Monday, December 28, 2009

OUR FOOTBALL IS HOPEFUL

ഫുട്‌ബോള്‍ 09
എന്ത്‌ പറ്റി കേരളാ ഫുട്‌ബോളിന്‌ എന്ന ചോദ്യം പഴഞ്ചനാണ്‌... നമ്മുടെ ഫുട്‌ബോളിന്‌ ഇനി ഒന്നും സംഭവിക്കാനില്ല-അപകടമേഖലയിലെ നൂല്‍പ്പാലത്തിലുടെയാണ്‌ ഇപ്പോള്‍ സഞ്ചാരം. പക്ഷേ ഫുട്‌ബോള്‍ തല്‍പ്പരതക്ക്‌ മുമ്പത്തെക്കാള്‍ ഉണര്‍വ്‌ ലഭിക്കുമ്പോള്‍, കോച്ചിംഗ്‌ ക്യാമ്പുകളിലേക്കും അവധിക്കാല ക്യാമ്പുകളിലേക്കും കുട്ടികള്‍ പ്രവഹിക്കുമ്പോള്‍ പ്രതീക്ഷകള്‍ വീണ്ടും തളിര്‍ക്കുകയാണ്‌... 2009 എന്ന വര്‍ഷം ഫുട്‌ബോളില്‍ നേട്ടങ്ങളില്‍ നമുക്ക്‌ വട്ടപൂജ്യമാണെങ്കിലും കൗമാരാകര്‍ഷണത്തില്‍ പ്രതീക്ഷകളുടെ പൂക്കാലമാണ്‌. ചാനലുകളില്‍ ലയണല്‍ മെസിയെ പോലുളളവരെ വീക്ഷിക്കുന്ന കുരുന്നുകള്‍ ഇ.എസ്‌.പി.എന്നിലും സ്‌റ്റാര്‍ സ്‌പോര്‍ട്‌സിലും സീസ്‌പോര്‍ട്‌സിലുമെല്ലാമായി യൂറോപ്യന്‍ ഫുട്‌ബോളിന്റെ മാസ്‌മരകിത തല്‍സമയം ആസ്വദിക്കുമ്പോള്‍ നമ്മുടെ സോക്കര്‍ ഭാവി ആശാവഹമല്ലേ-കമാല്‍ വരദൂര്‍ നടത്തുന്ന ഒരന്വേഷണം. രണ്ട്‌ ദിവസങ്ങളിലായി സ്‌പോര്‍ട്‌സ്‌ ചന്ദ്രികയില്‍ വായിക്കുക.

കേരളത്തില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 2009 ലെ മൂന്ന്‌ സ്‌ക്കൂള്‍ അവധികാലങ്ങളിലായി 73 ഫുട്‌ബോള്‍ കോച്ചിംഗ്‌ ക്യാമ്പുകളാണ്‌ അരങ്ങേറിയത്‌. മലബാറിലെ ജില്ലകളില്‍ മാത്രം അമ്പതോളം ക്യാമ്പുകള്‍. ഈ ക്യാമ്പുകളിലേക്ക്‌ വന്നത്‌ മൂവായിരത്തോളം കുട്ടികള്‍. കാല്‍പ്പന്തിന്റെ വിസ്‌മയ ലോകത്തേക്ക്‌ സ്വയം ആകൃഷ്‌ടരായും രക്ഷിതാക്കളുടെ പ്രേരണയാലും വന്ന കുരുന്നു പ്രതിഭകള്‍ക്ക്‌ വിത്തും വളവും നല്‍കാന്‍ വിഖ്യാതരായ മുന്‍കാല ഫുട്‌ബോളര്‍മാരും രംഗത്തെത്തി. ഗോള്‍ക്കീപ്പിംഗ്‌ ക്യാമ്പും മാനസികാരോഗ്യ ക്യാമ്പും ഫിസിക്കല്‍ ഫിറ്റ്‌നസ്‌ ക്യാമ്പുമെല്ലാമായി കുട്ടികളെ ശരിക്കും ആകര്‍ഷിക്കുന്ന ഹ്രസ്വ കളരികളില്‍ വന്ന കുട്ടികള്‍ക്ക്‌ ലോകത്തിന്റെ സോക്കര്‍ ഗതിവിഗതികള്‍ നന്നായി അറിയാം. ഔദ്യോഗിക തലത്തില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ക്യാമ്പുകള്‍ സജീവമായപ്പോള്‍ ഇന്റര്‍ സ്‌ക്കൂള്‍തല ചാമ്പ്യന്‍ഷിപ്പുകള്‍ പല വേദികളിലായി ആകര്‍ഷകമായി നടന്നു. മലപ്പുറത്തെ എം.എസ്‌.പി സ്‌ക്കൂളും മുര്‍ക്കനാട്‌ സ്‌ക്കൂളും കോഴിക്കോടെ മലബാര്‍ കൃസ്‌ത്യന്‍ കോളജ്‌ സ്‌ക്കൂള്‍ ടീമുമെല്ലാം കളി മികവില്‍ എല്ലാവരെയും ആകര്‍ഷിച്ചു. കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ്‌ എഡ്യൂക്കേഷന്‍ പ്രൊമോഷ്‌ന്‍ ട്രസ്‌റ്റിന്റെ കുട്ടികള്‍ ഒന്നിലധികം തവണ വിദേശ പര്യടനങ്ങള്‍ നടത്തി. യൂറോപ്യന്‍ ടീമുകളെ പരാജയപ്പെടുത്താന്‍ പോലും ഈ കുട്ടികള്‍ക്കായി. ഇപ്പോള്‍ ഫുട്‌ബോള്‍ ക്യാമ്പുകള്‍ എന്ന്‌ പറഞ്ഞാല്‍ സംഘാടകര്‍ക്ക്‌ വലിയ താല്‍പ്പര്യമാണ്‌. ക്യാമ്പുകളിലേക്ക്‌ വരുന്ന അപേക്ഷകള്‍ വര്‍ദ്ധിക്കുമ്പോള്‍ സെലക്ഷന്‍ പ്രക്രിയ എളുപ്പമല്ല. ഈ സെലക്ഷന്‍ വിഷമത്തില്‍ നിന്നും നല്ല കുട്ടികളെ ലഭിക്കുമ്പോള്‍ പഴയ കാല വിഖ്യാതര്‍ ഒരു കാര്യം സമ്മതിക്കുന്നു-നമ്മുടെ ഫുട്‌ബോള്‍ ഭാവിക്ക്‌ മരണമില്ല. പക്ഷേ തേച്ചുമിനുക്കാനും സംരക്ഷിക്കാനും ഔദ്യോഗിക സഹായം വേണം.
ഇനി അല്‍പ്പം ഫ്‌ളാഷ്‌ബാക്ക്‌: വി.പി സത്യനും ഐ.എം വിജയനും യു.ഷറഫലിയും സി.വി പാപ്പച്ചനും, കെ.ടി ചാക്കോയും കുരികേശ്‌ മാത്യൂവും ജോപോള്‍ അഞ്ചേരിയുമെല്ലാം ഒരു കാലത്ത്‌ നമ്മുടെ ഫുട്‌ബോളിലെ ചിരപ്രതിഷ്‌ഠാ നാമങ്ങളായിരുന്നു. കേരളാ പോലീസും എഫ്‌.സി കൊച്ചിനുമെല്ലാം കേരളത്തിന്റെ പ്രിയപ്പെട്ട ടീമുകളും. സേട്ട്‌ നാഗ്‌ജി അമര്‍സിയും ചാക്കോളയും ശ്രീനാരായണയും മാമ്മന്‍മാപ്പിളയും ജി.വി രാജ ട്രോഫികളുമെല്ലാം കേരളം കാത്തിരുന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളായിരുന്നു. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും കണ്ണൂരിലെ നെഹ്‌റു സ്‌റ്റേഡിയത്തിലും തൃശൂരിലെ മുന്‍സിപ്പല്‍ മൈതാനത്തും കൊച്ചിയിലെ മഹാരാജാസ്‌ മൈതാനത്തും തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലുമെല്ലാം കാല്‍പ്പന്തിന്റെ ആരവങ്ങള്‍ക്കൊപ്പം ഉയര്‍ന്ന ആഹ്ലാദത്തില്‍ ഫുട്‌ബോള്‍ നന്മയുടെ ജീവനുണ്ടായിരുന്നു. ആ സുവര്‍ണ്ണ കാലത്തിന്‌ ശേഷം ഫുട്‌ബോളില്‍ കേരളം വളരെ വേഗം വട്ടപൂജ്യമായി. ഇന്ന്‌ ദേശീയ തലത്തില്‍ നമ്മുടെ മേജര്‍ ചാമ്പ്യന്‍ഷിപ്പായ ഐ ലീഗില്‍ കേരളത്തിന്‌ ഒരു പ്രതിനിധി മാത്രം, ദേശീയ ടീമില്‍ മലയാളികളുടെ സാന്നിദ്ധ്യം തന്നെ കുറയുന്നു. ഈയിടെ ധാക്കയില്‍ നടന്ന സാഫ്‌ കപ്പില്‍ കളിച്ച ഇന്ത്യന്‍ സംഘത്തില്‍ ഒരു മലയാളി പോലുമുണ്ടായിരുന്നില്ല. ദേശീയ സീനിയര്‍ സംഘത്തില്‍ അവസാന ഇലവനിലെ സ്ഥിരം സാന്നിദ്ദ്യം ഒരാള്‍ മാത്രം-എന്‍.പി പ്രദീപ്‌. ഇങ്ങനെ അത്യുന്നതങ്ങളില്‍ നിന്ന്‌ ഒറ്റയടിക്ക്‌ നമ്മുടെ ഫുട്‌ബോള്‍ അഗാധങ്ങളിലേക്ക്‌ അധ:പതിച്ചതിന്റെ കാരണങ്ങള്‍ പലവുരു ചര്‍ച്ച ചെയ്‌പ്പെട്ടതാണ്‌. പക്ഷേ അധികൃതര്‍ കണ്ണ്‌ തുറന്നില്ല. പരാതികള്‍ ഫുട്‌ബോള്‍ പ്രേമികളുടെ വനരോദനങ്ങളായി മാറി. ഫെഡറേഷന്‍ കപ്പിലും സന്തോഷ്‌ ട്രോഫിയിലും ഡ്യൂറാന്‍ഡ്‌ കപ്പിലുമെല്ലാം കേരളാ ടീമുകള്‍ തോല്‍ക്കാന്‍ മാത്രമുള്ള അതിഥികളായി. ദേശീയ ലീഗ്‌ ഫുട്‌ബോള്‍ 1996-97 വര്‍ഷത്തില്‍ ആരംഭിച്ചപ്പോള്‍ കേരളത്തിന്റെ പ്രതിനിധികള്‍ കേരളാ പോലീസായിരുന്നു. പക്ഷേ യോഗ്യതാ മല്‍സരങ്ങളില്‍ അവര്‍ അവസാന സ്ഥാനത്തായി. കുറച്ചുകാലത്തിനകം പോലീസ്‌ ടീം എന്നൊന്നില്ലാതെയായി. ഫെഡറേഷന്‍ കപ്പ്‌ ഉള്‍പ്പെടെ കേരളത്തിന്‌ വലിയ നേട്ടങ്ങള്‍ സമ്മാനിച്ച ടീമായിരുന്നു അതെന്ന്‌ ഓര്‍ക്കണം. 1997 ല്‍ രാജ്യത്തെ ആദ്യ പ്രൊഫഷണല്‍ ക്ലബായി എഫ്‌.സി കൊച്ചിന്‍ വന്നപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ മനസ്സാ ആ ടീമിനെ സ്വാഗതം ചെയ്‌തു. ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ യു.ബി ഗ്രൂപ്പും കിറ്റ്‌ സ്‌പോണ്‍സറായി റീബോക്കും വന്നപ്പോള്‍ അത്‌ ചരിത്ര സംഭവമായിരുന്നു. ആദ്യ വര്‍ഷത്തില്‍ തന്നെ ടീമിന്‌ ഡ്യൂറാന്‍ഡ്‌ കപ്പ്‌. ഔദ്യോഗിക കാരണങ്ങളാല്‍ ഫെഡറേഷന്‍ കപ്പില്‍ കളിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടിട്ടും ദേശീയ ലീഗില്‍ അവര്‍ നാലാമത്‌ വന്നു. പക്ഷേ പ്രൊഫഷണല്‍ ക്ലബായിട്ടും താരങ്ങളോട്‌ പ്രൊഫഷണലായി നില്‍ക്കാന്‍ മാനേജ്‌മെന്റിന്‌ കഴിയാതെ വന്നതോടെ സൂപ്പര്‍ താരങ്ങള്‍ കൂടുവിട്ടു. അതോടെ എഫ്‌.സി അതിവേഗം വിസ്‌മൃതിയിലേക്ക്‌ പോയി. പിന്നെ എസ്‌.ബി.ടിയുടെ ഊഴമായിരുന്നു. കേരളത്തിന്റെ മാത്രം കുട്ടികളുടെ ടീം. ആസിഫ്‌ സഹീറും ഇഗ്‌നേഷ്യസും അബ്‌ദുള്‍ ഹക്കീമും അബ്ദുള്‍ നൗഷാദും പിന്നെ സ്വന്തം കോച്ച്‌ മുഹമ്മദ്‌ നജീബും. വളരെ പെട്ടെന്ന്‌ ഉയരങ്ങളിലെത്തിയ ഈ ടീമിന്‌ വിനയായത്‌ സ്വന്തം ക്യാമ്പിലെ കുഴപ്പം തന്നെ. പരിശീലകനെതിരെ പലരും ചേര്‍ന്ന്‌ പാര പണിതു-മാനജ്‌മെന്റ്‌്‌ അത്‌ വിശ്വസിച്ചു. ടീമിന്‌ വേണ്ടി സ്വയം സമര്‍പ്പിച്ച പരിശീലകന്‍ പുറത്തായപ്പോള്‍ ടീമിന്റെ അധ:പതനവും തുടങ്ങി. ഇപ്പോഴിതാ വിവ. അവരും തപ്പിതടയുകയാണ്‌. കേരളത്തിലെ വാഴ്‌സിറ്റി ടീമുകളും ഒരു കാലത്ത്‌ അഖിലേന്ത്യാ തലത്തില്‍ ഒന്നാമന്മാരായിരുന്നു. അശുതോഷ്‌ മുഖര്‍ജി ഷീല്‍ഡ്‌ കേരളത്തിന്‌ മാത്രമുള്ളതായിരുന്നു. പക്ഷേ ഇന്നത്തെ തലമുറക്കറിയില്ല അശുതോഷ്‌ മുഖര്‍ജിയെയും ആ ഷീല്‍ഡിനെയും. സന്തോഷ്‌ ട്രോഫിയില്‍ ക്ലസ്റ്റര്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ വിധിക്കപ്പെട്ട നമ്മുടെ ടീമില്‍ ഇപ്പോള്‍ പോപ്പുലര്‍ താരങ്ങളില്ല. ഒരു കാലത്ത്‌ ഫുട്‌ബോള്‍ താരങ്ങളെ നെഞ്ചിലേറ്റിയ മലയാളികള്‍ ഇന്ന്‌ ടിനു യോഹന്നാനെയും എസ്‌.ശ്രീശാന്തിനെയുമെല്ലാമാണ്‌ ചര്‍ച്ച ചെയ്‌തത്‌... (ബാക്കി നാളെ)

ടിന്റുവിന്‌ റെക്കോര്‍ഡ്‌, കാലിക്കറ്റ്‌ മുന്നില്‍
ചെന്നൈ: എഴുപതാമത്‌്‌ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റിന്റെ ആദ്യ ദിവസം പി.ടി.ഉഷയുടെ ശിഷ്യ ടിന്റു ലൂക്കയും കാലിക്കറ്റ്‌ വാഴ്‌സിറ്റിയും സ്വന്തമാക്കി. മൂന്ന്‌ സ്വര്‍ണ്ണവും രണ്ട്‌ വെള്ളിയും ഒരു വെങ്കലവുമായി കാലിക്കറ്റ്‌ മുന്നേറ്റം ആരംഭിച്ചപ്പോള്‍ പോയ വര്‍ഷത്തില്‍ മികവു കാട്ടിയ കണ്ണൂര്‍ വാഴ്‌സിറ്റിയും മഹാത്മാഗാന്ധി സര്‍വകലാശാലയും പിറകിലാണ്‌. വനിതകളുടെ 800 മീറ്ററില്‍ സ്വന്തം റെക്കോര്‍ഡ്‌ തിരുത്തി പുതിയ സമയം കുറിച്ച ടിന്റു ലൂക്ക കരുത്ത്‌ ആവര്‍ത്തിച്ച്‌ തെളിയിച്ചതായിരുന്നു നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ കണ്ടത്‌. ഉഷയുടെ ശിഷ്യയായ ടിന്റു ഓരോ മല്‍സരം കഴിയും തോറും മെച്ചപ്പെട്ട പ്രകടനം നടത്തുമ്പോള്‍ വളരെ ഏകപക്ഷീയമായാണ്‌ 800 മീറ്റര്‍ അവസാനിച്ചത്‌. രണ്ട്‌ മിനുട്ടും 1.92 സെക്കന്‍ഡിലും ടിന്റു ഫിനിഷ്‌ ചെയ്‌തപ്പോള്‍ കാലിക്കറ്റിന്റെ തന്നെ അംബികാ ശ്രീധര്‍ വെള്ളി നേടി. പുരുഷന്മാരുടെ 400 മീറ്ററില്‍ കാലിക്കറ്റിന്റെ ബെന്‍സണ്‍ ഒന്നാമത്‌ വന്നപ്പോള്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വികാസ്‌ ചന്ദ്രന്‍ ടീമിന്‌ മൂന്നാമത്തെ സ്വര്‍ണ്ണം സമ്മാനിച്ചു. കലാശാല മീറ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഞായറാഴ്‌ച്ച നടന്നിരുന്നു. ടീമുകളുടെ മാര്‍ച്ച്‌ പാസ്റ്റിന്‌ ശേഷം തമിഴ്‌നാട്‌ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ സെക്രട്ടറി കെ.ഗണേശനാണ്‌ മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

ഓസീസ്‌ മുന്നോട്ട്‌
മെല്‍ബണ്‍:പാക്കിസ്‌താനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിലും ഓസ്‌ട്രേലിയന്‍ ആധിപത്യം. ഒന്നാം ഇന്നിംഗ്‌സില്‍ വലിയ ലീഡ്‌ സ്വന്തമാക്കിയ ആതിഥേയര്‍ രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ്‌ മികവ്‌ ആവര്‍ത്തിച്ചപ്പോള്‍ കാര്യങ്ങള്‍ പാക്കിസ്‌താന്‌ പ്രതികൂലമാവുകയാണ്‌. എം.സി.ജിയില്‍ മൂന്നാം ദിവസം സ്റ്റംമ്പെടുക്കുമ്പോള്‍ 307 റണ്‍സിന്റെ വലിയ ലീഡാണ്‌ റിക്കി പോണ്ടിംഗിന്റെ സംഘത്തിനുള്ളത്‌. മൂന്ന്‌ വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ 111 റണ്‍സാണ്‌ രണ്ടാം ഇന്നിംഗ്‌സില്‍ അവര്‍ നേടിയിരിക്കുന്നത്‌. മല്‍സരം രണ്ട്‌ ദിവസം കൂടി ശേഷിക്കവെ പരാജയം ഒഴിവാക്കാന്‍ പാക്കിസ്‌താന്‌ പൊരുതേണ്ടി വരും. ആദ്യ ഇന്നിംഗ്‌സില്‍ 5 വിക്കറ്റിന്‌ 454 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌ത ഓസ്‌ട്രേലിയ പാക്കിസ്‌താനെ 258 ല്‍ പുറത്താക്കിയിരുന്നു. തുടര്‍ന്ന്‌ രണ്ടാം ഇന്നിംഗ്‌സ്‌ തുടങ്ങിയപ്പോള്‍ മുഹമ്മദ്‌ ആമീറിന്റെ തകര്‍പ്പന്‍ സ്‌പെല്ലിലും (2 ന്‌ 43) ഷെയിന്‍ വാട്ട്‌സന്റെ മികവില്‍ ഓസീസ്‌ പിടിച്ചുപൊരുതി. നേരത്തെ ലെഫ്‌റ്റ്‌ ആം സീമര്‍ ഡഫ്‌ ബൊളീഗ്നറും മിച്ചല്‍ ജോണ്‍സണും മൂന്ന്‌ വിക്കറ്റ്‌ വീതം സ്വന്തമാക്കിയപ്പോള്‍ പാക്‌ ബാറ്റിംഗ്‌ നിരയില്‍ ഉമര്‍ അക്‌മല്‍ (51), മിസ്‌ബാഹുല്‍ ഹഖ്‌ (65 നോട്ടൗട്ട്‌) എന്നിവര്‍ക്ക്‌ മാത്രമാണ്‌ അല്‍പ്പം റണ്‍സ്‌ സ്വന്തമാക്കാന്‍ കഴിഞ്ഞത്‌. പാക്കിസ്‌താന്റെ പുതിയ താരമായ ഉമര്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ എം.സി.ജിയില്‍ നടത്തിയത്‌. പീറ്റര്‍ സിഡിലിനെതിരെ തുടര്‍ച്ചയായ ബൗണ്ടറികള്‍ സ്വന്തമാക്കിയ ഉമറിന്‌ മികച്ച പിന്തുണയാണ്‌ മിസ്‌ബ നല്‍കിയത്‌.

കോട്‌ലയില്‍ ടെസ്‌റ്റില്ല
ന്യൂഡല്‍ഹി: മരണ പിച്ചില്‍ തല്‍ക്കാലം ഇനി കളിയില്ല. ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ലയില്‍ ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ വേദി മാറ്റും. 2011 ലെ ലോകകപ്പ്‌ മല്‍സരങ്ങള്‍ കോട്‌ലയില്‍ നടത്തുന്ന കാര്യത്തിലും കോട്‌ലക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തുന്ന കാര്യത്തിലും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ അന്തിമ തീരുമാനം അടുത്ത മാസമുണ്ടാവുമെന്ന്‌ ഐ.സി.സി ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഹാറൂണ്‍ ലോര്‍ഗാറ്റ്‌്‌ വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്‌ ഇത്‌ വരെ ഐ.സി.സിക്ക്‌ ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട്‌ ലഭിച്ചതിന്‌ ശേഷമായിരിക്കും അന്തിമ തീരുമാനം. ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള ഏകദിന പരമ്പരയിലെ അവസാന മല്‍സരം നടന്ന കോട്‌ലയിലെ പിച്ചിനെക്കുറിച്ച്‌ മോശം റിപ്പോര്‍ട്ടാണ്‌ മാച്ച്‌ റഫറി നല്‍കിയിരിക്കുന്നത്‌. മാച്ച്‌ റഫറിയുടെ റിപ്പോര്‍ട്ട്‌ ബി.സി.സി.ഐ അംഗീകരിച്ച സാഹചര്യത്തില്‍ ഇതേ റിപ്പോര്‍ട്ട്‌ തന്നെയാണ്‌ ഐ.സി.സിക്ക്‌ ലഭിക്കുക. കോട്‌ലയില്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ വ്യക്തമായി പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ പ്രാദേശിക സംഘാടകരായ ഡല്‍ഹി ക്രിക്കറ്റ്‌ അസോസിയേഷന്‍. ഇത്തരം ഒരു സംഭവം ഇതിന്‌ മുമ്പ്‌ ഉണ്ടായിട്ടില്ലെന്നാണ്‌ അസോസിയേഷന്‍ തലവനായ അരുണ്‍ ജെയ്‌റ്റിലി പറയുന്നത്‌. ഞായറാഴ്‌ച്ച നടന്ന മല്‍സരം കാണാനെത്തിയ കാണികള്‍ ടിക്കറ്റ്‌ പണം തിരികെ ലഭിക്കാനായി ഇന്നലെ സംഘമായി വന്നപ്പോള്‍ ക്രിക്കറ്റ്‌ ചര്‍ച്ചകളില്‍ കോട്‌ല മാത്രമാണ്‌ നിറഞ്ഞ്‌ നിന്നത്‌.
ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സ്വന്തം മുഖം രക്ഷിക്കാനായി ഡല്‍ഹി പിച്ചസ്‌ ആന്‍ഡ്‌ ഗ്രൗണ്ട്‌ കമ്മിറ്റിയെ പിരിച്ചുവിട്ടെങ്കിലും രാജ്യാന്തര മല്‍സരത്തിന്‌ അനുയോജ്യമായ പിച്ച്‌ നിര്‍മ്മിക്കാന്‍ കഴിയാത്തതിലും പിച്ചിന്റെ നിലവാരം ഉറപ്പ്‌ വരുത്താന്‍ കഴിയാത്തതും ഗുരുതരമായ പിശകാണെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ശ്രീലങ്കയുടെ പല താരങ്ങളും ഭാഗ്യത്തിനാണ്‌ രക്ഷപ്പെട്ടത്‌. മൂളി പറന്ന പന്തിന്റെ ഗതി തിരിച്ചറിയാന്‍ കഴിയാതെ പലരും പരുങ്ങിയിരുന്നു. തിലകരത്‌നെ ദില്‍ഷാന്‌ പരുക്കും പറ്റി. ലങ്കന്‍ ഇന്നിംഗ്‌സ്‌ പകുതി പിന്നിട്ടപ്പോഴാണ്‌ ബാറ്റിംഗ്‌ തുടരാന്‍ താല്‍പ്പര്യമില്ലെന്ന്‌ ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാര അറിയിച്ചത്‌. കോട്‌ല ദുരന്തം ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടാക്കിയ ചീത്തപ്പേര്‌ ചെറുതല്ലെന്നാണ്‌ സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നത്‌. 15 മാസത്തിന്‌ ശേഷം ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കേണ്ട രാജ്യമാണ്‌ ഇന്ത്യ. കോട്‌ലയില്‍ നാല്‌ മല്‍സരങ്ങളാണ്‌ പ്ലാന്‍ ചെയ്‌തിരുന്നത്‌. അടുത്ത മാസം വരുന്ന ഐ.സി.സി തീരുമാനം പോലെയാണ്‌ ഇവിടെ ലോകകപ്പ്‌ മല്‍സരങ്ങള്‍ നടക്കുന്നത്‌ പോലും. ഐ.സി.സി വിലക്ക്‌ രണ്ട്‌ വര്‍ഷമായാല്‍ കോട്‌ലയില്‍ ലോകകപ്പ്‌ മല്‍സരങ്ങള്‍ നടക്കില്ല.

ഹോക്കിയില്‍ വീണ്ടും കൊല്ലം
മാനന്തവാടി: സംസ്ഥാന ഹോക്കിയില്‍ വീണ്ടും കൊല്ലത്തിന്റെ കിരീടധാരണം. ഇന്നലെ നടന്ന ഫൈനലില്‍ മറുപടിയില്ലാത്ത ആറ്‌ ഗോളുകള്‍ക്ക്‌ കൊല്ലം പാലക്കാടിനെ പരാജയപ്പെടുത്തി. ആതിഥേയരായ വയനാട്‌ തിരുവനന്തപുരത്തെ തോല്‍പ്പിച്ച്‌ മൂന്നാം സ്ഥാനം സ്വന്തമാക്കി. സമാപനചടങ്ങില്‍ മാനന്തവാടി ഡി.വൈ.എസ്‌.പി മുഹമ്മദ്‌ ഷാഫി മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്കുളള ട്രോഫികള്‍ അദ്ദേഹം വിതരണം ചെയ്‌തു. സംസ്ഥാന ഹോക്കി അസോസിയേഷന്‍ പ്രസിഡണ്ട്‌ ഷംസുദ്ദിന്‍ തായിക്കര അദ്ദ്യക്ഷനായിരുന്നു.

ഇംഗ്ലണ്ട്‌ കുതിക്കുന്നു
ഡര്‍ബന്‍: ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട്‌്‌ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡിലേക്ക്‌. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോറായ 343 റണ്‍സിനെതിരെ അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ സന്ദര്‍ശകര്‍ നാല്‌ വിക്കറ്റിന്‌ 316 റണ്‍സ്‌ നേടിയിട്ടുണ്ട്‌. മോണ്ടി മോര്‍ക്കല്‍ മൂന്ന്‌ വിക്കറ്റ്‌ നേടിയിട്ടും ഇംഗ്ലീഷ്‌ ബാറ്റിംഗ്‌ നിര തകര്‍പ്പന്‍ ഫോമിലാണ്‌. കുക്ക്‌ 263 പന്തില്‍ നിന്ന്‌ 11 ബൗണ്ടറികളുമായി 118 റണ്‍സ്‌ നേടിയപ്പോള്‍ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ 54 റണ്‍സ്‌ നേടി. 31 റണ്‍സ്‌ നേടിയ കെവിന്‍ പീറ്റേഴ്‌സന്റെ വിക്കറ്റാണ്‌ അവസാനം ഇംഗ്ലണ്ടിന്‌ നഷ്ടമായത്‌. 73 റണ്‍സുമായി മുന്‍ നായകന്‍ പോള്‍ കോളിംഗ്‌വുഡും 14 റണ്‍സുമായി ഇയാന്‍ ബെലുമാണ്‌ ക്രീസില്‍.

തുണയാണ്‌ ഡാഡി
ലണ്ടന്‍: ഇംഗ്ലീഷ്‌ സീമര്‍ സ്‌റ്റിയൂവര്‍ട്ട്‌ ബ്രോഡ്‌ പലവട്ടം നിയമം ലംഘിച്ചിട്ടും അദ്ദേഹത്തിനെതിരെ മാച്ച്‌ റഫറിമാര്‍ നടപടി സ്വീകരിക്കാത്തത്‌ വിവാദമാവുന്നു. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും ബ്രോഡിന്റെ സമീപനം മോശമായിട്ടും അദ്ദേഹം രക്ഷപ്പെടുന്നത്‌ പിതാവായ മാച്ച്‌ റഫറി ക്രിസ്‌ ബ്രോഡിന്റെ ആനുകൂല്യത്തിലാണെന്നാണ്‌ സുനില്‍ ഗവാസ്‌ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്‌. തന്റെ പ്രതിവാര കോളത്തില്‍ സ്‌റ്റിയൂവര്‍ട്ട്‌ ബ്രോഡിനെതിരെ ശക്തമായി രംഗത്ത്‌ വന്നിട്ടുണ്ട്‌ ഗവാസ്‌ക്കര്‍. കളിക്കര്‍ ആരായാലും മൈതാനത്ത്‌ മോശമായി പെരുമാറിയാല്‍ അവര്‍ക്കെതിരെ കര്‍ശനമായി നീങ്ങണം. എന്നാല്‍ സ്‌റ്റിയൂവര്‍ട്ടിന്റെ കാര്യത്തില്‍ അദ്ദേഹം പലവട്ടം രക്ഷപ്പെട്ടിട്ടുണ്ടെന്ന്‌ ഗവാസ്‌ക്കര്‍ പറഞ്ഞു. ഇംഗ്ലണ്ടിന്റെ മുന്‍ നായകരായ മൈക്കല്‍ ആതര്‍ട്ടണും നാസര്‍ ഹുസൈനും ഈ കാര്യം ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായിരുന്നില്ല.

യൂനസ്‌ തിരിച്ചുവരുന്നു
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീം യൂനസ്‌ഖാന്റെ സാന്നിദ്ദ്യം തിരിച്ചറിഞ്ഞ്‌ അദ്ദേഹത്തെ തിരികെ വിളിക്കുന്നു. ഇപ്പോള്‍ മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്‌റ്റില്‍ ടീമിന്റെ ബാറ്റിംഗ്‌ മോശമായതോടെ അടിയന്തിരമായി യൂനസിനെ ഓസ്‌ട്രേലിയയിലെത്തിക്കാന്‍ നായകന്‍ മുഹമ്മദ്‌ യൂസഫ്‌ ഉള്‍പ്പെട്ട ടീം മാനേജ്‌മെന്റ്‌ സെലക്ടര്‍മാരോട്‌ അഭ്യര്‍ത്ഥിച്ചിരിക്കയാണ്‌. ഉമര്‍ അക്‌മല്‍ മാത്രമാണ്‌ ന്യൂസിലാന്‍ഡ്‌ പര്യടനത്തിലും ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും പിടിച്ചുനില്‍ക്കുന്നത്‌. മറ്റാര്‍ക്കും പൊരുതാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ ടീമിലെ മികച്ച ബാറ്റ്‌സ്‌മാനായ യൂനസിനെ എത്രയും വേഗം ഓസീസിലെത്തിക്കാനാണ്‌ യൂസഫ്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌. ജനുവരി മൂന്നിന്‌ സിഡ്‌നിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്‌റ്റില്‍ യൂനസിന്റെ സേവനം ഉറപ്പാക്കണമെന്നാണ്‌ നായകന്റെ അഭ്യര്‍ത്ഥന.

No comments: