തില്‍ അദ്ദേഹം സ്വന്തമാക്കിയ സെഞ്ച്വറി അപാരമായിരുന്നു. വിരേന്ദര്‍ സേവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറും തുടക്കത്തില്‍ തന്നെ പുറത്തായപ്പോള്‍ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു ടീം. രാത്രിയില്‍ ബാറ്റിംഗ്‌ ദുഷ്‌ക്കരമായ ഈഡനിലെ പിച്ചില്‍ പക്ഷേ ഗൗതം ഗംഭീറിനൊപ്പം തട്ടുതകര്‍പ്പന്‍ ഇന്നിംഗ്‌സാണ്‌ അദ്ദേഹം കാഴ്‌ച്ചവെച്ചത്‌. അതിനാല്‍ തന്നെ കോഹ്‌ലിയുടെ ഫോം യുവരാജ്‌ സിംഗിനെ പോലുളളവര്‍ക്ക്‌ പ്രശ്‌നമാണ്‌. യുവരാജ്‌ പരുക്ക്‌ കാരണം പുറത്തായ സാഹചര്യത്തിലാണ്‌ കോഹ്‌ലിക്ക്‌ അവസാന ഇലവനില്‍ അവസരം ലഭിച്ചത്‌. യുവരാജിനെ പോലെ ഫീല്‍ഡിംഗിലും കോഹ്‌ലി മിടുക്കനാണ്‌. കൊല്‍ക്കത്തയില്‍ തിലകരത്‌നെ ദില്‍ഷാനെ പുറത്താക്കാന്‍ എടുത്ത ക്യാച്ച്‌ മനോഹരമായിരുന്നു. ഗാംഭീറും കൊല്‍ക്കത്തയിലെ പ്രകടനം വഴി തന്റെ സാന്നിദ്ധ്യം ആവര്‍ത്തിച്ചു തെളിയിച്ചിട്ടുണ്ട്‌. സുരേഷ്‌ റൈനക്ക്‌ പരമ്പരയില്‍ ഇത്‌ വരെ വലിയ ഇന്നിംഗ്‌സ്‌ കാഴ്‌ച്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല. അത്‌ പോലെ രോഹിത്‌ ശര്‍മ്മ, യൂസഫ്‌ പത്താന്‍ എന്നിവര്‍ക്കും അവസരമുണ്ട്‌.
ബൗളിംഗില്‍ ഇന്ത്യ രാജ്‌ക്കോട്ടിലും നാഗ്‌പ്പൂരിലും കട്ടക്കിലും ശരാശരിയായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ന്യൂ ബോള്‍ ബൗളര്‍മാരായ സഹീര്‍ഖാനും ആശിഷ്‌ നെഹ്‌റയും പഴയ കരുത്തില്‍ തിരിച്ചെത്തി. ഇന്ന്‌ ശ്രീശാന്തും കളിക്കുന്നതോടെ കാര്യങ്ങള്‍ ഭദ്രമാവാനാണ്‌ സാധ്യത. ശ്രീലങ്കക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയിലെ രണ്ടാം മല്‍സരത്തിലുടെ തകര്‍പ്പന്‍ തിരിച്ചുവരവ്‌ നടത്തിയ കേരളാ സീമര്‍ എച്ച്‌.വണ്‍ എന്‍ വണ്‍ പനി കാരണം കുറഞ്ഞദിവസങ്ങളായി ചികില്‍സയിലായിരുന്നു. ബംഗ്ലാദേശ്‌ പര്യടനം മുന്‍നിര്‍ത്തി ശ്രീയുടെ മാച്ച്‌ ഫിറ്റ്‌നസ്‌ അളക്കാനാണ്‌ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. സ്‌പിന്നര്‍മാരില്‍ ഹര്‍ഭജന്‍സിംഗിന്‌ വിശ്രമം നല്‍കുന്നപക്ഷം പ്രഗ്യാന്‍ ഒജക്ക്‌ കളിക്കാനാവും. രവീന്ദു ജഡേജക്കും.
ലങ്കന്‍ ക്യാമ്പില്‍ പ്രശ്‌നങ്ങളുണ്ട്‌. വലിയ സ്‌ക്കോര്‍ നേടുന്നതില്‍ വിജയിക്കുന്നത്‌ ദില്‍ഷാന്‍ മാത്രമാണ്‌. രാജ്‌ക്കോട്ടിലും നാഗ്‌പ്പൂരിലും തകര്‍പ്പന്‍ സെഞ്ച്വറികള്‍ സ്വന്തമാക്കിയ ദില്‍ഷാന്‍ പക്ഷേ കട്ടക്കിലും കൊല്‍ക്കത്തയിലും വേഗം പുറത്തായിരുന്നു. കൊല്‍ക്കത്തില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിര്‍ദ്ദേശ പ്രകാരം സേവാഗ്‌ നടത്തിയ നീക്കം ഫലം ചെയ്‌തതിനാല്‍ ഇന്നും അതേ തന്ത്രമായിരിക്കും ഇന്ത്യ പിന്തുടരുക. പക്ഷേ സേവാഗിനെ പോലെ ആരെയും കൂസാത്ത ബാറ്റ്‌സ്‌മാനാണ്‌ ദില്‍ഷാന്‍. അതിനാല്‍ അദ്ദേഹത്തിനെതിരെ തന്ത്രങ്ങള്‍ എത്രമാത്രം വിജയിക്കുമെന്ന്‌ കണ്ടറയിണം. സനത്‌ ജയസൂര്യ എന്ന വെറ്ററന്റെ കാര്യത്തില്‍ ലങ്ക അന്തിമ തീരുമാനമെടുത്തിട്ടില്ല. ദില്‍ഷാനൊപ്പം ഉപുല്‍ തരംഗ തന്നെ ഇന്നിംഗ്‌സിന്‌ തുടക്കമിടും. സനത്‌ ജയസൂര്യയെ ഏത്‌ പൊസിഷനില്‍ കളിപ്പിക്കണം എന്നതാണ്‌ പ്രശ്‌നം. കൊല്‍ക്കത്തയില്‍ മൂന്നാം നമ്പറിലാണ്‌ അദ്ദേഹം വന്നത്‌. പക്ഷേ ക്ലിക്‌ ചെയ്‌തില്ല. കുമാര്‍ സങ്കക്കാരക്ക്‌ സ്ഥിരമായി വലിയ ഇന്നിംഗിസുകള്‍ കളിക്കാന്‍ കഴിയാത്തതും ടീമിനെ അലട്ടുന്നു. മുന്‍ നായകന്‍ മഹേല ജയവര്‍ദ്ധനക്കും ഇന്ത്യന്‍ പര്യടനം മോശമായിരുന്നു. കാഡംബി, കപ്പുഗുഡേര എന്ന യുവതാരങ്ങളുടെ പ്രകടനവും ആശാവഹമല്ല. ബൗളിംഗിലും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്‌. വെലിഗിഡാര, ലക്‌മാല്‍ എന്നിവരായിരിക്കും പുതിയ പന്തെടുക്കുക. നുവന്‍ കുലശേഖരയും ടീമിലുണ്ടാവും. മല്‍സരം കോട്‌ലയില്‍ രാവിലെ ഒമ്പതിനാണ്‌ ആരംഭിക്കുന്നത്‌. നിയോ ക്രിക്കറ്റിലും ദൂരദര്‍ശനിലും തല്‍സമയം.
2009 ന്‌ തകര്‍പ്പന്‍ അന്ത്യമിടാനാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നത്‌. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലെ ദുരന്തം മാറ്റി നിര്‍ത്തിയാല്‍ 09 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക്‌ നേട്ടങ്ങളുടേതായിരുന്നു. ടെസ്റ്റില്‍ ഇന്ത്യയാണിപ്പോള്‍ നമ്പര്‍ വണ്‍....


സോമക്‌ പാലിറ്റ്‌ ചാമ്പ്യന്‍
കോഴിക്കോട്‌: മേയേഴ്‌സ്‌ ട്രോഫി ദേശീയ യൂത്ത്‌ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേയുടെ പശ്ചിമ ബംഗാളുകാരനായ താരം സോമക്‌ പാലിറ്റ്‌ ജേതാവായി. ഇന്നലെ അവസാനിച്ച ചാമ്പ്യന്‍ഷിപ്പില്‍ മൊത്തം ഏഴ്‌ പോയന്റ്‌ സ്വന്തമാക്കിയാണ്‌ ബി.കോംവിദ്യാര്‍ത്ഥിയായ സോമക്‌ ജേതാവായത്‌. ഒമ്പത്‌ റൗണ്ട്‌ പോരാട്ടങ്ങളില്‍ സോമക്‌ പിറകിലാക്കിയത്‌ ഒന്നാം സീഡും രാജ്യാന്തര മാസ്റ്ററുമായ എം.ആര്‍ ലളിത്‌ ബാബു, തമിഴ്‌നാടിന്റെ പി.കാര്‍ത്തികേയന്‍ തുടങ്ങിയവരെയാണ്‌. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഘട്ടത്തില്‍ മുന്നേറിയിരുന്ന ലളിത്‌ ബാബു രണ്ടാമനായപ്പോള്‍ കാര്‍ത്തികേയന്‌ മൂന്നാം സ്ഥാനമാണ്‌ ലഭിച്ചത്‌. എസ്‌.കെ പൊറ്റക്കാട്‌ ഹാളില്‍ ഒരാഴ്‌ച്ചയായി നടന്നുവരുന്ന ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ തലത്തില്‍ ഖ്യാതി നേടിയ അറുപത്‌ താരങ്ങളാണ്‌ പങ്കെടുത്തത്‌. സമാപന ചടങ്ങില്‍ കേരളാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ ടി.പി ദാസന്‍ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ ചെസ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ പി.എം.വി പണിക്കര്‍ അദ്ധ്യക്ഷനായിരുന്നു. കോഴിക്കോട്‌ ജില്ലയില്‍ നിന്നും മികച്ച പ്രകടനം നടത്തിയ സംസ്ഥാന താരങ്ങള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും പ്രമുഖ സ്‌പോര്‍ട്‌സ്‌ നിരൂപകനും ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്ററുമായ കമാല്‍ വരദൂര്‍ നിര്‍വഹിച്ചു. ഏ. പ്രദീപ്‌ കുമാര്‍ എം.എല്‍.എ ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ ആര്‍ബിട്രര്‍ ധര്‍മേന്ദ്രകുമാര്‍, കേരളാ ചെസ്‌ അസോസിയേഷന്‍ സെക്രട്ടറി വേണുഗോപാല്‍, ജില്ലാ ചെസ്‌ അസോസിയേഷന്‍ സെക്രട്ടറി എം.പ്രേംചന്ദ്‌, കണ്‍വീനര്‍മാരായ ഡോ.രാജീവ്‌, ഡോ.പി സതീഷ്‌ തുടങ്ങിയവര്‍ സംസാരിച്ചു. പരാതികളൊന്നുമില്ലാതെയാണ്‌്‌ ദേശീയ യൂത്ത്‌ ചെസിന്‌ നേതൃത്ത്വം നല്‍കാന്‍ കഴിഞ്ഞതെന്ന്‌ സംഘാടക സമിതി വര്‍ക്കിംഗ്‌ ചെയര്‍മാനായ പി.എം.വി പണിക്കരും ജനറല്‍ കണ്‍വീനറായ എം.പ്രേംചന്ദും പറഞ്ഞു. ദേശീയ താരങ്ങള്‍ക്കെല്ലാം മികച്ച താമസ-മല്‍സര സൗകര്യങ്ങളാണ്‌ ഒരുക്കിയത്‌. ക്രിസ്‌തുമസ്‌ ദിനത്തില്‍ എല്ലാവര്‍ക്കും കേരളീയ സദ്യയും നല്‍കി. ഈ ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തോടെ കൂടുതല്‍ ദേശീയ മല്‍സരങ്ങള്‍ കോഴിക്കോട്ട്‌ നടത്താനാവുമെന്നും ഇരുവരും വിശ്വാസം പ്രകടിപ്പിച്ചു.
സോമക്‌ വീണ്ടും
കോഴിക്കോട്‌: ഒമ്പതാം വയസ്സ്‌ മുതല്‍ ചെസിനെ നെഞ്ചിലേറ്റുന്നുണ്ട്‌ കൊല്‍ക്കത്തക്കാരനായ സോമക്‌ പാലിറ്റ്‌. പക്ഷേ ഇന്ന്‌ വരെ ബംഗാള്‍ സര്‍ക്കാരിന്റെ പിന്തുണ അദ്ദേഹത്തിനും സംസ്ഥാനത്തെ മറ്റ്‌ ചെസ്‌ താരങ്ങള്‍ക്കും ലഭിച്ചിട്ടില്ല. ഒരു സ്‌പോണ്‍സറെ ലഭിക്കാന്‍ പോലും ആരും സഹായിക്കാനില്ലാത്ത അവസ്ഥയില്‍ മുന്‍ ദേശീയ സബ്‌ ജനിയര്‍ ചാമ്പ്യന്‍ കൂടിയായ സോമക്‌ നിരാശനാണ്‌. 2001ല്‍ റായ്‌പ്പൂരില്‍ നടന്ന ദേശീയ സബ്‌ ജൂനിയറില്‍ കിരീടം സ്വന്തമാക്കിയ സോമക്‌ 2002 ല്‍ മലേഷ്യയില്‍ നടന്ന ചെസ്‌ ഒളിംപ്യാഡില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു. 2001 മുതല്‍ ദേശീയ സര്‍ക്ക്യൂട്ടില്‍ സജീവമായി തുടര്‍ന്നിട്ടും ഇത്‌ വരെ മല്‍സരക്കളത്തില്‍ ഔദ്യോഗിക സഹായമൊന്നും സോമകിന്‌ ലഭിച്ചിട്ടില്ല. ഇവിടെയെത്തിയത്‌ ഒരു പരിശീലകന്റെ പോലും സഹായമില്ലാതെയാണ്‌. ആദ്യ റൗണ്ട്‌ മുതല്‍ തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറാന്‍ കഴിഞ്ഞു. ദുര്‍ഗാതി പാലിറ്റിന്റെയും മമത പാലിറ്റിന്റെയും മകനായ സോമകിന്‌ വിശ്വനാഥന്‍ ആനന്ദിനെ പോലെ ലോകം അറിയപ്പെടുന്ന ചെസ്‌ താരമായി മാറാനാണ്‌ താല്‍പ്പര്യം. പക്ഷേ എല്ലാവരുടെയും സഹായം ലഭിക്കണം. കോഴിക്കോട്‌്‌ ഒരിക്കല്‍ക്കൂടി വരാന്‍ കഴിഞ്ഞതിലെ സന്തോഷവും ചാമ്പ്യനാവാന്‍ കഴിഞ്ഞതിലെ അഭിമാനവുമായി ഇന്നലെ തന്നെ സോമക്‌ നാട്ടിലേക്ക്‌ മടങ്ങി.

ബഗാന്‍ സെമിയില്‍
ഗോഹട്ടി: രണ്ട്‌ തകര്‍പ്പന്‍ ഗോളുകള്‍ക്ക്‌ ശക്തരായ മഹീന്ദ്ര യുനൈറ്റഡ്‌ മുംബൈയെ പരാജയപ്പെടുത്തി കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളിന്റെ സെമി ഫൈനല്‍ ഉറപ്പാക്കി. ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഇതേ മാര്‍ജിനില്‍ സ്‌പോര്‍ട്ടിംഗ്‌ ഗോവയെ പരാജയപ്പെടുത്തി അവസാന നാലില്‍ സ്ഥാനം നേടിയപ്പോള്‍ പച്ചാവു ലാലം പുയയുടെ ഗോളില്‍ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗിനെ കീഴടക്കി ചിരാഗ്‌ യുനൈറ്റഡും കരുത്ത്‌ കാട്ടി. ഇന്നലെ നടന്ന അവസാന മല്‍സരത്തില്‍ എച്ച്‌.എ. എല്‍ ബാംഗ്ലൂരിനെ 4-2ന്‌ തോല്‍പ്പിക്കാനായെങ്കകിലും മുംബൈ എഫ്‌.സി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്തായി.
ഇന്ന്‌ കേരളത്തിന്റെ പ്രതീക്ഷയായ വിവ കേരള കളിക്കുന്നുണ്ട്‌. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സാല്‍ഗോക്കര്‍ ഗോവയാണ്‌ പ്രതിയോഗികള്‍. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രമാണ്‌ വിവക്ക്‌ എന്തെങ്കിലും സെമി പ്രതീക്ഷകള്‍. ആദ്യ മല്‍സരങ്ങളില്‍ ജെ.സി.ടി, ഈസ്റ്റ്‌ ബംഗാള്‍ എന്നിവരുമായി അവര്‍ ഗോള്‍രഹിത സമനിലകള്‍ വഴങ്ങിയിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ സെമി ചിത്രം ഏറെക്കുറെ വ്യക്തമായ സാഹചര്യത്തില്‍ വിവ കളിക്കുന്ന ഗ്രൂപ്പ്‌ എയില്‍ മാത്രമാണ്‌ സംശയങ്ങള്‍. മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌, എന്നിവരാണ്‌ സെമി ഉറപ്പാക്കിയിട്ടുളളത്‌. ഇന്ന്‌ തന്നെ ഗ്രൂപ്പ്‌ എ യില്‍ ഈസ്റ്റ്‌ ബംഗാള്‍ ജെ.സി.ടിയുമായി കളിക്കുന്നുണ്ട്‌. ഈ മല്‍സരത്തില്‍ ഈസ്റ്റ്‌ ബംഗാള്‍ ജയിക്കുന്നപക്ഷം വിവയുടെ സാധ്യതകള്‍ അവസാനിക്കും. ഈസ്റ്റ്‌ ബംഗാളിന്‌ ഒരു ജയവും ഒരു സമനിലയും വഴി ഇപ്പോള്‍ നാല്‌ പോയന്റുണ്ട്‌. വിവക്ക്‌ രണ്ട്‌ സമനിലകള്‍ വഴി രണ്ട്‌ പോയന്റുളളപ്പോള്‍ സാല്‍ഗോക്കറിന്‌ മൂന്ന്‌ പോയന്റുണ്ട്‌. ഇന്ന്‌ ഈസ്‌റ്റ്‌ ബംഗാള്‍ തോല്‍ക്കുകയും വിവ സാല്‍ഗോക്കറിനെ തോല്‍പ്പിക്കുകയും ചെയ്‌താല്‍ കേരളാ സംഘത്തിന്‌ മുന്നേറാം. ഇന്ന്‌ തന്നെ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ എയര്‍ ഇന്ത്യയെയും ഷില്ലോംഗ്‌ ലാജോംഗ്‌ എഫ്‌.സി പൂനെ എഫ്‌.സിയെയും നേരിടും.
30 നാണ്‌ സെമി മല്‍സരങ്ങല്‍ ആരംഭിക്കുക. ആദ്യ സെമിയില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗ്രൂപ്പ്‌ ഡി ജേതാക്കളുമായി കളിക്കുമ്പോള്‍ 31 ന്‌ ഗ്രൂപ്പ്‌ എ ജേതാക്കളും ബി ജേതാക്കളും മല്‍സരിക്കും.

സച്ചിനില്ല
മുംബൈ: ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്‌ട്ര കപ്പിനുളള ഇന്ത്യന്‍ സംഘത്തില്‍ സൂപ്പര്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കില്ല. ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ സച്ചിന്‍ സ്വയം വിശ്രമം തേടുകയായിരുന്നു. പക്ഷേ ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ട്‌ മല്‍സര ടെസ്‌റ്റ്‌ പരമ്പരയില്‍ സച്ചിന്‍ കളിക്കും. സച്ചിന്‌ പകരം രോഹിത്‌ ശര്‍മ്മയാണ്‌ ഏകദിന സംഘത്തില്‍ ഇടം നേടിയത്‌. യുവരാജ്‌ സിംഗ്‌, എസ്‌.ശ്രീശാന്ത്‌, അശോക്‌ ഡിന്‍ഡ, അമിത്‌ മിശ്ര എന്നിവര്‍ക്ക്‌ സ്ഥാനം നല്‍കിയപ്പോള്‍ ഇഷാന്ത്‌ ശര്‍മ്മ, പ്രവീണ്‍ കുമാര്‍, പ്രഗ്യാന്‍ ഒജ എന്നിവര്‍ പുറത്തായി. ടീം ഇതാണ്‌: എം.എസ്‌ ധോണി (ക്യാപ്‌റ്റന്‍), വിരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, വിരാത്‌ കോഹ്‌ലി, സുരേഷ്‌ റൈന, രോഹിത്‌ ശര്‍മ്മ, രവീന്ദു ജഡേജ, ഹര്‍ഭജന്‍സിംഗ്‌, സഹീര്‍ഖാന്‍, ആശിഷ്‌ നെഹ്‌റ, യുവരാജ്‌ സിംഗ്‌, സുദീപ്‌ ത്യാഗി, ദിനേശ്‌ കാര്‍ത്തിക്‌, ശ്രീശാന്ത്‌, അശോക്‌ ഡിന്‍ഡ, അമിത്‌ മിശ്ര.

ഓസീസ്‌ മുന്നോട്ട്‌
മെല്‍ബണ്‍: ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയക്ക്‌ മികച്ച തുടക്കം. ആദ്യ ദിവസം എം.സി.ജിയില്‍ അവര്‍ മൂന്ന്‌ വിക്കറ്റിന്‌ 305 റണ്‍സ്‌ സ്വന്തമാക്കി. 93 റണ്‍സ്‌ നേടിയ ഓപ്പണര്‍ ഷെയിന്‍ വാട്ട്‌സണ്‍, 98 റണ്‍സ്‌ സ്വന്തമാക്കിയ സൈമണ്‍ കാറ്റിച്ച്‌ എന്നിവരാണ്‌ മികച്ച പ്രകടനം നടത്തിയത്‌. പോണ്ടിംഗ്‌ 57 റണ്‍സ്‌ നേടിയപ്പോള്‍ മൈക്‌ ഹസി (38), ഹൗറിറ്റ്‌സ്‌ (5) എന്നിവരാണ്‌ ക്രീസില്‍. മുഹമ്മദ്‌ ആസിഫാണ്‌ പാക്‌ നിരയിലെ മികച്ച ബൗളര്‍. 69 റണ്‍സിന്‌ ആസിഫ്‌ രണ്ട്‌ വിക്കറ്റ്‌ നേടി.

സ്‌മിത്ത്‌ മിന്നി
ഡര്‍ബന്‍: സെഞ്ചൂറിയന്‍ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ നായകന്‍ ഗ്രയീം സ്‌മിത്ത്‌ ഫോമിലേക്ക്‌ വന്നപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്‌ക്കോറിലേക്ക്‌. ആദ്യ ദിവസം വെളിച്ചക്കുറവ്‌ കാരണം കളി മുടങ്ങുമ്പോള്‍ ആതിഥേയര്‍ അഞ്ച്‌ വിക്കറ്റിന്‌ 175 റണ്‍സ്‌ നേടിയിട്ടുണ്ട്‌. സ്‌മിത്ത്‌ 75 റണ്‍സ്‌ നേടിയപ്പോള്‍ കാലിസും ഇതേ സ്‌ക്കോര്‍ സ്വന്തമാക്കി.
ചെല്‍സി വീണ്ടും തളര്‍ന്നു
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ചെല്‍സിക്ക്‌ തളര്‍ച്ച. കഴിഞ്ഞ മല്‍സരത്തില്‍ വെസ്‌റ്റ്‌ ഹാമിന്‌ മുന്നില്‍ ഭാഗ്യത്തിന്‌ രക്ഷപ്പെട്ട നീലപ്പടയെ ഇന്നലെ സ്വന്തം മൈതാനത്ത്‌ ബിര്‍മിംഗ്‌ഹാം ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ബേര്‍ണ്‍ലി-ബോള്‍ട്ടണ്‍ മല്‍സരം 1-1 ല്‍ അവസാനിച്ചപ്പോള്‍ വെസ്‌റ്റ്‌ ഹാം രണ്ട്‌ ഗോളിന്‌ പോര്‍ട്‌സ്‌മൗത്തിനെ തോല്‍പ്പിച്ചു. പുതിയ പരിശീലകന്‍ മാന്‍സിനിക്ക്‌ കീഴില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റോക്ക്‌ സിറ്റിയെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി.

No comments: